Sunday, September 16, 2007

അഭയം

അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.

ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.

'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം -
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.

എന്നെക്കുറിച്ച്‌ എനിക്കുതന്നെ മതിപ്പില്ലാത്ത കാലമായിരുന്നുവത്‌.ഹോസ്റ്റലില്‍ നിശബ്ദദതക്കായ്‌ പ്രത്യേകമായൊരിടമില്ലായിരുന്നു.പെണ്‍ ശബ്ദത്തെ പേടിച്ചായിരിക്കണം ഒരു പല്ലിപോലും ചുമരിലൂടെ ഇഴഞ്ഞുനടന്നിരുന്നില്ല,ഒരു എട്ടുകാലി പോലും ഇഴയടുപ്പിക്കാന്‍ തുനിഞ്ഞതുമില്ല.

എങ്കിലും എനിക്കായ്‌ ഞാന്‍ പ്രത്യേകമായൊരിടം കണ്ടെത്തി.ചെറിയ കമ്പിയിഴകള്‍ കൊണ്ട്‌ വരാന്തയാകെ മറച്ചിരുന്ന ഒരു പഴയകെട്ടിടമായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍.അതിലെ ആറാം നമ്പര്‍ മുറി കാലൊടിഞ്ഞ കട്ടിലുകളും,കയ്യും കാലും വേര്‍പെട്ട കസാരകളും,ഉണങ്ങി ദ്രവിച്ച അടിവസ്ത്രങ്ങളും കൊണ്ട്‌ ശുഷ്കിച്ച്‌ കിടന്നിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒളിത്താവളമായിരുന്നു. എല്ലാ സന്ധ്യകളിലും ഞാന്‍ അവിടെച്ചെന്ന് വിദൂരമായ ആകാശത്തെനോക്കിയിരിക്കും.ആവി പറക്കുന്ന ചുമരുകളില്‍ പറന്നിരിക്കുന്ന ആനത്തുമ്പികളുടെ ചെറിയമൂളല്‍ മാത്രമായിരിക്കും ഞാനപ്പോള്‍ കേള്‍ക്കുക. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഉച്ചത്തില്‍ കേള്‍ക്കുന്ന ദേവീ സ്തോത്രവും,കാടുകളില്‍ നിന്നും വരുന്ന പല ജാതി പക്ഷികളുടെ കരച്ചിലും കേള്‍ക്കുമ്പോള്‍ പതുക്കെ മുറിയിലേക്കു വരും. എന്റെ സഹമുറിയര്‍ എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു നിരുപദ്രവകാരിയായ ജീവിയായിരുന്നു.

അങ്ങനെയിരിക്കേയാണ്‌ അന്ന ഹോസ്റ്റലിലേക്കുവന്നത്‌. ചെറുകയറില്‍ തൂക്കിയിട്ട ഒരു പഴയ കോസടിയും,ചെറിയൊരു ബാഗില്‍ കുത്തി നിറച്ചുവെച്ച രണ്ടോമൂന്നോ ഡ്രസ്സുകളുമായി ഒട്ടൊരു ദുരൂഹതയോടെയാണ്‌ അന്ന കിരുകിരാ ശബ്ദമുണ്ടാക്കുന്ന മര ഗോവണി ചവിട്ടിക്കേറി വന്ന് ഞങ്ങളുടെ വാതില്‍ മുട്ടിയത്‌.

മുടിഞ്ഞ ഉഷ്ണക്കാലമായിരുന്നുവത്‌. എല്ലാവരും ഉഷ്ണത്തെ കുറ്റം പറഞ്ഞു കൊണ്ട്‌ എണ്ണ തേച്ചു കുളിക്കുകയും സൗദ്ധര്യവര്‍ദ്ധനക്കായി ദിവസത്തിലെ വലിയൊരു ഭാഗം മുഴുവന്‍ മാറ്റി വെക്കുകയും ചെയ്ത്തിരുന്നു. ഹോസ്റ്റലിലെ മുറികളെല്ലാം കാലിയായ എണ്ണക്കുപ്പികള്‍,മഞ്ഞളിന്റെ നിറം പുരണ്ട തോര്‍ത്തുമുണ്ടുകള്‍,വാസനാസോപ്പിന്റെ തങ്ങി നില്‍ക്കുന്ന മണം എന്നിവകൊണ്ട്‌ സമ്പന്നമായി.


ഞങ്ങളുടെ മുറിയില്‍ ഉഷ്ണത്തെ സ്നേഹിക്കുന്ന ഒരേയൊരാള്‍ അന്ന മാത്രമായിരുന്നു. കോസടിക്കുമേല്‍ വെന്തുരുകി കിടക്കുമ്പോഴും ഫാനിന്റെ സ്വിച്ച്‌ ഒരിക്കല്‍ പോലും അന്ന തിരഞ്ഞു പിടിച്ചിരുന്നില്ല. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ചൂടിനെക്കുറിച്ച്‌ മുറുമുറുത്തിരുന്നെങ്കിലും ഒരു ചിരിയല്ലാതെ അന്നയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും എനിക്കു കിട്ടാറുണ്ടായിരുന്നില്ല.

ഒരിക്കല്‍ അന്നയുടെ പുസ്തകത്തില്‍ നിന്ന് എനിക്കൊരു കവിത കണ്ടുകിട്ടി. സത്യത്തില്‍ ആ കവിതയാണ്‌ എന്നെ അന്നയോട്‌ കൂടുതല്‍ അടുപ്പിച്ചത്‌. ഒരു സാഹിത്യ വിദ്യാര്‍ഥിയായിരുന്നതിനാലായിരിക്കണം കവിതയിലെ ആഴങ്ങളേയും,കവിയിലെ നിഗൂഡതയേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്നയിലൊരു കവിയുണ്ടെന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. പ്രസിദ്ധപ്പെടുത്താനിഷ്ടമില്ലാതെ,ഗണിതശാസ്ത്ര പുസ്തകങ്ങളുടെ ഏതെങ്കിലും അരികിലായി കുറിച്ചിടുന്ന അന്നയുടെ കവിത കണ്ടെടുക്കുക എന്ന ദൗത്യം അന്നുമുതല്‍ ഞാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

' ഗണിതം പഠിക്കുന്നവര്‍ക്ക്‌ കവിതയെഴുതാന്‍ പാടില്ലെന്നുണ്ടോ'?
ആരും കണ്ടെത്താതെ അകാല ചരമമടയുന്ന കവിതകളെ നോക്കി ഞാനൊരിക്കില്‍ പറഞ്ഞു.

അന്ന അതുകേട്ടുകൊണ്ട്‌ പുസ്തകത്തില്‍ രണ്ടു കുത്തിവരകളിട്ടു.

'ഗണിതം പഠിച്ച കവിയായിരിക്കും ഒരു ഉത്തമ കവി.അളന്നും തൂക്കിയുമെടുക്കുന്ന വാക്കുകളുടെ കൃത്യത ഒരാളെ ഉത്തമ കവിയാക്കുന്നു.'

ഈസ്റ്റേണ്‍ ക്രി റ്റിസിസ ക്ലാസുകളിലെ തിയറികളെ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

'ഒരു കവിയും,ഒരു വിമര്‍ശകയും മൂന്നാം നമ്പര്‍ മുറിയില്‍ ഉദയം കൊണ്ടിരിക്കുന്നു'.

അന്ന ചിരിച്ചുകൊണ്ട്‌ എന്റെ തോളില്‍ തട്ടി.


അന്നയുടെ സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഏകാന്തതയെ മറന്നു തുടങ്ങിയിരുന്നു. ശരിക്കും പറഞ്ഞാല്‍ ഏകാന്തവും,സ്വാര്‍ഥവും,മ്ലാനവുമായ എന്റെ ഹോസ്റ്റല്‍ ജീവിതത്തെ ആ സൗഹൃദം മാറ്റി മറിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഹോസ്റ്റലിനു പിന്നാമ്പുറത്തായി ചെറുതായി പായല്‍ മൂടിക്കിടക്കുന്ന ഒരു കുളമുണ്ട്‌.ഞങ്ങളുടെ കോളേജ്‌ ഒരു രാജകൊട്ടാരത്തിന്റെ ഭാഗമായിരുന്നതിനാല്‍ വലിയ കുളപ്പുരയോട്‌ കൂടിയ കൂറ്റന്‍ വാതിലും അറ്റം വരെ ഇറങ്ങിചെല്ലുന്ന പടികളും അതിനുണ്ടായിരുന്നു.കുളപ്പുരയുടെ ഭാഗം പൊട്ടിപ്പൊളിഞ്ഞ്‌ ഇപ്പോള്‍ നിലം പൊത്തുന്ന രീതിയിലാണ്‌ നില്‍ക്കുന്നത്‌.മുകള്‍ ഭാഗം ഓടുകളടര്‍ന്ന് കഴുക്കോലുകള്‍ മാത്രം കാണുന്ന സ്ഥിതിയിലായിരുന്നു,അതിലാകട്ടെ നിറയെ കടന്നലുകളും വേട്ടാളന്മ്മാരും കൂടുകൂട്ടിയിരുന്നു.കൂട്ടിനായി അല്ലറ ചില്ലറ പാമ്പുകളും ഇഴഞ്ഞു നടക്കും. രണ്ടുമൂന്നു ദാസിപ്പെണ്ണുങ്ങള്‍ വീണു ചത്ത കുളമാണെന്ന് വാര്‍ഡന്‍ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ സ്വവര്‍ഗരതിക്കാരായ ചില പെണ്‍കുട്ടികളല്ലാതെ മറ്റാരേയും ഞാന്‍ ആ ഭാഗത്തു കണ്ടിട്ടില്ല.


ഞാനും അന്നയും ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയിരിക്കാന്‍ കണ്ടെത്തിയ സ്ഥലം ആ കുളക്കടവായിരുന്നു.

