Sunday, April 15, 2007

സൌന്ദര്യശാസ്ത്രം

അന്നൊരു ഞായറാഴ്ച്ചയായിരുന്നു.എല്ലാ ഞായറാഴ്ച്ചകളിലും സംഭവിക്കുന്നതുപോലെ പത്രപാരായണം+ ഉറക്കം+ ഞായറാഴ്ച്ച സിനിമ. പെണ്‍കുട്ടി ഒരു കൊട്ടുവായ ഇട്ടുകൊണ്ട്‌ ടി.വി ക്കു മുന്നില്‍ നിന്നും എഴുന്നേറ്റു. പെണ്‍കുട്ടിക്ക്‌ മനോഹരമായ ഒരു പേരുണ്ട്‌, പക്ഷെ ആ പേര്‌ ഇവിടെ പ്രസക്തമല്ല.കരി മന്തിച്ചിയായ ഒരു പെണ്ണിന്‌ എത്ര ഭംഗിയുള്ള പേരിട്ടാലും അവളുടെ ഭംഗികൂടുവാനോ,വ്യക്തി പ്രഭാവം വര്‍ദ്ധിക്കുവാനോ പോകുന്നില്ല. അതുകൊണ്ടാണ്‌ പേരു പ്രസക്തമല്ലെന്നു പറഞ്ഞത്‌.

പെണ്‍കുട്ടി നോട്ടു ബുക്കില്‍ നിന്ന് കുറച്ച്‌ ഏടുകള്‍ ചീന്തിയെടുത്ത്‌ കത്തെഴുതുവാന്‍ തുടങ്ങി. എല്ലാ ഞായറാഴ്ച്ചകളിലും പതിവുള്ളതാണ്‌ ഈ കത്തെഴുതല്‍, കത്തെഴുതുന്നത്‌ പെണ്‍കുട്ടിയുടെ സുഹൃത്തായ നോവലിസ്റ്റിനാണ്‌.

സുഹൃത്തേ,
ഈയാഴ്ച്ചയും ഇങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച്ച ബസ്സ്‌ ചാര്‍ജ്‌ വര്‍ദ്ധനക്കെതിരെയുള്ള സമരമായിരുന്നതിനാല്‍ അടുപ്പിച്ച്‌ മൂന്നു ദിവസം അവധിയായിരുന്നു.രണ്ടു ദിവസായിട്ട്‌ ടി.വിയിലും പത്രത്തിലും ലോക സൗദ്ധര്യ മത്സരങ്ങളുടെ കോലാഹലമായിരുന്നുവല്ലൊ. ദൈവം ലോകത്തിലെ രസങ്ങള്‍ മുഴുവന്‍ ഭംഗിയുള്ളവര്‍ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്‌. ദുഷ്ടന്‍.. ഒരു വലിയ പേജു മുഴുവന്‍ അവള്‍ ദൈവത്തെ പറ്റി കുറ്റങ്ങള്‍ എഴുതി നിറച്ചു. പെണ്‍കുട്ടി കറുത്തവളും മഞ്ഞപ്പല്ലുള്ളവളും ലേശം തടിച്ചവളുമായിരുന്നെങ്കിലും അക്ഷരങ്ങള്‍ ഉരുളന്‍ കല്ലുപോലെ ചേലുള്ളതായിരുന്നു.

തന്റെ കത്തുകിട്ടുമ്പോള്‍ നോവലിസ്റ്റിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയെ പറ്റി ആലോചിച്ചപ്പോള്‍ അവള്‍ക്കും ചിരിവന്നു.പിറ്റേന്ന് ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ നടക്കും വഴി അവളത്‌ പോസ്റ്റ്‌ ചെയ്തു.

