Monday, February 23, 2009

ദേഴാ-വൂ

സമയം വൈകീട്ട്‌ 5.30

ന്യൂയോര്‍ക്കിലെ ഗ്രാന്റ്സെന്റ്രല്‍ സ്റ്റേഷനില്‍നിന്നും ട്രെയിന്‍ കയറുന്നവരുടെ ക്യൂവിലായിരുന്നു ഞാന്‍.മുന്നിലെ തടിച്ചിയായ മദാമ്മയുടെ ഭീമമായ ചുമലുകള്‍ക്കുപിന്നില്‍ എന്റെ കാഴ്ച്ച മുഴുവനായും നഷ്ടപ്പെട്ടിരുന്നു.പിന്നിലെ ചൈനക്കാരന്റെ ലാപ്പ്ടോപ്പിന്റെ ഭാരം മുഴുവനും എന്റെ പിന്‍ തുടകളില്‍ അമരുമ്പോള്‍ ഞാന്‍ മദാമ്മയെ പതുക്കെ ഉന്തിനീക്കാന്‍ തുടങ്ങിയിരുന്നു.

ട്രെയിനില്‍നിന്നറങ്ങിവരുന്ന യാത്രക്കാരെല്ലാവരും എന്നെനോക്കിച്ചിരിക്കുകയും കീഴ്ത്താടി താഴേക്കമര്‍ത്തി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്‌. വെകീട്ട്‌ അഞ്ചരമണിയായിട്ടും അവരുടെയൊന്നും ഉടുപ്പുകള്‍ ചുളിഞ്ഞിട്ടില്ല,മുഖത്ത്‌ മടുപ്പ്‌ നിറഞ്ഞിട്ടില്ല,പെര്‍ഫൂമിന്റെ മണം പോലും ശുദ്ധവും തീഷ്ണവുമാണ്‌. എന്തുകൊണ്ടാണിത്‌?

ജനലിനോടടുത്ത സീറ്റിലാണ്‌ ഞാനിരുന്നത്‌. എന്റെ ഇടതുവശത്തെ സീറ്റ്‌ ഒഴിഞ്ഞുകിടന്നു.ആരും അവിടെ ഇരുന്നില്ല. സീറ്റുകിട്ടാതെ പലരും കമ്പിയില്‍ ചാരിയും തൂങ്ങിയും നില്‍ക്കുന്നുണ്ട്‌ ചിലര്‍ എന്നെ തുറിച്ചുനോക്കുകയും ,ചിലര്‍ എന്നോട്‌ ചിരിക്കുകയും പരിചയം നടിക്കുകയും ചെയ്തു.
സ്ഥിരമായി യാത്രചെയ്യുന്ന ട്രെയിനാണ്‌ .പരിചയക്കാര്‍ ഉണ്ടായിരിക്കും.ഇന്ത്യക്കാര്‍ കുത്തിത്തിരുകി താമസിക്കുന്ന സ്ഥലത്താണ്‌ എന്റേയും വീട്‌.ഒരുപാടുപേര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലൂടെയാണ്‌ നിത്യവുമുള്ള യാത്രകള്‍.അപരിചിതര്‍ എന്ന് എനിക്ക്‌ തോന്നുന്നവര്‍പോലും പരിചയക്കാരായിരിക്കാം.

അപ്പുറത്തെ സീറ്റ്‌ ഒഴിഞ്ഞുതന്നെ കിടന്നു.
പുറത്ത്‌ പതിവു കാഴ്ച്ചകള്‍ തന്നെയാണ്‌. ബാഗിനുള്ളില്‍നിന്നും ഐപ്പോഡ്‌ പുറത്തെടുത്തു, എണ്‍പതുകളിലെ മലയാളഗാനങ്ങള്‍ സ്റ്റോര്‍ചെയ്തുവെച്ചിട്ടു കുറച്ചു നാളുകളായി,സ്വസ്ഥമായിരുന്ന് കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 'To do' ലിസ്റ്റില്‍ ചെയ്തുതീര്‍ക്കാന്‍ ഇനിയും ജോലികള്‍ ബാക്കിയുണ്ട്‌. നാളെ മകന്റെ സോക്കര്‍ മേച്ചാണ്‌ അമ്മ ചെന്നില്ലെങ്കില്‍ 'you don't care for me Amma' എന്നു പറയും.

