Tuesday, February 12, 2008

പൂതപ്പാട്ട്‌

നന്ദു ദേഷ്യംകൊണ്ടു നിന്നു തുള്ളുകയാണ്‌. ദേഷ്യം വരുമ്പോള്‍ അവന്റെ മുഖം ചെറുതാകും,കണ്ണുകള്‍ മൂക്കിന്റെ പാലത്തിനോട്‌ ഒട്ടിച്ചുവെച്ചതുപോലെ ഒരു വശത്തേക്ക്‌ ഒതുങ്ങി നില്‍ക്കും.ചെറിയ ശരീരത്തിനുള്ളിലെ വലിയൊരു തലപോലെ തല കുറച്ചുകൂടി വലുതായിത്തോന്നും.

'ഈ ചെക്കന്‍ ഇതൊക്കെ എവിടെ നിന്നാണ്‌ പഠിക്കുന്നത്‌'?

കുറച്ചുനാളായി ഇന്ദുലേഖയുടെ തന്നോടുതന്നെയുള്ള ചോദ്യം ഇതാണ്‌.
ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്‌

കായ്യൂ -ആ തെണ്ടി ചെക്കനാണ്‌ ഇതിനെല്ലാം കാരണം.

കായ്യുവിന്റെ മമ്മി- ആ ഡേഷിന്റെ മോളാണ്‌ സ്ഥിതികൂടുതല്‍ വഷളാക്കുന്നത്‌. അവള്‍ടെ ഒരു നടപ്പും, എടുപ്പും,ഉടുവടേം,അഞ്ചാള്‍ക്ക്‌ ഒപ്പമെടുക്കാവുന്ന പണികള്‍ ഒറ്റയ്ക്കെടുത്തുകൊണ്ട്‌ പറപറന്നുള്ള നടപ്പും, സൂപ്പര്‍ മോഡലിന്റെ പോലുള്ള ബോഡീ ഷെയ്പ്പും. കായൂവിനേക്കാള്‍ അവന്റെ മമ്മിയെയാണ്‌ പേടിക്കേണ്ടത്‌. അവളാണ്‌ എല്ലാത്തിന്റേയും മൂലഹേതു.കയ്യുവിന്റെവീട്ടില്‍ വേറെയും ചില അംഗങ്ങള്‍ ഉണ്ട്‌.

കായ്യൂവിന്റെ ഡാഡി...പാവം മനുഷ്യന്‍.ഭാര്യ കുറച്ചുകൂടി ഉറങ്ങിക്കോട്ടെ എന്നു കരുതി കാലത്തുതന്നെ പിള്ളാരെ എണീപ്പിച്ച്‌ ബ്രേക്ക്ഫസ്റ്റ്‌ കൊടിപ്പിക്കും.ചിലപ്പോള്‍ അങ്ങേര്‌ പാത്രം കഴുകും,തുണി നനയ്ക്കും. ഇവിടെയുള്ള ചില ആള്‍ക്കാര്‌ടെപോലെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കുംവരെ തുപ്പലൊലിപ്പിച്ച്‌ കിടന്നുറങ്ങുകയും രാവിലെ ഓട്സും പാലും കഴിച്ചാല്‍ വയറ്റിലെന്തോ പെരങ്ങും എന്ന് പറയേം അല്ല ചെയ്ക.

പിന്നെയുള്ളത്‌ കായ്യുവിന്റെ അനിയത്തി റോസിയാണ്‌. അത്‌ ഒരു ശുദ്ധപാവം മൂട്‌ വല്ലയിടത്തുമുറച്ചാല്‍ അവിടെ നിന്നുമെനങ്ങാത്ത പാവം കടാവ്‌.

