Friday, December 15, 2006

ലോലഹൃദയമുള്ളവര്‍ക്കു സമര്‍പ്പണം

ഞാന്‍ ഗോപാലകൃഷ്ണന്‍.
ഒരു സ്വകാര്യ ഒാഫീസില്‍ ക്ലര്‍ക്ക്‌
വിദ്യാഭ്യാസം - വാണിജ്യശാസ്ത്രത്തില്‍ ബിരുദം.
ഭാര്യ - സുമിത്ര
പൊന്നോമന മകള്‍- സൂര്യ (മാളുട്ടി)
സ്വത്തായിട്ടുള്ളത്‌-പാരമ്പര്യ സ്വത്തായിക്കിട്ടിയ അമ്പതുസെന്റു സ്ഥലവും രണ്ടു ബെഡ്‌ റൂമുള്ള ടെറസ്സുവീടും.(കാശുകുറച്ചുകൂടിയുണ്ടായാല്‍ രണ്ടു റൂമു കൂടി മുകളിലേക്കെടുക്കണമെന്നുണ്ട്‌.)
വീട്ടിലേക്കൂള്ള വഴി -ഗുരുവായൂരീന്ന് ലിമിറ്റഡ്‌ പിടിക്കാണെങ്കില്‍ 5.50 കൊടുത്താല്‍ കൊടുങ്ങല്ലൂര്‍ നടേലെരക്കും.അവിടന്ന് ഓട്ടോപിടിച്ച്‌ പത്താംകല്ലിലുള്ള ഗോപാലകൃഷ്ണന്റെ വീട്ടിലേക്കു വിട്ടോളാന്‍ പറയണം.എറണാകുളത്തുനിന്നു വരാണങ്കില്‍ 6.10 കൊടുക്കണം.
എന്നെ പറ്റി ഏതാണെല്ലാകാര്യങ്ങളും നിങ്ങളറിഞ്ഞു കഴിഞ്ഞു.ഒരാളെപറ്റിയറിയുമ്പോള്‍ അയാളുടെ ആത്മാര്‍ഥ സുഹൃത്തിനെ പറ്റിയും കരിങ്കാലി സുഹൃത്തിനെ പറ്റിയും അറിയണ്ടെ?
ബെസ്റ്റ്‌ ഫ്രന്റ്‌ - ലോലഹൃദയം അഥവാ ഈ ഗോപാലകൃഷ്ണന്റെ പരിശുദ്ധമായ,ടിക്‌..ടിക്‌ അടിക്കുന്ന കുഞ്ഞു ഹൃദയം.
കരിങ്കാലി ഫ്രന്റ്‌- കഠിന ഹൃദയം അഥവാ ദുഷ്ടഹൃദയം.
ഇതൊക്കെ പറയുമ്പോള്‍ ബുദ്ധിജീവികളെന്ന് സ്വയം അഭിമാനിക്കുന്ന നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഇതൊരു 'ഡുവല്‍ പേഴ്സണാലിറ്റിയുടെ' കഥയല്ലേയപ്പാ.ഇങ്ങനെയുള്ളതൊക്കെ ഞങ്ങള്‍ എത്രകണ്ടിരിക്കുന്നു വെന്ന് വീമ്പിളക്കിയേക്കാം.എന്തായാലും അതൊക്കെ ചില ഇഗ്ലീഷ്‌ സിനിമകളിലും പുസ്തകങ്ങളിലും കാര്യമായി നടക്കുന്നുണ്ടെന്നു ഞാനൊരു സാഹിത്യ പുസ്തകത്തില്‌ അഞ്ചാറീസം മുമ്പ്‌ വായിച്ചു.
അതെന്തൂട്ടായാലും ഗോപാലകൃഷ്ണനൊരു ചുക്കൂല്യ .പക്ഷെ എന്റെ ജീവിതത്തില്‍ ഇവന്മ്മാരുടെ കളികള്‍ കൊണെനിക്കു മടുത്തു ....

ടിക്‌..ടിക്‌...ലോലഹൃദയമാണ്‌
'എടാ ഗോപാലകൃഷ്ണാ..മരക്കോന്താ എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ടെടാ കണ്ടോരോടൊക്കെ വീട്ടുപുരാണം വിളമ്പരുതെന്ന്..വേഗം വീട്ടിലേക്കു നടക്കടാ നിന്റെ പെങ്കുട്ടി ഇപ്പോ ഉറക്കം തൂങ്ങിത്തുടങ്ങീട്ടുണ്ടാകും.

ലോലഹൃദയമേ മാപ്പ്‌.എത്രപ്രാവശ്യം പറഞ്ഞു തന്നാലും ഞാനതങ്ങു മറക്കും.അപരചിതരോട്‌ വീട്ടുകാര്യം പറയുന്ന സ്വഭാവം എനിക്ക്‌ അമ്മ വഴി പാരമ്പര്യായി കിട്ടിയതാ....
ഞാന്‍ പോട്ടേട്ടാ മാഷേ,ലോലഹൃദയം പറഞ്ഞതുപോലെ എന്റെ മോളിപ്പോ ഉറങ്ങാറായിട്ടുണ്ടാകും.വേഗം പോയാലേ ഏഴരേടെ ആന ബസ്സ്‌ പിടിക്കാന്‍ പറ്റൂ.

ടിക്‌..ടിക്‌..ഗോപാലകൃഷ്ണാ..എനെ പ്രിയപ്പെട്ടവനേ..കഠിനഹൃദയമാണ്‌ (ദുഷ്ട്‌ ഫ്രന്റ്‌)
'എടാമോനേ നിനക്കിപ്പോ ആന ബസ്സ്‌ പിടിക്കാണ്ടാകേട്‌,നാലും കൂടിയമൂലേല്‍ രമേശന്‍ നിന്നെ കാക്കുന്നുണ്ടാകും,പോയി രണ്ടു നാട്ടു വര്‍ത്തമാനം പറഞ്ഞിട്ടു വാടാ.ഓഫീസില്‍ ഇത്രേം നേരം മുഷിഞ്ഞ ഫയലും നോക്കിയിരുന്നതല്ലേ,ഒന്ന് റിലാക്സാകേണ്ടേ'..

കഠിനഹൃദയം പറഞ്ഞതും നേരുതന്നെയാ.ആ മൂശാട്ട ഓഫീസറുടെ മോന്തയും കണ്ടിരുന്ന് ഫയലും=നോക്കണകാര്യം ഒരു ബോറനേര്‍പ്പാടാണ്‌.എന്നാലും മാസാമാസം ശമ്പളം കീശേലു വീഴേണ്ടതല്ലേയെന്നോര്‍ക്കുമ്പോള്‍ എല്ലാം ക്ഷമിക്കും.എന്റെ കൂട്ടുകാരന്‍ രമേശന്‍ എന്നും നാലും കൂടിയകവലേല്‍ കുറ്റിയടിക്കണ ആളാ,ഇടക്കൊക്കെ ഞാനും കൂടാറുണ്ട്‌.
ഇപ്പോ നേരം കുറേ വൈകീലെ ഇനിയിപ്പോ രമേശനേം കൂടികാണാന്‍ നിന്നാല്‍ കുറേ വൈകും.

കഠിനഹൃദയം - 'എടാ പൊന്നുമോനെ,പെണ്ണും പെടക്കോഴീന്നുമൊക്കെ പറഞ്ഞ്‌ നടന്നിട്ട്‌ എന്താകാര്യം.അവിടെ പോയികൊറച്ച്‌ ലോകവിവരമെങ്കിലുമുണ്ടാക്ക്‌.അമേരിക്ക ഇറാഖില്‍ ബോംബിട്ടിട്ട്‌ എത്രയെണ്ണം ചത്തുമലച്ചൂന്ന് നിനക്കറിയോ?

അതുശരിയാണ്‌.അമേരിക്ക ഇറഖില്‍ ബോംബൊട്ടുവെന്നൊരു വാര്‍ത്തകേട്ടിരുന്നു.അതിന്റെ ഡീറ്റയില്‍സ്‌ അറിഞ്ഞിട്ടില്ല.കവലേല്‍ പോയാല്‍ എല്ലാമറിയാമായിരുന്നു.പോണോ,വേണ്ടയോ?