അഞ്ചരമണിയാകുമ്പോഴേക്കും വല്ലാത്ത തലവേദനയാണ്‌.ഇയര്‍ഫോണ്‍ കാതിലമര്‍ത്തുന്നതിനുമുമ്പ്‌ ഒരു ഏസ്പിരിന്‍ വെള്ളമില്ലാതെ എടുത്തു വിഴുങ്ങി.പാട്ടിന്റെ ശബ്ദം കുറച്ചുകൂടി ഉയര്‍ത്തിവെച്ചു.

'ഇന്നുമെന്റെ കണ്ണുനീരില്‍' കേള്‍ക്കുമ്പോള്‍ വല്ലാതെ ശ്വാസം മുട്ടും. പഴയ കാമുകനെപ്പറ്റി ഓര്‍മ്മവരും മുഖം ഓര്‍മ്മയില്ല എങ്കിലും പ്രണയം മാത്രം മായുന്നില്ല.

പാട്ടുകളില്‍ മുഴുകിയിരിക്കുമ്പോഴാണ്‌ സീറ്റ്‌ ചെറുതായൊന്ന് അനങ്ങിയത്‌.അപ്പുറത്ത്‌ ആള്‍ വന്നിരിക്കുന്നു.

അപ്പുറത്തെ ആള്‍ എന്നെനോക്കി 'ഹായ്‌' പറഞ്ഞു. പെട്ടന്നാണ്‌ മുഖം ശ്രദ്ധിച്ചത്‌.'ജോക്കര്‍'...

'ബാറ്റ്മേനിലെ' ജോക്കറല്ലേ നിങ്ങള്‍?

ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചുകൊണ്ട്‌ ജോക്കര്‍ തലയാട്ടി.

ഞാന്‍ 'The dark knight'മൂന്നുവട്ടം കണ്ടു നിങ്ങളാണ്‌ എന്റെ ഹീറോ..

ജോക്കര്‍ ചിരിച്ചു.

'എനിക്ക്‌ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം' ജോക്കര്‍ പറഞ്ഞു.


'ഇത്രപെട്ടന്നോ"

'എന്റെ എല്ലാകാര്യങ്ങളും പെട്ടന്നാണ്‌'.

പെട്ടന്ന് ട്രെയിന്‍ നിന്നു. ജോക്കര്‍ എഴുന്നേറ്റ്‌ യാത്ര പറഞ്ഞു.

പെട്ടന്നാണ്‌ എനിക്കൊരു കാര്യം ഓര്‍മ്മവന്നത്‌.

'നിങ്ങള്‍ മരിച്ചില്ലേ?'

ജോക്കര്‍ അകലെയെത്തിയിരുന്നു. ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു നിന്ന് കഴിയാവുന്നത്ര ഉറക്കേ ശബ്ദിച്ചു.

'Didn't you commit suicide?'

'Not really' ജോക്കര്‍ വിളിച്ചു പറഞ്ഞു.


ഓ! ഇല്ലേ എനിക്ക്‌ ഈയിടെയായി ഭയങ്കര ഓര്‍മ്മ പിശകാണ്‌. ജീവിച്ചിരിക്കുന്ന ആളെ മരിച്ചില്ലേയെന്ന് വിളിച്ചു ചോദിക്കുന്നത്‌ അടികിട്ടാത്ത സൂക്കേടാണ്‌.

പെട്ടന്നാണ്‌ അപ്പുറത്തെ പൊതി ശ്രദ്ധിച്ചത്‌. എന്റെ പേരെഴുതി ചതുരാകൃതിയില്‍ ഭംഗിയായി പൊതിഞ്ഞ ഒരു ബോക്സിരിക്കുന്നു!

ജോക്കര്‍ വെച്ചുപോയതായിരിക്കുമോ? എനിക്കായി എന്തു തരാനാണ്‌?


'ദയവായി കുറച്ചു നീങ്ങിയിരിക്കുമോ?'

അപ്പുറത്തുനില്‍ക്കുന്ന മദ്ധ്യവയസ്കന്‍ ഔപചാരികതയോടെ ചോദിച്ചു.

പൊതിയെടുത്ത്‌ മടിയില്‍ വെച്ചുകൊണ്ട്‌ കുറച്ചുകൂടി നീങ്ങിയിരുന്നു.

