Sunday, September 16, 2007

അഭയം

അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.

ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.

'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം -
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.

എന്നെക്കുറിച്ച്‌ എനിക്കുതന്നെ മതിപ്പില്ലാത്ത കാലമായിരുന്നുവത്‌.ഹോസ്റ്റലില്‍ നിശബ്ദദതക്കായ്‌ പ്രത്യേകമായൊരിടമില്ലായിരുന്നു.പെണ്‍ ശബ്ദത്തെ പേടിച്ചായിരിക്കണം ഒരു പല്ലിപോലും ചുമരിലൂടെ ഇഴഞ്ഞുനടന്നിരുന്നില്ല,ഒരു എട്ടുകാലി പോലും ഇഴയടുപ്പിക്കാന്‍ തുനിഞ്ഞതുമില്ല.

എങ്കിലും എനിക്കായ്‌ ഞാന്‍ പ്രത്യേകമായൊരിടം കണ്ടെത്തി.ചെറിയ കമ്പിയിഴകള്‍ കൊണ്ട്‌ വരാന്തയാകെ മറച്ചിരുന്ന ഒരു പഴയകെട്ടിടമായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍.അതിലെ ആറാം നമ്പര്‍ മുറി കാലൊടിഞ്ഞ കട്ടിലുകളും,കയ്യും കാലും വേര്‍പെട്ട കസാരകളും,ഉണങ്ങി ദ്രവിച്ച അടിവസ്ത്രങ്ങളും കൊണ്ട്‌ ശുഷ്കിച്ച്‌ കിടന്നിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒളിത്താവളമായിരുന്നു. എല്ലാ സന്ധ്യകളിലും ഞാന്‍ അവിടെച്ചെന്ന് വിദൂരമായ ആകാശത്തെനോക്കിയിരിക്കും.ആവി പറക്കുന്ന ചുമരുകളില്‍ പറന്നിരിക്കുന്ന ആനത്തുമ്പികളുടെ ചെറിയമൂളല്‍ മാത്രമായിരിക്കും ഞാനപ്പോള്‍ കേള്‍ക്കുക. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഉച്ചത്തില്‍ കേള്‍ക്കുന്ന ദേവീ സ്തോത്രവും,കാടുകളില്‍ നിന്നും വരുന്ന പല ജാതി പക്ഷികളുടെ കരച്ചിലും കേള്‍ക്കുമ്പോള്‍ പതുക്കെ മുറിയിലേക്കു വരും. എന്റെ സഹമുറിയര്‍ എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു നിരുപദ്രവകാരിയായ ജീവിയായിരുന്നു.

അങ്ങനെയിരിക്കേയാണ്‌ അന്ന ഹോസ്റ്റലിലേക്കുവന്നത്‌. ചെറുകയറില്‍ തൂക്കിയിട്ട ഒരു പഴയ കോസടിയും,ചെറിയൊരു ബാഗില്‍ കുത്തി നിറച്ചുവെച്ച രണ്ടോമൂന്നോ ഡ്രസ്സുകളുമായി ഒട്ടൊരു ദുരൂഹതയോടെയാണ്‌ അന്ന കിരുകിരാ ശബ്ദമുണ്ടാക്കുന്ന മര ഗോവണി ചവിട്ടിക്കേറി വന്ന് ഞങ്ങളുടെ വാതില്‍ മുട്ടിയത്‌.

മുടിഞ്ഞ ഉഷ്ണക്കാലമായിരുന്നുവത്‌. എല്ലാവരും ഉഷ്ണത്തെ കുറ്റം പറഞ്ഞു കൊണ്ട്‌ എണ്ണ തേച്ചു കുളിക്കുകയും സൗദ്ധര്യവര്‍ദ്ധനക്കായി ദിവസത്തിലെ വലിയൊരു ഭാഗം മുഴുവന്‍ മാറ്റി വെക്കുകയും ചെയ്ത്തിരുന്നു. ഹോസ്റ്റലിലെ മുറികളെല്ലാം കാലിയായ എണ്ണക്കുപ്പികള്‍,മഞ്ഞളിന്റെ നിറം പുരണ്ട തോര്‍ത്തുമുണ്ടുകള്‍,വാസനാസോപ്പിന്റെ തങ്ങി നില്‍ക്കുന്ന മണം എന്നിവകൊണ്ട്‌ സമ്പന്നമായി.


ഞങ്ങളുടെ മുറിയില്‍ ഉഷ്ണത്തെ സ്നേഹിക്കുന്ന ഒരേയൊരാള്‍ അന്ന മാത്രമായിരുന്നു. കോസടിക്കുമേല്‍ വെന്തുരുകി കിടക്കുമ്പോഴും ഫാനിന്റെ സ്വിച്ച്‌ ഒരിക്കല്‍ പോലും അന്ന തിരഞ്ഞു പിടിച്ചിരുന്നില്ല. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ചൂടിനെക്കുറിച്ച്‌ മുറുമുറുത്തിരുന്നെങ്കിലും ഒരു ചിരിയല്ലാതെ അന്നയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും എനിക്കു കിട്ടാറുണ്ടായിരുന്നില്ല.

ഒരിക്കല്‍ അന്നയുടെ പുസ്തകത്തില്‍ നിന്ന് എനിക്കൊരു കവിത കണ്ടുകിട്ടി. സത്യത്തില്‍ ആ കവിതയാണ്‌ എന്നെ അന്നയോട്‌ കൂടുതല്‍ അടുപ്പിച്ചത്‌. ഒരു സാഹിത്യ വിദ്യാര്‍ഥിയായിരുന്നതിനാലായിരിക്കണം കവിതയിലെ ആഴങ്ങളേയും,കവിയിലെ നിഗൂഡതയേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്നയിലൊരു കവിയുണ്ടെന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. പ്രസിദ്ധപ്പെടുത്താനിഷ്ടമില്ലാതെ,ഗണിതശാസ്ത്ര പുസ്തകങ്ങളുടെ ഏതെങ്കിലും അരികിലായി കുറിച്ചിടുന്ന അന്നയുടെ കവിത കണ്ടെടുക്കുക എന്ന ദൗത്യം അന്നുമുതല്‍ ഞാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

' ഗണിതം പഠിക്കുന്നവര്‍ക്ക്‌ കവിതയെഴുതാന്‍ പാടില്ലെന്നുണ്ടോ'?
ആരും കണ്ടെത്താതെ അകാല ചരമമടയുന്ന കവിതകളെ നോക്കി ഞാനൊരിക്കില്‍ പറഞ്ഞു.

