Friday, December 15, 2006

ലോലഹൃദയമുള്ളവര്‍ക്കു സമര്‍പ്പണം

ഞാന്‍ ഗോപാലകൃഷ്ണന്‍.
ഒരു സ്വകാര്യ ഒാഫീസില്‍ ക്ലര്‍ക്ക്‌
വിദ്യാഭ്യാസം - വാണിജ്യശാസ്ത്രത്തില്‍ ബിരുദം.
ഭാര്യ - സുമിത്ര
പൊന്നോമന മകള്‍- സൂര്യ (മാളുട്ടി)
സ്വത്തായിട്ടുള്ളത്‌-പാരമ്പര്യ സ്വത്തായിക്കിട്ടിയ അമ്പതുസെന്റു സ്ഥലവും രണ്ടു ബെഡ്‌ റൂമുള്ള ടെറസ്സുവീടും.(കാശുകുറച്ചുകൂടിയുണ്ടായാല്‍ രണ്ടു റൂമു കൂടി മുകളിലേക്കെടുക്കണമെന്നുണ്ട്‌.)
വീട്ടിലേക്കൂള്ള വഴി -ഗുരുവായൂരീന്ന് ലിമിറ്റഡ്‌ പിടിക്കാണെങ്കില്‍ 5.50 കൊടുത്താല്‍ കൊടുങ്ങല്ലൂര്‍ നടേലെരക്കും.അവിടന്ന് ഓട്ടോപിടിച്ച്‌ പത്താംകല്ലിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലേക്കു വിട്ടോളാന്‍ പറയണം.എറണാകുളത്തുനിന്നു വരാണങ്കില്‍ 6.10 കൊടുക്കണം.
എന്നെ പറ്റി ഏതാണെല്ലാകാര്യങ്ങളും നിങ്ങളറിഞ്ഞു കഴിഞ്ഞു.ഒരാളെപറ്റിയറിയുമ്പോള്‍ അയാളുടെ ആത്മാര്‍ഥ സുഹൃത്തിനെ പറ്റിയും കരിങ്കാലി സുഹൃത്തിനെ പറ്റിയും അറിയണ്ടെ?
ബെസ്റ്റ്‌ ഫ്രന്റ്‌ - ലോലഹൃദയം അഥവാ ഈ ഗോപാലകൃഷ്ണന്റെ പരിശുദ്ധമായ,ടിക്‌..ടിക്‌ അടിക്കുന്ന കുഞ്ഞു ഹൃദയം.
കരിങ്കാലി ഫ്രന്റ്‌- കഠിന ഹൃദയം അഥവാ ദുഷ്ടഹൃദയം.
ഇതൊക്കെ പറയുമ്പോള്‍ ബുദ്ധിജീവികളെന്ന് സ്വയം അഭിമാനിക്കുന്ന നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഇതൊരു 'ഡുവല്‍ പേഴ്സണാലിറ്റിയുടെ' കഥയല്ലേയപ്പാ.ഇങ്ങനെയുള്ളതൊക്കെ ഞങ്ങള്‍ എത്രകണ്ടിരിക്കുന്നു വെന്ന് വീമ്പിളക്കിയേക്കാം.എന്തായാലും അതൊക്കെ ചില ഇഗ്ലീഷ്‌ സിനിമകളിലും പുസ്തകങ്ങളിലും കാര്യമായി നടക്കുന്നുണ്ടെന്നു ഞാനൊരു സാഹിത്യ പുസ്തകത്തില്‌ അഞ്ചാറീസം മുമ്പ്‌ വായിച്ചു.
അതെന്തൂട്ടായാലും ഗോപാലകൃഷ്ണനൊരു ചുക്കൂല്യ .പക്ഷെ എന്റെ ജീവിതത്തില്‍ ഇവന്മ്മാരുടെ കളികള്‍ കൊണെനിക്കു മടുത്തു ....

ടിക്‌..ടിക്‌...ലോലഹൃദയമാണ്‌
'എടാ ഗോപാലകൃഷ്ണാ..മരക്കോന്താ എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ടെടാ കണ്ടോരോടൊക്കെ വീട്ടുപുരാണം വിളമ്പരുതെന്ന്..വേഗം വീട്ടിലേക്കു നടക്കടാ നിന്റെ പെങ്കുട്ടി ഇപ്പോ ഉറക്കം തൂങ്ങിത്തുടങ്ങീട്ടുണ്ടാകും.

ലോലഹൃദയമേ മാപ്പ്‌.എത്രപ്രാവശ്യം പറഞ്ഞു തന്നാലും ഞാനതങ്ങു മറക്കും.അപരചിതരോട്‌ വീട്ടുകാര്യം പറയുന്ന സ്വഭാവം എനിക്ക്‌ അമ്മ വഴി പാരമ്പര്യായി കിട്ടിയതാ....
ഞാന്‍ പോട്ടേട്ടാ മാഷേ,ലോലഹൃദയം പറഞ്ഞതുപോലെ എന്റെ മോളിപ്പോ ഉറങ്ങാറായിട്ടുണ്ടാകും.വേഗം പോയാലേ ഏഴരേടെ ആന ബസ്സ്‌ പിടിക്കാന്‍ പറ്റൂ.

ടിക്‌..ടിക്‌..ഗോപാലകൃഷ്ണാ..എനെ പ്രിയപ്പെട്ടവനേ..കഠിനഹൃദയമാണ്‌ (ദുഷ്ട്‌ ഫ്രന്റ്‌)
'എടാമോനേ നിനക്കിപ്പോ ആന ബസ്സ്‌ പിടിക്കാണ്ടാകേട്‌,നാലും കൂടിയമൂലേല്‍ രമേശന്‍ നിന്നെ കാക്കുന്നുണ്ടാകും,പോയി രണ്ടു നാട്ടു വര്‍ത്തമാനം പറഞ്ഞിട്ടു വാടാ.ഓഫീസില്‍ ഇത്രേം നേരം മുഷിഞ്ഞ ഫയലും നോക്കിയിരുന്നതല്ലേ,ഒന്ന് റിലാക്സാകേണ്ടേ'..

