ദൈവം അയാളോട് അരുളി ചൈയ്തു. 'മകനേ ഞാനിതാ നിനക്ക് ഈ സമയയന്ത്രം സമ്മാനമായിത്തരുന്നു. ഇത് ഇടത്തോട്ട് തിരിച്ചാല്‍ നിനക്ക് ഭൂതകാലത്തിലേക്ക് പോയ് വരാം, വേണമെങ്കില്‍ നിന്റെ ഭൂതകാലം നിനക്കു തിരുത്താം വലത്തോട്ടാണെങ്കില്‍ ഭാവിയിലേക്കു പോകാം പക്ഷെ അവിടെയാകുമ്പോള്‍ നിനക്ക് ഒന്നും തിരുത്താനാകില്ല എല്ലാം കാണാമെന്നു മാത്രം.ഈ സമയയന്ത്രം തേടി നിന്റെ സ്വപ്നത്തിലൂടെ പലരും കടന്നുവരും.അപേക്ഷകള്‍,ചതിപ്രയോഗങ്ങള്‍,ഭീഷണികള്‍..നിനക്കു വേണമെങ്കില്‍ അവര്‍ക്കിതു സ്വപ്നത്തിലൂടെതന്നെ കൈമാറാം.എല്ലാം നിന്റെ ഇഷ്ടം പോലെ'..
'ദൈവം തന്ന സമ്മാനം'
ആദ്യമത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നെങ്കിലും അയാളത് തിരിച്ചും മറിച്ചും നോക്കി.അയാളൊരു ഉറച്ച ദൈവ വിശ്വാസിയായിരുന്നില്ല എങ്കിലും നിരീശ്വരവാദിയണെന്നു പറഞ്ഞുകൂടാ. സമൂഹത്തിലെ എഴുപത്തിയഞ്ചു ശതമാനം ആളുകളും പറയുന്നതുപോലെ
'ദൈവം എനിക്ക് പണവും,പഠിപ്പും,വലിയ വീടും, കാറും, സുന്ദരിയായ ഭാര്യയേയും കുട്ടിയേയും നല്കി' എന്നു പറയാറുണ്ട്,എങ്കിലും തുരുമ്പു പിടിക്കാറായൊരു ടൈം മെഷീന് സമ്മാനമായിത്തരുവാനുള്ള ബന്ധം അയാള്‍ക്കും ദൈവത്തിനുമിടയിലുണ്ടോ?
അയാളാ സമയയന്ത്രത്തെ ഷോകേയ്സിലെടുത്തുവച്ച് അതിന്റെ ഏന്റിക്ക് ഭംഗി ആസ്വദിച്ചു.
ബോംബയിലെ ഒടുങ്ങാത്ത ട്രാഫിക്ക്ജാമുകള്‍,കത്താത്ത സിഗ്നലുകള്‍,പൊടിപടലങ്ങളില്‍ കുടുങ്ങി ഉഷ്ണിച്ചമര്‍ന്നകാറ്റ്,പകലിന്ക്ലാവു പിടിച്ച നിറമാണ്. വണ്ടി തുടച്ചുതരുവാന്‍ തുണിയുമായി റോട്ടിലെങ്ങുമലഞ്ഞുതിരിയുന്ന ചെറുക്കന്മ്മാര് മൂന്നോ നാലോതവണയായി കാറിന്റെ ഡോറിലടിക്കുന്നു.എന്നത്തേയും പോലെ മൂര്‍ച്ചയുള്ള നോട്ടം പകരം നല്കി.
വീട്ടിലെത്തിയതും ഒരു ദിവസത്തെ വിയര്‍പ്പു മണക്കുന്ന ഉടുപ്പുകളുരിയെറിഞ്ഞ് ഭാര്യയുണ്ടാക്കിവെച്ച പഴം പൊരി കഴിക്കാനിരുന്നു.ഒടുക്കത്തെ ട്രാഫിക്ക് ജാമുകളില്ലെങ്കില്‍ ജീവിതം കുറച്ചുകൂടി സുന്ദരമായേനെ.
രാത്രി അയാള്‍ക്കു വേണ്ടി പ്രിയപ്പെട്ട ഭക്ഷണം ഭാര്യ വിളമ്പി,മകന് അച്ഛന്റെ ഉരുളകള്‍ക്കായി വായ് തുറന്നു,ഭാര്യയുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. രാത്രിയില്‍ മതിയാവോളം അവര്‍ ഇണചേര്‍ന്നു.കിതപ്പോടെപോയി ബീജങ്ങളെ കഴുകിമാറ്റി ഫ്ര്ഡ്ജില്‍ നിന്നും കുറച്ച് ജ്യൂസെടുത്തു കുടിച്ചു. അപ്പോഴേക്കും ഭാര്യ ഉറങ്ങിക്കഴിഞ്ഞിരുന്നു.തളര്‍ന്നുറങ്ങുന്ന ഭാര്യയെനോക്കി അയാളൊന്നു മന്ദഹസിച്ചു,വേഴ്ച്ചകളുടെ അവസാനം തളര്‍ന്നുറങ്ങുന്ന പെണ്ണ് അയാളുടെ മനസ്സിനിഷ്ടപ്പെട്ട കാഴ്ച്ചയാണ്.
