Sunday, February 4, 2007

അമേരിക്കന്‍ ചാന്തുപൊട്ട്‌

ഡയറിക്കുറിപ്പുകള്‍ - 3

ഏഴുവര്‍ഷം മുമ്പാണ്‌ ഈ കഥയുടെ ആദ്യപകുതി തുടങ്ങുന്നത്‌. പഠിപ്പൊക്കെകഴിഞ്ഞ്‌,അമേരിക്കയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനോടൊത്ത്‌ ജീവിക്കാനായി രണ്ടുവലിയ പെട്ടിയും എടുത്താല്‍പൊങ്ങാത്ത കാബിന്‍ലഗേജുമായി യുദ്ധം ജയിച്ചുവരുന്നവളെപ്പോലെ ഞാന്‍ സിന്‍സിനാറ്റി എയര്‍പോര്‍ട്ടിനു പുറത്ത്‌ കാലുകുത്തുന്ന ദിവസം മുതല്‍ അതു തുടങ്ങുന്നു.
കേരളത്തിനേക്കാള്‍ നല്ല ഭൂപ്രകൃതിയുള്ള,പച്ചപ്പുള്ള സ്ഥലം വേറെവിടെയുണ്ടാകാന്‍ എന്നു വിചാരിച്ചു നടന്നിരുന്ന എനിക്ക്‌ അമേരിക്കയിലെ പച്ചപ്പും കാടുകളും ഒരു ഞെട്ടലുണ്ടാക്കി.നിറയെ തണല്‍ വിരിച്ച്‌,നോക്കത്താദൂരം വരെ പച്ചപിടിച്ചും,കിളികള്‍ ചിലച്ചും,ഇളം കാറ്റ്‌ ഒഴുകിവരുന്നതും,മാനും മുയലും ഓടിക്കളിക്കുന്നതുമായ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക്‌ കാലുകുത്തി ഒരാഴ്ച്ചകഴിഞ്ഞതും ഇതാണ്‌ 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന് മനസ്സില്‍ മാറ്റിപറയേണ്ടി വന്നൊരുകാലം.

കുറച്ച്‌ ഇന്ത്യക്കാരും കറുത്തതും വെളുത്തവരുമായ അമേരിക്കക്കാരുമടങ്ങുന്നതുമായൊരു ചെറു സമൂഹമാണ്‌ അയല്‍പക്കത്തുള്ളത്‌. ഞങ്ങളുടെ തൊട്ടുമുകളില്‍ കറുത്തഭാര്യ വെളുത്ത ഭര്‍ത്താ ദമ്പതികള്‍, വലതുവശത്തായി എഴുപതു വയസ്സുപ്രായം തോന്നിക്കുന്ന അമ്മൂമ,ഇടതു വശത്തായി മുപ്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു സായിപ്പ്‌.ഈ സായിപ്പാണ്‌ നമ്മുടെ കഥാനായകന്‍.

എന്റെ ഭര്‍ത്താവ്‌ രാവിലെ ആറുമണിക്ക്‌ ജോലിക്കുപോയി വൈകീട്ട്‌ ആറിന്‌ തിരിച്ചെത്തും. വൈകീട്ട്‌ ആറാകുമ്പോഴേക്കും സുദര്‍ശന ചക്രം പോലെ മൂര്‍ച്ചയുള്ള ചപ്പാത്തിയും, പുളിയൊഴിക്കാതെ എന്തോ മിസ്റ്റേക്കു പറ്റിയ സാമ്പാറും,കുക്കറില്‍ വെയ്റ്റിട്ട്‌ വച്ച്‌ ഉണ്ടാക്കുന്ന കൊഴുക്കട്ടപോലത്തെ ഇഡലിയുമൊക്കെയായി അമേരിക്കയിലെ രുചിയില്ലാത്ത പച്ചക്കറികളെയും,വെള്ളത്തേയും,അടുപ്പിനേയുമൊക്കെ കുറ്റം പറഞ്ഞ്‌ ഞാന്‍ വരവേല്‍ക്കുന്നു. ചുരിക്കിപ്പറഞ്ഞാല്‍ എനിക്കാകാലത്ത്‌ ജോലിയും കൂലിയുമൊന്നുമില്ല. പുതിയ സ്ഥലത്ത്‌ ഉണ്ടും,ഉറങ്ങിയും,പാട്ടുകേട്ടും,വായിച്ചും സമയം തള്ളിനീക്കുന്നു. ഭര്‍ത്താവ്‌ അത്രയധികം സംസാരിക്കാത്ത പ്രകൃതമാണ്‌ ഞാനാണെങ്കില്‍ മറിച്ചും,കത്തിവെക്കാന്‍ വേറെയാളൊന്നുമില്ലാത്തതിനാല്‍ കാലത്തു മുതല്‍ വൈകീട്ടുവരെ ഞാന്‍ കണ്ടകാഴ്ച്ചകള്‍,ആളുകള്‍ ,നടന്ന സംഭവങ്ങള്‍ ഒരക്ഷരം വിടാതെ ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വീട്ടില്‍ കാലുകുത്തുമ്പോള്‍ തന്നെ പറഞ്ഞുതുടങ്ങും.
എന്റെ അപ്പുറത്തെ വീട്ടിലെ സായിപ്പും എന്റെ വായില്‍ നോട്ടത്തിന്റെ പ്രധാന ഇരകളിലൊന്നാണ്‌. അയാള്‍ ഒരു വലിയ റെസ്റ്റോറന്റിലെ ഷെഫാണെന്നും സിന്‍സിനാറ്റിയില്‍ ജനിച്ചു വളര്‍ന്നവനാണെന്നും ഞാന്‍ ചോദിച്ചറിഞ്ഞു.അന്ന് എനിക്ക്‌ സായിപ്പിന്റെ 'ഏക്സന്റ്‌' കഷ്ടിയേ മനസ്സിലാവുകയുള്ളു.റേഡിയോ കേട്ടും,ടി.വി കണ്ടും നല്ല ഇംഗ്ലീഷുതന്നെ പഠിച്ചെടുക്കുന്ന കാലം.അതുകൊണ്ടുതന്നെ അമേരിക്കക്കാരുമായി സംസാരിക്കുവാനായി നേരിയ ഭയം ഉണ്ടായിരുന്നു എന്റെ ഭര്‍ത്താവിന്റെകൂടെ ജോലിചെയ്യുന്നവരിലും അടുത്ത സുഹൃത്തുക്കളിലും ഇന്ത്യക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഷനന്നായൊന്നു പഠിച്ചെടുക്കാതെ ഒരു രക്ഷയുമില്ല. അങ്കവും കാണാം താളിയുമൊടിക്കാം എന്ന ഉദ്ദേശത്തോടെ എപ്പോഴും പുറത്തുകാണുന്ന ഈ സായിപ്പിനോട്‌ ഞാന്‍ സൗഹൃദം വളര്‍ത്തിതുടങ്ങി. അയാള്‍ക്ക്‌ ഒരു ഉണ്ടപക്രുവായ പൂച്ചയുണ്ട്‌ പേര്‌ 'റാല്‍ഫ്‌' . ഞാന്‍ ജന്മനാ ഒരു മൃഗസ്നേഹിയാണ്‌ അതുകൊണ്ട്‌ സായിപ്പിന്റെ പൂച്ചയെ ഞാന്‍ കളിപ്പിക്കും,ഇടക്ക്‌ അതിനെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക്‌ കൂട്ടിക്കൊണ്ടുവരും.പൂച്ച എന്റെ മലയാളം കേട്ട്‌ എന്നെ തുറിച്ചുനോക്കും ഇംഗ്ലീഷു പറഞ്ഞാല്‍ തന്നെ എന്റെ ഏക്സന്റ്‌ കേട്ട്‌ പൂച്ചയാകെ പകക്കും. സായിപ്പു പറയുന്നതുപോലെ 'റാല്‍ഫ്‌ ഹണീ കം ഹിയര്‍..' എന്നു പറഞ്ഞുവേണം അതിനെ വിളിക്കാന്‍ അല്ലാതെ പൂച്ചതലപൊക്കില്ല.