അന്നയുടെ അപ്പന്‍ ഒരു നാടക നടനായിരുന്നു. 'കുഞ്ഞാലി മരക്കാര്‍' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം കളിച്ച്‌ പ്രശസ്തി നേടിയതിനാല്‍ 'കുഞ്ഞാലി' എന്ന പേര്‌ ജനങ്ങള്‍ അപ്പനു ചാര്‍ത്തിക്കൊടുത്തു.

'കിട്ടുന്ന കാശൊക്കെ അപ്പന്‌ ബാറില്‍ തൊലക്കാനെ തികയൂ'

കല്‍പ്പടവുകളില്‍ ഞെരമ്പുകള്‍ പോലെ വേരുകള്‍ പടര്‍ത്തിയ ഒരു കാട്ടു ചെടിയുടെ തലപ്പൊടിച്ച്‌ കുളത്തിലേക്കിട്ടുകൊണ്ട്‌ അന്ന ഒരിക്കല്‍ പറഞ്ഞു.

'അമ്മച്ചി പുറമ്പണിക്കു പോകും,അനിയന്‍ നന്നായി പഠിക്കുന്നുണ്ട്‌'.

ഞാന്‍ ഒരു കേള്‍വിക്കാരി മാത്രമായിരുന്നു.രാജുവുമായുള്ള പ്രണയത്തിലെ ചില മുറുക്കങ്ങളും അയവുകളുമൊഴിച്ച്‌ എനിക്ക്‌ കാര്യമായി ഒന്നും പറയാനില്ല.

'രാജു ഒരു അഹങ്കാരിയാണ്‌. നിനക്കവനെ സഹിക്കേണ്ടി വരും.' ഒരിക്കല്‍ അന്ന പറഞ്ഞു.

കിളുന്തു പ്രായം കഴിഞ്ഞ്‌ വേരുറച്ചു തുടങ്ങിയ പ്രണയമായിരുന്നു ഞങ്ങളുടേത്‌. രാജുവില്‍ അഹങ്കാരിയായ ഒരു കവിയും ആദര്‍ശവാനായ ഒരു മനുഷ്യനുമുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നതിനാല്‍ അന്നയുടെ വാക്കുകള്‍ നിരാകരിക്കാനോ,വികാരമതിയായ പ്രണയിനിയായി രാജുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുവാനോ ശ്രമിച്ചില്ല.
സത്യത്തില്‍ രാജുവിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ മിക്കപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. തെളിയുകയും ഇരുളുകയും ചെയ്യുന്ന ഒരു ബന്ധം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എങ്കിലും രാജുവിന്റെ സ്നേഹം സ്വച്ഛമാണെന്ന് ഞാന്‍ വിശ്വസിച്ചു, ഇടക്ക്‌ ഇരുള്‍ നിറയുമെങ്കില്‍ കൂടിയും ഒരു യഥാര്‍ഥ പ്രണയിനിയായി ഞാന്‍ നല്ലതിനെ പറ്റി മാത്രം ചിന്തിച്ചു.

അന്നയുടെ വാക്കുകളെ കേട്ടില്ലെന്നു നടിച്ച്‌ , തല കുമ്പിട്ട്‌ താഴെയുള്ള കല്ലുകളെ പെറുക്കിയെടുത്ത്‌ അസ്വസ്ഥയായിരിക്കുന്ന എന്നെ നോക്കി അന്ന് അന്നയൊരു കവിതയെറിഞ്ഞു.

'മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല'..

ഞാന്‍ അതുകേട്ട്‌ ചിരിച്ചു അതുകണ്ട്‌ അന്നയും. ഞങ്ങള്‍ക്കിടയിലെ മൗനം ഒരു നിമിഷേന ബാഷ്പീപകരിച്ചു .


11

1991 ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു അന്ന വെള്ള നിറത്തിനുമുകളില്‍ ഇളം നീല പക്ഷികള്‍ ആകാശത്തെ ഉന്നം വെച്ചു പറക്കുന്ന പുറം ചട്ടയുള്ള പുസ്തകം കയ്യിലമര്‍ത്തി കല്‍പ്പടവുകളിറങ്ങി വന്നത്‌.
സ്വാതന്ത്ര്യ ദിനമായതിനാല്‍ അന്ന് കോളേജിന്‌ അവധിയായിരുന്നു. ഇടക്കിടെ വെള്ളത്തിനു മുകളിലേക്കു വന്നു വെട്ടിമാറുന്ന വരാലുകളുടെ ഇളക്കമല്ലാതെ പ്രകൃതിയില്‍ അന്ന് ഇലയനക്കങ്ങള്‍ കുറവായിരുന്നു.

ഞങ്ങളന്ന് ഇരുട്ടുവോളം അവിടെയിരുന്ന് കഥകള്‍ വായിച്ചു.
മീരയുടെ കഥയായിരുന്നു ഞങ്ങള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടത്‌. മീര ഒരു സന്യാസിനിയായിരുന്നു. വാക്കുകളെ നിയന്ത്രിക്കാനറിയാത്ത, ആദര്‍ശവതിയായ ഒരു സന്യാസിനി.
തന്റെ കണ്ണില്‍പ്പെടുന്ന അഴുക്കുകളെയൊക്കെ മീര കഴുകിവെടുപ്പാക്കിക്കൊണ്ടിരുന്നു. അകലെനിന്ന് അലയലയായി ചളിവെള്ളത്തിന്റെ സുനാമി പടുത്തുയരുന്നതു കണ്ടിട്ടും അവസാന തുള്ളി അഴുക്കിനേയും തുടച്ചുമാറ്റി മീര ചിരിച്ചു.പിന്നീട്‌ കറുത്ത വെള്ളത്തെ മാത്രം വഹിച്ചുകൊണ്ട്‌ ഒരു വമ്പന്‍ തിര ആഞ്ഞടിച്ചു വന്നു .അത്‌ മീരയെ മാത്രം എടുത്തു. മീര രണ്ടു കൈകളും നീട്ടി അതിനെ തന്നിലേക്കു സ്വീകരിച്ചു. മീരയുടെ ജീവന്‍ ഒരു തിരയില്‍ നിന്ന് മറ്റൊരു തിരയിലേക്കുപോയി അവയെയൊക്കെ വെളുപ്പിച്ചു. അവസാനം നിശ്ചലയായി തീരത്ത്‌ അടിഞ്ഞു വന്നു.

മീരയുടെ കഥവായിച്ചു കഴിഞ്ഞപ്പോഴേക്കും അന്നയുടെ ശബ്ദം കുതിര്‍ന്നിരുന്നു.

'മീര ശരിക്കും മരിച്ചിരുന്നോ?'
ഞാന്‍ അന്നയോട്‌ ചോദിച്ചു.

'ചിലരുടെ മരണം മരണമേയല്ല.നമ്മളാണ്‌ മരിക്കുന്നതും ജനിക്കുന്നതും.നമ്മള്‍ വര്‍ഷങ്ങളോളമെടുത്ത്‌ അവസാനിപ്പിക്കുന്ന ജീവിതത്തെ ചിലര്‍ ഒരു മരണത്തിലൂടെ ഒറ്റവാക്കില്‍ പൂരിപ്പിക്കുന്നു.
അന്ന പറഞ്ഞു.
ഞാന്‍ ശരിയാണെന്നമട്ടില്‍ തലയാട്ടി. അന്നേരം ഞങ്ങളുടെ ഇടയിലേക്ക്‌ വലിയൊരു മഴ തുള്ളിയിട്ടു കടന്നു വന്നു.വരാലുകള്‍ മഴയില്‍ ആനന്ദിച്ചുകൊണ്ട്‌ ഉച്ചത്തില്‍ മുകളിലേക്കുവന്നു പുളഞ്ഞു.മഴവെള്ളം കുളത്തിലേക്ക്‌ ചാലിട്ടൊഴുകുന്നതു നോക്കി ഞങ്ങള്‍ മിണ്ടാതെയിരുന്നു. അന്നത്തെ മഴ എന്നേയും അന്നയേയും നനയിപ്പിക്കുകയോ, തണുപ്പിക്കുകയോ ചെയ്തില്ല. ഞങ്ങള്‍ മീരയുടെ ആത്മാവിനൊത്ത്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ നിശബ്ധമായ്‌ ആഴ്‌ന്നിറങ്ങുകയായിരുന്നു...


111


1993 മെയ്‌ 23 നാണ്‌ ഞാന്‍ അന്നയെ അവസാനമായ്ക്കാണുന്നത്‌


അന്നത്തെ എന്റെ ഡയറിക്കുറിപ്പ്‌ ഇങ്ങനെയായിരുന്നു തുടങ്ങിയതും അവസാനിച്ചതും.

'അവസാനത്തെ പരീക്ഷയും കഴിഞ്ഞ്‌ ഞാനും അന്നയും പതിവുപോലെ കല്‍പ്പടവുകളില്‍ ചെന്നിരുന്നു. മെയ്‌ മാസത്തിലെ ചൂടേറ്റ്‌ കല്‍പ്പടവുകളില്‍ വേരമര്‍ത്തി നിന്നിരുന്ന കാട്ടു ചെടികള്‍ ചിലത്‌ വാടിയിരുന്നു.
ചിലത്‌ വിരിയിക്കാത്ത മൊട്ടുകളെ കുളത്തിലെ വെള്ളത്തിലേക്ക്‌ കൊഴിച്ചിട്ടു. പള്ളത്തികളും,വരാലുകളും ആ പൂമൊട്ടിനെ ലക്ഷ്യമാക്കി വെട്ടിയമര്‍ന്നു.

അന്ന പതിവുപോലെ ഒരു കാട്ടു ചെടിയുടെ തുമ്പൊടിച്ച്‌ വെള്ളത്തെ ലക്ഷ്യമാക്കിയെറിഞ്ഞു.കാറ്റ്‌ അതിനെ ലക്ഷ്യത്തിലെത്തിക്കാതെ ഞങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു.