'എന്താണ്‌ പൊതിയില്‍?' മദ്ധ്യവയസ്കന്‍ കാണാതെ ഓന്നു കുലുക്കിനോക്കി. ചെറുതായി എന്തോ ഒന്ന് കിടുങ്ങുന്നുണ്ട്‌. കുറച്ചു വലിയ സാധനമാണ്‌. കനവുമുണ്ട്‌.

ടിക്കറ്റ്‌ കളക്ടര്‍ വന്ന് ടിക്കറ്റ്‌ പരിശോധിച്ചു.ഒരു പ്രാവശ്യം വന്ന് പരിശോധിച്ചതാണ്‌ വീണ്ടും വന്ന് എന്തിനാണ്‌ എല്ലാവരുടേയും ടിക്കറ്റ്‌ പരിശോധിക്കുന്നത്‌? എല്ലാവരുടേയും മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കുന്നുമുണ്ട്‌.

'ടെററിസ്റ്റ്‌ അലര്‍ട്ടുണ്ട്‌' കമ്പിയില്‍ തൂങ്ങിക്കിടന്നിരുന്ന കോളേജുകുമാരന്‍ അപ്പുറത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോടു പറഞ്ഞു.
പെണ്‍കുട്ടി 'Whatever' എന്നു പ്രതികരിച്ചു.


എന്റെ മടിയിലെ പൊതിയെ ഞാന്‍ കമ്പിളി ഷാള്‍ എടുത്ത്‌ മൂടിവെയ്ക്കാനായ്‌ ശ്രമിച്ചു.പറ്റുന്നില്ല ഷാള്‍ വെറും അലങ്കാരവസ്തു മാത്രമായതിനാല്‍ വളരെ ചെറുതും വീതികുറഞ്ഞതുമാണ്‌.അല്ലെങ്കില്‍ത്തന്നെ ഞാന്‍ ഇതിനെ എന്തിനു മൂടിവെയ്ക്കണം?

എന്റെ പേര്‍ വ്യക്തമായെഴുതിയ സമ്മാനപ്പൊതിയായിട്ടേ മറ്റുള്ളവര്‍ അതിനെ കണക്കാക്കുകയുള്ളു.

എത്ര ശ്രമിച്ചിട്ടും ഹൃദയം ശക്തിയായി മിടിക്കുന്നു. 'പണ്ടാരം' ഇതിനെ എന്തിനാണ്‌ ഞാന്‍ എന്റെ മടിയില്‍ കയറ്റിവെച്ചത്‌? ട്രെയിനില്‍ത്തന്നെ വെച്ചിട്ടുപോകാം, പക്ഷെ എന്റെ അഡ്രസ്സ്‌ വ്യക്തമായി അതിലെഴുതിയിട്ടുണ്ട്‌. അഡ്രസ്സ്‌ കീറിക്കളയാം. പക്ഷെ വിരലടയാളം നന്നായി പതിഞ്ഞിട്ടുണ്ട്‌. സംശയം തോന്നിയാല്‍ FBI വന്ന് DNA ടെസ്റ്റ്‌ വരെയെടുക്കും. എന്താണു ചെയ്യേണ്ടത്‌?

മൊബെല്‍ ശബ്ദിച്ചു. അകാരണമായ്‌ ഒന്നു ഞെട്ടി. മദ്ധ്യവയസ്കന്‍ അതുകണ്ട്‌ ഒന്നു പുഞ്ചിരിച്ചു.

ഭര്‍ത്താവാണ്‌.

'മയൂരയില്‍ കയറിവരുമ്പോള്‍ ഫ്രോസണ്‍ വാഴയില വാങ്ങാന്‍ മറക്കരുത്‌'.

'വേറെയെന്തെങ്കിലും?'

'സദ്യക്കു വേണ്ടതെല്ലാം നീ ലിസ്റ്റിലെഴുതിയിട്ടില്ലേ?'

'ഉണ്ട്‌'.

പെട്ടന്ന് ഓണം ഓര്‍മ്മവന്നു.പൂക്കളം,ഉപ്പേരി,പാല്‍പായസം..

പക്ഷെ ആ വാക്ക്‌ എന്താണ്‌? ഉത്രാടത്തിന്റെ അന്ന് തുമ്പപ്പൂക്കള്‍ക്കു നടുവില്‍ കുത്തി നിര്‍ത്തി അണിയിച്ചൊരുക്കുന്ന സാധനം..

