Monday, May 5, 2008

കൂര്‍ക്ക

കൂര്‍ക്കത്തടത്തിനുതാഴെ മണലില്‍ മയങ്ങിക്കിടക്കുന്ന അണലി പാമ്പുകളെപ്പറ്റി കാര്‍ത്തുവാണ്‌ എന്നോടു പറഞ്ഞത്‌.

പടിഞ്ഞാറോട്ട്‌ ക്രമമായ്‌ ഒഴുകുന്ന തോട്ടുവെള്ളത്തെ മുകളിലോട്ട്‌ തെറിപ്പിച്ച്‌ കുളിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പാമ്പിനെപ്പോലെ നീണ്ടു ചുരുണ്ടുകിടക്കുന്ന പായലുകളേയും,ഒരു ഞെട്ട്‌ മുകളിലേക്കു നിവര്‍ത്തി പത്തി നിവര്‍ത്തി നില്‍ക്കുന്നതു പോലുള്ള വീര്‍പ്പത്തികളേയും കണ്ട്‌ ഞെട്ടലോടെ ഞാന്‍ തോട്ടിന്‍ കരയിലേക്ക്‌ ഓടിക്കയറി.
കാര്‍ത്തുവപ്പോള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുകയും വലിയൊരു തിമിംഗലമാണ്‌ അവളെന്ന ഭാവത്തില്‍ തോട്ടില്‍ മലര്‍ന്നു കിടന്ന് വായില്‍ കുറെ വെള്ളമെടുത്ത്‌ മുകളിലേക്കു തൂറ്റിക്കുകയും ചെയ്തു.
അവളുടെ പരിഹാസ ഭാവത്തേയും,വെള്ളത്തില്‍ അവള്‍ക്കുള്ള ആധിപത്യത്തേയും കണ്ട്‌ സഹിക്ക വയ്യാതെ ഞാന്‍ നനഞ്ഞ മണ്ണ്‌ ഉരുളയാക്കി അവളുടെ മേലേക്ക്‌ എറിഞ്ഞു, അവളുടെ തോര്‍ത്തു മുണ്ടില്‍ തുപ്പിവെച്ചു.

വെള്ളം കണ്ടാല്‍ കാര്‍ത്തു ഒരു മീനാകും കൈകള്‍ പരത്തി വെയ്ക്കുകയും,കാല്‍ അടുപ്പിച്ചു വെയ്ക്കുകയും ചെയ്ത്‌ വളഞ്ഞ്‌ പുളഞ്ഞ്‌ വെള്ളത്തിന്നടിയിലൂടെ ഊളിയിടും. ചിലപ്പോള്‍ മലര്‍ന്നു കിടന്ന് ആകാശത്തെ നോക്കി തോട്ടിലെ ഒഴുക്കിനൊത്ത്‌ അവള്‍ ഒഴുകി നടക്കും. അവളുടെ വെളുത്ത ഷിമ്മീസിനു മുകളില്‍ പായലുകളും,തെങ്ങിന്‍ പൂക്കുലയുടെ ഉണങ്ങിയ കഷ്ണങ്ങളും,മച്ചിങ്ങകളും,കുളവാഴകളും ചേര്‍ന്നടിഞ്ഞു നില്‍ക്കും.
ഒരു കുഞ്ഞില പോലെ അവള്‍ തോട്ടില്‍ ഒഴുകി നടക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്‌. തോട്ടുവക്കത്തെ കാട്ടു ചെടികളുടെ ഇലകളും കായകളും എന്റെ ദേഷ്യത്തിനും നിരാശയ്ക്കും വിധേയരായി തോട്ടിലൂടെ എന്നും ഒഴുകി പോയ്ക്കൊണ്ടിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നുള്ളതുപോലെ മതിലുകളോ എന്തിന്‌ ഒരു വേലിയോ പോലും അയല്‍പക്കത്തെ തമ്മില്‍ വേര്‍തിരിച്ചിരുന്നില്ല.ചിലര്‍ കൈതകള്‍ നിരനിരയായ്‌ വെച്ചു പിടിപ്പിച്ചു മറ്റു ചിലര്‍ ശീമക്കൊന്നകൊണ്ട്‌ ഒരു അതിര്‍ വരമ്പുവരച്ചു. 'റോഡ്‌' എന്നുള്ള സങ്കല്‍പം പോലും അന്ന് ഉണ്ടായിരുന്നില്ല ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും,മരങ്ങളും ചെടികളും ഇല്ലാത്ത മുറ്റങ്ങളും റോഡായ്‌ പരിണമിച്ചു.കക്കൂസുകളോ,കുളിമുറികളോ അന്ന് ആര്‍ക്കും വേണ്ടിയിരുന്നിരുന്നില്ല. കുളങ്ങളും,റോഡുകളും ഇഷ്ടം പോലെ നാലുവശത്തും പരന്നു കിടന്നിരുന്നു. ഒഴിഞ്ഞു കിടന്നിരുന്ന പറമ്പുകളില്‍ തൂറിയിടാനും ഇലകളെടുത്ത്‌ ചന്തി തുടയ്ക്കുവാനും ഞങ്ങളുടെ നശിച്ച നാട്ടുകാര്‍ അമാന്തം കാണിച്ചിരുന്നില്ല.പരിഷ്കൃതരായ ആളുകള്‍ ഇതൊക്കെക്കണ്ട്‌ നെറ്റി ചുളിക്കുകയും,ഛര്‍ദ്ദിച്ചുവെയ്ക്കുകയും ചെയ്യുമെന്ന് അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ തന്നെ 'ഞങ്ങള്‍ക്കതിനെന്തു ചേതം' എന്ന മട്ടില്‍ അവര്‍ മുഖം തിരിക്കും.