ഞാനന്ന് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ്‌ രാജുവിന്റെ കൂടെ ജീവിക്കാനായി തയ്യാറെടുത്ത്‌ ഇറങ്ങാനിരിക്കയായിരുന്നു.അന്ന എന്റെ പുതിയ ജീവിതത്തിന്‌ എല്ലാ മംഗളങ്ങളും നേര്‍ന്നു,ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്‌ കല്‍പ്പടവിനു താഴെയിറങ്ങി കുളത്തിലെ വെള്ളത്തിനെ ആദ്യമായിതൊട്ടു. എന്റെ കണ്ണില്‍ നിന്ന് കുളത്തിലെ വെള്ളത്തിലേക്ക്‌ കണ്ണുനീര്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അന്ന കരഞ്ഞതേയില്ല. മുകളില്‍ രാജു എന്നേയും കാത്തു നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ കണ്ണു നീര്‍ തുടച്ചുകൊണ്ട്‌ രാജുവിനൊപ്പം ചെന്നു. അന്ന ചിരിച്ചുകൊണ്ട്‌ കൈകള്‍ വീശി ഒരു പൊട്ടു പോലെ എന്റെ ജീവിതത്തില്‍ നിന്ന് നടന്നകന്നു.'


1111പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് ഞാന്‍ അന്നയെ വീണ്ടും കാണാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ മാസമാണ്‌ അവളുടെ കത്ത്‌ എനിക്കു വന്നത്‌. കാണാന്‍ വരുന്ന തിയതി മാത്രം കുറിച്ചുകൊണ്ട്‌ നാലഞ്ചു വരികള്‍ മാത്രം കുറിച്ച ചെറിയൊരു കുറിപ്പ്‌.

രാജുവുമായുള്ള ബന്ധം ഞാന്‍ ഉപേക്ഷിച്ചിട്ട്‌ ആറുമാസത്തിലേറെയായെങ്കിലും,രാജുവിന്റെ പഴയ ചെരുപ്പുകളും,മുഴുമിപ്പിക്കാതെ മേശയുടെ അടിയിലേക്ക്‌ വലിച്ചെറിഞ്ഞ കവിതകളും മുറിയുടെ ഒരു ഭാഗത്ത്‌ കുമിഞ്ഞു കിടന്നിരുന്നു.
രാജുവിനെ ഞാന്‍ വെറുത്തിരുന്നെങ്കിലും അയാളുമൊത്തുള്ള ജീവിതം വളരെയധികം ശീലിച്ചു പോയിരുന്നതിനാല്‍ ചായയുണ്ടാക്കുമ്പോള്‍ അറിയാതെ രണ്ടു കപ്പി ലേക്കു പകര്‍ന്ന ചായ തണുത്തുറഞ്ഞ്‌ ,ഈച്ചകള്‍ വീണ്‌ സിങ്കിലേക്ക്‌ മിക്കപ്പോഴും ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.

രാജു പോയതിനു ശേഷമുള്ള എന്റെ ജീവിതം ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ തടം കെട്ടി നില്‍ക്കുന്ന ഒരു പൊയ്കയായി മാറിയിരുന്നു.മഴയും വേനലും ആ പൊയ്കയെ തീണ്ടാതെ കടന്നു പോയി.നിശബ്ദത എന്റെ മുറികളില്‍ എപ്പോഴും നങ്കൂരമിട്ടു.

അന്നയുടെ കത്ത്‌ കിട്ടിയതോടെ എന്റെ പകലുകള്‍ക്ക്‌ കുറച്ച്‌ നിറം വെക്കാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ അന്നയില്‍ എത്ര മാറ്റം വരുത്തിയിരിക്കും എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത കൗതുകമായിരുന്നു.വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ അന്ന എന്നെ തേടിവരുന്നതും കാത്ത്‌ ഞാനിരുന്നു.


11111


ഇന്ന് അന്നയെത്തുന്ന ദിവസമാണ്‌. ഞാന്‍ വാടകയ്ക്കു താമസിക്കുന്ന വീടിനു താഴെ എന്റെ വീട്ടുടമസ്ഥയാണ്‌ താമസിക്കുന്നത്‌. അല്‍പം തടിച്ചുരുണ്ട പ്രകൃതമാണെങ്കിലും അവര്‍ എല്ലായിടത്തും ഓടിയെത്തുമായിരുന്നു.അല്‍പം സംശയത്തോടെയല്ലാതെ അവര്‍ ഇന്നുവരെ ഒന്നിനേയും നോക്കിക്കണ്ടിരുന്നില്ല..

'എന്റെ ഒരു സുഹൃത്തുവരും ഞാന്‍ കോളേജില്‍ നിന്നും വരും വരെ ഇവിടെയിരുത്തണം'.
ഞാന്‍ പറഞ്ഞു.

'ആണോ പെണ്ണോ'?
അവര്‍ സംശയത്തിന്റെ കുന്തമെറിഞ്ഞു.
'പെണ്ണ്‍'

ഞാന്‍ തിരിഞ്ഞു നോക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി കോളേജിലേക്കു നടന്നു. അന്ന് എന്റെ എല്ലാ ക്ലാസ്സുകള്‍ക്കും ഞാന്‍ അവധി നല്‍കി പഴയ ഓരോ ചിന്തകളിലമര്‍ന്ന് നേരം തള്ളി നീക്കി.
നാലുമണിയായപ്പോഴേക്കും ബെല്ലടിക്കുന്നതു കാത്തു നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു.

അന്ന എന്നേയും കാത്ത്‌ വീട്ടിലിരിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ അവിടെയിവിടെയായി ചിതറിക്കിടക്കുന്ന കോലന്‍ മുടി,ചെറിയ തിളക്കമുള്ള കണ്ണില്‍ സന്തോഷം നിറഞ്ഞ ചിരി.
ഞാന്‍ ചായയുണ്ടാക്കി രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു.
അന്ന അന്നേരം എന്റെ വീട്‌ നോക്കി നടന്നു കാണുകയായിരുന്നു.

'ഇവിടെയെല്ലാം ഒരു സ്വേച്ഛാധിപതിയുടെ മണം തങ്ങി നില്‍പ്പുണ്ട്‌..രാജു എവിടെ പോയിരിക്കുന്നു?'
അന്ന ചെറു ചിരിയോടെ ചോദിച്ചു.
'ഞങ്ങള്‍ പിരിഞ്ഞു'

അന്ന വിശ്വസിക്കാത്ത മട്ടില്‍ എന്നെ ആകെയൊന്നുഴിഞ്ഞു നോക്കി.

'നിന്റെ ഭര്‍ത്താവും കുട്ടികളും?' ഞാന്‍ ചോദിച്ചു.

'അതിനു ഞാന്‍ കല്ല്യാണമേ കഴിച്ചില്ലല്ലോ' അന്ന ചിരിച്ചു.

'അമ്മച്ചി മരിച്ചു,അനിയന്‍ അപ്പനെപ്പോലെ മറ്റൊരു കുടിയനായി' അന്നയുടെ ശബ്ദം കനത്തു.

'നിനക്ക്‌ കല്ല്യാണം കഴിക്കാമായിരുന്നു.'

'അതിനു പണമെവിടെ'..അന്ന വീണ്ടും ചിരിച്ചു.

അന്ന കൊണ്ടു വന്ന ബാഗ്‌ കട്ടിലിലേക്കിട്ടുകൊണ്ട്‌ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്ന് ഓരോ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.ഞാന്‍ അന്നയുടെ മടിയില്‍ തലവെച്ച്‌ കുറച്ചു നേരം കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാക്കുകള്‍ നിയന്ത്രിക്കാനാകാതെ എന്റെ ശബ്ദം പതറുവാനും ഉള്ളില്‍ വളരെക്കാലമായി ചലം കെട്ടിക്കിടന്നിരുന്ന ഉഷ്ണജലപ്രവാഹം ഞാനറിയാതെ പുറത്തേക്കൊഴുകുവാനും തുടങ്ങി.
എന്റെ മുടിയിഴകളില്‍ കൈകളമര്‍ത്തി അന്ന എന്നെ സ്വന്തം ശരീരത്തോട്‌ ചേര്‍ത്തു കിടത്തി. എന്റെ ഉപ്പുരസം കലര്‍ന്ന ചുണ്ടില്‍ അന്ന മൃദുവായി ചുംബിച്ചു. എന്റെ വേദനകളെല്ലാം കഴുകി വെടുപ്പാക്കാന്‍ പോന്ന വലിയ തിരമാലയായി അന്ന എന്നിലൂടെ കയറിയിറങ്ങി. നഗ്നയായ്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ ക്രമമായ്‌ ഞാന്‍ പ്രവേശിക്കവെ ഒരു ജലാശയം ഞങ്ങളു മുന്നില്‍ ഉയര്‍ന്നു വന്നു.

നിലമ്പൊത്താറായ കുളപ്പുരകളും അടര്‍ന്നു വീണ കഴുക്കോലുകള്‍ക്കിടയിലൂടെ തെളിയുന്ന മാനവും പൊഴിഞ്ഞുവീണ കമ്യൂണിസ്റ്റു പച്ചയുടെ പൂക്കളെ വെട്ടിത്തിന്നാനെത്തുന്ന പള്ളത്തികളും ,വരാലുകളും പുളഞ്ഞു മറിയുന്ന ,പകുതി മാത്രം പായല്‍ മൂടിയ ഒരു ജലാശയം അതിന്റെ കരയിലിരുന്ന് ഞാനും അന്നയും ഉള്ളില്‍ തളം കെട്ടിയ നിലവിളികളെ ഉള്ളിലേക്കു തന്നെയമര്‍ത്തി പതുക്കെ ചിരിക്കുവാന്‍ തുടങ്ങി. ഞങ്ങളെ നനയിക്കാനായി ആകാശത്ത്‌ കാര്‍മേഘങ്ങളെ പടര്‍ത്തി വിഷാദിച്ചു നിന്നിരുന്ന മഴ മനം മാറി, കാറ്റിനൊത്ത്‌ താളമിട്ട്‌ ചിരിച്ച്‌ അകന്നൊഴിഞ്ഞു.