എന്താണ്‌...എന്താണ്‌...

ഇന്നലെയും ഒരു വാക്ക്‌ അന്വേക്ഷിച്ച്‌ കുറെ അലഞ്ഞതാണ്‌. എന്താണ്‌ ആ വാക്ക്‌?

തലവേദന ഒരു ഏസ്പിരിന്‍ കൊണ്ടു നിന്നില്ല.വീണ്ടുമൊന്ന് വിഴുങ്ങി.പൊതി തുടയില്‍ ഇപ്പോഴും അമര്‍ന്നിരിപ്പുണ്ട്‌. അടുത്തത്‌ എന്റെ സ്റ്റോപ്പാണ്‌.


ചാടിയിറങ്ങി. പൊതി എവിടെയെങ്കിലുംകളയണം. പ്ലാറ്റ്ഫോമില്‍ പോലീസുകാര്‍ ചിതറി നില്‍ക്കുന്നുണ്ട്‌.നന്നായി പൊതിഞ്ഞുകെട്ടിയ സാധനം ചവറ്റുകുട്ടയിലിട്ടാല്‍ അവര്‍ക്ക്‌ സംശയം തോന്നില്ലേ? പോലീസ്‌ നായ വന്ന് മണപ്പിച്ചാലോ?

ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ട്‌ പാര്‍ക്കിങ്ങ്‌ ലോട്ടിലെത്തി.

കാറിന്റെ താക്കോല്‍ കാണുന്നില്ല.


ഏസ്പിരിന്‍,സാനിറ്ററി നാപ്കിന്‍,ഹെയര്‍ബാന്റ്‌,ലിപ്പ്ബാം,ഒരുകുപ്പിവെള്ളം.....താക്കോലെവിടെ?

താക്കോലിതാ കയ്യിലുള്ള പൊതിക്കു മുകളിലിരിക്കുന്നു. ഞാന്‍ താക്കോലെടുത്ത്‌ പൊതിയുടെ മുകളില്‍ വെച്ചിരുന്നോ? തലയിലിട്ട്‌ രണ്ട്‌ തട്ട്‌ കൊടുത്തു. തലച്ചോറ്‌ നന്നായൊന്ന് ഇളകട്ടെ.

കാറില്‍ കയറി ഡോര്‍ നന്നായ്‌ ലോക്ക്‌ ചെയ്തുവെന്ന് ഉറപ്പു വരുത്തി.പൊതി തുറക്കണം.ഒന്നുകൂടി കുലുക്കിനോക്കി.ഉള്ളില്‍ എന്തോ ഒന്ന് ഉരുളുന്നുണ്ടോ?

ബോംബായിരിക്കുമോ?? ദൈവമേ...

പൊതിതുറന്നാല്‍ ഞാനും കാറും?

ജോക്കറല്ലെങ്കില്‍ പിന്നെ ആരെയൊക്കെയാണ്‌ സംശയിക്കേണ്ടത്‌?

ആരൊക്കെയാണ്‌ എന്നെ തുറിച്ചു നോക്കിയത്‌? ആരൊക്കെയാണ്‌ പുഞ്ചിരിച്ചത്‌? മുഖം ചില്ലു ഗ്ലാസ്സില്‍ നീരാവി പരന്നതുപോലെ അവ്യക്തമാണ്‌.

കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.മയൂരയില്‍ കയറി പച്ചക്കറി വാങ്ങണം.അവിടെയെവിടെയെങ്കിലും പൊതി വെച്ചിട്ടുപോരാം.

പൊതിയെടുത്ത്‌ കാര്‍ലോക്ക്‌ ചെയ്ത്‌ പുറത്തിറങ്ങി.

മയൂര ശൂന്യമാണ്‌.സാധാരണ ഈ സമയത്ത്‌ ആളുകള്‍ നിറയുന്നതാണ്‌.ഞാന്‍ മാത്രമേ ഇവിടെ ഇന്ന് ഷോപ്പിങ്ങിനായ്‌ വന്നിട്ടുള്ളു? പച്ചക്കറികളൊക്കെ വാടിയതാണ്‌.

പൊതി ഇവിടെ ഉപേഷിക്കാന്‍ പറ്റില്ല. മയൂരയിലെ കാഷ്യറുടെ കണ്ണുകള്‍ എന്റെ ദേഹത്താണ്‌.