പെണ്‍കുട്ടിയുടെ കത്തുകിട്ടുമ്പോള്‍ നോവലിസ്റ്റ്‌ പുതിയ നോവലിന്റെ പണിത്തിരക്കിലായിരുന്നു. പതിവില്‍ നിന്നും വിപരീതമായി,ഇപ്രാവശ്യം അയാളുടെ നോവലിലെ നായിക ഒരു സുന്ദരിയല്ല.കറുത്തവള്‍,തടിച്ചകയ്യുള്ളവള്‍,പൊക്കം കുറഞ്ഞവള്‍ എങ്കിലും നായികയുടെ മനസ്സ്‌ വെണ്ണക്കല്ലു പോലെയുള്ളതായിരുന്നു. ആ ഹൃദയം കൊണ്ടു വേണം നോവലിസ്റ്റിന്‌ വായനക്കാരെ തന്റെ കഥയിലേക്ക്‌ ആകര്‍ഷിപ്പിക്കാന്‍. ആദ്യമെഴുതിയ ഒന്നു രണ്ടു പേജ്‌ അയാള്‍ ചുക്കിചുരുട്ടി മേശക്കു താഴോട്ടെറിഞ്ഞു. സുന്ദരിയല്ലാത്ത നായികയെവെച്ചൊരു കഥയെഴുതുക എന്ന പൊല്ലാപ്പിനെപ്പറ്റി ഇപ്പോഴാണ്‌ നോവലിസ്റ്റിനു ബോധ്യം വരുന്നത്‌. ആദ്യത്തെ ഒന്നു രണ്ട്‌ അദ്ധ്യായങ്ങള്‍ നായികയുടെ സൗന്ദര്യവര്‍ണ്ണനക്കായി നീക്കിവെച്ചിട്ടുള്ളതായിരുന്നു, ഇപ്പോള്‍ ആ ഭാഗം കാലിയാണ്‌ അവിടെ എന്തെഴുതിച്ചേര്‍ക്കും എന്ന ചിന്ത അയാളെ പിപ്പിരികൊള്ളിച്ചു.ഒരു കട്ടന്‍ ചായ കുടിച്ചിട്ടാകാം ബാക്കി ഭാഗം എന്നു വിചാരിച്ചിരിക്കുമ്പോഴാണ്‌ പെണ്‍കുട്ടിയുടെ കത്ത്‌ പോസ്റ്റുമേന്‍ ജനലിലൂടെ ഉള്ളിലേക്കു വലിച്ചെറിഞ്ഞത്‌.

പെണ്‍കുട്ടി ചിന്തിച്ചതുപോലെ നോവലിസ്റ്റ്‌ ആ കത്തു വായിച്ച്‌ കുടുകുടാ ചിരിച്ചു. പെണ്‍കുട്ടി നോവലിസ്റ്റിന്റെ കടുത്ത ആരാധികയായിരുന്നു. രണ്ടു വര്‍ഷത്തോളമായി പരസ്പരം കത്തുകളയക്കുന്നു. സത്യത്തില്‍ ഭംഗിയില്ലാത്ത ഒരുവളെ നായികയാക്കി നോവലെഴുതുവാന്‍ അയാളെ പ്രേരിപ്പിച്ചത്‌ പെണ്‍കുട്ടിയുമായുള്ള തൂലികാ സൗഹൃദമാണ്‌. ഭംഗിയില്ലാത്ത നായികയുടെ ചിന്തകള്‍ പെണ്‍കുട്ടിയുടെ ചിന്തകളുടെ പരിച്ഛേദമായിട്ടാണ്‌ ഈ നോവലില്‍ അയാള്‍ എഴുതിചേര്‍ക്കുന്നത്‌,അതുകൊണ്ട്‌ ആഴ്ച്ചാവസാനം വരുന്ന കത്തുകള്‍ക്ക്‌ അയാള്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌.

നോവലിസ്റ്റ്‌ കത്ത്‌ വായിച്ച്‌ രണ്ടായി മടക്കി പുസ്തകത്തിനടിയില്‍ വെക്കുമ്പോള്‍ പെണ്‍കുട്ടി ഓഫീസുവിട്ട്‌ വീട്ടിലേക്ക്‌ തിരിച്ചുവരാനായി ബസ്സുകാത്തു നില്‍ക്കുകയായിരുന്നു. അഞ്ചര മണിയുടെ വിയര്‍പ്പും,മുഷിച്ചിലും കുത്തി നിറച്ചുകൊണ്ട്‌ ബസ്സു പാഞ്ഞുവന്നു. പെണ്‍കുട്ടി എങ്ങിനെയോ പടിയില്‍ കാല്‍ വെക്കാനൊരിടം നേടിതന്റെ സ്റ്റോപ്പില്‍ ചാടിയിറങ്ങി.

