Saturday, February 17, 2007

സമയയന്ത്രം

ദൈവം അയാളോട്‌ അരുളി ചൈയ്തു. 'മകനേ ഞാനിതാ നിനക്ക്‌ ഈ സമയയന്ത്രം സമ്മാനമായിത്തരുന്നു. ഇത്‌ ഇടത്തോട്ട്‌ തിരിച്ചാല്‍ നിനക്ക്‌ ഭൂതകാലത്തിലേക്ക്‌ പോയ്‌ വരാം, വേണമെങ്കില്‍ നിന്റെ ഭൂതകാലം നിനക്കു തിരുത്താം വലത്തോട്ടാണെങ്കില്‍ ഭാവിയിലേക്കു പോകാം പക്ഷെ അവിടെയാകുമ്പോള്‍ നിനക്ക്‌ ഒന്നും തിരുത്താനാകില്ല എല്ലാം കാണാമെന്നു മാത്രം.ഈ സമയയന്ത്രം തേടി നിന്റെ സ്വപ്നത്തിലൂടെ പലരും കടന്നുവരും.അപേക്ഷകള്‍,ചതിപ്രയോഗങ്ങള്‍,ഭീഷണികള്‍..നിനക്കു വേണമെങ്കില്‍ അവര്‍ക്കിതു സ്വപ്നത്തിലൂടെതന്നെ കൈമാറാം.എല്ലാം നിന്റെ ഇഷ്ടം പോലെ'..

'ദൈവം തന്ന സമ്മാനം'
ആദ്യമത്‌ വിശ്വസിക്കാന്‍ പ്രയാസമായിരുന്നെങ്കിലും അയാളത്‌ തിരിച്ചും മറിച്ചും നോക്കി.അയാളൊരു ഉറച്ച ദൈവ വിശ്വാസിയായിരുന്നില്ല എങ്കിലും നിരീശ്വരവാദിയണെന്നു പറഞ്ഞുകൂടാ. സമൂഹത്തിലെ എഴുപത്തിയഞ്ചു ശതമാനം ആളുകളും പറയുന്നതുപോലെ

'ദൈവം എനിക്ക്‌ പണവും,പഠിപ്പും,വലിയ വീടും, കാറും, സുന്ദരിയായ ഭാര്യയേയും കുട്ടിയേയും നല്‍കി' എന്നു പറയാറുണ്ട്‌,എങ്കിലും തുരുമ്പു പിടിക്കാറായൊരു ടൈം മെഷീന്‍ സമ്മാനമായിത്തരുവാനുള്ള ബന്ധം അയാള്‍ക്കും ദൈവത്തിനുമിടയിലുണ്ടോ?

അയാളാ സമയയന്ത്രത്തെ ഷോകേയ്സിലെടുത്തുവച്ച്‌ അതിന്റെ ഏന്റിക്ക്‌ ഭംഗി ആസ്വദിച്ചു.

ബോംബയിലെ ഒടുങ്ങാത്ത ട്രാഫിക്ക്ജാമുകള്‍,കത്താത്ത സിഗ്നലുകള്‍,പൊടിപടലങ്ങളില്‍ കുടുങ്ങി ഉഷ്ണിച്ചമര്‍ന്നകാറ്റ്‌,പകലിന്‌ക്ലാവു പിടിച്ച നിറമാണ്‌. വണ്ടി തുടച്ചുതരുവാന്‍ തുണിയുമായി റോട്ടിലെങ്ങുമലഞ്ഞുതിരിയുന്ന ചെറുക്കന്മ്മാര്‍ മൂന്നോ നാലോതവണയായി കാറിന്റെ ഡോറിലടിക്കുന്നു.എന്നത്തേയും പോലെ മൂര്‍ച്ചയുള്ള നോട്ടം പകരം നല്‍കി.
വീട്ടിലെത്തിയതും ഒരു ദിവസത്തെ വിയര്‍പ്പു മണക്കുന്ന ഉടുപ്പുകളുരിയെറിഞ്ഞ്‌ ഭാര്യയുണ്ടാക്കിവെച്ച പഴം പൊരി കഴിക്കാനിരുന്നു.ഒടുക്കത്തെ ട്രാഫിക്ക്‌ ജാമുകളില്ലെങ്കില്‍ ജീവിതം കുറച്ചുകൂടി സുന്ദരമായേനെ.
രാത്രി അയാള്‍ക്കു വേണ്ടി പ്രിയപ്പെട്ട ഭക്ഷണം ഭാര്യ വിളമ്പി,മകന്‍ അച്ഛന്റെ ഉരുളകള്‍ക്കായി വായ്‌ തുറന്നു,ഭാര്യയുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. രാത്രിയില്‍ മതിയാവോളം അവര്‍ ഇണചേര്‍ന്നു.കിതപ്പോടെപോയി ബീജങ്ങളെ കഴുകിമാറ്റി ഫ്ര്ഡ്ജില്‍ നിന്നും കുറച്ച്‌ ജ്യൂസെടുത്തു കുടിച്ചു. അപ്പോഴേക്കും ഭാര്യ ഉറങ്ങിക്കഴിഞ്ഞിരുന്നു.തളര്‍ന്നുറങ്ങുന്ന ഭാര്യയെനോക്കി അയാളൊന്നു മന്ദഹസിച്ചു,വേഴ്ച്ചകളുടെ അവസാനം തളര്‍ന്നുറങ്ങുന്ന പെണ്ണ്‍ അയാളുടെ മനസ്സിനിഷ്ടപ്പെട്ട കാഴ്ച്ചയാണ്‌.

ഉറക്കത്തിന്റെ ചുഴിയില്‍ വീണപ്പോഴേക്കും സ്വപ്നങ്ങള്‍ കടന്നു വന്നു.സ്വപ്നങ്ങളെ അയാളെന്നും ഇഷ്ടപ്പെട്ടിരുന്നു.
കടപ്പുറത്തെ സായാഹ്നം,പാര്‍ക്കില്‍ കളിക്കുന്ന കുട്ടികള്‍,പൂക്കള്‍ പറിക്കുന്ന ഭാര്യ,സുഹൃത്തുക്കളുമായി മദ്യപിക്കുന്ന അയാള്‍ എന്നിങ്ങനെ എപ്പോഴും സ്വപ്നങ്ങള്‍ക്ക്‌ ഒരേ പാറ്റേണുകളായിരുന്നു.കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളോ പൂക്കളോ,കൊത്താന്‍ വരുന്ന പാമ്പോ,പ്രിയപ്പെട്ടവരുടെ മരണമോ,മരു ഭൂമിയിലൂടെയുള്ള യാത്രയോ ഒന്നും അസ്വസ്ഥമാക്കുവാന്‍ വന്നിരുന്നില്ല.
അവിശുദ്ധമാപ്പെട്ട സ്വപനങ്ങള്‍ അന്നു തൊട്ടാണാരംഭിച്ചത്‌.

അന്ന് സ്വപ്നത്തില്‍ ചൂടേറ്റ്‌,ഉണങ്ങി നടുഭാഗം പിളര്‍ന്നുനില്‍ക്കുന്ന മരങ്ങളെ കടപുഴക്കിവീഴ്ത്തുന്ന കാറ്റ്‌ കൂകിക്കൊണ്ട്‌ നാശം വിതച്ചു.

ഒരു വൃത്തിയില്ലാത്ത പെണ്‍കുട്ടി ആദ്യമായാണ്‌ അയാളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്‌.മുടിയിലെങ്ങും പറ്റി നില്‍ക്കുന്ന ചെങ്കല്ലുപൊടി,മെലിഞ്ഞു കറുത്ത കൈകളില്‍ മുഷിഞ്ഞു നില്‍ക്കുന്ന അഞ്ചാറു റബ്ബര്‍ വളകള്‍,പാവാടയില്‍ പറ്റിനില്‍ക്കുന്ന കാലപ്പഴക്കമുള്ള കറകള്‍.