എനിക്ക്‌ അപ്പാര്‍ട്ടുമെന്റിനുമുന്നിലായി ചെറിയൊരു പച്ചക്കറിതോട്ടമുണ്ട്‌.അവിടെ നില്‍ക്കുമ്പോള്‍ സായിപ്പിന്റെ വീട്ടില്‍ കയറിയിറങ്ങുന്നവരെയൊക്കെ ശരിക്കും കാണാം. ഒറ്റക്കൊരു സായിപ്പ്‌ ഇവിടെ ജീവിക്കുമ്പോള്‍ സാധാരണയൊരു 'ഗേള്‍ ഫ്രന്റ്‌' കൂടെയുണ്ടാകാറാണ്‌ പതിവ്‌,എന്നാല്‍ ഈ സായിപ്പിന്റെ വീട്ടില്‍ ഒരൊറ്റ പെണ്‍പ്രജകള്‍ കയറിയിറങ്ങുന്നില്ല. എന്നാല്‍ പത്തു നാല്‍പ്പതു വയസ്സു പ്രായംതോന്നിക്കുന്ന മറ്റൊരു സായിപ്പ്‌ കിറുകൃത്യമായി അവിടെ കയറിയിറങ്ങുന്നുണ്ട്‌.ഇടക്കെല്ലാം പാര്‍ട്ടികള്‍ നടക്കുന്നുണ്ട്‌ വരുന്നതെല്ലാം ആണുങ്ങള്‍ .ചിലദിവസങ്ങളില്‍ അകത്തളമെല്ലാം മെഴുകുതിരികത്തിച്ചുവെച്ച്‌ സായിപ്പും കൂട്ടുകാരനും പുറത്തിരുന്ന് ബാര്‍ബിക്യൂചെയ്യും. ഞാനിക്കാര്യം ഭര്‍ത്താവിനോട്‌ കുറെ നാളായി സൂചിപ്പിക്കുന്നു.ഇയാളെന്താ കല്ല്യാണം കഴിക്കാത്തത്‌? മറ്റു കുടുംബാംഗങ്ങളില്ലേ? എന്താ അവിടെ പെണ്ണുങ്ങള്‍ കയറിയിറങ്ങാത്തത്‌? എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങള്‍ കൊണ്ട്‌ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനായി ഒട്ടും ഇഷ്ടപ്പെടാത്ത എന്റെ ഭര്‍ത്താവാകെ പൊറുതിമുട്ടി. അവസാനം ഇങ്ങനെ മൊഴിഞ്ഞു.
'അയാളൊരു 'ഗേ' യായിരിക്കാം'

'അയാളൊരു ഗേ യാണോ' എന്നൊരൊറ്റ ചോദ്യത്തോടെ ഞാനാകെ സതംഭിച്ചു നിന്നു. ആദ്യമായാണ്‌ ഞാനൊരു സ്വവര്‍ഗരതിക്കാരനെ നേരിട്ടു കാണുന്നത്‌. പിന്നീടങ്ങോട്ട്‌ ഈയൊരു കണ്ണുവെച്ചാണ്‌ ഞാന്‍ സായിപ്പിനെ നോക്കുന്നത്‌. അവസാനം ഉത്തരം കിട്ടാതിരുന്ന എന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടി. എന്റെ സംശയങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞു.
ഇടക്കെല്ലാം ഞാനുണ്ടാക്കുന്ന പച്ചക്കറികളും പൂക്കളുമൊക്കെ കാണുവാനായി സായിപ്പുവരും.കുറച്ച്‌ തക്കാളി ഞാനദ്ദേഹത്തിന്‌ സമ്മാനമായിക്കൊടുക്കും,ഉണ്ടപക്രു പൂച്ചയെക്കുറിച്ച്‌ സംസാരിക്കും. മൂപ്പര്‍ക്ക്‌ ഞാനൊരു പേരും വച്ചു 'ഗേ സായിപ്പ്‌' ആളെകാണുമ്പോള്‍ ഞാന്‍ എന്റെയൊരു കൂട്ടുകാരിനടന്നു വരുന്നതുപോലെയാണ്‌ സങ്കല്‍പ്പിച്ചത്‌.അതുകൊണ്ട്‌ വീണ്ടും വീണ്ടും തക്കാളിയും പൂക്കളുമൊക്കെ സമ്മാനിച്ചുകൊണ്ടേയിരുന്നു.ഉണ്ടപക്രു പൂച്ചയെ സ്വീറ്റി,ഹണീയെന്നൊക്കെ വിളിച്ച്‌ കൊഞ്ചിച്ചും കാലമിങ്ങനെ കഴിഞ്ഞു.ഒരു ദിവസം എന്റെ കൂട്ടുകാരി സായിപ്പ്‌ ഞങ്ങളോട്‌ പറഞ്ഞു.

'ഞാനിവിടന്ന് സ്ഥലം മാറിപ്പോവുകയാണ്‌,ഒരു ചെറിയ വീടു വാങ്ങി.'

ഇതിനിടയില്‍ ഞങ്ങളും ഒരു വീടു വാങ്ങിയിരുന്നു. രണ്ടുകൂട്ടരും അങ്ങിനെ വഴിപിരിഞ്ഞു. ഞങ്ങളുടെ മനസ്സില്‍ നിന്ന് സായിപ്പും പൂച്ചയും പോകുവാനായി കുറെ സമയമെടുത്തു.

കഥയുടെ രണ്ടാ ഭാഗമാരംഭിക്കുന്നത്‌ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കൊരു മകന്‍ ജനിക്കുന്നതിലൂടെയാണ്‌. അമേരിക്കയില്‍ വളരുന്ന കുട്ടികളെക്കുറിച്ച്‌ ഭീകരകഥകള്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെയും കേട്ടറിവുകളില്‍ നിന്നും പറയാറുണ്ട്‌. നിഷ്കളങ്കതതീരെയില്ലാതെ വേഗം പക്വതപ്രാപിക്കുന്നു,ആരെയും ബഹുമാനിക്കാത്ത സ്വഭാവം എന്നുതുടങ്ങി എട്ടുവയസ്സുമുതല്‍ ബോയ്ഫ്രന്റും ഗേള്‍ഫ്രന്റുമൊക്കെ വെയ്ക്കും എന്നുതുടങ്ങി നിറം പിടിപ്പിച്ചവയും അല്ലാത്തതുമായ കഥകള്‍.
ഇതിനടുത്താണ്‌ കന്നടക്കാരനായ ഞങ്ങളുടെ ഒരു പരിചയക്കാരന്‍ വീടെല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക്‌ ടിക്കറ്റ്‌ എടുത്തത്‌. പ്രധാന കാരണങ്ങളിലൊന്ന് അഞ്ചുവയസ്സുകാരിയായ മകള്‍ കൂട്ടുകാരിയോട്‌ ബോയ്‌ ഫ്രന്റിനെകുറിച്ച്‌ സ്വകാര്യമായിപ്പറയുകയാണ്‌ ഇടക്കിടെ 'അച്ഛന്‍ കേള്‍ക്കേണ്ട' അതുകൊണ്ടാണ്‌ പതുക്കെ പറയുന്നതെന്നും പറയുന്നു.പാവം വേഗം തന്നെ ഇന്ത്യയിലേക്ക്‌ പെട്ടി പായ്ക്കുചെയ്തു. ഇതൊക്കെ കേട്ടിട്ട്‌ ഇവിടെ ഇങ്ങനെയാണ്‌ കുട്ടികള്‍ വളരുന്നതെന്ന് കരുതരുത്‌ കെട്ടോ.അതൊക്കെ പിന്നെപറയം.ഇതൊന്നുമല്ല നമ്മുടെ വിഷയം എനിക്കൊരു മകന്‍ പിറന്നുവെന്നു പറഞ്ഞല്ലോ അവനാണ്‌ ഇനി അടുത്ത നായകന്‍.
ജനിച്ച്‌ കുറച്ചു നാളുകള്‍ക്കുശേഷം എന്റെ കൂട്ടുകാരി പറഞ്ഞു.
'സിജി രക്ഷപ്പെട്ടു.ആണ്‍കുട്ടിയല്ലെ ജനിച്ചത്‌ എന്തായാലും ഗര്‍ഭണ്ടാകുമെന്ന് വെച്ച്‌ പേടിക്കണ്ട,അല്ല അമേരിക്കയിലാനല്ലൊ നമ്മുടെ കുട്ടികള്‍ വളരുന്നത്‌'.
അവര്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണുള്ളത്‌ ആ വിഷമവും പേടിയും വാക്കുകളിലുണ്ട്‌.
അങ്ങിനെ കാലം കുറച്ചുകടന്നുപോയി മകനു രണ്ടു വയസ്സു പ്രായം കഴിഞ്ഞു.അതിനിടയില്‍ ഞങ്ങള്‍ക്ക്‌ രണ്ടാമതൊരാണ്‍കുട്ടികൂടി ജനിച്ചു.