ഇതാണ്‌ കായ്യുവിന്റെ കുടുബം .ഇവരൊക്കെ ചേര്‍ന്ന് രാവിലെ ടി.വിയുടെ ഉള്ളില്‍ കിടന്നു തുള്ളാന്‍ തുടങ്ങിയതോടെയാണ്‌ ഇന്ദുവിന്റെ ജീവിതം ഇത്ര അലങ്കോലമാകാന്‍ തുടങ്ങിയത്‌.

'നിനക്കു വട്ടാണോ ഒരു കാര്‍ട്ടൂണ്‍ ക്യാരക്ടറിനെ നന്ദു അനുകരിക്കുന്നുവെന്നു പറയാന്‍. ഇത്‌ അമേരിക്കയാണ്‌ ഇവിടെ വളരുന്ന കുട്ടികള്‍ ഇങ്ങനെയാകണം അങ്ങിനെയാകണം എന്നു നീ വാശിപിടിക്കരുത്‌'.

വിജയിന്‌ നന്ദുവിന്റെ കാര്യം പറയുമ്പോള്‍ ഇതേയുള്ളു പറയാന്‍.

'ഒരമ്മയ്ക്ക്‌ കുട്ടികളുടെ കാര്യത്തില്‍ കുറച്ച്‌ ഉത്തരവാദിത്വംവേണം, നീയാണ്‌ അവരുടെ റോള്‍ മോഡല്‍ കാരണം നിന്നെയാണ്‌ അവര്‍ ഏറ്റവും അധിക സമയം കാണുന്നത്‌'

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞ്‌ ചുമരിലുണ്ടാക്കുന്ന വലിയ വലിയ അളകള്‍,അപ്പിയിട്ട ഡയപ്പര്‍ ഊരി ചുമരില്‍ത്തേച്ച്‌ എത്ര ഉരച്ചുകഴുകിയാലും പോകാത്ത പാടുകള്‍,ചുക്കിച്ചുളിച്ച്‌ മുറിയുടെ മൂലയ്ക്കല്‍ കുന്നുകൂട്ടിയിടുന്ന ബില്ലുകള്‍ ഒക്കെ കാണുമ്പോള്‍ വിജയ്‌ ഇങ്ങനേയും പ്രതികരിക്കും.

ഇന്ദുവിപ്പോള്‍ ആരോട്‌ എപ്പോള്‍ എന്തുപറയണം എന്ന എറങ്ങേടില്‍പ്പെട്ടുഴലുകയാണ്‌.

വിജയ്‌ പറയുന്നതിലും കാര്യമുണ്ട്‌. കായ്യു അവന്റെ മമ്മി ഇതെല്ലാം ചേര്‍ന്ന കുടുംബം ഒക്കെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്‌.അതില്‍ കാണുന്ന കഥാപാത്രങ്ങളെ കുട്ടി അനുകരിക്കുന്നുവെന്നു പറയുന്നതിലര്‍ത്ഥമില്ല.

നന്ദു സോഫയിലിരുന്ന് ടി.വി കാണുകയാണ്‌.
'ടി.വി ഓഫു ചെയ്തുപോയി കുളിക്കാന്‍ നോക്കാം മോനെ' എന്നു പറഞ്ഞതിനാണ്‌ അവന്‍ കടുവയെപ്പോലെ ചാടാന്‍ വരുന്നത്‌.

'എന്നെ അമ്മ പുറത്തുകൊണ്ടൂവാന്ന് പറഞ്ഞിട്ട്‌ കൊണ്ടോയോ? കായ്യു രാവിലെ മ്യൂസിയം അതുകഴിഞ്ഞ്‌ പാര്‍ക്ക്‌ പിന്നെ സിമ്മിങ്ങു....കായ്യുവിന്റെ മമ്മീനെ നോക്ക്യേ..കായ്യുവിന്റെ മമ്മിയല്ലെ അവനെ എല്ലായിടത്തും കൊണ്ടുപോണത്‌'

മറന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍ നന്ദു വേച്ചു വേച്ച്‌ പറയുകയാണ്‌

വീണ്ടും അവളാണ്‌പ്രശ്നക്കാരി കായ്യുവിന്റെ മമ്മി.അവള്‍ ജോലിക്കു പോകും, പാചകം ചെയ്യും,കുട്ടികളുടെ കൂടെകളിക്കും,അവരെ എപ്പോഴും പുറത്തുകൊണ്ടുപോകും,ക്ഷമയോടെ അവരുപറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവളൊരു പ്രതിഭാസമാണ്‌.

