Tuesday, April 28, 2009

പേടി

എന്റെ മകന്‍

എല്ലാ കുട്ടികളുടെ പോലെയും കുസൃതിയുള്ള ഒരു ചെക്കന്‍.

'മുത്തുരാജ' എന്നും 'പച്ചക്കുതിര' എന്നും 'പൊട്ടന്‍' എന്നും ഞാന്‍ അവനെ വിളിച്ചു.

മുത്തുരാജ എന്റെ തറവാട്ടിലെ നായക്കുട്ടിയുടെ പേരായിരുന്നു. മുത്തുരാജ എന്റെ കൂടെ കളിച്ചു,ഉണ്ടു,ഉറങ്ങി എന്റെ കുട്ടിക്കാലത്തിന്റെ ഏറ്റവും തെളിമയാര്‍ന്ന ചിത്രം മുത്തുരാജയുടെ കൂടെയുള്ള കളികളായിരുന്നു. ചില സമയങ്ങളില്‍ കഠിനമായ ഗൃഹാതുരത എന്നില്‍ പടരും ആ സമയത്തൊക്കെ ഞാനെന്റെ മകനെ മുത്തുരാജ എന്നു വിളിക്കും.
'പച്ചക്കുതിര' എന്ന് ഞാനെന്റെ മകനെ എന്തിനു വിളിക്കുന്നു എന്ന് എനിക്കുതന്നെ അറിയില്ല ഒരു പക്ഷെ ഐശ്വര്യം,അഭിവൃദ്ധി എന്നിവ പച്ചക്കുതിരയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന അന്ധവിശ്വാസം പിടിച്ച നാട്ടില്‍ കുറച്ചുനാള്‍ വളര്‍ന്ന പെണ്ണായതുകൊണ്ടായിരുന്നിരിക്കണം ഞാനവനെ പച്ചക്കുതിര എന്നു വിളിച്ചത്‌.

'പൊട്ടന്‍' എന്ന് ഞാനെന്റെ മകനെ വിളിക്കുന്നത്‌ ഏറ്റവും ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളിലാണ്‌. 'അടിച്ചു നിന്റെ കരണക്കുറ്റി തെറിപ്പിക്കും പൊട്ടാ' എന്ന് ഞാനപ്പോള്‍ അലറും. ആ സമയത്ത്‌ മകന്‍ തലകുനിച്ചു നില്‍ക്കും, ചിലപ്പോള്‍ തുടകളില്‍ നഖം കൊണ്ട്‌ മാന്തി മിണ്ടാട്ടം മുട്ടിയതു പോലെ ചാഞ്ഞു നില്‍ക്കും, അന്നേരം അവന്റെ കണ്ണുകള്‍ എന്നോട്‌ യാചിക്കും.

എനിക്കും എന്റെ മകനും ചില പ്രത്യേക നിമിഷങ്ങളുണ്ട്‌. പടിഞ്ഞാപ്പുറത്തെ പുളിമരത്തിന്റെ താഴത്തെ ചില്ലയില്‍ കയറി ഞങ്ങള്‍ കാലാട്ടിയിരിക്കും. ചിലപ്പോള്‍ അവനെന്റെ ചുമലിലേക്കു ചായും. ഞങ്ങള്‍ ആകാശത്തെക്കുറിച്ചു പറയും.

മേഘങ്ങള്‍..കിളികള്‍,പട്ടങ്ങള്‍,വിമാനങ്ങള്‍.....

ഒരിക്കലവന്‍ പറഞ്ഞു - 'അമ്മേ ഞാനൊരിക്കല്‍ ആകാശത്തിലേക്കു പോകും ഒരു വിമാനത്തെ പിടിച്ചുകൊണ്ടു വന്ന് അമ്മയ്ക്കു തരും അല്ലെങ്കില്‍ ഒരു കിളിയായ്‌ മേഘത്തിലേക്ക്‌ പറന്നുപോകും'.

എന്റെ മകന്‍, അവന്‌ എന്റെ ചിന്തകളാണ്‌. കുട്ടിക്കാലത്ത്‌ ഞാനും ഇങ്ങനെയായിരുന്നു. പാടവരമ്പില്‍ മലര്‍ന്നു കിടന്ന് വിമാനങ്ങളുടേയും പക്ഷികളുടേയും എണ്ണമെടുക്കും.ഒരു കിളിയെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച്‌ കടും നീല മേഘത്തിലേക്ക്‌ പറന്നുപോകും. ഒരു കവിയായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം കവിതകളെഴുതിയേനെ..അലങ്കാരങ്ങളും ചിഹ്നങ്ങളും കോറിയിട്ട്‌ ജീവിതത്തെ അളന്നിട്ടേനെ..