എന്റെ മൂത്ത മകന്‍ ഗോവര്‍ദ്ധന്‍ എന്ന ഗോപു, ഗോപു വെന്ന 'തത്ത' ദിവസം തോറും വളരുകയാണ്‌. എന്റെ പിന്നാലെ ഒരു നിഴല്‍ പോലെ അവന്‍ കൂടെയുണ്ടാകും.ഞാന്‍ അടുക്കളയില്‍ കറിക്കരിയുമ്പോള്‍,പാത്രം കഴുകുമ്പോള്‍,തുണിയലക്കുമ്പോള്‍,പാചകം ചെയ്യുമ്പോള്‍,ചപ്പാത്തി പരത്തുമ്പോള്‍ എന്നുവേണ്ട എല്ലാകാര്യത്തിലും അവന്റെ ഇടപെടലുകളുണ്ടാകും. അവന്‌ ഏറ്റവുമിഷ്ടം പാത്രങ്ങളെടുത്ത്‌ കളിക്കാനും അതില്‍ പാചകം ചെയ്യാനുമാണ്‌. കാറും ലോറിയുമൊക്കെ കളിപ്പാട്ടങ്ങളായുണ്ടെങ്കിലും അവന്‌ ഏറ്റവുമിഷ്ടം നായക്കുട്ടി,ആന,പശു തുടങ്ങിയ അവന്റെ സോഫ്റ്റ്‌ ടോയ്സുകളാണ്‌.അവന്റെയീ അടുക്കളകളികളോട്‌ എന്റെ ഭര്‍ത്താവിന്‌ ഒട്ടും യോജിപ്പില്ല,അദ്ദേഹം കുറെ ബ്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്ന് അതുകൊണ്ട്‌ വീടും,കാറുമൊക്കെയുണ്ടാക്കി കളിക്കാന്‍ കാണിച്ചുകൊടുത്തു,ചായപെന്‍സിലുകൊണ്ട്‌ വരപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ കുട്ടിക്ക്‌ ഇതിലൊന്നും ഒട്ടും കമ്പമില്ല എപ്പോഴും അടുക്കളയാണ്‌ ലക്ഷ്യം.
'നീയവനെ പെണ്‍കുട്ടികളെപ്പോലെയാണ്‌ വളര്‍ത്തുന്നതെന്ന്' ഭര്‍ത്താവ്‌ ഇടക്ക്‌ കുറ്റപ്പെടുത്താനും തുടങ്ങി.
അങ്ങിനെയൊരു ദിവസം ഞാന്‍ കറിക്കരിഞ്ഞുകൊണ്ടിരിക്കുകയാണ്‌,വീട്ടിലെ ടി.വി മിക്കവാറും സമയം ഓണാണ്‌ തിരക്കുകള്‍ മൂലം പരിപാടികള്‍ കാണാനായില്ലെങ്കിലും കേള്‍ക്കാറുണ്ട്‌.അപ്പോഴതാ എങ്ങിനെയാണ്‌ 'ഗേ' കള്‍ ചെറുപ്പത്തില്‍ പെരുമാറുകയെന്ന പരിപാടി നടക്കുന്നു ഞാന്‍ ഓടിച്ചെന്നു നോക്കി അന്തം വിട്ടിരുന്നു.

'സ്വവര്‍ഗ്ഗരതിക്കാരാകുന്ന ആണ്‍കുട്ടികള്‍ എപ്പോഴും അടുക്കളയില്‍ കളിക്കാനിഷ്ടപ്പെടുന്നു,അവര്‍ പെണ്‍കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാനിഷ്ടപ്പെടുന്നവരും പാവക്കുട്ടികളെ സ്നേഹിക്കുന്നവരുമാണ്‌,ചെറുപ്പത്തിലേ തന്നെ നിങ്ങളുടെ കുട്ടികളെ നിരീക്ഷിച്ചാല്‍ അതു നിങ്ങള്‍ക്കു കണ്ടെത്താനാകും.'

ഇങ്ങനെ കണ്ടാല്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന രീതിയിലുള്ളൊരു നീണ്ട പരിപാടി. ഹൊറര്‍ സിനിമകള്‍ അന്തവും കുന്തവുമില്ലാതെ കാണുന്ന എനിക്ക്‌ അതിനേക്കാള്‍ വലിയൊരു ഹൊറര്‍ കണ്ടതുപോലെയായി. ഞാന്‍ എന്റെ മകന്‍ തത്തയെ സി.എസ്‌.ഐ ഓഫീസര്‍ നോക്കുന്നതു പോലെ സൂക്ഷിച്ചു നോക്കി.
'ഇവനാള്‌ മറ്റവനാകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്‌.'

ഡ്രസ്സിംഗ്‌ ടേബിളിനു മുകളില്‍ കയറിയിരുന്ന് കീം കീമെന്നും പറഞ്ഞ്‌ ബോഡീലോഷനെടുത്ത്‌ മുഖത്ത്‌ പൊത്തുന്നതും എന്റെ ഹെയര്‍ ബാന്റെടുത്ത്‌ തലയില്‍ വെയ്ക്കുന്നതും, പൊട്ടുകുത്തി നടക്കുന്നതുമൊക്കെ ഞാനിപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്‌. അതിലുപരി നാടന്‍ പേരുകളെ സ്നേഹിക്കുന്ന എന്റെ ഭര്‍ത്താവ്‌ 'തത്ത' എന്ന ഓമനപ്പേരാണ്‌ അവനെ വിളിക്കുന്നത്‌. അവന്‌ കഴിക്കാനേറ്റം ഇഷ്ടമുള്ളത്‌ പെണ്‍കുട്ടികള്‍ കഴിക്കാനിഷ്ടപ്പെടുന്ന പുളി,അച്ചാറ്‌,നെല്ലിക്ക എന്നീ സാധനങ്ങളൊക്കെയാണ്‌.
ഞാനന്നു രാത്രി ഭര്‍ത്താവിനോട്‌ കാര്യം പറഞ്ഞു.

'ആപ്പ്‌ ഉ സെ ഏക്‌ 'ചക്കാ'ക്കെ തരഹ്‌ പാല്‍ രഹീഹൊ'
അതൊകൊണ്ടാണ്‌ അവനങ്ങനെയായത്‌.എന്തോ വായിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി അദ്ദേഹം പ്രതികരിച്ചു. ഹിന്ദിയില്‍ ചക്കയെന്നാല്‍ നമ്മുടെ 'ചാന്തുപൊട്ട്‌' തന്നെ സംഗതി.
'എന്റെ ചെക്കനെ ഞാന്‍ ചക്കയും മാങ്ങയുമൊന്നുമാക്കാന്‍ സമ്മതിക്കില്ല' ഞാന്‍ മനസ്സിലുറച്ചു.