നന്ദുവിന്റെ അമ്മ അതുപോലെയല്ല. മൈക്രോബയോളജിയില്‍ ബിരുദമുണ്ട്‌, ജോലിക്കുപോകാതെ വീട്ടില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറക്കാലമായതിനാല്‍ പഠിച്ചതൊക്കെ മറന്നിരിക്കുന്നു.എപ്പോഴും അടുക്കളപ്പണിയാണ്‌.ലൈബ്രറിയിലേക്കും പാര്‍ക്കിലേക്കും പോയെങ്കിലായി. ചെറിയ കുട്ടികളും അടുക്കളപ്പണിയും ജീവിതം തുലയ്ക്കുന്നുവെന്ന് അച്ഛനോട്‌ എപ്പോഴും പരാതിയും.

'നന്ദു വരൂ, കുളിക്കണ്ടെങ്കില്‍ ചോറുണ്ണാം.മീന്‍ വറുത്തതുണ്ട്‌'

മനസ്സില്‍ പ്രാന്തുവന്നെങ്കിലും
അവള്‍ അവനെ മയത്തില്‍ വിളിക്കാന്‍ തുടങ്ങി.

'എപ്പോഴും ചോറ്‌,ചാമ്പാറ്‌,മീന്‍ വറുത്തത്‌, ചിക്കന്‍ കറി'
കായ്യുവുന്റെ വീട്ടില്‍ നോക്ക്‌ പിസ്സ,ലസാനിയ ,കുക്കീസ്‌. കായ്യുവിന്റെ
മമ്മിയാ എല്ലാം ബേയ്ക്കു ചെയ്യുന്നത്‌.

ഇന്ദുലേഖയ്ക്ക്‌ തലപെരുത്തു വന്നു.കായ്യുവിന്റെ മമ്മി എന്ന നായിന്റെ മോള്‌ ഇവനെ മാരണം ചെയ്തു വച്ചിരിക്കാണോ?

അവള്‍ സോഫയില്‍ ചാരിയിരുന്ന് പൊട്ടേറ്റോ ചിപ്സിന്റെ കൂടു തുറന്നു.അവള്‍ക്ക്‌ ദേഷ്യം വന്നാല്‍ കണ്ടതൊക്കെ വലിച്ചു വാരിതിന്നും. 'രണ്ടു പെറ്റ പെണ്ണിന്‌ ഇത്തിരി തടീം മൊടേം' ഒക്കെ ആകാം എന്ന ലൈനിലുള്ള തീറ്റയാണ്‌. ഡയറ്റി ങ്ങ്‌ എന്ന സാധനത്തെ പുഛമാണ്‌. പക്ഷെ കായ്യുവിന്റെ മമ്മി എന്നൊരുത്തി ഇതിനെല്ലാം പ്രതിബന്ധമായി അവളുടെ ജീവിതത്തില്‍ നില്‍ക്കുകയാണ്‌.അവള്‍ ചിപ്സു തീറ്റ അഞ്ചെണ്ണത്തില്‍ ഒതുക്കി.

'ഈ മദാമ്മമാര്‍ പെറ്റെഴുന്നേറ്റാല്‍ അവരുടെ വയറ്‌ ബലൂണ്‍ പോലെ വന്നു വീര്‍ക്കില്ലേ? മൊലകള്‌ ഇടിഞ്ഞുതൂങ്ങാറില്ലേ?