ഉറക്കത്തിന്റെ ചുഴിയില്‍ വീണപ്പോഴേക്കും സ്വപ്നങ്ങള്‍ കടന്നു വന്നു.സ്വപ്നങ്ങളെ അയാളെന്നും ഇഷ്ടപ്പെട്ടിരുന്നു.
കടപ്പുറത്തെ സായാഹ്നം,പാര്‍ക്കില്‍ കളിക്കുന്ന കുട്ടികള്‍,പൂക്കള്‍ പറിക്കുന്ന ഭാര്യ,സുഹൃത്തുക്കളുമായി മദ്യപിക്കുന്ന അയാള്‍ എന്നിങ്ങനെ എപ്പോഴും സ്വപ്നങ്ങള്‍ക്ക് ഒരേ പാറ്റേണുകളായിരുന്നു.കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളോ പൂക്കളോ,കൊത്താന്‍ വരുന്ന പാമ്പോ,പ്രിയപ്പെട്ടവരുടെ മരണമോ,മരു ഭൂമിയിലൂടെയുള്ള യാത്രയോ ഒന്നും അസ്വസ്ഥമാക്കുവാന്‍ വന്നിരുന്നില്ല.
അവിശുദ്ധമാപ്പെട്ട സ്വപനങ്ങള്‍ അന്നു തൊട്ടാണാരംഭിച്ചത്.
അന്ന് സ്വപ്നത്തില്‍ ചൂടേറ്റ്,ഉണങ്ങി നടുഭാഗം പിളര്ന്നുനില്ക്കുന്ന മരങ്ങളെ കടപുഴക്കിവീഴ്ത്തുന്ന കാറ്റ് കൂകിക്കൊണ്ട് നാശം വിതച്ചു.
ഒരു വൃത്തിയില്ലാത്ത പെണ്‍കുട്ടി ആദ്യമായാണ് അയാളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്.മുടിയിലെങ്ങും പറ്റി നില്ക്കുന്ന ചെങ്കല്ലുപൊടി,മെലിഞ്ഞു കറുത്ത കൈകളില്‍ മുഷിഞ്ഞു നില്ക്കുന്ന അഞ്ചാറു റബ്ബര്‍ വളകള്‍,പാവാടയില്‍ പറ്റിനില്ക്കുന്ന കാലപ്പഴക്കമുള്ള കറകള്‍.
'എന്തുവേണം'? അയാള്‍ ചോദിച്ചു.
'ദയ ചേയസി നാക്കു അദി ഇവണ്ടി'
തെലുങ്ക് അയാള്‍ക്ക് കുറച്ചൊക്കെ അറിയാം എങ്കിലും ശരിക്കുമറിയാത്ത ഭാഷ തന്നോടു സംസാരിക്കുന്നതിലുള്ള ഔചിത്യമില്ലായ്മ അയാളെ ചൊടിപ്പിച്ചു.വഴിവക്കില്‍ നിന്നിരുന്ന ഒരു ഉണങ്ങിയ കാട്ടു ചെടി പറിച്ചെടുത്ത് അയാളവളെ 'പോ,പോ' യെന്നു പറഞ്ഞ് ആട്ടിയോടിപ്പിച്ചു.
പെട്ടന്ന് പെണ്‍കുട്ടി പച്ച മലയാളത്തില്‍ അയാളോട് സംസാരിക്കാനാരംഭിച്ചു.
'ഞങ്ങളുടെ കണ്ടത്തില്‍ കരിമ്പ് നടാനാണ് അബ്ബ ആദ്യം വിചാരിച്ചിരുന്നത്.ഇക്കൊല്ലം നെല്ലു വിതക്കുന്നതല്ലേ നല്ലതെന്ന ചന്ദ്രു കാക്കയുടെ ചോദ്യമാണ് എല്ലാം മാറ്റിമറിച്ചത്,ഇരുപത്തിയയ്യായിരം പലിശക്കെടുത്തിട്ടാണ് നെല്ലു വിതച്ചത് അതിനിടയിലായി അക്കയുടെ കല്ല്യാണവും വന്നു.തഴച്ചുവന്ന നെല്ലിനു തണ്ടു ചീയല്‍ വന്നത് എല്ലാം തുലച്ചു.കടം തിരിച്ചടക്കാനാകാതെ അബ്ബ വിഷം കഴിച്ചു മരിച്ചു.കരിമ്പിനു പകരം നെല്ലെന്ന ഒരേയൊരു തീരുമാനമാണ് എല്ലാത്തിനും കാരണം.
അവള് കരയാതെ നില്‍ക്കുന്നത് അയാളെ അത്ഭുതപ്പെടുത്തി. സാധാരണയായി ഇത്തരം കഥകള്‍ കണ്ണീരിന്റെ ഉടമ്പടിയില്ലാതെ പറയാനൊക്കുക വിഷമമാണ്.