എന്റെയും കാര്‍ത്തുവിന്റേയും വീടിനെ വേര്‍തിരിച്ചിരുന്നത്‌ ചെറിയൊരു മുളങ്കാടായിരുന്നു. ആളുകള്‍ ഉടഞ്ഞ കുപ്പികളും,കേടായ വീട്ടു സാമാനങ്ങളും എടുത്തെറിഞ്ഞിരുന്ന ഈ മുളങ്കാട്ടില്‍ കുട്ടികകള്‍ ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു,എങ്കിലും അമൂല്യങ്ങളായ കുപ്പിച്ചില്ലുകളും,വളപ്പൊട്ടുകളും,മറ്റു വല്ല നിധികളും കിട്ടുമെന്നുള്ള ആകര്‍ഷണം ഗ്രാമം മുഴുവന്‍ മയങ്ങിക്കിടക്കുന്ന നട്ടുച്ച സമയങ്ങളില്‍ എന്നേയും കാര്‍ത്തുവിനേയും അവിടേയ്ക്ക്‌ ഒളിച്ചോടിപ്പിച്ചു.

കൂര്‍ക്കയെപ്പറ്റിയെഴുതാതെ ഞങ്ങളുടെയാരുടേയും കഥ പൂര്‍ണ്ണമല്ല. അമ്മിയില്‍ വെച്ച്‌ ചതച്ചെടുത്ത ചെറിയുള്ളി വെളിച്ചെണ്ണയില്‍ക്കിടന്ന് മൊരിയുമ്പോള്‍ അതിലേക്ക്‌ വീഴുന്ന വെന്തകൂര്‍ക്കയുടെ മണം, വറ്റിച്ചെടുത്ത ചെറു നത്തോലിയില്‍ക്കിടന്ന് തിളയ്ക്കുന്ന കൂര്‍ക്കയുടെ അപൂര്‍വ്വമണം എന്നിങ്ങനെ നാക്കിനെ മാത്രം കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെയുള്ള ഒരു യാത്രമാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്‌ കൂര്‍ക്ക.