'എന്തുവേണം'? അയാള്‍ ചോദിച്ചു.

'ദയ ചേയസി നാക്കു അദി ഇവണ്ടി'
തെലുങ്ക്‌ അയാള്‍ക്ക്‌ കുറച്ചൊക്കെ അറിയാം എങ്കിലും ശരിക്കുമറിയാത്ത ഭാഷ തന്നോടു സംസാരിക്കുന്നതിലുള്ള ഔചിത്യമില്ലായ്മ അയാളെ ചൊടിപ്പിച്ചു.വഴിവക്കില്‍ നിന്നിരുന്ന ഒരു ഉണങ്ങിയ കാട്ടു ചെടി പറിച്ചെടുത്ത്‌ അയാളവളെ 'പോ,പോ' യെന്നു പറഞ്ഞ്‌ ആട്ടിയോടിപ്പിച്ചു.
പെട്ടന്ന് പെണ്‍കുട്ടി പച്ച മലയാളത്തില്‍ അയാളോട്‌ സംസാരിക്കാനാരംഭിച്ചു.

'ഞങ്ങളുടെ കണ്ടത്തില്‍ കരിമ്പ്‌ നടാനാണ്‌ അബ്ബ ആദ്യം വിചാരിച്ചിരുന്നത്‌.ഇക്കൊല്ലം നെല്ലു വിതക്കുന്നതല്ലേ നല്ലതെന്ന ചന്ദ്രു കാക്കയുടെ ചോദ്യമാണ്‌ എല്ലാം മാറ്റിമറിച്ചത്‌,ഇരുപത്തിയയ്യായിരം പലിശക്കെടുത്തിട്ടാണ്‌ നെല്ലു വിതച്ചത്‌ അതിനിടയിലായി അക്കയുടെ കല്ല്യാണവും വന്നു.തഴച്ചുവന്ന നെല്ലിനു തണ്ടു ചീയല്‍ വന്നത്‌ എല്ലാം തുലച്ചു.കടം തിരിച്ചടക്കാനാകാതെ അബ്ബ വിഷം കഴിച്ചു മരിച്ചു.കരിമ്പിനു പകരം നെല്ലെന്ന ഒരേയൊരു തീരുമാനമാണ്‌ എല്ലാത്തിനും കാരണം.

അവള്‍ കരയാതെ നില്‍ക്കുന്നത്‌ അയാളെ അത്ഭുതപ്പെടുത്തി. സാധാരണയായി ഇത്തരം കഥകള്‍ കണ്ണീരിന്റെ ഉടമ്പടിയില്ലാതെ പറയാനൊക്കുക വിഷമമാണ്‌.

പെണ്‍കുട്ടി ചിന്തിച്ചത്‌ മറ്റൊരു വിധമാണ്‌,അവള്‍ വേണ്ടതിലധികം ചെറുപ്രായത്തിലേ കരഞ്ഞു കഴിഞ്ഞു.കടക്കാരുടെ വാതില്‍ മുട്ടുകള്‍,ഭൂവുടമയുടെ ഭീഷണി ഒക്കെ വേണ്ടതിലധികമുണ്ട്‌.കണ്ണീരുകൊണ്ട്‌ അവളുടെ ഉണങ്ങി വരണ്ട്‌ കഞ്ഞിപ്പാത്രം തിളച്ചു മറിയാന്‍ പോകുന്നില്ല.,കരിഞ്ഞുണങ്ങിയ നെല്ലോലകൊണ്ട്‌ എത്രനാള്‍ വെള്ളം തിളപ്പിച്ചൊരിറക്കു ചായയുണ്ടാക്കും.

അവള്‍ക്കിപ്പോഴാവശ്യം ആ സമയയന്ത്രമാണ്‌.കരിമ്പിനു പകരം നെല്ലെന്ന ഭൂതകാല വ്യഥയാണവളെ ഇവിടെ കൊണ്ടുവന്നെത്തിച്ചത്‌.
അവളുടെ അബ്ബ നല്ലവനായിരുന്നു.ആരേയും ദ്രോഹിച്ചില്ല,വഞ്ചിച്ചില്ല,കളവു പറഞ്ഞില്ല.സമയദോഷം കൊണ്ട്‌ സംഭവിച്ച വിധിയെ അവള്‍ക്കു തിരുത്തണം.

'സാര്‍..ദയ ചേയസി നാക്കു അദി ഇവണ്ടി'.

അയാളുടെ ഹൃദയം ചെറുതായൊന്നലിഞ്ഞു. പെട്ടന്നു തന്നെ തലച്ചോറിന്റെ ജാഗ്രത അയാളുടെ ബുദ്ധിയെ തിരിച്ചു പിടിച്ചു.

'എന്തിന്‌ ഇവള്‍ക്കിതു ഞാന്‍ കൊടുക്കണം,ഇക്കൊല്ലം നെല്ലിനു തണ്ടു ചീയല്‍ വരുവാന്‍ സാദ്ധ്യതയുണ്ടെന്ന് പത്ര വാര്‍ത്തകള്‍ വന്നിരുന്നത്‌ ഇവളുടെ അബ്ബ അറിയാതിരുന്നതെന്ത്‌? കര്‍ഷകര്‍ക്കു വേണ്ടി എത്രയോ പരിപാടികള്‍ റേഡിയോ സം പ്രേക്ഷണം ചെയ്യുന്നു,അതൊക്കെ പിന്നെ ആര്‍ക്കു വേണ്ടിയുള്ളതാണ്‌? ഇത്രയും ദുഖം പേറുന്നവള്‍ കരയാതെ വന്ന് ഇതൊക്കെ അവതരിപ്പിക്കുകയെന്നുള്ളതിലും അസ്വഭാവികതകളുണ്ട്‌.

സാര്‍, ഞാന്‍ ഇവിടെ നിങ്ങളുടെ മറുപടിക്കായ്‌ കാത്തിരിക്കാം. ചുട്ടു പൊള്ളുന്ന ഒരു കൂറ്റന്‍ കരിങ്കല്ലിനു മുകളില്‍ പെണ്‍കുട്ടി കയറിയിരുന്നു.അവളുടെ ബ്ലസും പാവാടയും വിയര്‍പ്പില്‍ നനഞ്ഞ്‌ എല്ലുന്തിയ ശരീരത്തെ കൂടുതല്‍ വിരൂപമാക്കി.കല്ലിന്മ്മേല്‍ ഒരു മെലിഞ്ഞുണങ്ങിയ അരണക്കുട്ടി അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ അവള്‍ കൈകള്‍ താടിയിലൂന്നി താഴേക്കുനോക്കിയിരുന്നു.അയാളപ്പോഴേക്കും രണ്ടുമൂന്നു ചുവടുകള്‍ മുമ്പിലേക്കെടുത്തിരുന്നു.
മണല്‍ക്കാറ്റേറ്റ്‌ അയാളുടെ ചുണ്ടുകള്‍ വരണ്ടു,ഇനിയും കുറച്ചുകൂടി നടന്നാലേ അരുവിയൊഴുകുന്ന തുരുത്തിലെത്താനാകൂ,റബ്ബര്‍ ചെരുപ്പിന്റെ വള്ളിയാണെങ്കില്‍ ഇപ്പോള്‍ പൊട്ടുമെന്ന മട്ടിലാണ്‌ നില്‍ക്കുന്നത്‌.

'ഒന്നു നില്‍ക്കൂ'

യുവത്വമുള്ളതെങ്കിലും അവശതയാര്‍ന്ന സ്വരം.
'എന്തു വേണം'?

