Tuesday, March 6, 2007

ഭാര്യ മരിച്ചവര്‍

ഭാര്യമരിച്ച വൃദ്ധന്മ്മാര്‍ വെള്ളം തേട്ടി നില്‍ക്കുന്ന കുളത്തില്‍ ഒറ്റപ്പെട്ടു പൊന്തിനില്‍ക്കുന്ന പേട്ട നാളികേരങ്ങള്‍ പോലെയാണ്‌.

- പൊറിഞ്ചു.


പൊറിഞ്ചുവും ശ്രീധരച്ചോനും കൂട്ടുകാരായിരുന്നു. വര്‍ഷത്തില്‍ കരകവിഞ്ഞൊഴുകുകയും വേനലില്‍ നേര്‍ രേഖയാകുകയും ചെയ്യുന്ന തോടിന്റെ അപ്പുറവുമിപ്പുറവുമുള്ള വീടുകളില്‍ അവര്‍ താമസിച്ചു.നിരയൊത്ത കൃസ്ത്യാനിവീടുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന കട്ടപ്പല്ലുപോലെയുള്ള ഹിന്ദുവീട്‌,അതായിരുന്നു ശ്രീധരച്ചോന്റേത്‌. മുറ്റത്ത്‌,പൂഴിമണലില്‍ നോക്കികുത്തിയെന്നവണ്ണം നില്‍ക്കുന്ന ഒരു കൊന്നമരമൊഴിച്ചാല്‍ ആ മണ്ണില്‍ ഭേദപ്പെട്ടതൊന്നും വളര്‍ന്നില്ല.ദേവകിച്ചോത്തിയെ കല്ല്യാണം കഴിച്ചുകൊണ്ടുവന്നതിനുശേഷം കൊള്ളിയും,കൂര്‍ക്കയും,പയറുമൊക്കെ കുത്തിക്കിളച്ചു നട്ടുവെങ്കിലും ഈര്‍ക്കിലിപോലത്തെ തണ്ടും,പുഴുക്കുത്തേറ്റ ഇലകളും വെച്ച്‌ നട്ടവരെ പരിഹസിക്കും വിധം അവ വളര്‍ന്ന് അവിടെത്തന്നെ ചത്തൊടുങ്ങി. 'പിശാചു പിടിച്ച്‌ വര്‍ക്കത്തില്ലാണ്ടായ മണ്ണാ ചോനെ ഇത്‌' എന്ന പൊറിഞ്ചുവിന്റെ വാക്കുകള്‍ ദേവകിച്ചോത്തിയും തലയാട്ടി ശരിവെച്ചു.പിന്നീടൊന്നും ആ മണ്ണില്‍ ശ്രീധരച്ചോന്‍ നട്ടു നനച്ചില്ല.


കൈപ്പുണ്യത്താലും, മണ്ണിന്റെ വര്‍ക്കത്താലും പൊറിഞ്ചുവിന്റെ വീടിന്‌ മരങ്ങള്‍ തണലേകി.ലാങ്കിപ്പഴങ്ങള്‍ കൊത്തിത്തിന്നുവാനായി വരുന്ന കുയിലുകളുടെ ശബ്ധം അപരിചിതരെപ്പോലും ഒരു കവിയാക്കി.പൊറിഞ്ചുവിന്റെ വീടിന്റെ കിഴക്കേപ്പുറത്തുക്കൂടെ ഒരു ടാറിട്ട റോഡ്‌ പോകുന്നുണ്ട്‌.റോഡിന്റെ ഒരറ്റം ചെന്നു നില്‍ക്കുന്നത്‌ പള്ളിവക സെമിത്തേരിയിലാണ്‌,പള്ളിയിലേക്കുള്ള വാഹനങ്ങളൊഴിച്ച്‌ വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട്‌ വരുന്ന വാഹനങ്ങള്‍ വിരളമായെ അതിലേപ്പോകാറുള്ളു. സെമിത്തേരിക്കു മുന്നിലായുള്ള റോഡിന്റെ എതിര്‍വശത്തായി ചെറിയൊരു മതിലുണ്ട്‌ നേരം സന്ധ്യയായാല്‍ ചെറുതായൊന്നു മിനുങ്ങി ചുണ്ടിലൊരു കാജാ ബീഡിയുമായി പൊറിഞ്ചു ആ കൈമതിലിനു മുകളിലിരിക്കും. ദേവകിച്ചോത്തിയുടേയും മറിയത്തിന്റേയും ഭാഷയില്‍ പറഞ്ഞാല്‍ പൊറീഞ്ചുവും ശ്രീധരച്ചോനും പാതിരാത്രിവരെ പരദൂഷണം പറഞ്ഞ്‌ കുറ്റിയടിക്കുന്ന സ്ഥലം ആ കൈമതിലാണ്‌.

മറിയം പൊറിഞ്ചുവിന്റെ ഭാര്യയാണ്‌.പഴയ കൃസ്ത്യാനിപ്പെണ്ണുങ്ങളുടെ കൂട്ട്‌ മറിയം ചട്ടയും മുണ്ടും ധരിച്ചില്ല.ചുളിവുകള്‍ ഇല്ലാത്ത മിനുമിനുത്ത മുഖം,കൊഴിഞ്ഞുപോകാതെ സൂക്ഷിച്ചിരുന്ന തലമുടി,വെള്ളാരം കണ്ണുകള്‍.

'മറിയേടെ തലമൂത്ത അമ്മാമ്മ സായിപ്പുമാരെ വീട്ടില്‍ പൊറുപ്പിച്ചിരുന്നു,അങ്ങിനെ കിട്ടിയതാ അവള്‍ടെ വെള്ളാരം കണ്ണ്‍'