പെണ്‍കുട്ടി ചിന്തിച്ചത് മറ്റൊരു വിധമാണ്,അവള് വേണ്ടതിലധികം ചെറുപ്രായത്തിലേ കരഞ്ഞു കഴിഞ്ഞു.കടക്കാരുടെ വാതില്‍ മുട്ടുകള്‍,ഭൂവുടമയുടെ ഭീഷണി ഒക്കെ വേണ്ടതിലധികമുണ്ട്.കണ്ണീരുകൊണ്ട് അവളുടെ ഉണങ്ങി വരണ്ട് കഞ്ഞിപ്പാത്രം തിളച്ചു മറിയാന്‍ പോകുന്നില്ല.,കരിഞ്ഞുണങ്ങിയ നെല്ലോലകൊണ്ട് എത്രനാള്‍ വെള്ളം തിളപ്പിച്ചൊരിറക്കു ചായയുണ്ടാക്കും.
അവള്‍ക്കിപ്പോഴാവശ്യം ആ സമയയന്ത്രമാണ്.കരിമ്പിനു പകരം നെല്ലെന്ന ഭൂതകാല വ്യഥയാണവളെ ഇവിടെ കൊണ്ടുവന്നെത്തിച്ചത്.
അവളുടെ അബ്ബ നല്ലവനായിരുന്നു.ആരേയും ദ്രോഹിച്ചില്ല,വഞ്ചിച്ചില്ല,കളവു പറഞ്ഞില്ല.സമയദോഷം കൊണ്ട് സംഭവിച്ച വിധിയെ അവള്‍ക്കു തിരുത്തണം.
'സാര്‍..ദയ ചേയസി നാക്കു അദി ഇവണ്ടി'.
അയാളുടെ ഹൃദയം ചെറുതായൊന്നലിഞ്ഞു. പെട്ടന്നു തന്നെ തലച്ചോറിന്റെ ജാഗ്രത അയാളുടെ ബുദ്ധിയെ തിരിച്ചു പിടിച്ചു.
'എന്തിന് ഇവള്‍ക്കിതു ഞാന്‍ കൊടുക്കണം,ഇക്കൊല്ലം നെല്ലിനു തണ്ടു ചീയല്‍ വരുവാന്‍ സാദ്ധ്യതയുണ്ടെന്ന് പത്ര വാര്‍ത്തകള്‍ വന്നിരുന്നത് ഇവളുടെ അബ്ബ അറിയാതിരുന്നതെന്ത്? കര്‍ഷകര്‍ക്കു വേണ്ടി എത്രയോ പരിപാടികള്‍ റേഡിയോ സം പ്രേക്ഷണം ചെയ്യുന്നു,അതൊക്കെ പിന്നെ ആര്‍ക്കു വേണ്ടിയുള്ളതാണ്? ഇത്രയും ദുഖം പേറുന്നവള് കരയാതെ വന്ന് ഇതൊക്കെ അവതരിപ്പിക്കുകയെന്നുള്ളതിലും അസ്വഭാവികതകളുണ്ട്.
സാര്‍, ഞാന്‍ ഇവിടെ നിങ്ങളുടെ മറുപടിക്കായ് കാത്തിരിക്കാം. ചുട്ടു പൊള്ളുന്ന ഒരു കൂറ്റന്‍ കരിങ്കല്ലിനു മുകളില്‍ പെണ്‍കുട്ടി കയറിയിരുന്നു.അവളുടെ ബ്ലസും പാവാടയും വിയര്‍പ്പില്‍ നനഞ്ഞ് എല്ലുന്തിയ ശരീരത്തെ കൂടുതല്‍ വിരൂപമാക്കി.കല്ലിന്മ്മേല് ഒരു മെലിഞ്ഞുണങ്ങിയ അരണക്കുട്ടി അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ അവള് കൈകള്‍ താടിയിലൂന്നി താഴേക്കുനോക്കിയിരുന്നു.അയാളപ്പോഴേക്കും രണ്ടുമൂന്നു ചുവടുകള്‍ മുമ്പിലേക്കെടുത്തിരുന്നു.
മണല്‍ക്കാറ്റേറ്റ് അയാളുടെ ചുണ്ടുകള്‍ വരണ്ടു,ഇനിയും കുറച്ചുകൂടി നടന്നാലേ അരുവിയൊഴുകുന്ന തുരുത്തിലെത്താനാകൂ,റബ്ബര്‍ ചെരുപ്പിന്റെ വള്ളിയാണെങ്കില്‍ ഇപ്പോള്‍ പൊട്ടുമെന്ന മട്ടിലാണ് നില്‍ക്കുന്നത്.
'ഒന്നു നില്ക്കൂ'
യുവത്വമുള്ളതെങ്കിലും അവശതയാര്‍ന്ന സ്വരം.
'എന്തു വേണം'?