പോകടാമോനേ പോക്‌,നിന്റെ നല്ല ഭാവിക്കായിട്ടല്ലേ.ലോകവിവരമുള്ളവനാ ഗോപാലകൃഷ്ണനെന്നു പറയുന്നതുകേള്‍ക്കാനൊരു കുളിര്‌...

ടിക്‌..ടിക്‌..ലോലഹൃദയമാണ്‌..
'എടാ ഗോപാലകൃഷ്ണാ,നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെടാ ഒരു പ്രലോഭനങ്ങളിലും ചെന്നു ചാടരുതെന്ന്.കഴിഞ്ഞാഴ്ച്ച നിന്റെ ഭാര്യ സുമിത്ര നെഞ്ചത്തടിച്ചു'ഞാനിപ്പോ ചാവും' ന്ന് പറഞ്ഞ്‌ കരഞ്ഞത്‌ നീ മറന്നോ? ആ രമേശന്റെ കൂടെ കൂടി കുടിച്ചുകൂത്താടി നാലുകാലില്‍ വന്നതിന്റെ കെട്ടൊന്നടങ്ങീട്ടല്ലേയുള്ളു.

അതുശരിയാണ്‌.എപ്പോ രമേശന്റെയടുത്തു പോയാലും ഒന്നു മിനുങ്ങാതെ അവന്‍ പറഞ്ഞയക്കില്ല.സുമിത്രക്കാണെങ്കില്‍ അതു സഹിക്കൂല.വളര്‍ന്നു വരുന്ന ഒരു പെണ്‍കിടാവിന്റെ തന്ത്യല്ലേ നിങ്ങള്‍ എന്നാണവള്‍ ചോദിക്കുക.കഴിഞ്ഞാഴ്ച്ച അവള്‍ ഇതിനെ ചൊല്ലി നെഞ്ചത്തടിച്ചു കരഞ്ഞൂന്നൊള്ളാതും നേരു തന്നെയാണ്‌.
ലോലഹൃദയം - ഇനിയും വേണടാ ഉദാഹരണങ്ങള്‍?
നീ നിന്റെ ഓഫീസിലെ തൂപ്പുകാരിപ്പേണ്ണിന്‌ ഇരുനൂറുറുപ്പ്യ കടായിക്കൊടുത്തതിന്‌ സുമിത്ര കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ഇപ്പോഴും ഓര്‍മ്മയുണ്ടോടാ? പെണ്ണിന്റെ ഹൃദയമാണ്‌ മെഴുകുകൊണ്ടുണ്ടാക്കിയതാ ചെറിയൊരു തീനാളം മതി അതുരുകിപ്പോകാന്‍.

ലോലഹൃദയമേ എന്റെ പാപം പൊറുക്കേണമേ..
കഴിഞ്ഞമാസം നളിനിയേടത്തിയസുഖമായിക്കിടക്കുന്ന പെണ്‍കൊച്ചിനെ ചികിത്സിക്കാനെന്നും പറഞ്ഞ്‌ വാങ്ങിയ ഇരുനൂറുറുപ്പികയുടെ കാര്യം സുമിത്രയുടെ ചെവിയിലെത്തിയ കാര്യം വലിയൊരതിശയം തന്നെയാണ്‌.നളിനിയേടത്തിയുടെ മകളുടെ കൂട്ടുകാരി സുമിത്രേടെ നാത്തൂന്റെ ഭര്‍ത്താവിന്റെ ബന്ധുവാണെത്രെ,ഈപെണ്ണുങ്ങളുടെ ഒരു കാര്യം കേള്‍ക്കണ്ടാത്തതേ കേള്‍ക്കൂ.
'എന്നിലില്ലാത്ത എന്താ മനുഷ്യാ ആ പെമ്പറന്നോത്തിയില്‌' എന്നാണ്‌ സുമിത്ര അലറിക്കരഞ്ഞു ചോദിച്ചത്‌.
'അവളുടെ കൂടെ പോയി പൊറുത്തോ മനുഷ്യാ'യെന്നും പറഞ്ഞ്‌ കിടക്കപായയും ചുരുട്ടിതന്നു. എന്തൊക്കെ പറഞ്ഞിട്ടാണെന്നോ അവളെയൊന്നു മെരുക്കിയെടുത്തത്‌.

ലോലഹൃദയം- ഈ വിവാഹ വാര്‍ഷികത്തിന്‌ നീയവള്‍ക്ക്‌ ഒരു സ്വര്‍ണ്ണക്കമ്മല്‍ വാങ്ങിക്കൊടുക്കാമെന്നേറ്റില്ലേ,ബാറില്‍ പോയിരുന്ന് മോന്തിയിട്ട്‌ ഉള്ള കാശുകളയേണ്ട.രണ്ടു മാസം കൂടികഴിഞ്ഞാല്‍ നിന്റെ വിവാഹവാര്‍ഷികമാ...

ലോലഹൃദയമേ അതും ശരിയാ.'നിന്നെക്കാള്‍ വലുത്‌ ലോകത്ത്‌ വേറെയാരുണ്ട്‌ എന്നുപറഞ്ഞ്‌ ഒരു ഡയമണ്ട്‌ കൊടുക്കാന്‍ ഗോപാലകൃഷ്ണനൊരു ലോട്ടറിയടിക്കണം.അല്ലാ പെണ്ണുങ്ങളുടെ മനസ്സാണേ എന്താ മനസ്സിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതെന്നു പറയാനാകില്ല.(ടി.വിലെ പരസ്യങ്ങള്‍ കണ്ട്‌ അന്തം വിട്ടിരിക്കുന്ന പെണ്ണാ എന്റെ സുമിത്ര) .'നീയെന്റെ ജീവന്റെ ജീവനാന്നും'പറഞ്ഞ്‌ മൂന്നു ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മല്‍ കൊടുക്കാന്‍ നീയല്ലേ എന്നെ ഉപദേശിച്ചത്‌.അത്‌ കുറിക്കു തന്നെ കൊണ്ടു.

ലോലഹൃദയം- എന്തൊക്കെ പറഞ്ഞാലും അവളൊരു നല്ല ഭാര്യയാണ്‌.

അതു ശരിയാണ്‌. ഞാന്‍ വീട്ടിലെത്താതെ അവളൊരു വറ്റുപോലും ഇറക്കില്ല.ഭര്‍ത്താവിന്‌ വിളമ്പിക്കൊടുത്ത്‌ കൂടെയിരുന്നുണ്ണുതാ അവള്‍ക്കിഷ്ടം.അവളുടെ ഫേവറേറ്റ്‌ മീന്‍ കൂട്ടാന്‍ വെച്ചാലും ഞാന്‍ കഴിച്ചുവെന്നുറപ്പുവരുത്തിയിട്ടേ അവളതെടുക്കൂ. എന്തായാലും ആന ബസ്സ്‌ പിടിക്കതന്നെ വേണം.രമേശനെ പിന്നെയെന്നെങ്കിലും കാണാം.

കഠിനഹൃദയം -'മോനേ ഗോപാലകൃഷ്ണാ നീയവിടെപ്പോയി രമേശനെക്കാണണ്ട.ദേ നിന്റെ ആത്മാര്‍ഥ സുഹൃത്ത്‌ നിന്നെക്കാണാന്‍ ഇങ്ങോട്ട്‌ വരുന്നുണ്ട്‌'

ശരിയാണല്ലോ,ഇവനെന്നെത്തേടിത്തന്യാണോ വരുന്നത്‌? അവന്റെ ചെരിഞ്ഞനടത്തവും വളിച്ചചിരിയുംകണ്ടിട്ട്‌ കാര്യമത്ര പന്തിയല്ല.
രമേശന്‍ - 'ഗോപാലകൃഷ്ണാ ഞാന്‍ നിന്നെയന്വേഷിച്ചു വന്നതാടാ, കാശുണ്ടോ ഒരു നൂറുറുപ്യയെടുക്കാനായിട്ട്‌'?

എന്റെ പോക്കറ്റിലെ നൂറുറുപ്യനോട്ട്‌ അവന്‌ നന്നായി നെഴലടിച്ചു കാണാം.നുണപറയാനും പറ്റില്ല.