പൊറിഞ്ചു പറയുന്ന വെടക്ക്‌ തമാശകളില്‍ മറിയത്തിന്റെ തലമൂത്ത അമ്മാമ്മേടേ അപഥസഞ്ചാരക്കഥ എപ്പോഴുമുണ്ടാകും. മറിയത്തിന്റെ അമ്മാമ ഒരു ഭൂലോക സുന്ദരിയായിരുന്നു,ആരും കണ്ടാല്‍ കൊതിക്കുന്ന ഒരു ഉരുപ്പെടി. അന്ന് ബ്രട്ടീഷുകാര്‌ ഭരിക്കുന്ന കാലമായിരുന്നു. അമ്മാമ കണ്ണും കയ്യും കാണിച്ച്‌ ചില സായിപ്പുമാരെ വീട്ടില്‍ വിളിച്ചു വരുത്തി.മറിയത്തിന്റെ തലമൂത്ത അപ്പാപ്പന്‍ ഒരു പോങ്ങനായിരുന്നു,ഭാര്യയെ നിലക്കു നിര്‍ത്താനറിയാത്ത ഒരു കോന്തന്‍ കൃസ്ത്യാനി.അങ്ങിനെ ഒരു നാള്‍ മറിയത്തിന്റെ അമ്മാമ ഗര്‍ഭിണിയാകുകയും വെള്ളാരം കണ്ണും,ചെമ്പന്‍ മുടിയുമുള്ള ഒരു ചെക്കന്‍ പിറക്കുകയും ചെയ്തു.ആ കണ്ണ്‍ പാരമ്പര്യമായി പിന്തലമുറകളിലേക്കും പടര്‍ന്നു അങ്ങിനെ കിട്ടിയ കണ്ണാണ്‌ മറിയത്തിന്റെ വെള്ളാരം കണ്ണ്‍.പൊറിഞ്ചു മാസത്തില്‍ ഒരിക്കലെങ്കിലും പറയാറുണ്ടായിരുന്ന ഇക്കഥ മറിയത്തിന്‌ അറിയുമോയെന്നറിയില്ല.ഓരോ പ്രാവശ്യവും ഇതു പറയുമ്പോള്‍ ശ്രീധരച്ചോന്‌ വേണ്ടിയെന്നവണ്ണം ഇക്കിളി വാക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തുവാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ശ്രീധരച്ചോന്‍ അതുകേട്ട്‌ ചിരിച്ചു പണ്ടാരടങ്ങി വായില്‍ നിന്നും തെറിക്കുന്ന തുപ്പലുകള്‍ മുണ്ടില്‍ വീഴ്ത്തി.


മറിയവും ദേവകിച്ചോത്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മറ്റുള്ളവരെ പറ്റി അല്ലറചില്ലറ ഏഷണികള്‍ പറയുമെന്നല്ലാതെ അയല്‍ വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ തമ്മിലുണ്ടാകുന്ന കുന്നായ്മകള്‍ അവര്‍ തമ്മിലൊരിക്കലുമുണ്ടായിരുന്നില്ല. തോടിനപ്പുറവും ഇപ്പുറവും നിന്ന് വര്‍ഷകാല സന്ധ്യകളില്‍ ഉച്ചത്തിലും വേനല്‍കാല സന്ധ്യകളില്‍ കുശുകുശുത്തും അവര്‍ സംസാരിച്ചു. സ്റ്റീലു പോണിയില്‍ സാമ്പാറോ അവിയലോ ദേവകിച്ചോത്തി മിക്കപ്പോഴും മറിയത്തിനു കൈമാറി. കൂട്ടാനു സ്വാദുകൂട്ടുവാനായി പൊറിഞ്ചുവിന്റെ വീട്ടിലെ കറിവേപ്പിന്‍ ചില്ലകള്‍ മറിയം ശ്രീധരച്ചോന്റെ പറമ്പിലേക്ക്‌ വര്‍ഷത്തിലും വേനലിലുമെറിഞ്ഞു കൊടുത്തു.വര്‍ഷക്കാലത്ത്‌ അതില്‍ പകുതിയും മറിയത്തിന്റെ ഇളം മാംസം തൂങ്ങി നില്‍ക്കുന്ന കൈയ്യിന്റെ ശക്തിയാല്‍ തോട്ടില്‍ തന്നെ വീണു.തോട്‌ അവരുടെ സ്നേഹത്തിന്റെ കറിവേപ്പിലകളെയും വഹിച്ചുകൊണ്ട്‌ പല കൈവഴികളായി കൂലം കുത്തിയൊഴുകി. അന്നേരം പൊറിഞ്ചുവിന്റെ മക്കളായ ബെന്നിയും,സിബിയും,കത്രീനയും ശ്രീധരച്ചോന്റെ മക്കളായ വത്സനും,ദേവനും,ലതികയും,ശിവനും പൊറിഞ്ചുവിന്റെ പറമ്പില്‍ കുഴിക്കല്ലു കളിക്കുകയോ , മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ നിന്ന് പൊലികൂട്ടിയിരിക്കുന്ന മണ്ണിലേക്ക്‌ ചാടുകയോ, സല്‍ഗുഡു കളിക്കുകയോ ചെയ്തു.


വര്‍ഷകാലങ്ങളില്‍ മഴ ഒഴിഞ്ഞു കിട്ടുന്ന സന്ധ്യകളില്‍ പൊറിഞ്ചുവും ശ്രീധരച്ചോനും കൈമതിലിന്റെ പൂപ്പലില്ലാത്ത ഭാഗത്ത്‌ കുറ്റിയടിക്കും. സെമിത്തേരിയിലേക്ക്‌ പോകുന്ന ശവങ്ങളുടെ കണക്ക്‌ വര്‍ഷ ക്കാലത്ത്‌ കൂടുതലായിരിക്കും.രാത്രികാലത്ത്‌ മിന്നാമിനുങ്ങുകള്‍ സെമിത്തേരിയില്‍ കൂട്ടം കൂട്ടമായി പറന്നു നടക്കും.

'ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്തോറ്റങ്ങളുടെ ആത്മാക്കളാ ചോനെ അവറ്റകള്‌'
പൊറിഞ്ചു പറയും.

ശ്രീധരച്ചോന്റെ മനസ്സപ്പോള്‍ പടപടാന്നിടിക്കും. പുറമേ ധൈര്യം ഉണ്ടെങ്കിലും ഉള്ളില്‌ മൂപ്പരൊരു പേടിത്തൊണ്ടനായിരുന്നു.പൊറിഞ്ചുവിനെപ്പോലെ ഏതു പാതിരാത്രിക്കും ആ റോട്ടിലൂടെ എറങ്ങി നടക്കാനുള്ള ധൈര്യം അയാള്‍ക്കില്ല.ഭൂതങ്ങളേയും പിശാചുക്കളേയും പൊറിഞ്ചു സ്നേഹിക്കുന്നതുപോലെ അയാള്‍ സ്നേഹിച്ചില്ല.പൊറിഞ്ചുവിന്റെ ബലത്തില്‍ അവിടെപ്പോയി കുത്തിയിരിക്കുമെന്നല്ലാതെ സന്ധ്യാസമയത്ത്‌ ഒഴിഞ്ഞു കിടക്കുന്ന പള്ളിപ്പറമ്പിലേക്കു നോക്കി പുതിയ കല്ലറകളുടെ കണക്കെടുക്കാനുള്ള ത്രാണി അയാള്‍ക്കില്ല.