പണ്ടാരം....ഇന്നിവിടെ തിരക്കില്ലാത്തത്‌ എന്തുകൊണ്ടാണ്‌...

പൊതിപിടിച്ചുകൊണ്ട്‌ അപ്പുറത്തെ വാള്‍മാര്‍ട്ടില്‍ കയറി.കുറച്ച്‌ ഇറച്ചിയും കിട്ടിയാല്‍ മീനും വാങ്ങിക്കണം.

ആളുകള്‍ ഇവിടെയും തീരെയില്ല. ആളുകള്‍ക്കിന്ന് വിശപ്പും ദാഹവുമില്ലേ?

നോണ്‍ വെജ്‌ ഇരിക്കുന്ന ഫ്രീസര്‍ തുറന്നു.

അളിഞ്ഞ മണം വരുന്നു.എല്ലാതട്ടുകളും ശൂന്യമാണ്‌.നിലത്ത്‌ ചോര മഞ്ഞുകട്ടയായ്‌ കിടക്കുന്നു. മനുഷ്യന്റേതെന്ന് തോന്നിക്കുന്ന തുറിച്ച നാലു കണ്ണുകള്‍ മഞ്ഞുകട്ടയ്ക്കും,അടിയിലുള്ള വെളുത്ത ട്രേയ്ക്കുമിടയില്‍ ഉറച്ചു കിടക്കുന്നു.

അമ്മേ....

വേഗം വന്ന് കാറില്‍ കയറി.

പൊതിയെടുത്ത്‌ പേടിയോടെ അപ്പുറത്തുവെച്ചു. ഞാനിനി അതിനെ തൊടില്ല.

സ്റ്റിയറിങ്ങില്‍ മുഖമമര്‍ത്തി. മൂക്കില്‍ നിന്നും ചൂടുള്ള വെള്ളം വരാന്‍ തുടങ്ങിയിരുന്നു.
ഞാനൊരു തീവ്രവാദിയല്ല.. Iam not a Terrorist..

തല അറിയാതെ ഹോണില്‍ ചെന്നിടിച്ചു.

ഒരു വൃദ്ധവന്ന് ഡോറില്‍ തട്ടി.

'Are you allright dear?'

വേഗം കണ്ണുകള്‍ തുടച്ചു. ഞാനെന്തിനാണ്‌ കരയുന്നത്‌?

'Yes I'm fine just having a bad day'

വൃദ്ധ ചിരിച്ചുകൊണ്ട്‌ കൈവീശി.

വീട്ടിലേക്ക്‌ വേഗം വണ്ടിയോടിച്ചു.ഭര്‍ത്താവിനോട്‌ കാര്യം പറയണം. അദ്ദേഹത്തിനെ കെട്ടിപ്പിടിച്ചൊന്ന് കരഞ്ഞാല്‍ത്തന്നെ കുറെ ആശ്വാസം കിട്ടും.

കാര്‍ വീട്ടില്‍ നിന്നും കുറെ അകലെ പാര്‍ക്കു ചെയ്യാം. പൊതി വീട്ടിലേക്കെടുക്കരുത്‌. ഇനിയത്‌ തൊട്ടു നോക്കുകപോലുമരുത്‌.

വീടിന്റെ അടുത്തെത്താറായപ്പോഴേക്കും രണ്ട്‌ ഫയര്‍ ട്രക്കുകള്‍ എന്റെ കാറിനെ ഓവര്‍ട്ടേക്ക്‌ ചെയ്ത്‌ കുതിച്ചു പോയി.എവിടെയോ തീപിടിച്ചിട്ടുണ്ട്‌. എല്ലാം എന്റെ പരിചയക്കാരുടെ വീടുകളാണ്‌. പിന്നിലൂടെ ആംബുലന്‍സും പോലീസും വരുന്നു.

കാര്‍ റോഡിന്റെ അരുകിലേക്ക്‌ നീക്കി നിര്‍ത്തി. എന്റെ വീട്ടിലേക്കാണ്‌ അവര്‍ ടേണ്‍ ചെയ്യുന്നത്‌...
അയല്‍പക്കക്കാരുടെ വിരലുകളെല്ലാം ചൂണ്ടി നില്‍ക്കുന്നത്‌ എന്റെ വീട്ടിലേക്കാണ്‌.