ഒരു ദിവസം അവള്‍ ഊ ണു കഴിക്കുന്നതിനിടയില്‍ അവള്‍ വിജയിനോടു ചോദിച്ചു.
'അവര്‌ നിന്നെപ്പോലെ ഒരു മുറം ചോറുണ്ണില്ല'.

തിരിച്ചങ്ങോട്ടൊന്നും പറയാതെ പാത്രം കഴുകിയടക്കുമ്പോള്‍ മനസ്സിലൊരു തീരുമാനമെടുത്തു 'ഇനി ഒരു കപ്പു ചോറുമാത്രം വറുത്തതും മധുരവും അത്രയ്ക്കങ്ങു തോന്നിയാല്‍ മാത്രം.'

ആലോചന നിര്‍ത്തി അവള്‍ നന്ദുവിന്‌ കുറച്ച്‌ ചോറും അമ്മുവിന്‌കുറച്ച്‌ കുറുക്കും നിര്‍ബന്ധിച്ച്‌ കൊടുത്ത്‌ ഉറക്കാനായികൊണ്ടുപോയി.
നന്ദുവിന്റെ കണ്ണുകള്‍ വിടര്‍ന്ന താമരയിതളുകള്‍ പോലെയാണ്‌.ഉറങ്ങുമ്പോള്‍ കൂമ്പിയ താമരമൊട്ടുപോലെയും. കൂര്‍ക്കം വലിച്ചുറങ്ങുന്ന അവനെ നോക്കി അവള്‍കുറച്ചുനേരമിരുന്നു.

'ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
ആടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നിങ്കുടമ്പോലെ പൂവന്‍പഴമ്പോലെ
പോന്നുവരുന്നോനെകണ്ടുപൂതം'

എന്നാണ്‌ തറവാട്ടിലെ കുട്ടികള്‍ കിടന്നുറങ്ങാന്‍ നേരം അമ്മൂമ പാടാറുള്ളത്‌.

'അമ്മക്ക്യാ ഒാമനത്തിങ്കള്‍ പാടിയാലെന്താ. കുട്ട്യേളെ ഭൂതം പിടിച്ചോണ്ടോണപാട്ടേ ഒറങ്ങാന്‍ നേരം പാടാന്‍ കിട്ടൂ'
അമ്മായി ഇടയ്ക്കിടക്ക്‌ ചോദിക്കും. എന്നാലും അമ്മൂമ നിര്‍ത്തില്ല. ആ പാട്ട്‌ കുടുംബ സ്വത്തുപോലെ അമ്മയ്ക്കുകിട്ടി. ഇപ്പോ അത്‌ അവള്‍ക്കും കിട്ടീട്ടുണ്ട്‌. പക്ഷെ അമേരിക്കയില്‍ വളരണ ചെക്കന്‍ വാട്ടീസ്‌ ആറ്‌,വാട്ടീസ്‌ അമ്പിളിക്കല,വാട്ടീസ്‌ പൊന്നുങ്കുടം എന്നു ചോദിച്ച്‌ നട്ടംതിരിക്ക്ണ്‌ണ്ട്‌.
മോണ്‍സ്റ്ററിന്റെ പാട്ടു പ്ടാതെ എന്തെങ്കിലും സ്റ്റോറി പറഞ്ഞുകൂടെ എന്ന് ഇടയ്ക്ക്‌ അലറും.
ഇതൊക്കെ കായ്യുവിന്റേയും അവന്റെ മമ്മിയുടേയും പണിയാണ്‌.പാരമ്പര്യമഹിമകളെ തച്ചുടക്കാനെറങ്ങിയിരിക്കുകയാണ്‌ കയ്യിലിരുപ്പ്‌ ശരിയല്ലാത്ത സാധനങ്ങള്‌.
അവള്‍ക്കു മുമ്പില്‍ ഇനി രണ്ടുവഴികളേയുള്ളു ഒന്നുകില്‍ കായ്യുവിന്റെ മമ്മിയെപ്പോലെയോ അതിലപ്പുറമോ ഉള്ള ഒരു അമ്മയാകാന്‍ ശ്രമിക്കുക അല്ലെങ്കില്‍ ആ ടി.വിയങ്ങോട്ട്‌ ഓഫ്‌ ചെയ്തു വെച്ച്‌ സ്വസ്ഥമായി നടുനിവര്‍ത്തുക.
രണ്ടാമതു പറഞ്ഞതു പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പാടാണ്‌.ഒരു മാറ്റം ആവശ്യമാണോ?
അവളുടെ മൂക്കറ്റം വിയര്‍ക്കാനും കുഞ്ഞിമീന്‍ ചെതമ്പലുപോലെയുള്ള വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങുകയും ചെയ്തു.
കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം വിയര്‍പ്പ്‌ തുടച്ച്‌ കുളിമുറിയിലേക്കു നടന്നു. കാലിലെ രോമങ്ങള്‍ വാക്സു ചെയ്തു കളഞ്ഞു.വര്‍ഷങ്ങളായി കുളിമെടകെട്ടി സ്പ്രിങ്ങുപോലെ ചുരുണ്ടുപോയ വാല്‍മുടിയെ എന്നന്നേക്കുമായി അവഗണിച്ച്‌ പുതിയൊരു മുടിക്കെട്ടു സ്വീകരിച്ചു.പിസ്സയുണ്ടാക്കാനായി മൈദമാവു ഇടഞ്ഞെടുത്തു.