മഴക്കാലത്ത്‌ പൊറിഞ്ചുവിനും ശ്രീധരച്ചോനും പണികള്‍ കുറവായിരിക്കും.നിര്‍ത്താതെ പെയ്യുന്ന മഴ കുട്ടികളുടെ ഉടുപ്പുകളെ കരിമ്പനടിപ്പിക്കുകയും,പൊട്ടിയ ഓടിനുള്ളിലൂടെ വെള്ളത്തെ മുറികളില്‍ വീഴ്ത്തി ദേവകിച്ചോത്തിയെ മുഷിപ്പിക്കുകയും ചെയ്യും.അന്നേരമെല്ലാം ശ്രീധരച്ചോന്‍ ഏതെങ്കിലും പഴയമാസികകളിലെ തുടരനില്‍ ആഴ്‌ന്നിരിക്കുകയായിരിക്കും.തണുപ്പും ഈര്‍പ്പവുമുള്ള രാത്രികളില്‍ പൊറിഞ്ചു ഒരു വടിയും,ടോര്‍ച്ചും,തോളത്തൊരു ചാക്കുമായി ശ്രീധരച്ചോന്റെ വാതിലില്‍ മുട്ടും.

'രണ്ടു തവളക്കാലു കഴിക്കാം ചോനെ നമുക്ക്‌'

കുറച്ചകലെ ഒരു പാടമുണ്ട്‌.തവളകളും,നീര്‍ക്കോലികളും സുലഭമായി കിടക്കുന്ന പാടത്തിലേക്ക്‌ പോയി മേക്കാന്‍ തവളകളേയും,കാലില്‍ തടയുന്ന മീനുകളേയും പിടിച്ചു ചാക്കിലാക്കി മറിയത്തിന്റെ ചായിപ്പിലേക്ക്‌ കൊണ്ടുവരുന്നത്‌ പൊറിഞ്ചുവിന്റെ ഹരമായിരുന്നു.

മരത്തടിയില്‍ വെച്ച്‌ തല മുറിക്കുന്ന തവളകളുടെ തലകള്‍ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചുകൊണ്ട്‌ അടുത്ത പറമ്പിലേക്ക്‌ ചാടിച്ചാടിപ്പോകും. അഞ്ചാറ്‌ ഊക്കന്‍ ചാട്ടത്തിനു ശേഷം തളര്‍ന്നു വീഴുന്ന തവളത്തലകള്‍ കണ്ട്‌ മറിയത്തിനു വിറയല്‍ വരും,ടോര്‍ച്ചുമായെത്തിയ ദേവകിച്ചോത്തി അയ്യോ എന്നു നിലവിളിച്ച്‌ പിന്നോട്ട്‌ ചാടും. വെപ്പും കുടിയും കഴിഞ്ഞ്‌ പൊറിഞ്ചു മറിയത്തിന്റെ മടിയിലേക്കു കിടക്കും,ദുര്‍മേദസ്സില്ലാത്ത അവളുടെ ശരീരത്തിന്റെ ഒടിവുകളിലേക്ക്‌ അയാളുടെ കൈ സഞ്ചരിക്കും. ശ്രീധരച്ചോനും ദേവകിയും അതുകണ്ട്‌ പരസ്പരം കണ്ണുടക്കി ചിരിക്കും.

'കെട്ടിക്കൊണ്ടു വരുമ്പോള്‍ ഇവള്‍ എന്തൂട്ട്‌ സാധനായിരുന്നെന്നോ ചോനെ, ലൈബോയ്‌ സോപ്പിന്റെ മണമായിരുന്നു മേത്തൊക്കെ.'

രണ്ടുവിട്ടതിന്റെ ലഹരിയില്‍ പൊറിഞ്ചു കല്ല്യാണക്കഥകളിലേക്കു കടക്കും.

'ഞങ്ങള്‍ പാരമ്പര്യമായി ലൈബോയ്‌ സോപ്പാ തേക്കാ, ചെറിയ മണേ ഇഷ്ടള്ളു'

മറിയം ദേവകിച്ചോത്തിയോട്‌ പെണ്‍തമാശകള്‍ പറഞ്ഞ്‌ താക്കോല്‍ കൂട്ടം കുലുങ്ങുന്നതുപോലെ ചിരിക്കും.
പിള്ളേരുകള്‍ ഉറക്കം തൂങ്ങിത്തുടങ്ങുമ്പോള്‍ ശ്രീധരച്ചോനും സംഘവും ഒരു ചെറു ജാഥപോലെ ചെറുതായി മിന്നുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വീട്ടിലേക്കു നടക്കും.

അത്ര സുന്ദരിയൊന്നുമല്ലെങ്കിലും ദേവകിയെ ശ്രീധരച്ചോന്‍ ഒരുപാട്‌ സ്നേഹിച്ചിരുന്നു.ചായക്ക്‌ ചൂടുകൂടിയെന്നും ,മീങ്കൂട്ടാനില്‍ പുളികൂടിയെന്നും,നേരമിരിട്ടുമ്പോള്‍ കൊതുകിനുവേണ്ടി വാതില്‍ തുറന്നിട്ടുകൊടുക്കുമെന്നുമുള്ള കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താവുന്ന കുറ്റങ്ങള്‍ എന്നുമുണ്ടായിരുന്നുവെങ്കിലും,തുറന്നുകാട്ടാത്ത ഇഷ്ടം എപ്പോഴുമുണ്ടായിരുന്നു.വെറുതെയല്ല അയാളെ ദേവകിച്ചോത്തി 'പിണ്ണാക്കു മനസ്സുള്ളോനെന്ന്' വിളിക്കുന്നത്‌.


തണുത്തും ഉഷ്ണിച്ചും,സെമിത്തേരിയിലെ ശവക്കല്ലറകളുടെ എണ്ണംകൂട്ടിയും വര്‍ഷങ്ങള്‍ കടന്നുപോയി.പിള്ളേരെല്ലാം കല്ല്യാണം കഴിക്കാറായി. ബെന്നിയും ദേവനും സ്നേഹിച്ച പെണ്ണിനെത്തന്നെ കെട്ടുകയും ചെയ്തു.പ്രായമായി എന്നറിയിച്ചിട്ടെന്ന വണ്ണം പൊറിഞ്ചുവിന്‌ വലിവിന്റെ അസുഖം കുറേശ്ശെ വരാന്‍ തുടങ്ങി.