ഉമ്മറത്ത്‌ കുത്തിയിരുന്ന് നാട്ടുവര്‍ത്തമാനം പറയുകയും,തലയിലെ പേനേയും ഈരിനേയും തള്ള നഖങ്ങള്‍ക്കിടയിവെച്ച്‌ പൊട്ടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ 'അക്കൊല്ലം നട്ട കൂര്‍ക്ക' യുടെ ഗുണവും ദോഷവും വലിയൊരു വിഷയമായ്‌ ഞങ്ങള്‍ക്കിടയിലേക്ക്‌ കടന്നു വരുമായിരുന്നു.
ദൂരദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ കൂര്‍ക്ക വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഉരുണ്ട്‌ മിനുത്ത ഇടത്തരം മണികള്‍ക്ക്‌ ഞങ്ങളുടെ ഗ്രാമത്തിലെ പൂഴിമണ്ണിന്റെ മണവുമായ്‌ ചേര്‍ന്ന് പ്രത്യേകവും,ഭ്രമിപ്പിക്കുന്നതും,കൊതിപ്പിക്കുന്നതുമായൊരു മണം വന്നു ചേര്‍ന്നു

2

കാര്‍ത്തുവിന്റെ പുരയ്ക്ക്‌ രണ്ടേ രണ്ടു വാതിലേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛന്‍ മരിക്കുന്നതിനു മുമ്പ്‌ മുളന്തൂണുകളും,ചിതല്‍തിന്ന കുറച്ചു മരക്കഷ്ണങ്ങളും സങ്കടിപ്പിച്ചു വെച്ചിരുന്നു.അച്ഛന്റെ മരണശേഷം അമ്മ തട്ടിക്കൂട്ടിയ ചെറിയ ഓലപ്പുരയില്‍ വെപ്പിനും കിടപ്പിനുമെല്ലാം കൂടി ഒരേയൊരു മുറിയേ ഉണ്ടായിരുന്നുള്ളു.അതിന്റെ ഒരു വാതില്‍ കിഴക്കേപ്പുറത്തേയ്ക്കും മറ്റൊന്ന് വടക്കേപ്പുറത്തേയ്ക്കും തുറക്കും.
ചുട്ടുപൊള്ളുന്ന വേനലില്‍ ഓലകള്‍ക്കിടയിലൂടെ കുഴല്‍പോലുള്ള പ്രകാശങ്ങളെ കൊണ്ടു വരുന്ന ഓട്ടകളെ ഞങ്ങള്‍ എണ്ണിക്കളിച്ചു,ചെറ്റപിടിച്ചു കുലുക്കി ദ്രവിച്ചു തുടങ്ങിയ ഓലകളെ ചെറുമഴപോലെ നിലത്തേയ്ക്ക്‌ തൂളിച്ചു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും മോശം നിലയിലുള്ള വീടുകളിലൊന്നാണ്‌ കാര്‍ത്തുവിന്റെ വീടെങ്കിലും ആ വീട്ടുമുറ്റത്താണ്‌ ഏറ്റവും മിനുപ്പും,മണവും,രുചിയുമുള്ള കൂര്‍ക്കകള്‍ വിളഞ്ഞിരുന്നത്‌.
വീടിന്റെ തെക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമായ്‌ നിറഞ്ഞു കിടന്നിരുന്ന കൂര്‍ക്കത്തടങ്ങളെ കാര്‍ത്തുവിന്റെ അമ്മ രണ്ടു നേരവും നനയ്ക്കും .ആ സമയത്ത്‌ കൂര്‍ക്കയിലകള്‍ തണുപ്പുള്ള വെള്ളത്തെ ഉള്ളിലേക്കാവാഹിച്ച്‌ ഇളം പച്ച നിറത്തെ കുറേക്കൂടി കോശങ്ങളില്‍ പടര്‍ത്തും
നനഞ്ഞ മണ്ണിന്റെ മണവും,കൂര്‍ക്കയിലയുടെ നേര്‍ത്ത മണവും ചേര്‍ന്ന കാറ്റ്‌ എന്റെ ഗൃഹാതുരതയുടെ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചതും,പൂഴിമണ്ണില്‍ മാറാല ചുറ്റിയതുപോലുള്ള വേരുകള്‍ സ്വപ്നത്തില്‍ കയറിയിറങ്ങിയതും ഒരു പക്ഷേ കാര്‍ത്തുവിന്റെ വിടിന്റെ ചവിട്ടു പടിയില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്നാവണം.