Wednesday, May 16, 2007

വിഷാദം പൂക്കുന്ന മരങ്ങള്‍

ഡയറിക്കുറിപ്പുകള്‍ - 4


മടുപ്പിക്കുന്ന മഞ്ഞുകാലം കഴിഞ്ഞ്‌ പുല്‍നാന്‍പുകളും തളിരിലകളും തലപൊക്കാന്‍ തുടങ്ങുന്ന ഏപ്രില്‍ മാസം, അതും കഴിഞ്ഞ്‌ വേനലിനെ എതിരേല്‍ക്കാനായി ശരിയായ രീതിയില്‍ പച്ചപിടിച്ച മെയ്‌ മാസം. മെയ്‌ മാസാരംഭത്തില്‍ കടകളിലെല്ലാം അമ്മമാര്‍ക്കു സമ്മാനിക്കാനുള്ള സ്നേഹ സന്ദേശമടങ്ങിയ കാര്‍ഡുകളും, സമ്മാനപ്പൊതികളും നിരന്നിരിക്കും. അമ്മമാര്‍ക്ക്‌ വേണ്ടിയുള്ള സമ്മാനങ്ങള്‍ ചിക്കിചികഞ്ഞെടുക്കുന്ന മക്കളുടെ കൂട്ടം മെയ്‌ മാസത്തിലെ പ്രധാന കാഴ്ച്ചയാണ്‌.

ഓരോ 'മദേഴ്സ്‌ ഡേ' കടന്നു വരുമ്പോളും ഞാനവരെ ഓര്‍ക്കും, ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ അപ്പാര്‍ട്ടുമെന്റിനു വലതുവശത്തെ അപ്പാര്‍ട്ടുമെന്റിലായി താമസിച്ചിരുന്ന അമ്മൂമയെ..
അവര്‍ക്ക്‌ ഏകദേശം എഴുപതിനും എഴുപത്തിയഞ്ചിനുമിടക്കു പ്രായം വരും. ഒരു പൂച്ചയും അവരും കൂടിയാണ്‌ താമസം. ഒരു ഗ്രാമപ്രദേശത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ ഒരു പ്രായമായ സ്ത്രീ ഒറ്റക്കു താമസിക്കുന്നതില്‍ അനുകമ്പയും ,ഉദ്വേഗവുമുണ്ടാക്കിയിരുന്നു. മാത്രവുമല്ല എന്റെ വിവാഹത്തിന്‌ ഏകദേശം ഒരു വര്‍ഷം മുമ്പ്‌ മരിച്ചുപോയ എന്റെ അച്ഛന്റെ അമ്മയുടെ ഭാവപ്രകടനങ്ങളുമായി ഈ അമ്മൂമക്ക്‌ വളരെ സാമ്യവുമുണ്ട്‌.
മുമ്പത്തെ ഡയറിക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നതുപോലെ എനിക്ക്‌ വേറെ ജോലിയും കൂലിയുമൊന്നുമില്ല.ഭര്‍ത്താവ്‌ ജോലിക്കു പോയിക്കഴിഞ്ഞാല്‍ പ്രകൃതി നിരീക്ഷണവും ഈ വക കണക്കെടുപ്പും തന്നെ പണി.അപ്പോള്‍ സ്വാഭാവികമായും ഈ അമ്മൂമയും എന്റെ വായില്‍ നോട്ടത്തിന്റെ മറ്റൊരു ഇരയാണ്‌.

ഞാന്‍ രാവിലെ നേരത്തേ എണീക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്‌. പ്രഭാതത്തിലെ കാറ്റിന്‌ പുതുമയുള്ള മണവും,ചെടികള്‍ക്ക്‌ പ്രത്യേക നിറവും,മണ്ണിന്‌ ചെറുതണുപ്പുമുണ്ടാകും.ഞനിതൊക്കെ ആസ്വദിച്ച്‌ അവിടമാകെ ചുറ്റിക്കറങ്ങി നടക്കുമ്പോള്‍ ഈ അമ്മൂമ ഒരു ബാഗു മെടുത്ത്‌ കാറിനരുകിലേക്ക്‌ നടക്കുന്നതുകാണാം.വളരെ ശ്രദ്ധയോടെയാണവര്‍ കാലുകള്‍ വയ്ക്കുക,എന്നെക്കാണുമ്പോള്‍ പതുക്കെയൊന്ന് കൈവീശും.അവരുടെ 'സുന്ദരിക്കോത'യായ പൂച്ച ഇതൊക്കെ ജനലിലൂടെ നിന്നു കാണും, അവരതിനെ ഒരിക്കലും പുറത്തു വിട്ടിരുന്നില്ല.അമ്മൂമ അകലേക്ക്‌ പതുക്കെ നടന്നകലുന്ന കാഴ്ച്ച ഞാന്‍ കുറേ നേരം നോക്കി നില്‍ക്കുക പതിവായിരുന്നു.

അമ്മൂമയുടെ പൂച്ചയെ ഞാന്‍ പുറത്തുനിന്ന് കണ്ണിറുക്കി കാണിക്കുകയും,ഗോഷ്ടികള്‍ കാണിച്ച്‌ ആകര്‍ഷിപ്പിക്കുകയുമൊക്കെ ചെയ്യുക പതിവാണ്‌. അതിനാണെങ്കില്‍ എപ്പോഴുംശരീരം നക്കിത്തോര്‍ത്തി,പല്ലുകള്‍ കൂര്‍പ്പിച്ച്‌ സൗദ്ധര്യ സംരക്ഷണം നടത്തുക എന്നതൊഴികെ അയല്‍പക്കക്കാരെ ഒരു വിലയുമില്ല. അവസാനം ' നീ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ നിന്നെ പൂച്ച രസായനമുണ്ടാക്കുമെടി' യെന്നും പറഞ്ഞ്‌ ഞാന്‍ പിന്മ്മാറും. ഒരു ദിവസം ഞാനും സുന്ദരിക്കോതയും തമ്മിലുള്ള സംഭാഷണങ്ങള്‍ അരങ്ങേറുമ്പോഴാണ്‌ അമ്മൂമ ചിരിച്ചുകൊണ്ട്‌ അതിലേ കടന്നു വന്നത്‌.അവര്‍ വളരെ സന്തോഷത്തോടെ പൂച്ചയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി .സുന്ദരിക്കോത വളരെ നല്ല പെരുമാറ്റമുള്ള പൂച്ചയാണെന്ന് ഞാനും തട്ടിവിട്ടു.അന്നത്തെ സംസാരത്തില്‍ നിന്ന് അമ്മൂമ അതിരാവിലെ എണീറ്റ്‌ ജോലിക്കായാണ്‌ പോകുന്നതെന്ന് എനിക്കു മനസ്സിലായി. എനിക്കന്ന് വല്ലാത്ത വിഷമം തോന്നി. പ്രായമായ, നടക്കാന്‍ പോലും വിഷമിക്കുന്ന ഒരു വൃദ്ധ രാവിലെ എണീറ്റു ജോലിക്കു പോകുന്ന കാഴ്ച്ച തീര്‍ച്ചയായും സുഖകരമല്ല.

അങ്ങിനെയിരിക്കുമ്പോഴാണ്‌ അമ്മൂമ കാല്‍ തെറ്റി അലക്കു മുറിയില്‍ തെന്നി വീണത്‌.ഒരു കാല്‍ നിലത്ത്‌ മുട്ടിക്കാനാകാതെ ക്രെച്ചസ്സിന്റെ സഹായത്താല്‍ ചാടിച്ചാടിപോകുന്ന അവരെക്കണ്ടതും ഞാന്‍ ഓടിച്ചെന്ന് എന്താണു സംഭവിച്ചതെന്നു ചോദിച്ചു.മൂന്നാഴ്ച്ചയായി അവര്‍ അനങ്ങാതെ കിടപ്പായിരുന്നു,ഇപ്പോഴാണ്‌ എണീറ്റു നടന്നു തുടങ്ങിയത്‌,ഇപ്പോഴും കാലിനു വല്ലാത്ത വേദനയുണ്ട്‌.വയസ്സുകാലമായതിനാല്‍ എല്ലിനേറ്റ ക്ഷതം മാറിപ്പോകുമോയെന്നുതന്നെ സംശയമാണ്‌.

'സഹായത്തിനായാരുമില്ലേ?' ഞാന്‍ ചോദിച്ചു.

'മക്കള്‍ ഉണ്ട്‌ ഹോസ്പിറ്റലില്‍ വന്നു കണ്ടിരുന്നു.
ഇന്നു തൊട്ട്‌ വീണും ജോലിക്കു പോയിത്തുടങ്ങുകയാണ്‌.പോകാതിരിക്കാന്‍ പറ്റില്ല, ജീവിക്കേണ്ടെ'.
അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
'എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോടു പറയണം.ഞാന്‍ ഇവിടെ എപ്പോഴു മുണ്ടാകും'. ഞാന്‍ പറഞ്ഞു.
അവര്‍ എന്നോട്‌ നന്ദി പറഞ്ഞു കൊണ്ട്‌ പിരിഞ്ഞു.