കഠിനഹൃദയം പറഞ്ഞതും നേരുതന്നെയാ.ആ മൂശാട്ട ഓഫീസറുടെ മോന്തയും കണ്ടിരുന്ന് ഫയലും=നോക്കണകാര്യം ഒരു ബോറനേര്‍പ്പാടാണ്‌.എന്നാലും മാസാമാസം ശമ്പളം കീശേലു വീഴേണ്ടതല്ലേയെന്നോര്‍ക്കുമ്പോള്‍ എല്ലാം ക്ഷമിക്കും.എന്റെ കൂട്ടുകാരന്‍ രമേശന്‍ എന്നും നാലും കൂടിയകവലേല്‍ കുറ്റിയടിക്കണ ആളാ,ഇടക്കൊക്കെ ഞാനും കൂടാറുണ്ട്‌.
ഇപ്പോ നേരം കുറേ വൈകീലെ ഇനിയിപ്പോ രമേശനേം കൂടികാണാന്‍ നിന്നാല്‍ കുറേ വൈകും.

കഠിനഹൃദയം - 'എടാ പൊന്നുമോനെ,പെണ്ണും പെടക്കോഴീന്നുമൊക്കെ പറഞ്ഞ്‌ നടന്നിട്ട്‌ എന്താകാര്യം.അവിടെ പോയികൊറച്ച്‌ ലോകവിവരമെങ്കിലുമുണ്ടാക്ക്‌.അമേരിക്ക ഇറാഖില്‍ ബോംബിട്ടിട്ട്‌ എത്രയെണ്ണം ചത്തുമലച്ചൂന്ന് നിനക്കറിയോ?

അതുശരിയാണ്‌.അമേരിക്ക ഇറഖില്‍ ബോംബൊട്ടുവെന്നൊരു വാര്‍ത്തകേട്ടിരുന്നു.അതിന്റെ ഡീറ്റയില്‍സ്‌ അറിഞ്ഞിട്ടില്ല.കവലേല്‍ പോയാല്‍ എല്ലാമറിയാമായിരുന്നു.പോണോ,വേണ്ടയോ?

പോകടാമോനേ പോക്‌,നിന്റെ നല്ല ഭാവിക്കായിട്ടല്ലേ.ലോകവിവരമുള്ളവനാ ഗോപാലകൃഷ്ണനെന്നു പറയുന്നതുകേള്‍ക്കാനൊരു കുളിര്‌...

ടിക്‌..ടിക്‌..ലോലഹൃദയമാണ്‌..
'എടാ ഗോപാലകൃഷ്ണാ,നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടാ ഒരു പ്രലോഭനങ്ങളിലും ചെന്നു ചാടരുതെന്ന്.കഴിഞ്ഞാഴ്ച്ച നിന്റെ ഭാര്യ സുമിത്ര നെഞ്ചത്തടിച്ചു'ഞാനിപ്പോ ചാവും' ന്ന് പറഞ്ഞ്‌ കരഞ്ഞത്‌ നീ മറന്നോ? ആ രമേശന്റെ കൂടെ കൂടി കുടിച്ചുകൂത്താടി നാലുകാലില്‍ വന്നതിന്റെ കെട്ടൊന്നടങ്ങീട്ടല്ലേയുള്ളു.

അതുശരിയാണ്‌.എപ്പോ രമേശന്റെയടുത്തു പോയാലും ഒന്നു മിനുങ്ങാതെ അവന്‍ പറഞ്ഞയക്കില്ല.സുമിത്രക്കാണെങ്കില്‍ അതു സഹിക്കൂല.വളര്‍ന്നു വരുന്ന ഒരു പെണ്‍കിടാവിന്റെ തന്ത്യല്ലേ നിങ്ങള്‍ എന്നാണവള്‍ ചോദിക്കുക.കഴിഞ്ഞാഴ്ച്ച അവള്‍ ഇതിനെ ചൊല്ലി നെഞ്ചത്തടിച്ചു കരഞ്ഞൂന്നൊള്ളാതും നേരു തന്നെയാണ്‌.
ലോലഹൃദയം - ഇനിയും വേണടാ ഉദാഹരണങ്ങള്‍?
നീ നിന്റെ ഓഫീസിലെ തൂപ്പുകാരിപ്പേണ്ണിന്‌ ഇരുനൂറുറുപ്പ്യ കടായിക്കൊടുത്തതിന്‌ സുമിത്ര കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടോടാ? പെണ്ണിന്റെ ഹൃദയമാണ്‌ മെഴുകുകൊണ്ടുണ്ടാക്കിയതാ ചെറിയൊരു തീനാളം മതി അതുരുകിപ്പോകാന്‍.

ലോലഹൃദയമേ എന്റെ പാപം പൊറുക്കേണമേ..
കഴിഞ്ഞമാസം നളിനിയേടത്തിയസുഖമായിക്കിടക്കുന്ന പെണ്‍കൊച്ചിനെ ചികിത്സിക്കാനെന്നും പറഞ്ഞ്‌ വാങ്ങിയ ഇരുനൂറുറുപ്പികയുടെ കാര്യം സുമിത്രയുടെ ചെവിയിലെത്തിയ കാര്യം വലിയൊരതിശയം തന്നെയാണ്‌.നളിനിയേടത്തിയുടെ മകളുടെ കൂട്ടുകാരി സുമിത്രേടെ നാത്തൂന്റെ ഭര്‍ത്താവിന്റെ ബന്ധുവാണെത്രെ,ഈപെണ്ണുങ്ങളുടെ ഒരു കാര്യം കേള്‍ക്കണ്ടാത്തതേ കേള്‍ക്കൂ.
'എന്നിലില്ലാത്ത എന്താ മനുഷ്യാ ആ പെമ്പറന്നോത്തിയില്‌' എന്നാണ്‌ സുമിത്ര അലറിക്കരഞ്ഞു ചോദിച്ചത്‌.
'അവളുടെ കൂടെ പോയി പൊറുത്തോ മനുഷ്യാ'യെന്നും പറഞ്ഞ്‌ കിടക്കപായയും ചുരുട്ടിതന്നു. എന്തൊക്കെ പറഞ്ഞിട്ടാണെന്നോ അവളെയൊന്നു മെരുക്കിയെടുത്തത്‌.