'ഞാനവളെക്കൊന്നു ആ തേവടിശ്ശീടെമോള് ഞാനവിടെ കടന്നു വരുമ്പോള്‍ അവന്റെയൊപ്പം നൂലിഴയില്ലാതെ കിടക്കുകയായിരുന്നു.ഒന്നും നോക്കിയില്ല കണ്ടതെടുത്ത് ഞാനവളെ അടിച്ചു കൊന്നു.വീണ്ടും ദേഷ്യം മാറാതെ അവളുടെ മുഖത്തെ ഞാന്‍ കാലുകൊണ്ട് ചവിട്ടി ചതച്ചു,വൃത്തികെട്ട മുലകളെ അരിഞ്ഞെടുത്തു.ഊരക്കിട്ട് വെട്ടുകയും തുടകളില്‍ കത്തികൊണ്ട് വരയുകയും ചെയ്തു'.
'നിങ്ങള്‍ ചെയ്യേണ്ടതു ചെയ്തു. ഞാന്‍ നിങ്ങളുടെ പക്ഷത്താണ്'.
'പ്രശ്നം അതല്ല എനിക്കൊരു മോളുണ്ട്.ഞാന്‍ അഴിക്കുള്ളിലായാല്‍ അവളെ ആരു നോക്കും? വിശ്വസിക്കാന്‍ പറ്റുന്ന ബന്ധുക്കള്‍ എനിക്കില്ല.എന്റെ മോളിപ്പോള്‍ എന്നെക്കാണുമ്പോള്‍ ഭയത്തോടെ നോക്കുന്നു.അവളുടെ അമ്മയെ തുണ്ടമാക്കിയത് ഞാനല്ലേ'
അതിനിപ്പോള്‍ ഞാനെന്തുവേണം?
ഞാനൊരു നല്ല ഭര്‍ത്താവായിരുന്നില്ല, എന്റെ കുടുംബത്തിനുവേണ്ടി നീക്കിവെക്കാന്‍ എനിക്കു സമയമുണ്ടായിരുന്നില്ല.ഓരോരോ പുതിയ ബിസിനസ്സുകള്‍ തുടങ്ങി എല്ലാം പൊളിഞ്ഞു.ജോലിക്കായുള്ള അലച്ചിലുകളും,അലോരസപ്പെടുത്തുന്ന കടക്കെണികളും മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളു.കിട്ടുന്ന കാശുകൊണ്ട് തൃപ്തിപ്പെട്ട് ചെറിയൊരു കുടുംബം പോറ്റാമായിരുന്നു.എന്റെ സ്നേഹം മുഴുവനും ഒരു തടാകമായി എന്നില്‍ത്തന്നെ തളംകെട്ടിനിന്നു,അത് ഒരിക്കലും നിറഞ്ഞു കവിഞ്ഞ് ഭാര്യയെ തണുപ്പിച്ചില്ല.കടലുപോലെ വലിയ ഒന്ന് തിരകളായി തീരത്തുവന്നലക്കുമ്പോഴല്ലെ അതിന്റെ ആഴവും സാന്ദ്രതയും വികാരവും അറിയുവാന്‍ കഴിയൂ.എനിക്കിതു തിരുത്തണം മലര്‍ന്നു കിടക്കുന്ന ഈ ജീവിതത്തെ ഒന്നു തിരുത്തണം.
'ആ തേവടിശ്ശീടെ മോള്‍ക്ക് നിങ്ങള്‍ മാപ്പുകൊടുക്കുന്നുവെന്ന്'
അയാള്‍ ഒന്നും പറഞ്ഞില്ല.ഓരോ മണല്‍ത്തരിയും കത്തുന്ന മണ്ണില്‍ കഴുത്തിലുണ്ടായിരുന്ന തോര്‍ത്ത് വിരിച്ച് 'നിങ്ങള്‍ അതെനിക്കൊന്നു തരൂ,എനിക്കൊന്നു പിന്നോട്ടു പോയേതീരൂ' വെന്നും പറഞ്ഞ് നിലത്തിരുന്നു.മണല്‍ കാറ്റ് ഒന്നിടവിടാതെ ചൂളമടിച്ചു.
പെണ്ണിനെ വെട്ടിക്കൊന്നതും പോര കുമ്പസാരം നടത്താന്‍ വന്നിരിക്കുന്നു. വികാരങ്ങള്‍ അപ്പപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഗതിയിതാണ്.
അയാള്‍ മരുപച്ചയെ ലക്ഷ്യമാക്കിയുള്ള നടത്തത്തിന്റെ വേഗതകൂട്ടി.അകലെ പട്ടകള് പഴുത്തു തുടങ്ങിയ കരിമ്പനക്കുതാഴെ ഭര്‍ത്താവു മരിച്ച രണ്ടു സ്ത്രീകള്‍ അയാളെ കാത്തു നിന്നിരുന്നു.ഒരു സ്ത്രീയുടെ ഒക്കത്ത് പത്തു മാസത്തോളം പ്രായമുള്ള ഒരു കൈകുഞ്ഞിരിക്കുന്നു.
അവരുടെ കണ്ണുകളിലെ ഭാവം ദൈന്യതയാണ്. ശരീരം ദാരിദ്ര്യത്തിന്റെ നേര് രേഖകളും.
