Tuesday, January 29, 2008

ശ്യാമയുടെ ജാലകങ്ങള്‍

ബോംബെ നഗരത്തില്‍ ഒരു കൊലപാതകം നടക്കുക എന്നത്‌ പുത്തിരിയായ കാര്യമല്ല, ശ്യാമ അതിനെതിരെ പ്രതികരിക്കുന്ന രീതിയാണ്‌ രാംദാസിന്‌ ഒട്ടും പിടിക്കാഞ്ഞത്‌. രാവിലെ പേസ്റ്റ്‌ തുറുപ്പിച്ച്‌ ബ്രഷിലേക്കു വെയ്ക്കുമ്പോള്‍ അയാള്‍ മനോഹരന്റെ വാക്കുകളോര്‍ത്തു. പതിനെട്ടു കൊല്ലത്തെ ബോംബെ ജീവിതത്തിനിടയില്‍ വിഷമഘട്ടങ്ങള്‍ വരുമ്പോഴൊക്കെ അയാള്‍ മനോഹരന്‍ ഉറുമ്പുകള്‍ വരിവരിയായ്‌ ഇഴഞ്ഞുപോകുന്നതുപോലെയുള്ള കുഞ്ഞക്ഷരങ്ങളാല്‍ എഴുപത്തിയഞ്ചു പൈസയുടെ ഇല്ലന്റിലെഴുതിയ കത്തിലെ വരികളോര്‍ക്കും.

'നടുറോട്ടിലിട്ട്‌ ഒരുവനെ കുത്തിമലര്‍ത്തുന്നതു കണ്ടാലും, ഗുണ്ടകളെ വിട്ട്‌ സ്വന്തം ഫ്ലാറ്റില്‍ നിന്ന് ഉടമസ്ഥരെ അടിച്ചെറക്കണതു കണ്ടാലും വായടച്ചിരിക്കാന്‍ പഠിക്കണം. നമ്മുടെ നടു ചായ്ക്കാന്‍ അളന്നെടുത്ത മട്ടിലുള്ള ഒരു സ്ഥലത്ത്‌ ഒറങ്ങാനും, ഒരു കട്ടനും പാവിന്റെ കഷ്ണോം കൊണ്ട്‌ വയറു നെറക്കാനും കഴിയണം..ഇതാണെടാ ബോംബെ ജീവിതത്തിന്റെ തത്വശാസ്ത്രം...നിനക്കതു പതിയെ മനസ്സിലാകും.'

മനോഹരന്‍ പറഞ്ഞതപ്പടിയും ശരിയായിരുന്നു.
ചെമ്പൂരിലെ ഒരു പുറം തിരിയാന്‍ പോലും ഇടം കിട്ടാത്ത ഫ്ലാറ്റില്‍ നിലത്ത്‌ പുതപ്പുവിരിച്ച്‌ കൊതുകുകടി കൊണ്ട്‌ കിടക്കുമ്പോഴും മിക്ക ദിവസങ്ങളിലും ലസൂണ്‍ ചട്ണിയും വാട്ടിയ മുളകും തോനെ വച്ച ബട്ടാട്ട വട കഴിച്ച്‌ വയറു നിറക്കുമ്പോഴും ലഖ്നൗവിനെ ഫ്ലാറ്റിലിരുന്ന് മനോഹരന്‍ എഴുതിയതെന്നു കരുതപ്പെടുന്ന ബോംബെ ജീവിതത്തിന്റെ ത്വതശാസ്ത്രമടങ്ങുന്ന എഴുത്തിലെ വരികള്‍ എപ്പോഴുമോര്‍ക്കുമായിരുന്നു.

ശ്യാമയുടെ വിളര്‍ച്ചയും ,ഒന്നും കഴിക്കാതെ മാനത്തേക്കു നോക്കിയുള്ള കുത്തിയിരുപ്പും അയാള്‍ക്ക്‌ അസഹനീയമായി തോന്നി. മനോഹരന്റെ കത്ത്‌ ഇന്ന് കയ്യിലുണ്ടെങ്കില്‍ മോന്തക്കുറ്റിയിലേക്ക്‌ അതൊന്ന് വലിച്ചെറിഞ്ഞ്‌ വാതില്‍ നീട്ടിയടച്ച്‌ പുറത്തേക്ക്‌ പോകാമായിരുന്നു.