പിന്നീടു പല സമയത്തും ഞാനവരെ കണ്ടു മുട്ടി.ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഒരു അലക്കു മുറിയാണ്‌ ഉണ്ടായിരുന്നത്‌,അവിടെപ്പോയി വേണം തുണിയലക്കാന്‍.അതാണെങ്കില്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കുറച്ചകലെയാണ്‌.അവിടേക്ക്‌ ഒരു പ്ലാസ്റ്റിക്ക്‌ പാത്രത്തില്‍ തുണിയും പിടിച്ച്‌ അവര്‍ ചാടിച്ചാടി എന്റെ മുന്നിലൂടെ കടന്നുപോകും .സഹായത്തിനായി ഞാന്‍ ചെല്ലുമ്പോള്‍ ചിലപ്പോള്‍ സ്വീകരിക്കുകയും ചിലപ്പോള്‍ നിരാകരിക്കുകയും ചെയ്യും. അവരുടെ ചില മക്കള്‍ വല്ലപ്പോഴുമൊരിക്കല്‍ അതിലൂടെ കടന്നു പോകുകയും കുറച്ച്‌ സമയത്തിനു ശേഷം മടങ്ങുകയും ചെയ്യും. മക്കള്‍ വരുമ്പോഴൊക്കെ ഒരു കുല പൂക്കള്‍ അവര്‍ക്കു കൊണ്ടു വന്നു കൊടുക്കുമായിരുന്നു.അവര്‍ പോയിക്കഴിഞ്ഞാല്‍ അവരത്‌ മുന്‍ വശത്തെ പൂന്തോട്ടത്തില്‍ കൊണ്ടുവന്ന് കുത്തി വെച്ച്‌ കുറച്ച്‌ വെള്ളം തെളിക്കും.അവരുടെ പൂന്തോട്ടം കരിഞ്ഞ പൂങ്കുലകളെക്കൊണ്ട്‌ നിറഞ്ഞു നിന്നു. വലിയ കാറ്റുമ്മഴയും വരുമ്പോള്‍ മുറ്റത്തെ പുല്‍ത്തകിടില്‍ കിടന്ന് അവ നൃത്തം വെക്കും,അവസാനം മണ്ണിനുവളമായി ചീഞ്ഞളിയും.

ഞാന്‍ ഭര്‍ത്താവിനോട്‌ അമ്മൂമയുടെ ദയനീയ സ്ഥിതിയെ പറ്റി വിവരിച്ചുകൊടുത്തു. കാലൊടിഞ്ഞ അവസ്ഥയിലും അവരെ സംരക്ഷിക്കാത്ത മക്കളെ പറ്റി മതിയാവോളം കുറ്റം പറഞ്ഞു. അമേരിക്കയിലെ അമ്മമാരുടേയും ഇന്ത്യന്‍ അമ്മമാരുടേയും ഒരു ക്രിക്കറ്റു പരമ്പര മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ഇന്ത്യന്‍ അമ്മമാര്‍നേടുന്ന ഉയര്‍ന്ന റണ്‍സുനില യോര്‍ത്ത്‌ അമേരിക്കന്‍ അമ്മമാരോട്‌ സഹതപിച്ചു.ഇതൊന്നും പോരാതെ സാഹിത്യത്തിന്റെ അസുഖമുള്ള ഏതൊരുത്തിയും ചെയ്യുന്നതുപോലെ നല്ലൊരു സാഹിത്യ സൃഷ്ടിയായി അമ്മുമയുടെ കഥയെ വാര്‍ത്തുവെച്ചു.

ഏകാന്തതയുടെ മരുഭൂവുകള്‍ക്കായി ഉഴിഞ്ഞു വെച്ച വാര്‍ദ്ധക്യം.ഊ ണു മേശക്കും ചുറ്റും കാലിയായ കസേരകളെ നോക്കി വിഷാദം കത്തുന്ന കണ്ണുകളുമായിരിക്കുന്ന ഒരമ്മ.അവര്‍ക്കു ചുറ്റും പടര്‍ന്നു പന്തലിച്ച തണല്‍ മരങ്ങളില്‍ നിന്നും പൊഴിയുന്ന നിറം കെട്ട പൂവുകള്‍. എന്റെ കഥയിലെ അമ്മ ശ്യൂനതയുടെ കൊടും മല കയറിയിറങ്ങുകയാണ്‌.

2

ഞാന്‍ ചെറുപ്പകാലം മുഴുവന്‍ കൂട്ടുകുടുംബത്തിലാണ്‌ ചിലവഴിച്ചത്‌. ഞങ്ങള്‍ കുറച്ചുകൂടി വലുതായപ്പോള്‍ അച്ഛന്‍ തറവാടിന്റെ ഒരു മൂലയിലേക്ക്‌ കൂടുമാറ്റം നടത്തിയെങ്കിലും ചുറ്റും പരന്നു കിടക്കുന്ന ബന്ധു നിരകളാല്‍ സമ്പന്നമായ ജീവിതം. കൊണ്ടും കൊടുത്തും ഒരിക്കലും കലഹിക്കാതെയും കുട്ടികള്‍ വളര്‍ന്നു വലുതായി.ഞങ്ങളുടെ ബാല്യവും കൗമാരവും അവിടത്തെ പൂഴി മണലില്‍ പതിഞ്ഞമര്‍ന്നു.
കുറേക്കാലം കഴിഞ്ഞപ്പോള്‍ വിവാഹം,ജോലി എന്നിവ പല വഴിക്കായ്‌ എല്ലാവരേയും തിരിച്ചു വിട്ടു.ഇപ്പോള്‍ എല്ലാ വീടുകളിലും അച്ഛനമ്മമാര്‍ തനിച്ചാണ്‌.കഴിഞ്ഞ മാസം ഞാന്‍ വീടു വൃത്തിയാക്കുമ്പോള്‍ അയല്‍ വാസിയായിരുന്ന അമ്മൂമയെ പറ്റിയെഴുതിയ കുറിപ്പ്‌ കണ്ടുകിട്ടി.ഞാനത്‌ സ്വസ്ഥമായിരുന്നൊന്നു വായിച്ചു നോക്കി.സുക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക്‌ വല്ലാത്തൊരു അസ്വസ്ഥത.വേറൊന്നുമല്ല കഥാനായികയായ അമ്മൂമക്ക്‌ എന്റെ അമ്മയുടെ ഭാവഭേദങ്ങള്‍.അമ്മക്കു ചുറ്റും ഞങ്ങള്‍ വരച്ച വിഷാദത്തിന്റെ വൃത്തം...

അമ്മ ഒരു സ്കൂള്‍ ടീച്ചറായിരുന്നു.ഒരോ ടീച്ചേഴ്സു മീറ്റിങ്ങു കഴിഞ്ഞുവരുമ്പോഴും കിട്ടുന്ന തണുത്ത പരിപ്പുവടകള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം പൊതിഞ്ഞു വെച്ചു വീട്ടില്‍ കൊണ്ടു വന്നു.പ്രിയപ്പെട്ട വിഭവങ്ങള്‍ സ്വയം കഴിക്കാതെ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചു. ഒരമ്മ മക്കള്‍ക്കുവേണ്ടി ചെയ്യുന്നതൊക്കെ സന്തോഷത്തോടെ ചെയ്തു തന്നു.

കഴിഞ്ഞ വിഷുവിന്‌ ഫോണ്‍ എത്ര റിങ്ങു ചെയ്തിട്ടും ആരും എടുക്കുന്നില്ല. അവസാനം ഞാന്‍ ഫോണ്‍ താഴെ വെക്കാനൊരുങ്ങുമ്പോള്‍ അങ്ങേത്തലക്കല്‍ അമ്മയുടെ പതിഞ്ഞ ശബ്ധം.

'അമ്മ എന്തെടുക്കുകയായിരുന്നു അവിടെ?' ഞാന്‍ ചോദിച്ചു.

'ആരുമില്ലല്ലോ ഇവിടെ , ഞാന്‍ വരാന്തയില്‍ കുത്തിയിരുന്ന് പുറത്തുകൂടെ പോകുന്ന ആളുകളെ നോക്കിയിരിക്കുകയായിരുന്നു. വല്ലാത്ത മടുപ്പ്‌'
അമ്മ പറഞ്ഞു.

'ഞാന്‍ ഇവിടം വിട്ട്‌ തിരിച്ചു വരട്ടെ' ഞാന്‍ അമ്മയോട്‌ പറഞ്ഞു.

'വേണ്ട.എവിടെയിരുന്നാലും നിങ്ങള്‍ സുഖമായിരിക്കണം.നിന്റെ കുട്ടികളും വലുതായി വരുന്നു. ഞങ്ങള്‍ ഇനിയെത്രകാലം..അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയല്ലേ' (അമ്മ ജീവിതത്തെ പറ്റി നന്നായി പഠിച്ചിരിക്കുന്നു.)
വിഷുവിന്‌ ഒരുക്കങ്ങളൊന്നുമില്ലേ? ഞാന്‍ ചോദിച്ചു.
ഇല്ല. ആരുമില്ലാതെ എന്തു വിഷു..(വല്ലാത്ത നിശബ്ധത..)

പിന്നെ എന്തൊക്കെയുണ്ടവിടെ ?

മുറ്റത്തെ മാവില്‍ നിന്നും മാങ്ങകകള്‍ ചറപറാന്നു വീഴുന്നു, ചാമ്പയിലും പേരയിലുമൊക്കെ നിറയെ കായുണ്ട്‌.നിങ്ങളുണ്ടായിരുന്നപ്പോള്‍....

അമ്മവീണ്ടും ഓര്‍മ്മകളിലേക്ക്‌ മടങ്ങുകയാണ്‌. അമ്മക്ക്‌ പറയാനേറ്റവുമിഷ്ടം ഈ ഓര്‍മ്മകളാണ്‌,ജീവിക്കുന്നതും ജീവിക്കാനിഷ്ടപ്പെടുന്നതും ഈ ഓര്‍മ്മകളിലാണ്‌.ഭൂമിയുടെ ആഴങ്ങളിലേക്ക്‌ വേരിറക്കിയ വിഷാദം പൂക്കുന്ന ഒരു വടവൃക്ഷം ,അത്‌ ജന്മം കൊടുത്ത ചെറു വൃക്ഷമായ ഞാനും പതുക്കെ യാത്ര തുടങ്ങുകയാണ്‌ മറ്റൊരു വട വൃക്ഷമായ്‌ മാറാന്‍ വിഷാദത്തിന്റെ പൂക്കളെ വിരിയിക്കാന്‍...