'ഞാനവളെക്കൊന്നു ആ തേവടിശ്ശീടെമോള്‌ ഞാനവിടെ കടന്നു വരുമ്പോള്‍ അവന്റെയൊപ്പം നൂലിഴയില്ലാതെ കിടക്കുകയായിരുന്നു.ഒന്നും നോക്കിയില്ല കണ്ടതെടുത്ത്‌ ഞാനവളെ അടിച്ചു കൊന്നു.വീണ്ടും ദേഷ്യം മാറാതെ അവളുടെ മുഖത്തെ ഞാന്‍ കാലുകൊണ്ട്‌ ചവിട്ടി ചതച്ചു,വൃത്തികെട്ട മുലകളെ അരിഞ്ഞെടുത്തു.ഊരക്കിട്ട്‌ വെട്ടുകയും തുടകളില്‍ കത്തികൊണ്ട്‌ വരയുകയും ചെയ്തു'.

'നിങ്ങള്‍ ചെയ്യേണ്ടതു ചെയ്തു. ഞാന്‍ നിങ്ങളുടെ പക്ഷത്താണ്‌'.

'പ്രശ്നം അതല്ല എനിക്കൊരു മോളുണ്ട്‌.ഞാന്‍ അഴിക്കുള്ളിലായാല്‍ അവളെ ആരു നോക്കും? വിശ്വസിക്കാന്‍ പറ്റുന്ന ബന്ധുക്കള്‍ എനിക്കില്ല.എന്റെ മോളിപ്പോള്‍ എന്നെക്കാണുമ്പോള്‍ ഭയത്തോടെ നോക്കുന്നു.അവളുടെ അമ്മയെ തുണ്ടമാക്കിയത്‌ ഞാനല്ലേ'

അതിനിപ്പോള്‍ ഞാനെന്തുവേണം?

ഞാനൊരു നല്ല ഭര്‍ത്താവായിരുന്നില്ല, എന്റെ കുടുംബത്തിനുവേണ്ടി നീക്കിവെക്കാന്‍ എനിക്കു സമയമുണ്ടായിരുന്നില്ല.ഓരോരോ പുതിയ ബിസിനസ്സുകള്‍ തുടങ്ങി എല്ലാം പൊളിഞ്ഞു.ജോലിക്കായുള്ള അലച്ചിലുകളും,അലോരസപ്പെടുത്തുന്ന കടക്കെണികളും മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളു.കിട്ടുന്ന കാശുകൊണ്ട്‌ തൃപ്തിപ്പെട്ട്‌ ചെറിയൊരു കുടുംബം പോറ്റാമായിരുന്നു.എന്റെ സ്നേഹം മുഴുവനും ഒരു തടാകമായി എന്നില്‍ത്തന്നെ തളംകെട്ടിനിന്നു,അത്‌ ഒരിക്കലും നിറഞ്ഞു കവിഞ്ഞ്‌ ഭാര്യയെ തണുപ്പിച്ചില്ല.കടലുപോലെ വലിയ ഒന്ന് തിരകളായി തീരത്തുവന്നലക്കുമ്പോഴല്ലെ അതിന്റെ ആഴവും സാന്ദ്രതയും വികാരവും അറിയുവാന്‍ കഴിയൂ.എനിക്കിതു തിരുത്തണം മലര്‍ന്നു കിടക്കുന്ന ഈ ജീവിതത്തെ ഒന്നു തിരുത്തണം.

'ആ തേവടിശ്ശീടെ മോള്‍ക്ക്‌ നിങ്ങള്‍ മാപ്പുകൊടുക്കുന്നുവെന്ന്'
അയാള്‍ ഒന്നും പറഞ്ഞില്ല.ഓരോ മണല്‍ത്തരിയും കത്തുന്ന മണ്ണില്‍ കഴുത്തിലുണ്ടായിരുന്ന തോര്‍ത്ത്‌ വിരിച്ച്‌ 'നിങ്ങള്‍ അതെനിക്കൊന്നു തരൂ,എനിക്കൊന്നു പിന്നോട്ടു പോയേതീരൂ' വെന്നും പറഞ്ഞ്‌ നിലത്തിരുന്നു.മണല്‍ കാറ്റ്‌ ഒന്നിടവിടാതെ ചൂളമടിച്ചു.

പെണ്ണിനെ വെട്ടിക്കൊന്നതും പോര കുമ്പസാരം നടത്താന്‍ വന്നിരിക്കുന്നു. വികാരങ്ങള്‍ അപ്പപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഗതിയിതാണ്‌.

അയാള്‍ മരുപച്ചയെ ലക്ഷ്യമാക്കിയുള്ള നടത്തത്തിന്റെ വേഗതകൂട്ടി.അകലെ പട്ടകള്‍ പഴുത്തു തുടങ്ങിയ കരിമ്പനക്കുതാഴെ ഭര്‍ത്താവു മരിച്ച രണ്ടു സ്ത്രീകള്‍ അയാളെ കാത്തു നിന്നിരുന്നു.ഒരു സ്ത്രീയുടെ ഒക്കത്ത്‌ പത്തു മാസത്തോളം പ്രായമുള്ള ഒരു കൈകുഞ്ഞിരിക്കുന്നു.
അവരുടെ കണ്ണുകളിലെ ഭാവം ദൈന്യതയാണ്‌. ശരീരം ദാരിദ്ര്യത്തിന്റെ നേര്‍ രേഖകളും.

'അതു ഞങ്ങള്‍ക്കു തരൂ'

അവളിലൊരുവള്‍ സമയയന്ത്രത്തിനായി അയാള്‍ക്കു നേരെ കൈനീട്ടി. തൊലിയടര്‍ന്നതും ചെളിപുരണ്ടതുമായ കൈകളില്‍ ഭാഗ്യരേഖയോ,ആയുസ്സ്‌ രേഖയോ ഒന്നും തെളിഞ്ഞുകാണുന്നില്ല.പൊടിയണഞ്ഞുകിടക്കുന്ന ഒരു ഭൂപടം മാത്രം.
'പടക്ക കമ്പനിയില്‍ ജോലിയായിരുന്നു,എല്ലാം പോയാച്ച്‌..എല്ലാം തീയെടുത്ത്‌'

രണ്ടു സ്ത്രീകളും ഒരുമിച്ച്‌ തേങ്ങിക്കരയുവാന്‍ തുടങ്ങി.അതുകണ്ട്‌ ഒക്കത്തിരുന്ന കുട്ടിയും കരച്ചിലാരംഭിച്ചു.

ഇവര്‍ ഇതെന്തു ഭാവിച്ചാണിങ്ങനെ കരയുന്നതെന്ന് അയാളോര്‍ത്തു.ഭൂമിയിലുള്ള എല്ലാ ദുഖങ്ങളും തീര്‍ത്തുകൊടുക്കാന്‍ താനാര്‌.എങ്കിലും കുട്ടിയുടെ കരച്ചില്‍ അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.പോക്കറ്റില്‍ തപ്പിക്കിട്ടിയ രണ്ടു നൂറുരൂപാ നോട്ടുകള്‍ അയാളതിന്റെ കയ്യില്‍ വെച്ചുകൊടുത്തു.
അപ്പോള്‍ അതിലെ ഒരു സ്ത്രീ ഇങ്ങനെയോര്‍ത്തു-

'എത്രനാളാണ്‌ കല്ലുടച്ചും,റോഡു പണികള്‍ ചൈയ്തും ജീവിതം തള്ളി നീക്കുന്നത്‌.ഒരു വയസ്സ്‌ പ്രായമുള്ള കുട്ടിയെ റോഡിനരുകിലിരുത്തിയാണ്‌പണികളെടുക്കുന്നത്‌.എപ്പോഴാണവന്‍ വണ്ടികള്‍ക്കടിയിലേക്ക്‌ പാഞ്ഞു പോകുകയെന്നറിയില്ല.കണ്ടവന്റെ കാമം തീര്‍ക്കാനായി പലപ്പോഴായി പായയില്‍ കിടന്നു കൊടുക്കുന്നു.ദിവസം ചെല്ലുന്തോറും ഉണങ്ങി വരുന്ന ശരീരം അതിന്റെ സാദ്ധ്യതയേയും കുറക്കുന്നു.സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും വെറുപ്പാണ്‌. ജീവിതം മടുത്തു.