'കൂര്‍ക്കത്തടത്തിനു താഴെ മയങ്ങിക്കിടക്കുന്ന അണലിപാമ്പുകളെപ്പറ്റി' കാര്‍ത്തു പറഞ്ഞ അന്നു മുതലാണ്‌ എന്റെ സ്വപനങ്ങളില്‍ പറിച്ചെടുക്കുന്ന കൂര്‍ക്കയുടെ വേരുകള്‍ക്കുപകരം പാമ്പുകളും വേരിന്റെ ഇടയിലും തുമ്പിലും പറ്റിയിരിക്കുന്ന കൂര്‍ക്കമണികള്‍ക്കു പകരം പാമ്പിന്‍ മുട്ടകളും കടന്നു വരാന്‍ തുടങ്ങിയത്‌. ചില സ്വപ്നങ്ങളില്‍ പാമ്പിന്‍ മുട്ടകള്‍ അസമയത്തു വിരിഞ്ഞ്‌ വലിയ പാമ്പുകളായ്‌ മാറി എന്റെ കണ്ണിലേക്ക്‌ കൊത്താനായുകയും ഞെട്ടലോടെ ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പിച്ചും പേയും പറയുകയും ചെയ്തു.

'നീ കണ്ടിട്ടുണ്ടാ പാമ്പുകളെ'?
തലേന്നത്തെ ദുസ്വപ്നത്തിന്റെ ചടവുമാറാതെ ഞാന്‍ കാര്‍ത്തുവിനോടു ചോദിക്കും.

'ഞാന്‍ കണ്ടിട്ടുണ്ട്‌,എന്റെ അമ്മേം കണ്ടിട്ടുണ്ട്‌,നിനക്കും ഞാന്‍ കാട്ടിത്തരാം.'

കാര്‍ത്തു അവളുടെ ഉരുണ്ട കണ്ണുകള്‍ കുറേക്കൂടി തുറുപ്പിച്ച്‌ എന്നോട്‌ പാമ്പുകളെപ്പറ്റി വ്യക്തമായി വിവരിക്കും.

'മണ്ണിരയെപ്പോലെ ചേര്‍ന്നും,പിരിഞ്ഞും,ഉണ്ടയായും ഒക്കെ കിടക്കാണോ ചെയ്യാ'?

'എങ്ങനെ വേണമെങ്കിലും കിടക്കാം.പതുക്കെപ്പറ അവറ്റകേള്‍ക്കും'.

വ്യവസ്ഥകള്‍ ഇല്ലാത്തതാണ്‌ പാമ്പുകളുടെ ജീവിതം. എങ്ങി നെ വേണമെങ്കിലും കിടക്കാം..മയങ്ങാം,ഉറങ്ങാം. മനുഷ്യന്മ്മാരുടെ കാലടികളെ അവയ്ക്ക്‌ പിന്തുടരാം. 'എന്റമ്മേ'..ഞാന്‍ കാലുകള്‍ മണ്ണില്‍ നിന്ന് പുരയിലേക്ക്‌ ആന്തലോടെ എടുത്തു വെയ്ക്കും.

3

ഒരു വേനലവധിക്കാലത്താണ്‌ കാര്‍ത്തുവുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണമെന്ന് എന്റമ്മ എന്നോട്‌ പറഞ്ഞത്‌.അന്ന് ഞാന്‍ ഞങ്ങളുടെ വീടിന്റെ ഇറയത്തുകിടന്ന് ഉരുണ്ടുകരയുകയും എന്റെ മുടി വലിച്ചു പറിച്ച്‌ കളയാനായ്‌ ശ്രമിക്കുകയും ചെയ്തു.