ലോലഹൃദയം- ഈ വിവാഹ വാര്‍ഷികത്തിന്‌ നീയവള്‍ക്ക്‌ ഒരു സ്വര്‍ണ്ണക്കമ്മല്‍ വാങ്ങിക്കൊടുക്കാമെന്നേറ്റില്ലേ,ബാറില്‍ പോയിരുന്ന് മോന്തിയിട്ട്‌ ഉള്ള കാശുകളയേണ്ട.രണ്ടു മാസം കൂടികഴിഞ്ഞാല്‍ നിന്റെ വിവാഹവാര്‍ഷികമാ...

ലോലഹൃദയമേ അതും ശരിയാ.'നിന്നെക്കാള്‍ വലുത്‌ ലോകത്ത്‌ വേറെയാരുണ്ട്‌ എന്നുപറഞ്ഞ്‌ ഒരു ഡയമണ്ട്‌ കൊടുക്കാന്‍ ഗോപാലകൃഷ്ണനൊരു ലോട്ടറിയടിക്കണം.അല്ലാ പെണ്ണുങ്ങളുടെ മനസ്സാണേ എന്താ മനസ്സിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതെന്നു പറയാനാകില്ല.(ടി.വിലെ പരസ്യങ്ങള്‍ കണ്ട്‌ അന്തം വിട്ടിരിക്കുന്ന പെണ്ണാ എന്റെ സുമിത്ര) .'നീയെന്റെ ജീവന്റെ ജീവനാന്നും'പറഞ്ഞ്‌ മൂന്നു ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മല്‍ കൊടുക്കാന്‍ നീയല്ലേ എന്നെ ഉപദേശിച്ചത്‌.അത്‌ കുറിക്കു തന്നെ കൊണ്ടു.

ലോലഹൃദയം- എന്തൊക്കെ പറഞ്ഞാലും അവളൊരു നല്ല ഭാര്യയാണ്‌.

അതു ശരിയാണ്‌. ഞാന്‍ വീട്ടിലെത്താതെ അവളൊരു വറ്റുപോലും ഇറക്കില്ല.ഭര്‍ത്താവിന്‌ വിളമ്പിക്കൊടുത്ത്‌ കൂടെയിരുന്നുണ്ണുതാ അവള്‍ക്കിഷ്ടം.അവളുടെ ഫേവറേറ്റ്‌ മീന്‍ കൂട്ടാന്‍ വെച്ചാലും ഞാന്‍ കഴിച്ചുവെന്നുറപ്പുവരുത്തിയിട്ടേ അവളതെടുക്കൂ. എന്തായാലും ആന ബസ്സ്‌ പിടിക്കതന്നെ വേണം.രമേശനെ പിന്നെയെന്നെങ്കിലും കാണാം.

കഠിനഹൃദയം -'മോനേ ഗോപാലകൃഷ്ണാ നീയവിടെപ്പോയി രമേശനെക്കാണണ്ട.ദേ നിന്റെ ആത്മാര്‍ഥ സുഹൃത്ത്‌ നിന്നെക്കാണാന്‍ ഇങ്ങോട്ട്‌ വരുന്നുണ്ട്‌'

ശരിയാണല്ലോ,ഇവനെന്നെത്തേടിത്തന്യാണോ വരുന്നത്‌? അവന്റെ ചെരിഞ്ഞനടത്തവും വളിച്ചചിരിയുംകണ്ടിട്ട്‌ കാര്യമത്ര പന്തിയല്ല.
രമേശന്‍ - 'ഗോപാലകൃഷ്ണാ ഞാന്‍ നിന്നെയന്വേഷിച്ചു വന്നതാടാ, കാശുണ്ടോ ഒരു നൂറുറുപ്യയെടുക്കാനായിട്ട്‌'?

എന്റെ പോക്കറ്റിലെ നൂറുറുപ്യനോട്ട്‌ അവന്‌ നന്നായി നെഴലടിച്ചു കാണാം.നുണപറയാനും പറ്റില്ല.

രമേശന്‍ - 'വാടാ നമുക്കൊന്നുകൂടീട്ടു പോകാം,അമേരിക്കയും ഇറാഖും തമ്മിലുള്ള യുദ്ധത്തില്‌ രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്കുണ്ട്‌.കവലേല്‌ ഗംഭീര ചര്‍ച്ച നടക്കാ,ബുഷെന്തോ പ്രസ്താവനയിറക്കീട്ടുണ്ട്‌. നാളെ ബന്ദാകാനും സാദ്ധ്യതയുണ്ട്‌'.

കഠിനഹൃദയം - മോനേ ഗോപാലകൃഷ്ണാ പോയി എല്ലാം ഒന്നറിഞ്ഞിട്ടുവാ, മോന്റെ നല്ല ഭാവിക്കായിട്ടല്ലേ,നാളെ ബന്ദുണ്ടോയെന്നൊന്നറിയുകയും ചെയ്യാലോ.

കഥാന്ത്യം - ഗോപാലകൃഷ്ണന്റെ പോക്കറ്റില്‍ ഏന്തിനോക്കിക്കൊണ്ട്‌ രമേശന്‍ തോളില്‍ കയ്യിടുന്നു.'ലോല ഹൃദയമേ മാപ്പ്‌' എന്നു പറഞ്ഞുകൊണ്ട്‌ തെക്കോട്ട്‌ പോകേണ്ടിയിരുന്ന ഗോപാലകൃഷ്ണന്‍ വടക്കോട്ട്‌ തിരിയുന്നു. ബാക്കിയെല്ലാം ചിന്ത്യം.

41 comments:

reshma said...