അന്ന അതുകേട്ടുകൊണ്ട്‌ പുസ്തകത്തില്‍ രണ്ടു കുത്തിവരകളിട്ടു.

'ഗണിതം പഠിച്ച കവിയായിരിക്കും ഒരു ഉത്തമ കവി.അളന്നും തൂക്കിയുമെടുക്കുന്ന വാക്കുകളുടെ കൃത്യത ഒരാളെ ഉത്തമ കവിയാക്കുന്നു.'

ഈസ്റ്റേണ്‍ ക്രി റ്റിസിസ ക്ലാസുകളിലെ തിയറികളെ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

'ഒരു കവിയും,ഒരു വിമര്‍ശകയും മൂന്നാം നമ്പര്‍ മുറിയില്‍ ഉദയം കൊണ്ടിരിക്കുന്നു'.

അന്ന ചിരിച്ചുകൊണ്ട്‌ എന്റെ തോളില്‍ തട്ടി.


അന്നയുടെ സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഏകാന്തതയെ മറന്നു തുടങ്ങിയിരുന്നു. ശരിക്കും പറഞ്ഞാല്‍ ഏകാന്തവും,സ്വാര്‍ഥവും,മ്ലാനവുമായ എന്റെ ഹോസ്റ്റല്‍ ജീവിതത്തെ ആ സൗഹൃദം മാറ്റി മറിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഹോസ്റ്റലിനു പിന്നാമ്പുറത്തായി ചെറുതായി പായല്‍ മൂടിക്കിടക്കുന്ന ഒരു കുളമുണ്ട്‌.ഞങ്ങളുടെ കോളേജ്‌ ഒരു രാജകൊട്ടാരത്തിന്റെ ഭാഗമായിരുന്നതിനാല്‍ വലിയ കുളപ്പുരയോട്‌ കൂടിയ കൂറ്റന്‍ വാതിലും അറ്റം വരെ ഇറങ്ങിചെല്ലുന്ന പടികളും അതിനുണ്ടായിരുന്നു.കുളപ്പുരയുടെ ഭാഗം പൊട്ടിപ്പൊളിഞ്ഞ്‌ ഇപ്പോള്‍ നിലം പൊത്തുന്ന രീതിയിലാണ്‌ നില്‍ക്കുന്നത്‌.മുകള്‍ ഭാഗം ഓടുകളടര്‍ന്ന് കഴുക്കോലുകള്‍ മാത്രം കാണുന്ന സ്ഥിതിയിലായിരുന്നു,അതിലാകട്ടെ നിറയെ കടന്നലുകളും വേട്ടാളന്മ്മാരും കൂടുകൂട്ടിയിരുന്നു.കൂട്ടിനായി അല്ലറ ചില്ലറ പാമ്പുകളും ഇഴഞ്ഞു നടക്കും. രണ്ടുമൂന്നു ദാസിപ്പെണ്ണുങ്ങള്‍ വീണു ചത്ത കുളമാണെന്ന് വാര്‍ഡന്‍ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ സ്വവര്‍ഗരതിക്കാരായ ചില പെണ്‍കുട്ടികളല്ലാതെ മറ്റാരേയും ഞാന്‍ ആ ഭാഗത്തു കണ്ടിട്ടില്ല.


ഞാനും അന്നയും ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയിരിക്കാന്‍ കണ്ടെത്തിയ സ്ഥലം ആ കുളക്കടവായിരുന്നു.

അന്നയുടെ അപ്പന്‍ ഒരു നാടക നടനായിരുന്നു. 'കുഞ്ഞാലി മരക്കാര്‍' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം കളിച്ച്‌ പ്രശസ്തി നേടിയതിനാല്‍ 'കുഞ്ഞാലി' എന്ന പേര്‌ ജനങ്ങള്‍ അപ്പനു ചാര്‍ത്തിക്കൊടുത്തു.

'കിട്ടുന്ന കാശൊക്കെ അപ്പന്‌ ബാറില്‍ തൊലക്കാനെ തികയൂ'

കല്‍പ്പടവുകളില്‍ ഞെരമ്പുകള്‍ പോലെ വേരുകള്‍ പടര്‍ത്തിയ ഒരു കാട്ടു ചെടിയുടെ തലപ്പൊടിച്ച്‌ കുളത്തിലേക്കിട്ടുകൊണ്ട്‌ അന്ന ഒരിക്കല്‍ പറഞ്ഞു.

'അമ്മച്ചി പുറമ്പണിക്കു പോകും,അനിയന്‍ നന്നായി പഠിക്കുന്നുണ്ട്‌'.

ഞാന്‍ ഒരു കേള്‍വിക്കാരി മാത്രമായിരുന്നു.രാജുവുമായുള്ള പ്രണയത്തിലെ ചില മുറുക്കങ്ങളും അയവുകളുമൊഴിച്ച്‌ എനിക്ക്‌ കാര്യമായി ഒന്നും പറയാനില്ല.

'രാജു ഒരു അഹങ്കാരിയാണ്‌. നിനക്കവനെ സഹിക്കേണ്ടി വരും.' ഒരിക്കല്‍ അന്ന പറഞ്ഞു.

കിളുന്തു പ്രായം കഴിഞ്ഞ്‌ വേരുറച്ചു തുടങ്ങിയ പ്രണയമായിരുന്നു ഞങ്ങളുടേത്‌. രാജുവില്‍ അഹങ്കാരിയായ ഒരു കവിയും ആദര്‍ശവാനായ ഒരു മനുഷ്യനുമുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നതിനാല്‍ അന്നയുടെ വാക്കുകള്‍ നിരാകരിക്കാനോ,വികാരമതിയായ പ്രണയിനിയായി രാജുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുവാനോ ശ്രമിച്ചില്ല.
സത്യത്തില്‍ രാജുവിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ മിക്കപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. തെളിയുകയും ഇരുളുകയും ചെയ്യുന്ന ഒരു ബന്ധം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എങ്കിലും രാജുവിന്റെ സ്നേഹം സ്വച്ഛമാണെന്ന് ഞാന്‍ വിശ്വസിച്ചു, ഇടക്ക്‌ ഇരുള്‍ നിറയുമെങ്കില്‍ കൂടിയും ഒരു യഥാര്‍ഥ പ്രണയിനിയായി ഞാന്‍ നല്ലതിനെ പറ്റി മാത്രം ചിന്തിച്ചു.