ഇന്നു മുതല്‍ തത്തക്ക്‌ അടുക്കളയില്‍ പ്രവേശനമില്ല.ഞാന്‍ ഏഴുമണിക്കുള്ളില്‍ ചപ്പാത്തിയുണ്ടാക്കലടക്കം എല്ലാ പാചകവും കഴിച്ച്‌ ദിവസം തുടങ്ങി.തത്തക്ക്‌ അതിലൊന്നും ഒരു പ്രശ്നവുമുണ്ടെന്നു തോന്നിയില്ല.അടുക്കളയിലെ സിങ്കില്‍പോയി വെള്ളമെടുത്ത്‌ കളിക്കാനാകാത്തതിന്റെ വിഷമമുണ്ട്‌.
കാര്‍ട്ടൂണ്‍ കാണാനൊന്നുമവന്‌ താത്പര്യമില്ലെങ്കിലും ഞാന്‍ നിര്‍ബന്ധിപ്പിച്ച്‌ അതുകാണാനായിയിരുത്തിതുടങ്ങി. കൊക്കിനു വെച്ചത്‌ ചക്കിനു കൊണ്ടതുപോലെയായില്ലേ അത്‌,ഭീകരമായ ഒരു പ്രശ്നം ഉടലെടുത്തിരിക്കുന്നു.
രാവിലെ രണ്ട്‌ കാര്‍ട്ടൂണുകളാണ്‌ തത്ത കാണുക.
1. ഡിയാഗോ എന്ന ചുണക്കുട്ടന്റെ കഥ.
2. ഡോറയെന്ന ചുണക്കുട്ടിയുടെ കഥ.

ഡിയാഗോ ആണ്‍ കുട്ടികള്‍ക്കായും ഡോറ പെണ്‍കുട്ടികള്‍ക്കുമായാണ്‌ പൊതുവെ ജനം വെച്ചിരിക്കുന്നത്‌.ഡിയാഗോയുടെ ചിത്രങ്ങളുള്ള ബാഗ്‌,കപ്പ്‌,ബെഡ്ഷീറ്റ്‌ തുടങ്ങിയ സകല സാധനങ്ങളും ആണ്‍കുട്ടികള്‍ക്കായും ഡോറയുടെ പടമുള്ളത്‌ പെണ്‍കുട്ടികള്‍ക്കായും കടയിലൊക്കെ വാങ്ങാന്‍ കിട്ടും.ഇവരുതമ്മിലുള്ള ബന്ധം പറഞ്ഞു വന്നാല്‍ ഡോറയുടെ അമ്മായീടെ മകനോ,ഇളയച്ഛന്റെ മകനോ ഒക്കെയായി വരും ഡിയാഗോ(കസിന്‍സ്‌).
തത്ത ഡിയാഗോയുടെ കാര്‍ട്ടൂണുകള്‍ കാണുമെന്നല്ലാതെ ഡിയാഗോയുടെ ആരാധകനൊന്നുമല്ല.ഡോറ വരുമ്പോഴാണ്‌ കയ്യടിയും ബഹളവും.ബാഗു വാങ്ങാനായി കടയില്‍ പോയപ്പോള്‍ തത്തക്കുവേണ്ടത്‌ ഡോറേടെ പടമുള്ള ബാഗാ. ഇതുകണ്ട്‌ എന്റെ നെഞ്ചിടിപ്പുകൂടി.ഭര്‍ത്താവിനോട്‌ ഞാന്‍ വിവരം പറഞ്ഞു 'ഈ ചെക്കന്റെ പോക്കത്ര ശരിയല്ല' അമ്മയുടെ മനസ്സല്ലേ എനിക്ക്‌ ചെറിയ ഭയം വന്നുതുടങ്ങി.ഭര്‍ത്താവു പറഞ്ഞു.

'ഓ എനിക്കു സമാധാനായി അവന്‍ ഡിയാഗോയെയല്ലല്ലോ ഡോറയെയല്ലെ പ്രേമിക്കുന്നത്‌,തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെ കണ്ട്‌ അവന്റെ മനസ്സിളകിയതില്‍ ഞാനവനെ കുറ്റം പറയില്ല.എന്റെ അമ്മയും നിന്നെപ്പോലായിരുന്നു ഞാനൊരു പെണ്‍കുട്ടിയോട്‌ മിണ്ടിയെന്നറിഞ്ഞാല്‍ മതി അന്ന് വാളെടുക്കും'.

ഞാനപ്പോഴാണ്‌ ആ കാര്യം വിശദമായി ഒന്നു ചിന്തിച്ചത്‌. അതു ശരിയാ കാവ്യാ മാധവന്റേയും ഐശ്വര്യാറായുടേയുമൊക്കെ പടങ്ങളല്ലെ ആണ്‍കുട്ടികള്‍ സാധാരണ ചുവരിലൊക്കെ ഒട്ടിച്ചുവെച്ച്‌ പൂജിക്കാറ്‌. അതുപോലെ തത്തക്കിഷ്ടം ഡോറയെ കാണാനാണ്‌. ഞാനൊന്നു പൊട്ടിച്ചിരിച്ചു.അന്നത്തോടെ എന്റെ എല്ലാ അന്വേക്ഷണ പരമ്പരകളുമവസാനിപ്പിച്ച്‌ ഞാന്‍ തത്തയെ അവന്റെ പാട്ടിനു വിട്ടു.അവന്‍ അടുക്കളയിലും മുറ്റത്തുമൊക്കെ ഓടിച്ചാടി നടന്നു കളിച്ചു.ടി.വി യെ വെറുക്കുന്ന അവന്‍ ഡോറയെയെന്നല്ല പിന്നീടൊരു കാര്‍ട്ടൂണും കണ്ടില്ല. മൂന്നു വയസ്സാകാറായതോടെ പോലീസ്‌ കാറും അച്ഛന്റെപോലത്തെ പിക്കപ്പ്‌ ട്രക്കുമൊക്കെ കളിപ്പാട്ടങ്ങളായിവെച്ച്‌ അവന്റെ ആനക്കുട്ടിയേയും ,പശുവിനേയുമൊക്കെ ഉണ്ണിക്കു സമ്മാനിച്ചു.ചെറിയ മകന്‍ വളര്‍ന്നു തുടങ്ങിയതോടെ അടി,ഇടി,കുത്ത്‌,ചവിട്ട്‌ എന്നുവേണ്ട എല്ലാ അയോധനകലകളും അഭ്യസിച്ച്‌ അതില്‍ പരിശീലനം കൊടുത്തും വരുന്നു.
ഇപ്പോഴാണെങ്കില്‍ ഒരു ചെറിയ മെയില്‍ ഷോവനിസ്റ്റ്‌ പിഗ്ഗിനെപ്പോലെ 'അമ്മ ടയ്‌ വിംഗ്‌ പൊട്ട' ഒരു മൂത്ത ഫെമിനിസ്റ്റ്‌ ഇതിനെ വ്യാഖ്യാനിച്ചാല്‍ - അമ്മക്ക്‌ കാറ്‌ ട്രൈവ്‌ ചെയ്യാനറിയില്ല,അച്ഛനാണ്‌ അതിനുത്തമം.ഇത്‌ പെണ്ണുങ്ങള്‍ക്ക്‌ പറ്റിയ പണിയല്ല....
'അമ്മ ഉണ്ണിയെ കുളിപ്പിച്ച്‌ ഉവ്വുവ്വാക്കിപ്പിച്ചു' (ഫെ.വ്യാ) - അമ്മക്ക്‌ ഉണ്ണിയെ കുളിപ്പിക്കാനറിയില്ല.അമ്മ കുളിപ്പിച്ചാല്‍ ഉണ്ണിക്ക്‌ അസുഖം വരും.ഒരു സിം പിള്‍ കാര്യങ്ങള്‍ പോലും പെണ്ണുങ്ങള്‍ക്ക്‌ നേരെ ചൊവ്വെചെയ്യാനറിയില്ല.
'അമ്മ കറി പൊട്ട. അച്ഛ ഗുഡ്‌' (ഫെ.വ്യാ) - അമ്മക്ക്‌ ഒരു കറിവെക്കാന്‍ പോലുമറിയില്ല.അച്ഛന്‌ ഓഫീസു ജോലി മാത്രമല്ല നല്ലൊന്നാന്തരം കറിയും വെക്കാനറിയാം.ആണുങ്ങളാരാ മക്കള്‍..
എന്നൊക്കെപ്പറഞ്ഞു കൊണ്ട്‌ ഇവിടം അടക്കി ഭരിച്ച്‌ വിലസി നടക്കുന്നു,വാലായി ഞങ്ങളുടെ രണ്ടാമത്തെ സന്തതിയായ അപ്പുവെന്ന പീക്കോക്കും കൂടെയുണ്ട്‌.

