Tuesday, November 28, 2006

ഓര്‍മ്മകളുടെ ഡയറി -1

ഒരുകാലത്ത്‌ ഞാന്‍ ഡയറിയെഴുത്ത്‌ ഒരു ശീലമാക്കിയിരുന്നു.പിന്നീട്‌ അതെവിടെവെച്ചോ നിര്‍ത്തിക്കളഞ്ഞു.എന്റെ കാപ്പിപ്പൊടിനിറമുള്ള ഡയറി വീട്ടിലെ ഏതെങ്കിലും അലമാരയില്‍ അമ്മ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും.സന്തോഷം വരുമ്പോള്‍ ചിരിക്കുകയും ദുഖം വരുമ്പോള്‍ കരയുകയും ചെയ്യുന്ന ആളാണു ഞാന്‍.മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്നുകരുതി വികാരങ്ങളെ അടക്കിവെക്കാറില്ല.എന്റെ സന്തോഷവും സങ്കടവും,തമാശകളും കുത്തി നിറച്ചെഴുതിയിരുന്ന ആ പൊടിനിറഞ്ഞു കിടക്കുന്ന ഡയറിയെയോര്‍ത്ത്‌ പശ്ചാത്താപത്തോടെ വീണ്ടും എഴുതിതുടങ്ങുകയാണ്‌.എന്റെ ഓര്‍മ്മകളുടെ ഡയറിക്കുറിപ്പുകള്‍ ഇവിടെനിന്നാരംഭിക്കുന്നു.
പതിനേഴുവയസ്സുവരെ എനിക്കു സാഹിത്യലോകവുമായിയാതൊരു ബന്ധവുമുണ്ടായിരുന്നില്ല.എന്റെ കുട്ടിക്കാലം കഴിമ്പ്രം എന്ന എന്റെ ഗ്രാമത്തിലെ മാവിന്‍ ചുവടുകളിലും,പുളിമരത്തണലിലും,തെങ്ങിന്‍ തോപ്പുകളിലുമായിരുന്നു.കഴിമ്പ്രം സ്കൂള്‍ എന്ന മഹാസ്ഥാപനത്തിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്‌,എന്റെ അമ്മ അവിടത്തെ അദ്ധ്യാപികയും.അന്നത്തെ എന്റെ ജീവിതത്തിന്റെ അജണ്ടകളില്‍ രണ്ടെണ്ണം.
1. ഒരിക്കലും സ്വന്തം അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പഠിക്കാതിരിക്കുക.
2.എന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ അമ്മ വഴിയില്‍ വെച്ചുകാണാതിരിക്കുക,അതിനുള്ള സൂത്രങ്ങള്‍ തയ്യാറാക്കുക എന്നിവയായിരുന്നു.
ക്ലാസ്സ്‌ മുറിയിലുള്ള ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ അന്നും ഇന്നും എനിക്കുവെറുപ്പാണ്‌.അദ്ധ്യാപികയായി മാറി എന്നെ അടിച്ചു കയ്യുവീര്‍പ്പിച്ചിട്ടുള്ള ടീച്ചര്‍മ്മാരുടെ മക്കളുടെ കയ്യടിച്ചുപോളിക്കുക എന്നതായിരുന്നു അന്നത്തെ ജീവിത ലക്ഷ്യം.
സ്കൂളില്‍ പോകുമ്പോള്‍ വലതുവശത്തു 2 മയിന(മെന കിളി) യെകണ്ടാല്‍ അന്ന് ശുഭദിനമാനെന്നായിരുന്നു എന്റേയും കൂട്ടുകാരുടേയും വിശ്വാസം ഇടതുവശത്തെങ്ങാന്‍ ഒറ്റ മയ്ന്‍ യെകണ്ടാല്‍ പിന്നെ അന്നത്തെ ദിവസം കട്ടപുകയാണ്‌.ഇടതുവശത്തെങ്ങാന്‍ അതു നില്‍ക്കുന്നതുകണ്ടാല്‍ ഒന്നുകില്‍ കണ്ണടച്ചുകളയും അല്ലെങ്കില്‍ വലതുവശം വരത്തവിധത്തില്‍ പിറകോട്ട്‌ നടക്കണം.അതിനിടയില്‍ വല്ല മരത്തിലോ കല്ലിലോ കാലിടിച്ചുവീണാല്‍ അത്‌ ആ 'ദുശകുനം' ഒഴിഞ്ഞുപോയതിന്റെ ലക്ഷണമാണ്‌.ശുഭദിനം എന്നുവെച്ചാല്‍ സ്കൂളില്‍ നിന്നും തല്ലുകിട്ടാത്ത ദിവസമാണ്‌.ഞങ്ങളുടെ അന്നത്തെ ജീവിതത്തില്‍ ഒരു ശുഭകാരികൂടിയുണ്ട്‌ അത്‌ സാക്ഷാല്‍ ചെമ്പോത്തായിരുന്നു.കുചേലന്‍ സാക്ഷാല്‍ കൃഷ്ണഭഗവാനെ കാണുവാന്‍ പോയപ്പോള്‍ വലതുവശത്ത്‌ ചെമ്പോത്തുകള്‍ കോലാഹലം പൊഴിക്കുന്നതുകണ്ടിരുന്നുവെന്നാണല്ലോ പുരാണം പറയുന്നത്‌.ചെമ്പോത്തിനെ കണ്ടാല്‍ വിചാരിക്കുന്ന കാര്യം നടക്കുമെന്നു വിശ്വാസം. 'ഹേമലത ടീച്ചര്‍ക്കു പനിപിടിക്കണേ..കിരണ്മാഷിന്നു ലീവാകണേ'..എന്നൊക്കെയാണ്‌ അന്നത്തെ സ്ഥിരം പ്രാര്‍ത്ഥനകള്‍.
നാലുമണിക്ക്‌ ബെല്ലടിക്കുന്നതിനായികാത്തിരിക്കും.കഴിമ്പ്രത്തെ പാടങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന മിക്കവാറും ആമ്പല്‍ പൂവുകളുടെ ശത്രുക്കളാണു ഞങ്ങള്‍.പിന്നെ കൊട്ടക്കാക്കാടുകള്‍,കാരക്കാമരങ്ങള്‍,പോത്തുംകായ്‌ വള്ളികള്‍,പുളിത്തണലുകള്‍ എന്നിവ ലഷ്യസ്ഥാനങ്ങളാണ്‌.ഇപ്പോഴൊന്നും കഴിമ്പ്രത്ത്‌ ഈ വക കാട്ടുപഴങ്ങളുണ്ടെന്നുതോന്നുന്നില്ല.ആമ്പല്‍ പറിക്കാന്‍ പോകുമ്പോള്‍ ചളിക്കടിയിലായിതാമസിക്കുന്ന ഭൂതത്താന്‍ കാലുപിടിച്ചുചെളിയില്‍ താഴ്ത്തുമെന്നൊരുവിശ്വാസം ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.ഇടക്കൊരിക്കല്‍ ഞാന്‍ കാല്‍ വഴുതി കുളത്തിലേക്ക്‌ മറിഞ്ഞുവീണു.അതൊരുഗ്രന്‍ ഭൂതത്താന്‍ കഥയായി വളച്ചൊടിച്ചു കൂട്ടുകാര്‍ക്കിടയില്‍ വിളമ്പിയത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌.'പ്രേതകഥ' കളില്‍ ഊളിയിട്ടിറങ്ങിപോയ ബാല്യമായിരുന്നുവെന്റേത്‌.ഞങ്ങളുടെ പ്രേതകഥകള്‍കേട്ട്‌ നിശബ്ദമായസന്ധ്യാസമയങ്ങളുടെ ഭീകരത എന്നെ പിന്നീട്‌ 'ഹൊറര്‍' സിനിമകളുടെ ആരാധികയാക്കിമാറ്റി.
കഴിമ്പ്രത്തെ പഠനം കഴിഞ്ഞ്‌ പ്രീഡിഗ്രിക്കായി ഞാന്‍ ത്രിശൂര്‍ സെന്റ്‌ മേരീസ്‌ കോളേജില്‍ ചേര്‍ന്നു.ഡോക്ടറും,എഞ്ചിനീയറുമൊക്കെയാകാന്‍ മോഹിച്ച്‌ പല സംസ്ഥാനങ്ങളില്‍ നിന്നും വന്നുചേര്‍ന്ന കുട്ടികളായിരുന്നു ഹോസ്റ്റലില്‍ എന്റെ സഹമുറിയര്‍.കേരളത്തിലെ പ്രഗല്‍ഭനായ ഒരു അദ്ധ്യാപകന്‍ അവിടെ എന്‍ ട്രന്‍സിനു പ്രത്യേകം കോച്ചിംഗ്‌ കൊടുത്തിരുന്നു.ജയില്‍ വാസതുല്യമായ ജീവിതമായിരുന്നവിടത്തേത്‌.ഹോസ്റ്റലില്‍ നിന്ന് ക്ലാസ്സ്‌ മുറിയിലേക്ക്‌ രണ്ടു ചുമരുകളുടെ അകലം മാത്രം.എങ്കിലും എന്റെ ക്ലാസ്സ്‌ മുറിയിലെ ജീവിതം ഗംഭീരമായ ഒരാഘോഷമായിരുന്നു.