എന്റെ മകന്‍ ഒരു പക്ഷേ ഒരു കവിയാകും. വാക്കുകളിലൂടെ അവന്‍ ക്ഷുഭിതനാകും,ഭൂമിയെപ്പറ്റി വാ ങ്മയ ചിത്രങ്ങള്‍ അവന്‍ കോറിയിടും.





ഒരു ശനിയാഴ്ച്ച ഉച്ചനേരത്താണ്‌ എന്റെ മകനെ കാണാതായത്‌. രാവിലെ സ്കൂളില്‍പോയി,ഉച്ചയായപ്പോള്‍ തളര്‍ന്നാണു വന്നത്‌. ഞാനവന്‌ മുട്ടവറുത്ത്‌ ചോറുകൊടുത്തു,പാലില്‍ ഹോര്‍ലിക്സിട്ട്‌ കുടിക്കാന്‍ കൊടുത്തു. പിന്നീടവന്‍ പുറത്തുപോയി സൈക്കിള്‍ ചവിട്ടി.. വാതില്‍ തുറന്ന് അകത്തു കയറുന്ന ശ്ബ്ദം ഞാന്‍ കേട്ടതാണ്‌.ഞാനപ്പോള്‍ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ടി.വി ഓണായിരുന്നു,വാഷിങ്ങ്‌ മെഷീന്‍ തുണികള്‍ നിറഞ്ഞ്‌ കുലുങ്ങിയിരുന്നു. മകന്‍ പുറത്തു കളിക്കുമ്പോഴൊക്കെ ഒരു കണ്ണ്‍ ഞാന്‍ സ്വയം സൂക്ഷിക്കുകയും മറ്റേ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും മകനായ്‌ നീക്കിവെക്കുകയുമാണ്‌ പതിവ്‌. പക്ഷേ അന്ന് എന്താണ്‌ എനിക്ക്‌ സംഭവിച്ചത്‌?


മൂന്നരനേരത്ത്‌ ചായയുണ്ടാക്കി,ബിസ്ക്ക റ്റെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചപ്പോഴാണ്‌ ഞാനെന്റെ നഷ്ടത്തെ തിരിച്ചറിഞ്ഞത്‌.

വീടാകെ ഞാന്‍ അരിച്ചു പെറുക്കി ,അവന്റെ കൂട്ടുകാരുടെ വീട്ടിലേക്കെല്ലാം ഫോണ്‍ ചെയ്തു,റോട്ടിലൂടെ അവന്റെ പേരു ചൊല്ലി വിളിച്ചുകൊണ്ട്‌ അലഞ്ഞു. എന്റെ മകന്‍ എന്നോടു പറയാതെ എങ്ങും പോകാത്തവനാണ്‌. എട്ടു
വയസ്സു കഴിഞ്ഞിട്ടും ഷര്‍ട്ടിന്റെ കുടുക്കിടാന്‍ പോലും അവനു ഞാന്‍ തന്നെ വേണം.ഒരു പഴം തൊലി ഉരിയണമെങ്കില്‍ പോലും അവന്‍ അമ്മേ എന്നു വിളിക്കും.

വാച്ചില്‍ സെക്കന്റുകള്‍ മായുന്നതുപോലും എന്നെ ഭയപ്പെടുത്തി. സൂര്യന്‍ ചാഞ്ഞു തുടങ്ങുകയാണ്‌. ഭര്‍ത്താവിനെ വിളിക്കുവാനായി ഫോണ്‍ കയ്യിലെടുത്തു, എന്റെ അശ്രദ്ധയാണ്‌ അവനെ നഷ്ടപ്പെടുത്തിയത്‌,ഞാന്‍ ഫോണ്‍ താഴെ വെച്ചു.

കുറച്ചുനേരം ആലോചിച്ചു നിന്നതിനുശേഷം മായയെ ഫോണില്‍ വിളിച്ചു.മായ എന്റെ ബാല്യകാല സുഹൃത്താണ്‌ അവള്‍ക്ക്‌ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഒരു ചെറിയ നിര്‍ദ്ദേശം പോലും എന്നെ തൃപ്തിപ്പെടുത്തുന്ന സമയമായിരുന്നുവത്‌.