രസിച്ചു!
ഗോപാലകൃഷ്ണന്റെ self introduction കലക്കി:D

വിഷ്ണു പ്രസാദ് said...

കഥയുടെ ക്രാഫ്റ്റിന് ഒരു പുതുമയുണ്ട്.

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

റാലിയില്‍ ഓടണ കാറ്‌ ശര്‍ക്കോം ഫുര്‍ക്കോം എന്നു പറഞ്ഞ്‌ ഡേര്‍ട്ട്‌ റോഡില്‍ മണലും മഡ്‌ പാച്ചില്‍ വെള്ളവും തെറിപ്പിച്ച്‌ വളഞ്ഞു തിരിഞ്ഞു പോകുമ്പോലെ പോകുന്നതുപോലെ കഥ പറയാന്‍ നമ്മുടെ മാഗ്നിഫയര്‍ മാത്രമേ ബൂലോഗത്തുള്ളു എന്നു വിചാരിച്ച്‌ ഇരുന്നതാ. ഇപ്പോ ഒരാളൂടെ ആയി.

Inji Pennu said...

സിജീ നന്നായിട്ടുണ്ട്. ഇഷ്ടെപ്പെട്ടു.

അനംഗാരി said...

സിജിയേ രസിച്ചു. അഭിനന്ദനങ്ങള്‍.

ഓ:ടോ: ഇ-തപാല്‍ ഇതുവരെ കിട്ടിയില്ല. അതോ നാട്ടില്‍ നിന്നാണോ അയച്ചത്. എങ്കില്‍ അടുത്ത കൊല്ലം നോക്കിയാല്‍ മതിയല്ലോ? അത്ര ഗുണമുള്ള തപാല്‍ വകുപ്പാണ്.

രാജ് said...

ദേവാ വളരെ ശരി തന്നെ. സിജി കഥ പറയുന്ന രീതിയാണു കഥയേക്കാള്‍ മികച്ചു നില്‍ക്കുന്നതു്.

Siji vyloppilly said...

പിന്നെ എല്ലാവര്‍ക്കും നന്ദി കെട്ടോ. ഗോപാലകൃഷ്ണനോടും പറയാം മൂപ്പരിപ്പോ ബാറിലായിരിക്കും.
പിന്നെ ദേവരാഗം മാഷേ ആരായീ മാഗ്നിഫയര്‍? ആ മാഷിന്റെ ബ്ലോഗില്‍ ഞാന്‍ പോയിട്ടുണ്ടോയെന്നറിയാനാ. ഇഞ്ചി ഒന്ന് പറഞ്ഞു തരോ? കൃസ്തുമസ്സിന്റെ തിരക്കിലാണാവോ ഇഞ്ചിയിപ്പോ?

reshma said...

സിജി, മാഗ്നിയെന്ന സംഭവം ഇവിടെ:

http://vetivattam.blogspot.com/

qw_er_ty

രാജ് said...

ഗോപാലകൃഷ്ണന്‍ ആരാണെന്നു സിജീടെ ലാസ്റ്റ് കമന്റ് കണ്ടപ്പോഴല്ലേ മനസ്സിലായേ ;)

myexperimentsandme said...

യടിപൊളി. ദേവേട്ടനും പെരിങ്ങോടരും പറഞ്ഞത് തന്നെ. രസിച്ച് വായിച്ചു. ഒത്തിരി പോസ്റ്റുകളും ബ്ലോഗുകളും മിസ്സിസ്സായല്ലോ

Siji vyloppilly said...