'കണ്ട അലവലാതികള്‍ കയറിയിറങ്ങുന്ന സ്ഥലത്ത്‌ ഇനിപോയ്ക്കളിച്ചാല്‍ നിന്റെ തുടയിലെ തൊലി വലിച്ചൂരുമെന്ന്' കാല്‌ നിലത്തു രണ്ടു പ്രാവശ്യം ചവിട്ടി അമ്മ ഭീഷണി മുഴക്കി.കാര്‍ത്തുവിന്റെ വീട്ടില്‍ കയറിയിറങ്ങുന്ന അലവലാതികള്‍ ആരൊക്കെയാണെന്ന് അവളോട്‌ തന്നെ ചോദിക്കണമെന്ന് ഞാനുറച്ചു. രണ്ടു പ്രാവശ്യം രഹസ്യമായ്‌ ഞാന്‍ കാര്‍ത്തുവിന്റെ വീട്ടിലേക്ക്‌ ഓടിപ്പോയപ്പോഴൊക്കെയും അവള്‍ അവിടെ ഉണ്ടായിരുന്നില്ല. കാര്‍ത്തുവിന്റെ അമ്മ ഏതോവീട്ടിലെ അലക്കുകഴിഞ്ഞു വന്ന് കയ്യില്‍ വെളിച്ചണ്ണ പുരട്ടി തടവുകയായിരുന്നു. ഞാന്‍ ചവിട്ടു പടിയിലിരുന്ന് മുറ്റത്ത്‌ ത്രികോണങ്ങളും വൃത്തങ്ങളും വരച്ച്‌ കാര്‍ത്തുവിന്റെ വരവും കാത്തിരുന്നു.

കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്ക നനയ്ക്കാനായ്‌ രണ്ടുകുടങ്ങള്‍ കയ്യിലെടുത്ത്‌ എന്നെ നോക്കി ചിരിച്ചു. ഗ്രാമത്തിലെ ഏറ്റവും നല്ല കൂര്‍ക്കയുടെ അധിപയുടെ കണ്ണുകള്‍ക്ക്‌ ആ സമയം പ്രകാശം ഏറുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ അവരുടെ പിറകേ അല്‍പം പേടിയോടെ കൂര്‍ക്കത്തടങ്ങളെ ലക്ഷ്യമാക്കി നടന്നു.

'ഈ കൂര്‍ക്കച്ചെടികള്‍ക്കിടയില്‍ നെറയെ പാമ്പുകള്‍ ചുറ്റുപിണഞ്ഞ്‌ കിടക്കുന്നുണ്ടോ?'

'ആരു പറഞ്ഞു'?

'കാര്‍ത്തു'.
പേടിയും അത്ഭുതവും കൊണ്ട്‌ എന്റെ സ്വരം വിറച്ചിരുന്നു.
അവര്‍ ഒന്നു ചിരിച്ചു. കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്കത്തടത്തിലേക്ക്‌ വിരല്‍ ചൂണ്ടി. അതിനിടയിലായ്‌ പതിഞ്ഞു കിടക്കുന്ന ചെരിപ്പടയാളങ്ങളെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌ .

വലുതും ചെറുതുമായ കുറെ മനുഷ്യന്മ്മാര്‍ കൂര്‍ക്കത്തടങ്ങളെ ചവിട്ടിമെതിച്ചു കടന്നുപോയതിന്റെ അടയാളങ്ങള്‍ കൂര്‍ക്കത്തലപ്പുകളെ ഒടിച്ചും ചതച്ചും രേഖപ്പെടുത്തിയിരിക്കുന്നു.

'ജീവിതത്തിനു മേലെ കെട്ടുപിണഞ്ഞ പാമ്പുകള്‍ ചെയ്തുവെച്ച നാശങ്ങാളാണിതൊക്കെ'.