രാത്രി വീടിനൊരു പ്രത്യേക മണമുണ്ടായിരുന്നു.ബേയ്ക്കു ചെയ്യുന്ന ബ്രഡിന്റേയും തക്കാളിയില്‍ കിടന്ന് വെന്തുമറിയുന്ന ബേയ്സിലിന്റേയും ഒറഗനയുടെ മണവും ഇടകലര്‍ന്നൊരു സുഖകരമായ മണം.

'ഇന്നെന്താ ഇവിടെയൊരു പുതിയ മണം' എന്നും പറഞ്ഞുകൊണ്ടാണ്‌ വിജയ്‌ വീട്ടിലേക്കു കയറി വന്നത്‌.നന്ദുവിന്റെ മുഖം സന്തോഷംകൊണ്ട്‌ മിഴിയാനും അമ്മു കൈകൊട്ടി സന്തോഷം പ്രകടിപ്പിക്കാനും തുടങ്ങി.

'നിനക്ക്‌ ഇതുപോലെ എന്തെങ്കിലും പുത്യേത്‌ ഉണ്ടാക്കിക്കൂടെ ,വെറുതെയല്ല പിള്ളേര്‌ ഈര്‍ക്കിലിപോലെയിരിക്കുന്നത്‌'.

അമേരിക്കയിലെ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ ഗ്യാസുകേറുമെന്നു പറയുന്ന ആളാണ്‌ ഇപ്പോള്‍ അവളുടെ ഭക്ഷണത്തെ കളിയാക്കുന്നത്‌.സന്തോഷംകൊണ്ടല്ലെങ്കിലും അവള്‍ മുഖം കോട്ടി ചിരിച്ചുവെന്നു മാത്രം.

അന്നു രാത്രി കിടക്കുമ്പോള്‍ നന്ദു അവളോടൊരു ചോദ്യം ചോദിച്ചു.


വാട്ടീസ്‌ യുവര്‍ നെയിം അമ്മ?

ഇന്ദുലേഖ.
അവള്‍ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

'എന്തൊരു ലോങ്ങ്‌ നെയിം അമ്മ, എനിക്ക്‌ പ്രൊനൗണ്‍സ്‌ ചെയ്യാനെ പറ്റുന്നില്ല .അമ്മക്ക്‌ പേരു മാറ്റിക്കൂടെ'.