അങ്ങിനെ ഞാന്‍ രണ്ടാവര്‍ഷ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ അവിടെ യൂത്ത്‌ ഫെസ്റ്റിവല്‍ നടക്കുകയാണ്‌.കഥാകവിതാ മത്സരങ്ങള്‍ നടക്കുന്നത്‌ ആരംഭ ദിവസങ്ങളിലാണ്‌.ഞാന്‍ പേരുകൊടുത്തിട്ടുമില്ല എനിക്കവയിലൊട്ട്‌ താത്പര്യവുമില്ല.അന്നാണെങ്കില്‍ ഞങ്ങള്‍ക്ക്‌ ഇക്കണോമിക്സ്‌ പരീക്ഷയാണ്‌.പരീക്ഷതുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു. 'കവിതാമത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍ കോളേജ്‌ ഓഡിറ്റോറിയത്തിലേക്ക്‌ വരിക,മുമ്പ്‌ പേരുകൊടുക്കേണ്ട ആവശ്യമില്ല ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം' മെക്കിലൂടെ അനൗണ്‍സ്‌മന്റ്‌ കേട്ടതും ഞനൊരോട്ടമായിരുന്നു.
കവിതാമത്സരം കഴിഞ്ഞ്‌ പിറ്റേദിവസം വിജയികളുടെ അറിയിപ്പുവന്നു.രണ്ടാം സമ്മാനം സിജി.കെ എച്ച്‌.ടു ബാച്ച്‌ അറിയിപ്പുവന്നതും എന്റെ ക്ലാസ്സില്‍ നിന്നും കയ്യടിയുയര്‍ന്നു.എന്റെ മുഖത്തപ്പോഴൊരു ചമ്മിയ ചിരിമാത്രമേയുണ്ടായിരുന്നുള്ളു.ആരും മത്സരത്തിനുവരാതിരുന്നതിനാല്‍ എനിക്കു സമ്മാനം കിട്ടിയെന്നാണ്‌ എന്റെ കൂട്ടുകാര്‍ പറഞ്ഞത്‌.അതുതന്നെയാണു സത്യവും?
പിന്നീട്‌ ഡിസോണ്‍ എന്ന യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റില്‍ എന്റെ പേരും വന്നു.കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു ഡിസോണ്‍ മത്സരം.അവിടേക്കുള്ള യാത്ര ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.ഒരുതരം നിസ്സംഗാവസ്ഥയിലായിരുന്നു ഞാന്‍.എന്തിനാണുപോകുന്നതെന്നുപോലുമറിയില്ല.കൂടെ വരുന്നവര്‍ സംസ്ഥാനതലത്തിലൊക്കെ സമ്മാനം നേടിയിട്ടുള്ള 'സാഹിത്യ ബുദ്ധിജീവികള്‍' സംസാരിക്കുന്നത്‌ സാഹിത്യ ഭാഷ.വായതുറക്കാതിരിക്കുന്നതാണു ഭംഗിയെന്നെനിക്കുതോന്നി.അങ്ങിനെ കൊടുങ്ങല്ലൂരിലെ കവിതാമത്സരമാരംഭിച്ചു. വിഷയം 'അമ്മ'. അമ്മയെക്കുറിച്ച്‌ ഞാന്‍ ഇതുവരെയും ആലങ്കാരികമായി ചിന്തിച്ചിട്ടില്ല. മലയാലത്തിലെ അമ്മയെപറ്റിയുള്ള സിനിമാപാട്ടുകളുടെ വരികള്‍ ഞാനോര്‍ത്തെടുത്തു.അതെല്ലാതെ എനിക്കു സാഹിത്യ ഗുണമുള്ള വാക്കുകളൊന്നുമറിയില്ല.എനിക്കറിയാവുന്ന രീതിയിലൊക്കെ ഞാനൊരു സാധനം കാച്ചിവിട്ടു.പിന്നീട്‌ ഹോസ്റ്റലില്‍ വന്നൊരു ചായകുടിച്ച്‌ സുഖമായുറങ്ങി.
പിറ്റേദിവസം കൂട്ടുകാരിയാണ്‌ കുലുക്കിയുണര്‍ത്തിയത്‌. 'അതേ സമ്മാനമുണ്ട്‌,ചിലവുചെയ്യണം'
'ആര്‍ക്ക്‌' ഞാന്‍ ചോദ്യ രൂപേണ അവളെ നോക്കി.
'നിനക്കുതന്നെ'.
ഞാന്‍ പുതപ്പുമാറ്റി പത്രം നോക്കുവാനായൊരു പാച്ചില്‍ പാഞ്ഞു.എതിരെ നിന്നു വരുന്നവര്‍ പലരും എന്നെ നോക്കി സമ്മാനം കിട്ടിയതിന്‌ അഭിനന്ദനമറിയിച്ചുകൊണ്ടിരുന്നു.
വിറയാര്‍ന്നകയ്യാല്‍ ഞാന്‍ പത്രം കയ്യിലെടുത്തു.വിജയികളുടെ കോളത്തില്‍ എന്റെ പേരുമുണ്ട്‌.ഞാനത്‌ കണ്ണുതിരുമ്മി ഒന്നുകൂടെവായിച്ചു,ശരിക്കും ഈ ഞാന്‍ തന്നയല്ലേയിത്‌? നാട്ടുകാരെയറിയിച്ച്‌ നാണക്കേടാക്കണ്ടല്ലോ.
അതു ഞാന്‍ തന്നെയായിരുന്നു.എനിക്കു സമ്മാനം കിട്ടിയ വിവരം നാട്ടില്‍ പാട്ടായി.അങ്ങിനെ ഞാനൊരു കവയിത്രിയായി മാറി.
അന്നുതന്നെ ഞാന്‍ ത്രിശൂരില്‍ നിന്ന് എന്റെനാട്ടിലേക്ക്‌ വല്ലപ്പോഴും മാത്രമോടുന്ന 'നിമിഷ' യെന്ന ബസ്സില്‍ കയറി യാത്രതിരിച്ചു.പണ്ടത്തെ ഞാനല്ല ഇപ്പോള്‍, ഞാനൊരു വലിയ സാഹിത്യകാരിയാണ്‌.പിന്നോട്ടോടുന്ന മരങ്ങളും,നരച്ച കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളും,ക്ഷീണിച്ച മുഖമുള്ള വഴിയാത്രക്കാരേയും സാഹിത്യരൂപേണ ഞാന്‍ ആദ്യമായി ശ്രദ്ധിച്ചു.എന്റെ മനസ്സില്‍ സാഹിത്യത്തിന്റെ നേരിയകിരണങ്ങള്‍ തീര്‍ച്ചയായും ഉറങ്ങിക്കിടക്കുന്നുണ്ടെന്നെനിക്കുതോന്നി.സമ്മാനം കിട്ടിയ സ്ഥിതിക്ക്‌ ഇനി കവിതയെഴുതിയേ മതിയാകൂ.മാധവിക്കുട്ടിയെപ്പോലെ പ്രശസ്തയായി മാസികകളില്‍ എന്റെ ഫോട്ടോയും,ഇന്റര്‍വ്യൂവും അച്ചടിച്ചു വരുന്നത്‌ ഞാന്‍ സ്വപ്നം കണ്ടു.എന്തു തൂലികാനാമമാണു ഞാന്‍ വെക്കേണ്ടത്‌? എന്റെ പേരിനു പിന്നിലായി അച്ഛന്റെ പേരാണോ,എന്റെ നാടിന്റെ പേരാണോ വെക്കേണ്ടത്‌ അതോ മാധവിക്കുട്ടിയെപ്പോലെ മറ്റൊരു തൂലികാനാമം വെക്കണോ?.
അന്ന് ഞാനനുഭവിച്ച സന്തോഷം ജീവിതത്തില്‍ പിന്നീടൊരിക്കലും അനുഭവിച്ചിട്ടേയില്ല.ചെറിയ സന്തോഷങ്ങളില്‍ പിടഞ്ഞ്‌ സന്തോഷിച്ചിരുന്ന ആ മനസ്സ്‌ കാലത്തിന്റെ കടലെടുത്തുപോയി.അന്നെഴുതിയ കവിത എന്താനെന്നോ അതിലെ വരികള്‍ എന്താണെന്നോ എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.എങ്കിലും അതു തന്നെയാണ്‌ എന്റെ ആദ്യത്തെ സൃീഷ്ടിയും ആദ്യത്തെ സാഹിത്യസമ്മാനവും അതില്‍ സംശയമേയില്ല.