അവര്‍ ചതഞ്ഞൊടിഞ്ഞ കൂര്‍ക്കത്തലപ്പുകള്‍ക്കുമുകളില്‍ കുറച്ചു മണ്ണിട്ടുകൊടുത്ത്‌ നേരെയാക്കി.ചെരുപ്പടയാളങ്ങള്‍ക്കുമുകളില്‍ അവ അപ്രത്യക്ഷമാകുന്നതുവരെ കൈകൊണ്ട്‌ മാന്തി.മുഴുപ്പും,മിനുസവുമുള്ള കൂര്‍ക്കയിലകളെ അവര്‍ കൈപ്പത്തിയില്‍ വെച്ച്‌ തലോടുന്നതും,വേദനിപ്പിക്കാതെ കുടത്തിന്റെ വായ്ക്കുമുകളില്‍ കൈവെച്ച്‌ പടര്‍ത്തിനനയ്ക്കുന്നതും കണ്ട്‌ ഞാന്‍ എന്റെ വീട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.

4
ജീവിതത്തിന്റെ ദിശയെത്തന്നെ മാറ്റുവാന്‍ പോന്ന ആകസ്മികതകളുമായാണ്‌ ഓരോ മരണവും കടന്നു വരുന്നത്‌.
ഒരു പനിയിലൂടെ കാര്‍ത്തു ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷയാകുക എന്നതിലെ അസ്വഭാവികത എന്നെ കടുത്ത വിഷാദ രോഗത്തിലേക്കും കാര്‍ത്തുവിന്റെ അമ്മയെ മുഴു ഭ്രാന്തിലേക്കും തള്ളിയിട്ടു.

തലേ ആഴ്ച്ച തോട്ടിലെ വെള്ളത്തില്‍ പരലിനെപ്പോലെ പിടയുകയും,കാലുകള്‍ അകത്തിവെച്ച്‌ അവള്‍ ഒരു കോട്ടയാനെന്നും ഈ കാണുന്നതൊക്കെയും കോട്ടയിലേക്കു പോകുന്ന ജീവികളാണെന്നും പറഞ്ഞ്‌ കുഞ്ഞിമീനുകളേയും,തവളപ്പൊട്ടുകളേയും കാല്‍ക്കീഴിലൂടെ കടത്തിവിടുകയും ചിരിക്കുകയും ചെയ്ത അവള്‍ പിറ്റേ ആഴ്ച്ച പനിച്ചുകിടക്കുകയും,മേലാകെ ചുട്ടു വിങ്ങുന്നു എന്നുപറഞ്ഞ്‌ കരയുകയും ചെയ്തത്‌ എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌.

'അമ്പിയുടെ മകളുടെ തലച്ചോറിലേക്ക്‌ പനി കയറി' എന്ന വാര്‍ത്ത ഞങ്ങളുടെ ഗ്രാമത്തില്‍ പടരുമ്പോഴേക്കും ചുണ്ടുകള്‍ കരിഞ്ഞ്‌ ,കൈകള്‍ തണുത്ത്‌ ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ ശക്തിയില്ലാതെ കാര്‍ത്തു തളര്‍ന്നു വിണുകഴിഞ്ഞിരുന്നു.

കണ്ണുകള്‍ അടയുന്ന സമയത്ത്‌ ഒരു പരലായിട്ടാണോ,വലിയൊരു തിമിംഗലമായിട്ടാണോ അവള്‍ സ്വയം സങ്കല്‍പ്പിച്ചുകാണുക?
വെള്ളത്തില്‍ ഉതിര്‍ന്നു വീണ കുഞ്ഞിലപോലെ ഒരു തോട്ടില്‍നിന്ന് മറ്റൊന്നിലേക്ക്‌ മരണത്തിലും അവള്‍ തീര്‍ച്ചയായും യാത്ര ചെയ്തിരുന്നിരിക്കണം.

'കുട്ടിയുടെ ശവമല്ലെ..കാത്തു വെയ്ക്കണോ?'

കൂര്‍ക്കത്തടത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌ വര്‍ത്തമാനം പറയുകയും,ബീഡിവലിക്കുകയും,കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന നാട്ടുകാരിലൊരാള്‍ വിളിച്ചു ചോദിച്ചു.

'എവിടെയാണ്‌ കുഴിയെടുക്കേണ്ടത്‌'?