രമേശന്‍ - 'വാടാ നമുക്കൊന്നുകൂടീട്ടു പോകാം,അമേരിക്കയും ഇറാഖും തമ്മിലുള്ള യുദ്ധത്തില്‌ രണ്ട്‌ മലയാളികള്‍ക്ക്‌ പരിക്കുണ്ട്‌.കവലേല്‌ ഗംഭീര ചര്‍ച്ച നടക്കാ,ബുഷെന്തോ പ്രസ്താവനയിറക്കീട്ടുണ്ട്‌. നാളെ ബന്ദാകാനും സാദ്ധ്യതയുണ്ട്‌'.

കഠിനഹൃദയം - മോനേ ഗോപാലകൃഷ്ണാ പോയി എല്ലാം ഒന്നറിഞ്ഞിട്ടുവാ, മോന്റെ നല്ല ഭാവിക്കായിട്ടല്ലേ,നാളെ ബന്ദുണ്ടോയെന്നൊന്നറിയുകയും ചെയ്യാലോ.

കഥാന്ത്യം - ഗോപാലകൃഷ്ണന്റെ പോക്കറ്റില്‍ ഏന്തിനോക്കിക്കൊണ്ട്‌ രമേശന്‍ തോളില്‍ കയ്യിടുന്നു.'ലോല ഹൃദയമേ മാപ്പ്‌' എന്നു പറഞ്ഞുകൊണ്ട്‌ തെക്കോട്ട്‌ പോകേണ്ടിയിരുന്ന ഗോപാലകൃഷ്ണന്‍ വടക്കോട്ട്‌ തിരിയുന്നു. ബാക്കിയെല്ലാം ചിന്ത്യം.

Wednesday, December 6, 2006

മഞ്ഞുകാലം

വളരെകാലങ്ങള്‍ക്കു ശേഷം ഒരുദിവസം അച്ഛമ്മയുടെ പ്രേതം എന്നെ കാണുവാനെത്തി.മുന്‍പൊക്കെ എന്നെ വിടാതെ പിന്തുടരാറുള്ള അച്ഛമ്മ നീണ്ടവര്‍ഷങ്ങള്‍ എന്നെ ശല്യപ്പെടുത്താതിരുന്നത്‌ അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തെടുത്തത്‌.പണ്ടെല്ലാം ഹോസ്റ്റലിന്റെ ചുവരുകള്‍ക്കുള്ളില്‍നിന്നെന്നോട്‌ സംസാരിക്കുകയും,എഞ്ചിനീയറിങ്ങ്‌ കോളേജിന്റെ വാകമരത്തണലിലിരുന്ന് പണ്ടത്തെകഥകള്‍ പറഞ്ഞുതരികയും ,ഉറക്കമൊഴിച്ചിരുന്നുപഠിക്കാറുണ്ടായിരുന്ന രാത്രികളില്‍ എനിക്കേറെ ഇഷ്ടമുണ്ടായിരുന്ന കപ്പലണ്ടിമിഠായി കുപ്പിയില്‍ നിന്നെടുത്തു തരികയും ചെയ്തിരുന്ന അച്ഛമ്മയുടെ പ്രേതം..എന്നെ സ്നേഹിച്ച്‌ ബുദ്ധിമുട്ടിപ്പിക്കുകയും,വെറുപ്പുകൊണ്ട്‌ കരയിപ്പിക്കുകയുംചെയ്ത്‌ ഒരുരാത്രിയില്‍ മുറിവിട്ടിറങ്ങിപ്പോയതിനു ശേഷം ഇപ്പോഴാണത്‌ വീണ്ടും അമേരിക്കയിലുള്ള ഞങ്ങളുടെ ഫ്ലാറ്റിലേക്ക്‌ എന്നെത്തേടിവന്നിരിക്കുന്നത്‌.
'നീ എന്തെടുക്കുകയാണവിടെ? അച്ഛമ്മയുടെ ഉറച്ച സ്വരം സ്വീകരണമുറിയില്‍നിന്നും വന്നു.
ഞാനപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ തൊണ്ടവരണ്ടപ്പോള്‍ കുറച്ച്‌ വെള്ളമെടുത്തുകുടിക്കുകയായിരുന്നു.

'എന്തിനാണ്‌ എന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ്ടും വന്നത്‌? ഞാന്‍ ചോദിച്ചു.

അച്ഛമ്മയപ്പോള്‍ എന്റെ കല്ല്യാണ ആല്‍ബം അലമാരയില്‍നിന്നെടുത്ത്‌ മറിച്ചുനോക്കുകയായിരുന്നു.

'കല്ല്യാണത്തിനുമുമ്പ്‌ നീയെന്റെ അസ്ഥിത്തറയില്‍ വന്ന് കുറച്ചുനേരം പ്രാര്‍ത്ഥിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടു'. അച്ഛമ്മയുടെ വാക്കുകള്‍ ചിലമ്പിച്ചിരുന്നു.

'പെട്ടന്നായിരുന്നു കല്ല്യാണം'
'എനിക്കറിയാം നിന്റമ്മ പറഞ്ഞിട്ടുണ്ടാകും അതൊന്നും വേണ്ടാന്ന്, ഒരുമ്പെട്ടോള്‍'...
അപ്പോള്‍ അച്ഛമ്മയും അമ്മയും തമ്മിലുണ്ടായിരുന്ന കുടുംബ യുദ്ധത്തിലെ ഒരു പോരാളിയായി ഞാനും മാറി.
'അമ്മയൊന്നും പറഞ്ഞിരുന്നില്ല'.

അച്ഛമ്മയും അമ്മയും വീട്ടില്‍ വഴക്കു പതിവായിരുന്നു.എനിക്കു പത്തോപതിനൊന്നോ വയസ്സായപ്പോഴാണ്‌ ഒരുദിവസം അമ്മ വഴക്കുമൂത്ത്‌ കെട്ടിത്തൂങ്ങുവാനായി കയറെടുത്തതും ഞങ്ങള്‍ വാടകവീട്ടിലേക്ക്‌ താമസം മാറ്റിയതും. പിന്നീട്‌ ഹോസ്റ്റലിലേക്കുവരുന്ന ഉണ്ണിയപ്പം,മുറുക്ക്‌,അച്ചപ്പം എന്നിവയിലൂടെ അച്ഛമ്മയും ഞാനുമായുള്ള സ്നേഹം വളരുകയായിരുന്നു.ഇടക്കെല്ലാം അച്ഛമ്മ എന്നെക്കാണുവാനായി ഹോസ്റ്റലിലേക്ക്‌ വരുമായിരുന്നു.അന്നേദിവസം എന്റെ കൂട്ടുകാരെല്ലാം അച്ഛമ്മയുടെ വരവ്‌ ജനലിലൂടെ നോക്കി ആസ്വദിക്കുമായിരുന്നു.ആരേയും കൂസാതെ ഓട്ടോറിക്ഷയില്‍ നിന്നും ചാടിയിറങ്ങി വേഗത്തില്‍ നടന്നുവരുന്ന അച്ഛമ്മ എന്നെ പരിചയമുള്ളവരുടെ ഓര്‍മ്മകളിലിപ്പോഴുമുണ്ട്‌.എഞ്ചിനീയറിങ്ങിനു ചേര്‍ന്നകൊല്ലം ഞാന്‍ കോളേജു കാം പസ്സിലുള്ള ആല്‍മരത്തറയിലിരുന്ന് ജിമ്മിതോമസ്സുമായി സംസാരിക്കുകയായിരുന്നു.അപ്പോഴാണ്‌ അച്ഛമ്മയുടെ വരവുണ്ടായത്‌.എന്നെ കണ്ടതും ഓട്ടോറിക്ഷ അവിടെ നിന്നു.
'നിന്റെ പേരെന്താടാ മോനെ'?
'ജിമ്മി'
'കൃസ്ത്യാനിയാണല്ലേ'?
'അതേ'
'വാടി മോളെ നമുക്ക്‌ ഹോസ്റ്റലിലേക്കു പോകാം'. അച്ഛമ്മ പറഞ്ഞു.
ഞാനപ്പോള്‍ കയ്യുകൊണ്ടാഗ്യത്തില്‍ ജിമ്മിയോട്‌ സ്ഥലം വിട്ടോളാന്‍ പറഞ്ഞു.അവന്റെ മുഖമപ്പോള്‍ ആകെ വിളറി വെളുത്തിരുന്നു.
ഹോസ്റ്റലിലേക്ക്‌ ഞാനും അച്ഛമ്മയും നടന്നു.