മറ്റേന്തോ എഴുതുവാനായിട്ടാണ്‌ ഞാന്‍ പേനയെടുത്തത്‌.എഴുതിവന്നപ്പോള്‍ അതിങ്ങനെയായിപ്പോയി. നിങ്ങള്‍ക്കും ഇങ്ങനെ ആദ്യത്തെ കഥയെക്കുറിച്ചോ കവിതയെക്കുറിച്ചോ ഓര്‍മ്മയില്ലേ?നമ്മളൊന്നും വലിയ,പ്രശസ്തരായ കലാകാരന്മ്മാരല്ല എങ്കിലും നമ്മുടെ കഥയും ഒരു കഥയാണ്‌,നമ്മുടെ അനുഭവങ്ങളും അപ്രധാനങ്ങളല്ല.നിങ്ങളുടെ കഥ കേള്‍ക്കാന്‍ ഞാനും കാത്തിരിക്കുന്നു.
സിന്‍സിനാറ്റിയില്‍ ഇതു മഞ്ഞുകാലമാണ്‌.പുറത്ത്‌ അസഹ്യമായ തണുപ്പാണ്‌.ഈയാഴ്ച്ച മഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്നു പറയുന്നു..പുറത്ത്‌ ആകാശം കനത്തിരിക്കുന്നു.ചെറുതായി മഴ പെയ്യ്തുതുടങ്ങിക്കഴിഞ്ഞു.ഇലകള്‍ കൊഴിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ ശക്തിയായികാറ്റിനൊത്ത്‌ ആടുന്നുണ്ട്‌.ഇപ്പോള്‍ രാത്രി പന്ത്രണ്ടരമണിയാണ്‌.പണ്ട്‌ ഒരു കവിയുടെ കുറച്ച്‌ കവിതാശകലള്‍ ഞാന്‍ എന്റെ നോട്ടു ബുക്കില്‍ കുറിച്ചിട്ടിരുന്നു.കവിയുടെ പേര്‌ എന്താണെന്നെനിക്കറിയില്ല.മഴയെക്കുറിച്ച്‌ ഇതുപോലൊരു രാത്രിയില്‍ എഴുതിയ കവിതയായിരിക്കും അത്‌.വരികള്‍ ഇങ്ങനെയാണ്‌.

'സുഹൃത്തേ, മഴകൊണ്ടുവരുന്ന ദുഖത്തെക്കുറിച്ചറിയാമ്മോ?
പൊളിഞ്ഞ ഗട്ടറുകളിലൂടെ തേങ്ങലായതൊഴുകുന്നു.
ഒറ്റപ്പെട്ടവരുടെ വിഷാദരാഗങ്ങളുമായ്‌...

എന്റെകണ്ണുകള്‍ ക്ഷീണം കൊണ്ടടഞ്ഞു തുടങ്ങി.ഇനി പിന്നീടെഴുതാം.എല്ലാവര്‍ക്കും ശുഭരാത്രി.

പ്രകൃതിയുടെ വരദാനങ്ങള്‍


മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണ്‍ തിരിച്ചുതരും എന്നൊരു പഴമൊഴിയുണ്ട്‌.ആധുനികയുഗത്തില്‍ മണ്ണിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണ്‌ഭൂമിയെന്നതിലുപരികെട്ടിടങ്ങള്‍ പണിയുവാനൊരു സ്ഥലം എന്നതിലേക്ക്‌ മണ്ണ്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.കുറച്ചു സ്ഥലത്തിനുള്ളില്‍ കൂടുതല്‍ വിളയിക്കുക എന്ന ത്വത്വവുമേന്തിക്കൊണ്ട്‌ രാസവളപ്രയോഗത്തിലൂടെ നമ്മള്‍ നടത്തുന്ന കൃഷി മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങള്‍ നശിപ്പിക്കുന്നവയാണ്‌.
അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍
കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള്‍ പ്രയോഗിച്ചും ,ഹോര്‍മ്മോണുകള്‍ കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള്‍ നടത്തിയും കൃഷിചെയ്യുന്നവയാണ്‌.കുറച്ചു സാധാരണ ആപ്പിള്‍പഴങ്ങളും കുറച്ച്‌ ഓര്‍ഗാനിക്‌ ആപ്പിള്‍ പഴങ്ങളും നിങ്ങള്‍ ഒരു സ്ഥലത്തുവെച്ച്‌ നിരീക്ഷിച്ചു നോക്കുക.സാധാരണ ആപ്പിള്‍ പഴങ്ങള്‍ ഒന്നോരണ്ടോ മാസത്തോളം കേടുകൂടാതെയിരിക്കുകയും ഓഗാനിക്‌ രണ്ടാഴ്ച്ചക്കുള്ളില്‍ ചീഞ്ഞുപോകുന്നതായും കാണാന്‍ കഴിയും,ഈ ഒരു ചെറിയ കണ്ടെത്തലാണ്‌ എന്നെ ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കുവാന്‍ പ്രേരിപ്പിച്ചത്‌.സാധാരണക്കാരായ ഞങ്ങള്‍ക്ക്‌ എപ്പോഴും പ്രകൃതിദത്തവസ്തുക്കള്‍ ഇത്രയും വിലകൊടുത്ത്‌ വാങ്ങുവാന്‍ നിവൃത്തിയില്ല.പകരം സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട്‌ മാനസികാര്യോഗവും ശാരീരികാര്യോഗവും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു.
വളരെ കുറച്ചു സ്ഥലമേ ചെറിയ അടുക്കളതോട്ടത്തിനാവശ്യമുള്ളു.വള്ളിപയര്‍,പാവല്‍,അമരക്ക എന്നിവ അമേരിക്കയിലും ഇന്ത്യയിലും നന്നായി വളരുന്ന പച്ചക്കറികളാണ്‌.അമേരിക്കയില്‍ ഏറ്റവും സുഗമമായിവളരുന്ന ചെടിയാണ്‌ തക്കാളി.ചീര,വെണ്ട,വഴുതിന,വെള്ളരി,കാപ്സിക്കം,മുളക്‌ എന്നിവയും അങ്ങിനെത്തന്നെ,കുറച്ചുകൂടി സ്ഥലമുള്ളവര്‍ക്ക്‌ മത്ത,കുമ്പളം എന്നിവ വച്ചുപിടിപ്പിക്കാവുന്നതാണ്‌.
ഇപ്രാവശ്യം ഞങ്ങളുടെതോട്ടത്തില്‍ ചുവന്നചീര,പയര്‍,തക്കാളി,വഴുതിന,വെള്ളരി,പാവല്‍,കാപ്സിക്കം,മുളക്‌,അമരക്ക എന്നിവ ധാരാളം വിളവുതന്നു.വേനല്‍ക്കാലമാസങ്ങളില്‍ കുറച്ചു പച്ചക്കറികള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങിക്കേണ്ടി വരാറുള്ളു.നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും നന്നായിയുള്ള സ്ഥലങ്ങളാകണം ഇതിനുവേണ്ടിതിരഞ്ഞെടുക്കേണ്ടത്‌.ഞങ്ങളെ സംബന്ധിച്ച്‌ സ്ഥലപരിമിതിമൂലം വഴുതിന,കാപ്സിക്കം,മുളക്‌ എന്നിവ ചട്ടിയില്‍ വളര്‍ത്താനേ സാധ്യമാകൂ.എങ്കിലും ചട്ടിയില്‍ നട്ട ഒരു വഴുതിനയില്‍ നിന്നുതന്നെ ഏകദേശം 12 കിലോയോളം കായ്കള്‍ കിട്ടി.അടുക്കളയില്‍ നിന്നും കറിക്കരിഞ്ഞു ബാക്കിവരുന്ന പച്ചക്കറികഷ്ണങ്ങള്‍,ചാണകം,വെയ്ക്കോല്‍,പുല്ലുകഷ്ണങ്ങള്‍ എന്നിവകൊണ്ട്‌ കമ്പോസ്റ്റ്‌ തയ്യാറാറക്കിയാണ്‌ വളപ്രയോഗം നടത്തുന്നത്‌.സോപ്പുലായനിയുപയോഗിച്ച്‌ കീടങ്ങളെതടയുന്നു.രണ്ടുനേരം വെള്ളമൊഴിക്കാന്‍ ശ്രമിക്കാറുണ്ട്‌.ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്‌.ഒഴിവുസമയങ്ങളെ പ്രയോജനപ്പെടുത്തുകയും,കുറച്ചുപണം ലാഭിക്കുകയും ചെയ്യുന്ന ഒരു ഹോബിയായി ആര്‍ക്കും ഒരു ചെറിയ പച്ചക്കറിതോട്ടമുണ്ടാക്കാവുന്നതാണ്‌.ആരോഗ്യമുള്ള ശരീരമുണെങ്കിലേ സമ്പൂര്‍ണ്ണമായ ജീവിതമുണ്ടാവുകയുള്ളുവെന്നോര്‍ക്കുക.പ്രകൃതിയുടെ വരദാനങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക.