കാര്‍ ഓഫ്‌ ചെയ്ത്‌ വീട്ടിലേക്ക്‌ പറ്റാവുന്നതിലുമധികം ശക്തിയെടുത്ത്‌ ഓടി.

'എന്റെ ഭര്‍ത്താവെവിടെ?എന്റെ കുട്ടികളെവിടെ?'

പോലീസ്‌ ഓഫീസറുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച്‌ ഞാനലറി.

'നിങ്ങളുടെ അമ്മയാണ്‌ മരിച്ചത്‌'.

'അതിനെന്റെ അമ്മ നാട്ടിലല്ലെ?'

' അവര്‍ ഇവിടെയായിരുന്നു. ആരോ നിങ്ങളുടെ അമ്മയെ ആക്രമിച്ച്‌ നിങ്ങളുടെ വീട്‌ തീവെച്ചു'.

'എന്തിന്‌ എന്റെ അമ്മയെ ആക്രമിക്കണം? എന്തിന്‌ എന്റെ വിട്‌ തീവെയ്ക്കണം?

'ആരോ ഒരു പൊതിയന്വേക്ഷിച്ചു വന്നുവെന്ന് അമ്മ മരണമൊഴിയില്‍ പറഞ്ഞു'.

'That fucking box was with me not with her'

'ഞാനായിരുന്നു തീവ്രവാദി ഞാനായിരുന്നു മരിക്കേണ്ടിയിരുന്നവള്‍..എന്റെ അമ്മയല്ല'.

ഞാന്‍ എന്റെ കൈകള്‍ രണ്ടും സിമന്റു മുറ്റത്തിട്ട്‌ തല്ലിച്ചതച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവുവന്നു. കൂടെ കുട്ടികളുമുണ്ട്‌. ഭര്‍ത്താവ്‌ എന്നെക്കണ്ടതും പുഞ്ചിരിച്ചു.

'പദപ്രശനത്തിലെ വാക്കു കിട്ടിയോ?'

'ഏതുവാക്ക്‌?'

'ആ വാക്ക്‌ നീ തിരഞ്ഞത്‌'..

'എന്തുവാക്ക്‌..എന്തു തിരഞ്ഞു'..

'ആറുകള്ളികളല്ലേ പൂരിപ്പിക്കണ്ടിയിരുന്നത്‌? തൃക്കാക്കരപ്പന്‍ എന്നാണ്‌'.

'തൃക്കാക്കരപ്പന്‍?'

---?

ആറുകള്ളികളല്ലേ..

Victim എന്നല്ലേ? ഞാന്‍ പറഞ്ഞു..

അല്ല. തൃക്കാക്കരപ്പന്‍ എന്നാണ്‌...

നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?

ഭര്‍ത്താവിന്റെ ചൂണ്ടുവിരല്‍ എന്റെ ഹൃദയത്തിലേക്കു നീണ്ടു.

Victim എന്നല്ലേ?

എങ്കില്‍ Victim എന്നാണ്‌.

ഉറങ്ങിക്കോളൂ..ഭര്‍ത്താവ്‌ എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

ഉറക്കം സുഖകരമാണ്‌..നമ്മള്‍ ഒന്നും അറിയുന്നില്ല.ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും അവിടെയില്ല. ഭര്‍ത്താവിന്റെ കൈക്കുള്ളില്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെയാണ്‌ ഉറങ്ങുന്നത്‌.


പകല്‍
--------

7.45 ന്‌ അലാം അടിച്ചു. വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു. ഇതാരാണ്‌ മുന്നോട്ടു തിരിച്ചുവെച്ചത്‌? ഇന്ന് ട്രെയിന്‍ മിസ്സാകും.

പെട്ടന്നാണ്‌ ഇന്ന് ശനിയാഴ്ച്ചയാണെന്ന് ഓര്‍മ്മ വന്നത്‌. ഭര്‍ത്താവ്‌ തൊട്ടപ്പുറത്ത്‌ വില്ലാകൃതിയില്‍ കിടന്നുറങ്ങുന്നുണ്ട്‌.