എല്ലാവരും ചുറ്റും ഒന്നു പരതി.ഒടിഞ്ഞും ചതഞ്ഞും കിറ്റന്നിരുന്ന കൂര്‍ക്കത്തലപ്പുകള്‍ക്കുമേലെ എല്ലാ കണ്ണുകളും ചെന്നുനിന്നു. തെക്കേ മുറ്റത്ത്‌ നിരയും വരിയുമൊത്ത്‌ വെച്ചിരുന്ന കൂര്‍ക്കതൈകള്‍ക്കിടയിലേക്ക്‌ കൈക്കോട്ടുമായ്‌ ആളുകള്‍ വന്നു. കിളച്ചുതുടങ്ങിയതും ഉരുണ്ടതും മിനുമിനുത്തതും,മണ്ണിന്റെ മണം ഉറഞ്ഞതുമായ കൂര്‍ക്കമണികള്‍ അടര്‍ന്ന മണ്ണിലൂടെ പുറം ലോകത്തിന്റെ കാഴ്ച്ചകളിലേക്ക്‌ തലനീട്ടി.

'ആര്‍ക്കെങ്കിലും വേണെങ്കില്‍ പൊതിഞ്ഞെടുത്താ'.

നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞു.

ആരും മുന്നോട്ടു വന്നില്ല.ഞങ്ങളുടെ ഗ്രാമത്തിലെ നല്ല ജ നുസ്സില്‍
പ്പെടുന്ന കൂര്‍ക്കമണികളെ സ്വീകരിക്കാനായ്‌ ആരും മുന്നോട്ടു വരാഞ്ഞതിനാല്‍ കുഴിവെട്ടുകാര്‍ അതിനെ തെങ്ങിന്‍ തടത്തിലേക്ക്‌ കുത്തിയെറിഞ്ഞുകളഞ്ഞു.
അപമാനഭാരത്താല്‍ അവ തെങ്ങിന്‍ പൊല്ലയില്‍ തട്ടി ചിന്നിച്ചിതറി.

കാര്‍ത്തുവിന്റെ ചെറിയ ശരീരം കുഴിയില്‍ വെച്ച്‌ അതിനുമേല്‍ മണ്ണിടുമ്പോള്‍ അവള്‍ ശ്വാസം മുട്ടി പിടയുകയില്ലേയെന്നോര്‍ത്ത്‌ ഞാന്‍ അമ്മയെകെട്ടിപ്പിടിച്ചുകരയുകയും കാര്‍ത്തുവിന്റെ അമ്മയെ കുലുക്കിയുണര്‍ത്തുവാന്‍ പുരയിലേക്ക്‌ ഓടുകയും ചെയ്തു.

കാര്‍ത്തുവിനുമുകളില്‍ മണ്ണിട്ട്‌ കുഴിവെട്ടുകാര്‍ മൂന്നുനാലു പച്ചോല ചീന്തുകള്‍ അതിനുമുകളിലേക്കു വലിച്ചിട്ടു.അവിടെയാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികള്‍ക്കു മുകളിലൂടെ മരണത്തെ നേരിട്ടു കാണുവാനെത്തിയവരുടെ കാലുകളമര്‍ന്നു.അവയില്‍ ചിലത്‌ ഞെരിഞ്ഞു ചതഞ്ഞു, ചിലത്‌ മണ്ണിലേക്കു തന്നെ ആഴ്‌ന്നിറങ്ങി.
അമ്മ എന്നെ താങ്ങിയെടുത്ത്‌ വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയിലാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികളെ ഞാന്‍ ഭയത്തോടെ പിന്തിരിഞ്ഞുനോക്കി.

രണ്ടു ദിവസത്തിനു ശേഷം ചെറുമഴ തുള്ളിയിട്ടു.ഉഷ്ണത്തെ കുറക്കാന്‍ തണുത്തകാറ്റ്‌ വരുകയും ചെയ്തു.
കരിഞ്ഞ ഓലചീന്തുകള്‍ക്കിടയില്‍ മൂവിലകള്‍ തളിരിട്ടു.സൂര്യനു നേരെ തണ്ടുകള്‍നീട്ടി ആവേശത്തോടെ അവയുടെ ഇലകള്‍ തമ്മില്‍ ഗുണനം ചെയ്തു.