'നിങ്ങള്‍ക്കതു പറഞ്ഞാല്‍ മനസ്സിലാകില്ല' ശ്യാമ കരയുന്ന മട്ടില്‍ പറഞ്ഞു തുടങ്ങി.
'ഞാനല്ലേ അതു കണ്ടത്‌ , മനുഷ്യന്റെ ജീവന്‌ ഇത്ര വെലല്യാണ്ടായോ.' .അതും കണ്മുമ്പില്‌ വളര്‍ന്ന കുട്ടീന്റെ...


ശ്യാമ ടൈനിംങ്ങ്‌ ടേബിളിനു മുകളില്‍ തലവെച്ച്‌ കിടക്കുന്നതും കണ്ട്‌ അയാള്‍ പുറത്തേക്കിറങ്ങി.

പുറം ലോകം ചുട്ടു പൊള്ളുകയായിരുന്നു.മാലിയുടെ ശ്രദ്ധയുള്ളതിനാല്‍ ഫ്ലാറ്റിനു മുമ്പിലായി ചതുരക്കളത്തില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള പൂന്തോട്ടത്തിലെ പൂക്കളും മറ്റു ചെടികളും വാടാതെ നില്‍ക്കുന്നുണ്ടെന്നു മാത്രം. എങ്കിലും ഇക്കൊല്ലം മൊസാണ്ടയിലും രാജമല്ലിയിലും പൂക്കള്‍ ഇല്ല എന്നു തന്നെ പറയാം.അതു കൊണ്ട്‌ തേന്‍ കുടിക്കാനായ്‌ വരുന്ന വണ്ടുകളുടേയും ചിത്രശലഭങ്ങളുടേയും വരവ്‌ വളരെ കുറവാണ്‌.

ഫ്ലാറ്റിന്റെ മുന്‍ വശത്തെ ജനലിലൂടെയുള്ള കാഴ്ച്ചയാണീ ചതുരക്കളത്തിലുള്ള പൂന്തോട്ടവും അതിനുള്ളിലായ്‌ കെട്ടിയ ചെറിയൊരു കുളവും അതിനുള്ളിലുള്ള രണ്ടു താറാക്കുട്ടികളും.

അടുക്കളയുടെ ഗ്യാസ്‌ സ്റ്റൗവിനു പിന്നിലായ്‌ വേറെ രണ്ടു ജനല്‍ പാളികളുണ്ട്‌,ശ്യാമയുടെ പകല്‍ ആരംഭിക്കുന്നതും രാത്രി ഒടുങ്ങുന്നതും ഈ ജനല്‍ പാളികളിലൂടെയാണ്‌ . രാവിലെ പാല്‍ക്കാരന്‍ പാല്‍കൊണ്ടുവന്ന് വാതില്‍പ്പടിയില്‍ വെച്ച്‌ ജനലില്‍ രണ്ടു തട്ടുകൊടുത്തിട്ടാണ്‌ പോകുക അതോടെ പ്രഭാതം ആരംഭിക്കുകയായി. വേറെയും പതിനഞ്ചു കുടുംബങ്ങളടങ്ങിയ ഫ്ലാറ്റിന്റെ പ്രധാന ഗേയ്റ്റിലേക്കുള്ള എളുപ്പ വഴി ശ്യാമയുടെ ജനലിനു മുന്നിലൂടെ കടന്നു പോകുന്ന ഒന്നായിരുന്നു.അതുകൊണ്ട്‌ ആരൊക്കെ ജോലിക്കു പോകുന്നു ,ആരുടെ വിട്ടില്‍ ആരൊക്കെ കയറിയിറങ്ങുന്നു എന്ന കണക്ക്‌ ശ്യാമയുടെ കയ്യില്‍ ഭദ്രമായിരുന്നു. ജോലിക്കു പോകാതിരിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ അടുത്ത വീട്ടുകാര്‍ എപ്പോഴും വീടിന്റെ ഒരു ചാവി ശ്യാമയെ ഏല്‍പ്പിക്കുക പതിവായിരുന്നു. അവളുടെ ചിരിക്കുന്ന മുഖം രാവിലെത്തന്നെയുള്ള ഏറ്റവും നല്ല ശകുനമായി മിക്കവരും വാഴ്ത്താറുള്ളതിനാല്‍ 'ചാന്ദ്നി എന്ന പേരാണ്‌ അവള്‍ക്ക്‌ കൂടുതല്‍ ഇണങ്ങുക എന്ന് അപ്പുറത്തെ ഫ്ലാറ്റിലെ ഹേതള്‍ ബേന്‍ എപ്പോഴും പറയുമായിരുന്നു. ഹേതളിന്റെ ഫ്ലാറ്റിന്റെ മുന്‍ വാതിലുകളും,ജനലുകളും ശ്യാമയുടെ അടുക്കളയില്‍ നിന്നും നോക്കിയാല്‍ നന്നായിക്കാണാം. ആ വാതിലുകള്‍ എപ്പോഴും കണ്ടതു കൊണ്ടാണല്ലോ ഇപ്പോള്‍ ഇത്രയും പ്രശ്നങ്ങളുണ്ടായത്‌.