'നമ്മളിനി മന്തും,പുണ്ണും പിടിച്ച മുരിങ്ങമരം പോലെയാണ്‌ ചോനെ, കാറ്റു വരുമ്പോള്‍ പേടിക്കണം.'

പൊറിഞ്ചുവിന്റെ വെടക്കു തമാശകള്‍ കുറഞ്ഞുവന്ന് അയാളൊരു ആത്മീയവാദിയായോന്ന് സംശയമായി ശ്രീധരച്ചോന്‌.ഒരീസം ആങ്ങളയുടെ വീട്ടിലേക്കെന്നും പോയ മറിയത്തിന്റെ ശവമായിരുന്നു വീട്ടിലേക്ക്‌ തിരിച്ചുവന്നത്‌.കാറിടിച്ചു വീണ മറിയം ഓര്‍മ്മയില്ലാതെ വഴിയില്‍ കിടക്കുന്നതുകണ്ടപ്പോള്‍ നാട്ടുകാര്‍ ആസ്പത്രീലെത്തിച്ചുവെങ്കിലും മറിയത്തിന്റെ സമയം അതോടെ വിരാമമിടുകയായിരുന്നു.

മറിയത്തിന്റെ ശവം വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ വല്ലാത്ത മഴയായിരുന്നു.ശവമെത്തുംവരെ എല്ലാവരും പൊറിഞ്ചുവിന്റെ മുഖത്തേക്കുതന്നെയായിരുന്നു നോക്കിയിരുന്നത്‌.പൊറിഞ്ചു അലമുറയിട്ടു കരയുമെന്ന് കുടുംബക്കാര്‍ കരുതി. പക്ഷെ പൊറിഞ്ചു കരഞ്ഞില്ല.കരയുന്നത്‌ പൊറിഞ്ചുവിന്‌ പണ്ടേ ഇഷ്ടമുണ്ടായിരുന്നില്ല.പള്ളിയിലേക്ക്‌ ശവമെടുക്കുംവരെ അയാള്‍ മഴയത്ത്‌ കുതിര്‍ന്നു നിന്ന് വരുന്നവരോടൊക്കെ തലയാട്ടിച്ചിരിച്ചു. അവസാനമായി മറിയത്തിന്റെ നെറ്റിയില്‍ കരയാതെ ചുംബിച്ചു, ലൈബോയ്‌ സോപ്പിന്റെ മണമുള്ള തലമുടി പതുക്കെയൊന്നൊതുക്കിവെച്ചു.

ശവമെടുപ്പ്‌ കഴിഞ്ഞ്‌ പൊറിഞ്ചു കൈമതിലില്‍ കുത്തിയിരുന്നു.ആളുകള്‍ പതുക്കെ ഒഴിഞ്ഞുപോയി അവിടമെല്ലാം മൂകത പരന്നു.ശ്രീധരച്ചോന്‍ പതുക്കെ അയാളുടെ തോളിലൂടെ കയ്യിട്ടു.സന്ധ്യാസമയമായിരുന്നുവത്‌.മഴക്കാലമായിരുന്നതിനാല്‍ വേഗം ഇരുട്ടു പരന്നിരുന്നു.മിന്നാമിനുങ്ങുകള്‍ സെമിത്തേരിക്കുള്ളില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന മരങ്ങളുടെ ഒരു ചില്ലയില്‍നിന്ന് മറ്റൊന്നിലേക്ക്‌ പറന്നു.

'മറിയത്തിന്റെ ആത്മാവാ ചോനെ അതിലൊന്ന്.' പൊറിഞ്ചുവിന്റെ വാക്കുകള്‍ നനയുകയും കൈ വിറക്കുകയും ചെയ്തു.ചെറുതായി വീശുന്ന തണുത്ത കാറ്റില്‍ ലൈബോയ്‌ സോപ്പിന്റെ മണം പെട്ടന്ന് അവിടമാകെ പരന്നു.


മറിയം മരിച്ചതിനു ശേഷം പൊറിഞ്ചുവിന്റെ കൈമതിലിലേക്കുള്ള വരവു കുറഞ്ഞു.നാള്‍ക്കുനാള്‍ ശരീരം ക്ഷീണിച്ച്‌ മെലിഞ്ഞുണങ്ങിയ മണ്ണിരയെപ്പോലെയായി. നട്ടപ്പാതിരക്ക്‌ സെമിത്തേരിയിലേക്ക്‌ അയാള്‍ ഇറങ്ങി നടന്നു.മക്കള്‍ ഭ്രാന്തു പിടിച്ച അപ്പന്റെ കാല്‍തല്ലിയൊടിച്ച്‌ വീട്ടിലടക്കുമെന്ന് പറഞ്ഞ്‌ തെറിവിളിച്ചു. അവരുടെ ഭാര്യമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലുള്ള മുഖവുമായി അയാളെ വക്കാണം പറഞ്ഞ്‌ വാതിലടച്ചു.ഭാര്യ മരിച്ച വൃദ്ധന്റെ വിരഹവും,ഏകാന്തതയും അയാളുടെ കണ്ണുകളെ നിര്‍ജീവമാക്കി.ശ്രീധരച്ചോനെ കാണുമ്പോഴൊക്കെ അയാള്‍ മന്തും,പുണ്ണും പിടിച്ച്‌ ഒടിഞ്ഞു വീഴാറായ മുരിങ്ങമരം പോലെ ക്ഷീണത്താല്‍ ആടി.
'ഭാര്യ മരിച്ച വൃദ്ധന്മ്മാര്‍ വെള്ളം തേട്ടിനില്‍ക്കുന്ന കുളത്തില്‍ ഒറ്റപ്പെട്ടു പൊന്തിക്കിടക്കുന്ന പേട്ട നാളികേരം പോലെയാണെന്ന് പൊറിഞ്ചു അന്നെപ്പോഴെങ്കിലുമായിരിക്കും പറഞ്ഞത്‌.

അപ്പോഴേക്കും ഭ്രാന്തിന്റേയും നേരിന്റേയും ഇടയില്‍ കിടന്ന് അയാള്‍ രക്തമില്ലാത്തവനെപ്പോലെ വിളറിവെളുത്തിരുന്നു.മഴക്കാരുള്ള ഒരു രാത്രിയില്‍ കാറ്റടിച്ചു വീണ മുരിങ്ങമരം കണക്കേ പൊറിഞ്ചുവും വേരറ്റു നിലം പതിച്ചു.