ശബ്ദമുണ്ടാക്കാതെ കുട്ടികളുടെ മുറിതുറന്നുനോക്കി. ഇന്ന് മകന്റെ സോക്കര്‍ മേച്ചാണ്‌.ഇന്നലത്തെ കളിയുടെ ക്ഷീണംകൊണ്ട്‌ തളര്‍ന്നുറങ്ങുകയാണ്‌.മകളുടെ കൈകള്‍ പതിവുപോലെ ബാര്‍ബിയുടെ മുകളിലാണ്‌.

ഇഡലിമാവ്‌ പുളിച്ച്‌ പൊന്തിയിട്ടുണ്ടാകും.ഒരു ദിവസമെങ്കിലും തിരക്കുകൂട്ടാതെ ബ്രേയ്ക്ക്ഫാസ്റ്റ്‌ കഴിക്കണം. പതുക്കെ അടുക്കളയിലോട്ടു നടന്നു.

അടുക്കളയിലെ മേശക്കു മുകളില്‍ ചതുരാകൃതിയിലുള്ള ഒരു പൊതിയിരിക്കുന്നു.മുകളില്‍ ചുവന്ന ഹൃദയങ്ങളുടെ സ്റ്റിക്കര്‍ നിറയെ ഒട്ടിച്ചു വെച്ചിട്ടുണ്ട്‌. ഈ പൊതി എവിടെയോ ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ?

എവിടെയാണ്‌?

ഇപ്പോഴായി എനിക്ക്‌ ഭയങ്കര 'Deja Vu' ആണ്‌.

ഭര്‍ത്താവ്‌ പിറകിലൂടെ വന്ന് തോളില്‍ കയ്യമര്‍ത്തി.
മേശപ്പുറത്തെ പായ്ക്കറ്റുകണ്ട്‌ പുരികം മുകളിലേക്കുയര്‍ത്തി..

'ഫെബ്രുവരി മാസമാണ്‌. കുട്ടികള്‍ വെച്ചതായിരിക്കും'.

ഭര്‍ത്താവ്‌ സമ്മാനപ്പൊതിതുറക്കാനായി കത്രിക തിരഞ്ഞു.

'തുറക്കണ്ട ഞാന്‍ വീടിനു പുറത്തുപോയി തുറന്നുനോക്കാം.'

ഭര്‍ത്താവ്‌ എന്നെ അന്തം വിട്ടു നോക്കി.

കുടിച്ചിരുന്ന ചായ പകുതിയില്‍ നിര്‍ത്തി മേശപ്പുറത്തുവെച്ചു,ചെരിപ്പുപോലുമിടാതെ സമ്മാനപ്പൊതിയെടുത്ത്‌ വെപ്രാളത്തോടെ മുറ്റത്തേക്കിറങ്ങി.

ശനിയാഴ്ച്ചയാണ്‌ -

അധികം തണുപ്പില്ലാത്ത പ്രഭാതത്തിന്റെ ഭംഗി ആസ്വദിക്കാനായി കുറേപ്പേര്‍ ഇന്ന് നടക്കാനിറങ്ങിയിട്ടുണ്ട്‌.

അപ്പുറത്തെ ഒഴിഞ്ഞ പറമ്പില്‍ ബാസ്ക്കറ്റ്ബോള്‍ കളിച്ചു തിമര്‍ക്കുന്ന കുട്ടികള്‍..ഒറ്റപ്പെട്ട്‌ പ്രത്യക്ഷപ്പെടുന്ന കാറുകള്‍...

നിശബ്ദതയുടെ സാധ്യതകള്‍ തേടിക്കൊണ്ട്‌ കണ്ണ്‍ വല്ലാതെ ചിമ്മിക്കൊണ്ടിരുന്നു.

കുട്ടികള്‍,മനുഷ്യര്‍,വീടുകള്‍,കാറുകള്‍...

കാറുകള്‍,വീടുകള്‍,മനുഷ്യര്‍,കുട്ടികള്‍..

ദൈവമേ..വിജനമായ ഒരിടംതേടി എന്റെ കാലുകള്‍ പായുന്നതും,മൂക്കറ്റം വിയര്‍ത്തൊലിക്കുന്നതും എന്തുകൊണ്ടാണ്‌? കൈകള്‍ വിറക്കുന്നതും ഹൃദയം ശക്തിയായി മിടിക്കുന്നതും എന്തുകൊണ്ടാണ്‌?

പറയൂ ദൈവമേ എന്തുകൊണ്ടാണ്‌??