അവള്‍ വാഷ്ബേസിനരുകിലേക്ക്‌ പോയി മുഖം തണുത്ത വെള്ളത്താല്‍ അടിച്ചു കഴുകി തോര്‍ത്തു മുണ്ടെടുത്ത്‌ നന്നായി തുടച്ചു. കൈത്തണ്ടയില്‍ പൊങ്ങി നില്‍ക്കുന്ന മൊരികളില്‍ കുറച്ച്‌ ക്രീമെടുത്ത്‌ തേച്ച്‌ കണ്ണാടിയിലൊന്നു നോക്കി.കണ്‍തടങ്ങള്‍ കറുത്ത്‌ കണ്ണുകള്‍ വാടിയിരിക്കുന്നു. എല്ലാം മറന്ന് പണ്ടത്തെപ്പോലെ എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കണമെന്നുണ്ടായിരുന്നു അവള്‍ക്ക്‌. കുട്ടികളാണെങ്കില്‍
'ആപ്കോ ക്യാ ഹുവാ അമ്മാ' എന്നു ചോദിക്കാനും തുടങ്ങിയിരിക്കുന്നു.


അടുക്കളയിലേക്കു നടന്ന് കുറച്ച്‌ ആട്ടയെടുത്ത്‌ ചപ്പാത്തിക്ക്‌ കുഴക്കാനാരംഭിച്ചു.ചപ്പാത്തിക്കു മാവു കുഴക്കുമ്പോഴാണ്‌ സാധാരണ ഏറ്റവും സുഖകരമായ ഓര്‍മ്മകളില്‍ മുഴുകാറുള്ളത്‌. ഇന്ന് അതുണ്ടായില്ല. ഹേതള്‍ ബേന്റെ അടഞ്ഞ വാതിലിനു മുന്നില്‍ കൊളുത്തിയിട്ടിരിക്കുന്ന ഗണപതിയുടെ രൂപത്തിനു താഴെയുള്ള കിങ്ങിണികള്‍ കാറ്റിനൊത്ത്‌ കിലുങ്ങുന്നതും,അവരുടെ വീടിനരികിനോടു ചേര്‍ന്നു നില്‍ക്കുന്ന മെയ്‌ ഫ്ലവര്‍ ചെടിയുടെ മൂത്ത കൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്‌ ചെയിം ശബ്ദമുണ്ടാക്കി ആടുന്നതും സന്തോഷമല്ല വിഷാദമുള്ള ഒരോര്‍മ്മയാണ്‌ അവളിലുണ്ടാക്കിയത്‌. ഹേതള്‍ബേനിന്റെ അടഞ്ഞുകിടക്കുന്ന വാതിലിനു മുമ്പില്‍ നിന്നു കൊണ്ട്‌ അവരുടെ മകള്‍ കരിഷ്മ പതുക്കെ അവള്‍ക്കു നേരെ കൈ വീശുന്നതു പോലെ തോന്നിയവള്‍ക്ക്‌ .പെട്ടന്ന് ഒരു ഭയപ്പാടോടെ ജനലടച്ച്‌ ഓടിവന്ന് കിടക്കയില്‍ വീണ്‌ കണ്ണുകള്‍ ഇറുകെയടച്ചു.കണ്ണുകള്‍ തുറിച്ച്‌ ,കൈകള്‍ വിറങ്ങലിച്ച കരിഷ്മയുടെ രൂപം ഇരുട്ടിനെ രണ്ടായി പകുത്തുകൊണ്ട്‌ കണ്ണുകളിലേക്ക്‌ വീണ്ടും കുതിച്ചു വന്നു.