'അതു ഞങ്ങള്‍ക്കു തരൂ'
അവളിലൊരുവള്‍ സമയയന്ത്രത്തിനായി അയാള്‍ക്കു നേരെ കൈനീട്ടി. തൊലിയടര്‍ന്നതും ചെളിപുരണ്ടതുമായ കൈകളില്‍ ഭാഗ്യരേഖയോ,ആയുസ്സ് രേഖയോ ഒന്നും തെളിഞ്ഞുകാണുന്നില്ല.പൊടിയണഞ്ഞുകിടക്കുന്ന ഒരു ഭൂപടം മാത്രം.
'പടക്ക കമ്പനിയില്‍ ജോലിയായിരുന്നു,എല്ലാം പോയാച്ച്..എല്ലാം തീയെടുത്ത്'
രണ്ടു സ്ത്രീകളും ഒരുമിച്ച് തേങ്ങിക്കരയുവാന്‍ തുടങ്ങി.അതുകണ്ട് ഒക്കത്തിരുന്ന കുട്ടിയും കരച്ചിലാരംഭിച്ചു.
ഇവര്‍ ഇതെന്തു ഭാവിച്ചാണിങ്ങനെ കരയുന്നതെന്ന് അയാളോര്‍ത്തു.ഭൂമിയിലുള്ള എല്ലാ ദുഖങ്ങളും തീര്‍ത്തുകൊടുക്കാന്‍ താനാര്.എങ്കിലും കുട്ടിയുടെ കരച്ചില് അയാള്‍ക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.പോക്കറ്റില്‍ തപ്പിക്കിട്ടിയ രണ്ടു നൂറുരൂപാ നോട്ടുകള്‍ അയാളതിന്റെ കയ്യില്‍ വെച്ചുകൊടുത്തു.
അപ്പോള്‍ അതിലെ ഒരു സ്ത്രീ ഇങ്ങനെയോര്‍ത്തു-
'എത്രനാളാണ് കല്ലുടച്ചും,റോഡു പണികള്‍ ചൈയ്തും ജീവിതം തള്ളി നീക്കുന്നത്.ഒരു വയസ്സ് പ്രായമുള്ള കുട്ടിയെ റോഡിനരുകിലിരുത്തിയാണ്പണികളെടുക്കുന്നത്.എപ്പോഴാണവന്‍ വണ്ടികള്‍ക്കടിയിലേക്ക് പാഞ്ഞു പോകുകയെന്നറിയില്ല.കണ്ടവന്റെ കാമം തീര്‍ക്കാനായി പലപ്പോഴായി പായയില്‍ കിടന്നു കൊടുക്കുന്നു.ദിവസം ചെല്ലുന്തോറും ഉണങ്ങി വരുന്ന ശരീരം അതിന്റെ സാദ്ധ്യതയേയും കുറക്കുന്നു.സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും വെറുപ്പാണ്. ജീവിതം മടുത്തു.
മറ്റൊരുവള്‍ ഇങ്ങനെ ചിന്തിച്ചു - വലിയവര്‍,സമ്പന്നര്‍ അവര്‍ക്കെന്തറിയാം? റോഡരുകില്‍ നിന്നും വരുന്ന സിനിമാപാട്ടിലൂടെയാണ് ജീവിതത്തിന്റെ ഭംഗി കേള്‍ക്കുന്നത്,സിനിമാപോസ്റ്ററുകളിലൂടെയാണതുകാണുന്നത്.
വിധി വേദനകളുടെ തിരമാലകള്‍ എയ്തൊടുക്കുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണ്.വരള്‍ച്ച വിശപ്പിന്റെ തീ വിതക്കുന്നതും വര്‍ഷം കണ്ണീരാല്‍ വിഴുപ്പലക്കുന്നതും ഞങ്ങളുടെ കുടിലുകളില്‍ മാത്രമാണ്.ഈ സാറിന് അതു മനസ്സിലാകുമോ?
സ്ത്രീകളൂടെ തേങ്ങല്‍ കുറഞ്ഞു വന്നു.അവളിലൊരുവള്‍ ചൂടേറ്റ് തളര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു.കുഞ്ഞ് മണല്‍ക്കാറ്റേറ്റ് അലറിക്കരയുവാന്‍ തുടങ്ങി.ഇരിക്കാനൊരിടം തേടി അവര്‍ ഇരു പുറവും നോക്കി നിന്നു.
അയാള്‍ക്ക് ആ നശിച്ച അന്തരീക്ഷത്തില്‍ നിന്ന് വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നായി.
ബോംബയിലെ ആറുമണി സമയത്തിന്റെ ക്ലാവുപിടിച്ച നിറം,ട്രാഫിക്ക് ജാമില്‍ പെട്ടുകിടക്കുന്ന വണ്ടികളുടെ ഹോണടികള്‍,ചൂടേറ്റ് വാടിയ സ്ട്രോബറിപ്പഴങ്ങള്‍ വില്ക്കാന് വരുന്ന കുട്ടികളുടെ വിഷാദഭാവങ്ങള്‍,ചിരിച്ചുകൊണ്ട് കാറിനു നേരെ കൈനീട്ടുന്ന ഹിജഡകളുടെ മുറുക്കിചുവന്ന പല്ലുകള്‍ എല്ലാമാണ് ഒരു കൊളാഷുപോലെ മനസ്സില്‍ തെളിയുന്നത്.