Sunday, April 15, 2007

സൌന്ദര്യശാസ്ത്രം

അന്നൊരു ഞായറാഴ്ച്ചയായിരുന്നു.എല്ലാ ഞായറാഴ്ച്ചകളിലും സംഭവിക്കുന്നതുപോലെ പത്രപാരായണം+ ഉറക്കം+ ഞായറാഴ്ച്ച സിനിമ. പെണ്‍കുട്ടി ഒരു കൊട്ടുവായ ഇട്ടുകൊണ്ട്‌ ടി.വി ക്കു മുന്നില്‍ നിന്നും എഴുന്നേറ്റു. പെണ്‍കുട്ടിക്ക്‌ മനോഹരമായ ഒരു പേരുണ്ട്‌, പക്ഷെ ആ പേര്‌ ഇവിടെ പ്രസക്തമല്ല.കരി മന്തിച്ചിയായ ഒരു പെണ്ണിന്‌ എത്ര ഭംഗിയുള്ള പേരിട്ടാലും അവളുടെ ഭംഗികൂടുവാനോ,വ്യക്തി പ്രഭാവം വര്‍ദ്ധിക്കുവാനോ പോകുന്നില്ല. അതുകൊണ്ടാണ്‌ പേരു പ്രസക്തമല്ലെന്നു പറഞ്ഞത്‌.

പെണ്‍കുട്ടി നോട്ടു ബുക്കില്‍ നിന്ന് കുറച്ച്‌ ഏടുകള്‍ ചീന്തിയെടുത്ത്‌ കത്തെഴുതുവാന്‍ തുടങ്ങി. എല്ലാ ഞായറാഴ്ച്ചകളിലും പതിവുള്ളതാണ്‌ ഈ കത്തെഴുതല്‍, കത്തെഴുതുന്നത്‌ പെണ്‍കുട്ടിയുടെ സുഹൃത്തായ നോവലിസ്റ്റിനാണ്‌.

സുഹൃത്തേ,
ഈയാഴ്ച്ചയും ഇങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച്ച ബസ്സ്‌ ചാര്‍ജ്‌ വര്‍ദ്ധനക്കെതിരെയുള്ള സമരമായിരുന്നതിനാല്‍ അടുപ്പിച്ച്‌ മൂന്നു ദിവസം അവധിയായിരുന്നു.രണ്ടു ദിവസായിട്ട്‌ ടി.വിയിലും പത്രത്തിലും ലോക സൗദ്ധര്യ മത്സരങ്ങളുടെ കോലാഹലമായിരുന്നുവല്ലൊ. ദൈവം ലോകത്തിലെ രസങ്ങള്‍ മുഴുവന്‍ ഭംഗിയുള്ളവര്‍ക്കുവേണ്ടി മാത്രം സൃഷ്ടിച്ചതാണ്‌. ദുഷ്ടന്‍.. ഒരു വലിയ പേജു മുഴുവന്‍ അവള്‍ ദൈവത്തെ പറ്റി കുറ്റങ്ങള്‍ എഴുതി നിറച്ചു. പെണ്‍കുട്ടി കറുത്തവളും മഞ്ഞപ്പല്ലുള്ളവളും ലേശം തടിച്ചവളുമായിരുന്നെങ്കിലും അക്ഷരങ്ങള്‍ ഉരുളന്‍ കല്ലുപോലെ ചേലുള്ളതായിരുന്നു.

തന്റെ കത്തുകിട്ടുമ്പോള്‍ നോവലിസ്റ്റിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയെ പറ്റി ആലോചിച്ചപ്പോള്‍ അവള്‍ക്കും ചിരിവന്നു.പിറ്റേന്ന് ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ നടക്കും വഴി അവളത്‌ പോസ്റ്റ്‌ ചെയ്തു.

പെണ്‍കുട്ടിയുടെ കത്തുകിട്ടുമ്പോള്‍ നോവലിസ്റ്റ്‌ പുതിയ നോവലിന്റെ പണിത്തിരക്കിലായിരുന്നു. പതിവില്‍ നിന്നും വിപരീതമായി,ഇപ്രാവശ്യം അയാളുടെ നോവലിലെ നായിക ഒരു സുന്ദരിയല്ല.കറുത്തവള്‍,തടിച്ചകയ്യുള്ളവള്‍,പൊക്കം കുറഞ്ഞവള്‍ എങ്കിലും നായികയുടെ മനസ്സ്‌ വെണ്ണക്കല്ലു പോലെയുള്ളതായിരുന്നു. ആ ഹൃദയം കൊണ്ടു വേണം നോവലിസ്റ്റിന്‌ വായനക്കാരെ തന്റെ കഥയിലേക്ക്‌ ആകര്‍ഷിപ്പിക്കാന്‍. ആദ്യമെഴുതിയ ഒന്നു രണ്ടു പേജ്‌ അയാള്‍ ചുക്കിചുരുട്ടി മേശക്കു താഴോട്ടെറിഞ്ഞു. സുന്ദരിയല്ലാത്ത നായികയെവെച്ചൊരു കഥയെഴുതുക എന്ന പൊല്ലാപ്പിനെപ്പറ്റി ഇപ്പോഴാണ്‌ നോവലിസ്റ്റിനു ബോധ്യം വരുന്നത്‌. ആദ്യത്തെ ഒന്നു രണ്ട്‌ അദ്ധ്യായങ്ങള്‍ നായികയുടെ സൗന്ദര്യവര്‍ണ്ണനക്കായി നീക്കിവെച്ചിട്ടുള്ളതായിരുന്നു, ഇപ്പോള്‍ ആ ഭാഗം കാലിയാണ്‌ അവിടെ എന്തെഴുതിച്ചേര്‍ക്കും എന്ന ചിന്ത അയാളെ പിപ്പിരികൊള്ളിച്ചു.ഒരു കട്ടന്‍ ചായ കുടിച്ചിട്ടാകാം ബാക്കി ഭാഗം എന്നു വിചാരിച്ചിരിക്കുമ്പോഴാണ്‌ പെണ്‍കുട്ടിയുടെ കത്ത്‌ പോസ്റ്റുമേന്‍ ജനലിലൂടെ ഉള്ളിലേക്കു വലിച്ചെറിഞ്ഞത്‌.

പെണ്‍കുട്ടി ചിന്തിച്ചതുപോലെ നോവലിസ്റ്റ്‌ ആ കത്തു വായിച്ച്‌ കുടുകുടാ ചിരിച്ചു. പെണ്‍കുട്ടി നോവലിസ്റ്റിന്റെ കടുത്ത ആരാധികയായിരുന്നു. രണ്ടു വര്‍ഷത്തോളമായി പരസ്പരം കത്തുകളയക്കുന്നു. സത്യത്തില്‍ ഭംഗിയില്ലാത്ത ഒരുവളെ നായികയാക്കി നോവലെഴുതുവാന്‍ അയാളെ പ്രേരിപ്പിച്ചത്‌ പെണ്‍കുട്ടിയുമായുള്ള തൂലികാ സൗഹൃദമാണ്‌. ഭംഗിയില്ലാത്ത നായികയുടെ ചിന്തകള്‍ പെണ്‍കുട്ടിയുടെ ചിന്തകളുടെ പരിച്ഛേദമായിട്ടാണ്‌ ഈ നോവലില്‍ അയാള്‍ എഴുതിചേര്‍ക്കുന്നത്‌,അതുകൊണ്ട്‌ ആഴ്ച്ചാവസാനം വരുന്ന കത്തുകള്‍ക്ക്‌ അയാള്‍ വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട്‌.

നോവലിസ്റ്റ്‌ കത്ത്‌ വായിച്ച്‌ രണ്ടായി മടക്കി പുസ്തകത്തിനടിയില്‍ വെക്കുമ്പോള്‍ പെണ്‍കുട്ടി ഓഫീസുവിട്ട്‌ വീട്ടിലേക്ക്‌ തിരിച്ചുവരാനായി ബസ്സുകാത്തു നില്‍ക്കുകയായിരുന്നു. അഞ്ചര മണിയുടെ വിയര്‍പ്പും,മുഷിച്ചിലും കുത്തി നിറച്ചുകൊണ്ട്‌ ബസ്സു പാഞ്ഞുവന്നു. പെണ്‍കുട്ടി എങ്ങിനെയോ പടിയില്‍ കാല്‍ വെക്കാനൊരിടം നേടിതന്റെ സ്റ്റോപ്പില്‍ ചാടിയിറങ്ങി.