പെണ്‍കുട്ടിയുടെ ബസ്സ്സ്റ്റോപ്പില്‍ നിന്ന് വീടുവരെ ഏകദേശം ഒന്നരകിലോ മീറ്ററോളം നടക്കാനുണ്ട്‌. അതില്‍ പകുതിയും വെളിപ്രദേശങ്ങളാണ്‌ ബാക്കി പകുതിക്കു നടുവിലാണ്‌ ചെറുകടകളും,ചായപ്പീടികയും,തുന്നല്‍ക്കടയും അടങ്ങിയ 'സെന്റര്‍' വരുന്നത്‌ വേനല്‍ക്കാലത്ത്‌ പൊടിക്കാറ്റടിച്ച്‌ വീട്ടിലേക്കു നടക്കുന്നത്‌ ഇത്തിരി പ്രയാസമാണ്‌. ഇരുവശവും തകര്‍ന്നു തരിപ്പണമായി മുകള്‍ഭാഗം മാത്രം ഉന്തിനില്‍ക്കുന്ന റോഡ്‌ പഞ്ചായത്തിന്റെ അലസത നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ച്‌ വളഞ്ഞൊടിഞ്ഞ്‌ കരഞ്ഞുകിടക്കുന്നു. റോഡിന്റെ ദുസ്ഥിതിയെ ഓര്‍ത്തിട്ടാകണം കനമുള്ള വാഹനങ്ങള്‍ കുറച്ചേ അതിലേ പോകാറുള്ളു. സെന്ററിലെത്തിയപ്പോഴേക്കും എല്ലാവരുടേയും കണ്ണുകള്‍ പെണ്‍കുട്ടിയിലേക്കുതിരിഞ്ഞു.തുന്നല്‍ കടയില്‍, മെഷീന്റെ താളത്തില്‍ നിന്ന് തലയുയര്‍ത്തി അശോകന്‍ ടെയ്‌ലര്‍ പെണ്‍കുട്ടിയെനോക്കി അസ്സലായിട്ടുണ്ടെന്ന മട്ടില്‍ കണ്ണുകൊണ്ട്‌ ആഗ്യം കാണിച്ചു. പെണ്‍കുട്ടിക്കുവേണ്ടി ചന്ദനക്കളറുള്ള ചിരിദാര്‍ തയ്ച്ചുകൊടുത്തത്‌ അയാളാണ്‌.അവളുടെ കറുത്ത നിറത്തിന്‌ ലോകത്തിലെ വേറെ ഒരു നിറവും ചേരില്ലെന്ന് പരസ്യപ്രസ്താവന നടത്തിയ അയാളെ അവള്‍ക്കുവെറുപ്പാണ്‌. അയാളെ കണ്ടില്ലെന്ന മട്ടില്‍ അവള്‍ റോഡിന്റെ അരികുവശത്തായി നാട്ടിയിട്ടുള്ള സിനിമാ പോസ്റ്ററിലേക്ക്‌ നോട്ടം തിരിച്ചു വിട്ടു.