പൊറിഞ്ചുവിന്റെ മരണം ശ്രീധരച്ചോനില്‍ ഒരു വികാരവും വരുത്തിയില്ല. ശവപ്പെട്ടിയില്‍ മൂക്കില്‍ പഞ്ഞിയും വെച്ചുകിടക്കുന്ന പൊറിഞ്ചു അയാള്‍ക്കുവേണ്ടി കൈമതിലില്‍ കുനിഞ്ഞിരുന്ന് മറിയത്തിന്റെ വീട്ടുകാരെപറ്റി വെടക്ക്‌ തമാശകള്‍ പറഞ്ഞ്‌ കാജാബീഡി പുകകള്‍ മുകളിലേക്ക്‌ ഊതി വിടുന്നവനായിരുന്നില്ല.ഉണങ്ങി വീണ ഒരു മരക്കൊമ്പു മാത്രമായിരുന്നു അയാളാ ശവപ്പെട്ടിയില്‍ കണ്ടത്‌.


പൊറിഞ്ചുവിന്റെ ശവമെടുപ്പ്‌ കഴിഞ്ഞ്‌ അയാള്‍ ആ കൈമതിലില്‍ കയറിയിരുന്നു.ഇഷ്ടികകള്‍ അടര്‍ന്ന്,പായല്‍ പിടിച്ച്‌ മതിലൊരു ദരിദ്രവാസിയായി മാറിയിരുന്നെങ്കിലും അയാളുടെ അരയുറപ്പിക്കാനായി ചെറിയൊരു ഭാഗം ഒഴിഞ്ഞു കിടന്നിരുന്നു.

രാത്രിയായപ്പോഴേക്കും മിന്നാമിനുങ്ങുകള്‍ കൂട്ടം കൂട്ടമായി അവിടെ പറന്നെത്തി.അതിലൊന്ന് മറിയവും,മറ്റൊന്ന് പൊറിഞ്ചുവുമാണെന്ന് അയാളൂഹിച്ചു.അകലെനിന്ന് അയാള്‍ അവരെനോക്കി കൈകളുയര്‍ത്തി.
ചാറിക്കൊണ്ടിരുന്ന മഴയില്‍ പകുതി നനഞ്ഞ്‌ അയാള്‍ വീട്ടിലെത്തി.ദേവകിച്ചോത്തി കരഞ്ഞു കനം വെച്ച മുഖവുമായി അയാള്‍ക്കു ചായകൊണ്ടുവന്നു കൊടുത്തു.അയാള്‍ ചായകുടിച്ച്‌ ദേവകിച്ചോത്തിയെ ഒന്നു നോക്കി.
ക്ഷീണിച്ച കണ്ണുകള്‍,അങ്ങിങ്ങു ചുരുണ്ടുകൂടിയ വെള്ളമുടികള്‍,കോഴിക്കാലുപോലെ എല്ലുന്തിയ കൈകള്‍. അവര്‍ക്ക്‌ ഒരുമാസമായി എന്തു കഴിച്ചാലും വയറു വേദനയാണ്‌.

'വയറുവേദന കുറവുണ്ടോ'? അയാള്‍ ചോദിച്ചു.

'നാളെ ഡോക്ടറെക്കാണണം'. ദേവകിച്ചോത്തി പറഞ്ഞു.


അയാളന്ന് കുറ്റം പറയാതെ ചായ ഗ്ലാസ്സ്‌ അവരുടെ കൈകളിലേക്ക്‌ വെച്ചുകൊടുത്തു. അടച്ചിടാത്ത മുന്‍ വാതിലിലൂടെ കൊതുകുകള്‍ കൂട്ടം കൂട്ടമായി വീട്ടിലേക്ക്‌ മൂളിവന്നു.ഭാര്യ മരിച്ച വൃദ്ധന്മ്മാരുടെ ജാഥ പൊറിഞ്ചുവിന്റെ വീടിനുമുന്നിലുള്ള റോഡിലൂടെ സെമിത്തേരി ലക്ഷ്യമാക്കി കടന്നു പോകുന്നുണ്ടായിരുന്നു. ഏകാന്തത മുറ്റിയ കണ്ണുകളുമായി അയാളും മുറ്റത്തേക്കിറങ്ങി. കാറ്റിലാടുന്ന മുരിങ്ങമരം കണക്കേ അയാള്‍ സെമിത്തേരി ലഷ്യമാക്കി നടന്നു നീങ്ങുന്ന കാഴ്ച്‌ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദേവകിച്ചോത്തി ജനലിലൂടെ നോക്കിനിന്നു.

35 comments:

Siji said...

പുതിയ കഥ 'ഭാര്യ മരിച്ചവര്‍'...പോസ്റ്റു ചെയ്യുന്നു.

ഇത്തിരിവെട്ടം© said...

അസ്സലായിരിക്കുന്നു.

പ്രിയംവദ said...

സിജിയെ..വളരെ നന്നായിട്ടുണ്ടു.


ഒരു സത്യം..ഒരു ബന്ധുവിനെ പറ്റി
ഇതെപ്പോഴും എന്റെ വീട്ടില്‍ പറയറുണ്ടു..

qw_er_ty

Haree | ഹരീ said...

വളരെ നന്നായി :)
ഓരോ രംഗവും മനസില്‍ കാണുവാന്‍ സാധിക്കുന്ന വാക്യഘടന... ഇളം മാംസം തൂങ്ങിയ കൈയും, അരക്കെട്ടുറപ്പിക്കാന്‍ മാത്രം വിടവിട്ട് പായലു പിടിച്ച മതിലും...

പണികള്‍ കുറവായിരിക്കുമത്രെ... ഹ ഹ ഹ... തിന്തോരം ഭാഷയാണല്ലോ... പണി കുറവായിരിക്കും പോരേ...

സ്നേഹത്തിന്റെ കറിവേപ്പിലകളെയും വഹിച്ചുകൊണ്ട്‌ പല കൈവഴികളായി കൂലം കുത്തിയൊഴുകി. - ആഹ അപ്പോളങ്ങിനെയാണ് ചില കറിവേപ്പിലയിലകള്‍ ചില പോര്‍ട്ടലുകളിലെത്തിയത്, അല്ലേ? :)
--
ഓഫ്: ‘ഗ്രഹണം’, പലരും എന്നോടു ചോദിച്ചു, അങ്ങിനെയൊരു ‘നെഗറ്റീവ്’ പേരെന്തിനാണിട്ടതെന്ന്... എന്തേ ചേച്ചിക്കതിഷ്ടപ്പെടാന്‍? സന്തോഷം... :)
--

രാവണന്‍ said...