'എടീ നിന്റമ്മ ഇതറിഞ്ഞാല്‍ നിന്നെ ചതക്കും'
'ഏതറിഞ്ഞാല്‍ അച്ഛമ്മേ'
'നിന്റെ കൃസ്ത്യാനി ചെക്കനുമായുള്ളകൂട്ടുകെട്ട്‌'
'അവനെന്റെ കൂട്ടുകാരനാ അച്ഛമ്മേ'
'എടീ ആല്‍മരത്തറയിലിരുന്ന് കാലും ഞാത്തി ആട്ടിക്കൊണ്ട്‌ വര്‍ത്തമാനം പറയുന്ന കൂട്ടുകെട്ട്‌ ഇനി വേണ്ട'.
ഞാനൊന്നു പരുങ്ങിപ്പോയി.സത്യത്തില്‍ എനിക്കു ജിമ്മിയോടും ജിമ്മിക്കെന്നോടും നേരിയ ഒരു പ്രണയമുണ്ടായിരുന്നു.അവന്‍ എന്നോടും ഞാന്‍ അവനോടും അതു തുറന്നു പറഞ്ഞിരുന്നില്ല.
അച്ഛമ്മയുടെ അന്നത്തെ സംസാരത്തോടെ ശൈശവദശ മാത്രം പിന്നിട്ടിരുന്ന എന്റെ മനസ്സിലെ പ്രണയം ചതഞ്ഞുപോയി.പിന്നീട്‌ ഞാന്‍ ജിമ്മിയെ കാണാതിരിക്കാന്‍ വഴിമാറി നടന്നു.

'എടീ കുഞ്ഞുമോളേ, ഇങ്ങോട്ടു വാടീ'.
അച്ഛമ്മ സ്വീകരണമുറിയിലിരുന്ന് എന്നെ വിളിക്കുകയാണ്‌.
'നിന്റെ ഭര്‍ത്താവ്‌ നല്ല ഐശ്വര്യമുള്ളവനാണ്‌ട്ടാ'..
ഞാന്‍ ചിരിച്ചു.
എന്താ അവന്റെ പേര്‌?
'നന്ദകുമാര്‍'
അവനെപ്പോ ജോലികഴിഞ്ഞുവീട്ടില്‍ വരും?
'കമ്പനികാര്യത്തിനായി പുറത്തുപോയിരിക്കുകയാണ്‌.3 ദിവസം കഴിയും'.
അപ്പോ മൂന്നു ദിവസം ഞാനിവിടെ കാണും.

ഞാനപ്പോള്‍ അച്ഛമ്മയുടെ പ്രേതത്തെ എങ്ങിനെയെങ്കിലും പുകച്ച്‌ പുറത്തു ചാടിക്കണമെന്ന ചിന്തയിലായിരുന്നു.നാളെ എന്തെങ്കിലും വഴികണ്ടുപിടിക്കാമെന്നുകരുതി.
അച്ഛമ്മയപ്പോള്‍ ഞങ്ങളുടെ ഫ്ലാറ്റ്‌ നടന്നുകാണുകയായിരുന്നു. വലിയ സ്ക്രീനുള്ള ടി.വി,കം പ്യൂട്ടര്‍,അലമാരപോലുള്ള ഫ്രിഡ്ജ്‌ എന്നുവേണ്ട എല്ലാ സാധനങ്ങളും തൊട്ടു നോക്കി.
'ഇതൊന്നും നമ്മുടെ നാട്ടിലില്ല അല്ലേ കുഞ്ഞുമോളേ?'
ഇപ്പോ എല്ലാം കിട്ടും,നല്ല വിലകൊടുക്കണമെന്നു മാത്രം.
'നിന്റെ വീട്‌ നല്ല ഭംഗിയുണ്ട്‌,പടങ്ങളില്‍ കാണുന്ന പോലെ'..
ഞാന്‍ ചിരിച്ചു.
അന്നുരാത്രി അച്ഛമ്മയും ഞാനും ഒരുപാട്‌ സംസാരിച്ചു.രണ്ടു വര്‍ഷത്തിനുള്ളില്‍ ഞാന്‍ അന്നാണ്‌ ഇത്രയധികം ഒരാളുമായി മലയാളത്തില്‍ സംസാരിക്കുന്നത്‌.എന്റെ മുടിയിഴകളില്‍ കൈകടത്തി അച്ഛമ്മ പതുക്കെ മാന്തിത്തന്നു.ഞാനപ്പോള്‍ അച്ഛമ്മയുടെ മടിയില്‍ കിടന്ന് പണ്ടത്തെ കഥകേട്ടു.
അന്നാദ്യമായ്‌ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്കിടയില്‍ ചെറുതെങ്കിലും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശമുണ്ടെന്നു ഞാന്‍ കണ്ടു.മയക്കത്തിലേക്ക്‌ വഴുതിവീഴുമ്പോള്‍ അച്ഛമ്മ എന്നെ ചേര്‍ത്തുപിടിച്ച്‌ നെറ്റിയിലൊരു കുഞ്ഞുമ്മ തരികയായിരുന്നു.
പിറ്റേന്ന് ഞങ്ങള്‍ വീട്ടിലേക്ക്‌ കുറച്ചു സാധനങ്ങള്‍ വാങ്ങുവാനായി പുറത്തിറങ്ങി.കാറിലിരുന്ന് അച്ഛമ്മ വായ്‌ തോരാതെ സംസാരിച്ചു.കാറില്‍ എപ്പോഴുമുണ്ടാകാറുള്ള കാതടപ്പിക്കുന്ന സംഗീതം അന്നുണ്ടായിരുന്നില്ല.
ആകാശമുട്ടെയുയര്‍ന്ന കെട്ടിടങ്ങള്‍,തീപ്പെട്ടിപ്പെട്ടിപോലെയൊഴുകുന്ന കാറുകള്‍,വേഗതയുടെമാത്രമായലോകം....
'ഇങ്ങനത്തെ വേഷം കെട്ടലു നിനക്കുവേണ്ടട്ട കുഞ്ഞുമോളെ'
മദാമമ്മാരുടെ കുഞ്ഞുടുപ്പുകള്‍ അച്ഛമ്മക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല.
'മുട്ടറ്റം എറക്കല്ല്യാത്ത ഉടുവടകളിട്ട്‌ നടക്കുന്നു ഓരോ ജന്തുക്കള്‌'..
അച്ഛമ്മ പിന്തിരിഞ്ഞു നോക്കിക്കൊണ്ട്‌ പറഞ്ഞു.
ക്ഷമിച്ചു കളയെന്റെ അച്ഛമ്മേ..
അച്ഛമ്മയെന്നെയൊരു നോട്ടം നോക്കി.
അന്ന് തിരിച്ചുവരുമ്പോള്‍ ഞാനേറെ സന്തോഷവതിയായിരുന്നു.ഓരോരോ സംഭാഷണങ്ങളിലൂടെ എനിക്കും അച്ഛമ്മക്കും ഇടയിലുണ്ടായിരുന്ന സമാന്തരരേഖകളുടെ അടുപ്പം കൂടിക്കൂടി വന്നു.
'അച്ഛമ്മ എന്തേ ഇത്രേം കാലം എന്നെത്തേടാതിരുന്നത്‌'?
ഞാന്‍ ചോദിച്ചു.
'നിന്നെ ശല്യാക്കണ്ടാന്ന് കരുതീട്ടുതന്നെ'
'അപ്പോ ഇപ്പോള്‍ വന്നതോ'.
പെട്ടന്ന് അച്ഛമ്മയുടെ മുഖമിരുണ്ടു,മൂക്കിനുമുകളിലും ചെവിയോടുചേര്‍ന്നും ഉണ്ടായിരുന്ന രണ്ടുവലിയ പാലുണ്ണികളില്‍ രക്തചുവ പടര്‍ന്നു.കണ്ണുകള്‍ ഈര്‍പ്പം കൊണ്ടു.
'നിന്റച്ഛന്‍ തറവാടു വില്‍ക്കാന്‍ പോണ്‌ കുഞ്ഞിമോളേ, അവനിനി അതൊന്നും നോക്കാന്‍ നേരോം കാലോം ഇല്ലാന്ന്'.
അച്ഛമ്മയുടെ കണ്ണുകള്‍ നിറയുന്നത്‌ ജീവിതത്തിലാദ്യമായ്‌ ഞാന്‍ കാണുകയാണ്‌.
ചെത്തിയും,ചെമ്പകവും,അയിനി മരങ്ങളും നിറഞ്ഞ തറവാട്‌ എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു.
'മോള്‍ക്കങ്ങ്‌ തിരിച്ചു വന്നുകൂടെ'?
അച്ഛമ്മ നിര്‍ത്താതെ കരഞ്ഞു തുടങ്ങി.
യുദ്ധത്തില്‍ രാജ്യവും,സ്വത്തുക്കളും നഷ്ടപ്പെട്ട്‌ പിന്തിരിഞ്ഞോടുന്ന രാജാവിന്റെ ദൈന്യത വാക്കുകളായ്‌ വീണ്ടും ചിതറി വീണു.
അച്ഛമ്മയുടെ കരച്ചിലിലൂര്‍ന്ന തിരമാലകള്‍ എന്റെ കണ്ണിലും വെള്ളത്തുള്ളികളെത്തെറുപ്പിച്ചു.ചുമരുചാരിനിന്ന് ഞാനും കരഞ്ഞുതുടങ്ങി.പിതൃക്കള്‍ എന്റെ തീരുമാനത്തെപ്പറ്റിയറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.
ഭാഗം 2
'അനു, ഏയ്‌ അനു'..എന്തിനാ കിടന്നു കരയുന്നത്‌?ഭര്‍ത്താവ്‌ തട്ടിവിളിച്ചു.
കരച്ചിലിന്റെ ശക്തിയാലെനിക്ക്‌ ശ്വാസം മുട്ടുകയായിരുന്നു.
'രാത്രി ഓരോ സ്വപ്നം കണ്ട്‌ മോങ്ങാനിരിക്കും,നാളെ വെളുപ്പിനെനിക്കെണീക്കണ്ടതാ നിനക്കിവിടെ കിടന്നുറങ്ങിയാല്‍ മതി'.
ഒന്ന് ഞെരങ്ങിക്കൊണ്ട്‌ അദ്ദേഹം പിന്തിരിഞ്ഞു കിടന്നു.
ഭര്‍ത്താവിന്റെ കൂര്‍ക്കം വലിയുയര്‍ന്നപ്പോള്‍ പുതപ്പുമാറ്റി പുറത്തുകടന്നു.
മനസ്സ്‌ വല്ലാതെ അസ്വസ്ഥമായിരുന്നു.വീട്ടിലേക്കൊന്ന് ഫോണ്‍ വിളിക്കണമെന്നു തോന്നി.അവിടെ ഇപ്പോള്‍ ഉച്ച സമയമായിരിക്കും.
അമ്മക്കു സഹായത്തിനായിവരുന്ന അമ്മായിയാണ്‌ ഫോണെടുത്തത്‌
അമ്മയില്ലേ?
'ഇല്ല,മോള്‍ടച്ഛന്റെ വീട്‌ വാങ്ങാനായിട്ട്‌ ആരോവരുന്നുണ്ട്‌,അവര്‍ പട്ടാമ്പിയിലേക്ക്‌ പോയിരിക്കുകയാണ്‌.ശരിയായാല്‍ നല്ല കാര്യം.'
അവള്‍ക്കപ്പോള്‍ കൈ കുഴയുന്നതായിത്തോന്നി.
'അവിടെയിപ്പോള്‍ ചൂടോ തണുപ്പോ മോളേ?'
പുറത്ത്‌ കൊഴിയുന്ന മഞ്ഞിനെ നോക്കിയവള്‍ പറഞ്ഞു.
'ചൂട്‌'.
ഡിസംബര്‍ മാസല്ലേ അവിടെ തണുപ്പല്ലേ?
അമ്മായിക്കപ്പോ എല്ലാമറിയാലോ...പിന്നെയും അവര്‍ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു.
ഫോണ്‍ താഴെവെച്ചുകൊണ്ട്‌ വെള്ളം കുറെയെടുത്തു കുടിച്ചു.
വീണ്ടും കിടപ്പുമുറിയിലെ ജനലിനടുത്തേക്കുനടന്നു.കര്‍ട്ടന്‍ ഉയര്‍ത്തി പുറത്തേക്കുനോക്കി.കൊഴിയുന്ന മഞ്ഞും,ഉറങ്ങാത്ത നഗരവെളിച്ചവും മാത്രം.മുറ്റത്ത്‌ ആകെയുള്ള കുഞ്ഞുമരത്തെയിളക്കുന്ന കാറ്റ്‌ മഞ്ഞു കഷ്ണങ്ങളെ ജനല്‍ ചില്ലിലേക്കുകൊണ്ടുവന്നു.ആകാശം പഴയതുപോലെ വിളറിവെളുത്ത്‌ ശ്യൂന്യമായിരിക്കുന്നു.