റോട്ടിലന്ന് പതിവില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നു. കുമാരേട്ടന്റെ ചായക്കടക്കു മുമ്പില്‍ തൂക്കിയിട്ടിട്ടുള്ള പാളയംകോടന്‍ കുലകളിലെ പഴത്തിന്റെ എണ്ണം കുറഞ്ഞു കണ്ടാല്‍ അവിടെ എന്തോ പൗരസമ്മേളനം നടന്നുവെന്നുറപ്പാണ്‌. ചാറ്റല്‍ മഴക്കിടക്കു വീണ വലിയ തുള്ളികളെപ്പോലെ ചിതറിക്കിടക്കുന്ന തുപ്പലുകളും, കറ പുരണ്ട്‌ കാറ്റിനൊത്ത്‌ പാറിനടക്കുന്ന നോട്ടീസുകളുടേയും കണക്കെടുത്താല്‍ അതെത്രമാത്രം വലിയസമ്മേളനമായിരുന്നുവെന്ന് ഒന്നൂഹിക്കാവുന്നതേയുള്ളു.പെണ്‍കുട്ടി തുപ്പല്‍ ഭൂപടങ്ങളില്‍ ചവിട്ടാതെ ഒറ്റടിവെച്ച്‌ സാവധാനം നടന്നു.
കുമാരേട്ടന്റെ ചായക്കടക്ക്‌ തൊട്ടരികിലായാണ്‌ കുമാരേട്ടന്റെ വീട്‌,വീടിന്‌ മുന്നിലായി അധികം പൊക്കമില്ലാത്ത ഒരു മതിലുണ്ട്‌ അതിനു മുകളിലായി കുറെ അശ്രീകരം പിടിച്ച ചെക്കന്മ്മാര്‍ സന്ധ്യയാകുമ്പോഴേക്കും നിരന്നിട്ടുണ്ടാകും. പെണ്‍കുട്ടികളെ കാണുമ്പോള്‍ വണ്ടുകളെപ്പോലെ മൂളുക എന്നതാണ്‌ ആ കുരുപ്പുകളുടെ പ്രധാന നേരമ്പോക്ക്‌.

'നമ്മുടെ കരി ചരക്ക്‌ വരുന്നുണ്ടെടാ'..
പെണ്‍കുട്ടിയെ കണ്ടതും കുരുപ്പുകള്‍ക്ക്‌ ഹാലിളകി. പണ്ടാരങ്ങളെ ചീര കൂട്ടാന്‌ അരിയുന്നതുപോലെ കൂട്ടിപ്പിടിച്ച്‌ അരിയണം.പെണ്‍കുട്ടി മനസ്സില്‍ പ്രാകിക്കൊണ്ട്‌ നടത്തത്തിനു വേഗതകൂട്ടി. വീട്ടിലെത്തിയതും ഒരു കുളിപാസ്സാക്കി അവള്‍ കിടക്കയിലേക്കു വീണു.

ഏകദേശം രണ്ടു മൂന്നു മാസം അങ്ങിനെ കടന്നുപോയി.പെണ്‍കുട്ടിയിലിപ്പോള്‍ പ്രകടമായമാറ്റം കാണുവാന്‍ സാധിക്കുന്നുണ്ട്‌. ആദ്യമായി അവളില്‍ പ്രണയം ഇതള്‍ വിടര്‍ന്നിരിക്കുകയാണ്‌. സംഭവം വേറൊന്നുമല്ല പെണ്‍കുട്ടിയുടെ ഓഫീസില്‍ പുതുതായി ജോലിക്കു ചേര്‍ന്ന യുവാവിന്‌ അവളോട്‌ പ്രത്യേകമായി ഒരു അടുപ്പം വന്നു ചേര്‍ന്നിരിക്കുന്നു. ഒഴിവുകിട്ടുന്ന സമയത്തൊക്കെ അയാള്‍ പെണ്‍കുട്ടിയുടെ അടുത്ത്‌ വര്‍ത്തമാനം പറയാന്‍ വരും. മേല്‍ച്ചുണ്ടിനു മീതെ കിരുത്തുവരുന്ന രോമത്തെപ്പറ്റി തമാശ പറയും.പെണ്‍കുട്ടി ആദ്യമായി ഒരാളെ പ്രനയിക്കാന്‍ തുടങ്ങുകയാണ്‌.