'ആപ്കോ തോ സബ്‌ മാലൂം ഹേ, ഫിര്‍ ക്യോ നഹീ ബോല്‍തീ ആന്റീ'..

കരിഷ്മ നുറുങ്ങിയ വാക്കുകളാല്‍ അവള്‍ക്കു ചുറ്റും വലയം വെക്കാന്‍ തുടങ്ങി..

രാംദാസ്‌ വീട്ടില്‍ വന്നു കയറുമ്പോള്‍ ശ്യാമ മച്ചില്‍ നോക്കി കണ്ണും തുറുപ്പിച്ച്‌ കിടക്കുകയായിരുന്നു.

'എനിക്കൊരു ചായ വേണം'.

അയാള്‍ ചായയിടാനായി അടുക്കളയില്‍ കയറിയപ്പോള്‍ ശ്യാമ വേഗം എണീറ്റു ചെന്നു.

തിളച്ചവെള്ളത്തില്‍ ചായപ്പൊടി വീഴുന്നതും അതിന്റെ കറ ഒരു മേഘപടലം പോലെ വെളുത്ത ജലത്തെ മുഴുവന്‍ വിഴുങ്ങുന്നതും നോക്കി അവള്‍ നിന്നു.

'എനിക്കു വയ്യ രാമേട്ട ,കണ്ണടക്കുമ്പോഴൊക്കെ ആ കുട്ടീന്റെ മുഖം എന്നോടു സത്യം പറയാന്‍ പറയുന്നു.'

'നീ ആ പണ്ടാരടങ്ങിയ കാര്യം ഇതു വരേം മറന്നില്ലേ?'

ചായയുമായി അയാള്‍ സോഫയില്‍ അമര്‍ന്നിരുന്നു.
ഹേതള്‍ ബേനിന്റെ മകള്‍ കരിഷ്മയെ കുഞ്ഞിനാളിലേ മുതല്‍ അയാളും കാണുന്നതാണ്‌. ശ്യാമയുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് കരിഷ്മയും ഒരു ചെറുക്കനും തമ്മിലടുപ്പമാണെന്നുമുള്ളതും അറിഞ്ഞിരുന്നു.അതിനെ ചൊല്ലി അവരുടെ വീട്ടില്‍ നടക്കുന്ന വഴക്കുകള്‍ ശ്യാമയുടെ ജനലിലൂടെയുള്ള കാഴ്ച്ചകളില്‍പ്പെട്ടിരുന്നു.
കഴിഞ്ഞാഴ്ച്ച ഒരു സംഘം അക്രമികള്‍ കയറിവന്ന് ആ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു വെന്നാണ്‌ ശ്യാമ പറയുന്നത്‌. ശ്രീരാമ ചന്ദ്ര പട്ടേലും, ഹേതള്‍ ബേനുമടക്കമുള്ളവര്‍ പോലീസിനു മൊഴി കൊടുത്തിരിക്കുന്നത്‌ മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ്‌. പിന്നെ ശ്യാമക്കിതിലെന്തു കാര്യം. അയാള്‍ ചൂടു വകവെയ്ക്കാതെ ചായ വേഗം വേഗം കുടിച്ചിറക്കി.