Tuesday, November 28, 2006

പ്രകൃതിയുടെ വരദാനങ്ങള്‍


മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണ്‍ തിരിച്ചുതരും എന്നൊരു പഴമൊഴിയുണ്ട്‌.ആധുനികയുഗത്തില്‍ മണ്ണിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണ്‌ഭൂമിയെന്നതിലുപരികെട്ടിടങ്ങള്‍ പണിയുവാനൊരു സ്ഥലം എന്നതിലേക്ക്‌ മണ്ണ്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.കുറച്ചു സ്ഥലത്തിനുള്ളില്‍ കൂടുതല്‍ വിളയിക്കുക എന്ന ത്വത്വവുമേന്തിക്കൊണ്ട്‌ രാസവളപ്രയോഗത്തിലൂടെ നമ്മള്‍ നടത്തുന്ന കൃഷി മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങള്‍ നശിപ്പിക്കുന്നവയാണ്‌.
അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍
കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള്‍ പ്രയോഗിച്ചും ,ഹോര്‍മ്മോണുകള്‍ കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള്‍ നടത്തിയും കൃഷിചെയ്യുന്നവയാണ്‌.കുറച്ചു സാധാരണ ആപ്പിള്‍പഴങ്ങളും കുറച്ച്‌ ഓര്‍ഗാനിക്‌ ആപ്പിള്‍ പഴങ്ങളും നിങ്ങള്‍ ഒരു സ്ഥലത്തുവെച്ച്‌ നിരീക്ഷിച്ചു നോക്കുക.സാധാരണ ആപ്പിള്‍ പഴങ്ങള്‍ ഒന്നോരണ്ടോ മാസത്തോളം കേടുകൂടാതെയിരിക്കുകയും ഓഗാനിക്‌ രണ്ടാഴ്ച്ചക്കുള്ളില്‍ ചീഞ്ഞുപോകുന്നതായും കാണാന്‍ കഴിയും,ഈ ഒരു ചെറിയ കണ്ടെത്തലാണ്‌ എന്നെ ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കുവാന്‍ പ്രേരിപ്പിച്ചത്‌.സാധാരണക്കാരായ ഞങ്ങള്‍ക്ക്‌ എപ്പോഴും പ്രകൃതിദത്തവസ്തുക്കള്‍ ഇത്രയും വിലകൊടുത്ത്‌ വാങ്ങുവാന്‍ നിവൃത്തിയില്ല.പകരം സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട്‌ മാനസികാര്യോഗവും ശാരീരികാര്യോഗവും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു.
വളരെ കുറച്ചു സ്ഥലമേ ചെറിയ അടുക്കളതോട്ടത്തിനാവശ്യമുള്ളു.വള്ളിപയര്‍,പാവല്‍,അമരക്ക എന്നിവ അമേരിക്കയിലും ഇന്ത്യയിലും നന്നായി വളരുന്ന പച്ചക്കറികളാണ്‌.അമേരിക്കയില്‍ ഏറ്റവും സുഗമമായിവളരുന്ന ചെടിയാണ്‌ തക്കാളി.ചീര,വെണ്ട,വഴുതിന,വെള്ളരി,കാപ്സിക്കം,മുളക്‌ എന്നിവയും അങ്ങിനെത്തന്നെ,കുറച്ചുകൂടി സ്ഥലമുള്ളവര്‍ക്ക്‌ മത്ത,കുമ്പളം എന്നിവ വച്ചുപിടിപ്പിക്കാവുന്നതാണ്‌.
ഇപ്രാവശ്യം ഞങ്ങളുടെതോട്ടത്തില്‍ ചുവന്നചീര,പയര്‍,തക്കാളി,വഴുതിന,വെള്ളരി,പാവല്‍,കാപ്സിക്കം,മുളക്‌,അമരക്ക എന്നിവ ധാരാളം വിളവുതന്നു.വേനല്‍ക്കാലമാസങ്ങളില്‍ കുറച്ചു പച്ചക്കറികള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങിക്കേണ്ടി വരാറുള്ളു.നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും നന്നായിയുള്ള സ്ഥലങ്ങളാകണം ഇതിനുവേണ്ടിതിരഞ്ഞെടുക്കേണ്ടത്‌.ഞങ്ങളെ സംബന്ധിച്ച്‌ സ്ഥലപരിമിതിമൂലം വഴുതിന,കാപ്സിക്കം,മുളക്‌ എന്നിവ ചട്ടിയില്‍ വളര്‍ത്താനേ സാധ്യമാകൂ.എങ്കിലും ചട്ടിയില്‍ നട്ട ഒരു വഴുതിനയില്‍ നിന്നുതന്നെ ഏകദേശം 12 കിലോയോളം കായ്കള്‍ കിട്ടി.അടുക്കളയില്‍ നിന്നും കറിക്കരിഞ്ഞു ബാക്കിവരുന്ന പച്ചക്കറികഷ്ണങ്ങള്‍,ചാണകം,വെയ്ക്കോല്‍,പുല്ലുകഷ്ണങ്ങള്‍ എന്നിവകൊണ്ട്‌ കമ്പോസ്റ്റ്‌ തയ്യാറാറക്കിയാണ്‌ വളപ്രയോഗം നടത്തുന്നത്‌.സോപ്പുലായനിയുപയോഗിച്ച്‌ കീടങ്ങളെതടയുന്നു.രണ്ടുനേരം വെള്ളമൊഴിക്കാന്‍ ശ്രമിക്കാറുണ്ട്‌.ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്‌.ഒഴിവുസമയങ്ങളെ പ്രയോജനപ്പെടുത്തുകയും,കുറച്ചുപണം ലാഭിക്കുകയും ചെയ്യുന്ന ഒരു ഹോബിയായി ആര്‍ക്കും ഒരു ചെറിയ പച്ചക്കറിതോട്ടമുണ്ടാക്കാവുന്നതാണ്‌.ആരോഗ്യമുള്ള ശരീരമുണെങ്കിലേ സമ്പൂര്‍ണ്ണമായ ജീവിതമുണ്ടാവുകയുള്ളുവെന്നോര്‍ക്കുക.പ്രകൃതിയുടെ വരദാനങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക.