യുവാവ്‌ സുന്ദരനല്ല പെണ്‍കുട്ടികളെ ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള വിരിഞ്ഞ നെഞ്ചോ, പിരിയന്‍ മീശയോ, തിളക്കമുള്ള കണ്ണോ ഒന്നും അയാള്‍ക്കില്ല. ചെറുതായൊരു മുടന്തുള്ളതുപോലെയാണ്‌ അയാളുടെ നടത്തം,ചിലപ്പോള്‍ അണ്ണാന്‍ കുഞ്ഞിനേപ്പോലെ ചാടിച്ചാടി ഓടുന്നതും കാണാം.പെണ്‍കുട്ടിയുടെ അപ്പുറത്തെ കസേരയിലിരുന്നു ജോലിചയ്യുന്ന രമ്യ അയാളെ 'അണ്ണാന്‍' എന്നാണ്‌ കളിയാക്കി വിളിക്കുന്നത്‌. രമ്യകാണാന്‍ സുന്ദരിയാണ്‌. മുല്ലമൊട്ടു ചിതറിയപോലത്തെ പല്ലുകള്‍ കാണിച്ച്‌ തോള്‍ കുലുക്കി ചിരിക്കുമ്പോള്‍ ആരും ഒന്നു നോക്കി നിന്നുപോകും.യുവാവിന്‌ പെണ്‍കുട്ടിക്കരികിലേക്ക്‌ വരണമെങ്കില്‍ രമ്യയെ മുറിച്ചു കടക്കണം.പക്ഷെ ഒരിക്കല്‍ പോലും അയാള്‍ രമ്യയുടെ മുഖത്തു നോക്കി ചിരിച്ചിട്ടില്ല. പെണ്‍കുട്ടിക്ക്‌ അയാളോടുള്ള ബഹുമാനവും സ്നേഹവും കൂടിക്കൂടി വരികയാണ്‌.ഇതിനിടയിലും അവള്‍ നോവലിസ്റ്റുമായുള്ള കത്തെഴുത്ത്‌ മുടക്കിയില്ല. അവളുടെ കത്തിലെ അക്ഷരങ്ങളെല്ലാം പനിപിടിച്ച കോഴിയെപ്പോലെ പ്രണയത്തില്‍ മാത്രം തൂങ്ങിനില്‍ക്കുന്നതു കണ്ട്‌ നോവലിസ്റ്റിന്‌ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.


2


തന്റെ കുടുസ്സുമുറിയിലെ ജനലുകള്‍ തുറന്നിട്ട്‌ നോവലിസ്റ്റ്‌ നോവലിന്റെ അവസാന മിനുക്കു പണിയിലേക്ക്‌ പ്രവേശിച്ചു. ഗോതമ്പിന്റെ നിറവും ,മാന്‍ മിഴികളുമില്ലാത്ത നായിക ഹൃദയ ശുദ്ധികൊണ്ടുമാത്രം ആരാധകരെകയ്യിലെടുക്കുന്ന രംഗത്തെയോര്‍ത്ത്‌ അയാള്‍ നിര്‍വൃതികൊണ്ടു. രണ്ടോ മൂന്നോ ഖണ്ഡികള്‍കൂടിയെഴുതിയാല്‍ നോവല്‍ പൂര്‍ത്തിയാകും. ഒരു വനിതാ മാസികക്കാര്‍ നോവലിസ്റ്റിന്റെ പുതിയ നോവല്‍ നേരത്തേ കരാറുറപ്പിച്ചിട്ടുണ്ട്‌.

തന്റെ പതിവു നോവലില്‍ നിന്നും വ്യത്യസ്തമായി, സൗദ്ധര്യത്തെ തോല്‍പ്പിക്കുന്ന ഹൃദയ വിജയം എന്ന ധീര കൃത്യമാണ്‌ അയാള്‍ ഏറ്റെടുത്തിരിക്കുന്നത്‌.സകല സൗദ്ധര്യ സങ്കല്‍പ്പങ്ങളേയും പൊളിച്ചെഴുതുന്ന മാറ്റങ്ങളുടെ നായകനാണയാള്‍. ജീവിതത്തിലാദ്യമായി നോവലിസ്റ്റിന്‌ തന്നോടും തന്റെ സാഹിത്യവാസനയോടും വല്ലാത്ത മതിപ്പുതോന്നി. എഴുതിയ പുസ്തകത്തെ കയ്യിലെടുത്ത്‌ ഒരു ഉമ്മ കൊടുത്ത്‌ ഒരു മൂളിപ്പാട്ടോടെ തന്റെ അല്‍പ്പം തടിച്ച ശരീരത്തെ അയാള്‍ താളക്രമത്തോടെ കുലുക്കി. വനിതാമാസികയുടെ ഓഫീസിലേക്ക്‌ നേരിട്ടു കൊടുക്കുവാനായി അയാള്‍ നല്ല കൈപ്പടയില്‍ നോവല്‍ പകര്‍ത്തിയെഴുതാനിരുന്നു.