മറ്റൊരുവള്‍ ഇങ്ങനെ ചിന്തിച്ചു - വലിയവര്‍,സമ്പന്നര്‍ അവര്‍ക്കെന്തറിയാം? റോഡരുകില്‍ നിന്നും വരുന്ന സിനിമാപാട്ടിലൂടെയാണ്‌ ജീവിതത്തിന്റെ ഭംഗി കേള്‍ക്കുന്നത്‌,സിനിമാപോസ്റ്ററുകളിലൂടെയാണതുകാണുന്നത്‌.
വിധി വേദനകളുടെ തിരമാലകള്‍ എയ്തൊടുക്കുന്നത്‌ ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണ്‌.വരള്‍ച്ച വിശപ്പിന്റെ തീ വിതക്കുന്നതും വര്‍ഷം കണ്ണീരാല്‍ വിഴുപ്പലക്കുന്നതും ഞങ്ങളുടെ കുടിലുകളില്‍ മാത്രമാണ്‌.ഈ സാറിന്‌ അതു മനസ്സിലാകുമോ?

സ്ത്രീകളൂടെ തേങ്ങല്‍ കുറഞ്ഞു വന്നു.അവളിലൊരുവള്‍ ചൂടേറ്റ്‌ തളര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു.കുഞ്ഞ്‌ മണല്‍ക്കാറ്റേറ്റ്‌ അലറിക്കരയുവാന്‍ തുടങ്ങി.ഇരിക്കാനൊരിടം തേടി അവര്‍ ഇരു പുറവും നോക്കി നിന്നു.

അയാള്‍ക്ക്‌ ആ നശിച്ച അന്തരീക്ഷത്തില്‍ നിന്ന് വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നായി.
ബോംബയിലെ ആറുമണി സമയത്തിന്റെ ക്ലാവുപിടിച്ച നിറം,ട്രാഫിക്ക്‌ ജാമില്‍ പെട്ടുകിടക്കുന്ന വണ്ടികളുടെ ഹോണടികള്‍,ചൂടേറ്റ്‌ വാടിയ സ്ട്രോബറിപ്പഴങ്ങള്‍ വില്‍ക്കാന്‍ വരുന്ന കുട്ടികളുടെ വിഷാദഭാവങ്ങള്‍,ചിരിച്ചുകൊണ്ട്‌ കാറിനു നേരെ കൈനീട്ടുന്ന ഹിജഡകളുടെ മുറുക്കിചുവന്ന പല്ലുകള്‍ എല്ലാമാണ്‌ ഒരു കൊളാഷുപോലെ മനസ്സില്‍ തെളിയുന്നത്‌.

പിന്നില്‍ നിന്നും 'അത്‌ ഞങ്ങള്‍ക്കുതരൂ' 'അതെനിക്കുതരൂ' 'നിങ്ങള്‍ക്കതുകൊണ്ടെന്തുകാര്യം' എന്നുയരുന്ന വിളികളും കാലടി ശബ്ദങ്ങളും.

അയാള്‍ സമയയന്ത്രത്തെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.അതിന്റെ ശരിയായ ഭംഗി അയാളിപ്പോഴാണ്‌ കാണുന്നത്‌.ഇഷ്ടപ്പെട്ട ഒന്നിനെയന്നവണ്ണം അയാളതിനെ പതുക്കെ തലോടി.തിരുത്തപ്പെടേണ്ട ഭൂതവും,ആകാംക്ഷയുള്ള ഭാവിയും അയാള്‍ക്കില്ല.വീടിനെപ്പോലെ,ഭാര്യയെപ്പോലെ,മകനെപ്പോലെ,കാറിനെപ്പോലെ പൊടുന്നനെ അയാളതിനെ അത്രമേല്‍ സ്നേഹിച്ചു.നെഞ്ചോട്‌ ചേര്‍ത്തുവെച്ച്‌,അതിനെ തുടച്ചു മിനുക്കിയെടുക്കുമെന്ന് മനസ്സില്‍ മുദ്രണം ചൈയ്തു.അതിനെ സൂക്ഷിക്കാന്‍ സൂക്ഷ്മതയാല്‍ പണിഞ്ഞെടുത്ത താക്കോലും അടയാത്ത കണ്ണുകളും കാവല്‍ ഭടന്മ്മാരായി.ദൈവം അതുകണ്ട്‌ ഇളകി മറിഞ്ഞു ചിരിച്ചു.

Sunday, February 4, 2007

അമേരിക്കന്‍ ചാന്തുപൊട്ട്‌

ഡയറിക്കുറിപ്പുകള്‍ - 3

ഏഴുവര്‍ഷം മുമ്പാണ്‌ ഈ കഥയുടെ ആദ്യപകുതി തുടങ്ങുന്നത്‌. പഠിപ്പൊക്കെകഴിഞ്ഞ്‌,അമേരിക്കയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനോടൊത്ത്‌ ജീവിക്കാനായി രണ്ടുവലിയ പെട്ടിയും എടുത്താല്‍പൊങ്ങാത്ത കാബിന്‍ലഗേജുമായി യുദ്ധം ജയിച്ചുവരുന്നവളെപ്പോലെ ഞാന്‍ സിന്‍സിനാറ്റി എയര്‍പോര്‍ട്ടിനു പുറത്ത്‌ കാലുകുത്തുന്ന ദിവസം മുതല്‍ അതു തുടങ്ങുന്നു.
കേരളത്തിനേക്കാള്‍ നല്ല ഭൂപ്രകൃതിയുള്ള,പച്ചപ്പുള്ള സ്ഥലം വേറെവിടെയുണ്ടാകാന്‍ എന്നു വിചാരിച്ചു നടന്നിരുന്ന എനിക്ക്‌ അമേരിക്കയിലെ പച്ചപ്പും കാടുകളും ഒരു ഞെട്ടലുണ്ടാക്കി.നിറയെ തണല്‍ വിരിച്ച്‌,നോക്കത്താദൂരം വരെ പച്ചപിടിച്ചും,കിളികള്‍ ചിലച്ചും,ഇളം കാറ്റ്‌ ഒഴുകിവരുന്നതും,മാനും മുയലും ഓടിക്കളിക്കുന്നതുമായ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക്‌ കാലുകുത്തി ഒരാഴ്ച്ചകഴിഞ്ഞതും ഇതാണ്‌ 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന് മനസ്സില്‍ മാറ്റിപറയേണ്ടി വന്നൊരുകാലം.

കുറച്ച്‌ ഇന്ത്യക്കാരും കറുത്തതും വെളുത്തവരുമായ അമേരിക്കക്കാരുമടങ്ങുന്നതുമായൊരു ചെറു സമൂഹമാണ്‌ അയല്‍പക്കത്തുള്ളത്‌. ഞങ്ങളുടെ തൊട്ടുമുകളില്‍ കറുത്തഭാര്യ വെളുത്ത ഭര്‍ത്താ ദമ്പതികള്‍, വലതുവശത്തായി എഴുപതു വയസ്സുപ്രായം തോന്നിക്കുന്ന അമ്മൂമ,ഇടതു വശത്തായി മുപ്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു സായിപ്പ്‌.ഈ സായിപ്പാണ്‌ നമ്മുടെ കഥാനായകന്‍.