Tuesday, November 21, 2006

മഴക്കവിതകള്‍

മഴ രണ്ടുവിധമാണെനിക്ക്‌.
ഒന്ന് ഇന്നലയുടെ മഴ
രണ്ട്‌ ഇന്നിന്റെ മഴ
ചെളിവെള്ളത്തെ തെറിപ്പിച്ചും
ഇടിവെട്ടിക്കാതടപ്പിച്ചും
ചുരിദാറിനെ തുടയിലൊട്ടിച്ചും
ബസ്സ്‌ സ്റ്റോപ്പില്‍ കാത്തുനിന്ന മഴ.
ബസ്സുവരുന്നുണ്ട്‌ കുടചുരുക്കു..
പിന്‍ വിളികളുയര്‍ന്നു.
കുഴികളില്‍ വീണും,കല്ലില്‍ തട്ടിയും
ശീതനടിച്ചും,മുകളിലേക്കുപ്പറക്കുന്ന-
ടര്‍പ്പാളയെ ശപിച്ചുകൊണ്ടൊരുമഴ.
ചേച്ചിയൊന്നുവേഗമിങ്ങിക്കേ..'കിളിപറഞ്ഞു'
നോട്ടം ഒട്ടിയൊലിച്ച ശരീരത്തിലേക്ക്‌.
ദ്ദെവത്തിന്റെനാട്ടില്‍ ഇത്രയും കുഴികളോ?
ബസ്സിറങ്ങിനടക്കേ സുഹൃത്തു പറഞ്ഞു.
'നല്ലതണുപ്പ്‌, മോളു വരു-
അമ്മചായതരാം ,മുളകു ബജിയുമുണ്ട്‌.
അമ്മ ചായക്കു തീകൂട്ടി.
പടിഞ്ഞാപ്പുറത്തെ പഞ്ചാരമാങ്ങപെറുക്കാന്‍-
അച്ഛന്‍ കുടയെടുത്തു യാത്രയായി.
ഹര്‍ഷന്റെ പറമ്പില്‍ ഒരു തെങ്ങു വീണു,
തറവാട്ടിലെ കശുമാവൊടിയാറായി,
നാളികേരം വീണ്‌ രണ്ടോടു പൊട്ടിയിട്ടുണ്ട്‌
അച്ഛന്‍ നനഞ്ഞൊലിച്ചു വന്നു പറഞ്ഞു

മൂന്നു ഗ്ലാസ്സിലായി പകര്‍ന്നചായയുമായമ്മ-
കടുപ്പമിത്തിരികൂടി,പാല്‍കുറവാണ്‌.
വരാന്തയിലേക്ക്‌ കാലാടുന്ന കസേരകള്‍ വലിച്ചിട്ടു.
അച്ഛന്‍ നാട്ടുകാര്യങ്ങള്‍ തുടങ്ങി വെച്ചു
അമ്മകേട്ടിരുന്ന് കറിക്കരിഞ്ഞു.
പുറത്ത്‌ മരങ്ങളിലാടിക്കളിച്ച്‌ മഴ..
തണുപ്പത്ത്‌,ചൂടുള്ള ഒരുമഴ..
മഴ രണ്ടു വിധമാണെനിക്ക്‌
സായിപ്പിന്റെ നാട്ടില്‍ നൂലുപോലുള്ളമഴ.
മഴപെയ്യാന്‍ സാദ്ധ്യതയുണ്ടെന്നറിയിക്കുന്ന ചാനലുകള്‍
കാര്‍പ്പെറ്റുനനയുന്നതിനാല്‍ വാതില്‍ തുറന്നില്ല
ഇടിയും മിന്നലും കണ്ടിട്ടുകാലം കുറേയായി
കാലാവസ്ഥയറിയാന്‍ കമ്പ്യൂട്ടര്‍ തുറന്നു
പത്തുദിവസം ചെറുതായിമഴപെയ്യും-
വെതര്‍ സെറ്റു പറഞ്ഞു..
പെയ്താലെന്ത്‌,പെയ്തില്ലങ്കിലെന്ത്‌.
കോഫീമേയ്ക്കറില്‍ കുറച്ചുവെള്ളമൊഴിച്ചുവച്ചു
മൂന്നുമിനിറ്റ്ടിനുള്ളില്‍ കാപ്പി റെഡി.
ഫോണെടുത്ത്‌ കൂട്ടുകാരിയെവിളിച്ചു-
'എന്തൊരു നശിച്ച്മഴ'...
മഴയെനിക്കു രണ്ടു വിധമാണ്‌
ഒന്ന് ഇന്നലകളുടെ മഴ.
രണ്ട്‌ ഇന്നിന്റെ മഴ.