സിജിച്ചേച്ചി,

വൈകിപ്പോയി..ഏന്നാലും ഇരിക്കട്ടെ എന്റെ വക ഒരു തേങ്ങ...

ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

സൂപ്പര്‍ കഥ.... പുതിയ ആഖ്യാനശൈലി.. അടീപൊളി..

സസ്നേഹം,

മിഥുന്‍

ittimalu said...

. അപ്പൊ.. ഇതാണല്ലെ ആ കഥ.. ഇതെങ്ങാനും ഇടാതിരുന്നെങ്കില്‍ .. :)

ശാലിനി said...

സിജി, കഥ എനിക്കിഷ്ടപ്പെട്ടു. പൊറിഞ്ചുവും ശ്രീധരചോനും ഒക്കെ എന്റെ നാട്ടിലുമുണ്ടായിരുന്നു. എനിക്കു തോന്നുന്നത്, ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ വേര്‍പാട് കുറച്ചുകൂടി മനസാന്നിദ്ധ്യത്തോടെ താങ്ങും എന്നാണ്. പല ഭാര്യമാരും പറയുന്നതുകേട്ടിട്ടുണ്ട്, ഞാനിരിക്കുമ്പോള്‍ തന്നെ കര്‍ത്താവേ നീ അങ്ങേരെ അങ്ങു വിളിക്കണേ എന്ന്. എന്തിനും ഏതിനും ഭാര്യമാരെ ആശ്രയിച്ചും, പഴി പറഞ്ഞും ജീവിക്കുന്ന അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക്, ഭാര്യപോയാല്‍ പിന്നെ തന്റെ ലോകംതന്നെ പോയി എന്ന തോന്നലാണ്.

നന്നായി എഴുതിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളിലേക്ക് ഒന്നും അയയ്ക്കുന്നില്ലേ, ഇപ്പോള്‍.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:വെറുതേയിരിക്കുന്ന ചാത്തന്മാരേം പേടിപ്പിക്കുന്നോ!!!!....ഇനി ഇപ്പോള്‍ മിന്നാമിനുങ്ങിനെ കാണുമ്പോഴും പേടിയാകുമല്ലോ...

ഓഫ്:ശാലിനിച്ചേച്ചിയേ...”ഞാനിരിക്കുമ്പോള്‍ തന്നെ കര്‍ത്താവേ നീ അങ്ങേരെ അങ്ങു വിളിക്കണേ എന്ന്“

ചേച്ചീടെ ചേട്ടനെ ആരേലും ഒന്നറിയിക്കണേ...

അപ്പു said...

സിജിച്ചേച്ചീ... ഇതാണ് കഥ! ഇതുവരെ വായിച്ചതില്വച്ചെനിക്ക് ഏറ്റവും ഇഷ്ടമായി ഇത്.

പാര്‍വതി said...

വളരെ തഴക്കം വന്ന ഒരു കൈകളില്‍ നിന്ന് പിറന്ന സൃഷ്ടി.ഇടത്തോട് പോലെ തന്നെ ഒഴുകിതീര്‍ന്ന കഥ.

അഭിനന്ദനങ്ങള്‍.

-പാര്‍വതി.

വേണു venu said...

സിജി.
കഥ എനിക്കൊത്തിരി ഇഷ്ടമായി എന്നു പറയട്ടെ.
കൊച്ചു തോടും, കാറ്റിലാടുന്ന മുരിങ്ങ മരവും, പൊന്തിക്കിടക്കുന്ന പേട്ട നാളീകേരവുമെല്ലാം സിജിയുടെ കഥയുടെ ആത്മാവായി മാറുന്നതനുഭവിച്ചുള്ള വായനാനുഭവം . ദരിദ്രവാസിയായ മതിലും, വെള്ളാരം കണ്ണിന്‍റെ ചരിത്രാവലോകനവും നന്നായിരുന്നു.
“അവസാനമായി മറിയത്തിന്റെ നെറ്റിയില്‍ കരയാതെ ചുംബിച്ചു, ലൈബോയ്‌ സോപ്പിന്റെ മണമുള്ള തലമുടി പതുക്കെയൊന്നൊതുക്കിവെച്ചു.”
ആ ചിത്രം മനസ്സില്‍ അവശേഷിപ്പിച്ചു് ഉത്തരങ്ങളില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചു് അവ്സാനിക്കുന്ന ഈ കഥ നന്നായിരിക്കുന്നു. അനുമോദനങ്ങള്‍.:)

കുറുമാന്‍ said...

സിജി, കഥ വളരെ മനോഹരമായിരിക്കുന്നു. കണ്ണുകളെ ചിലവരികള്‍ ഈറനണിയിച്ചു എന്നു പറയാതിരിക്കാനാവുന്നില്ല.

ഏറനാടന്‍ said...

നല്ല കഥ.

നിര്‍മ്മല said...

സിജീ, കഥയിലേക്കു മടങ്ങിവന്നതില്‍ സന്തോഷം. നല്ല വാങ്മയ ചിത്രങ്ങള്‍. വായിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു. അഭിനന്ദനങ്ങള്‍.

ബിന്ദു said...

സിജീ.. വളരെ നന്നായി ഒന്നൊന്നിനെ തൊട്ടെഴുതി. എല്ലാ വികാരങ്ങളും ഉണ്ട്.:) ഇഷ്ടായി.

വിഷ്ണു പ്രസാദ് said...

കഥ ഒരു നല്ല ‘മൂഡ്’ ഉണ്ടാക്കുന്നുണ്ട്.നേരേ ചൊവ്വേ പറഞ്ഞ ഒരു കഥയാണിത്.ക്രാഫ്റ്റില്‍ എന്തെങ്കിലും പുതുമകള്‍ വരുത്താമോ എന്ന് ഇനിയെഴുതുന്ന കഥകളില്‍ ഒന്ന് പരീക്ഷിക്കണം.

അവസാന ഭാഗത്തിന്(മറിയത്തിന്റെ മരണശേഷം)കഥയുടെ സ്പീഡ് ഒന്നു കൂടിയ പോലെ.കഥയുടെ ടൈറ്റില്‍ ഇതു പോരെന്നും എനിക്ക് തോന്നി.

സിജീ,നല്ല കഥയായതുകൊണ്ടാണ് എനിക്ക് തൊന്നിയ കുറ്റങ്ങള്‍ എഴുതിയത്.ഈ കഥ ബൂലോകര്‍ക്ക് ആസ്വദിക്കാന്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളൊന്നും തടസ്സമല്ല.