പെണ്‍കുട്ടിയുടെ ബസ്സ്സ്റ്റോപ്പില്‍ നിന്ന് വീടുവരെ ഏകദേശം ഒന്നരകിലോ മീറ്ററോളം നടക്കാനുണ്ട്‌. അതില്‍ പകുതിയും വെളിപ്രദേശങ്ങളാണ്‌ ബാക്കി പകുതിക്കു നടുവിലാണ്‌ ചെറുകടകളും,ചായപ്പീടികയും,തുന്നല്‍ക്കടയും അടങ്ങിയ 'സെന്റര്‍' വരുന്നത്‌ വേനല്‍ക്കാലത്ത്‌ പൊടിക്കാറ്റടിച്ച്‌ വീട്ടിലേക്കു നടക്കുന്നത്‌ ഇത്തിരി പ്രയാസമാണ്‌. ഇരുവശവും തകര്‍ന്നു തരിപ്പണമായി മുകള്‍ഭാഗം മാത്രം ഉന്തിനില്‍ക്കുന്ന റോഡ്‌ പഞ്ചായത്തിന്റെ അലസത നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ച്‌ വളഞ്ഞൊടിഞ്ഞ്‌ കരഞ്ഞുകിടക്കുന്നു. റോഡിന്റെ ദുസ്ഥിതിയെ ഓര്‍ത്തിട്ടാകണം കനമുള്ള വാഹനങ്ങള്‍ കുറച്ചേ അതിലേ പോകാറുള്ളു. സെന്ററിലെത്തിയപ്പോഴേക്കും എല്ലാവരുടേയും കണ്ണുകള്‍ പെണ്‍കുട്ടിയിലേക്കുതിരിഞ്ഞു.തുന്നല്‍ കടയില്‍, മെഷീന്റെ താളത്തില്‍ നിന്ന് തലയുയര്‍ത്തി അശോകന്‍ ടെയ്‌ലര്‍ പെണ്‍കുട്ടിയെനോക്കി അസ്സലായിട്ടുണ്ടെന്ന മട്ടില്‍ കണ്ണുകൊണ്ട്‌ ആഗ്യം കാണിച്ചു. പെണ്‍കുട്ടിക്കുവേണ്ടി ചന്ദനക്കളറുള്ള ചിരിദാര്‍ തയ്ച്ചുകൊടുത്തത്‌ അയാളാണ്‌.അവളുടെ കറുത്ത നിറത്തിന്‌ ലോകത്തിലെ വേറെ ഒരു നിറവും ചേരില്ലെന്ന് പരസ്യപ്രസ്താവന നടത്തിയ അയാളെ അവള്‍ക്കുവെറുപ്പാണ്‌. അയാളെ കണ്ടില്ലെന്ന മട്ടില്‍ അവള്‍ റോഡിന്റെ അരികുവശത്തായി നാട്ടിയിട്ടുള്ള സിനിമാ പോസ്റ്ററിലേക്ക്‌ നോട്ടം തിരിച്ചു വിട്ടു.

റോട്ടിലന്ന് പതിവില്‍ കൂടുതല്‍ തിരക്കുണ്ടായിരുന്നു. കുമാരേട്ടന്റെ ചായക്കടക്കു മുമ്പില്‍ തൂക്കിയിട്ടിട്ടുള്ള പാളയംകോടന്‍ കുലകളിലെ പഴത്തിന്റെ എണ്ണം കുറഞ്ഞു കണ്ടാല്‍ അവിടെ എന്തോ പൗരസമ്മേളനം നടന്നുവെന്നുറപ്പാണ്‌. ചാറ്റല്‍ മഴക്കിടക്കു വീണ വലിയ തുള്ളികളെപ്പോലെ ചിതറിക്കിടക്കുന്ന തുപ്പലുകളും, കറ പുരണ്ട്‌ കാറ്റിനൊത്ത്‌ പാറിനടക്കുന്ന നോട്ടീസുകളുടേയും കണക്കെടുത്താല്‍ അതെത്രമാത്രം വലിയസമ്മേളനമായിരുന്നുവെന്ന് ഒന്നൂഹിക്കാവുന്നതേയുള്ളു.പെണ്‍കുട്ടി തുപ്പല്‍ ഭൂപടങ്ങളില്‍ ചവിട്ടാതെ ഒറ്റടിവെച്ച്‌ സാവധാനം നടന്നു.
കുമാരേട്ടന്റെ ചായക്കടക്ക്‌ തൊട്ടരികിലായാണ്‌ കുമാരേട്ടന്റെ വീട്‌,വീടിന്‌ മുന്നിലായി അധികം പൊക്കമില്ലാത്ത ഒരു മതിലുണ്ട്‌ അതിനു മുകളിലായി കുറെ അശ്രീകരം പിടിച്ച ചെക്കന്മ്മാര്‍ സന്ധ്യയാകുമ്പോഴേക്കും നിരന്നിട്ടുണ്ടാകും. പെണ്‍കുട്ടികളെ കാണുമ്പോള്‍ വണ്ടുകളെപ്പോലെ മൂളുക എന്നതാണ്‌ ആ കുരുപ്പുകളുടെ പ്രധാന നേരമ്പോക്ക്‌.

'നമ്മുടെ കരി ചരക്ക്‌ വരുന്നുണ്ടെടാ'..
പെണ്‍കുട്ടിയെ കണ്ടതും കുരുപ്പുകള്‍ക്ക്‌ ഹാലിളകി. പണ്ടാരങ്ങളെ ചീര കൂട്ടാന്‌ അരിയുന്നതുപോലെ കൂട്ടിപ്പിടിച്ച്‌ അരിയണം.പെണ്‍കുട്ടി മനസ്സില്‍ പ്രാകിക്കൊണ്ട്‌ നടത്തത്തിനു വേഗതകൂട്ടി. വീട്ടിലെത്തിയതും ഒരു കുളിപാസ്സാക്കി അവള്‍ കിടക്കയിലേക്കു വീണു.

ഏകദേശം രണ്ടു മൂന്നു മാസം അങ്ങിനെ കടന്നുപോയി.പെണ്‍കുട്ടിയിലിപ്പോള്‍ പ്രകടമായമാറ്റം കാണുവാന്‍ സാധിക്കുന്നുണ്ട്‌. ആദ്യമായി അവളില്‍ പ്രണയം ഇതള്‍ വിടര്‍ന്നിരിക്കുകയാണ്‌. സംഭവം വേറൊന്നുമല്ല പെണ്‍കുട്ടിയുടെ ഓഫീസില്‍ പുതുതായി ജോലിക്കു ചേര്‍ന്ന യുവാവിന്‌ അവളോട്‌ പ്രത്യേകമായി ഒരു അടുപ്പം വന്നു ചേര്‍ന്നിരിക്കുന്നു. ഒഴിവുകിട്ടുന്ന സമയത്തൊക്കെ അയാള്‍ പെണ്‍കുട്ടിയുടെ അടുത്ത്‌ വര്‍ത്തമാനം പറയാന്‍ വരും. മേല്‍ച്ചുണ്ടിനു മീതെ കിരുത്തുവരുന്ന രോമത്തെപ്പറ്റി തമാശ പറയും.പെണ്‍കുട്ടി ആദ്യമായി ഒരാളെ പ്രനയിക്കാന്‍ തുടങ്ങുകയാണ്‌.

യുവാവ്‌ സുന്ദരനല്ല പെണ്‍കുട്ടികളെ ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള വിരിഞ്ഞ നെഞ്ചോ, പിരിയന്‍ മീശയോ, തിളക്കമുള്ള കണ്ണോ ഒന്നും അയാള്‍ക്കില്ല. ചെറുതായൊരു മുടന്തുള്ളതുപോലെയാണ്‌ അയാളുടെ നടത്തം,ചിലപ്പോള്‍ അണ്ണാന്‍ കുഞ്ഞിനേപ്പോലെ ചാടിച്ചാടി ഓടുന്നതും കാണാം.പെണ്‍കുട്ടിയുടെ അപ്പുറത്തെ കസേരയിലിരുന്നു ജോലിചയ്യുന്ന രമ്യ അയാളെ 'അണ്ണാന്‍' എന്നാണ്‌ കളിയാക്കി വിളിക്കുന്നത്‌. രമ്യകാണാന്‍ സുന്ദരിയാണ്‌. മുല്ലമൊട്ടു ചിതറിയപോലത്തെ പല്ലുകള്‍ കാണിച്ച്‌ തോള്‍ കുലുക്കി ചിരിക്കുമ്പോള്‍ ആരും ഒന്നു നോക്കി നിന്നുപോകും.യുവാവിന്‌ പെണ്‍കുട്ടിക്കരികിലേക്ക്‌ വരണമെങ്കില്‍ രമ്യയെ മുറിച്ചു കടക്കണം.പക്ഷെ ഒരിക്കല്‍ പോലും അയാള്‍ രമ്യയുടെ മുഖത്തു നോക്കി ചിരിച്ചിട്ടില്ല. പെണ്‍കുട്ടിക്ക്‌ അയാളോടുള്ള ബഹുമാനവും സ്നേഹവും കൂടിക്കൂടി വരികയാണ്‌.ഇതിനിടയിലും അവള്‍ നോവലിസ്റ്റുമായുള്ള കത്തെഴുത്ത്‌ മുടക്കിയില്ല. അവളുടെ കത്തിലെ അക്ഷരങ്ങളെല്ലാം പനിപിടിച്ച കോഴിയെപ്പോലെ പ്രണയത്തില്‍ മാത്രം തൂങ്ങിനില്‍ക്കുന്നതു കണ്ട്‌ നോവലിസ്റ്റിന്‌ അല്‍പ്പം വിഷമം തോന്നാതിരുന്നില്ല.


2


തന്റെ കുടുസ്സുമുറിയിലെ ജനലുകള്‍ തുറന്നിട്ട്‌ നോവലിസ്റ്റ്‌ നോവലിന്റെ അവസാന മിനുക്കു പണിയിലേക്ക്‌ പ്രവേശിച്ചു. ഗോതമ്പിന്റെ നിറവും ,മാന്‍ മിഴികളുമില്ലാത്ത നായിക ഹൃദയ ശുദ്ധികൊണ്ടുമാത്രം ആരാധകരെകയ്യിലെടുക്കുന്ന രംഗത്തെയോര്‍ത്ത്‌ അയാള്‍ നിര്‍വൃതികൊണ്ടു. രണ്ടോ മൂന്നോ ഖണ്ഡികള്‍കൂടിയെഴുതിയാല്‍ നോവല്‍ പൂര്‍ത്തിയാകും. ഒരു വനിതാ മാസികക്കാര്‍ നോവലിസ്റ്റിന്റെ പുതിയ നോവല്‍ നേരത്തേ കരാറുറപ്പിച്ചിട്ടുണ്ട്‌.