എന്റപ്പനേ..ചെക്കന്‍ അമ്മയുടെ പേരിനെയിട്ടാണു തട്ടുന്നത്‌.

കിഴക്കേ മുറ്റത്ത്‌ നിലം മുട്ടേ ചാഞ്ഞുകിടന്നിരുന്ന ചെത്തിയുടെ അടിയില്‍ ചാരുകസേരയുമിട്ട്‌ കടുകട്ടി പുസ്തകങ്ങള്‍ ചവച്ചരച്ചിരുന്ന വെല്ലിമായയിട്ട പേരാണ്‌ ഇന്ദുലേഖ എന്നത്‌. മലയാള നോവലിലെ തന്നെ ഏറ്റവും മനോഹരമായ പേര്‌. മരുമകള്‍ തന്റേടിയും പാണ്ഡിത്യമുള്ളവളുമായിത്തീരണമെന്നാഗ്രഹിക്കുകയും 'എവിടെപ്പോയാലും സ്വന്തം സംസ്കാരത്തെ മറക്കരുത്‌' എന്ന് കൈവെച്ചനുഗ്രഹിക്കുകയും ചെയ്ത വെല്ലിമാമയുടെ ഉള്‍ക്കാഴ്ച്ചയെയാണ്‌ ചെക്കന്‍ ചോദ്യം ചെയ്തിരിക്കുന്നത്‌. ഇതങ്ങനെ വിട്ടാല്‍ ശരിയാകില്ല. 'കിടന്നുറങ്ങടാ ചെക്കാ" എന്നും പറഞ്ഞു കൊണ്ട്‌ അവള്‍ തിരിഞ്ഞു കിടന്ന് ഉറങ്ങി. കഥയും പാട്ടും ഒന്നും പാടി നേരം മെനക്കെടുത്താന്‍ നിന്നില്ല.

അന്ന് ഉറക്കത്തില്‍ അവള്‍ ഭയങ്കരമായൊരു സ്വപനം കണ്ടു,കായ്യുവും അവന്റെ മമ്മിയും ചേര്‍ന്ന് നന്ദുവിനെയിട്ട്‌ ഓടിക്കുകയാണ്‌.കായ്യുവിന്റെ മമ്മിയുടെ മുഖം വിളറിയതും ,കണ്ണിലെ കൃഷ്ണമണികള്‍ മുകളിലോട്ട്‌ കയറിപ്പോയി ഞെരമ്പുകള്‍ കാണത്തക്ക വിധത്തില്‍ വികൃതവും, തേറ്റമ്പല്ലുകള്‍ വലുതും രക്തമിറ്റു വീഴുന്നവയുമായിരുന്നു.
'അമ്മേ ഡ്രാക്കുള, അമ്മേ ഡ്രാക്കുള' എന്നും പറഞ്ഞുകൊണ്ട്‌ നന്ദു ഒടുകയാണ്‌.അവസാനം അവന്‍ ഒരു കൂര്‍ത്തകല്ലില്‍ കാലിടിച്ച്‌ നിലത്തു വീഴുന്നു.അന്നേരം കായ്യുവിന്റെ മമ്മി അവന്റെ മുഖത്തോട്‌ മുഖമമര്‍ത്തുകയും തേറ്റമ്പല്ലുകള്‍ മുഖത്തോട്‌ ചേര്‍ത്തുവെയ്ക്കാനൊരുങ്ങുകയും ചെയ്യുന്നു.