"അപരിചിതരാരെങ്കിലും കുട്ടിയോടു മിണ്ടുന്നതു നീ ശ്രദ്ധിച്ചിട്ടുണ്ടോ"?

സ്കൂളില്‍ പതിവായി കൊണ്ടുവിടുന്ന ഓട്ടോറിക്ഷാ ഡ്രെവറും ,മീന്‍ വില്‍ക്കാന്‍ വരുന്ന വറീദേട്ടനും,ദിവസവും പത്രം കടം വാങ്ങി വായിക്കാന്‍ വരുന്ന രാവുണ്ണിയും അപരിചിതരല്ല. റോഡു വക്കിലുള്ള വിടായതുകൊണ്ട്‌ എപ്പോഴും അപരിചിതര്‍ വിടിനു മുന്നിലൂടെ കടന്നുപോകും .നഗരം അപരിചിതത്വത്തെ ദിവസം തോറും വര്‍ദ്ധിപ്പിക്കുന്നു.


"ഇല്ല ഞാന്‍ ശ്രദ്ധിച്ചിട്ടില്ല"

" എങ്കില്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കുഞ്ഞുണ്ണിയുടെ ദുര്‍മരണം നീ മറന്നുവോ?"


മായ ഔചിത്യബോധം തൊട്ടു തീണ്ടാത്തവളാണ്‌. മനുഷ്യാവസ്ഥകളൊന്നും അവള്‍ക്കു പ്രശ്നമല്ല. 'കുഞ്ഞുണ്ണിയുടെ ദുര്‍മരണം' അതിന്‌ എന്തു പ്രസക്തിയാണിവിടെ ഉള്ളത്‌. എന്റെ മകനെ കുറച്ചു സമയത്തേക്കു മാത്രം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നേ ഞാനവളോടു പറഞ്ഞുള്ളു.


ഫോണ്‍ താഴെവെച്ചു. റോഡില്‍ ഇറങ്ങിനിന്ന് വീണ്ടും മകനെ നോക്കി. കുറച്ചു ദിവസമായി പകലിനു നീളം കൂടുതലാണ്‌. വഴിയില്‍ കണ്ട കുട്ടികളോടൊക്കെ മകനെ കണ്ടോയെന്ന് വിളിച്ചു ചോദിച്ചു. അപരിചിതരോടുപോലും മകന്റെ രൂപവും പ്രായവും വിവരിച്ചു.

ഗേറ്റിന്റെ കുറ്റിയിടാതെ പിന്തിരിഞ്ഞു നടന്നു. മഞ്ഞ റോസിന്റെ താഴെ മകന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിടക്കുന്നു,മുമ്പെങ്ങുമില്ലാത്ത വാത്സല്യത്തോടെ അതിനെ കയ്യിലെടുത്ത്‌ ഷാളുകൊണ്ട്‌ തുടച്ച്‌ ചുണ്ടിനോടമര്‍ത്തി.

വീടിനു പിന്നില്‍ അടഞ്ഞുകിടന്നിരുന്ന മോട്ടോര്‍ പുരയില്‍ മകനെ ഒന്നുകൂടെ നോക്കി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ നഗരത്തില്‍ പഴയൊരു വിടു കണ്ടുപിടിച്ചത്‌. കിടപ്പുമുറിയുടെ കഴുക്കോലിനുമുകളില്‍ നിന്ന് എപ്പോഴും പല്ലികള്‍ അടര്‍ന്നു വീഴും,എലികള്‍ ഓടി നടക്കും. വെട്ടിയൊതുക്കാത്ത ചെടികള്‍ക്കിടയിലുടെ ഒരു മഞ്ഞ ചേര സ്ഥിരമായി ഇഴയും. എങ്കിലും ആദ്യമായാണ്‌ പഴയ വീട്‌ എന്നെ ഇത്രയും ഭയപ്പെടുത്തിയത്‌.

പുളിമരത്തിനു താഴെയും,കുടുസു മുറികളിലും മകനെ ഒന്നുകൂടി നോക്കി.

മായയുടെ സംസാരം നെഞ്ചിനെയിട്ടു തിളപ്പിക്കുന്നുണ്ട്‌.'കുഞ്ഞുണ്ണിയുടെ മരണം' എന്നും ദുരൂഹമാണ്‌.