അന്നയുടെ വാക്കുകളെ കേട്ടില്ലെന്നു നടിച്ച്‌ , തല കുമ്പിട്ട്‌ താഴെയുള്ള കല്ലുകളെ പെറുക്കിയെടുത്ത്‌ അസ്വസ്ഥയായിരിക്കുന്ന എന്നെ നോക്കി അന്ന് അന്നയൊരു കവിതയെറിഞ്ഞു.

'മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല'..

ഞാന്‍ അതുകേട്ട്‌ ചിരിച്ചു അതുകണ്ട്‌ അന്നയും. ഞങ്ങള്‍ക്കിടയിലെ മൗനം ഒരു നിമിഷേന ബാഷ്പീപകരിച്ചു .


11





1991 ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു അന്ന വെള്ള നിറത്തിനുമുകളില്‍ ഇളം നീല പക്ഷികള്‍ ആകാശത്തെ ഉന്നം വെച്ചു പറക്കുന്ന പുറം ചട്ടയുള്ള പുസ്തകം കയ്യിലമര്‍ത്തി കല്‍പ്പടവുകളിറങ്ങി വന്നത്‌.
സ്വാതന്ത്ര്യ ദിനമായതിനാല്‍ അന്ന് കോളേജിന്‌ അവധിയായിരുന്നു. ഇടക്കിടെ വെള്ളത്തിനു മുകളിലേക്കു വന്നു വെട്ടിമാറുന്ന വരാലുകളുടെ ഇളക്കമല്ലാതെ പ്രകൃതിയില്‍ അന്ന് ഇലയനക്കങ്ങള്‍ കുറവായിരുന്നു.

ഞങ്ങളന്ന് ഇരുട്ടുവോളം അവിടെയിരുന്ന് കഥകള്‍ വായിച്ചു.
മീരയുടെ കഥയായിരുന്നു ഞങ്ങള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടത്‌. മീര ഒരു സന്യാസിനിയായിരുന്നു. വാക്കുകളെ നിയന്ത്രിക്കാനറിയാത്ത, ആദര്‍ശവതിയായ ഒരു സന്യാസിനി.
തന്റെ കണ്ണില്‍പ്പെടുന്ന അഴുക്കുകളെയൊക്കെ മീര കഴുകിവെടുപ്പാക്കിക്കൊണ്ടിരുന്നു. അകലെനിന്ന് അലയലയായി ചളിവെള്ളത്തിന്റെ സുനാമി പടുത്തുയരുന്നതു കണ്ടിട്ടും അവസാന തുള്ളി അഴുക്കിനേയും തുടച്ചുമാറ്റി മീര ചിരിച്ചു.പിന്നീട്‌ കറുത്ത വെള്ളത്തെ മാത്രം വഹിച്ചുകൊണ്ട്‌ ഒരു വമ്പന്‍ തിര ആഞ്ഞടിച്ചു വന്നു .അത്‌ മീരയെ മാത്രം എടുത്തു. മീര രണ്ടു കൈകളും നീട്ടി അതിനെ തന്നിലേക്കു സ്വീകരിച്ചു. മീരയുടെ ജീവന്‍ ഒരു തിരയില്‍ നിന്ന് മറ്റൊരു തിരയിലേക്കുപോയി അവയെയൊക്കെ വെളുപ്പിച്ചു. അവസാനം നിശ്ചലയായി തീരത്ത്‌ അടിഞ്ഞു വന്നു.

മീരയുടെ കഥവായിച്ചു കഴിഞ്ഞപ്പോഴേക്കും അന്നയുടെ ശബ്ദം കുതിര്‍ന്നിരുന്നു.

'മീര ശരിക്കും മരിച്ചിരുന്നോ?'
ഞാന്‍ അന്നയോട്‌ ചോദിച്ചു.

'ചിലരുടെ മരണം മരണമേയല്ല.നമ്മളാണ്‌ മരിക്കുന്നതും ജനിക്കുന്നതും.നമ്മള്‍ വര്‍ഷങ്ങളോളമെടുത്ത്‌ അവസാനിപ്പിക്കുന്ന ജീവിതത്തെ ചിലര്‍ ഒരു മരണത്തിലൂടെ ഒറ്റവാക്കില്‍ പൂരിപ്പിക്കുന്നു.
അന്ന പറഞ്ഞു.
ഞാന്‍ ശരിയാണെന്നമട്ടില്‍ തലയാട്ടി. അന്നേരം ഞങ്ങളുടെ ഇടയിലേക്ക്‌ വലിയൊരു മഴ തുള്ളിയിട്ടു കടന്നു വന്നു.വരാലുകള്‍ മഴയില്‍ ആനന്ദിച്ചുകൊണ്ട്‌ ഉച്ചത്തില്‍ മുകളിലേക്കുവന്നു പുളഞ്ഞു.മഴവെള്ളം കുളത്തിലേക്ക്‌ ചാലിട്ടൊഴുകുന്നതു നോക്കി ഞങ്ങള്‍ മിണ്ടാതെയിരുന്നു. അന്നത്തെ മഴ എന്നേയും അന്നയേയും നനയിപ്പിക്കുകയോ, തണുപ്പിക്കുകയോ ചെയ്തില്ല. ഞങ്ങള്‍ മീരയുടെ ആത്മാവിനൊത്ത്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ നിശബ്ധമായ്‌ ആഴ്‌ന്നിറങ്ങുകയായിരുന്നു...


111


1993 മെയ്‌ 23 നാണ്‌ ഞാന്‍ അന്നയെ അവസാനമായ്ക്കാണുന്നത്‌


അന്നത്തെ എന്റെ ഡയറിക്കുറിപ്പ്‌ ഇങ്ങനെയായിരുന്നു തുടങ്ങിയതും അവസാനിച്ചതും.

'അവസാനത്തെ പരീക്ഷയും കഴിഞ്ഞ്‌ ഞാനും അന്നയും പതിവുപോലെ കല്‍പ്പടവുകളില്‍ ചെന്നിരുന്നു. മെയ്‌ മാസത്തിലെ ചൂടേറ്റ്‌ കല്‍പ്പടവുകളില്‍ വേരമര്‍ത്തി നിന്നിരുന്ന കാട്ടു ചെടികള്‍ ചിലത്‌ വാടിയിരുന്നു.
ചിലത്‌ വിരിയിക്കാത്ത മൊട്ടുകളെ കുളത്തിലെ വെള്ളത്തിലേക്ക്‌ കൊഴിച്ചിട്ടു. പള്ളത്തികളും,വരാലുകളും ആ പൂമൊട്ടിനെ ലക്ഷ്യമാക്കി വെട്ടിയമര്‍ന്നു.