പെണ്‍കുട്ടി അപ്പോഴെല്ലാം പ്രേമത്തിന്റെ മാസ്മരികതയില്‍പ്പെട്ട്‌ അപ്പൂപ്പന്‍ താടിയെപ്പോലെപ്പറക്കുകയായിരുന്നു.യുവാവ്‌ അടുത്തു വരുമ്പോഴൊക്കെ അവള്‍ വെപ്രാളം കൊള്ളാന്‍ തുടങ്ങി. അയാളുടെ കൈവിരലുകളെങ്ങാന്‍ അവളെ അറിയാതെ സ്പര്‍ശിച്ചാല്‍ മധുരകരമായ പ്രണയ തരംഗങ്ങള്‍ അവളുടെ ഹൃദയ ഭിത്തിയില്‍ ചെന്നൊന്നായലച്ചു.സുന്ദരിയല്ലാത്ത പെണ്ണിന്റെ പ്രേമം കുറച്ചുകൂടി വികാരാര്‍ദ്രമാണെന്ന് നോവലിസ്റ്റെഴുതിയത്‌ ശരിയാണെന്ന് അവള്‍ അയാളോട്‌ തുറന്നു സമ്മതിച്ചു. പക്ഷെ ഒരു പ്രധാന സംഗതിയായിട്ടുള്ളത്‌ യുവാവ്‌ പെണ്‍കുട്ടിയോട്‌ ഇതുവരെയും തന്റെ പ്രേമം തുറന്നു പറഞ്ഞിട്ടില്ലയെന്നുള്ളതാണ്‌.യുവാവ്‌ അടുത്തു വരുമ്പോഴൊക്കെ കൂമ്പിയ താമരമൊട്ടുപോലെയുള്ള പെണ്‍കുട്ടിയുടെ നില്‍പ്പ്‌ അയാളുടെ പ്രണയാഭ്യര്‍ഥന ഏതു നിമിഷവും ശിരസ്സാവഹിക്കാനുള്ള സൂചനയാണ്‌. എന്നിട്ടും അയാള്‍ എന്തിനു വേണ്ടിയാണ്‌ അയാള്‍ ഇത്രയും താമസിക്കുന്നത്‌? ഈ വിഷയത്തെക്കുറിച്ച്‌ പെണ്‍കുട്ടി രമ്യയോട്‌ സംസാരിക്കുക പതിവാക്കി. പ്രണയാഭ്യര്‍ഥനയായിരിക്കില്ല വിവാഹാഭ്യര്‍ഥനയായിരിക്കും യുവാവ്‌ മുമ്പില്‍ വെക്കുക എന്ന് രമ്യ അവളോട്‌ വാതുവെച്ചു. പെണ്‍കുട്ടി അതുകേട്ട്‌ നാണത്തോടെ ചിരിച്ച്‌ തലമുടി ഒന്നു പിന്നിലേക്കൊതുക്കിയിട്ടു..

ഒരു ദിവസം യുവാവ്‌ അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ മേശക്കരുകിലേക്കു വന്നു. യുവാവ്‌ ക്ഷീണിതനും ഉത്കണ്ഠാകുലനുമായിരുന്നു.

'എനിക്കു നിന്നോടൊരു കാര്യം പറയനുണ്ട്‌ ' യുവാവ്‌ പറഞ്ഞു.

പെണ്‍കുട്ടി അല്‍പ്പം ലജ്ജയോടെ 'എന്തുകാര്യം' എന്നു ചോദിച്ചു.

യുവാവിന്റെ കണ്ണുകള്‍ വികാരതരളിതമായി. ചുണ്ടുകള്‍ വാക്കുകള്‍ കിട്ടാതെ ധ്യാനിച്ചു.

'എനിക്ക്‌ നിന്റെ കൂട്ടുകാരി രമ്യയെ ഒത്തിരിയിഷ്ടമാണ്‌' യുവാവ്‌ ഒറ്റ വാക്യത്തില്‍ പറഞ്ഞ്‌ ടവ്വലെടുത്ത്‌ മുഖം തുടച്ച്‌ വെള്ളം കുടിക്കുവാനായി അണ്ണാന്‍ കുഞ്ഞിനെപ്പോലെ ചാടിച്ചാടിപ്പോയി.