നാട്ടുകാര്‍ കുഞ്ഞുണ്ണിയുടെ മരണത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.

'പോലീസ്‌ നായ കടവുവരെ മണപ്പിച്ചുപോയി.കുട്ടി മരിച്ചു പൊന്തിയ പൊട്ടകുളക്കരക്കടവില്‍ നിന്ന് അവന്റെ അഴിച്ചുവെച്ച ട്രൗ സറും അതിന്റെയടുത്ത്‌ പകുതി വലിച്ച്‌ ചവിട്ടി ഞെരിച്ച ബീഡിക്കുറ്റികളും കണ്ടെത്തി. തുടയിലും ലിംഗത്തിനു ചുറ്റും കരിനീല പടര്‍ന്നിരുന്നു. പോലീസും കൈമലര്‍ത്തി'


'കുഞ്ഞുണ്ണിയുടെ മരണം' അതിന്‌ എന്റെ മകന്റെ നഷ്ടവുമായി യാതൊരു ബന്ധവുമില്ല.


കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

മായയാണ്‌.

'നിന്നെ ഞാന്‍ ഭയപ്പെടുത്തിയോ?' മായ ചോദിച്ചു.

ഞാന്‍ ഉണ്ടെന്നും ഇല്ല എന്നും പറഞ്ഞില്ല.


'മനുഷ്യന്‍ മനുഷ്യനെ ചുട്ടു തിന്നുന്ന കാലമാണ്‌ അതുകൊണ്ടു പറഞ്ഞെന്നേയുള്ളു'.

ശരിയാണ്‌.

കുറച്ചു സമയം കൂടി നോക്കിയതിനുശേഷം മകനെ കണ്ടില്ലെങ്കില്‍ പോലീസിനെ അറിയിക്കുവാന്‍ പ്രത്യേകം പറഞ്ഞുകൊണ്ട്‌ മായ ഫോണ്‍ താഴെവെച്ചു.





കുഞ്ഞുണ്ണിയുടെ മരണം നടക്കുന്ന സമയത്ത്‌ ഞാനും മായയും ഊഞ്ഞാലാടുകയായിരുന്നു. കാലിന്റെ തള്ളവിരല്‍ പുഴുക്കുത്തിയ ഒരു ഇലയില്‍ തൊടുന്നത്ര ശക്തിയില്‍ മായ എന്നെ ഉയരത്തിലേക്ക്‌ ഉന്തിവിട്ടു. ഞാനൊരു തൂവല്‍ കണക്കേ വായുവില്‍ അലസമായ്‌ പൊന്തുകയും താഴുകയും ചെയ്തു. നൂറ്‌,തൊണ്ണൂറ്റി ഒമ്പത്‌,തൊണ്ണൂറ്റിയെട്ട്‌ എന്നിങ്ങനെ ഇലയില്‍ എന്റെ കാലുതൊടുന്ന സമയത്തൊക്കെ മായ അവരോഹണക്രമത്തില്‍ എണ്ണമെടുത്തു.


അപ്പോഴാണ്‌ ആളുകള്‍ പരിഭ്രാന്തരായി എന്റെ കാല്‍ചുവട്ടിലൂടെ ഓടുയത്‌,ഞങ്ങള്‍ അത്‌ ശ്രദ്ധിച്ചതേയില്ല. മായക്ക്‌ അവരോഹണക്രമത്തില്‍ ഒന്നുവരെ എണ്ണി ത്തിക്കേണ്ടിയിരുന്നു. എനിക്ക്‌ പുഴുക്കുത്തി ഒരു വശം മാറാലപോലെയായിരിക്കുന്ന ഇലയെ ഒന്നിലെത്തുന്നതിനുമുമ്പ്‌ വിരലുകൊണ്ട്‌ പിടിച്ച്‌ മണ്ണിലേക്ക്‌ കുടഞ്ഞിട്ട്‌ മായയെ തോല്‍പ്പിക്കേണ്ടിയിരുന്നു. നിശ്ചിത ബിന്ദുവെന്ന ലക്ഷ്യത്തിലേക്ക്‌ ഞാനും മായയും നീങ്ങുമ്പോഴായിരിക്കണം കുഞ്ഞുണ്ണി കരയിലേക്ക്‌ ഒരു ആമ്പലിനെപ്പോലെ അടിഞ്ഞത്‌.