രേഷ്മക്കുട്ടി നന്ദി..ഞാന്‍ ഈ ബ്ലോഗ്‌ ഇതുവരേയും കണ്ടിട്ടില്ല. പിന്നെ പെരിങ്ങോടരേ..ഹ..ഹാ ഇതിനിട്ടൊരു കുത്ത്‌ ഞാന്‍ പിന്നെ തരുന്നുണ്ട്‌.
വക്കാരി നന്ദി.
പിന്നെ ഈ കഥയെക്കുറിച്ച്‌ എനിക്കൊരു കഥയുണ്ട്‌.ഞാന്‍ ഡിഗ്രിക്കു പഠിക്കുന്ന കാലം.
എനിക്കൊരു ആത്മാര്‍ഥ സുഹൃത്തുണ്ടായിരുന്നു. ശിവലാല്‍
എന്നാണവന്റെ പേര്‌.ഞാനെന്തെങ്കിലുമൊക്കെയെഴുതിയാല്‍ അവനെ കാണിക്കും.നല്ലതാണെങ്കില്‍ അവന്‍ കുഴപ്പമില്ലായെന്നു പറയും അല്ലെങ്കില്‍ നിനക്ക്‌ വേറെ പണിയൊന്നുമില്ലേ ഈ മാതിരി പൈങ്കിളികള്‍ എഴുതാണ്ട്‌ എന്നു പറയും.
എന്റെ കഥയിലെ എല്ലാ ഹീറോയിനുകളും പെണ്‍ വര്‍ഗ്ഗമായിരുന്നു.'അവള്‍ അങ്ങിനെവന്നു,ഇങ്ങനെ ആത്മഹത്യചെയ്തു...എന്നൊക്കെ തന്നെ സ്ഥിരം ശൈലി.ഈ 'അവളെ' ക്കൊണ്ട്‌ പൊറുതിമുട്ടിയിട്ട്‌ ഒരു ദിവസം ശിവലാല്‍ പറഞ്ഞു.നിന്റെ കഥ ദയവുചെയ്ത്‌ എനിക്കിനി വായിക്കാന്‍ തരരുത്‌ നിന്റെ 'അവളുമാരുടെ' കഥ വായിക്കാനെനിക്കു വയ്യ.ഞാനപ്പോളാണ്‌ അതിനെക്കുറിച്ചു ചിന്തിച്ചത്‌ 'ശരിയാണല്ലോ ഞാനിതുവരേയും ഒരാണിനെ നായകനാക്കി കഥയെഴുതീട്ടില്ലല്ലോ'..അന്നുതന്നെ ആണിനെ നായകനാക്കിയിട്ടുള്ള കഥയെഴുത്ത ആരംഭിച്ചു പക്ഷെ അതൊന്നും ഒരിടത്തുമെത്തിയില്ല.അന്ന് ഞാനൊരു സത്യം മസ്സിലാക്കി ആണിന്റെ ലോകം,സംഭാഷണം,തമാശകള്‍ ഒക്കെ പെണ്ണീന്റേതില്‍ നിന്നും വളരെ വത്യസ്തമാണ്‌.ഒരു ആണിന്‌ ബ്യൂട്ടിപാര്‍ലര്‍ ഒഴിച്ച്‌ പെണ്ണ്‍ പോകുന്നയിടത്തൊക്കെ കയറിയിറങ്ങാം,പക്ഷെ പെണ്ണിന്‌ അങ്ങിനെയല്ല പോകാന്‍ പറ്റുന്നതും അല്ലാത്തതുമായ അതിര്‍വരമ്പുകളുണ്ട്‌.
എനിക്ക്‌ ആണിനെ പറ്റി കഥയെഴുതണമെങ്കില്‍ ഒരു പെണ്ണിന്റെ കഥയെഴുതുന്ന പോലെ എളുപ്പമല്ല.പ്രത്യേകിച്ചും ഒരാണ്‌ വീട്ടില്‍ പെരുമാറുന്നപോലെയല്ല പുറത്തുപെരുമാറുക കൂട്ടുകാര്‍ക്കിടയില്‍ അയാള്‍ക്ക്‌ ചില സംസാരരീതികളുണ്ട്‌,മാനറിസങ്ങളുണ്ട്‌,പ്രണയിനിക്ക്‌ വേണ്ടി മറ്റൊന്നുണ്ട്‌,അഛ്ഛനായി മറ്റൊന്നുണ്ട്‌,മകനായിവേറൊന്ന്...അങ്ങിനെ ഞാന്‍ കുറേ കഥകളെഴുതി കീറിക്കളഞ്ഞു.അവസാനം എഴുതിയതാണീ ഗോപാലകൃഷ്ണന്റെ കഥ.ഞാനത്‌ ശിവലാലിനെക്കാണിച്ചു അവന്‍ പറഞ്ഞു'അസ്സലായി' കഥയല്ല നിന്റെ ആ സ്പിരിട്ട്‌...ശരിക്കും ചില വിമര്‍ശനങ്ങളെ നല്ല രീതിയിലെടുത്താല്‍ അത്‌ തരുന്ന റിസള്‍ട്ട്‌ വളരെ നല്ലതായിരിക്കുമെന്ന് അതെന്നെ പഠിപ്പിച്ചു.ഞാനതന്ന് ഒരു ഈഗോ യുടെ പുറത്തെടുക്കുകയായിരുന്നെങ്കില്‍ ഈ കഥ തന്നെയുണ്ടാകുമായിരുന്നില്ല.ശിവലാലിന്റെ തന്നെ ഭാഷയില്‍ 'ലോകത്തുള്ള സകല പെണ്ണുങ്ങളുടേയും സങ്കടങ്ങള്‍ തലയിലേറ്റിയും അതുമാത്രമെഴുതിയും എന്റെ കൈ കുഴഞ്ഞേനെ.ഞാനീ കഥയന്ന് ഒരു കഥാമത്സരത്തിനയച്ചുകൊടുക്കുകയും ചെയ്തു ഒരു സമ്മാനവും എനിക്കന്നുകിട്ടി.പെട്ടന്ന് ഞാന്‍ ശിവലാലിനെ ഇന്ന് ഓര്‍ത്തുപോയി അവനെപ്പോലെയൊരു സുഹൃത്തിനെ പിന്നെയെനിക്കു കിട്ടിയിട്ടില്ല.

reshma said...

സിജീന്റെ കഥകള്‍ക്കെന്ന പോലെ ഇനി ഞാനീ കഥകള്‍ക്ക് പിന്നിലെ കഥകള്‍‍ക്കും കാത്തിരിക്കും. കഥകഥ കഥാ കഥകഥ

‘ആണ്‍ ലോകത്തെ’ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ കൌതുകകരം. എനിക്കിപ്പോഴും ഗ്രിപ്പ് കിട്ടാത്ത ലോകാ അത് :D

(ഞാനും ഇപ്പൊ വല്യ ആളാ, കുട്ടിവാല്‍ വേണ്ടാന്നേ;))

qw_er_ty

വല്യമ്മായി said...

കഥയെക്കാളും കഥയുടെ പിന്നിലെ മനഃശാസ്ത്രമാണ്‌ രസിച്ചത്.നന്നായിട്ടുണ്ട്.

ബഹുവ്രീഹി said...

സിജി,

കഥ ഇഷ്ടപ്പെട്ടു.

ഇനി സിജിയുടെ കഥകള്‍ക്കും കാത്തിരിക്കുന്നു.

Siju | സിജു said...

കഥ കൊള്ളാം
കഥയുടെ പിന്നിലുള്ള കഥ അതിലും കൊള്ളാം
അതിലൊരു വല്യ സന്ദേശവും കൂടിയുണ്ടല്ലോ. അതിവിടുള്ള പല ബ്ലോഗേഴ്സും മനസ്സിലാക്കിയിരുന്നെങ്കില്‍ ഇവിടെ നടക്കുന്ന ഈ തല്ലുകളൊന്നും ഉണ്ടാകില്ലാരുന്നു

ഒരോടോ. പത്താംകല്ലിനടുത്താണോ വീട്

സു | Su said...

സിജീ :) കഥ ഇഷ്ടമായീന്ന് എന്റെ ലോലഹൃദയം പറഞ്ഞു.

വേണു venu said...

സിജിയേ രസിച്ചു. അഭിനന്ദനങ്ങള്‍
കഥകള്‍ക്ക് പിന്നിലെ കഥയും ഇഷ്ടപ്പെട്ടു. അതിനാല്‍ ശിവലാലിനും ആശംസ.