അന്ന പതിവുപോലെ ഒരു കാട്ടു ചെടിയുടെ തുമ്പൊടിച്ച്‌ വെള്ളത്തെ ലക്ഷ്യമാക്കിയെറിഞ്ഞു.കാറ്റ്‌ അതിനെ ലക്ഷ്യത്തിലെത്തിക്കാതെ ഞങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു.

ഞാനന്ന് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ്‌ രാജുവിന്റെ കൂടെ ജീവിക്കാനായി തയ്യാറെടുത്ത്‌ ഇറങ്ങാനിരിക്കയായിരുന്നു.അന്ന എന്റെ പുതിയ ജീവിതത്തിന്‌ എല്ലാ മംഗളങ്ങളും നേര്‍ന്നു,ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്‌ കല്‍പ്പടവിനു താഴെയിറങ്ങി കുളത്തിലെ വെള്ളത്തിനെ ആദ്യമായിതൊട്ടു. എന്റെ കണ്ണില്‍ നിന്ന് കുളത്തിലെ വെള്ളത്തിലേക്ക്‌ കണ്ണുനീര്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അന്ന കരഞ്ഞതേയില്ല. മുകളില്‍ രാജു എന്നേയും കാത്തു നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ കണ്ണു നീര്‍ തുടച്ചുകൊണ്ട്‌ രാജുവിനൊപ്പം ചെന്നു. അന്ന ചിരിച്ചുകൊണ്ട്‌ കൈകള്‍ വീശി ഒരു പൊട്ടു പോലെ എന്റെ ജീവിതത്തില്‍ നിന്ന് നടന്നകന്നു.'


1111



പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് ഞാന്‍ അന്നയെ വീണ്ടും കാണാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ മാസമാണ്‌ അവളുടെ കത്ത്‌ എനിക്കു വന്നത്‌. കാണാന്‍ വരുന്ന തിയതി മാത്രം കുറിച്ചുകൊണ്ട്‌ നാലഞ്ചു വരികള്‍ മാത്രം കുറിച്ച ചെറിയൊരു കുറിപ്പ്‌.

രാജുവുമായുള്ള ബന്ധം ഞാന്‍ ഉപേക്ഷിച്ചിട്ട്‌ ആറുമാസത്തിലേറെയായെങ്കിലും,രാജുവിന്റെ പഴയ ചെരുപ്പുകളും,മുഴുമിപ്പിക്കാതെ മേശയുടെ അടിയിലേക്ക്‌ വലിച്ചെറിഞ്ഞ കവിതകളും മുറിയുടെ ഒരു ഭാഗത്ത്‌ കുമിഞ്ഞു കിടന്നിരുന്നു.
രാജുവിനെ ഞാന്‍ വെറുത്തിരുന്നെങ്കിലും അയാളുമൊത്തുള്ള ജീവിതം വളരെയധികം ശീലിച്ചു പോയിരുന്നതിനാല്‍ ചായയുണ്ടാക്കുമ്പോള്‍ അറിയാതെ രണ്ടു കപ്പി ലേക്കു പകര്‍ന്ന ചായ തണുത്തുറഞ്ഞ്‌ ,ഈച്ചകള്‍ വീണ്‌ സിങ്കിലേക്ക്‌ മിക്കപ്പോഴും ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.

രാജു പോയതിനു ശേഷമുള്ള എന്റെ ജീവിതം ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ തടം കെട്ടി നില്‍ക്കുന്ന ഒരു പൊയ്കയായി മാറിയിരുന്നു.മഴയും വേനലും ആ പൊയ്കയെ തീണ്ടാതെ കടന്നു പോയി.നിശബ്ദത എന്റെ മുറികളില്‍ എപ്പോഴും നങ്കൂരമിട്ടു.

അന്നയുടെ കത്ത്‌ കിട്ടിയതോടെ എന്റെ പകലുകള്‍ക്ക്‌ കുറച്ച്‌ നിറം വെക്കാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ അന്നയില്‍ എത്ര മാറ്റം വരുത്തിയിരിക്കും എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത കൗതുകമായിരുന്നു.വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ അന്ന എന്നെ തേടിവരുന്നതും കാത്ത്‌ ഞാനിരുന്നു.


11111


ഇന്ന് അന്നയെത്തുന്ന ദിവസമാണ്‌. ഞാന്‍ വാടകയ്ക്കു താമസിക്കുന്ന വീടിനു താഴെ എന്റെ വീട്ടുടമസ്ഥയാണ്‌ താമസിക്കുന്നത്‌. അല്‍പം തടിച്ചുരുണ്ട പ്രകൃതമാണെങ്കിലും അവര്‍ എല്ലായിടത്തും ഓടിയെത്തുമായിരുന്നു.അല്‍പം സംശയത്തോടെയല്ലാതെ അവര്‍ ഇന്നുവരെ ഒന്നിനേയും നോക്കിക്കണ്ടിരുന്നില്ല..

'എന്റെ ഒരു സുഹൃത്തുവരും ഞാന്‍ കോളേജില്‍ നിന്നും വരും വരെ ഇവിടെയിരുത്തണം'.
ഞാന്‍ പറഞ്ഞു.

'ആണോ പെണ്ണോ'?
അവര്‍ സംശയത്തിന്റെ കുന്തമെറിഞ്ഞു.
'പെണ്ണ്‍'

ഞാന്‍ തിരിഞ്ഞു നോക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി കോളേജിലേക്കു നടന്നു. അന്ന് എന്റെ എല്ലാ ക്ലാസ്സുകള്‍ക്കും ഞാന്‍ അവധി നല്‍കി പഴയ ഓരോ ചിന്തകളിലമര്‍ന്ന് നേരം തള്ളി നീക്കി.
നാലുമണിയായപ്പോഴേക്കും ബെല്ലടിക്കുന്നതു കാത്തു നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു.

അന്ന എന്നേയും കാത്ത്‌ വീട്ടിലിരിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ അവിടെയിവിടെയായി ചിതറിക്കിടക്കുന്ന കോലന്‍ മുടി,ചെറിയ തിളക്കമുള്ള കണ്ണില്‍ സന്തോഷം നിറഞ്ഞ ചിരി.
ഞാന്‍ ചായയുണ്ടാക്കി രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു.
അന്ന അന്നേരം എന്റെ വീട്‌ നോക്കി നടന്നു കാണുകയായിരുന്നു.