കാര്‍ത്തുവിന്റെ മരണശേഷം വിഷാദത്തിന്റെ ചുഴിയിലേക്ക്‌ സ്വമേധയാ ഞാന്‍ ചെന്നടിഞ്ഞു.ജടപിടിക്കുകയും,പേന്‍ പെരുകയും ചെയ്ത എന്റെ തലമുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു.ചളി പിടിച്ച്‌ കൂര്‍ത്തു നിന്ന നഖങ്ങളും,പീളയടിഞ്ഞ കണ്ണുകളും 'രാക്ഷസി' എന്ന വിളിപ്പേരിന്‌ എന്നെ അര്‍ഹയാക്കി.കുട്ടികള്‍ എന്നെ മണ്ണു വാരിയെറിയുകയും,ചുള്ളിക്കമ്പുകളെടുത്ത്‌ കുത്തുകയും ചെയ്തു.

തോടുകളും, പാലങ്ങളും, മുളങ്കാടുകളും കാണുമ്പോള്‍ കാര്‍ത്തുവിനെപ്പറ്റി വീണ്ടുംവീണ്ടും ഞാനോര്‍ത്തു.മരണത്തിന്റെ സമവാക്യത്തെ ഏകാന്തത,മൗനം,വിഷാദം എന്നീ വാക്കുകളാല്‍ ഞാന്‍ പൂരിപ്പിച്ചു.

ഒരിക്കല്‍ കാര്‍ത്തുവിന്റെ അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

കുറെക്കാലത്തിനു ശേഷം മുളങ്കാടിനെ മുറിച്ചുകടന്ന് കാര്‍ത്തുവിന്റെ മണ്ണിലേക്ക്‌ ഞാന്‍ പ്രവേശിച്ചു.അവളുടെ കുഴിമാടത്തിനു മുകളില്‍ നനയ്ക്കാതെയും,വളമിടാതെയും തഴച്ചുവളരുന്ന കൂര്‍ക്കത്തലപ്പുകളെ ഒളികണ്ണാല്‍ ഞാന്‍ നോക്കി. കൂര്‍ക്കത്തടത്തിനു താഴെ അണലിപാമ്പുകളാല്‍ ചുറ്റിവരിഞ്ഞ്‌ കിടക്കുന്ന അവളുടെ ശരീരത്തെപ്പറ്റി ആലോചിച്ച്‌ ഞാന്‍ കാര്‍ത്തുവിന്റെ അമ്മയുടെ മടിയില്‍ തളര്‍ന്നിരുന്നു.അവളുടെ അമ്മയുടെ കണ്ണുനീര്‍ ഉറവയായ്‌ എന്നിലേക്ക്‌ ഒഴുകുമ്പോള്‍ കൂര്‍ക്കകളെ ഞാന്‍ അഗാധമായ്‌ വെറുത്തു .ഇനി അവയെ തിന്നില്ലെന്ന് ശപഥംചെയ്തു.
ദേഷ്യത്താലും വേദനയാലും പിന്തിരിഞ്ഞുനോക്കാതെ ഞാന്‍ കാര്‍ത്തുവിന്റെ പുരയില്‍ നിന്ന് ഇറങ്ങിനടന്നു.
പിന്നീട്‌ കൂര്‍ക്കകളെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തുവിനെപ്പറ്റിയോര്‍ക്കും,അവളെ ചുറ്റുപിണഞ്ഞു കിടക്കുന്ന അണലി പാമ്പുകളേയും .അപ്പോള്‍ കൂര്‍ക്കയുടെ മണം ഛര്‍ദ്ദിയായ്‌ എന്നില്‍ നിന്നും പുറത്തേക്കു വരുകയും ഒഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ ഓടുകയും ചെയ്യും.