പ്രിയംവദ-priyamvada said...

നന്നായിരിക്കുന്നു:-)

ഇടിവാള്‍ said...

നല്ല അടിപൊളി കഥ കേട്ടോ.. ശരിക്കും ഇഷ്ടപ്പെട്ട് !

അല്ലേലും കഠിന ഹൃദയരേ വിജയിക്കൂ ;)

ആശംസകള്‍

തറവാടി said...

സിജi

കഥനന്നായി , പിന്നാമ്പുറവും......

മുസ്തഫ|musthapha said...

സിജീ, പുതുമയുള്ള കഥ...
നല്ല രസായിട്ട് പറഞ്ഞിരിക്കുന്നു :)

Siji vyloppilly said...

വല്ല്യ്മ്മായി,ബഹുവ്രീഹി,സിജു,സു,വേണു മാഷ്‌.പ്രിയംവദ,ഇടിവാള്‍,തറവാടി,അഗ്രജന്‍...എല്ലാവര്‍ക്കും നന്ദി..
പിന്നെ സിജു എന്റെ വീട്‌ തൃപ്രയാറാണ്‌.അവിടെയടുത്തുള്ള കഴിമ്പ്രത്ത്‌ (ബീച്ച്‌).

ഷാനവാസ്‌ ഇലിപ്പക്കുളം said...

സിജി,
ഞാന്‍ ബ്ലോഗുകളുടെ ലോകത്ത്‌ വളരെ പുതിയ ആളാണെന്നറിയാമല്ലോ? അതുപോലെ തന്നെ നിരൂപണം നടത്താനും അറിയില്ലെങ്കിലും പറയട്ടേ? കഥയും, കഥക്കുപിന്നിലെ കഥയും വളരെ നന്നായിരുന്നു!ഏതൊരുമനുഷ്യന്റെയുള്ളിലും രണ്ടംശങ്ങളും ഉണ്ടെങ്കിലും സന്ദര്‍ഭോചിതമായി ഇതിലേതംശം വിജയിക്കുന്നുവെന്നതിന്നുസരിച്ചാണായാളുടെ സ്വഭാവമെന്നു ഗോപാലകൃഷണന്റെ കഥ സൂചിപ്പിക്കുന്നു.ഗോപാലകൃഷ്ണന്റെ 'മന:സ്സാക്ഷിക്കനുസരിച്ചു ചെയ്യൂ' എന്നാരെങ്കിലുമപേക്ഷിച്ചാലും,ഇതിലാരു ജയിക്കുന്നു എന്നതിനെ അപേക്ഷിച്ചിരിക്കും കാര്യമെന്ന് ചുരുക്കം!.ഗോപലകൃഷണന്മാരുടെ മാനറിസങ്ങള്‍ എല്ലാവരിലും ഉണ്ടാകും,വ്യക്തിത്വമാണ്‌ വിവിധ മാനറിസങ്ങളില്‍ നല്ലതും ചീത്തയും തിരിച്ചരിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഓരോരുത്തരേയും പ്രാപ്തരാക്കുന്നതെന്നാണെന്റെ വിശ്വാസം.ഇവിടെ ഗോപാലകൃഷ്ണനെ വഴിതെട്ടിക്കാണ്‍ശ്രമിക്കുന്നത്‌ 'കഠിനനാ'ണെങ്കിലും,സ്വന്തം കൂട്ടുകാരനോട്‌ അനാവശ്യകാര്യത്തിനൊരു 'നോ' പറയാന്‍ കഴിയാത്തതില്‍'ലോലനും' പങ്കില്ലേ?ചിലപ്പോള്‍ ജീവിതവിജയങ്ങള്‍ക്കു'ലോലന്‍' സമ്മതിക്കാത്ത ഇത്തരം 'നോ' കളും ആവശ്യമായിവരും!ഇവിടെ 'നോ' പറയാത്തകുറ്റം 'കഠിനന്റെ' തലയില്‍ വെച്ചുകെട്ടുന്നതു ശരിയാണോ?:) :) :)പ്രലോഭനങ്ങളില്‍ നിന്നും വിലക്കുന്ന 'ലോലന്‍' തന്നെ സുമിത്രക്ക്‌ സ്വര്‍ണക്കമ്മല്‍ എന്ന പ്രലോഭനം നല്‍കുന്നുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌! ആവശ്യമായ സന്ദര്‍ഭത്തിന്നുസരിച്ച്‌ 'കഠിനനേയും' ലോലനേയും മോഡറേറ്ററായ 'യുക്തി'ജയിക്കണം എന്ന അറിഞ്ഞോ അറിയാതെയോ ഉള്ള ഉപദേശവും കൂടി ഗോപാലകൃഷ്ണന്റെ കഥപറയുന്നു എന്നതുകൂടി പരിഗണിച്ചാല്‍ കഥനല്ലഒരു 'സാരോപദേശവും' നല്‍കുന്നു. അഭിനന്ദനങ്ങള്‍!തീര്‍ച്ചയായുംകഥാ കഥനരീതിക്കും പുതുമയുണ്ട്‌!
ആശംസകള്‍!
ഷാനവാസ്‌,ഇലിപ്പക്കുളം.

-B- said...

സിജീ, ഇപ്പഴാണ്‌ ഒരു കമന്റ് ഇടാന്‍ സാധിച്ചത്‌. ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷം ഇവിടെ വെച്ച്‌ സിജിയെ കണ്ടതില്‍ വളരെ വളരെ സന്തോഷം. :)സെന്റ്‌ മേരീസ്‌ കാലത്ത്‌, മുള്ളിയപ്പോ തെറിച്ച പോലുള്ള ഒരു ബന്ധത്തിന്റെ പേരില്‍ പരസ്പരം കാണുമ്പോള്‍ ഒന്ന് ചിരിക്കുമെങ്കിലും ചെയ്യുമായിരുന്നത്‌ ആ കാലത്തോടെ തീര്‍ന്നു ല്ലേ? വനിതയില്‍ വന്ന കഥയൊക്കെ ഞാന്‍ വായിച്ചിരുന്നു. ഇപ്പോ വീണ്ടും എഴുത്തൊക്കെ പൊടി തട്ടിയെടുത്തല്ലോ.. നന്നായി. ബൂലോഗം രസമാണ്‌. (സാമ്പാറും അവിയലും കൂടിയാണെന്ന്‌ കുറച്ചു കഴിയുമ്പോ മനസ്സിലാകും ;) ) എന്റെ വക ഒരു വൈകിയ സ്വാഗതം. അപ്പോ പറഞ്ഞ പോലെ അര്‍മാദിച്ചടിച്ചുപൊളിച്ചടുക്ക്‌.