കുഞ്ഞുണ്ണിയുടെ ദുര്‍മരണം ആളുകള്‍ക്ക്‌ ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്വത്തെകൂട്ടി. കുട്ടികളോടുള്ള വാത്സല്യത്തില്‍ നിന്ന് ഇടവകയിലെ കുട്ടികളുടെ ഉത്തരവാദിത്വം ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുക്കണമെന്ന് അല്‍ഫോണ്‍സച്ചനും പള്ളിപ്രസംഗത്തില്‍ പറഞ്ഞു.

ചിലര്‍ ഞങ്ങളുടെ തലയില്‍ ഉഴിഞ്ഞുകൊണ്ട്‌ 'സൂക്ഷിക്കണേ മക്കളേ' എന്നു പറഞ്ഞു.


പത്രക്കാര്‍ ഞങ്ങളോട്‌ കുഞ്ഞുണ്ണിയെപ്പറ്റി പലപല ചോദ്യങ്ങള്‍ ചോദിച്ചു .കുഞ്ഞുണ്ണി ഞങ്ങളുടെ അടുത്ത കൂട്ടുകാരനായിരുന്നില്ല.ഞങ്ങള്‍ക്കവരോടു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ 'ഇണപിരിയാത്ത' സുഹൃത്തുക്കളായിരുന്നുവെന്ന് ഒരു പത്രക്കാരന്‍ എഴുതിവെച്ചു അതിനു ശേഷമാണ്‌ 'കോലുണ്ണി' എന്ന് ഞങ്ങള്‍ വിളിച്ചു കളിയാക്കിയിരുന്ന കുഞ്ഞുണ്ണിയുടെ നഷ്ടം ഞങ്ങളുടെ ജിവിതത്തില്‍ വരുത്തിയ മാറ്റത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞത്‌.



ഒരു ദിവസം ഒരു ഉച്ച സമയത്ത്‌ ആളില്ലാതെയിരുന്നിട്ടും ഞങ്ങളുടെ ഊഞ്ഞാല്‌ ശക്തിയായി ആടി.,മായയുടെ ഏട്ടന്റെ സൈക്കിള്‍ പെഡല്‍ ആരോ രാത്രിയില്‍ ശക്തിയായ്‌ തിരിച്ചു കളിച്ചു.അസമയത്ത്‌ നായ്ക്കള്‍ ഓളിയിട്ടു.


'കുഞ്ഞുണ്ണിയുടെ പ്രേതം' അലയുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും ഇടവകക്കാരൊന്നും പേടിച്ചില്ല ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ മാത്രം കുഞ്ഞുണ്ണി ഒരു കഥയായ്‌ നിറഞ്ഞു. ഇലകള്‍ ആടുന്നതും,ഇളം കരിക്കുകള്‍ കുളത്തിലേക്ക്‌ വെട്ടിയിടുന്നതും,കാറ്റില്‍ വിസിലൂതുന്നതുപോലെയുള്ള ശബ്ദം കേള്‍പ്പിക്കുന്നതും കുഞ്ഞുണ്ണിയാണെന്നു പറഞ്ഞ്‌ ഞങ്ങള്‍ പരസ്പരം ഞെട്ടി.


'നീയല്ലേ അവന്‌ ഊഞ്ഞാലാടാന്‍ കൊടുക്കാഞ്ഞത്‌' ഒരിക്കല്‍ മായ പറഞ്ഞു.

'നീയല്ലേ അവനെ കോലുണ്ണി എന്നു വിളിച്ച്‌ കളിയാക്കി ഓടിച്ചത്‌'

മായ നിശബ്ദത പാലിച്ചു.
പിന്നീട്‌ ഞങ്ങള്‍ ഊഞ്ഞാലാടിയില്ല. ഒളിച്ചുകളിക്കാന്‍ പേടിച്ചു. ഒരു മൂലയില്‍ കുത്തിയിരുന്ന് കഥകള്‍ പറഞ്ഞു അധികവും പ്രേതകഥകള്‍!