ആവനാഴി said...

കഥ നന്നു.

“മരത്തടിയില്‍ വെച്ച്‌ തല മുറിക്കുന്ന തവളകളുടെ തലകള്‍ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചുകൊണ്ട്‌ അടുത്ത പറമ്പിലേക്ക്‌ ചാടിച്ചാടിപ്പോകും.” ഈ പറഞ്ഞതിനോടു യോജിപ്പില്ല. ഇല്ല, ഒരിക്കലുമില്ല.

ശിശു said...


സെമിത്തേരിയിലേക്ക്‌ പോകുന്ന ശവങ്ങളുടെ കണക്ക്‌ വര്‍ഷ ക്കാലത്ത്‌ കൂടുതലായിരിക്കും...

തണുത്തും ഉഷ്ണിച്ചും,സെമിത്തേരിയിലെ ശവക്കല്ലറകളുടെ എണ്ണംകൂട്ടിയും വര്‍ഷങ്ങള്‍ കടന്നുപോയി.....
'നമ്മളിനി മന്തും,പുണ്ണും പിടിച്ച മുരിങ്ങമരം പോലെയാണ്‌ ചോനെ, കാറ്റു വരുമ്പോള്‍ പേടിക്കണം.'......

പൊറിഞ്ചുവിന്റെ വെടക്കു തമാശകള്‍ കുറഞ്ഞുവന്ന് അയാളൊരു ആത്മീയവാദിയായോന്ന് സംശയമായി ശ്രീധരച്ചോന്‌........
...പള്ളിയിലേക്ക്‌ ശവമെടുക്കുംവരെ അയാള്‍ മഴയത്ത്‌ കുതിര്‍ന്നു നിന്ന് വരുന്നവരോടൊക്കെ തലയാട്ടിച്ചിരിച്ചു. അവസാനമായി മറിയത്തിന്റെ നെറ്റിയില്‍ കരയാതെ ചുംബിച്ചു, ലൈബോയ്‌ സോപ്പിന്റെ മണമുള്ള തലമുടി പതുക്കെയൊന്നൊതുക്കിവെച്ചു....കഥ വായിച്ചു, വളരെ നാളുകള്‍ക്ക്‌ ശേഷം നല്ലയൊരു കഥവായിച്ച നിര്‍വൃതി. quote ചെയ്യാന്‍ ഇഷ്ടപ്പെട്ട വരികള്‍ ധാരാളം, കുറെയൊക്കെ മറ്റുള്ളവര്‍ quoteചെയ്തിട്ടുണ്ട്‌.
പൊറിഞ്ചുവും ശ്രീധരച്ചോനും മറിയവും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു.
ശരിക്കും ആസ്വദിച്ചു എന്നൊരിക്കല്‍ക്കൂടി പറഞ്ഞുകൊള്ളട്ടെ..
അഭിനന്ദനങ്ങള്‍..

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ് ചാനല് www.mobchannel.com സ്പോണ്‍സര് ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള് ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില് പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള് സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

KM said...

സിജി, കഥ വളരെ വളരെ നന്നായിരിക്കുന്നു. ഞാന്‍ പറയാനിരുന്ന കമന്റുകളെല്ലാം എനിക്കു മുന്‍പ് കമന്റിയവര്‍ പറഞ്ഞുകഴിഞ്ഞു.

ദൃശ്യന്‍ | Drishyan said...

"തോടിനപ്പുറവും ഇപ്പുറവും നിന്ന് വര്‍ഷകാല സന്ധ്യകളില്‍ ഉച്ചത്തിലും വേനല്‍കാല സന്ധ്യകളില്‍ കുശുകുശുത്തും അവര്‍ സംസാരിച്ചു."

"തണുത്തും ഉഷ്ണിച്ചും,സെമിത്തേരിയിലെ ശവക്കല്ലറകളുടെ എണ്ണംകൂട്ടിയും വര്‍ഷങ്ങള്‍ കടന്നുപോയി."

- ഓര്‍മ്മക്കുറിപ്പുകള്‍ പോലെയുള്ള കഥ വരച്ചു കാട്ടി തന്ന ചിത്രങ്ങള്‍ നന്നായിട്ടുണ്ട് സിജീ...

സസ്നേഹം
ദൃശ്യന്‍

sandoz said...

സിജിചേച്ചീ....നല്ല കഥ........കുറച്ച്‌ വരികള്‍ കൊണ്ട്‌ ഒരു ജീവിതം മുഴുവന്‍ പറഞ്ഞു വച്ചു......ആ മിന്നാമിനുങ്ങിന്റെ ഉപമ വളരെ നന്നായി.

[തവളയുടെ കാലുകള്‍ മാത്രമേ മുറിച്ചെടുക്കൂ....തല മുറിക്കില്ലാ.....എന്നിട്ട്‌ കാല്‍ ഇല്ലാത്ത തവളകളുടെ കൂട്ടത്തെ കുഴിച്ചിടുകയോ......ചുമ്മാ പറമ്പില്‍ തുറന്നു വിടുകയോ ചെയ്യും.....ക്രൂരമാണത്‌]

Siji said...

കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞതിന്‌ എല്ലാവര്‍ക്കും നന്ദി.
ആദ്യമായി വന്നതിനാല്‍ നിര്‍മ്മലേച്ചി, ശിശു എന്നിവര്‍ക്ക്‌ പ്രത്യേകം...
വിഷ്ണുമാഷ്‌ - ക്രാഫ്റ്റില്‍ പരീക്ഷണം നടത്തണം എന്നുണ്ട്‌.പിന്നെ കഥയുടെ പേരിന്റെ കാര്യം, അയ്യോ അത്‌ എന്നെക്കൊണ്ടു പറ്റില്ലാ..കഥയെഴുതിക്കഴിഞ്ഞാല്‍ നല്ല പേരിടാന്‍ എനിക്ക്‌ ഒരിക്കലും പറ്റാറില്ല. ഇനിയും ഇങ്ങനത്തെ കുറവുകളൊക്കെ പറഞ്ഞു തരണം.എഴുതിത്തെളിയുന്നതേയുള്ളു.
ആവനാഴി..
സാന്‍ഡോസ്‌ - 'മരത്ത്ടടിയില്‍ വെച്ച്‌ കാല്‍ മുറിച്ചെടുക്കുന്ന തവളകളുടെ തലകള്‍' എന്നാണ്‌ എഴുതി വച്ചിരുന്നത്‌, വരമൊഴിയിലേക്ക്‌ എടുത്തെഴുതിയപ്പോള്‍ തലാന്ന് 2 പ്രാവശ്യം വന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത്‌ ധാരാളം തോടുകളും പാടങ്ങളുമൊക്കെയുള്ള സ്ഥലത്താണ്‌, എന്റെ വീടിനപ്പുറത്തെ ചേട്ടന്‍ തവളയെപിടിച്ച്‌ കാല്‍ വെട്ടിയേടുക്കുന്നത്‌ കുട്ടികളായിരുന്നപ്പോള്‍ ഞങ്ങളൊക്കെ ഒളിച്ചു നിന്നു നോക്കുമായിരുന്നു, കാല്‍ മുറിച്ചെടുത്തതിനു ശേഷം ആ തല ഭാഗം ചാടിച്ചാടി പോകുന്നത്‌ കണ്ട്‌ പേടിച്ച്‌ ഞാന്‍ അപ്പുറത്തെ കൈതക്കൂട്ടിലേക്ക്‌ തലകുത്തിവീണത്‌ ഓര്‍മ്മയുണ്ട്‌. സാന്‍ഡോസ്‌ പറഞ്ഞതു പോലെ ഭീകരമാണത്‌.ചെറിയ കുട്ടിയായിരുന്നതിനാല്‍ ആ ഓര്‍മ്മ ശരിയായിരുന്നില്ലേയെന്ന് സംശയമുണ്ടായിരുന്നു. സാന്‍ഡോസ്‌ വന്ന് അത്‌ ശരിക്കും പറഞ്ഞു തന്നതിനും,ആവനാഴി സംശയം പ്രകടിപ്പിച്ചതിനും നന്ദി. എഴുതുന്നത്‌ എല്ലായിപ്പോഴും ശരിയായിക്കൊള്ളണം എന്നില്ല.
പിന്നെ സാന്‍ഡോസ്‌ ചേച്ചിമ്മാര്‌ മണ്ടത്തരം എഴുതിയാല്‍ ഇങ്ങനെ നാട്ടുകാര്‌ കേക്കലെ വിളിച്ചു പറയരുത്‌ കെട്ടോ,നമ്മുടെ 'ചാത്തന്‍' മിന്നാമിനുങ്ങിനെ കണ്ട്‌ പേടിച്ച്‌ ബ്രഹ്മ്മദത്തന്‍ ന മ്പൂതിരിപ്പാടിന്റെ അടുത്ത്‌ ബാധയെറക്കാന്‍ പോയിരിക്കുകയാണെന്നു തോന്നുന്നു,അല്ലെങ്കില്‍ എന്നെ വന്ന് എറിയേണ്ട സമയം കഴിഞ്ഞു.കുറച്ച്‌ നാളായിട്ടിവിടെ ഏറോട്‌ ഏറാണ്‌.

ഷാജു said...

സിജി ചേഛി, നല്ല കഥ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അത് ശരി ഉന്നം നോക്കി എറിഞ്ഞാല് തലേലോ കണ്ണിലോ കൊണ്ടാലോന്ന് വച്ച് സൈഡില്‍ എറിഞ്ഞപ്പോ ബ്ലോഗിനു ചുറ്റും റബ്ബര്‍ വല കെട്ടി വച്ചിരിക്കുന്നോ...അടുത്ത തവണയാട്ടെ കല്ല് ചൂടാക്കി എറീന്നുണ്ട്.. ആ വല ഉരുകിപ്പോവും...

സതീശ് മാക്കോത്ത് | sathees makkoth said...

സിജി,
വായിക്കാന്‍ വൈകി.
വളരെ നാളുകള്‍ കൂടി ഒരു നല്ല കഥ വായിക്കാന്‍ പറ്റിയതിന്റെ സംത്യപ്തി.

റോമി said...

കൊള്ളാം..ഞാനും വന്നു എന്നൊരു കയ്യൊപ്പു..:)

പടിപ്പുര said...

നല്ല കഥ.

അരവിശിവ. said...

സിജിച്ചേച്ചി,

മനോഹരമായ ആഖ്യാനം.

പ്രസിദ്ധീകരണയോഗ്യമായൊരു സൃഷ്ടി, പ്രതീക്ഷിച്ചപോലെ നല്ലൊരു വായനാസുഖം തന്നു.

അടുത്ത രചനയ്ക്കായി കാത്തിരിയ്ക്കുന്നു.

-അരവിന്ദ് എസ്

ആഷ said...

സ്വസ്ഥമായി സമയമെടുത്തു വായിക്കാന്‍ മാറ്റി വെച്ചിരിക്കയായിരുന്നിത്.
വളരെ നല്ല കഥ.

തറവാടി said...

നല്ല കഥ ,

:)

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

ചേച്ചീ.. അഭിനന്ദനങള്‍..
U've made it

:: niKk | നിക്ക് :: said...

നൈസ്...

സിജിയെന്ന പേരു കണ്ടപ്പോള്‍
ഐ തോട്ട് യു ആര്‍ മൈ ഫ്രണ്ട്സ്’ വൈഫി

Manu said...

ആദ്യപോസ്റ്റ് മുതല്‍ എല്ലാ കഥകളും കുറിപ്പുകളും വായിച്ച് കമന്റി ഞാന്‍ ഇവിടെ വരെയെത്തി... :)

രണ്‍ടാമങ്കത്തില്‍ എഴുത്ത് ദിശ മാറിയിട്ടുണ്ട്. മാറ്റത്തെ വിലയിരുത്താന്‍ നേരമായില്ല എന്നു വിചാരിക്കുന്നു. പ്റവാസത്തിന്റെ കെട്ടുപാടില്ലാത്ത സ്വാഭാവികതയുള്ള ശൈലി.. പാര്‍വതി കമന്റിയപ്പൊലെ ഇടത്തോട് പോലെ ഒഴുകുന്ന ആഖ്യാനം... മുന്‍പുള്ള രചനകളിലെപ്പോലെ ആഖ്യാനത്തിന്റെ സാന്ദ്രത ആദ്യവസാനം നിലനിര്‍തതാനായോ എന്ന് സംശയമുണ്ട്. ഒരുപക്ഷേ പുതിയ ശൈലി പരീക്ഷിച്ചതിന്റേതാവാം..

കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു.. ഇപ്പോള്‍ തന്നെ നീണ്‍ട ആരാധകരുടെ നിരയില്‍ ഒരാള്‍ കൂടി..

Reshma said...

സിജീ, ഈ കഥ രണ്ടാം വായനയിലും വളരെ ഇഷ്ടമായി.