'ഇവിടെയെല്ലാം ഒരു സ്വേച്ഛാധിപതിയുടെ മണം തങ്ങി നില്‍പ്പുണ്ട്‌..രാജു എവിടെ പോയിരിക്കുന്നു?'
അന്ന ചെറു ചിരിയോടെ ചോദിച്ചു.
'ഞങ്ങള്‍ പിരിഞ്ഞു'

അന്ന വിശ്വസിക്കാത്ത മട്ടില്‍ എന്നെ ആകെയൊന്നുഴിഞ്ഞു നോക്കി.

'നിന്റെ ഭര്‍ത്താവും കുട്ടികളും?' ഞാന്‍ ചോദിച്ചു.

'അതിനു ഞാന്‍ കല്ല്യാണമേ കഴിച്ചില്ലല്ലോ' അന്ന ചിരിച്ചു.

'അമ്മച്ചി മരിച്ചു,അനിയന്‍ അപ്പനെപ്പോലെ മറ്റൊരു കുടിയനായി' അന്നയുടെ ശബ്ദം കനത്തു.

'നിനക്ക്‌ കല്ല്യാണം കഴിക്കാമായിരുന്നു.'

'അതിനു പണമെവിടെ'..അന്ന വീണ്ടും ചിരിച്ചു.

അന്ന കൊണ്ടു വന്ന ബാഗ്‌ കട്ടിലിലേക്കിട്ടുകൊണ്ട്‌ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്ന് ഓരോ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.ഞാന്‍ അന്നയുടെ മടിയില്‍ തലവെച്ച്‌ കുറച്ചു നേരം കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാക്കുകള്‍ നിയന്ത്രിക്കാനാകാതെ എന്റെ ശബ്ദം പതറുവാനും ഉള്ളില്‍ വളരെക്കാലമായി ചലം കെട്ടിക്കിടന്നിരുന്ന ഉഷ്ണജലപ്രവാഹം ഞാനറിയാതെ പുറത്തേക്കൊഴുകുവാനും തുടങ്ങി.
എന്റെ മുടിയിഴകളില്‍ കൈകളമര്‍ത്തി അന്ന എന്നെ സ്വന്തം ശരീരത്തോട്‌ ചേര്‍ത്തു കിടത്തി. എന്റെ ഉപ്പുരസം കലര്‍ന്ന ചുണ്ടില്‍ അന്ന മൃദുവായി ചുംബിച്ചു. എന്റെ വേദനകളെല്ലാം കഴുകി വെടുപ്പാക്കാന്‍ പോന്ന വലിയ തിരമാലയായി അന്ന എന്നിലൂടെ കയറിയിറങ്ങി. നഗ്നയായ്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ ക്രമമായ്‌ ഞാന്‍ പ്രവേശിക്കവെ ഒരു ജലാശയം ഞങ്ങളു മുന്നില്‍ ഉയര്‍ന്നു വന്നു.

നിലമ്പൊത്താറായ കുളപ്പുരകളും അടര്‍ന്നു വീണ കഴുക്കോലുകള്‍ക്കിടയിലൂടെ തെളിയുന്ന മാനവും പൊഴിഞ്ഞുവീണ കമ്യൂണിസ്റ്റു പച്ചയുടെ പൂക്കളെ വെട്ടിത്തിന്നാനെത്തുന്ന പള്ളത്തികളും ,വരാലുകളും പുളഞ്ഞു മറിയുന്ന ,പകുതി മാത്രം പായല്‍ മൂടിയ ഒരു ജലാശയം അതിന്റെ കരയിലിരുന്ന് ഞാനും അന്നയും ഉള്ളില്‍ തളം കെട്ടിയ നിലവിളികളെ ഉള്ളിലേക്കു തന്നെയമര്‍ത്തി പതുക്കെ ചിരിക്കുവാന്‍ തുടങ്ങി. ഞങ്ങളെ നനയിക്കാനായി ആകാശത്ത്‌ കാര്‍മേഘങ്ങളെ പടര്‍ത്തി വിഷാദിച്ചു നിന്നിരുന്ന മഴ മനം മാറി, കാറ്റിനൊത്ത്‌ താളമിട്ട്‌ ചിരിച്ച്‌ അകന്നൊഴിഞ്ഞു.

30 comments:

സുല്‍ |Sul said...

മനുഷ്യര്‍ തമ്മിലുള്ള ദൂരം മനസ്സുകള്‍ക്കില്ലല്ലൊ സിജി.
ഒരു നല്ല കഥ, നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു. എന്തെന്നറിയാതെ വളരെ സന്തോഷം തോന്നി ഇതു വായിച്ചു കഴിഞ്ഞപ്പോള്‍. ഒരഭയം ഏവരും എപ്പോഴും പ്രതീക്ഷിക്കുന്ന ഒന്നാണല്ലൊ.
ഭാവുകങ്ങള്‍!
-സുല്‍

ശാലിനി said...

സിജി കഥ നന്നായി.
അന്നയെ എന്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ എപ്പോഴോ കണ്ടതുപോലെ.

മീരയുടെ കഥ വായിച്ചു എന്നുപറഞ്ഞപ്പോള്‍ അടുത്തയിടെ വനിതയില്‍ വാ‍യിച്ച ഒരു നീണ്ടകഥ ഓര്‍ത്തു.

സജീവ് കടവനാട് said...

siji നല്ല കഥ. കഥയുടെ നീളം ഒരിക്കല്പോലും വായനയുടെ ഒഴുക്കിനെ തടസപ്പെടുത്തിയില്ല. തുടര്‍ന്നും മനോഹരമായ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു.

വേണു venu said...

സ്വന്തം കഥ,
അന്നയുടെ കഥ.
രാജുവിന്‍റെ, പിന്നെ ആരുടെ ഒക്കെയോ.
കണ്ണില്‍ നിന്ന് കുളത്തിലെ വെള്ളത്തിലേക്ക്‌ ഇറ്റു വീഴുന്നുണ്ടായിരുന്ന കണ്ണുനീര്‍ പോലെ കഥ അവസാനിപ്പിച്ചിരിക്കുന്നു. ഇഷ്ടമായി സിജീ.:)

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു

:)

ദീപു : sandeep said...