ശ്യാമയുടെ പേടിച്ച മുഖം എല്ലാ മനസ്സമാധാനങ്ങളും കെടുത്തുന്നു. ഇത്രയ്ക്കും ഇമോഷണലാവാതെ കുറച്ചു പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ അവളോട്‌ എത്ര പ്രാവശ്യം പറയണം.



ശ്യാമ അടുക്കളയിലെ സിങ്ക്‌ ഉരച്ചു കഴുകുകയായിരുന്നു. മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ വീട്ടിലുള്ളതെല്ലാം അവള്‍ ഉരച്ചു വെളുപ്പിക്കും.
രാംദാസിനോട്‌ ഇക്കാര്യത്തെപ്പറ്റിപ്പറയുന്നതിലര്‍ത്ഥമില്ല . കരിഷ്മയുടെ മരണ കാര്യത്തെപ്പറ്റി പറയുമ്പോള്‍ താന്‍ പറയുന്നത്‌ സത്യമല്ലെന്ന് വരുത്തിത്തീര്‍ക്കുന്ന അയാളുടെ നിര്‍വ്വികാരതയെയാണ്‌ അവള്‍ ഏറ്റവുമധികം വെറുക്കുന്നത്‌.
അയാള്‍ മാറിയിരിക്കുന്നു. വള്ളി പൊട്ടിയ രണ്ടു വാര്‍ ചെരുപ്പിനെ തുന്നിക്കെട്ടി,ചെങ്കല്‍ റോഡിലെ ഓറഞ്ചു നിറമുള്ള പൊടിപടലത്തെ വായിലേക്ക്‌ മൊത്തം ആവാഹിച്ച്‌ ചുവന്ന കൊടിയും പിടിച്ച്‌ മുദ്രാവാക്യം വിളിച്ച്‌ നടന്നിരുന്ന രാംദാസല്ല ഇപ്പോഴുള്ളത്‌.
ചുരുട്ടി മടക്കി സിലിണ്ടര്‍ പരുവമാക്കിയ ചെഗുവരയുടെ ജീവചരിത്ര പുസ്തകം കക്ഷത്തില്‍ വെച്ച്‌ കോളേജു വരാന്തയില്‍ തന്നെ കാത്തു നിന്നിരുന്ന രാംദാസിലെ വിപ്ലവം അവരുടെ കല്ല്യാണത്തോടെ അവസാനിച്ചിരുന്നു.
മേല്‍ജാതിയിപ്പെട്ട പെണ്ണിനെ കല്ല്യാണം കഴിച്ചതോടെ ജീര്‍ണ്ണിച്ചു തുടങ്ങിയ അയാളുടെ വിപ്ലവ സമരങ്ങളുടെ കണ്മുമ്പില്‍ കാണാവുന്ന വിജയനാടയായിരുന്നു അവള്‍.

'വീട്ടുകാരേം നാട്ടുകാരേം വെറുപ്പിച്ചിട്ട്‌ എന്തു നേടാനാ,സമാധാനാ വേണ്ടത്‌.വിവാഹ പുതുമ കെട്ടടങ്ങുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു.
തേച്ചു വെടിപ്പാക്കിയ ഡ്രസ്സുകള്‍ ധരിക്കാനും ,കാല്‍ നഖങ്ങളും ചെരിപ്പും ഉരച്ചു വെളുപ്പിക്കാനും അയാള്‍ ശ്രദ്ധിച്ചു.

'നായരച്ചിയെ കെട്ടിയപ്പോഴേക്കും ഇങ്ങോര്‌ നന്നാവാന്‍ തൊടങ്ങ്യോ' എന്ന് പരിചയക്കാര്‍ ചിരിച്ചോണ്ട്‌ ചോദിച്ചു.
പതിവു പോലെ തര്‍ക്കിക്കാതെ അയാള്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.