Siji vyloppilly said...

ഷാനവാസ്‌,
കഥ വായിച്ചതിന്‌ നന്ദി.വളരെ നല്ലൊരു നിരീക്ഷണമാണ്‌ നടത്തിയിരിക്കുന്നത്‌.എഴുതിയത്‌ വായിക്കുന്ന ആള്‍ക്ക ശരിക്കും മനസ്സ്സിലായിരിക്കുന്നുവെന്നറിയുമ്പോള്‍ എഴുതിയ ആള്‍ക്ക്‌ തോന്നുന്ന ഒരു സംതൃപ്തി എനിക്കിന്നുണ്ട്‌.ഗോപാലകൃഷ്ണന്‍ ഒരു സാധാരണ മനുഷ്യനാണ്‌.കുറച്ചുകൂടി കാശുണ്ടായാല്‍ വീടിനു മുകളിലായി രണ്ടുമുറികൂടിയെടുക്കണം എന്നു സ്വപ്നം കാണുന്ന ഒരു സാധാരണ മലയാളി.അയാളുടെ ലോലഹൃദയവും വളരെ ആദര്‍ശശാലിയായിരിക്കണമെന്നില്ല.അയാളുടെ മനസ്സില്‍ പക്ഷെ അതങ്ങനെയാണെന്നുമാത്രം.ഷാനവാസ്‌ പറഞ്ഞതുപോലെ യുക്തിതന്നെയാണ്‌ എവിടേയും ജയിക്കേണ്ടത്‌,അതെടുത്തു പറഞ്ഞതിനു നന്ദി.

Siji vyloppilly said...

ബിക്കു,
അപ്പറഞ്ഞതു വളരെ ശരിയാണ്‌.തൃശൂരിലുള്ള കാലത്ത്‌ ഒന്ന് ശരിക്കു നമ്മള്‍ കണ്ടിട്ടുകൂടിയില്ല.എല്ലാം ആകസ്മികം അല്ലെ നമ്മള്‍ ഇവിടെ വന്ന് ബന്ധം പുതിക്കിയത്‌.ബിക്കുവിന്റെ ഫോട്ടോ അയക്കൂട്ടൊ.എനിക്കു കാണണമെന്നുണ്ട്‌.എന്തിന്റെ ഫോട്ടോയാണെന്നു പറയണ്ടല്ലോ...

Siji vyloppilly said...
This comment has been removed by the author.
പാണനാര്‌ said...
This comment has been removed by the author.
Anonymous said...

സിജി,
താങ്കളെ വായിക്കുന്നത് ആദ്യമായാണ്. വളരെ വൈകി. പേര് ഞാന്‍ പലപ്പോഴും കാണാറുണ്ടെങ്കിലും എന്തോ വായിച്ചില്ല. സമയം കിട്ടിയില്ല എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയല്ല.

കഥ വായിച്ചു. കഥയെക്കാള്‍ കഥെഴുതിയ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു. ഒപ്പം താങ്കളുടെ മനോഹരമായ ചില കമന്‍ റുകളും. സത്യത്തില്‍ താങ്കളുടെ കമന്‍ റുകളാണ് എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ചത്.

ഈ കഥ തന്നെ താങ്കള്‍ മനസ്സിരുത്തിയിരുന്നുവെങ്കില്‍ മനോഹരമായ ഒരു അനുഭവം ആയേനെ. സമയമുണ്ടല്ലൊ. പുതിയ കഥ തരൂ.
കഥയില്‍ ചില ആവര്‍ത്തനങ്ങളും വാക്കുകളിലെ ശക്തിയില്ലായ്മയും കാരണം മാത്രമാണ് ഇത് അത്രയും നല്ല ഒരു കഥ എന്ന് ഞാന്‍ പറയാതിരുന്നത്.

കഥ എഴുതുമ്പോള്‍ കഥാപാത്രത്തിന്‍റെ മാനസീക ശൈലി സ്വീകരിക്കണമെന്ന താങ്കളുടെ വീക്ഷണം ഇവിടെ ബ്ലോഗ് കഥ കളെഴുതുന്ന എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. അല്ലാതെ ആനക്കാരന്‍ ആന ഭാഷയ്ക്ക് പകരം ഇസ്രേല്‍ പ്രധാനമന്ത്രിയുടെ അരിവെപ്പുകാരന്‍ റേ ഭാഷ സംസാരിച്ചാല്‍ കഥയില്‍ കഥയില്ലായ്മ ആകുമല്ലൊ. അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. ഗോപാലകൃഷണന്‍റെ ഭാഷ ഇഷ്ടമായി. നന്ദി

സ്നേഹത്തോടെ
രാജു

ഏറനാടന്‍ said...

രാജു ഇരിങ്ങലിന്റെ അഭിപ്രായം തന്നെയെനിക്കും..

സിജിയുടെ ശൈലിയെനിക്കിഷ്‌ടമായി. ഒരു പുതുമയുണ്ടതിന്‌. ഈ ബ്ലോഗിനെകുറിച്ച്‌ മുന്‍പ്‌ അറിയില്ലായിരുന്നു.