നല്ല കഥ. ഇഷ്ടമായി. :)

ഗുപ്തന്‍ said...

thirichuvannathil santhosham.. :)
kathha nannaayi

Siji vyloppilly said...

സുല്‍ നന്ദി
ശാലിനി ഹോസ്റ്റലില്‍ ജീവിച്ചവര്‍ അതു ചിലപ്പോഴെങ്കിലും മിസ്സ്‌ ചെയ്യാണ്ടിരിക്കില്ല അല്ലേ?
കിനാവേ കഥക്ക്‌ നീളം കൂടിയാല്‍ അത്‌ ഒന്ന് വരമൊഴിയില്‍ ടൈപ്പു ചെയ്യുന്നതിനിടയില്‍ നൂറു പ്രാവശ്യം പ്രാകും.;)
വേണു മാഷിന്റെ കമന്റു വീണില്ലെങ്കില്‍ കഥക്ക്‌ എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക്‌ തോന്നിക്കാറുണ്ട്‌,കാരണം മാഷ്‌ കഥ വായിക്ക്കതിരിക്കില്ലെന്നറിയാം.;)
സഹയാത്രികന്‍,ദീപു നന്ദി.
മനു- സമ്മര്‍ ആയതിനാല്‍ കുറെ വേറെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു.നമുക്കിങ്ങനെ കഥമാത്രം എഴുതിയിരുന്നാല്‍ പോരല്ലോ,പിള്ളേര്‍ക്കാണെങ്കില്‍ ഞാന്‍ കമ്പ്യൂട്ടര്‍ തുറക്കുന്നതേ കലിയാണ്‌,എന്നാണ്‌ 2 കൂടി അത്‌ തല്ലിപ്പൊളിക്കണതെന്നറിയില്ല..ഇവിടെയിപ്പോ തണുപ്പായി ഞാന്‍ ഇനിയെന്തെങ്കിലുമൊക്കെ എഴുതാന്‍ ശ്രമിക്കുന്നുണ്ട്‌.

വിഷ്ണു പ്രസാദ് said...

സിജിയുടെ ശൈലിയുടെ പ്രത്യേകതയാണ് ഈ കഥയെ വായനാര്‍ഹമാക്കുന്നത്.ആശയപരമായ പുതുമയൊന്നും ഈ കഥയ്ക്കില്ല.

അനംഗാരി said...

സിജീ,വിഷ്ണുവിന്റെ പ്രതികരണത്തിനോട് യോ‍ജിക്കുന്നു.സിജിയുടെ ശൈലീവ്യത്യാസം കൊണ്ട് കഥ മനോഹരമായിട്ടുണ്ട്.രണ്ട് സ്വവര്‍ഗ്ഗസംഭോഗികളെ അവതരിപ്പിക്കാന്‍ പറഞ്ഞ രിതി കുളക്കടവില്‍ സാധാരണയായി സന്ധിക്കാറുള്ളത് സ്വവര്‍ഗ്ഗരതിക്കാര്‍ മാത്രമാണ് എന്ന് പറഞ്ഞിടത്ത് കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാക്കിയിരുന്നു.
എങ്കിലും ഈ ശൈലിയെ ഞാന്‍ അഭിനന്ദിക്കുന്നു.

സജീവ് കടവനാട് said...

‘അന്ന ചിരിച്ചുകൊണ്ട്‌ കൈകള്‍ വീശി ഒരു പൊട്ടു പോലെ എന്റെ ജീവിതത്തില്‍ നിന്ന് നടന്നകന്നു.'

ഡയറിയില്‍ ഇങ്ങിനെ എഴുതിയതില്‍ നിന്ന് ജീവിതത്തില്‍ നിന്ന് എന്ന് എഴുതിയത് ഒഴിവാക്കി കൂടേ. ഇനിഒരിക്കലും കാണില്ല എന്ന് ഉറപ്പുണ്ടെങ്കിലല്ലേ അങ്ങിനെയൊക്കെ എഴുതൂ‍.

Siji vyloppilly said...

വിഷ്ണു മാഷ്‌ അഭിപ്രായത്തിനു നന്ദി.
ശരിക്കും പറഞ്ഞാല്‍ ഈ കഥ ഞാന്‍ ഇപ്പോള്‍ എഴുതിയതല്ല. 12 വര്‍ഷം മുമ്പെഴുതിയത്‌ ഒന്നു കൂടി പൊടിതട്ടിയെടുത്തതാണ്‌. അന്ന് ഇതിന്‌ തിരുവന്തപുരം യൂണിവേഴ്സ്‌ സിറ്റി നടത്തിയിരുന്ന 'വി.പി ശിവകുമാര്‍' കഥാ സമ്മാനം ലഭിച്ചിരുന്നു. അന്ന് എഴുതിയ കഥകള്‍ കൃത്യമായി സൂക്ഷിച്ചുവെക്കുന്ന പതിവ്‌ എനിക്കില്ലായിരുന്നു,അങ്ങിനെ എവിടെയോ കളഞ്ഞു പോയി.
ആ കഥയുടെ രൂപവും കുറെ ഭാഗങ്ങളും ഓര്‍മ്മയുണ്ടായിരുന്നു,അത്‌ അതുപോലെത്തന്നെ എഴുതി എന്റെ ആദ്യകാല രചനകളുടെ ഓര്‍മ്മക്കായി വെക്കണം എന്നു തോന്നി;)
75 ശതമാനം ഭാഗങ്ങള്‍ അതുപോലെയാണ്‌ കുറച്ച്‌ ഒക്കെ മാറ്റം വന്നിട്ടുണ്ട്‌.
അനംഗാരി മാഷ്‌ - സവര്‍ഗ്ഗ സ്നേഹം അവതരിപ്പിക്കല്‍ തന്നെയായിരുന്നു ഉദ്ദേശം, തൊണ്ണൂറുകളില്‍ ഇതെഴുതുമ്പോള്‍ ചെറിയൊരു പേടി എനിക്കുണ്ടായിരുന്നു.;) കേരളവര്‍മ്മ കോളേജിന്റെ കുളക്കടവാണോ അത്‌? ;)
കിനാവേ- ശരിയാണ്‌ പറഞ്ഞത്‌, മാറ്റുന്നുണ്ട്‌. ഒരു കഥ എഴുതിക്കഴിഞ്ഞാല്‍ ചുരിങ്ങിയത്‌ 20 പ്രാവശ്യമെങ്കിലും വായിച്ചു നോക്കണം എന്ന് പണ്ടാരോ പറഞ്ഞത്‌ ഓര്‍മ്മവരുന്നു. പ്രത്യേകം നന്ദി.