അടിക്കുറിപ്പ്‌ - കുട്ടികളെ കുട്ടികളാക്കി വളര്‍ത്താനാഗ്രഹിക്കുന്ന അമ്മമാര്‍ ടി.വി വളരെ കുറച്ച്‌ കാണുക.ഇവിടെ 'ഗേ' കള്‍ക്കൊക്കെ നല്ലുഗ്രന്‍ സംഘടനകള്‍ നിലവിലുണ്ട്‌.മലയാളം ഇംഗ്ലീഷാക്കി വായിക്കുന്ന സോഫ്റ്റ്‌ വെയറുകള്‍ സായിപ്പുമാര്‍ കണ്ടു പിടിച്ചിട്ടുണ്ടാണാവോ.
വാല്‍കഷ്ണം - ഇതുവായിച്ച്‌ എന്റെ മകന്‍ തത്ത ഭാവിയില്‍ പെണ്ണന്വേക്ഷിച്ചു നടക്കുമ്പോള്‍ 'സിജി ചേച്ചിയുടെ മകനല്ലേ സൂക്ഷിക്കണം' എന്നു പറഞ്ഞ്‌ ബൂലോഗത്തിലെ കുട്ടികള്‍ കല്ല്യാണം മുടക്കരുത്‌.സിജി ചേച്ചിയെഴുതുന്ന കഥയിലെ ഡയലോഗുകള്‍ക്ക്‌ സുരേഷ്ഗോപി സിനിമയിലെ ഡയലോഗിന്റെ ഛായയാണെന്ന് ബൂലോഗത്തിലെ ഒരു ബാച്ചീസുകുട്ടി പറഞ്ഞതിന്റെ ക്ഷീണം മാറുന്നതേയുള്ളു.

50 comments:

Siji said...

ഞങ്ങളുടെ വീട്ടില്‍ വളരുന്ന തത്തയെക്കുറിച്ച്‌ ഡയറിക്കുറിപ്പുകളില്‍ പോസ്റ്റിയിട്ടുണ്ട്‌.മടിയും ജലദോഷവും കാരണം എഡിറ്റിയിട്ടൊന്നുമില്ല അക്ഷത്തെറ്റിനും ഇടക്കുള്ള കല്ലുകടിക്കും മാപ്പ്‌.

ചേച്ചിയമ്മ said...

സിജീ, മകനെ കുറിച്ചുള്ള അമ്മയുടെ ആശങ്കകള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നത്‌ ഹൃദ്യമായി.

ഞാന്‍ സിജിയുടെ നാട്ടുകാരിയാണ്‌ട്ടോ.

ശാലിനി said...

സിജി ശരിക്കും രസിച്ചു വായിച്ചു. എവിടെയൊക്കെയോ എനിക്കു എന്നെ കാണാന്‍ പറ്റി. ഈ വനിതയിലെ ചില ലേഖനങ്ങള്‍ വായിച്ച് എന്റെ മോന് ബുദ്ധികുറവാണോ എന്നു സംശയിച്ച് ഭര്‍ത്താവിന്റെ സ്വൈര്യം കെടുത്തിയിരുന്ന നാളുകള്‍, പിന്നെ ഹൈപ്പര്‍ ആക്ടീവാണോ എന്നു സംശയം, പിന്നെ വളര്‍ച്ച കുറവാണോ എന്നു സംശയം.... ഹോ..അവസാനം ഭര്‍ത്താവ് പറഞ്ഞു ദൈവത്തെ വിചാരിച്ച് നീ അവനെ വെറുതേ വിട്, അവനെന്തെങ്കിലും കുഴപ്പം ഉള്ളതായി എനിക്കു തോന്നുന്നില്ല എന്ന്. പിന്നെ ആവശ്യമില്ലാത്ത ലേഖനങ്ങള്‍ വായിക്കുന്നത് നിര്‍ത്തി. ഇവിടെ സൂപ്പര്‍മാന്‍, സ്പൈഡര്‍മാന്‍, തുടങ്ങി എന്തൊക്കെ മാനുകളുകണ്ടോ അവരെയാണ് അനുകരിക്കുന്നത്. ഇപ്പോഴൊരു സംശ്യം, ഇവന്‍ മറ്റേതില്‍ പെടുമോ?

രാജു ഇരിങ്ങല്‍ said...

അമേരിക്കന്‍ ജീവിതത്തിന്‍റെ നല്ലതും ചീത്തയുമായ ഭാഗങ്ങള്‍ വളരെ മനോഹരമായി എഴുതി വായനക്കാരെ കൊതിപ്പിക്കുന്നു താങ്കള്‍.
അമേരിക്കയിലേക്ക് വരാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ ആശങ്കകള്‍ ഏറെ ഉണ്ട്.

ഒരു കഥകൊണ്ട് തന്നെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്നും വായിക്കാന്‍ തോന്നുന്ന ഒരെഴുത്താണ് താങ്കളുടേത്.
ഈ ‘അമേരിക്കന്‍ ചാന്തുപൊട്ട്; മനോഹരമായി എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. ബ്ലോഗില്‍ താങ്കള്‍ ശരിക്കും അന്നെ അത്ഭുദപ്പെടുത്തുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ താങ്കളെ ശ്രദ്ധിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

കുട്ടന്മേനോന്‍ | KM said...

മകനെക്കുറിച്ചുള്ള ഒരമ്മയുടെ ആശങ്കകള്‍ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു നെല്ലായിക്കാരി.

വേണു venu said...

ഒരമ്മയുടെ, മകനെ ആലോചിച്ചുണ്ടാകുന്ന ആന്തരിക സംഘട്ടനങ്ങള്‍ ,പ്രത്യേകിച്ചും മറ്റൊരു രജ്യത്തു വളരുമ്പോള്‍‍ ‍ഉണ്ടാകുന്ന ആശങ്കകളും ആകുലതകളും മനോഹരമായി എഴുതിയിരിക്കുന്ന്നു.
സിജീ, പലപ്പോഴും കഥ കേട്ടു നില്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്ന പ്രദിപാദന ശൈലി എനിക്കിഷ്ടപ്പെട്ടു.

Anonymous said...

ഈ ഡയറിക്കുറിപ്പും മനോഹരമായി സിജി.
തത്തക്കുട്ടിയ്ക്കും അമ്മയ്ക്കും ആശംസകള്‍്..

ദില്‍ബാസുരന്‍ said...

എന്നാലും എന്റെ സിജിച്ചേച്ചീ,
കണ്ണിക്കണ്ട ചാനലുകാരൊക്കെ പറയുന്നത് കേട്ട് ആ ചുള്ളന്‍ ചെക്കനെ വെറുതെ.. ഛെ. ഈ അമ്മമാരുടെ, അല്ല പെണ്ണുങ്ങളുടെ മൊത്തത്തിലുള്ള പ്രശ്നമിതാണ്. ലോജിക്കലായിട്ടല്ലാതെ ഇമോഷ്ണാലായ തിങ്കിങ്ങും ലാറ്ററല്‍ വ്യൂ പോയിന്റിന്റെ കുറവും. (ഇത് മെയില്‍ ഷവിനിസമാണോ ആവോ? ഉറക്ക പറഞ്ഞിട്ടില്ല കേട്ടോ എന്നാല്‍) :-)

സതീശ് മാക്കോത്ത് | sathees makkoth said...