Tuesday, November 21, 2006

മഴക്കവിതകള്‍

മഴ രണ്ടുവിധമാണെനിക്ക്‌.
ഒന്ന് ഇന്നലയുടെ മഴ
രണ്ട്‌ ഇന്നിന്റെ മഴ
ചെളിവെള്ളത്തെ തെറിപ്പിച്ചും
ഇടിവെട്ടിക്കാതടപ്പിച്ചും
ചുരിദാറിനെ തുടയിലൊട്ടിച്ചും
ബസ്സ്‌ സ്റ്റോപ്പില്‍ കാത്തുനിന്ന മഴ.
ബസ്സുവരുന്നുണ്ട്‌ കുടചുരുക്കു..
പിന്‍ വിളികളുയര്‍ന്നു.
കുഴികളില്‍ വീണും,കല്ലില്‍ തട്ടിയും
ശീതനടിച്ചും,മുകളിലേക്കുപ്പറക്കുന്ന-
ടര്‍പ്പാളയെ ശപിച്ചുകൊണ്ടൊരുമഴ.
ചേച്ചിയൊന്നുവേഗമിങ്ങിക്കേ..'കിളിപറഞ്ഞു'
നോട്ടം ഒട്ടിയൊലിച്ച ശരീരത്തിലേക്ക്‌.
ദ്ദെവത്തിന്റെനാട്ടില്‍ ഇത്രയും കുഴികളോ?
ബസ്സിറങ്ങിനടക്കേ സുഹൃത്തു പറഞ്ഞു.
'നല്ലതണുപ്പ്‌, മോളു വരു-
അമ്മചായതരാം ,മുളകു ബജിയുമുണ്ട്‌.
അമ്മ ചായക്കു തീകൂട്ടി.
പടിഞ്ഞാപ്പുറത്തെ പഞ്ചാരമാങ്ങപെറുക്കാന്‍-
അച്ഛന്‍ കുടയെടുത്തു യാത്രയായി.
ഹര്‍ഷന്റെ പറമ്പില്‍ ഒരു തെങ്ങു വീണു,
തറവാട്ടിലെ കശുമാവൊടിയാറായി,
നാളികേരം വീണ്‌ രണ്ടോടു പൊട്ടിയിട്ടുണ്ട്‌
അച്ഛന്‍ നനഞ്ഞൊലിച്ചു വന്നു പറഞ്ഞു

മൂന്നു ഗ്ലാസ്സിലായി പകര്‍ന്നചായയുമായമ്മ-
കടുപ്പമിത്തിരികൂടി,പാല്‍കുറവാണ്‌.
വരാന്തയിലേക്ക്‌ കാലാടുന്ന കസേരകള്‍ വലിച്ചിട്ടു.
അച്ഛന്‍ നാട്ടുകാര്യങ്ങള്‍ തുടങ്ങി വെച്ചു
അമ്മകേട്ടിരുന്ന് കറിക്കരിഞ്ഞു.
പുറത്ത്‌ മരങ്ങളിലാടിക്കളിച്ച്‌ മഴ..
തണുപ്പത്ത്‌,ചൂടുള്ള ഒരുമഴ..
മഴ രണ്ടു വിധമാണെനിക്ക്‌
സായിപ്പിന്റെ നാട്ടില്‍ നൂലുപോലുള്ളമഴ.
മഴപെയ്യാന്‍ സാദ്ധ്യതയുണ്ടെന്നറിയിക്കുന്ന ചാനലുകള്‍
കാര്‍പ്പെറ്റുനനയുന്നതിനാല്‍ വാതില്‍ തുറന്നില്ല
ഇടിയും മിന്നലും കണ്ടിട്ടുകാലം കുറേയായി
കാലാവസ്ഥയറിയാന്‍ കമ്പ്യൂട്ടര്‍ തുറന്നു
പത്തുദിവസം ചെറുതായിമഴപെയ്യും-
വെതര്‍ സെറ്റു പറഞ്ഞു..
പെയ്താലെന്ത്‌,പെയ്തില്ലങ്കിലെന്ത്‌.
കോഫീമേയ്ക്കറില്‍ കുറച്ചുവെള്ളമൊഴിച്ചുവച്ചു
മൂന്നുമിനിറ്റ്ടിനുള്ളില്‍ കാപ്പി റെഡി.
ഫോണെടുത്ത്‌ കൂട്ടുകാരിയെവിളിച്ചു-
'എന്തൊരു നശിച്ച്മഴ'...
മഴയെനിക്കു രണ്ടു വിധമാണ്‌
ഒന്ന് ഇന്നലകളുടെ മഴ.
രണ്ട്‌ ഇന്നിന്റെ മഴ.