എന്റെ ഭര്‍ത്താവ്‌ രാവിലെ ആറുമണിക്ക്‌ ജോലിക്കുപോയി വൈകീട്ട്‌ ആറിന്‌ തിരിച്ചെത്തും. വൈകീട്ട്‌ ആറാകുമ്പോഴേക്കും സുദര്‍ശന ചക്രം പോലെ മൂര്‍ച്ചയുള്ള ചപ്പാത്തിയും, പുളിയൊഴിക്കാതെ എന്തോ മിസ്റ്റേക്കു പറ്റിയ സാമ്പാറും,കുക്കറില്‍ വെയ്റ്റിട്ട്‌ വച്ച്‌ ഉണ്ടാക്കുന്ന കൊഴുക്കട്ടപോലത്തെ ഇഡലിയുമൊക്കെയായി അമേരിക്കയിലെ രുചിയില്ലാത്ത പച്ചക്കറികളെയും,വെള്ളത്തേയും,അടുപ്പിനേയുമൊക്കെ കുറ്റം പറഞ്ഞ്‌ ഞാന്‍ വരവേല്‍ക്കുന്നു. ചുരിക്കിപ്പറഞ്ഞാല്‍ എനിക്കാകാലത്ത്‌ ജോലിയും കൂലിയുമൊന്നുമില്ല. പുതിയ സ്ഥലത്ത്‌ ഉണ്ടും,ഉറങ്ങിയും,പാട്ടുകേട്ടും,വായിച്ചും സമയം തള്ളിനീക്കുന്നു. ഭര്‍ത്താവ്‌ അത്രയധികം സംസാരിക്കാത്ത പ്രകൃതമാണ്‌ ഞാനാണെങ്കില്‍ മറിച്ചും,കത്തിവെക്കാന്‍ വേറെയാളൊന്നുമില്ലാത്തതിനാല്‍ കാലത്തു മുതല്‍ വൈകീട്ടുവരെ ഞാന്‍ കണ്ടകാഴ്ച്ചകള്‍,ആളുകള്‍ ,നടന്ന സംഭവങ്ങള്‍ ഒരക്ഷരം വിടാതെ ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വീട്ടില്‍ കാലുകുത്തുമ്പോള്‍ തന്നെ പറഞ്ഞുതുടങ്ങും.
എന്റെ അപ്പുറത്തെ വീട്ടിലെ സായിപ്പും എന്റെ വായില്‍ നോട്ടത്തിന്റെ പ്രധാന ഇരകളിലൊന്നാണ്‌. അയാള്‍ ഒരു വലിയ റെസ്റ്റോറന്റിലെ ഷെഫാണെന്നും സിന്‍സിനാറ്റിയില്‍ ജനിച്ചു വളര്‍ന്നവനാണെന്നും ഞാന്‍ ചോദിച്ചറിഞ്ഞു.അന്ന് എനിക്ക്‌ സായിപ്പിന്റെ 'ഏക്സന്റ്‌' കഷ്ടിയേ മനസ്സിലാവുകയുള്ളു.റേഡിയോ കേട്ടും,ടി.വി കണ്ടും നല്ല ഇംഗ്ലീഷുതന്നെ പഠിച്ചെടുക്കുന്ന കാലം.അതുകൊണ്ടുതന്നെ അമേരിക്കക്കാരുമായി സംസാരിക്കുവാനായി നേരിയ ഭയം ഉണ്ടായിരുന്നു എന്റെ ഭര്‍ത്താവിന്റെകൂടെ ജോലിചെയ്യുന്നവരിലും അടുത്ത സുഹൃത്തുക്കളിലും ഇന്ത്യക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഷനന്നായൊന്നു പഠിച്ചെടുക്കാതെ ഒരു രക്ഷയുമില്ല. അങ്കവും കാണാം താളിയുമൊടിക്കാം എന്ന ഉദ്ദേശത്തോടെ എപ്പോഴും പുറത്തുകാണുന്ന ഈ സായിപ്പിനോട്‌ ഞാന്‍ സൗഹൃദം വളര്‍ത്തിതുടങ്ങി. അയാള്‍ക്ക്‌ ഒരു ഉണ്ടപക്രുവായ പൂച്ചയുണ്ട്‌ പേര്‌ 'റാല്‍ഫ്‌' . ഞാന്‍ ജന്മനാ ഒരു മൃഗസ്നേഹിയാണ്‌ അതുകൊണ്ട്‌ സായിപ്പിന്റെ പൂച്ചയെ ഞാന്‍ കളിപ്പിക്കും,ഇടക്ക്‌ അതിനെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക്‌ കൂട്ടിക്കൊണ്ടുവരും.പൂച്ച എന്റെ മലയാളം കേട്ട്‌ എന്നെ തുറിച്ചുനോക്കും ഇംഗ്ലീഷു പറഞ്ഞാല്‍ തന്നെ എന്റെ ഏക്സന്റ്‌ കേട്ട്‌ പൂച്ചയാകെ പകക്കും. സായിപ്പു പറയുന്നതുപോലെ 'റാല്‍ഫ്‌ ഹണീ കം ഹിയര്‍..' എന്നു പറഞ്ഞുവേണം അതിനെ വിളിക്കാന്‍ അല്ലാതെ പൂച്ചതലപൊക്കില്ല.

എനിക്ക്‌ അപ്പാര്‍ട്ടുമെന്റിനുമുന്നിലായി ചെറിയൊരു പച്ചക്കറിതോട്ടമുണ്ട്‌.അവിടെ നില്‍ക്കുമ്പോള്‍ സായിപ്പിന്റെ വീട്ടില്‍ കയറിയിറങ്ങുന്നവരെയൊക്കെ ശരിക്കും കാണാം. ഒറ്റക്കൊരു സായിപ്പ്‌ ഇവിടെ ജീവിക്കുമ്പോള്‍ സാധാരണയൊരു 'ഗേള്‍ ഫ്രന്റ്‌' കൂടെയുണ്ടാകാറാണ്‌ പതിവ്‌,എന്നാല്‍ ഈ സായിപ്പിന്റെ വീട്ടില്‍ ഒരൊറ്റ പെണ്‍പ്രജകള്‍ കയറിയിറങ്ങുന്നില്ല. എന്നാല്‍ പത്തു നാല്‍പ്പതു വയസ്സു പ്രായംതോന്നിക്കുന്ന മറ്റൊരു സായിപ്പ്‌ കിറുകൃത്യമായി അവിടെ കയറിയിറങ്ങുന്നുണ്ട്‌.ഇടക്കെല്ലാം പാര്‍ട്ടികള്‍ നടക്കുന്നുണ്ട്‌ വരുന്നതെല്ലാം ആണുങ്ങള്‍ .ചിലദിവസങ്ങളില്‍ അകത്തളമെല്ലാം മെഴുകുതിരികത്തിച്ചുവെച്ച്‌ സായിപ്പും കൂട്ടുകാരനും പുറത്തിരുന്ന് ബാര്‍ബിക്യൂചെയ്യും. ഞാനിക്കാര്യം ഭര്‍ത്താവിനോട്‌ കുറെ നാളായി സൂചിപ്പിക്കുന്നു.ഇയാളെന്താ കല്ല്യാണം കഴിക്കാത്തത്‌? മറ്റു കുടുംബാംഗങ്ങളില്ലേ? എന്താ അവിടെ പെണ്ണുങ്ങള്‍ കയറിയിറങ്ങാത്തത്‌? എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങള്‍ കൊണ്ട്‌ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനായി ഒട്ടും ഇഷ്ടപ്പെടാത്ത എന്റെ ഭര്‍ത്താവാകെ പൊറുതിമുട്ടി. അവസാനം ഇങ്ങനെ മൊഴിഞ്ഞു.
'അയാളൊരു 'ഗേ' യായിരിക്കാം'