ജീവിക്കാനുള്ള പണമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ്‌ ബോംബെയിലെത്തിയത്‌.ഇപ്പോള്‍ രാംദാസിന്റെ തരക്കേടില്ലാത്ത ബിസിനസ്സും ,മുറിഞ്ഞ മലയാളം കഷ്ടപ്പെട്ട്‌ പറയുന്ന കുട്ടികളുമായി ജീവിതം ഇവിടെത്തന്നെ വേരാഴ്ത്തിയിരിക്കുന്നു.

'ബോംബേലെ പട്ടിണിയും പരിവട്ടോമടങ്ങിയ പഴയ ജീവിതത്തേല്‍ന്ന് ഈ രണ്ടു മുറി ഫ്ലാറ്റിനെ ഒപ്പിച്ചെടുക്കണെങ്കിലേ വിപ്ലവും തലയിലേറ്റി നടന്നാല്‍ ശരിയാകില്ല'.

മദ്യപാന സഭയിലെ മലയാളി സുഹൃത്തുക്കളോട്‌ വഴുവഴുത്ത ശബ്ദത്തില്‍ പറഞ്ഞ്‌ അയാള്‍ ചിരിക്കുമ്പോള്‍ എടുത്തു വെച്ച മിക്സ്ച്ചറിന്റെ പകുതിഭാഗം ശ്യാമ കുപ്പിയിലേക്കു തന്നെയിടും.

'നിനക്കു പണ്ടത്തെപ്പോലെ കാറ്റിനേം പൂവിനേം പറ്റി കവിതയെഴുതിക്കൂടെ' ഏറെ നേരം നീണ്ടു നിന്ന ലൈംഗികവേഴ്ച്ചയുടെ അവസാനം അവളുടെ വലതു തുടയ്ക്കടിയിലായി കറുത്തു തുടുത്തു നിന്നിരുന്ന അരിമ്പാറയെ വട്ടത്തിലുഴറ്റി ചിരിച്ചുകൊണ്ട്‌ അയാള്‍ ചോദിക്കും .

പൂവിനേം കാറ്റിനേം പറ്റി തരളമായ ഭാഷയിലെഴുതുന്ന ഒരു പെണ്ണിനെ സ്നേഹിച്ച വിപ്ലവകാരിയായ കാമുകനായി ആ നിമിഷങ്ങളില്‍ അയാള്‍ ജ്വലിക്കും.

'നിന്നിലെ വിപ്ലവം ജയിക്കട്ടെ' എന്ന് പാര്‍ട്ടി ഓഫീസിലെ ചന്ദ്രേട്ടന്‍ കൊടുത്തയച്ച കുറിപ്പിലെ ,കീഴ്ജാതിക്കാരനെ കല്ല്യാണം കഴിച്ച്‌ ആരേയും കൂസാതെ വീടു വിട്ടിറങ്ങിപ്പോന്ന വിപ്ലവകാരിയായ ഒരു കാമുകിയായി അവള്‍ ഒരു ദിവസം മാത്രമേ ജീവിച്ചിട്ടുള്ളു രജിസ്ട്രോഫിസില്‍ വെച്ച്‌ രാംദാസിന്റെ ഭാര്യയായിക്കൊള്ളുന്നു എന്ന കടലാസിലൊപ്പുവെച്ച ദിവസം മാത്രം...