പെട്ടന്ന് അവിടെ മങ്ങി നിന്നിരുന്ന സൂര്യന്‍ പെട്ടന്ന് ഉദിക്കുകയും സ്ഥലവും കാലവും പിറകോട്ടുപോയി വര്‍ഷാവര്‍ഷം ശാര്‍ദ്ദമൂട്ടു ദിവസത്തില്‍ മാത്രം അവള്‍ ഓര്‍ത്ത്‌ നെടുവീര്‍പ്പിടാറുള്ള അമ്മൂമ ഇതിനിടയിലേക്ക്‌ ഓടി വന്ന് ഒരു തെങ്ങിന്‍ കൊതുമ്പെടുത്ത്‌ വീശിക്കൊണ്ട്‌ 'പോ പൂതമേ,പോ പൂതമേ' എന്നും പറഞ്ഞ്‌ കായ്യു
വിന്റെ മമ്മിയെ ആട്ടിയോടിക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.
ഒരു മരത്തിന്റെ തടിയില്‍ മുഖമമര്‍ത്തിക്കൊണ്ടു നില്‍ക്കുന്ന അവളെ നോക്കി അമ്മൂമ 'ചൂഴ്‌ന്നെടുക്കടി മോളെ നിന്റെ കണ്ണുകള്‍' എന്ന് ആക്രോശിക്കുകയും കുറച്ചു നേരം അവളെ നോക്കി നിന്നു കൊണ്ട്‌ ' ഉണ്ണിയോടൊപ്പം എല്ലാം പോയി' എന്നും പറഞ്ഞു കൊണ്ട്‌ ഏങ്ങിയേങ്ങി കരയാനായ്‌ തുടങ്ങുകയും ചെയ്തു.
ഏറ്റവും ഭീകരമായ ഒരുകാര്യം അവള്‍ ഇതെല്ലാം കണ്ടുകൊണ്ട്‌ ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നുവെന്നുള്ളതാണ്‌. നന്ദുവിന്റെ കഴുത്തില്‍ പല്ലമര്‍ത്തവേ കായ്യുവിന്റെ മമ്മി അവളെയും അമ്മൂമയേയും നോക്കി ക്രൂരമായി ചിരിച്ചു.

അതിയായി മൂത്രമൊഴിക്കാന്‍ മുട്ടിയതുകൊണ്ടാണ്‌ അവള്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റത്‌.സ്വപ്നത്തില്‍ അതിയായിപ്പേടിച്ചാല്‍ മൂത്ര ശങ്ക തോന്നി ചാടിയെഴുന്നേല്‍ക്കുക എന്നത്‌ പണ്ടേയുള്ള ശീലമാണ്‌ അതുകൊണ്ടാണ്‌ ആ ഭീകര സ്വപ്നത്തിന്റെ പിരിമുറുക്കത്തില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ടത്‌.

അന്നു രാത്രി കുറേ സമയം അവള്‍ക്ക്‌ ഉറക്കം വന്നതേയില്ല.

'കല്ല്യാണവും കുടുംബവും ഒരു കുരിശാണ്‌ മനസമാധാനം കെടുത്തും' എന്നു പറഞ്ഞ്‌ ഒന്നരക്കൊല്ലം കല്ല്യാണത്തെ നിഷേധിച്ച ബിന്ദുവേച്ചിയുടെ പ്രവചനം എത്ര സത്യമായിരുന്നു.