'അയാളൊരു ഗേ യാണോ' എന്നൊരൊറ്റ ചോദ്യത്തോടെ ഞാനാകെ സതംഭിച്ചു നിന്നു. ആദ്യമായാണ്‌ ഞാനൊരു സ്വവര്‍ഗരതിക്കാരനെ നേരിട്ടു കാണുന്നത്‌. പിന്നീടങ്ങോട്ട്‌ ഈയൊരു കണ്ണുവെച്ചാണ്‌ ഞാന്‍ സായിപ്പിനെ നോക്കുന്നത്‌. അവസാനം ഉത്തരം കിട്ടാതിരുന്ന എന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടി. എന്റെ സംശയങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞു.
ഇടക്കെല്ലാം ഞാനുണ്ടാക്കുന്ന പച്ചക്കറികളും പൂക്കളുമൊക്കെ കാണുവാനായി സായിപ്പുവരും.കുറച്ച്‌ തക്കാളി ഞാനദ്ദേഹത്തിന്‌ സമ്മാനമായിക്കൊടുക്കും,ഉണ്ടപക്രു പൂച്ചയെക്കുറിച്ച്‌ സംസാരിക്കും. മൂപ്പര്‍ക്ക്‌ ഞാനൊരു പേരും വച്ചു 'ഗേ സായിപ്പ്‌' ആളെകാണുമ്പോള്‍ ഞാന്‍ എന്റെയൊരു കൂട്ടുകാരിനടന്നു വരുന്നതുപോലെയാണ്‌ സങ്കല്‍പ്പിച്ചത്‌.അതുകൊണ്ട്‌ വീണ്ടും വീണ്ടും തക്കാളിയും പൂക്കളുമൊക്കെ സമ്മാനിച്ചുകൊണ്ടേയിരുന്നു.ഉണ്ടപക്രു പൂച്ചയെ സ്വീറ്റി,ഹണീയെന്നൊക്കെ വിളിച്ച്‌ കൊഞ്ചിച്ചും കാലമിങ്ങനെ കഴിഞ്ഞു.ഒരു ദിവസം എന്റെ കൂട്ടുകാരി സായിപ്പ്‌ ഞങ്ങളോട്‌ പറഞ്ഞു.

'ഞാനിവിടന്ന് സ്ഥലം മാറിപ്പോവുകയാണ്‌,ഒരു ചെറിയ വീടു വാങ്ങി.'

ഇതിനിടയില്‍ ഞങ്ങളും ഒരു വീടു വാങ്ങിയിരുന്നു. രണ്ടുകൂട്ടരും അങ്ങിനെ വഴിപിരിഞ്ഞു. ഞങ്ങളുടെ മനസ്സില്‍ നിന്ന് സായിപ്പും പൂച്ചയും പോകുവാനായി കുറെ സമയമെടുത്തു.

കഥയുടെ രണ്ടാ ഭാഗമാരംഭിക്കുന്നത്‌ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കൊരു മകന്‍ ജനിക്കുന്നതിലൂടെയാണ്‌. അമേരിക്കയില്‍ വളരുന്ന കുട്ടികളെക്കുറിച്ച്‌ ഭീകരകഥകള്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെയും കേട്ടറിവുകളില്‍ നിന്നും പറയാറുണ്ട്‌. നിഷ്കളങ്കതതീരെയില്ലാതെ വേഗം പക്വതപ്രാപിക്കുന്നു,ആരെയും ബഹുമാനിക്കാത്ത സ്വഭാവം എന്നുതുടങ്ങി എട്ടുവയസ്സുമുതല്‍ ബോയ്ഫ്രന്റും ഗേള്‍ഫ്രന്റുമൊക്കെ വെയ്ക്കും എന്നുതുടങ്ങി നിറം പിടിപ്പിച്ചവയും അല്ലാത്തതുമായ കഥകള്‍.
ഇതിനടുത്താണ്‌ കന്നടക്കാരനായ ഞങ്ങളുടെ ഒരു പരിചയക്കാരന്‍ വീടെല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക്‌ ടിക്കറ്റ്‌ എടുത്തത്‌. പ്രധാന കാരണങ്ങളിലൊന്ന് അഞ്ചുവയസ്സുകാരിയായ മകള്‍ കൂട്ടുകാരിയോട്‌ ബോയ്‌ ഫ്രന്റിനെകുറിച്ച്‌ സ്വകാര്യമായിപ്പറയുകയാണ്‌ ഇടക്കിടെ 'അച്ഛന്‍ കേള്‍ക്കേണ്ട' അതുകൊണ്ടാണ്‌ പതുക്കെ പറയുന്നതെന്നും പറയുന്നു.പാവം വേഗം തന്നെ ഇന്ത്യയിലേക്ക്‌ പെട്ടി പായ്ക്കുചെയ്തു. ഇതൊക്കെ കേട്ടിട്ട്‌ ഇവിടെ ഇങ്ങനെയാണ്‌ കുട്ടികള്‍ വളരുന്നതെന്ന് കരുതരുത്‌ കെട്ടോ.അതൊക്കെ പിന്നെപറയം.ഇതൊന്നുമല്ല നമ്മുടെ വിഷയം എനിക്കൊരു മകന്‍ പിറന്നുവെന്നു പറഞ്ഞല്ലോ അവനാണ്‌ ഇനി അടുത്ത നായകന്‍.
ജനിച്ച്‌ കുറച്ചു നാളുകള്‍ക്കുശേഷം എന്റെ കൂട്ടുകാരി പറഞ്ഞു.
'സിജി രക്ഷപ്പെട്ടു.ആണ്‍കുട്ടിയല്ലെ ജനിച്ചത്‌ എന്തായാലും ഗര്‍ഭണ്ടാകുമെന്ന് വെച്ച്‌ പേടിക്കണ്ട,അല്ല അമേരിക്കയിലാനല്ലൊ നമ്മുടെ കുട്ടികള്‍ വളരുന്നത്‌'.
അവര്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണുള്ളത്‌ ആ വിഷമവും പേടിയും വാക്കുകളിലുണ്ട്‌.
അങ്ങിനെ കാലം കുറച്ചുകടന്നുപോയി മകനു രണ്ടു വയസ്സു പ്രായം കഴിഞ്ഞു.അതിനിടയില്‍ ഞങ്ങള്‍ക്ക്‌ രണ്ടാമതൊരാണ്‍കുട്ടികൂടി ജനിച്ചു.

എന്റെ മൂത്ത മകന്‍ ഗോവര്‍ദ്ധന്‍ എന്ന ഗോപു, ഗോപു വെന്ന 'തത്ത' ദിവസം തോറും വളരുകയാണ്‌. എന്റെ പിന്നാലെ ഒരു നിഴല്‍ പോലെ അവന്‍ കൂടെയുണ്ടാകും.ഞാന്‍ അടുക്കളയില്‍ കറിക്കരിയുമ്പോള്‍,പാത്രം കഴുകുമ്പോള്‍,തുണിയലക്കുമ്പോള്‍,പാചകം ചെയ്യുമ്പോള്‍,ചപ്പാത്തി പരത്തുമ്പോള്‍ എന്നുവേണ്ട എല്ലാകാര്യത്തിലും അവന്റെ ഇടപെടലുകളുണ്ടാകും. അവന്‌ ഏറ്റവുമിഷ്ടം പാത്രങ്ങളെടുത്ത്‌ കളിക്കാനും അതില്‍ പാചകം ചെയ്യാനുമാണ്‌. കാറും ലോറിയുമൊക്കെ കളിപ്പാട്ടങ്ങളായുണ്ടെങ്കിലും അവന്‌ ഏറ്റവുമിഷ്ടം നായക്കുട്ടി,ആന,പശു തുടങ്ങിയ അവന്റെ സോഫ്റ്റ്‌ ടോയ്സുകളാണ്‌.അവന്റെയീ അടുക്കളകളികളോട്‌ എന്റെ ഭര്‍ത്താവിന്‌ ഒട്ടും യോജിപ്പില്ല,അദ്ദേഹം കുറെ ബ്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്ന് അതുകൊണ്ട്‌ വീടും,കാറുമൊക്കെയുണ്ടാക്കി കളിക്കാന്‍ കാണിച്ചുകൊടുത്തു,ചായപെന്‍സിലുകൊണ്ട്‌ വരപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ കുട്ടിക്ക്‌ ഇതിലൊന്നും ഒട്ടും കമ്പമില്ല എപ്പോഴും അടുക്കളയാണ്‌ ലക്ഷ്യം.
'നീയവനെ പെണ്‍കുട്ടികളെപ്പോലെയാണ്‌ വളര്‍ത്തുന്നതെന്ന്' ഭര്‍ത്താവ്‌ ഇടക്ക്‌ കുറ്റപ്പെടുത്താനും തുടങ്ങി.
അങ്ങിനെയൊരു ദിവസം ഞാന്‍ കറിക്കരിഞ്ഞുകൊണ്ടിരിക്കുകയാണ്‌,വീട്ടിലെ ടി.വി മിക്കവാറും സമയം ഓണാണ്‌ തിരക്കുകള്‍ മൂലം പരിപാടികള്‍ കാണാനായില്ലെങ്കിലും കേള്‍ക്കാറുണ്ട്‌.അപ്പോഴതാ എങ്ങിനെയാണ്‌ 'ഗേ' കള്‍ ചെറുപ്പത്തില്‍ പെരുമാറുകയെന്ന പരിപാടി നടക്കുന്നു ഞാന്‍ ഓടിച്ചെന്നു നോക്കി അന്തം വിട്ടിരുന്നു.