പിന്നില്‍ നിന്നും 'അത് ഞങ്ങള്‍ക്കുതരൂ' 'അതെനിക്കുതരൂ' 'നിങ്ങള്‍ക്കതുകൊണ്ടെന്തുകാര്യം' എന്നുയരുന്ന വിളികളും കാലടി ശബ്ദങ്ങളും.
അയാള്‍ സമയയന്ത്രത്തെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.അതിന്റെ ശരിയായ ഭംഗി അയാളിപ്പോഴാണ് കാണുന്നത്.ഇഷ്ടപ്പെട്ട ഒന്നിനെയന്നവണ്ണം അയാളതിനെ പതുക്കെ തലോടി.തിരുത്തപ്പെടേണ്ട ഭൂതവും,ആകാംക്ഷയുള്ള ഭാവിയും അയാള്‍ക്കില്ല.വീടിനെപ്പോലെ,ഭാര്യയെപ്പോലെ,മകനെപ്പോലെ,കാറിനെപ്പോലെ പൊടുന്നനെ അയാളതിനെ അത്രമേല്‍ സ്നേഹിച്ചു.നെഞ്ചോട് ചേര്‍ത്തുവെച്ച്,അതിനെ തുടച്ചു മിനുക്കിയെടുക്കുമെന്ന് മനസ്സില്‍ മുദ്രണം ചൈയ്തു.അതിനെ സൂക്ഷിക്കാന്‍ സൂക്ഷ്മതയാല്‍ പണിഞ്ഞെടുത്ത താക്കോലും അടയാത്ത കണ്ണുകളും കാവല്‍ ഭടന്മ്മാരായി.ദൈവം അതുകണ്ട് ഇളകി മറിഞ്ഞു ചിരിച്ചു.
16 comments:
പണ്ട് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു 'നീയൊക്കെ എത്രകാലം കഥയെഴുതും, ഒരു കല്ല്യാണ കാര്‍ഡ് അച്ചടിക്കുന്നതു വരെ' അത് അച്ചെട്ടായി ഭവിച്ചു.എഴുത്ത് എന്റെ ഒട്ടും ഗൗരവമില്ലാത്ത ഹോബിയായിരുന്നതുകൊണ്ടായിരിക്കണം പിന്നീട് ഞാന്‍ ഒരെഴുത്തുപോലുമെഴുതാന് പേനയെടുത്തില്ല.
ബ്ലോഗു തുടങ്ങിയതിനു ശേഷമാണ് ഞാന്‍ വീണ്ടും പേന കൈകൊണ്ടെടുക്കുന്നത്. ഇതു വരെ പോസ്റ്റ് ചെയ്ത കഥകളൊക്കെ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയവയായിരുന്നു.
വാക്കുകള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളെപ്പോലെയാണ് ഉപയോഗിച്ചില്ലെങ്കില്‍ തുരുമ്പെടുക്കും.പുതിയ കഥയെഴുതാനിരിക്കുമ്പോള്‍ വര്‍ഷങ്ങളുടെ ഇടവേള ഔചിത്യമുള്ള വാക്കുകള്‍ കിട്ടാതെ എന്നെ അസ്വഥയാക്കുന്നുണ്ട്. എങ്കിലും
മൗനത്തെ മുറിച്ചുകൊണ്ട് പുതിയ കഥ പോസ്റ്റു ചെയ്യുന്നു.
ചാത്തനേറ്: ഇക്ക് തരുമോ സമയ യന്ത്രം.. ചുമ്മാ ന്റെ പോസ്റ്റൊക്കെ ത്ര പേരു വായിക്കും ന്നറിയാനാ..
കഥ നന്നായി.എങ്കിലും ക്രാഫ്റ്റില്‍ അല്‍പ്പംകൂടി ശ്രധിക്കുന്നത് കഥകളെ കൂടുതല്‍ മെച്ചമാക്കും.ഈ കഥയിലെതന്നെ വിശകലന സ്വഭാവമുള്ള ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അല്‍പ്പംകൂടി മെച്ചപ്പെട്ടേനെ.ഭാവുകങ്ങള്‍..
പുതിയ കഥ നന്നായി…നാളെകളെക്കുറിച്ചോറ്ത്തുള്ള അമിതമായ ഉല്ക്കണ്ഠകള്്..
തിരുത്തേണ്ടിയിരുന്നു എന്ന് തോന്നിപ്പിയ്ക്കുന്ന ഇന്നലെകള്്..
ഇനിയും പുതിയ കഥകള്‍ക്കായി കാത്തിരിയ്ക്കുന്നു.
ആശംസകള്‍്
-ആമി.