അവള്‍ കിടപ്പുമുറിയിലേക്കു നടന്ന് കര്‍ട്ടനുകള്‍ മാറ്റി പുറത്തേക്കു നോക്കി.ഭൂമി കുറച്ചുകൂടി ചുട്ടു പഴുത്തിരിക്കുന്നു. ജ്യൂസും പഴങ്ങളും വില്‍ക്കുന്ന കടകളില്‍ നിലയ്ക്കാത്ത തിരക്ക്‌. റോഡില്‍ ചൂടിനെ വകവെയ്ക്കാതെ നടന്നു പോകുന്ന ജനങ്ങള്‍ . ബോംബെ നഗരം ഒരിക്കലും വിശ്രമിക്കുന്നതേയില്ല.
പിന്തിരിഞ്ഞു വന്ന് അലമാരയുടെ മുകളിലെ തട്ടില്‍ പ്രണയസ്മാരകങ്ങളായ്‌ സൂക്ഷിച്ചിരുന്ന അവളുടെ കുറെ കവിതകളും സിലിണ്ടര്‍ പരുവത്തില്‍ തന്നെയിരിക്കുന്ന ചെഗുവരയുടെ ജീവചരിത്ര പുസ്തകവും വലിച്ചു നിലത്തു വെച്ചു.
ചപലമായ എഴുത്ത്‌ അവള്‍ കവിതകളെ നോക്കിപ്പറഞ്ഞു.
പണ്ട്‌ ലജ്ജയോടെ അയാളുടെ കക്ഷത്തില്‍ നിന്നും വലിച്ചൂരിയെടുത്ത്‌ ,വിയര്‍പ്പാല്‍ ചുളിഞ്ഞൊടിഞ്ഞ ഏടുകളെ നിവര്‍ത്തിവെച്ച്‌ .
'ചെഗുവര ഇതങ്ങാനറിഞ്ഞാല്‍ എണീറ്റുവന്ന് രാമേട്ടനെ തല്ലാനോടിക്കുമെന്നു ' പറഞ്ഞു ചിരിക്കാറുള്ള , പുസ്തകത്തിന്‌ കടുത്ത മാറാലമണം.


2

രാംദാസപ്പോള്‍ 'മനീഷ്‌ നഗറില്‍' കൂട്ടുകാരുമായി എല്ലാ സായാഹ്നത്തിലും ഒത്തു ചേരാറുള്ള പാര്‍ക്കിലെ ബഞ്ചിലിരുന്ന് ജീവിതത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു.

ബോംബെയില്‍ ഫ്ലാറ്റുകളുടെ വില കുത്തനെ ഉയരാന്‍ പോകുകയാണ്‌. ആകാശത്തിലൂടെ വരുമെന്നു പറയുന്ന യാത്രാ സൗകര്യങ്ങളും , ജനപ്പെരുപ്പത്താല്‍ അനുഭവിക്കാന്‍ പോകുന്ന ഫ്ലാറ്റുകളുടെ ദൗര്‍ലഭ്യവും ഇവിടത്തെ റിയലെസ്റ്റേറ്റുകാര്‍ കച്ചവടമാക്കി പൊടിപൊടിക്കും.ലോണെടുത്തിട്ടാണെങ്കിലും ഒരു ഫ്ലാറ്റുകൂടി എവിടെയെങ്കിലും സംഘടിപ്പിക്കണം.
ജീവിതച്ചെലവുകള്‍ ഏറി വരുകയാണ്‌. കുട്ടികളുടെ പഠിപ്പ്‌,അതു കഴിഞ്ഞാല്‍ മകളുടെ കല്ല്യാണം. അന്ധേരിയിലാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പച്ചക്കറികള്‍ക്കൊക്കെ ഒടുക്കത്തെ വിലയാണ്‌.

അയാള്‍ കഴുത്തിനു പിന്നിലായ്‌ ചാലിട്ടൊഴുകുന്ന വിയര്‍പ്പിനെ കര്‍ച്ചീഫെടുത്ത്‌ തുടച്ചു കൊണ്ട്‌ സര്‍ബത്ത്‌ വില്‍ക്കുന്ന മലയാളിയുടെ കടയെ ലക്ഷ്യമാക്കി നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു വന്ന് ബെല്ലടിക്കാന്‍ തുടങ്ങി.

'പാപ്പാ'.. മകന്റെ വെപ്രാളപ്പെട്ട സ്വരം.

'എന്താ' അയാള്‍ ചോദിച്ചു.

'അമ്മ ഇവിടെ എല്ലാ വതിലുകളും ജനലുകളും അടച്ച്‌ കര്‍ട്ടനിട്ട്‌ മൂട്യേര്‍ക്കുന്നു. കിച്ചന്റെ വിന്റോ ഗ്ലാസ്സില്‍ ന്യൂസ്‌ പേപ്പറില്‍ ഗ്ലൂ തേച്ച്‌ മുഴുക്കനോം ഒട്ടിച്ചേര്‍ക്കുന്നു...ഇപ്പോ സോഫേല്‍ കുത്തിരുന്ന് രോരഹീ ഹെ ..വാട്ട്‌ ഹാപ്പന്റ്‌ ടു ഹേര്‍?