Sunday, November 19, 2006

മുറിവ്‌

മീരക്ക്‌ അത്ഭുതം തോന്നി.
'വലിച്ചു വിട്ടോളുമീര' ആധുനികനെന്ന ഭാവത്തില്‍ നരേന്ദ്രന്‍ പറഞ്ഞു.
അവള്‍ അയാളുടെ കയ്യില്‍ നിന്നും സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി.പിന്നീട്‌ ഒന്നു മണ
ത്തു നോക്കിയതിനു ശേഷം തിരിച്ചെറിഞ്ഞു.
'ആദ്യ പുകയെടുപ്പിന്‌ ഒരു നിഗൂഡതയുണ്ട്‌ ആദ്യമായൊരു പെണ്ണിനെ അറിയുന്നതു പോലെ'.
അയാള്‍ അര്‍ഥം വച്ചു ചിരിച്ചു.
അവള്‍ അതു ശ്രദ്ധിക്കതെ പുറത്തേക്കു നോക്കിയിരുന്നു.കാറില്‍ ജഗജിത്‌ സിങ്ങിന്റെ ഗസല്‍ നിറഞ്ഞു.ജീവിതത്തെകുറിച്ചുള്ള അര്‍ഥം നിറഞ്ഞ വരികള്‍,പ്രണയത്തിന്റെയും,വിരഹത്തിന്റെയും,ബാല്യത്തിന്റേയും ഗന്ധം ഒഴുകുന്ന പാട്ടുകള്‍.
നരേന്ദ്രന്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി കാറിന്റെ ഗതിയില്‍ മാത്രം ശ്രദ്ധിച്ചു.
നിനക്കിപ്പോള്‍ എത്ര വയസ്സായി?
ഇരുപത്തിയേഴ്‌.
ഭാര്യയുടെ വയസ്സറിയാത്ത ഭര്‍ത്താവല്ല താനെന്നു വരുത്തും വിധം പാട്ടിലെ ഒരു വരി മൂളി അയാള്‍ മുഖം മിനുക്കി.കല്ലുകളില്‍ തട്ടി കുലുങ്ങിയും ചെമ്മണ്ണിനെ ആകാശത്തേക്ക്‌ പറപ്പിച്ചും കാറ്‌ ഓടിക്കൊണ്ടിരുന്നു.

ഭാഗം 2

നരേന്ദ്രനപ്പോള്‍ ടെലസ്കോപ്പിലൂടെ ആകാശം നോക്കുകയായിരുന്നു.വാല്‍നക്ഷത്രത്തിന്റെ വരവ്‌,മറ്റുനക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍..
അയാളുടെ കണ്ണുകള്‍ അവളെ മറ്റൊരു നക്ഷത്രമാക്കി.വളവുകള്‍,ഒടിവ്‌,മിനുസം..
നരേന്ദ്രന്‍ മുരണ്ട്‌ പുകതുപ്പിക്കൊണ്ട്‌ ഗുഡ്‌ സ്‌ ട്രെയിനായി അവളുടെമുകളിലൂടെ കടന്നുപോയി.അവളപ്പോള്‍ ദിശയറിയാത്ത പാളത്തെപ്പോലെ വളവുകളും തിരിവുകളുമില്ലാതെ കിടന്നു..
അവള്‍ അയാളുടെ ഷര്‍ട്ട്‌ കഴുകി ഹാംഗറിലിട്ട്‌ അഴയില്‍ കൊളുത്തി.പിന്നീട്‌ പപ്പടം കനലിലേക്കിട്ട്‌ കരിയെല്ലാം അടുപ്പിന്റെ വക്കില്‍ തല്ലിക്കളഞ്ഞു.രണ്ടു ദിവസത്തിനു മുമ്പ്‌ മൊട്ടിട്ടു കണ്ട ചെമ്പകത്തിനു വെള്ളമൊഴിച്ചു.സുന്ദരി ടി.വിയില്‍ നമസ്കാരം പറഞ്ഞപ്പോള്‍ അവളുടെ ഒരു ദിവസം അവസാനിച്ചിരുന്നു.നീല നിറത്തിലുള്ള കമ്പിളി പുതച്ചവള്‍ ഉറങ്ങാന്‍ കിടന്നു.നരേന്ദ്രനപ്പോള്‍ ടെറസ്സില്‍ വാല്‍ നക്ഷത്രത്തെ നോക്കിയിരിക്കുകയായിരുന്നു.

ഭാഗം 3


വയറിനുള്ളില്‍ വളരുന്ന മുകുളത്തിന്റെ അനക്കം കേട്ട്‌ വലിയൊരു ഞെട്ടലോടെ അന്നുകഴിച്ചിരുന്ന ചോറു മുഴുവന്‍ മണ്ണിലേക്കു ചര്‍ദ്ദിച്ചു.
'നീ ഈ ഭൂമിയിലേക്കുള്ള വഴിയറിയണോ?കാലുകള്‍ തളരും,തൊണ്ടവരളും,കണ്ണുകള്‍ യുദ്ധഭൂമി കണ്ടു നനയും.അവള്‍ ചര്‍ദ്ദിയുടെ ഭൂപടത്തെ നോക്കി ദയനീയതയോടെ പറഞ്ഞു.
വളരെക്കാലമായി അടച്ചു വെച്ചിരുന്ന ഡയറി പൊടിതട്ടിയെടുത്ത്‌ പേജുകള്‍ ഒന്നൊന്നായിമറിച്ചു.
ഒന്നാം പേജില്‍ വസന്തം,രണ്ടാം പേജില്‍ ശിശിരം,മൂന്നാം പേജില്‍ വരള്‍ച്ച.നാലാം പേജില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയുടെ പകുതി ഭാഗം വെട്ടി മാറ്റിയ ഫോട്ടോ.
പകുതിയില്‍ അവള്‍ക്കുനല്‍കിയ സ്നേഹവും മറ്റുപകുതിയില്‍ വേദനയും അപമാനവും.
'കാഴ്ച്ചക്ക്‌ ഇഷ്ടമില്ലാത്തത്‌ വെട്ടിനീക്കണം' അച്ഛന്റെ ക്ഷീണിച്ച സ്വരം.
അതൊന്നും വായിക്കാനോ,കാണാനോ അല്ല ഡയറി തുറന്നത്‌.
അവള്‍ ഒരു പൂവ്‌ വരക്കാന്‍ തുടങ്ങി.

കാറ്റിനൊത്ത്‌ തലയിളക്കുന്ന ഒരു നാട്ടു പൂവ്‌.വര്‍ണ്ണങ്ങള്‍ കോരിച്ചൊരിയാന്‍ ചായക്കൂട്ടുകളില്ലായിരുന്നു.
അതിനടിയിലായവള്‍ എഴുത്തുടങ്ങി.
'അമ്മയുടെ മകന്‍ ഒരുദിവസം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരും.ഞാന്‍ നിനക്ക്‌ വസന്തത്തിലെ ഏറ്റവും മണമുള്ള പൂവിന്റെ പേരു നല്‍കും.കാറ്റേറ്റ്‌ നീ തലകുണുക്കുമ്പോള്‍ ആരും പറിച്ചെടുക്കാതിരിക്കാന്‍ സ്നേഹത്തിന്റെ ഇരുമ്പുവേലികെട്ടും'.
അവളുടെ കണ്ണില്‍ നിന്ന് ഒരു കണ്ണുനീര്‍ അടര്‍ന്നു വീണ്‌ അക്ഷരങ്ങളെ നനച്ചു.അവള്‍ ആ പേജിനെ കെട്ടിപ്പിടിച്ചു കിടന്നു.
കോളിങ്ങുബെല്ലിന്റെ തുരുതുരായുള്ള ബെല്ലടികേട്ടാണ്‌ വാതില്‍ തുറന്നത്‌.
ഒരു ചിരിയോടെ നരേന്ദ്രന്‍.
അയാളുടെ ഷര്‍ട്ടിനു സ്തീകളുടെ പെര്‍ഫ്യൂമിന്റെ മണം.
അവള്‍ പുറം വെളിച്ചത്തിലേക്കുനോക്കാതെ വേഗം വാതിലടച്ചു.
'എന്റെ വയറ്റില്‍ നമ്മുടെ കുഞ്ഞു വളരുന്നു.ചോറുകഴിക്കവേ അവള്‍ അയാളോടു പറഞ്ഞു.അയാള്‍ ചോറുണ്ണല്‍ പകുതിയില്‍ നിര്‍ത്തി അവാര്‍ഡിനുവേണ്ടി പ്രബന്ധമെഴുതാന്‍ കോണിപ്പടികള്‍ കയറി.