സിജീ,
തെറ്റില്ലാത്ത തുടക്കം. തുരുമ്പെടുപ്പിക്കാതെ മനസ്സിലെ പേന പുറത്തെടുത്തത് വളരെ നന്നായി. ഔചിത്യമുള്ള വാക്കുകള്‍ കിട്ടാതെ അസ്വസ്ഥയാവേണ്ടാട്ടൊ. അതൊക്കെ നാമറുയാതെ വരും. തന്റ്റെ ചിന്തകള്‍ എഴുതിയെഴുതി താനേ തെളിഞ്ഞു വരും.
നമുക്കെല്ലാം എഴുതിയെഴുതി തെളിയാന്‍ ബ്ലോഗുലകമില്ലേ???
കാണാം.
സസ്നേഹം
ദൃശ്യന്‍
സിജി,
സമയ യന്ത്രത്തില്‍ ഞാന്‍ ഒരു അപ്പൂപ്പന് താടിയാകുന്നു. നൂലു നഷ്ടപ്പെട്ട പട്ടം പോലെ എത്തി ചേരുന്നേടത്തെ കാഴ്ചകള്‍ കണ്ടിതൊരു സ്വപ്നമാകാതിരിക്കാന്‍ സമയ യന്ത്രത്തെ മുറുകെ പിടിക്കുന്നു.
നന്നായി എന്നു കൂടി.
കുട്ടിച്ചാത്താ- എന്നെ രണ്ടു ദിവസായിട്ട് നന്നായി എറിയുന്നുണ്ടല്ലോ.കള്ളു നിവേദിക്കാന്‍ സമയായോ?
വിശാഖ് - ഇങ്ങനെയൊരു ബ്ലോഗറെ ആദ്യമായാണ് കേള്‍ക്കുന്നത്.നല്ല കമന്റ്. പറഞ്ഞ കാര്യങ്ങള്‍ നോട്ടു ചെയ്തുവെച്ചിട്ടുണ്ട്.
ആമി,വേണു മാഷ് നന്ദി.
നമുക്ക് വേണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കുന്നതിലെ സ്വാര്ഥതമാത്രമേ ഞാനുദ്ധേശിച്ചിരുന്നുള്ളു.
വളരെ നല്ല കഥ സിജീ..ഇഷ്ടപ്പെട്ടു...തുടര്‍ന്നും കഥകളുടെ സാഗരം തൂലികത്തുമ്പിലൂടെ ഒഴുകി വരട്ടെ, കാത്തിരിയ്ക്കുന്നു...
സിജീ, കഥ രസായി. ടൈം മെഷീനിനെക്കുറിച്ച് ചിന്തിക്കാന്‍ ഇതൊരു പ്രേരണയായി. നന്ദി
സിജി *
ഈ കഥ ഇപ്പോഴാണ് കണ്ടത്. പുതുതായി എഴുതിയത് ഇഷ്ടപ്പെട്ടു.
പിന്നെ, നിര്‍ബന്ധിച്ചാല്‍ (നിര്‍ബന്ധിച്ചാല്‍ മാത്രം ) ഒരു കാര്യം കൂടി പറയാം : ആദ്യപാരഗ്രാഫിലെ അവസാനത്തെ മൂന്നു വരികളും കഥയുടെ ഏറ്റവും ഒടുവിലെ ഒരു വരിയും ഇല്ലാതെ ഈ കഥ വായിക്കാനാണ് കൂടുതല്‍ രസം. :) just my feeling.
ഇടവേള മൂലം, വാക്കുകളും expression-ഉം കിട്ടാതെ വരുന്നു എന്ന് പറഞ്ഞതിനോട്, in theory, 100% യോജിപ്പ്.
മുഖ്യധാരാ മാധ്യമങ്ങളില്‍ ഈ കഥ പ്രസിദ്ധീകരിക്കുന്നുണ്ടോ :)
* - (എനിക്കാണ് പ്രായക്കൂടുതല്‍ :)
qw_er_ty
ദൃശ്യന്‍, സാരംഗി,ശ്രീജിത്ത് നന്ദി.
ദിവാ - പണ്ടും ഞാന്‍ പറഞ്ഞിട്ടുണ്ട്.കഥയെപ്പറ്റി എന്ത് അഭിപ്രായവും പറയാമെന്ന്,ഞാന്‍ കഥകള്‍ എഴുതും എന്നല്ലാതെ എനിക്ക് നല്ലരീതിയിലുള്ള വിമര്‍ശങ്ങളോ, അഭിപ്രായങ്ങളോ ഒന്നും ആരോടും ചോദിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. എന്റെ കൂട്ടുകാര്‍ മുഴുവന്‍ കേരളത്തിലെ ഇന്നത്തെ അറിയപ്പെട്ടുവരുന്ന യുവ സാഹിത്യകാരികളും കാരന് മാരുമായിരുന്നു. ഹോസ്റ്റല്‍ മുറികളില്‍ അവരുടെ സാഹിത്യ ചര്‍ച്ചകള്‍ക്കും വട്ടുകള്ക്കുമിടയില്പ്പെട്ട് ഞാനും എന്തൊക്കെയോ എഴുതി പോക്കറ്റുമണീകിട്ടാനായി മത്സരങ്ങള്ക്കുമാത്രം അയച്ചുകൊടുത്തു. എഴുത്തിനെ സീരിയസ്സാക്കി എടുക്കാത്തതിനാല്‍ എഴുത്ത് നിര്‍ത്തി . ബ്ലോഗു തുടങ്ങിയതില്‍പ്പിന്നെ എന്തെങ്കിലും എഴുതാനൊക്കെതോന്നുന്നു.