മോന്‍ പേടിക്കേണ്ട എന്നും പറഞ്ഞ്‌ അയാള്‍ ഫോണ്‍ ഓഫ്‌ ചെയ്ത്‌ അസ്വസ്ഥതയോടെ വീട്ടിലേക്കു നടന്നു.




3



ശ്യാമയ്ക്ക്‌ വല്ലാത്ത ആശ്വാസം തോന്നി.മനസ്സ്‌ ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു. എല്ലായിടവും ഇരുട്ട്‌ മൂടിയിരിക്കുന്നു. പുറത്തെ ഭിക്ഷക്കാരുടെ നേര്‍ത്ത വിളികളും,പൂക്കള്‍ വിക്കാനായി റോഡില്‍ തലങ്ങും നടക്കുന്ന കൊച്ചു കുട്ടികളും അപ്രത്യക്ഷമായിരിക്കുന്നു.
മനസ്സില്‍ വല്ലാത്തൊരു ശാന്തത.. ഉഷ്ണം കൊണ്ട്‌ പൊള്ളിയിരുന്ന ശരീരം പതുക്കെ തണുത്ത്‌ വിയര്‍ത്തൊലിക്കാന്‍ തുടങ്ങി.
പണ്ട്‌ കോളേജു വരാന്തയില്‍ നിന്നുകൊണ്ട്‌ ചെങ്കൊടി ജാഥകള്‍ക്കു നേരെ കൈകള്‍ വീശി,ചുണ്ടനക്കി മുദ്രാവാക്യം വിളിക്കുമ്പോള്‍ രോമാഞ്ചം കൊണ്ട്‌ തിണര്‍ത്തു വരാറുണ്ടായിരുന്ന ചെറിയ കുരുക്കള്‍ അവളുടെ ശരീരത്തില്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരുന്നു.

'നിന്നിലെ വിപ്ലവം മരിക്കാതിരിക്കട്ടെ' എന്നെഴുതിയ ചന്ദ്രേട്ടന്റെ ചെറിയ കുറിപ്പ്‌ കിട്ടിയപ്പോഴുണ്ടായ അതേ ആവേശം മനസ്സിനെ പൊതിഞ്ഞു.


പുറത്തെ വരണ്ട കാഴ്ച്ചകള്‍,മുഷിഞ്ഞ രൂപങ്ങള്‍, വിശന്ന ഞെരക്കങ്ങള്‍..ഒക്കെ അവളുടെ ചിരിയെ കെടുത്താനും കണ്‍തടങ്ങളെ കറുപ്പിക്കാനും ആരോ സൃഷ്ടിച്ചതാണ്‌.

'ഇനി ഈ ജനലുകള്‍ തൊറക്കേ വേണ്ട' ബോധം പോകാത്ത നാക്കുകൊണ്ട്‌ അവള്‍ അടഞ്ഞ ജനലുകളെ നോക്കിപ്പറഞ്ഞു.


മുന്‍ വശത്തെ ചതുരക്കളത്തിലുള്ള തോട്ടവും അതിനുള്ളില്‍ നീന്തുന്ന താറാക്കുട്ടികളും,പിന്‍ വശത്തെ സീതാബേന്റെ വാതിലിനു മുന്നിലെ കിങ്ങിണി തൂങ്ങുന്ന ഗണപതിയേയും,മെയ്‌ ഫ്ലവറിന്റെ മൂത്തകൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്ചെയിമിന്റെ നേര്‍ത്ത ആട്ടത്തേയും മാത്രമല്ല ലോകത്തെ സകല കാഴ്ച്ചകളേയും എന്നന്നേക്കുമായി അടച്ചുവെന്ന ആശ്വാസമായിരുന്നു ശ്യാമയ്ക്കപ്പോള്‍.