'ഉമ്മ കൊടുക്കാനും,കെട്ടിപ്പിടിച്ചുറങ്ങാനും ഒരാള്‍ വേണ്ടടി ' എന്നും പറഞ്ഞാണ്‌ അവള്‍ പ്രതിരോധിച്ചിരുന്നത്‌. അതിനിന്ന് കണക്കിനു കിട്ടുന്നുണ്ട്‌.
കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ ഇരുട്ടു ചുരുണ്ടു കൂടാനും അതിലേക്ക്‌ ഒരു പ്രത്യേക സുഖമുള്ള യാത്രപോലെ അവള്‍ ഊളിയിടുകയും ചെയ്തു.
പിറ്റേന്ന് വളരെ വൈകിയാണ്‌ കണ്ണു തുറന്നത്‌.സാധാരണ അലാമിന്റെ ശബ്ദമോ,കുട്ടികള്‍ ആരുടെയെങ്കിലും കരച്ചിലോ ഒക്കെയാണ്‌ കിടക്കയില്‍ നിന്നും ചാടിയെണീപ്പിക്കാറ്‌.വിജയും കുട്ടികളും നേരത്തേ എണീറ്റിരിക്കുന്നു.ശനിയാഴ്ച്ചയായതിനാല്‍ വിജയിനിന്ന് ഓഫീസില്ല.
കര്‍ട്ടന്‍ നീക്കി കുറച്ചു നേരം മേഘങ്ങള്‍ നിറഞ്ഞ ആകാശത്തേയും നനഞ്ഞ ഇലകളുള്ള മരങ്ങളേയും തൂവല്‍ കുടഞ്ഞേണീറ്റ്‌ വരിവരിയായിപ്പോകുന്ന പക്ഷികളേയും നോക്കി നിന്നു.ഈ കാഴ്ച്ചകളെല്ലാം വല്ലപ്പോഴും മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണ്‌.
കുറച്ചു കഴിഞ്ഞപ്പോള്‍ വിജയ്‌ വന്നു, കയ്യിലെ പാത്രത്തില്‍ പാലും അതില്‍ കുറച്ച്‌ കോണ്‍ഫേക്സും മുറിച്ച പഴകഷ്ണങ്ങളും.
അകത്തുണ്ടായ ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ ചിരിച്ചു.

'ഞങ്ങള്‍ കഴിച്ചു ഇതു നിനക്കാണ്‌.'
വിജയ്‌ പതുക്കെ തോളില്‍ തലോടി.
എന്റപ്പനേ..ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ വീണ്ടും നന്നായ്‌ ചിരിച്ചു.
പാത്രം വാങ്ങിച്ച്‌ സ്വീകരണ മുറിയിലേക്കു നടന്നു.നന്ദുവും
അമ്മുവും ടി.വി കാണുകയാണ്‌. ടി.വി യില്‍ പതിവു പോലെ കായ്യുവിന്റെ ഡിവിഡി യാണു കളിക്കുന്നത്‌.പെട്ടന്ന് വിജയും അവരുടെയിടയിലേക്ക്‌ കടന്നിരുന്നു.സാധാരണ ടി.വി കാണുന്നത്‌ വിജയിന്‌ അത്ര ഇഷ്ടമല്ല, ഇന്നിതെന്തു പറ്റി?

'ഇതു കണ്ടാല്‍ നമ്മളും കായ്യൂന്റെ
ഫാനാകും'
കായ്യുവിന്റെ തമാശകളില്‍ ലയിച്ച്‌ വിജയ്‌ തലചെരിച്ച്‌ അവളെ നോക്കിപ്പറഞ്ഞു. അപ്പോഴാണ്‌ അവളതു കണ്ടത്‌ അയാളുടെ കഴുത്തില്‍ രണ്ടു തേറ്റമ്പല്ലുകളുടെ പാടുകള്‍ .ആഴത്തിലേറ്റ കടിയില്‍ അരികുവശങ്ങളിലായി നീലച്ച ഞെരമ്പുകള്‍...

കണ്ടതു വിശ്വസിക്കാനാകാതെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കാണുന്നതു സത്യമാണ്‌.തലകറങ്ങി വീഴാതിരിക്കാന്‍ ഒന്നുകൂടി ഭൂമിയില്‍ ഉറച്ചു നിന്നു. ബോധം വീണ്ടെടുത്ത്‌ അവള്‍ സ്വന്തം കഴുത്ത്‌ തടവിനോക്കി.
വലിയൊരു അലര്‍ച്ചയോടെ കിടപ്പുറിയുടെ കണ്ണാടിയെ ലക്ഷ്യമാക്കിയോടുന്ന അവളെ പിന്തിരിഞ്ഞു നോക്കി ചിരിച്ചതിനുശേഷം വിജയും കുട്ടികളും കായ്യുവിന്റെ കുസൃതികളില്‍ അമര്‍ന്നിരുന്നു.