ഭാഗം 4
ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള്‍ വയര്‍ തലോടി പറഞ്ഞു.
'ഇനി നിനക്ക്‌ പുറത്തേക്കുള്ള വാതില്‍ നോക്കി കഷ്ടപ്പെടേണ്ട.കണ്ണുനീര്‍ ഒരു പെരുമഴയായി.
നേഴ്‌ സ്‌ അവളോടു ചോദിച്ചു."എന്തിനേ ഇതു ചെയ്തത്‌,ഒരു കുഞ്ഞിനെ കളയാന്‍ ഇത്രയ്ക്കു പ്രാരബ്ദക്കാരിയാണോ'?
അവള്‍ ചിരിച്ചു.
കറുപ്പും വെളുപ്പും നിറമുള്ള ക്യാപ്സൂളുകള്‍ ജീവിതവും മരണവും പോലെ കുപ്പികളിലിരുന്നു പല്ലിളിച്ചു.
'കറുത്ത ക്യാപ്സൂളാണു കഴിക്കേണ്ടത്‌.വെളുത്തത്‌ ഒരു കാരണവശാലും കഴിച്ചുകൂടാ.ഏഴു ദിവസം കഴിഞ്ഞു മാത്രം കെട്ടോ' നേഴ്സുപറഞ്ഞു.
'അപ്പോള്‍ വെളുപ്പ്‌ നിറം കാണിച്ചു പറ്റിക്കുകയാണല്ലേ? കറുപ്പ്‌ നിറം കാണിച്ച്‌ അത്ഭുതപ്പെടുത്തുകയും..ഇന്ദ്രജാലക്കാരന്‍'...
നേഴ്‌ സ്‌ രോഗിയുടെ മാനസ്സികനിലയറിഞ്ഞുകൊണ്ട്‌ ദുഖഭാവത്തോടെ ചിരിച്ചു.
ആശുപത്രിയില്‍ വലിയൊരു തുക ബില്ലടച്ചുകൊണ്ട്‌ അവള്‍ പുറത്തേക്കിറങ്ങവേ ലിപ്സ്റ്റിക്കിട്ട സുന്ദരി ഒരു പാക്കറ്റും ഒരു കുല പൂവും സമ്മാനിച്ചു.

'ഇനിയും വരാം' അവള്‍ അതു വാങ്ങി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. പെണ്‍കുട്ടി അവള്‍ക്കു ശുഭദിനമാശംസിച്ചു.
പടികളിറങ്ങുമ്പോള്‍ അവള്‍ക്കു ചിരിപൊട്ടി.ആദ്യം കണ്ട ഓട്ടോ റിക്ഷയെ കയ്യുകാണിച്ചു നിര്‍ത്തി പിന്നീട്‌ അയാളോട്‌ പോയ്ക്കോളാന്‍ പറഞ്ഞു.അയാള്‍ അവളെ ക്രൂരമായ്‌ നോക്കി.
അവള്‍ ചിരിച്ചു.
പിന്നീടവള്‍ ചിരിച്ചു ചിരിച്ച്‌ റോഡുമുറിച്ചുകടന്ന്,എല്ലാ പരസ്യ ബോര്‍ഡുകളേയും താണ്ടി കടല്‍ പോലെയിരമ്പുന്ന നഗര മദ്ധ്യത്തിലേക്ക്‌ ഒരു മത്സ്യകന്യകയെപ്പോലെയിറങ്ങിപ്പോയി.പിന്നെ അവളെ ആരും കണ്ടിട്ടേയില്ല.