നിലയില്ലാത്ത കുളത്തില്‍ കാല്‍ പൂണ്ടുപോയതുപോലെ പേണ്‍കുട്ടിക്കു ശ്വാസം മുട്ടി. ഘടിപ്പിക്കാനിടമില്ലാതെ തുരുമ്പെടുത്ത കൊളുത്തുപോലെയുള്ള അവളുടെ സ്നേഹം രണ്ടു വലിയ കണ്ണുനീര്‍ത്തുള്ളികളായി നിലത്തടര്‍ന്നു വീണു.മൂക്കില്‍ നിന്ന് ലാവപോലെ പൊള്ളുന്ന ദ്രാവകം ഒഴുകിവരാനാരംഭിച്ചു. ഉച്ചക്കു ശേഷം ലീവെടുത്ത്‌ അവള്‍ വീട്ടിലേക്ക്‌ തിരിച്ചു. രാത്രിയില്‍ ഉറങ്ങാതെ കിടന്ന് വെളുപ്പോളം അവള്‍ കരഞ്ഞു. ഇതേ സമയം നോവലിസ്റ്റിന്‌ മാസികയുടെ പത്രാധിപരുടെ കത്തു വന്നു.


പ്രിയ സുഹൃത്തേ,

അതി ഗംഭീരമായ കഥയാണെങ്കിലും സുന്ദരിയല്ലാത്ത ഒരു നായികയെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ പ്രബുദ്ധരായ വായനക്കാരുടെ സമൂഹം തയ്യാറാകുമെന്നു തോന്നുന്നില്ല. ഇക്കൊല്ലം മാസികയുടെ വിറ്റുവരവില്‍ സംഭവിച്ച താഴ്ച്ച നികത്താനായി, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു നോവലിന്റെ അനിവാര്യത ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നായികയുടെ സ്ഥാനത്ത്‌ ചിലവെട്ടിത്തിരുത്തലുകള്‍ നടത്താമെങ്കില്‍ ഈ നോവല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരിഗണിക്കുന്നതാണ്‌.
സ്നേഹാദരങ്ങളോടെ.
പത്രാധിപര്‍.നോവലിസ്റ്റ്‌ പത്രാധിപരെ തെറിവിളിച്ചുകൊണ്ട്‌ നോവല്‍ കയ്യിലെടുത്തു. അയാളുടെ പേന ഒരു പേജില്‍ നിന്ന് മറ്റൊന്നിലേക്ക്‌ വേഗതയോടെ പാഞ്ഞു. സുന്ദരീ വര്‍ണ്ണനയില്‍ സംതൃപ്തയായിട്ടെന്ന വണ്ണം മുറ്റത്തെ മാവില്‍ നിന്ന് പൂക്കള്‍ അടര്‍ന്നു വീണ്‌ വൃശ്ചികക്കാറ്റില്‍ പറന്നു നടന്നു.എഴുത്തിനിടയിലെ ബോറടി മാറ്റാന്‍ അയാള്‍ ഒരു വലിയ പ്ലാസ്റ്റിക്ക്‌ കവറിലായി സൂക്ഷിച്ചു വച്ചിരുന്ന പെണ്‍കുട്ടിയുടെ കത്തുകള്‍ അടുപ്പിലേക്കിട്ടുകൊണ്ട്‌ ഒരു കട്ടന്‍ ചായക്കായി തീപ്പിടിപ്പിച്ചു പെണ്‍കുട്ടിയുടെ ഉരുളന്‍ കല്ലുപോലെ ചേലുള്ള അക്ഷരങ്ങളില്‍ തീ ആര്‍ത്തിയോടെ കയറിയിറങ്ങി. പെണ്‍കുട്ടിയപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നോട്ടു ബുക്കില്‍ നിന്ന് അഞ്ചാറു പേജുകള്‍ വലിച്ചെടുത്ത്‌ നോവലിസ്റ്റിന്‌ കത്തെഴുതാനിരിക്കുകയായിരുന്നു.