വായിച്ച് തീര്‍ന്നത് അറിഞ്ഞതേയില്ല.
ഉഗ്രന്‍.

Peelikkutty!!!!! said...

ഗോപു മോനെ,ഈ അമ്മയുടെ ഒരു കാര്യം!:)

പ്രിയംവദ said...

ഈ അമ്മമാരുടെ ഓരൊ വട്ടുകളെ ..

ot വനിത , ആരോഗ്യം മാഗസൈനെ ഒക്കെ വായിച്ചു അതില്‍ പറയുന്ന എല്ലാ അസുഖങ്ങളും തനിക്കുണ്ടെന്നു വിശ്വസിക്കുന്ന ഒരു അമ്മായി എനിക്കുണ്ടു ശാലിനി..

കണ്ണൂരാന്‍ - KANNURAN said...

ഞാന്‍ പീലിക്കുട്ടീടെ കമന്റ് കോപ്പിയാക്കി... ഗോപുമോന്റെ അമ്മേടെ ഒരു കാര്യം... നന്നായെഴുതി ആശങ്കകള്‍...

സുല്‍ | Sul said...

എന്നാലും പാവം തത്തക്കുട്ടി :(

-സുല്‍

അഗ്രജന്‍ said...

സിജി,

വളരെ നന്നായി എഴുതിയിരിക്കുന്നു. ഒരമ്മയുടെ ആശങ്കകള്‍ നല്ല തന്മയത്വത്തോടെ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു.

കൂട്ടുകാരി പറഞ്ഞ “സിജി രക്ഷപ്പെട്ടു. ആണ്‍കുട്ടിയല്ലെ ജനിച്ചത്‌ എന്തായാലും ഗര്‍ഭണ്ടാകുമെന്ന് വെച്ച്‌ പേടിക്കണ്ട,അല്ല അമേരിക്കയിലാനല്ലൊ നമ്മുടെ കുട്ടികള്‍ വളരുന്നത്‌“ ഈ വരികള്‍ ഒരു നീറ്റലായി ഇപ്പോഴും മനസ്സില്‍ കിടക്കുന്നു.

sandoz said...

ഞാന്‍ എന്റെ മകന്‍ തത്തയെ സി.എസ്‌.ഐ ഓഫീസര്‍ നോക്കുന്നതു പോലെ സൂക്ഷിച്ചു നോക്കി.
'ഇവനാള്‌ മറ്റവനാകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്‌.'

സിജി ചേച്ചീ...എന്ത്‌ അലക്കാ അലക്കിയേക്കണത്‌.....കാര്യം ചിരിച്ചും കൈയ്യടിച്ചും പലരും ഇവിടെ നിന്ന് പോയെങ്കിലും ഇള്ളാ പ്രായത്തിലുള്ള കൊച്ചുങ്ങള്‍ അവര്‍ക്ക്‌ ഉണ്ടെങ്കില്‍ അതുങ്ങളുടെ കഷ്ടകാലം ആയിരിക്കും ഇനി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലാ.......
സി.എസ്‌.ഐ-യും എഫ്‌.ബി.ഐ-യും ഒന്നും ആവാന്‍ പറ്റില്ലെങ്കിലും ഒരു സാധാ കോണ്‍സ്റ്റബിളിന്റെ നോട്ടമെങ്കിലും നോക്കുമെന്ന് ഉറപ്പാണു.

മൊത്തം രസായി......

അരവിന്ദ് :: aravind said...

ഹഹ..സിജിചേച്ചീ കലക്കി..:-)
വായിക്കാന്‍ നല്ല രസം...ഒരു സന്ദേശവുമുണ്ട് മാ/പിതൃത്വത്തിലേക്ക് കടന്നുവരുന്നവര്‍ക്കായി.

ബൈ ദ ബൈ, ഈ ഗേയ്‌ കളെ എനിക്ക് ബഹുമാനമായിപ്പോയി ഇവിടെ വന്നതിന് ശേഷം. നിയമപരമായി അവര്‍ക്കും കല്യാണം കഴിച്ചു ജീവിക്കാന്‍ അനുവാദമുള്ള ഒരു രാജ്യമാണല്ലോ ഇത്. അതു കൊണ്ട് ഇഷ്ടം പോലെയെണ്ണം ഇവിടെയുണ്ട്. പക്ഷേ നാട്ടിലെ പോലെ വൈകൃതമായ പെരുമാറ്റത്തോടെ, ആണ്‍കുട്ട്യോളെകണ്ടാല്‍ തൊട്ടും മണത്തും പറ്റിക്കൂടുന്ന വൃത്തികെട്ടവന്മാരെ ഇതുവരെ കണ്ടിട്ടില്ല(ഉണ്ടായിരിക്കാം). മറിച്ച് ബാങ്കിലെ ഓഫീസേര്‍സ്, ഡോക്ടേര്‍സ്, ബിസിനസ്സ്കാര്‍ ഇവരെയൊക്കെ അറിയാം താനും. മാന്യമായി മറ്റുള്ളവരെപ്പോലെ ജീവിക്കുന്നു. ആരും അവരെ വേറൊരു കണ്ണുകൊണ്ട് നോക്കാറില്ല, അവര്‍ക്ക് അവരുടെ മനസ്ഥിതിയില്‍ ജാള്യവുമില്ല. നല്ല ആത്മവിശ്വാസത്തോടെ ഒന്നും മറച്ചുവയ്കാതെ ജീവിക്കുന്നു.

എല്ലാം പടച്ച തമ്പുരാന്റെ സൃഷ്ടികള്‍ എന്നല്ലേ...

യൂണിവേഴ്സിറ്റിയില്‍ പാര്‍ട്ടം പഠിക്കാന്‍ പോയപ്പൊള്‍ യാക്കെസ് എന്ന ഇവിടുത്തെ ഒരു ബാങ്കില്‍ നല്ല ജോലിയുള്ള ഒരാളെ പരിചയപ്പെട്ടു. ജോലിക്ക് പുറമേ പഠിത്തത്തിന്റെ പ്രഷര്‍ ഫാമിലി ലൈഫിനെ അഫക്റ്റുമോ എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു-കല്യാണം കഴിഞ്ഞോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ല, പക്ഷേ പങ്കാളിയുമൊത്ത് ജീവിക്കുന്നു എന്ന് പറഞ്ഞു.
മൈ വൈഫ് ഇസ് ക്യാരീയിംഗ്, നൌ ഷി വില്‍ ബി മോര്‍ അപ്‌സെറ്റ് ഇഫ് ഇ ക്യാന്റ് സ്പെന്റ് ടൈം വിത്ത് ഹേര്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും “ഇവെന്‍ മൈ പാര്‍ട്ടണര്‍ ഈസ് നോട്ട് ഹാപ്പി, വി ആര്‍‍ പ്ലാനിംഗ് റ്റൊ ഗോ റ്റു കേപ്പ് റ്റൌണ്‍ ഫോര്‍ ദി വാലന്റൈന്‍സ് ഡേ, നൌ ഐ ആം നോട്ട് ഷുവര്‍ അബൌട്ട് ദാറ്റ്...ആന്റ് ഹീ വില്‍ ബി റിയലി അപ്‌സെറ്റ് ഇഫ് ഐ ക്യാന്റ് മേക്ക് ഇറ്റ്..എന്ന്.
അപ്പോഴാ മൂപ്പരുടെ പാര്‍‌ട്ടണര്‍ ഹീ ആണെന്ന് മനസ്സിലായത്.
കേരളത്തിലെ പരിചയം വച്ച് എനിക്കല്പം നീങ്ങിയിരിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ സ്വയം തടഞ്ഞു.
അവരും നല്ല മനുഷ്യരാണ്. ലോകത്ത് അവരും ജീവിക്കട്ടെ..അല്ലേ :-)

സാരംഗി said...