ഓണസ്മരണകള്‍

അമേരിക്കയിലെ ഞങ്ങളുടെ വീട്ടില്‍ മഞ്ഞ നിറത്തിലുള്ള കമ്മല്‍പൂവ്‌ കാറ്റിനൊത്ത്‌ തലയാട്ടി.അപ്പുറത്തെ ഗുജറാത്തികളുടെ വീട്ടിലെ അപ്പൂപ്പനും അമ്മൂമയും അതു കാണാനെത്തി.
'അച്ഛാഹെ ബഹുത്‌ സുന്ദര്‍ ഫൂല്‍ ഹെ' ഗുജറാത്തി ചുവയുള്ള ഹിന്ദിയില്‍ അവര്‍ പറഞ്ഞു.
നാട്ടില്‍ എന്റെ വീട്ടില്‍ ഇപ്പോള്‍ ഓണക്കാലമാണ്‌.ഞാനില്ലാത്ത മൂന്നാമത്തെ ഓണം. കഴിമ്പ്രത്തെ നാട്ടുവഴികളിലിപ്പോള്‍ മഞ്ഞകിങ്ങിണിപ്പൂവും,മന്ദാരവും,ചെമ്പരത്തിയും പേരറിയത്ത കാട്ടുപൂക്കളും നിറഞ്ഞിട്ടുണ്ടാകും.സ്കൂളിലേക്ക്‌ നടന്നു പോകാറുള്ള വഴികളില്‍ ചുനച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാങ്ങയും വാളന്‍ പുളിയും,കൊടന്‍ പുളിയുടെ തളിരിലകളും നിറഞ്ഞിട്ടുണ്ടാകും.
വീട്ടിലേക്ക്‌ ഫോണ്‍ വിളിക്കുമ്പോള്‍ അമ്മയുടെ പതിവു പരിഭവങ്ങള്‍,മകളെ മൂന്നു കൊല്ലമായിട്ടും കാണാത്തതിലുള്ള വേദനയിലുള്ള പതിഞ്ഞ ശബ്ദങ്ങള്‍...
'പണ്ടത്തെ പോലെ ഓണമൊന്നുമില്ല മോളേ'...
'അതെന്താ'
'എല്ലാവര്‍ക്കും തിരക്കാണ്‌.അമ്മയ്ക്ക്‌ സ്ക്കൂളില്‍ 6 ദിവസം സ്പെഷല്‍ ക്ലാസ്സുണ്ട്‌.(അമ്മ ടീച്ചറാണ്‌)
ചേട്ടന്‌ ഒട്ടും ഒഴിവില്ല,ആശുപത്രി അടച്ചിടാന്‍ പറ്റില്ലല്ലോ.അച്ഛന്റെ തിരക്ക്‌ നിനക്കറിയാമല്ലൊ.
എന്റെ കുട്ടികാലത്തെ ഓണം ഞാനോര്‍ത്തു.തറവാട്ടില്‍ അച്ഛമ്മയുടെ അടുത്ത്‌ എല്ലാ ആണ്മക്കളും ഒത്തു ചേരും.അമ്മമാരുടെ വക ഓണസദ്യ,അച്ഛന്മ്മാരുടെ ഓണകഥകള്‍,കുട്ടികളുടെ പൂക്കളം,ഊഞ്ഞാലാടല്‍,അടുക്കളയില്‍ നിന്നും സാമ്പാര്‍ തിളക്കുന്ന മണം കാറ്റില്‍ ഒഴുകിയെത്തുന്നുണ്ടാകും...
അത്തം തൊട്ടു തുടങ്ങും ഓണത്തിരക്കുകള്‍.അത്തത്തിനു മുമ്പ്‌ ശാന്തമ്മായിക്ക്‌ പട്ടാളത്തില്‍ നിന്ന്
മകനായ മുരളി ചേട്ടന്റെ കത്തും മണിയോഡറും വരും.ശാന്തമ്മായിയാണ്‌ പറമ്പിലെ ചവറുകള്‍ അ
ടിച്ചു തീയിട്ടുകൊണ്ട്‌ ഓണത്തിരക്കുകള്‍ ഉത്ഘാടനം ചെയ്യുന്നത്‌.പരീക്ഷകഴിഞ്ഞാല്‍ ഞാനും ഒരു ചെറിയ ചൂലെടുത്തുകൊണ്ട്‌ ഒപ്പം നടക്കും.പണിയെടുത്തു തയമ്പുപിടിച്ച കയ്യുകൊണ്ട്‌ അമ്മായിയെന്നെ മുറ്റമടിപ്പിക്കാന്‍ പഠിപ്പിച്ചു തരും.അപ്പോഴൊക്കെയവരുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ്‌ ചാലിട്ടൊഴുകുന്നുണ്ടായിരിക്കും.അവരുടെ വിയര്‍ക്കാത്ത മുഖം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
വടക്കേതിലെ വിലാസിനിയമ്മായിയുടെ വീട്ടില്‍ നിന്ന് രാത്രി എട്ടുമണിയാകുമ്പോഴേക്കും കൂവലുക
ള്‍ ഉയരും.ഓണക്കളിക്ക്‌ എന്നേയും ചേട്ടനേയും വിളിക്കുന്ന ശബ്ദമാണത്‌.ഞാനപ്പോഴേക്കും ചോറുണ്ട്‌ കഴിഞ്ഞില്ലെങ്കില്‍ ചേട്ടനെന്നെ നോക്കി കണ്ണുരുട്ടും.മണ്ണുകൊണ്ട്‌ കൂട്ടിയ കൂനക്കുമുകളില്‍ ഒരു ചിമ്മിണി വിളക്ക്‌ കത്തിച്ചുവെച്ച്‌ കുട്ടികളെല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരിക്കും.
അയ്യ അമ്മൂമയുടെ വകയാണ്‌ ഓണക്കളിയുടെ പാട്ട്‌.പുത്തൂരം വീട്ടിലെകാഴ്ച്ചകള്‍,ഉണ്ണിയാര്‍ച്ചയുടെ
ഒരുക്കം,ഉണ്ണിയമ്മകൊടുത്ത ഓല കയ്യിലേന്തിയ തത്തയുടെ പറക്കല്‍ അവസാനം ഒന്നാമന്‍ പൂക്കളത്തി
ലിട്ട പൂക്കളും കുപ്പയില്‍ മുളച്ച കുമ്പളത്തിന്റെ പാട്ടും പാടി ഞങ്ങളെല്ലാവരും ക്ഷീണിക്കും.പിന്നെ വിലാസിനിയമ്മായിയുടെ വക പഞ്ചസാരവെള്ളം,വെള്ളത്തിന്റെ കുളിര്‍മ്മ കൂട്ടാനൊരു ഓണക്കാറ്റും.
അയ്യ അമ്മൂമ ഇന്നില്ല.നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു ഓണക്കാലത്തുതന്നെയാണ്‌ കിടപ്പിലായി മ
രിച്ചത്‌.
'ഉണ്ണിയാര്‍ച്ചയെപ്പോലെ ചുണയുള്ളോളാകണം പെണ്‍കുട്ട്യോളഹ്‌' എന്നെ കാണുമ്പോള്‍ എപ്പോഴും
പറയും.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു ഓണക്കാല പരീക്ഷക്കിടയിലാണ്‌ ശാന്തമ്മായി ആത്മഹത്യ ചെയ്തത്‌.പിന്നീടൊരിക്കലും മുരളിയേട്ടന്റെ മണിയോഡറും കത്തുമായും പോസ്റ്റുമേന്‍ ബെല്ലടിച്ചു വന്നില്ല.ഉണങ്ങാത്ത മുറിവുപോലെ അമ്മ ഓണക്കാലത്ത്‌ ചിലത്‌ ഓര്‍ത്ത്‌ നെടുവീര്‍പ്പിടും.
മുരളിയേട്ടന്‍ പിന്നീട്‌ രണ്ടു പ്രാവശ്യമേ നാട്ടില്‍ വന്നിട്ടുള്ളു.കൊണ്ടു വന്ന മിഠായിക്കും ബിസ്ക്കറ്റിനു
മൊന്നും പണ്ടത്തെ രുചിയുണ്ടായിരുന്നില്ല.പിന്നീടൊരുനാള്‍ ടെലിഗ്രാമായി ഞങ്ങളുടെ നാട്ടിലേക്കു
വന്നത്‌ മുരളിയേട്ടന്റെ മരണമാണ്‌.ഹൃദയസ്തഭനമാണെന്നും ആത്മഹത്യയാണെന്നും പലരും പറഞ്ഞു.
പട്ടാളത്തില്‍ നിന്നും കുറച്ചു ഭസ്മം കിട്ടി.
ഇന്നും എന്റെ നാട്ടുകാര്‍ ആ മരണത്തെ അംഗീകരിച്ചിട്ടില്ല.പഴയതുപോലെ ഒരുദിവസം പട്ടാളക്കുപ്പായവും തുരുമ്പിച്ച ഒരു ട്രങ്കും അതില്‍'ടക്കാന്‍' മിഠായികളുമായി പാറുക്കുട്ടിക്ക്‌ മിഠായി യെന്നു പറഞ്ഞ്‌ മുരളിയേട്ടന്‍ എത്തുമെന്ന് ഞാനും പറയുകയും കാത്തിരിക്കുകയും ചെയ്യുന്നു.
അന്ന് എന്റെയൊപ്പം ഓണക്കളികളിച്ചിരുന്ന ചേട്ടന്മ്മാരൊക്കെയും വലുതായി കല്ല്യാണവും കുട്ടികളുമൊക്കെയായി കൂടുവിട്ടകന്നുപോയി.സംഘത്തിലെ ഏക പെണ്‍തരിയായ ഞാന്‍ ഇവിടേയും.
ഓണക്കാലത്ത്‌ പട്ടം ഒട്ടിച്ചെടുക്കാനായി പശകിട്ടാറുണ്ടായിരുന്ന പനിച്ചിമരം കാറ്റ്‌ എടുത്തു.മാലകോ
ര്‍ ക്കാന്‍ പൂക്കള്‍ പെറുക്കാറുണ്ടായിരുന്ന ഇലഞ്ഞിമരം ഏതോ അമ്പലത്തിന്റെ നടവാതിലായി.കെതപ്പൂമണം ഒഴുകിയെത്തിയിരുന്ന കാടുകള്‍ വെട്ടിതെളിച്ച്‌ മതില്‍ കെട്ടി.
അച്ഛമ്മ മരിച്ചതില്‍ പിന്നെ മക്കളെല്ലാവരും ഓണം സ്വന്തം വീടുകളില്‍ തന്നെയാക്കി.മക്കളെല്ലാവരും
വിദേശത്തായിരുന്നതിനാല്‍ ഉറങ്ങി പോയ വീട്ടില്‍ പണ്ടത്തെ ബഹളത്തെയോത്ത്‌ എല്ലാവരും തനിച്ചിരുന്നു.ഓണം ആശംസിച്ചുകൊണ്ട്‌ അബുദാബിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ വരുന്ന ഫോണിന്റെ ശബ്ദത്തെ കാത്തുകൊണ്ട്‌ അവര്‍ വീട്ടില്‍ തന്നെയിരുന്നു.ടെലിവിഷനില്‍ വരുന്ന ഓണ
സിനിമകളും ക്രിക്കറ്റും കണ്ട്‌ സമയം പോക്കി.
നാട്ടില്‍ നിന്ന് അനിയത്തിയുടെ കത്തു വന്നു.'ചേച്ചിയില്ലാതെ ഒരു സുഖവുമില്ല.ഇവിടെ ഓണക്കാ
ലമാണ്‌.മുറ്റത്തെ ചെടികളൊക്കെ പൂത്തു.ചേച്ചിക്കവിടെ സുഖമാണെന്നറിയാം.ഓണം പുതിയ വീട്ടിലല്ലേ? എന്നാണു നാട്ടിലേക്കു വരുന്നത്‌?
അവളുടെ കത്ത്‌ എന്റെ ദിവസത്തെ നനയിപ്പിച്ചു.സ്നേഹവും ഓര്‍മ്മയുമ്മില്ലാത്ത മനസ്സുതരണേയെന്നു പ്രാര്‍ത്ഥിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ വന്നു.
'കമ്പനിയില്‍ നിന്ന് പതിനെട്ടാളുകളെ ജോലിയില്‍ നിന്നെടുത്തുകളഞ്ഞു.എല്ലാ കമ്പനികളും ആളുക
ളെ കുറക്കുകയാണ്‌.
നാട്ടിലേക്ക്‌ എന്നാണുപോകുന്നത്‌ എന്ന എന്റെ ചോദ്യത്തെ ബോധപൂര്‍വ്വം കുഴിച്ചു മൂടി.എനിക്കു വേണമെങ്കിലൊറ്റക്കു നാട്ടില്‍ പോകാം.പക്ഷെ എന്നെപോലെത്തന്നെ അദ്ദേഹത്തിനും ബന്ധങ്ങളും,ഓമ്മകളും സ്നേഹവുമുണ്ടല്ലൊ.
ഫോണ്‍ താഴെവച്ച്‌ ഞാന്‍ പുറത്തേക്കു നടന്നു.പൊള്ളുന്ന വെയിലില്‍ വിയര്‍ത്തു നനഞ്ഞു.വീടിനുള്ളില്‍ നിന്ന് യേശുദാസിന്റെ നേര്‍ത്ത ശബ്ദം ഒഴുകിവരുന്നുണ്ടായിരുന്നു.
മനോഹരമായി പാടിക്കൊണ്ട്‌ അദ്ദേഹം എന്തിനാണ്‌ എന്നെ കരയിപ്പിക്കുന്നത്‌?നമ്മുടെ കവികളെന്തി
നാണ്‌ വേദന നിറഞ്ഞ പാട്ടുകളെഴുതി മനസ്സിനെ സങ്കടപ്പെടുത്തുന്നത്‌?
ക്രമേണ വെയില്‍ മങ്ങിത്തുടങ്ങി.
'പൂക്കളത്തെ നനക്കാനായി നശിച്ച മഴവരുന്നുണ്ട്‌ ചേച്ചി' ആരോ പുറകില്‍ നിന്നും വിളിച്ചു പറയുന്നു?
എന്റെ മനസ്സിലപ്പോള്‍ വീണ്ടും പ്രിയപ്പെട്ടവരുടെ ഓര്‍മ്മ നിറഞ്ഞു.
കല്‍പ്പടവുകളിലിരുന്ന് ഞാന്‍ ഓരോന്ന് ഓര്‍ക്കുമ്പോള്‍ മഞ്ഞകിങ്ങിണിപ്പൂവ്‌ എന്നെ നോക്കി കളി
യാക്കി ചിരിക്കുകയായിരുന്നു.