എന്റെ ഒരു പോസ്‌റ്റില്‍ വന്നതു കണ്ടപ്പോള്‍ വെറുതെയൊന്ന് നോക്കിയേക്കാമെന്ന വിചാരം ഇതുവായിച്ചപ്പോള്‍ വൃഥാവിലായി. ഓടിച്ചുവായിക്കാമെന്നു കരുതിയെങ്കിലും, മനസ്സിരുത്തിതന്നെ സാവധാനം വായന മുഴുമിപ്പിച്ചു.

ഇനിയുമിനിയും പ്രതീക്ഷിക്കുന്നു താങ്കളുടെ നല്ലയൊരുപാട്‌ സൃഷ്‌ടികള്‍..

Siji vyloppilly said...

രാജു,
എനിക്ക്‌ ഇനിയും എഴുതാന്‍ പ്രചോദനം നല്‍കുന്ന നല്ലൊരു കമന്റാണിട്ടത്‌.ഈ കഥ ഞാന്‍ ഇനിയും തിരുത്തുന്നുണ്ട്‌.എന്റെ ഒരു കഥയു പൂര്‍ണ്ണമല്ല.ഇനിയും ഒരുപാട്‌ തിരുത്തുകള്‍ ആവശ്യമാണ്‌.ഇനിയും ഇതുവഴിവരണം ഇതുപോലുള്ള കമന്റുകള്‍ എന്നെ തളര്‍ത്തുകയല്ല വളര്‍ത്തുകയാണ്‌ ചെയ്യുക.എന്നോട്‌ ആത്മാര്‍ഥതയുള്ള ഒരാള്‍ എന്നു തോന്നി.പ്ലീസ്‌ എന്റെ ഇനിവരാന്‍ പോകുന്ന കഥകള്‍ക്കും താങ്കള്‍ കമന്റിടണേ...

Siji vyloppilly said...

ഏറനാടന്‍,
ഇവിടെ വന്നതിനും കമന്റിട്ടതിനും വളരെ നന്ദി.താങ്കളുടെ പേരും കുറേക്കാലമായി ഞാന്‍ കേള്‍ക്കുന്നു.രാജു പറഞ്ഞതു പോലെ ബ്ലോഗിലൊന്നു വരുവാന്‍ സാഹചര്യം കിട്ടിയിരുന്നില്ല.ഇനിയിപ്പോള്‍ പരിചയമായിക്കഴിഞ്ഞു.രാജുവിന്റെ ബ്ലോഗ്‌ ഇനിയും ഞാന്‍ ശരിക്കും കണ്ടിട്ടില്ല.ഉടനെ വരുന്നുണ്ട്‌.

ബിന്ദു said...

ഈ കഥയ്ക്കൊരു കമന്റിടാന്‍ ഞാന്‍ കുറെ നോക്കിയതാണ്. പറ്റിയില്ല. ഇതൊരു പരീക്ഷണം.
നന്നായി സിജി കഥ.:)

ഡാലി said...

ബിന്ദൂട്ടി പറഞ്ഞപോലെ ഇതെന്റെ അവസാന ശ്രമമാണ് ഇവിടെ കമന്റിടാന്‍.

കഥയുടെ ആശയം എല്ലാവരും എവിടേയും കാണണതായാലും കഥനം അസ്സലായി, അതോണ്ടന്നെ കഥയും.

അപ്പോ ഇതിനെയാണലേ ക്രാഫ്റ്റ് എന്ന് പറയണേ. ഇപ്പഴല്ലെ മനസ്സിലായേ.

Siji vyloppilly said...

ബിന്ദു,ഡാലി
എന്തുകൊണ്ടാണ്‌ ഇവിടെ കമന്റിടാന്‍ പറ്റാത്തത്‌ എന്നറിയില്ല.അത്ര സെക്യൂരിറ്റി പ്രശ്നങ്ങളുണ്ടോ? എനിക്കറിയില്ലട്ടോ.
എന്തായാലും ഇത്ര കഷ്ടപ്പെട്ട്‌ കമന്റിട്ടതിന്‌ നന്ദി പറഞ്ഞില്ലെങ്കില്‍ നിങ്ങളെന്നെ ഇടിച്ചു പപ്പടമ്മാക്കില്ലേയെന്നു വിചാരിച്ച്‌ വലിയൊരു നന്ദി രേഖപ്പെടുത്തുന്നു

ഡാലി said...

സെക്യൂരിറ്റിയൊന്നല്ല എന്റെ ബാച്ച് മേറ്റേ, ഇതൊക്കെ ബീറ്റയുടെ ഓരോ ലീലാവിലാസങ്ങളലിയോ? പണ്ട പാ‍വം ഇഞ്ചി കുട്ടീടെ ബ്ലോഗ് അടിച്ച് പോയതറിയില്ലേ?

ഗിരീഷ്‌ എ എസ്‌ said...

അഭിനന്ദനങ്ങള്‍

Siji vyloppilly said...
This comment has been removed by the author.
ഗുപ്തന്‍ said...

നാളെ അസൈന്മെന്റ് കൊടുക്കണം .. ഇനിയും ഇവിടെകുത്തിയിരുന്ന് കഥവായിച്ചാല്‍ വെളുപ്പിനുവരെ റ്റൈപ്പ് ചെയ്യെണ്ടിവരും എന്നൊക്കെ ലോലഹൃദയം പറഞ്ഞിട്ടും ഞാന്‍ ഇവിടെത്തന്നെയൊണ്ടല്ലോ ഈശ്വരാ...

സിജി ഞാന്‍ ഈ പേജ് എന്റെ ബ്ലോഗ്ലില്‍ ലിങ്ക് ചെയ്യുന്നു.. അവിടെയാരും വരാറില്ല. പക്ഷെ എനിക്കിങ്ങോട്ട് വരാന്‍ ഒരെളുപ്പം ;)

you are a really good wrier :)

വാളൂരാന്‍ said...

സിജിയുടെ കഥക്ക്‌ 7 മാസം കഴിഞ്ഞ്‌ ഈ കമന്റ്‌. വാക്കുകള്‍ കാലത്തെ അതിജീവിക്കുന്നു... മനോഹരമായ കഥ.....