സിജീ..ഡയറിക്കുറിപ്പുകള്‍ വളരെ ഇഷ്ടമായി. സിജിയ്ക്കു തോന്നിയ ആകുലതകള്‍ വേറൊരു തരത്തില്‍ ഇപ്പോള്‍ എനിയ്ക്കും തോന്നിത്തുടങ്ങി..അഞ്ചു വയസ്സുകാരിയായ മോളുടെ ക്ലാസ്സില്‍ ആകെ ക്രഷ്‌ ബഹളമാണു.. മദാമ്മമാര്‍ പിള്ളേരെ ചീത്തയാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിയ്ക്കുകയാണെനു തോന്നിപ്പോകും..അത്ര അഭിമാനത്തോടെയാണു അവര്‍ പറയുന്നത്‌ കുട്ടികള്‍ക്കു ക്രഷ്‌ ആണു..ലവ്‌ ആണെന്നൊക്കെ...ഇതെല്ലാം ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ അങ്ങേര്‍ ചിരിച്ചുകൊണ്ട്‌ പറയുന്നു...അമേരിക്കയില്‍ താമസിച്ച്‌ ഇന്ത്യന്‍ കള്‍ച്ചറും വേണമെന്നു പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നു.. അപ്പോള്‍ ഞാന്‍ പത്തിമടക്കി.

അപ്പു said...

സിജിച്ചേച്യേ, അമ്മമാരുടെ ഓരോ ആധികളേ! എനിക്കു വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌. നമ്മടെ കൊചുപയ്യനും ഇതുപോലെ അടുക്കളയില്‍ കളിതന്നെ ഇഷ്ട വിനോദം. ഈ അമേരിക്കന്‍ മലയാളി കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി.

Siji said...
This comment has been removed by the author.
Siju | സിജു said...

മനോഹരമായ കുറിപ്പ്, രസകരമായി തന്നെ എഴുതിയിരിക്കുന്നു

ഓടോ: പനി മാറിയോ

വിനയന്‍ said...

ഹോ
വെറുതെ ടന്‍ഷനടിപ്പിച്ചു
ഏതായായാലും ഇപ്പോ കുഴപ്പമൊന്നുമില്ലല്ലൊ

Siji said...

സിജു വളരെ നന്ദി.
വിനയന്‍..ഹ..ഹ

ഓ.ടോ അടിച്ചുപോയിട്ടൊന്നുമില്ല.എന്റെ പനി മാറി,കുട്ടികളുടേത്‌ മാറിക്കൊണ്ടിരിക്കുന്നു.

കുട്ടന്‍സ്‌ said...

ചേച്ചി,
പോസ്റ്റ് ഇഷ്ട്ടപ്പെട്ടു....നന്നായിട്ടുണ്ട്..

അരവിശിവ. said...

സിജിച്ചേച്ചി,

വളരെ ആസ്വാദ്യകരമായൊരു പോസ്റ്റ്...മനോഹരമായെഴുതിയിരിയ്ക്കുന്നു.ഇവിടെ ആദ്യമായിട്ടാണ് വരുന്നത്..മറ്റു പോസ്റ്റുകളും കൂടി ഒന്നു വായിച്ചൂ നോക്കട്ടെ...

നല്ല ഡയറിക്കുറിപ്പുകള്‍ക്കായി ഇനിയും കാത്തിരിയ്ക്കുന്നു.

അരവിന്ദ്

ittimalu said...

ഹോ.. മനുഷ്യനെ വെറുതെ .. നല്ല അവതരണം .. എന്നാലും പാവം മോന്‍ .. ഇതൊക്കെ വായിച്ചാല്‍ ..

chithrakaran said...

കഥയിലെ ആത്മാര്‍ത്ഥതയും , സത്യസന്ധതയും , സിദ്ധിയും കാരണം ശ്രീമതി സിജിയുടെ കുടുംബത്തോടൊപ്പം അമേരിക്കയില്‍ വന്നു താമസിച്ച പ്രതീതി.... അയ്യോ... നമ്മള്‍ ഓസിന്‌ വന്നിറങ്ങിയ ആ വിമാനത്താവളത്തിന്റെ പേരു മറന്നുപോയി ....!!!!
സിജി, നല്ല അനുഭവ കഥ. നന്ദി !

ദിവ (d.s.) said...

'ബിലേറ്റഡ്) ഹാപ്പി ബര്ത്ത്ഡേ' ഇവിടെ ആശമ്സിക്കുന്നതായിരുക്കുമല്ലോ അതിന്റെയൊരു ഇണക്കമ്.

so,

HAPPY BIRTHDAY TO YOU
HAPPY BIRTHDAY TO YOU
HAPPY BIRTHDAY DEAR SIJI
HAPPY BIRTHDAY TO YOU

:)

Siji said...

ദിവായെ നന്ദി. എന്റെ ഒറ്റ ബര്‍ത്ത്ഡേയും ഞാനിന്നേവരെ ആഘോഷിച്ചിട്ടില്ല,എനിക്കിഷ്ടണ്ടാഞ്ഞിട്ടല്ല കെട്ടോ വീട്ടുകാര്‍ക്ക്‌ ആ വിചാരം വേണ്ടെ. ബിലേറ്റഡ്‌ ആയിട്ടില്ല. ഇന്നു തന്നെയായിരുന്നു ആ മഹാദിനം. ഈ ഭൂമിക്ക്‌ ഭാരമായി വീണിട്ട്‌ മുപ്പതു കൊല്ലം തികഞ്ഞു.

വല്യമ്മായി said...

ജന്മദിനാശംസകള്‍,അതെ ഒരു പ്രായം കഴിഞ്ഞാല്‍ ജന്മദിനങ്ങള്‍ സന്തോഷമല്ല തരുന്നത് :)

റീനി said...

ഹാപ്പി ബേര്‍ത്ത്ഡേ സിജി!
നമ്മുടെ ബെര്‍ത്ത്ഡെ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നാരാ ഓര്‍ത്ത്‌ ആഘോഷിക്കുന്നത്‌? നമ്മുടെ കെട്ടിയവരോ? നല്ല കളി.

നല്ല ഓര്‍മ്മക്കുറിപ്പുകള്‍. എന്റെ മൂത്തമോള്‍ ഉണ്ടായപ്പോള്‍ കൂടെ ജോലിചെയ്തിരുന്ന അല്‍പ്പം പ്രായമുണ്ടായിരുന്ന ഒരു ലെസ്‌ബിയന്‍ വട്ടു സ്ത്രീ, പൂച്ചക്കുള്ള പന്തുകളുമായി ഒരുദിവസം അവളെ കാണാന്‍ വന്നത്‌ വളരെ നാളുകള്‍ക്കുശേഷം ഓര്‍ത്തു ചിരിച്ചു പോയി.

Siji said...

വല്ല്യമ്മായി, റിനി താങ്ക്യൂ..
ഇന്നെന്റെ കെട്ടിയോനോട്‌ രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പറഞ്ഞു 'മനുഷ്യനേ ഇന്നെന്റെ ബര്‍ത്ത്ഡേയാണെന്ന്' ..മരണത്തിലേക്ക്‌ ഒരു ദിവസം കൂടി അടുക്കുന്നതിത്ര പറയാനെന്തിരിക്കുന്നുവെന്നാണ്‌ മൂപ്പരു പറയുന്നത്‌.
ഒരു നിലക്കു നോക്കിയാല്‍ ശരിയാണല്ലേ..ഓരോ ബര്‍ത്ത്ഡേ യും മരണത്തിനോടടുക്കലല്ലെ..ശ്ശെ നല്ലൊരു ദിവസായിട്ട്‌ ഇതൊക്കെ പറയുന്നതെന്തിനാണല്ലെ..

Inji Pennu said...