കഥ എഴുതി പോസ്റ്റുന്നതിനുമുമ്പ് ആരെങ്കിലും ഒരാള്‍ക്ക് വായിക്കാന്‍ കൊടുക്കാമായിരുന്നു എന്നുതോന്നാറുണ്ട്. നിര്‍ഭാഗ്യവശാല്‍ അങ്ങിനെയൊരാള്‍ ഇവിടെയില്ല.അതുകൊണ്ട് സത്യസന്ധമായ അഭിപ്രായങ്ങള്‍ക്ക് എന്നും ഞാന്‍ വിലകൊടുക്കാറുണ്ട്.മുഖ്യധാരയിലൊന്നും ഇതൊന്നും പ്രസിദ്ധീകരിക്കുമെന്നുതോന്നുന്നില്ല. അമേരിക്കയില്‍നിന്നും എഴുതുന്ന,പെണ്ണെഴുത്തു കാറ്റഗ്ഗറിയില്‍ ചിലപ്പോള്‍ ഒരു സംവരണം അവിടെയുണ്ടെങ്കില്‍ മാത്രം ചിലപ്പോള്‍ എന്റെ കഥകളും എടുക്കും,അതെത്രകാലം.
ഇതിനു മുന്‍പ് ഞാന്‍ ഒരു കമന്റിട്ടിരുന്നോ എന്ന് ഒരു സംശയം.(വയസ്സായി വരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഞാന്‍ കാണുന്നുണ്ട്).
ഇനി കഥയെ കുറിച്ച് അഭിപ്രായം പറഞ്ഞ് കഥാ പോലീസ് ആവാന്‍ എനിക്ക് വയ്യ:)
സിജിച്ചേച്ചി,
ചാരുതയുള്ളയെഴുത്ത്.....
ഒരല്‍പ്പം കൂടി സമയം നീക്കി കഥയെഴുത്തിന് നീക്കി വയ്ക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ വായനക്കാരുടെ പുണ്യം.
ഈ തൂലികയുടെയൊരാരാധകന്.
നന്ദി...
അരവിശിവ
സിജിച്ചേച്ചി,
ഇന്നലെയാണ് “ദൂരം” ആദ്യമായിക്കണ്ടത്. ഒറ്റയിരുപ്പിന് ഈ ബ്ലോഗിലുള്ളതെല്ലാം വായിച്ചുതീര്‍ത്തു. കുറേ നാളിനു ശേഷം നല്ല കുറെ കഥകളും അനുഭവങ്ങളും വായിച്ച ഒരു ഫീലിങ്ങ്. ചിന്തിക്കാന്‍ പറ്റിയ പോസ്റ്റുകള്‍.
ഏല്ലാ ദിവസവും ഓരോ നല്ല കഥകളെഴുതി പോസ്റ്റാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു.
സസ്നേഹം,
മിഥുന്
അരവി, മിഥുന് ഒരു ചിരി മാത്രം കമന്റിനു പകരം തരുന്നു.എഴുതാന്‍ കൂടുതല്‍ സമയം കണ്ടെത്താം.
പകലിനു ക്ലാവുപിടിച്ചനിറം എന്നെഴുതുന്ന ഒരാള്‍ക്ക് ഒരുപാട് വാക്കുകളുടെ ആവശ്യമില്ല സിജി. ഇതുവരെ എഴുത്തിനെ മറന്നതിന്റെ പേരില്‍ സിജി സമയയന്ത്രം എടുത്ത് പിന്നിലേക്കൊന്നുപോയിരുന്നെകില് ഞങ്ങള്‍ക്കൊരുപാട് നന്നായിരുന്നേനെ എന്നു മാത്രം...
വിശാഖിന്റെ കുറിപ്പിനോട് യോജിപ്പുണ്ട്. പക്ഷേ ഈ തരത്തില്‍ ഒരു plot and technic സിജി ആദ്യം പരീക്ഷിക്കുകയാണെന്നു തോന്നുന്നതുകൊണ്ട് (ബ്ലോഗിലെ പഴയകഥകള്‍ മുഴുവന്‍ ഞാന്‍ വായിച്ചിരുന്നു) ക്രാഫ്റ്റിലെ പാളിച്ചയെക്കുറിച്ച് എഴുത്ത് വീണ്ടും തുടങ്ങുന്ന ഈ സമയത്ത് ചിന്ത വേണ്ട എന്നാണെന്റെ അഭിപ്രായം. എഴുതിയാല്‍ മാത്രം മതി. You are so natural.
Post a Comment