അച്ഛന്റെ ജോലി സ്ഥലത്തേക്ക്‌ എന്നെയും കൊണ്ടുപോകുവാന്‍ അമ്മ തീരുമാനിച്ചത്‌ പെട്ടന്നായിരുന്നു. മുങ്ങിക്കുളിക്കാന്‍ കുളവും,വിഷമടിക്കാത്ത പച്ചക്കറികളുമുള്ള ഈ നാടുവിട്ട്‌ ഞാന്‍ എങ്ങൊട്ടും ഇല്ല എന്നായിരുന്നു അമ്മ എപ്പോഴും പറയാറ്‌. അമ്മയുടെ തീരുമാനം എന്നെ സങ്കടപ്പെടുത്തി. മായ എന്നെ തീവണ്ടി കയറ്റാന്‍ സ്റ്റേഷനില്‍ വന്നിരുന്നു. കമ്പികള്‍ക്കിടയില്‍ മുഖമമര്‍ത്തിക്കൊണ്ട്‌

'നഗരം ഗ്രാമത്തെക്കാള്‍ എന്തിലും മെച്ചമാണെന്ന്'അവള്‍ പറഞ്ഞു


നഗരത്തില്‍ അവള്‍ക്കും ഒരച്ഛന്‍ ഉണ്ടെങ്കില്‍ എന്തു രസമായിരുന്നു എന്നാണ്‌ ഞാന്‍ ആലോചിച്ചിരുന്നത്‌ .പച്ചക്കൊടി ഉയര്‍ന്നതും തീവണ്ടി നീങ്ങിയതും ഞാന്‍ അറിഞ്ഞില്ല. മായയെ ഞാന്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും തീവണ്ടി കുറെ ദൂരം മുന്നോട്ടെത്തിയിരുന്നു.



പിന്നീട്‌ കുറെക്കാലം മായ എനിക്ക്‌ പച്ചമഷി പേനകൊണ്ട്‌ കത്തയച്ചു.
കുഞ്ഞുണ്ണിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ പന്തംകൊളുത്തി പ്രകടനവും,മൗന ജാഥയും നയിച്ച്‌ ജനങ്ങള്‍ തോറ്റുവെന്ന് അവളൊരിക്കല്‍ എഴുതി. മതിലുകളില്‍ കരിക്കട്ടകൊണ്ടെഴുതിയ കുഞ്ഞുണ്ണി മരണം മഴയും വെയിലുമേറ്റ്‌ മാഞ്ഞുപോയെന്ന് മറ്റൊരിക്കല്‍ അവളെഴുതി. 'കുഞ്ഞുണ്ണിയുടെ പ്രേതം ' ഇപ്പോഴും ഊഞ്ഞാലാടാറുണ്ടോ എന്നാണ്‌ എനിക്ക്‌ അറിയേണ്ടിയിരുന്നത്‌. അതിനവളുടെ മറുപടി വന്നില്ല. പിന്നീട്‌ ഞങ്ങള്‍ക്കിടയിലെ കത്തുകള്‍ നിലച്ചു. ഞാനവളെ മറന്നു അവള്‍ എന്നേയും.

പിന്നീട്‌ ജോലികിട്ടി അവള്‍ ഈ നഗരത്തിലേക്ക്‌ വരുന്നതുവരെ അവള്‍ എന്നേയും ഞാന്‍ അവളേയും മറന്നുവെച്ചത്‌ ഏതു മൂലയിലായിരുന്നുവെന്ന ചോദ്യം ഞങ്ങള്‍ക്കിടയില്‍ക്കിടന്ന് ഉരുണ്ടു കളിച്ചിരുന്നു ഞാനതു ചോദിച്ചില്ല അവളും അത്‌ ഒഴിവാക്കി.


2



ഫോണിനരുകിലേക്കു നടന്ന് മകന്റെ കൂട്ടുകാരുടെ വീട്ടിലേക്ക്‌ ഒന്നുകൂടി വിളിച്ചു ചോദിച്ചു. ആറുമണിക്കുമുമ്പ്‌ വിട്ടിലെത്തിയില്ലെങ്കില്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുത്‌ എന്നുതന്നെയാണ്‌ അവരും പറഞ്ഞത്‌. ആദ്യം ഭര്‍ത്താവിനെ അറിയിക്കണം.രണ്ടു നമ്പര്‍ ഡയല്‍ ചെയ്തു, വിണ്ടും ഫോണ്‍ തഴെവച്ചു. മകന്‍ വരാതിരിക്കില്ല.


മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത്‌ ഞാനെപ്പൊഴും വിചിത്ര സ്വപനങ്ങള്‍ കണ്ടിരുന്നു. ചിത്രകഥയിലെ കുഞ്ഞിദേവതയായ്‌ ഞാനെപ്പൊഴും പറന്നു നടക്കും. ചെടികളും,മൃഗങ്ങളും ,കിളികളും അപ്പോള്‍ എന്നോട്‌ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ വിക്രമാദിത്യനായി ,വേതാളം എന്റെ ചുമലില്‍ പറ്റിയിരുന്നു.ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.കഥകള്‍ക്ക്‌ വലിവുവരുമ്പോള്‍ വേതാളം കൂര്‍ത്ത കുഞ്ഞു നഖംകൊണ്ട്‌ എന്നെയിട്ടു കുത്തി.ഞാന്‍ കഥകള്‍ പറഞ്ഞ്‌ നേരംവെളുപ്പിച്ചു മകന്‍ വയറ്റില്‍കിടന്ന് വളഞ്ഞുപുളഞ്ഞു.,കാല്‍ കുടഞ്ഞു രസിച്ചു. ഞാന്‍ പറഞ്ഞില്ലേ മകന്‍ കഥകള്‍ കേള്‍ക്കാന്‍ മാത്രമായ്‌ ജനിച്ചവനായിരുന്നു.കഥകളില്‍ രസിക്കുന്നവന്‍.



മകന്റെ ദേഹത്ത്‌ എന്തെങ്കിലും പാടുകളോ മറ്റോ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് മായ ഒരിക്കല്‍ പറഞ്ഞു. ഞാനത്‌ അവഗണിച്ചു. കുളിപ്പിക്കാനായ്‌ ഷര്‍ട്ടിന്റേയും ട്രസറിന്റേയും കുടുക്കഴിക്കുമ്പോഴേക്കും മകന്‍ തണുപ്പുകൊണ്ട്‌ വിറക്കും.കുളിക്കാന്‍ അവന്‌ എന്നും ദേഷ്യമായിരുന്നു. സോപ്പു പതകള്‍ മേഘങ്ങളാണെന്നും വെള്ളം സുനാമിയാണെന്നും അവന്‍ പറയും.

സോപ്പ്‌ ചകിരികൊണ്ട്‌ തേച്ച്‌ കുളിച്ചില്ലെങ്കില്‍ ദേഹത്ത്‌ പുഴുക്കള്‍ നിറയുമെന്ന് ഞാനവനെ ഭയപ്പെടുത്തും. 'ശൂശു' വിനെ നന്നായി കഴുകണമെന്ന് ഞാനവനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. എന്റെ മകന്റെ ലിംഗത്തിന്റെ ചെല്ലപ്പേരായിരുന്നു ശൂശു എന്നത്‌. നാളികേരം വെന്ത വെളിച്ചെണ്ണ ദേഹത്തുപുരട്ടുമ്പോള്‍ 'ശൂശു വലുതാകുന്നു അമ്മേ ' എന്ന് അവന്‍ ഒരിക്കല്‍ പറഞ്ഞു. 'പോടാ നിന്റെയൊരു ശൂശു' എന്നും പറഞ്ഞ്‌ കുറച്ചുകൂടി വെളിച്ചെണ്ണ മകന്റെ ലിംഗത്തില്‍ പുരട്ടി. എന്റെ മകന്‍ എനിക്കെപ്പൊഴും കൊച്ചു കുട്ടിയാണ്‌...ഇന്നലെയാണ്‌ അവനുവേണ്ടി ഞാന്‍ തൊട്ടില്‍ കെട്ടിയത്‌,ഇന്നലെയാണ്‌ ഞാന്‍ മുലയില്‍നിന്ന് അവനെ അടര്‍ത്തിയെടുത്ത്‌ പുതപ്പിച്ചുറക്കിയത്‌.




മകന്റെ ഒരു ഫോട്ടോ എടുത്തുവെയ്ക്കുവാന്‍ പറഞ്ഞുകൊണ്ട്‌ മായയുടെ ഫോണ്‍ വീണ്ടും വന്നു.

മുന്‍ നിരയിലെ പല്ലിനിടയില്‍ കറുത്ത ഒരു പാടുണ്ട്‌ അവന്‌,ചിരിക്കുമ്പോള്‍ അതു തെളിഞ്ഞു കാണും പുഴുപ്പല്ല് എന്ന് കളിയാക്കുമ്പ്പ്‌ എന്നു ഭയന്ന് അവന്‍ ഫോട്ടോയില്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കും. അവന്റെ ചിരി 'നിലാവുദിക്കുന്നതുപോലെയാണെന്ന് ' ഞാനൊരിക്കല്‍ ഒരു പുസ്തകത്തില്‍ കോറിയിട്ടിരുന്നു.