'സ്വവര്‍ഗ്ഗരതിക്കാരാകുന്ന ആണ്‍കുട്ടികള്‍ എപ്പോഴും അടുക്കളയില്‍ കളിക്കാനിഷ്ടപ്പെടുന്നു,അവര്‍ പെണ്‍കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാനിഷ്ടപ്പെടുന്നവരും പാവക്കുട്ടികളെ സ്നേഹിക്കുന്നവരുമാണ്‌,ചെറുപ്പത്തിലേ തന്നെ നിങ്ങളുടെ കുട്ടികളെ നിരീക്ഷിച്ചാല്‍ അതു നിങ്ങള്‍ക്കു കണ്ടെത്താനാകും.'

ഇങ്ങനെ കണ്ടാല്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന രീതിയിലുള്ളൊരു നീണ്ട പരിപാടി. ഹൊറര്‍ സിനിമകള്‍ അന്തവും കുന്തവുമില്ലാതെ കാണുന്ന എനിക്ക്‌ അതിനേക്കാള്‍ വലിയൊരു ഹൊറര്‍ കണ്ടതുപോലെയായി. ഞാന്‍ എന്റെ മകന്‍ തത്തയെ സി.എസ്‌.ഐ ഓഫീസര്‍ നോക്കുന്നതു പോലെ സൂക്ഷിച്ചു നോക്കി.
'ഇവനാള്‌ മറ്റവനാകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്‌.'

ഡ്രസ്സിംഗ്‌ ടേബിളിനു മുകളില്‍ കയറിയിരുന്ന് കീം കീമെന്നും പറഞ്ഞ്‌ ബോഡീലോഷനെടുത്ത്‌ മുഖത്ത്‌ പൊത്തുന്നതും എന്റെ ഹെയര്‍ ബാന്റെടുത്ത്‌ തലയില്‍ വെയ്ക്കുന്നതും, പൊട്ടുകുത്തി നടക്കുന്നതുമൊക്കെ ഞാനിപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്‌. അതിലുപരി നാടന്‍ പേരുകളെ സ്നേഹിക്കുന്ന എന്റെ ഭര്‍ത്താവ്‌ 'തത്ത' എന്ന ഓമനപ്പേരാണ്‌ അവനെ വിളിക്കുന്നത്‌. അവന്‌ കഴിക്കാനേറ്റം ഇഷ്ടമുള്ളത്‌ പെണ്‍കുട്ടികള്‍ കഴിക്കാനിഷ്ടപ്പെടുന്ന പുളി,അച്ചാറ്‌,നെല്ലിക്ക എന്നീ സാധനങ്ങളൊക്കെയാണ്‌.
ഞാനന്നു രാത്രി ഭര്‍ത്താവിനോട്‌ കാര്യം പറഞ്ഞു.

'ആപ്പ്‌ ഉ സെ ഏക്‌ 'ചക്കാ'ക്കെ തരഹ്‌ പാല്‍ രഹീഹൊ'
അതൊകൊണ്ടാണ്‌ അവനങ്ങനെയായത്‌.എന്തോ വായിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി അദ്ദേഹം പ്രതികരിച്ചു. ഹിന്ദിയില്‍ ചക്കയെന്നാല്‍ നമ്മുടെ 'ചാന്തുപൊട്ട്‌' തന്നെ സംഗതി.
'എന്റെ ചെക്കനെ ഞാന്‍ ചക്കയും മാങ്ങയുമൊന്നുമാക്കാന്‍ സമ്മതിക്കില്ല' ഞാന്‍ മനസ്സിലുറച്ചു.

ഇന്നു മുതല്‍ തത്തക്ക്‌ അടുക്കളയില്‍ പ്രവേശനമില്ല.ഞാന്‍ ഏഴുമണിക്കുള്ളില്‍ ചപ്പാത്തിയുണ്ടാക്കലടക്കം എല്ലാ പാചകവും കഴിച്ച്‌ ദിവസം തുടങ്ങി.തത്തക്ക്‌ അതിലൊന്നും ഒരു പ്രശ്നവുമുണ്ടെന്നു തോന്നിയില്ല.അടുക്കളയിലെ സിങ്കില്‍പോയി വെള്ളമെടുത്ത്‌ കളിക്കാനാകാത്തതിന്റെ വിഷമമുണ്ട്‌.
കാര്‍ട്ടൂണ്‍ കാണാനൊന്നുമവന്‌ താത്പര്യമില്ലെങ്കിലും ഞാന്‍ നിര്‍ബന്ധിപ്പിച്ച്‌ അതുകാണാനായിയിരുത്തിതുടങ്ങി. കൊക്കിനു വെച്ചത്‌ ചക്കിനു കൊണ്ടതുപോലെയായില്ലേ അത്‌,ഭീകരമായ ഒരു പ്രശ്നം ഉടലെടുത്തിരിക്കുന്നു.
രാവിലെ രണ്ട്‌ കാര്‍ട്ടൂണുകളാണ്‌ തത്ത കാണുക.
1. ഡിയാഗോ എന്ന ചുണക്കുട്ടന്റെ കഥ.
2. ഡോറയെന്ന ചുണക്കുട്ടിയുടെ കഥ.

ഡിയാഗോ ആണ്‍ കുട്ടികള്‍ക്കായും ഡോറ പെണ്‍കുട്ടികള്‍ക്കുമായാണ്‌ പൊതുവെ ജനം വെച്ചിരിക്കുന്നത്‌.ഡിയാഗോയുടെ ചിത്രങ്ങളുള്ള ബാഗ്‌,കപ്പ്‌,ബെഡ്ഷീറ്റ്‌ തുടങ്ങിയ സകല സാധനങ്ങളും ആണ്‍കുട്ടികള്‍ക്കായും ഡോറയുടെ പടമുള്ളത്‌ പെണ്‍കുട്ടികള്‍ക്കായും കടയിലൊക്കെ വാങ്ങാന്‍ കിട്ടും.ഇവരുതമ്മിലുള്ള ബന്ധം പറഞ്ഞു വന്നാല്‍ ഡോറയുടെ അമ്മായീടെ മകനോ,ഇളയച്ഛന്റെ മകനോ ഒക്കെയായി വരും ഡിയാഗോ(കസിന്‍സ്‌).
തത്ത ഡിയാഗോയുടെ കാര്‍ട്ടൂണുകള്‍ കാണുമെന്നല്ലാതെ ഡിയാഗോയുടെ ആരാധകനൊന്നുമല്ല.ഡോറ വരുമ്പോഴാണ്‌ കയ്യടിയും ബഹളവും.ബാഗു വാങ്ങാനായി കടയില്‍ പോയപ്പോള്‍ തത്തക്കുവേണ്ടത്‌ ഡോറേടെ പടമുള്ള ബാഗാ. ഇതുകണ്ട്‌ എന്റെ നെഞ്ചിടിപ്പുകൂടി.ഭര്‍ത്താവിനോട്‌ ഞാന്‍ വിവരം പറഞ്ഞു 'ഈ ചെക്കന്റെ പോക്കത്ര ശരിയല്ല' അമ്മയുടെ മനസ്സല്ലേ എനിക്ക്‌ ചെറിയ ഭയം വന്നുതുടങ്ങി.ഭര്‍ത്താവു പറഞ്ഞു.