Inji Pennu said...

പന്ത്രണ്ട് കൊല്ലം മുന്‍പെഴുതിയ കഥയാണോ? അമ്മേ! അന്നൊക്കെ ഐസ്ക്രീം ഏത് ഫ്ലേവര്‍ എന്നാലോചിച്ചിരിക്കായിരുന്നു ഞാനൊക്കെ. അപ്പഴേ ഇത്ര കട്ടി വിഷയങ്ങളൊക്കെ എങ്ങിനെ കൈകാര്യം ചെയ്തു ആവോ?

എനിക്ക് കഥയുടെ നരേഷന്‍ ഭയങ്കര ഇഷ്ടായി. കഥ ഇഷ്ടായില്ല്യ.

Inji Pennu said...

പിന്നെ 111 ഇതിനു പകരം III ഇങ്ങിനെയല്ലേ എഴുതാ? റോമന്‍ ലെറ്റേര്‍സ് അല്ലേ ഉദ്ദേശിച്ചത്?

Sanal Kumar Sasidharan said...

നല്ല കഥ.നല്ല ശൈലി.സ്ത്രീ ലൈംഗീകതക്കപ്പുറം കഥയെ കൊണ്ടെത്തിച്ച ശൈലിക്ക് അഭിനന്ദനങ്ങള്‍.

പിന്നെ ഈ സഹമുറിയന്‍ എന്ന വാക്ക് കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം.ഈ വിരസമായ തര്‍ജ്ജമയല്ലാതെ വേറൊന്നുമില്ലേ അതിന് പകരം

naveen said...

കുറേനേരം ഉറങ്ങിയശേഷം ഒന്നുണരുക.
ഓടിയോടിവന്ന് നീണ്ടോന്നു ചാടുക.
വായിച്ചൊതുക്കിയപ്പോള്‍ ഇങ്ങനെ തോന്നി.
ധീരമായ സമീപനം . ഉഷ്ണം, കമ്യൂണിസ്റ്റുപച്ച, കുളത്തില്‍ വീഴുന്ന മഴ.കഥയിലെ ചൂടൂം കുളിരും പച്ചപ്പും.
ചേച്ചിയുടെ പ്രൊഫൈല്‍ ആദ്യമായ് കണ്ടപ്പോള്‍ ഞാനോര്‍ത്തത് ഡാവിഞ്ചിയുടെ മൊണാലിസയെ!
ആനന്ദവും വിഷാദവും വേര്‍തിരിച്ചറിയാനാവാതെ കഥാ ‘മുഖത്ത് ’ഇഴപിരിഞ്ഞുകിടക്കുന്നു.

പ്രിയംവദ-priyamvada said...

സിജി..എനിക്ക് രണ്ടുപ്രാവശ്യം രണ്ടുതരം പരിഭവം തോന്നി..

ആദ്യം വായിച്ചപ്പോള്‍ ഇതു എഴുതാന്‍ സിജി വേണൊ എന്നു...

പിന്നെ ഇതു 12 വര്‍ഷം മുന്‍പെഴുതിയതാണെന്നു കേട്ടപ്പൊള്‍ ഇപ്പൊള്‍ അധികം എഴുതാതിരിക്കുന്നതിനും..

qw_er_ty

Siji vyloppilly said...

ഇഞ്ചി,
എന്തും തുറന്നു പറയുന്നതില്‍ ആദ്യമേ നന്ദി. ഇഞ്ചിയുടെ ഇഷ്ട കഥാകൃത്തായ സുഭാഷ്‌ ചന്ദ്രന്‍ 'ഘടികാരം നിലക്കുന്ന സമയം' ഒക്കെ എഴുതിയ കാലത്തിനും കുറെ ശേഷമാണ്‌ ഞാന്‍ ഇതൊക്കെ എഴുതുന്നത്‌,ഇപ്പോഴും മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സുഭാഷിന്റെ കഥ അച്ചടിച്ചു വന്നത്‌, ഒട്ടൊരു അത്ഭുതത്തോടെ വായിച്ചത്‌ ഒക്കെ ഇന്നലെപോലെ ഓര്‍മ്മവരുന്നു. അതൊക്കെ വച്ചു നോക്കുമ്പോള്‍ ഇതൊക്കെ ഒരു തൂവലിന്റെ കനം മാതൃമുള്ള വിഷയങ്ങളല്ലേ? ;)
ഞാന്‍ റോമന്‍ ലെറ്റേഴ്സ്‌ എന്നൊന്നും ഉദ്ദേശിച്ചില്ല, വെറുതെ ഒരു രസത്തിന്‌ അങ്ങിനെയൊരു തരം തിരിവു കൊടുത്തു എന്നു മാത്രം, ഇഞ്ചി പറഞ്ഞപ്പോഴാണ്‌ ശ്രദ്ദിച്ചത്‌.

സനാതനന്‍ - ;) ഇത്രയും ഭംഗിയായി ഒരു കഥയിലെ കല്ലുകടിയെ തിരിച്ചറിയുന്നതും പറയുന്നതുമായ വായനക്കാര്‍ ആണ്‌ ബ്ലോഗിലൂടെ എനിക്കു കിട്ടിയ ഏറ്റവും വല്യ നേട്ടം.

നവീന്‍- ഇത്ര നന്നായി എഴുതുന്ന ആള്‍ ഒരു കഥയും ബ്ലോഗിലിടാത്തതു കഷ്ടാണ്‌. .

പ്രിയംവദേച്ചി - എന്റെ ബ്ലോഗിങ്ങനെ മാറാല പിടിച്ചു കിടക്കല്ലെ ആയിരുന്നു. ഒന്നും എഴുതാന്‍ കിട്ടുന്നുമില്ല. മടിയെന്നു പറഞ്ഞത്‌ കൂടപ്പിറപ്പും. പുരാതന വസ്തുക്കളെ പറ്റി അങ്ങിനെയാണ്‌ ആലോചിച്ചത്‌.
നല്ല കഥകളൊക്കെ എഴുതണ
മെന്നുണ്ട്‌ ചേച്ചി. പക്ഷെ പറ്റണ്ടെ..;)

ബാജി ഓടംവേലി said...

