Tuesday, November 21, 2006

മഴക്കവിതകള്‍

മഴ രണ്ടുവിധമാണെനിക്ക്‌.
ഒന്ന് ഇന്നലയുടെ മഴ
രണ്ട്‌ ഇന്നിന്റെ മഴ
ചെളിവെള്ളത്തെ തെറിപ്പിച്ചും
ഇടിവെട്ടിക്കാതടപ്പിച്ചും
ചുരിദാറിനെ തുടയിലൊട്ടിച്ചും
ബസ്സ്‌ സ്റ്റോപ്പില്‍ കാത്തുനിന്ന മഴ.
ബസ്സുവരുന്നുണ്ട്‌ കുടചുരുക്കു..
പിന്‍ വിളികളുയര്‍ന്നു.
കുഴികളില്‍ വീണും,കല്ലില്‍ തട്ടിയും
ശീതനടിച്ചും,മുകളിലേക്കുപ്പറക്കുന്ന-
ടര്‍പ്പാളയെ ശപിച്ചുകൊണ്ടൊരുമഴ.
ചേച്ചിയൊന്നുവേഗമിങ്ങിക്കേ..'കിളിപറഞ്ഞു'
നോട്ടം ഒട്ടിയൊലിച്ച ശരീരത്തിലേക്ക്‌.
ദ്ദെവത്തിന്റെനാട്ടില്‍ ഇത്രയും കുഴികളോ?
ബസ്സിറങ്ങിനടക്കേ സുഹൃത്തു പറഞ്ഞു.
'നല്ലതണുപ്പ്‌, മോളു വരു-
അമ്മചായതരാം ,മുളകു ബജിയുമുണ്ട്‌.
അമ്മ ചായക്കു തീകൂട്ടി.
പടിഞ്ഞാപ്പുറത്തെ പഞ്ചാരമാങ്ങപെറുക്കാന്‍-
അച്ഛന്‍ കുടയെടുത്തു യാത്രയായി.
ഹര്‍ഷന്റെ പറമ്പില്‍ ഒരു തെങ്ങു വീണു,
തറവാട്ടിലെ കശുമാവൊടിയാറായി,
നാളികേരം വീണ്‌ രണ്ടോടു പൊട്ടിയിട്ടുണ്ട്‌
അച്ഛന്‍ നനഞ്ഞൊലിച്ചു വന്നു പറഞ്ഞു

മൂന്നു ഗ്ലാസ്സിലായി പകര്‍ന്നചായയുമായമ്മ-
കടുപ്പമിത്തിരികൂടി,പാല്‍കുറവാണ്‌.
വരാന്തയിലേക്ക്‌ കാലാടുന്ന കസേരകള്‍ വലിച്ചിട്ടു.
അച്ഛന്‍ നാട്ടുകാര്യങ്ങള്‍ തുടങ്ങി വെച്ചു
അമ്മകേട്ടിരുന്ന് കറിക്കരിഞ്ഞു.
പുറത്ത്‌ മരങ്ങളിലാടിക്കളിച്ച്‌ മഴ..
തണുപ്പത്ത്‌,ചൂടുള്ള ഒരുമഴ..
മഴ രണ്ടു വിധമാണെനിക്ക്‌
സായിപ്പിന്റെ നാട്ടില്‍ നൂലുപോലുള്ളമഴ.
മഴപെയ്യാന്‍ സാദ്ധ്യതയുണ്ടെന്നറിയിക്കുന്ന ചാനലുകള്‍
കാര്‍പ്പെറ്റുനനയുന്നതിനാല്‍ വാതില്‍ തുറന്നില്ല
ഇടിയും മിന്നലും കണ്ടിട്ടുകാലം കുറേയായി
കാലാവസ്ഥയറിയാന്‍ കമ്പ്യൂട്ടര്‍ തുറന്നു
പത്തുദിവസം ചെറുതായിമഴപെയ്യും-
വെതര്‍ സെറ്റു പറഞ്ഞു..
പെയ്താലെന്ത്‌,പെയ്തില്ലങ്കിലെന്ത്‌.
കോഫീമേയ്ക്കറില്‍ കുറച്ചുവെള്ളമൊഴിച്ചുവച്ചു
മൂന്നുമിനിറ്റ്ടിനുള്ളില്‍ കാപ്പി റെഡി.
ഫോണെടുത്ത്‌ കൂട്ടുകാരിയെവിളിച്ചു-
'എന്തൊരു നശിച്ച്മഴ'...
മഴയെനിക്കു രണ്ടു വിധമാണ്‌
ഒന്ന് ഇന്നലകളുടെ മഴ.
രണ്ട്‌ ഇന്നിന്റെ മഴ.

20 comments:

Adithyan said...

മലയാള ബൂലോകത്തേക്ക് സ്വാ‍ഗതം പറയാന്‍ വന്നതാണ്. കവിതയെക്കുറിച്ച് അഭിപ്രായം പറയാനറിയില്ല. :)

തകര്‍ത്തെഴുതൂ, അര്‍മ്മാദിക്കൂ...