'ഓ എനിക്കു സമാധാനായി അവന്‍ ഡിയാഗോയെയല്ലല്ലോ ഡോറയെയല്ലെ പ്രേമിക്കുന്നത്‌,തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെ കണ്ട്‌ അവന്റെ മനസ്സിളകിയതില്‍ ഞാനവനെ കുറ്റം പറയില്ല.എന്റെ അമ്മയും നിന്നെപ്പോലായിരുന്നു ഞാനൊരു പെണ്‍കുട്ടിയോട്‌ മിണ്ടിയെന്നറിഞ്ഞാല്‍ മതി അന്ന് വാളെടുക്കും'.

ഞാനപ്പോഴാണ്‌ ആ കാര്യം വിശദമായി ഒന്നു ചിന്തിച്ചത്‌. അതു ശരിയാ കാവ്യാ മാധവന്റേയും ഐശ്വര്യാറായുടേയുമൊക്കെ പടങ്ങളല്ലെ ആണ്‍കുട്ടികള്‍ സാധാരണ ചുവരിലൊക്കെ ഒട്ടിച്ചുവെച്ച്‌ പൂജിക്കാറ്‌. അതുപോലെ തത്തക്കിഷ്ടം ഡോറയെ കാണാനാണ്‌. ഞാനൊന്നു പൊട്ടിച്ചിരിച്ചു.അന്നത്തോടെ എന്റെ എല്ലാ അന്വേക്ഷണ പരമ്പരകളുമവസാനിപ്പിച്ച്‌ ഞാന്‍ തത്തയെ അവന്റെ പാട്ടിനു വിട്ടു.അവന്‍ അടുക്കളയിലും മുറ്റത്തുമൊക്കെ ഓടിച്ചാടി നടന്നു കളിച്ചു.ടി.വി യെ വെറുക്കുന്ന അവന്‍ ഡോറയെയെന്നല്ല പിന്നീടൊരു കാര്‍ട്ടൂണും കണ്ടില്ല. മൂന്നു വയസ്സാകാറായതോടെ പോലീസ്‌ കാറും അച്ഛന്റെപോലത്തെ പിക്കപ്പ്‌ ട്രക്കുമൊക്കെ കളിപ്പാട്ടങ്ങളായിവെച്ച്‌ അവന്റെ ആനക്കുട്ടിയേയും ,പശുവിനേയുമൊക്കെ ഉണ്ണിക്കു സമ്മാനിച്ചു.ചെറിയ മകന്‍ വളര്‍ന്നു തുടങ്ങിയതോടെ അടി,ഇടി,കുത്ത്‌,ചവിട്ട്‌ എന്നുവേണ്ട എല്ലാ അയോധനകലകളും അഭ്യസിച്ച്‌ അതില്‍ പരിശീലനം കൊടുത്തും വരുന്നു.
ഇപ്പോഴാണെങ്കില്‍ ഒരു ചെറിയ മെയില്‍ ഷോവനിസ്റ്റ്‌ പിഗ്ഗിനെപ്പോലെ 'അമ്മ ടയ്‌ വിംഗ്‌ പൊട്ട' ഒരു മൂത്ത ഫെമിനിസ്റ്റ്‌ ഇതിനെ വ്യാഖ്യാനിച്ചാല്‍ - അമ്മക്ക്‌ കാറ്‌ ട്രൈവ്‌ ചെയ്യാനറിയില്ല,അച്ഛനാണ്‌ അതിനുത്തമം.ഇത്‌ പെണ്ണുങ്ങള്‍ക്ക്‌ പറ്റിയ പണിയല്ല....
'അമ്മ ഉണ്ണിയെ കുളിപ്പിച്ച്‌ ഉവ്വുവ്വാക്കിപ്പിച്ചു' (ഫെ.വ്യാ) - അമ്മക്ക്‌ ഉണ്ണിയെ കുളിപ്പിക്കാനറിയില്ല.അമ്മ കുളിപ്പിച്ചാല്‍ ഉണ്ണിക്ക്‌ അസുഖം വരും.ഒരു സിം പിള്‍ കാര്യങ്ങള്‍ പോലും പെണ്ണുങ്ങള്‍ക്ക്‌ നേരെ ചൊവ്വെചെയ്യാനറിയില്ല.
'അമ്മ കറി പൊട്ട. അച്ഛ ഗുഡ്‌' (ഫെ.വ്യാ) - അമ്മക്ക്‌ ഒരു കറിവെക്കാന്‍ പോലുമറിയില്ല.അച്ഛന്‌ ഓഫീസു ജോലി മാത്രമല്ല നല്ലൊന്നാന്തരം കറിയും വെക്കാനറിയാം.ആണുങ്ങളാരാ മക്കള്‍..
എന്നൊക്കെപ്പറഞ്ഞു കൊണ്ട്‌ ഇവിടം അടക്കി ഭരിച്ച്‌ വിലസി നടക്കുന്നു,വാലായി ഞങ്ങളുടെ രണ്ടാമത്തെ സന്തതിയായ അപ്പുവെന്ന പീക്കോക്കും കൂടെയുണ്ട്‌.

അടിക്കുറിപ്പ്‌ - കുട്ടികളെ കുട്ടികളാക്കി വളര്‍ത്താനാഗ്രഹിക്കുന്ന അമ്മമാര്‍ ടി.വി വളരെ കുറച്ച്‌ കാണുക.ഇവിടെ 'ഗേ' കള്‍ക്കൊക്കെ നല്ലുഗ്രന്‍ സംഘടനകള്‍ നിലവിലുണ്ട്‌.മലയാളം ഇംഗ്ലീഷാക്കി വായിക്കുന്ന സോഫ്റ്റ്‌ വെയറുകള്‍ സായിപ്പുമാര്‍ കണ്ടു പിടിച്ചിട്ടുണ്ടാണാവോ.
വാല്‍കഷ്ണം - ഇതുവായിച്ച്‌ എന്റെ മകന്‍ തത്ത ഭാവിയില്‍ പെണ്ണന്വേക്ഷിച്ചു നടക്കുമ്പോള്‍ 'സിജി ചേച്ചിയുടെ മകനല്ലേ സൂക്ഷിക്കണം' എന്നു പറഞ്ഞ്‌ ബൂലോഗത്തിലെ കുട്ടികള്‍ കല്ല്യാണം മുടക്കരുത്‌.സിജി ചേച്ചിയെഴുതുന്ന കഥയിലെ ഡയലോഗുകള്‍ക്ക്‌ സുരേഷ്ഗോപി സിനിമയിലെ ഡയലോഗിന്റെ ഛായയാണെന്ന് ബൂലോഗത്തിലെ ഒരു ബാച്ചീസുകുട്ടി പറഞ്ഞതിന്റെ ക്ഷീണം മാറുന്നതേയുള്ളു.