Sunday, November 19, 2006

മുറിവ്‌

മീരക്ക്‌ അത്ഭുതം തോന്നി.
'വലിച്ചു വിട്ടോളുമീര' ആധുനികനെന്ന ഭാവത്തില്‍ നരേന്ദ്രന്‍ പറഞ്ഞു.
അവള്‍ അയാളുടെ കയ്യില്‍ നിന്നും സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി.പിന്നീട്‌ ഒന്നു മണ
ത്തു നോക്കിയതിനു ശേഷം തിരിച്ചെറിഞ്ഞു.
'ആദ്യ പുകയെടുപ്പിന്‌ ഒരു നിഗൂഡതയുണ്ട്‌ ആദ്യമായൊരു പെണ്ണിനെ അറിയുന്നതു പോലെ'.
അയാള്‍ അര്‍ഥം വച്ചു ചിരിച്ചു.
അവള്‍ അതു ശ്രദ്ധിക്കതെ പുറത്തേക്കു നോക്കിയിരുന്നു.കാറില്‍ ജഗജിത്‌ സിങ്ങിന്റെ ഗസല്‍ നിറഞ്ഞു.ജീവിതത്തെകുറിച്ചുള്ള അര്‍ഥം നിറഞ്ഞ വരികള്‍,പ്രണയത്തിന്റെയും,വിരഹത്തിന്റെയും,ബാല്യത്തിന്റേയും ഗന്ധം ഒഴുകുന്ന പാട്ടുകള്‍.
നരേന്ദ്രന്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി കാറിന്റെ ഗതിയില്‍ മാത്രം ശ്രദ്ധിച്ചു.
നിനക്കിപ്പോള്‍ എത്ര വയസ്സായി?
ഇരുപത്തിയേഴ്‌.
ഭാര്യയുടെ വയസ്സറിയാത്ത ഭര്‍ത്താവല്ല താനെന്നു വരുത്തും വിധം പാട്ടിലെ ഒരു വരി മൂളി അയാള്‍ മുഖം മിനുക്കി.കല്ലുകളില്‍ തട്ടി കുലുങ്ങിയും ചെമ്മണ്ണിനെ ആകാശത്തേക്ക്‌ പറപ്പിച്ചും കാറ്‌ ഓടിക്കൊണ്ടിരുന്നു.

ഭാഗം 2

നരേന്ദ്രനപ്പോള്‍ ടെലസ്കോപ്പിലൂടെ ആകാശം നോക്കുകയായിരുന്നു.വാല്‍നക്ഷത്രത്തിന്റെ വരവ്‌,മറ്റുനക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍..
അയാളുടെ കണ്ണുകള്‍ അവളെ മറ്റൊരു നക്ഷത്രമാക്കി.വളവുകള്‍,ഒടിവ്‌,മിനുസം..
നരേന്ദ്രന്‍ മുരണ്ട്‌ പുകതുപ്പിക്കൊണ്ട്‌ ഗുഡ്‌ സ്‌ ട്രെയിനായി അവളുടെമുകളിലൂടെ കടന്നുപോയി.അവളപ്പോള്‍ ദിശയറിയാത്ത പാളത്തെപ്പോലെ വളവുകളും തിരിവുകളുമില്ലാതെ കിടന്നു..
അവള്‍ അയാളുടെ ഷര്‍ട്ട്‌ കഴുകി ഹാംഗറിലിട്ട്‌ അഴയില്‍ കൊളുത്തി.പിന്നീട്‌ പപ്പടം കനലിലേക്കിട്ട്‌ കരിയെല്ലാം അടുപ്പിന്റെ വക്കില്‍ തല്ലിക്കളഞ്ഞു.രണ്ടു ദിവസത്തിനു മുമ്പ്‌ മൊട്ടിട്ടു കണ്ട ചെമ്പകത്തിനു വെള്ളമൊഴിച്ചു.സുന്ദരി ടി.വിയില്‍ നമസ്കാരം പറഞ്ഞപ്പോള്‍ അവളുടെ ഒരു ദിവസം അവസാനിച്ചിരുന്നു.നീല നിറത്തിലുള്ള കമ്പിളി പുതച്ചവള്‍ ഉറങ്ങാന്‍ കിടന്നു.നരേന്ദ്രനപ്പോള്‍ ടെറസ്സില്‍ വാല്‍ നക്ഷത്രത്തെ നോക്കിയിരിക്കുകയായിരുന്നു.

ഭാഗം 3


വയറിനുള്ളില്‍ വളരുന്ന മുകുളത്തിന്റെ അനക്കം കേട്ട്‌ വലിയൊരു ഞെട്ടലോടെ അന്നുകഴിച്ചിരുന്ന ചോറു മുഴുവന്‍ മണ്ണിലേക്കു ചര്‍ദ്ദിച്ചു.
'നീ ഈ ഭൂമിയിലേക്കുള്ള വഴിയറിയണോ?കാലുകള്‍ തളരും,തൊണ്ടവരളും,കണ്ണുകള്‍ യുദ്ധഭൂമി കണ്ടു നനയും.അവള്‍ ചര്‍ദ്ദിയുടെ ഭൂപടത്തെ നോക്കി ദയനീയതയോടെ പറഞ്ഞു.
വളരെക്കാലമായി അടച്ചു വെച്ചിരുന്ന ഡയറി പൊടിതട്ടിയെടുത്ത്‌ പേജുകള്‍ ഒന്നൊന്നായിമറിച്ചു.
ഒന്നാം പേജില്‍ വസന്തം,രണ്ടാം പേജില്‍ ശിശിരം,മൂന്നാം പേജില്‍ വരള്‍ച്ച.നാലാം പേജില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയുടെ പകുതി ഭാഗം വെട്ടി മാറ്റിയ ഫോട്ടോ.
പകുതിയില്‍ അവള്‍ക്കുനല്‍കിയ സ്നേഹവും മറ്റുപകുതിയില്‍ വേദനയും അപമാനവും.
'കാഴ്ച്ചക്ക്‌ ഇഷ്ടമില്ലാത്തത്‌ വെട്ടിനീക്കണം' അച്ഛന്റെ ക്ഷീണിച്ച സ്വരം.
അതൊന്നും വായിക്കാനോ,കാണാനോ അല്ല ഡയറി തുറന്നത്‌.
അവള്‍ ഒരു പൂവ്‌ വരക്കാന്‍ തുടങ്ങി.

കാറ്റിനൊത്ത്‌ തലയിളക്കുന്ന ഒരു നാട്ടു പൂവ്‌.വര്‍ണ്ണങ്ങള്‍ കോരിച്ചൊരിയാന്‍ ചായക്കൂട്ടുകളില്ലായിരുന്നു.
അതിനടിയിലായവള്‍ എഴുത്തുടങ്ങി.
'അമ്മയുടെ മകന്‍ ഒരുദിവസം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരും.ഞാന്‍ നിനക്ക്‌ വസന്തത്തിലെ ഏറ്റവും മണമുള്ള പൂവിന്റെ പേരു നല്‍കും.കാറ്റേറ്റ്‌ നീ തലകുണുക്കുമ്പോള്‍ ആരും പറിച്ചെടുക്കാതിരിക്കാന്‍ സ്നേഹത്തിന്റെ ഇരുമ്പുവേലികെട്ടും'.
അവളുടെ കണ്ണില്‍ നിന്ന് ഒരു കണ്ണുനീര്‍ അടര്‍ന്നു വീണ്‌ അക്ഷരങ്ങളെ നനച്ചു.അവള്‍ ആ പേജിനെ കെട്ടിപ്പിടിച്ചു കിടന്നു.
കോളിങ്ങുബെല്ലിന്റെ തുരുതുരായുള്ള ബെല്ലടികേട്ടാണ്‌ വാതില്‍ തുറന്നത്‌.
ഒരു ചിരിയോടെ നരേന്ദ്രന്‍.
അയാളുടെ ഷര്‍ട്ടിനു സ്തീകളുടെ പെര്‍ഫ്യൂമിന്റെ മണം.
അവള്‍ പുറം വെളിച്ചത്തിലേക്കുനോക്കാതെ വേഗം വാതിലടച്ചു.
'എന്റെ വയറ്റില്‍ നമ്മുടെ കുഞ്ഞു വളരുന്നു.ചോറുകഴിക്കവേ അവള്‍ അയാളോടു പറഞ്ഞു.അയാള്‍ ചോറുണ്ണല്‍ പകുതിയില്‍ നിര്‍ത്തി അവാര്‍ഡിനുവേണ്ടി പ്രബന്ധമെഴുതാന്‍ കോണിപ്പടികള്‍ കയറി.