വേണു venu said...

മനോഹരം. മനോഹരം.
ഏതോ ഇടവപ്പാതിയില്‍ ഉമ്മറപ്പടിയിലിരുന്നു് മുഖത്തോട്ടു വീശുന്ന ചീതാനം ആസ്വദിച്ചു് മഴ കാണുന്ന,ആ ഓര്‍മ്മകളിലേയ്ക്കു കൊണ്ടു പോയി
എന്നെ “ഇന്നലത്തെ മഴ”.
ഇന്നത്തെ മഴയിലെ നിശ്വാസവും നന്നായി.

സു | Su said...

മഴയെനിക്ക് പലവിധമുണ്ട്.

നോവുകളിലേക്ക് കുളിരേകാന്‍ എത്തുന്ന മഴ...

സ്വപ്നങ്ങള്‍ക്ക് നിറമേകാന്‍ എത്തുന്ന മഴ...

അങ്ങനെ കുറേ...

മഴക്കവിത ഇഷ്ടമായി.

ഇട്ടിമാളു അഗ്നിമിത്ര said...

മഴയെനിക്കും രണ്ടുവിധം ..
നീയും ഞാനും ഏവരും കണ്ടു കണ്‍വെക്കുന്നത്
മാനം കറുത്ത് തുടികൊട്ടിപാടി
നൂലുകളായ് പെയ്തിറങ്ങുന്നത്

അതിനപ്പുറം
ഒന്നെന്നുള്ളില്‍ തകര്‍ത്തുപെയ്യുന്നത്
ആരുമറിയാതെ കുത്തിയൊലിക്കുന്നത്
ഏറിയാല്‍ രണ്ടുതുള്ളിയില്‍ പുറത്തേക്കിറ്റു വീഴുന്നത്

thoufi | തൗഫി said...

ഞാനും സ്വാഗതക്കമിറ്റിയില്‍പ്പെട്ട ഒരു മെംബര്‍ തന്നയാണ്.
ബൂലോഗത്തേക്ക് വലതുകാല്‍ വെച്ചുകയറിക്കോളൂ.

Rasheed Chalil said...

സ്വാഗതം സുഹൃത്തേ...

സുല്‍ |Sul said...

സ്വാഗതം സുഹൃത്തെ.

-സുല്‍

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കത്തിക്കത്തിക്കയറി മഴ തീയായും നിറയട്ടെ സ്നേഹിതാ.
അതിന്റെ കൂടില്‍ കവിതകള്‍/കഥകള്‍ കനലായി തെളിയട്ടെ. സ്വാഗതം.

ലിഡിയ said...

മഴ ഏകാന്തതയില്‍ താനറിയാതെ പെയ്യുന്ന മഴ ആരുമറീയാതെ ഒപ്പിക്കളയാന്‍ വരുന്ന കൂട്ടുകാരിയാണ്, ഇന്നിന്റെ മഴ പൊടികാറ്റണിഞ്ഞവളെങ്കിലും കൂട്ടുകാരി തന്നെ, ഒരു കട്ടങ്കാപ്പി കുടിക്കാനുള്ള തണുപ്പ് തരാറില്ലെങ്കിലും.

-പാര്‍വതി.

വാളൂരാന്‍ said...

സിജീ,
ഒരു നനുത്ത മഴയുടെ ഓര്‍മ്മച്ചാറ്റലുകള്‍ ഉള്ളിലേക്കു പാറി വീഴുന്നു താങ്കളുടെ വരികള്‍ക്കൊപ്പം.
ഗൃഹതുരത്വത്തിന്റെ കനല്‍മഴയില്‍ നിന്നാണിത്‌ പിറന്നതല്ലേ?
അതുതന്നെയാവും ഇന്നിന്റെ മഴക്കുനേരെ വാതിലടപ്പിക്കുന്നതും...
മനോഹരമായ വരികള്‍....

ബ്ലോഗുകളിലാകെ മഴക്കാലമാണല്ലോ,
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ എത്രപേരാ മഴത്തുള്ളിയേയും മണ്ണിനേയും കുറിച്ചെഴുതീത്‌....
വില്‍സേട്ടന്റെയടുത്തു നിന്ന്‌ ഇപ്പോ പോന്നതേയുള്ളു.

കുറുമാന്‍ said...

ക്ക്സിജീ, സ്വാഗതം,

താങ്കളുടെ മഴയേകറിച്ചുള്ള കവിത മനോഹരം.

കണ്മുന്‍പില്‍ എല്ലാം കണ്ടതുപോലെ.

വിഷ്ണു പ്രസാദ് said...