സിജിചേച്ച്യേ, അപ്പൊ മണി മണി ഹാപ്പി ബര്‍ത്തഡേ ഇവിടെ ഇറക്കി വിടുന്നു...
പിടിച്ചോളണേ..

Haree | ഹരീ said...

ഇഞ്ചിച്ചേച്ചീടെ ഹാപ്പി ബര്‍ത്ത്ഡേ കണ്ടാണിവിടെയെത്തിയത്... അതേ, മോനും തുടങ്ങാറായോ ബ്ലോഗാന്‍... :)
--
അല്ലേലും ഇങ്ങിനെയാ, ഇപ്പോഴേ കല്യാണക്കാര്യമോര്‍ത്ത് ടെന്‍ഷന്‍ തുടങ്ങി... ഹി ഹി ഹി...
--
ഇന്നു പിറന്നാളാണോ, അപ്പോളെന്റെ വകയായും പിറന്നാളാശംസകള്‍... :)
--

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സന്തോഷ ജന്മദിന ആശംസകള്‍ താങ്കള്‍ക്കായി..ഇവിടെ ഫെബ്രു 17 ആയി...

'അമ്മ കറി പൊട്ട. അച്ഛ ഗുഡ്‌' (ഫെ.വ്യാ) - അമ്മക്ക്‌ ഒരു കറിവെക്കാന്‍ പോലുമറിയില്ല.അച്ഛന്‌ ഓഫീസു ജോലി മാത്രമല്ല നല്ലൊന്നാന്തരം കറിയും വെക്കാനറിയാം.ആണുങ്ങളാരാ മക്കള്‍..“

നന്ദി നന്ദി... & അച്ഛന്‍ ചെറുപ്പത്തില്‍ അടുക്കളേല്‍ സ്ഥിരതാമസം ആയിരുന്നതു കൊണ്ടല്ലേ നളന്‍ ആയത്...

Siji said...

അയ്യോ ഇങ്ങനെ എല്ലാവരും വന്ന് ആശംസിക്കല്ലെ. നാട്ടിലോട്ട്‌ അമ്മയെ വിളിച്ച്‌ കുറച്ച്‌ സംസാരിച്ചുവെന്നല്ലാതെ പിറന്നാളൊന്നും ആഘോഷിക്കാറില്ല .സ്റ്റയിലടിക്കുന്നതല്ല കെട്ടോ.

ബിന്ദു said...

സിജീ.. ഒരു പിറന്നാളാശംസകള്‍!!!
:)പായസം ഇങ്ങോട്ടയച്ചോളൂട്ടൊ.

Lena George said...

മനസ്സ് നിടെയെ നന്മയുമായി ഒരുപാട് ജന്മദിനങ്ങളാഘോഷിക്കുവാന്‍ സിജിക്കു ഭാഗ്യമുണ്ടാവട്ടെ എന്നാശംസിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

സിജിച്ചേച്ചിയേയ്: ഗിഫ്റ്റും തരേണ്ട.. തിരിച്ചു പാര്‍ട്ടിയും.. അങ്ങോട്ടും ഇങ്ങോട്ടും ചിലവില്ലാത്ത കാര്യല്ലേ.. പിന്നെ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആരൊക്കെയോ എത്രയോ കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് ഒരു ആശംസ പറേണതല്ലേ..വേണ്ടാന്നു പറയല്ലേ...

qw_er_ty

നിര്‍മ്മല said...

സിജീ, ഇവിടെയൊരു ബഹളോം ബലൂണും കണ്ടു കയറിയതാണ്‌. ആശംസകള്‍! അഭീഷ്ടകാ‌ര്യ സിദ്ധിക്കായി നൂറുനൂറാംശസകള്‍.

Siju | സിജു said...

ഹൃദയം നിറഞ്ഞ ജന്മദിനാശസകള്‍

qw_er_ty

വിശാല മനസ്കന്‍ said...

'ഇവനാള്‌ മറ്റവനാകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്‌.'

:)

എന്തൊക്കെ ടെന്‍ഷനുകളാല്ലേ?

എഴുത്ത് വളരെ നന്നായിട്ടുണ്ട്.

കുറുമാന്‍ said...

ഡയറിക്കുറിപ്പുകള്‍ വളരെ നന്നാവുന്നുണ്ട് സിജി. അതൊക്കെ പോട്ടെ, ഇപ്പോളിവിടെ കയറിയത് ഒരത്യാവശ്യ കാര്യം പറയാനാ.......

പിറന്നാളാശംസകള്‍. സമ്പത്തും, ആരോഗ്യവും, സകലവിധ ഐശ്വര്യവും തന്ന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

പൊതുവാള് said...

സിജിപ്പെങ്ങള്‍ക്ക് ,
സന്തോഷ ജന്മദിനാശംസകള്‍..

സ്നേഹപൂര്‍വം

പെരിങ്ങോടന്‍ said...

സിജി വളരെ ബ്രില്യന്റായി എഴുതിയിരിക്കുന്നു. പ്രവാസികളുടെ എഴുത്തു മണലില്‍ നിന്നും മഞ്ഞില്‍ നിന്നും രക്ഷപ്പെട്ടു വരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ടു്.

സഞ്ചാരി said...

ഇന്നാണ് വായിക്കാന്‍ പറ്റിയത്.ഇ റ്റി.വി.ക്കാരും മാസികക്കാരും.ഏതൊക്കെ തരത്തിലാ നമ്മളെയൊക്കെ പിരികയറ്റി വിടുന്നത്.ഡയറിക്കുറിപ്പ് വളരെ നന്നായി.അഭിനന്ദനങ്ങള്‍.
കൂടാതെ ജന്മദിനാശംസകളും.
സൊ സാല്‍ ജീത്തെ രഹെ.

ഇടിവാള്‍ said...

നല്ല അവതരണാം.. വായിക്കാന്‍ ലേറ്റായി!

കൊച്ചുഗുപ്തന്‍ said...

ഒരമ്മയുടെ ആകുലതകള്‍ വളരെ തന്മയത്വത്തോടെ,എന്നാല്‍ വായനയിലെ രസച്ചരട്‌ പൊട്ടാതെതന്നെ അവതരിപ്പിച്ചിരിയ്ക്കുന്നു.....നന്നായിട്ടുണ്ട്‌..

..എനിയ്ക്കുതോന്നുന്നു...എവിടെയായാലും, സ്വന്തം വീട്ടിലെങ്കിലും സ്വത്വം നിലനിര്‍ത്തി ജീവിയ്ക്കാനായാല്‍ അടുത്ത തലമുറയ്ക്കതൊരു നിധിയായിരിയ്ക്കും,ഒപ്പം മുതിര്‍ന്നവര്‍ക്കൊരാശ്വാസവും....

...നന്ദി..

Manu said...

സിജിക്ക് നര്‍മ്മം നര്മ്മവും വഴങ്ങുമല്ലോ നന്നായിട്ട്... രസകരമായി എഴുതിയിരിക്കുന്നു... പാവം തത്ത ..ആ പൊട്ട റ്റെലെവിഷന്‍ അനാലിസിസ് കണ്‍ട് കുഞ്ഞിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചത് അധീകമായോ എന്നൊരു ശങ്ക.. അമ്മയുടെ കൂടെ അടുക്കളയില്‍ ചുറ്റുന്നത് 'മറ്റേതിന്റെ' അടയാളമാണെങ്കില്‍... ഈശ്വരാ... ഹേയ്.. എനിക്കങ്ങനെ കൊയപ്പമൊന്നുമില്ലാട്ടോ..

evuraan said...

സിജിയുടെ അറിവോടു കൂടിയാണോ ഇവ ഇവിടങ്ങളില്‍ എത്തിയതെന്നു അറിയണമെന്നു തോന്നി.

ഡയറിക്കുറിപ്പുകളില്‍..

കൂടുതല്‍ ഇവിടെ

ആണോ സിജീ?

sandeep said...

eniyum eyuthnam....