Monday, November 13, 2006

ദൂരത്തെ കുറിച്ച്‌...

ഒരു മലയാളം ബ്ലോഗ്‌ തുടങ്ങുക എന്നത്‌ വളരെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്‌.മലയാളം ബിരുദാനന്തരബിരുദധാരി എന്നൊരു സര്‍ട്ടിഫിക്കറ്റ്‌ ഇപ്പോഴും എന്റെ മേശവലിപ്പില്‍ ഉറങ്ങികിടപ്പുണ്ട്‌.എല്ലാ മറുനാടന്‍ മലയാളികളുടെ പോലെത്തന്നെ എന്റെ ഹൃദയവും ഓമ്മകളും ഒറ്റപ്പെടലും നിറഞ്ഞ വലിയൊരു തടാകമാണ്‌.തിരയനക്കങ്ങള്‍ ഒന്നുംതന്നെയില്ലാത്ത തടാകത്തിന്റെ ഓമ്മക്കുറിപ്പുകളും, വര്‍ഷവും വേനലും മാറി മാറി വന്ന് തന്ന ചൂടും തണുപ്പും അവയില്‍ നിന്ന് പിറന്ന കുറെ കുറിപ്പുകളും....ഗ്രഹാതുരത്വത്തിന്റെ നനവുള്ള എന്റെ ലോകത്തേക്കു സ്വാഗതം.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കടലാസും പേനയുമില്ലാത്ത ഒരെഴുത്തിനെ കുറിച്ച്‌ ഞാന്‍ ഓത്തിട്ടേയില്ലായിരുന്നു.വിവാഹത്തിനു ശേഷമാണ്‌ കം പ്യൂട്ടറിനെ പരിചയപ്പെട്ടത്‌.ചൂടുള്ള ചായക്കുമുമ്പില്‍ ചടഞ്ഞിരുന്നു വായിച്ചിരുന്ന മാത്ര്ഭൂമി പത്രത്തെ എല്ലായിപ്പോഴും 'മിസ്സ്‌' ചെയ്തിരുന്നു.ആവിപറക്കുന്ന ചായയും പുതിയ കടലാസിന്റെ മണവും എന്റെ പ്രിയപ്പെട്ട പ്രഭാത വിഭവമായിരുന്നു.അമേരിക്കയിലെത്തിയ ആദ്യനാളുകളില്‍ ഞാനതോര്‍ത്ത്‌ വിമ്മിഷ്ടപ്പെട്ടിരുന്നു.കം പ്യൂട്ടറും ഞാനും ആദ്യമെല്ലാം വളരെ ശത്രുതയിലായിരുന്നു.അവസാനം കണ്ടെടുത്ത കുറെ മലയാളം പത്രങ്ങളും മാസികകളും എന്നെ ഓണ്‍ലെന്‍ ശത്രുവുമായി അടുപ്പിച്ചു.ഏകാന്തതുയുടെ വര്‍ഷങ്ങളായിരുന്നുവത്‌ എനിക്കാണെങ്കില്‍ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല.ആങ്ങിനെ ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.ഇപ്പോള്‍ കം പ്യൂട്ടറില്ലാത്ത ഇരുളടഞ്ഞ ഒരു ലോകത്തെ കുറിച്ച്‌ എനിക്ക്‌ ആലോചിക്കാനേ വയ്യ.അങ്ങിനെ ഒരു ദിവസം കുറെ മലയാളം ബ്ലോഗുകള്‍ കാണാനിടയായി.കലാപരമായി കഴിവുളള ഇത്രയധികം ആളുകള്‍ നമുക്കിടയിലുണ്ടെന്ന് കണ്ട്‌ അസൂയകലര്‍ന്ന അത്ഭുതമാണു വന്നത്‌.എല്ലാ ബ്ലോഗുകള്‍ക്കു പിന്നിലും കഴിവുള്ള,അര്‍പ്പണ മനോഭാവമുള്ള ഒരു മനസ്സുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അങ്ങിനെയാണു ഞാനും ഒരു ബ്ലോഗു തുടങ്ങണമെന്നു വച്ചത്‌.ഇംഗ്ലീഷിനേക്കാള്‍ എനിക്കു സംവദിക്കാന്‍ കഴിവുള്ള ഭാഷ മലയാളം തന്നെയാണ്‌.ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും മലയാളമാണ്‌. അങ്ങിനെയാണു 'ദൂരം' പിറവികൊണ്ടത്‌ ...ഭൂതകാലത്തുനിന്നും വളരെ ദൂരം മുമ്പോട്ടു പോയി ഭാഷയും സംസ്കാരവും വ്യത്യസ്തമായ ഒരു നാട്ടില്‍ ജീവിക്കാനാണു വിധി അനുവദിച്ചത്‌ .ഒരു പക്ഷേ അതു കൊണ്ടുതന്നെയായിരിക്കണം എന്റെ ഓമ്മകളെല്ലാം തന്നെ കെട്ടുപിണഞ്ഞുകിടക്കുന്നത്‌ സന്തോഷവും സമാധാനവും നിറഞ്ഞ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്‌.അവിടന്നങ്ങോട്ടുളള ജീവിതത്തിന്റെ ദൂരമാണ്‌ ഈ ബ്ലോഗ്‌.സത്യത്തില്‍ ഇതൊരു സ്വകാര്യമല്ലാത്ത ഡയറിക്കുറുപ്പുകളാണ്‌.