സത്യം പറഞ്ഞാല്‍ നീളം കണ്ട്‌ ഇട്ടിട്ടു പോയതാ..
കിനാവിന്റെ വാരഫലം കണ്ട്‌ വന്നു വീണ്ടും വായിച്ചു....
കിനാവിനു നന്ദി....
സിജി നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍.

simy nazareth said...

സിജി, ശാന്തമായ ശൈലി. കഥ സുന്ദരമായിട്ടുണ്ട്.

സഹമുറിയന്‍ വേണ്ടാട്ടോ. സഹവാസി പിന്നെയും കൊള്ളൂല്ലേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഏകാന്തതയെ മറന്നു തുടങ്ങിയിരുന്നു”
ആദ്യം സൌഹൃദം എന്നു മാത്രാ കരുതിയെ. പിന്നെ ഇടയ്ക്കുള്ള ആ വരിയും അവസാനത്തെ പാരഗ്രാഫുകളും കൂട്ടി വായിച്ചപ്പോള്‍ മനസ്സിലായി.. അയ്യേ :) (കഥ കൊള്ളാട്ടോ)

SHAN ALPY said...

ഹ്രുദയത്തുടിപ്പുകള് .....

ആശംസകളോടെ,
ഷാന്

സാല്‍ജോҐsaljo said...

കഥയിലെ ഇഴയടുപ്പം നന്നായിരിക്കുന്നു.

d said...

സിജി, കഥ ഇഷ്ടമായി.. എങ്കിലും കുളക്കടവിനെക്കുറിച്ച് കഥയുടെ ഇടയില്‍ ഉള്ള പരാമര്‍ശം ആവശ്യമായിരുന്നോ (സ്വവര്‍ഗ്ഗ രതിക്കാരെ മാത്രമേ കണ്ടിരുന്നുള്ളൂ എന്നത്)?. അത് അവരുടെ സൌഹൃദത്തിന്റെ തുടര്‍വായനയെ ഒരു മുന്‍ വിധിയോടെ സമീപിക്കാന്‍ ഇടയാക്കിയില്ലേ എന്ന് ഒരു സംശയം.. (ഒടുക്കം എന്തായാലും)

salil | drishyan said...

സിജീ, കഥ നന്നായി.

വീണയുടെ അഭിപ്രാ‍യം എന്‍‌റ്റെ മനസ്സിലുമുണ്ടായി. “... സ്വവര്‍ഗരതിക്കാരായ ചില പെണ്‍കുട്ടികളല്ലാതെ മറ്റാരേയും ഞാന്‍ ആ ഭാഗത്തു കണ്ടിട്ടില്ല“ എന്ന പരാമര്‍ശം ആവശ്യമില്ലാത്തതായ് തോന്നി. പണ്ടു മുതലേ അവര്‍ തമ്മിലുണ്ടായ ബന്ധത്തിന്‍‍‌റ്റെ സൂചനയാണോ എന്ന അനാവശ്യ സംശയം അത് ജനിപ്പിക്കും.

സസ്നേഹം
ദൃശ്യന്‍

Siji vyloppilly said...

ബാജി ;)
സിമി നന്ദി.

ചാത്തോ..കുറെ നാളയല്ലോ കണ്ടിട്ട്‌ എന്നു വിചാരിച്ചിരിക്കായിരുന്നു.പിന്മൊഴി നിര്‍ത്തിയതില്‍ എനിക്കേറ്റവും വിഷമം എവിടെയെങ്കിലുമൊക്കെ വീണ്‌ എന്നെ കുറെ ചിരിപ്പിക്കാറുണ്ടായിരുന്ന ചാത്തന്റെ കമന്റുകളെക്കുറിച്ചോര്‍ക്കുമ്പോഴാണ്‌.

ഷാന്‍ -നന്ദി
സാല്‍ജോ- ;)
അനില്‍- ഒരേ നാട്ടുകാരെ കാണുമ്പോള്‍ കൂടുതല്‍ സുഖം,
വീണ - അഭിപ്രായത്തിനു കൂടുതല്‍ നന്ദി.
ഞാന്‍ അങ്ങിനെ അത്ര ആലോചിച്ചിട്ടില്ലായിരുന്നു. ദൃശ്യനും അതേ അഭിപ്രായം പറഞ്ഞു.
മുന്‍പ്‌ അവരുടെ ഇടയില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഞാന്‍ അവിടെ മാറ്റാന്‍ ശ്രമിക്കാം. (കഥയെഴുതി പോസ്റ്റ്‌ ചെയ്താല്‍ എനിക്ക്‌ മടിയാണ്‌ മാറ്റാനൊക്കെ.;)
വീണയുടെ ബ്ലോഗ്‌ ഇപ്പോഴാണു കാണുന്നത്‌.
ദൃശ്യന്‍ - ;)

കുട്ടിച്ചാത്തന്‍ said...

ഇടക്കിടെ വരാറുണ്ട് ട്ടാ മറുപടിയോ വേറേ പോസ്റ്റോ വന്നോന്ന് നോക്കാന്‍ :) ചാത്തന്റെ കമന്റുകള്‍ ചിരിപ്പിക്കാറുണ്ട് എന്ന് കേട്ടതില്‍ ഒത്തിരി ഒത്തിരി സന്തോഷം.

വാളൂരാന്‍ said...

മനോഹരമായ വളരെ ഇഷ്ടപ്പെട്ട കഥ....

അനിയന്‍കുട്ടി | aniyankutti said...

സിജിച്ചേച്ചീ... എന്തൊരു മനോഹരമായ ഭാഷയാണ്‌ ചേച്ചി ഉപയോഗിക്കുന്നത്. വാക്കുകളിലൂടെ ഓരോ വികാരത്തെയും എത്ര കൃത്യമായാണ്‌ പ്രതിഫലിപ്പിക്കുന്നത്. ഓരോ ദൃശ്യവും കണ്മുന്നില്‍ കാണുന്ന പോലെ തോന്നി. അസ്സല്‍ ഒഴുക്കുള്ള കഥ. വളരെ നന്നായിട്ടുണ്ട്. നല്ല ഇഷ്ടമായി.

കേരളവര്‍മ്മയാണോ കോളേജ്?

muttayitheru.blogspot.com said...

Dear Siji...
Yellaam Vaayichu Theernnilla,
Pakshe.. Athinu Mumbey Thanne
Abhiprayam Ariyikkanamennu Thonni.

Nalla Bhasha..
Keep it up.

Rafeeq Panniyankara
00 966 553 363 454
panniyankara@gmail.com