'അമ്മേ അമ്മ ചിരിച്ചാല്‍ ഞാനും ചിരിക്കും,അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറഞ്ഞ്‌ എന്നെ കെട്ടിപ്പിടിക്കും എന്റെ മകന്‍...



എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു. ചുണ്ട്‌ ചുട്ട്‌ പൊള്ളുന്നുണ്ട്‌.മൂന്നോ നാലോ പ്രാവശ്യം കക്കൂസില്‍ പോയി.

റോട്ടിലേക്ക്‌ വീണ്ടും ഓടി കണ്ടവരൊടൊക്കെ മകനെപ്പറ്റി ചോദിച്ചു. അവന്റെ രൂപവും പ്രായവും വീണ്ടും വീണ്ടും വിവരിച്ചു.

വിണ്ടും എന്തോ ഒാര്‍മ്മവന്നതുപോലെ വിട്ടിലേക്കുതന്നെ ഞാന്‍ തിരികെ ഓടി. കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ എടുത്ത്‌ കുടഞ്ഞുനോക്കി മകന്റെ മാറിയിട്ട ഉടുപ്പെടുത്ത്‌ മണപ്പിച്ചു.

അപരിചിതര്‍....അവരെപ്പറ്റി മകന്‍ എന്താണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌? സ്നേഹിക്കുന്നവരെ അവന്‍ എങ്ങിനെയാണ്‌ നിര്‍വ്വചിച്ചിരിക്കുന്നത്‌?


കിടപ്പുമുറിയിലേക്കോടി മകന്റെ സ്കൂള്‍ബാഗ്‌ വലിച്ചു പുറത്തിട്ടു.

ഉറുമ്പുകള്‍ അരിച്ചിറങ്ങുന്നതുപോലെയുള്ള അവന്റെ കയ്യക്ഷരം...
ഓരോ പേജിലും കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍

പട്ടങ്ങള്‍ പറത്തുന്ന കുട്ടികള്‍,അസ്തമിക്കുന്ന ആകാശം, കുന്നുകള്‍,മലകള്‍,പക്ഷികള്‍.....



എവിടെയാണ്‌ അപരിചിതരെ അവന്‍ വരച്ചിട്ടിരിക്കുന്നത്‌? എന്തു മുഖമാണ്‌ അപരിചിതര്‍ക്കായ്‌ അവന്‍ നീക്കിവെച്ചിരിക്കുന്നത്‌?


പേടിക്കുമ്പോഴൊക്കെ ഞാന്‍ പലവട്ടം ഛര്‍ദ്ദിക്കും. അന്നു കഴിച്ച വറ്റുകള്‍ മുഴുവനും അഗാധതയില്‍ നിന്നും പുറത്തുവരും കണ്ണില്‍ ചുവന്നു മെലിഞ്ഞ രേഖകള്‍ പായല്‍ പോലെ പരക്കും.


ഞാന്‍ മതിയാവൊളം ഛര്‍ദ്ദിച്ചു.


ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച്‌ മേശപ്പുറത്തിരിക്കുന്ന മകന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കി. ' അമ്മേ..അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറയാനാകാതെ നിസ്സഹായനായ എന്റെ മകന്‍..

പേടിച്ചാല്‍ അവനൊന്ന് പകയ്ക്കും പിന്നെയൊന്ന് തലകുനിക്കും പിന്നെയിരുന്നു കരയും...


പൊട്ടിക്കരഞ്ഞുകൊണ്ട്‌ മകന്റെ ഫോട്ടോ ഞാന്‍ കയ്യിലെടുത്തു. അവനെ ഞാന്‍ മുത്തുരാജാ എന്നും പച്ചക്കുതിര എന്നും വിളിച്ചു.
മുഖത്തടിച്ചുകൊണ്ട്‌ 'നീയെവിടെയാടാ പൊട്ടാ' എന്ന് അലറി.


എന്റെ മകന്‍ - എല്ലാ കുട്ടികളുടേയും പോലെ,കറകളില്ലാത്ത ചെക്കന്‍.. അശ്രദ്ധകൊണ്ട്‌ അവനെ നഷ്ടപ്പെടുത്തിയവന്‍, പേടിയെ അവഗണിച്ചവന്‍, അപരിചിതരെപ്പറ്റി ഒരിക്കലും രേഖപ്പെടുത്താത്തവന്‍..