ഭാഗം 4
ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള്‍ വയര്‍ തലോടി പറഞ്ഞു.
'ഇനി നിനക്ക്‌ പുറത്തേക്കുള്ള വാതില്‍ നോക്കി കഷ്ടപ്പെടേണ്ട.കണ്ണുനീര്‍ ഒരു പെരുമഴയായി.
നേഴ്‌ സ്‌ അവളോടു ചോദിച്ചു."എന്തിനേ ഇതു ചെയ്തത്‌,ഒരു കുഞ്ഞിനെ കളയാന്‍ ഇത്രയ്ക്കു പ്രാരബ്ദക്കാരിയാണോ'?
അവള്‍ ചിരിച്ചു.
കറുപ്പും വെളുപ്പും നിറമുള്ള ക്യാപ്സൂളുകള്‍ ജീവിതവും മരണവും പോലെ കുപ്പികളിലിരുന്നു പല്ലിളിച്ചു.
'കറുത്ത ക്യാപ്സൂളാണു കഴിക്കേണ്ടത്‌.വെളുത്തത്‌ ഒരു കാരണവശാലും കഴിച്ചുകൂടാ.ഏഴു ദിവസം കഴിഞ്ഞു മാത്രം കെട്ടോ' നേഴ്സുപറഞ്ഞു.
'അപ്പോള്‍ വെളുപ്പ്‌ നിറം കാണിച്ചു പറ്റിക്കുകയാണല്ലേ? കറുപ്പ്‌ നിറം കാണിച്ച്‌ അത്ഭുതപ്പെടുത്തുകയും..ഇന്ദ്രജാലക്കാരന്‍'...
നേഴ്‌ സ്‌ രോഗിയുടെ മാനസ്സികനിലയറിഞ്ഞുകൊണ്ട്‌ ദുഖഭാവത്തോടെ ചിരിച്ചു.
ആശുപത്രിയില്‍ വലിയൊരു തുക ബില്ലടച്ചുകൊണ്ട്‌ അവള്‍ പുറത്തേക്കിറങ്ങവേ ലിപ്സ്റ്റിക്കിട്ട സുന്ദരി ഒരു പാക്കറ്റും ഒരു കുല പൂവും സമ്മാനിച്ചു.

'ഇനിയും വരാം' അവള്‍ അതു വാങ്ങി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. പെണ്‍കുട്ടി അവള്‍ക്കു ശുഭദിനമാശംസിച്ചു.
പടികളിറങ്ങുമ്പോള്‍ അവള്‍ക്കു ചിരിപൊട്ടി.ആദ്യം കണ്ട ഓട്ടോ റിക്ഷയെ കയ്യുകാണിച്ചു നിര്‍ത്തി പിന്നീട്‌ അയാളോട്‌ പോയ്ക്കോളാന്‍ പറഞ്ഞു.അയാള്‍ അവളെ ക്രൂരമായ്‌ നോക്കി.
അവള്‍ ചിരിച്ചു.
പിന്നീടവള്‍ ചിരിച്ചു ചിരിച്ച്‌ റോഡുമുറിച്ചുകടന്ന്,എല്ലാ പരസ്യ ബോര്‍ഡുകളേയും താണ്ടി കടല്‍ പോലെയിരമ്പുന്ന നഗര മദ്ധ്യത്തിലേക്ക്‌ ഒരു മത്സ്യകന്യകയെപ്പോലെയിറങ്ങിപ്പോയി.പിന്നെ അവളെ ആരും കണ്ടിട്ടേയില്ല.

Monday, November 13, 2006

ദൂരത്തെ കുറിച്ച്‌...

ഒരു മലയാളം ബ്ലോഗ്‌ തുടങ്ങുക എന്നത്‌ വളരെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്‌.മലയാളം ബിരുദാനന്തരബിരുദധാരി എന്നൊരു സര്‍ട്ടിഫിക്കറ്റ്‌ ഇപ്പോഴും എന്റെ മേശവലിപ്പില്‍ ഉറങ്ങികിടപ്പുണ്ട്‌.എല്ലാ മറുനാടന്‍ മലയാളികളുടെ പോലെത്തന്നെ എന്റെ ഹൃദയവും ഓമ്മകളും ഒറ്റപ്പെടലും നിറഞ്ഞ വലിയൊരു തടാകമാണ്‌.തിരയനക്കങ്ങള്‍ ഒന്നുംതന്നെയില്ലാത്ത തടാകത്തിന്റെ ഓമ്മക്കുറിപ്പുകളും, വര്‍ഷവും വേനലും മാറി മാറി വന്ന് തന്ന ചൂടും തണുപ്പും അവയില്‍ നിന്ന് പിറന്ന കുറെ കുറിപ്പുകളും....ഗ്രഹാതുരത്വത്തിന്റെ നനവുള്ള എന്റെ ലോകത്തേക്കു സ്വാഗതം.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കടലാസും പേനയുമില്ലാത്ത ഒരെഴുത്തിനെ കുറിച്ച്‌ ഞാന്‍ ഓത്തിട്ടേയില്ലായിരുന്നു.വിവാഹത്തിനു ശേഷമാണ്‌ കം പ്യൂട്ടറിനെ പരിചയപ്പെട്ടത്‌.ചൂടുള്ള ചായക്കുമുമ്പില്‍ ചടഞ്ഞിരുന്നു വായിച്ചിരുന്ന മാത്ര്ഭൂമി പത്രത്തെ എല്ലായിപ്പോഴും 'മിസ്സ്‌' ചെയ്തിരുന്നു.ആവിപറക്കുന്ന ചായയും പുതിയ കടലാസിന്റെ മണവും എന്റെ പ്രിയപ്പെട്ട പ്രഭാത വിഭവമായിരുന്നു.അമേരിക്കയിലെത്തിയ ആദ്യനാളുകളില്‍ ഞാനതോര്‍ത്ത്‌ വിമ്മിഷ്ടപ്പെട്ടിരുന്നു.കം പ്യൂട്ടറും ഞാനും ആദ്യമെല്ലാം വളരെ ശത്രുതയിലായിരുന്നു.അവസാനം കണ്ടെടുത്ത കുറെ മലയാളം പത്രങ്ങളും മാസികകളും എന്നെ ഓണ്‍ലെന്‍ ശത്രുവുമായി അടുപ്പിച്ചു.ഏകാന്തതുയുടെ വര്‍ഷങ്ങളായിരുന്നുവത്‌ എനിക്കാണെങ്കില്‍ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല.ആങ്ങിനെ ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.ഇപ്പോള്‍ കം പ്യൂട്ടറില്ലാത്ത ഇരുളടഞ്ഞ ഒരു ലോകത്തെ കുറിച്ച്‌ എനിക്ക്‌ ആലോചിക്കാനേ വയ്യ.അങ്ങിനെ ഒരു ദിവസം കുറെ മലയാളം ബ്ലോഗുകള്‍ കാണാനിടയായി.കലാപരമായി കഴിവുളള ഇത്രയധികം ആളുകള്‍ നമുക്കിടയിലുണ്ടെന്ന് കണ്ട്‌ അസൂയകലര്‍ന്ന അത്ഭുതമാണു വന്നത്‌.എല്ലാ ബ്ലോഗുകള്‍ക്കു പിന്നിലും കഴിവുള്ള,അര്‍പ്പണ മനോഭാവമുള്ള ഒരു മനസ്സുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അങ്ങിനെയാണു ഞാനും ഒരു ബ്ലോഗു തുടങ്ങണമെന്നു വച്ചത്‌.ഇംഗ്ലീഷിനേക്കാള്‍ എനിക്കു സംവദിക്കാന്‍ കഴിവുള്ള ഭാഷ മലയാളം തന്നെയാണ്‌.ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും മലയാളമാണ്‌. അങ്ങിനെയാണു 'ദൂരം' പിറവികൊണ്ടത്‌ ...ഭൂതകാലത്തുനിന്നും വളരെ ദൂരം മുമ്പോട്ടു പോയി ഭാഷയും സംസ്കാരവും വ്യത്യസ്തമായ ഒരു നാട്ടില്‍ ജീവിക്കാനാണു വിധി അനുവദിച്ചത്‌ .ഒരു പക്ഷേ അതു കൊണ്ടുതന്നെയായിരിക്കണം എന്റെ ഓമ്മകളെല്ലാം തന്നെ കെട്ടുപിണഞ്ഞുകിടക്കുന്നത്‌ സന്തോഷവും സമാധാനവും നിറഞ്ഞ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്‌.അവിടന്നങ്ങോട്ടുളള ജീവിതത്തിന്റെ ദൂരമാണ്‌ ഈ ബ്ലോഗ്‌.സത്യത്തില്‍ ഇതൊരു സ്വകാര്യമല്ലാത്ത ഡയറിക്കുറുപ്പുകളാണ്‌.