സിജീ,എഴുത്തിനോട് സ്നേഹപൂര്‍വം ചേര്‍ന്നുനില്‍ക്കുന്ന ഒരാളെക്കൂടി ബ്ലോഗില്‍ കണ്ടു.സന്തോഷമുണ്ട്.
‘ഹര്‍ഷന്റെ പറമ്പില്‍ ഒരു തെങ്ങു വീണു,
തറവാട്ടിലെ കശുമാവൊടിയാറായി,
നാളികേരം വീണ്‌ രണ്ടോടു പൊട്ടിയിട്ടുണ്ട്‌
അച്ഛന്‍ നനഞ്ഞൊലിച്ചു വന്നു പറഞ്ഞു ’
ആവിഷ്കരണഭംഗി തികഞ്ഞ കവിത.മഴയ്ക്ക് മാത്രം ഉണ്ടാക്കാവുന്ന ഒരനുഭവം.

Anonymous said...

നല്ല കവിത. ഇന്നലത്തെ മഴ വായിച്ചു തീര്‍ന്നപ്പോള്‍
നാട്ടിലൊന്നു പോയിവന്നതുപോലെ തോന്നി.
ആശംസകള്‍.

വിശ്വപ്രഭ viswaprabha said...

പരീക്ഷണം

അനംഗാരി said...

ഹാ‍വൂ, എനിക്ക് ഒഹായോയില്‍ ബൂലോഗ സംഗമത്തിന് ഒരാളായി.സിജുവിന് സ്വാഗതം.ഇങ്ങോട്ട് വരാന്‍ വൈകിയതില്‍ ക്ഷമിക്കുക. എല്ലായിടത്തും ഞാന്‍ അവസാന ഊഴക്കാരനാണ്.പഠനത്തിലും, പിന്നെ മാര്‍ക്കിലും, പരീക്ഷയിലും,എല്ലാറ്റിനു മുപരി ജീവിതത്തിലും.

ഓ:ടോ:അഭിപ്രായം ഇപ്പോള്‍ പറയുന്നില്ല. എഴുതിയതെല്ലാം വായിക്കട്ടെ. എന്നിട്ട്.

Kuttyedathi said...

സിജിയുടെ പോസ്റ്റുകളെല്ലാം ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു. എല്ലാം മനോഹരമായിരിക്കുന്നു. ഓരോ വരിയിലും ഗൃഹാതുരത്വം തുളുംബി നില്‍ക്കുന്നു. ഇനിയുമെഴുതൂ, സിജി.

ഓഫ് : അമേരിക്കന്‍ കുക്കിങ്ങ് എക്സ്പേറ്ട്ടാണല്ലേ ? പാസ്റ്റ ഡിഷസിലൊക്കെ ഒന്നു ശ്രമം തുടങ്ങി, (മക്കറോണി ചീസ്, ലസാനിയാ..), ആ മേഖലയില്‍ പിച്ചവച്ചു തുടങ്ങിയിട്ടേയുള്ളൂ ഞാന്‍. കാക്കത്തോള്ളായിരം പാസ്റ്റകളില്‍ ഏതെടുക്കണം, എന്നു പോലുമറിയാതെ, ഒന്നര മണിക്കൂര്‍, കടയില്‍ കളയുന്നു ഇപ്പോഴും. ഒക്കെ പഠിച്ചെടുക്കണം. അതുകൊണ്ടു സിജിയുടെ കുക്കിങ്ങ് ബ്ലോഗും എനിക്കു പ്രയോജനപ്പെട്ടേക്കും. :)

qw_er_ty

vimathan said...

മൂന്നു ഗ്ലാസ്സിലായി പകര്‍ന്നചായയുമായമ്മ-
കടുപ്പമിത്തിരികൂടി,പാല്‍കുറവാണ്‌.
വരാന്തയിലേക്ക്‌ കാലാടുന്ന കസേരകള്‍ വലിച്ചിട്ടു.
അച്ഛന്‍ നാട്ടുകാര്യങ്ങള്‍ തുടങ്ങി വെച്ചു
അമ്മകേട്ടിരുന്ന് കറിക്കരിഞ്ഞു.
പുറത്ത്‌ മരങ്ങളിലാടിക്കളിച്ച്‌ മഴ..
തണുപ്പത്ത്‌,ചൂടുള്ള ഒരുമഴ..

ഇന്നാണ് ഇതു കണ്ടത്. നന്നായിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

siji...
orupadishtamai..
e mazhayum...
orupidi swapnangalum

ഗുപ്തന്‍ said...

ബ്ലോഗിലെ അവസാനത്തെ പോസ്റ്റ് കണ്ടപ്പോള്‍ ആദ്യം മുതല്‍ വായിക്കണമെന്ന് തോന്നി. ഊഹിച്ചതു തെറ്റിയില്ല. Now I know I am going to enjoy it.

നല്ല കവിത. ഓര്‍മ്മയിലെവിടെയോ മഴയിരമ്പുന്നു.

aneeshans said...

രണ്ട് കൊല്ലമെടുത്തു ഈ മഴ കാണാന്‍.

നനഞ്ഞു!