തന്റെ പതിവു നോവലില്‍ നിന്നും വ്യത്യസ്തമായി, സൗദ്ധര്യത്തെ തോല്‍പ്പിക്കുന്ന ഹൃദയ വിജയം എന്ന ധീര കൃത്യമാണ്‌ അയാള്‍ ഏറ്റെടുത്തിരിക്കുന്നത്‌.സകല സൗദ്ധര്യ സങ്കല്‍പ്പങ്ങളേയും പൊളിച്ചെഴുതുന്ന മാറ്റങ്ങളുടെ നായകനാണയാള്‍. ജീവിതത്തിലാദ്യമായി നോവലിസ്റ്റിന്‌ തന്നോടും തന്റെ സാഹിത്യവാസനയോടും വല്ലാത്ത മതിപ്പുതോന്നി. എഴുതിയ പുസ്തകത്തെ കയ്യിലെടുത്ത്‌ ഒരു ഉമ്മ കൊടുത്ത്‌ ഒരു മൂളിപ്പാട്ടോടെ തന്റെ അല്‍പ്പം തടിച്ച ശരീരത്തെ അയാള്‍ താളക്രമത്തോടെ കുലുക്കി. വനിതാമാസികയുടെ ഓഫീസിലേക്ക്‌ നേരിട്ടു കൊടുക്കുവാനായി അയാള്‍ നല്ല കൈപ്പടയില്‍ നോവല്‍ പകര്‍ത്തിയെഴുതാനിരുന്നു.

പെണ്‍കുട്ടി അപ്പോഴെല്ലാം പ്രേമത്തിന്റെ മാസ്മരികതയില്‍പ്പെട്ട്‌ അപ്പൂപ്പന്‍ താടിയെപ്പോലെപ്പറക്കുകയായിരുന്നു.യുവാവ്‌ അടുത്തു വരുമ്പോഴൊക്കെ അവള്‍ വെപ്രാളം കൊള്ളാന്‍ തുടങ്ങി. അയാളുടെ കൈവിരലുകളെങ്ങാന്‍ അവളെ അറിയാതെ സ്പര്‍ശിച്ചാല്‍ മധുരകരമായ പ്രണയ തരംഗങ്ങള്‍ അവളുടെ ഹൃദയ ഭിത്തിയില്‍ ചെന്നൊന്നായലച്ചു.സുന്ദരിയല്ലാത്ത പെണ്ണിന്റെ പ്രേമം കുറച്ചുകൂടി വികാരാര്‍ദ്രമാണെന്ന് നോവലിസ്റ്റെഴുതിയത്‌ ശരിയാണെന്ന് അവള്‍ അയാളോട്‌ തുറന്നു സമ്മതിച്ചു. പക്ഷെ ഒരു പ്രധാന സംഗതിയായിട്ടുള്ളത്‌ യുവാവ്‌ പെണ്‍കുട്ടിയോട്‌ ഇതുവരെയും തന്റെ പ്രേമം തുറന്നു പറഞ്ഞിട്ടില്ലയെന്നുള്ളതാണ്‌.യുവാവ്‌ അടുത്തു വരുമ്പോഴൊക്കെ കൂമ്പിയ താമരമൊട്ടുപോലെയുള്ള പെണ്‍കുട്ടിയുടെ നില്‍പ്പ്‌ അയാളുടെ പ്രണയാഭ്യര്‍ഥന ഏതു നിമിഷവും ശിരസ്സാവഹിക്കാനുള്ള സൂചനയാണ്‌. എന്നിട്ടും അയാള്‍ എന്തിനു വേണ്ടിയാണ്‌ അയാള്‍ ഇത്രയും താമസിക്കുന്നത്‌? ഈ വിഷയത്തെക്കുറിച്ച്‌ പെണ്‍കുട്ടി രമ്യയോട്‌ സംസാരിക്കുക പതിവാക്കി. പ്രണയാഭ്യര്‍ഥനയായിരിക്കില്ല വിവാഹാഭ്യര്‍ഥനയായിരിക്കും യുവാവ്‌ മുമ്പില്‍ വെക്കുക എന്ന് രമ്യ അവളോട്‌ വാതുവെച്ചു. പെണ്‍കുട്ടി അതുകേട്ട്‌ നാണത്തോടെ ചിരിച്ച്‌ തലമുടി ഒന്നു പിന്നിലേക്കൊതുക്കിയിട്ടു..

ഒരു ദിവസം യുവാവ്‌ അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ മേശക്കരുകിലേക്കു വന്നു. യുവാവ്‌ ക്ഷീണിതനും ഉത്കണ്ഠാകുലനുമായിരുന്നു.

'എനിക്കു നിന്നോടൊരു കാര്യം പറയനുണ്ട്‌ ' യുവാവ്‌ പറഞ്ഞു.

പെണ്‍കുട്ടി അല്‍പ്പം ലജ്ജയോടെ 'എന്തുകാര്യം' എന്നു ചോദിച്ചു.

യുവാവിന്റെ കണ്ണുകള്‍ വികാരതരളിതമായി. ചുണ്ടുകള്‍ വാക്കുകള്‍ കിട്ടാതെ ധ്യാനിച്ചു.

'എനിക്ക്‌ നിന്റെ കൂട്ടുകാരി രമ്യയെ ഒത്തിരിയിഷ്ടമാണ്‌' യുവാവ്‌ ഒറ്റ വാക്യത്തില്‍ പറഞ്ഞ്‌ ടവ്വലെടുത്ത്‌ മുഖം തുടച്ച്‌ വെള്ളം കുടിക്കുവാനായി അണ്ണാന്‍ കുഞ്ഞിനെപ്പോലെ ചാടിച്ചാടിപ്പോയി.

നിലയില്ലാത്ത കുളത്തില്‍ കാല്‍ പൂണ്ടുപോയതുപോലെ പേണ്‍കുട്ടിക്കു ശ്വാസം മുട്ടി. ഘടിപ്പിക്കാനിടമില്ലാതെ തുരുമ്പെടുത്ത കൊളുത്തുപോലെയുള്ള അവളുടെ സ്നേഹം രണ്ടു വലിയ കണ്ണുനീര്‍ത്തുള്ളികളായി നിലത്തടര്‍ന്നു വീണു.മൂക്കില്‍ നിന്ന് ലാവപോലെ പൊള്ളുന്ന ദ്രാവകം ഒഴുകിവരാനാരംഭിച്ചു. ഉച്ചക്കു ശേഷം ലീവെടുത്ത്‌ അവള്‍ വീട്ടിലേക്ക്‌ തിരിച്ചു. രാത്രിയില്‍ ഉറങ്ങാതെ കിടന്ന് വെളുപ്പോളം അവള്‍ കരഞ്ഞു. ഇതേ സമയം നോവലിസ്റ്റിന്‌ മാസികയുടെ പത്രാധിപരുടെ കത്തു വന്നു.


പ്രിയ സുഹൃത്തേ,

അതി ഗംഭീരമായ കഥയാണെങ്കിലും സുന്ദരിയല്ലാത്ത ഒരു നായികയെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ പ്രബുദ്ധരായ വായനക്കാരുടെ സമൂഹം തയ്യാറാകുമെന്നു തോന്നുന്നില്ല. ഇക്കൊല്ലം മാസികയുടെ വിറ്റുവരവില്‍ സംഭവിച്ച താഴ്ച്ച നികത്താനായി, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഒരു നോവലിന്റെ അനിവാര്യത ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. നായികയുടെ സ്ഥാനത്ത്‌ ചിലവെട്ടിത്തിരുത്തലുകള്‍ നടത്താമെങ്കില്‍ ഈ നോവല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരിഗണിക്കുന്നതാണ്‌.
സ്നേഹാദരങ്ങളോടെ.
പത്രാധിപര്‍.നോവലിസ്റ്റ്‌ പത്രാധിപരെ തെറിവിളിച്ചുകൊണ്ട്‌ നോവല്‍ കയ്യിലെടുത്തു. അയാളുടെ പേന ഒരു പേജില്‍ നിന്ന് മറ്റൊന്നിലേക്ക്‌ വേഗതയോടെ പാഞ്ഞു. സുന്ദരീ വര്‍ണ്ണനയില്‍ സംതൃപ്തയായിട്ടെന്ന വണ്ണം മുറ്റത്തെ മാവില്‍ നിന്ന് പൂക്കള്‍ അടര്‍ന്നു വീണ്‌ വൃശ്ചികക്കാറ്റില്‍ പറന്നു നടന്നു.എഴുത്തിനിടയിലെ ബോറടി മാറ്റാന്‍ അയാള്‍ ഒരു വലിയ പ്ലാസ്റ്റിക്ക്‌ കവറിലായി സൂക്ഷിച്ചു വച്ചിരുന്ന പെണ്‍കുട്ടിയുടെ കത്തുകള്‍ അടുപ്പിലേക്കിട്ടുകൊണ്ട്‌ ഒരു കട്ടന്‍ ചായക്കായി തീപ്പിടിപ്പിച്ചു പെണ്‍കുട്ടിയുടെ ഉരുളന്‍ കല്ലുപോലെ ചേലുള്ള അക്ഷരങ്ങളില്‍ തീ ആര്‍ത്തിയോടെ കയറിയിറങ്ങി. പെണ്‍കുട്ടിയപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നോട്ടു ബുക്കില്‍ നിന്ന് അഞ്ചാറു പേജുകള്‍ വലിച്ചെടുത്ത്‌ നോവലിസ്റ്റിന്‌ കത്തെഴുതാനിരിക്കുകയായിരുന്നു.

Tuesday, March 6, 2007

ഭാര്യ മരിച്ചവര്‍

ഭാര്യമരിച്ച വൃദ്ധന്മ്മാര്‍ വെള്ളം തേട്ടി നില്‍ക്കുന്ന കുളത്തില്‍ ഒറ്റപ്പെട്ടു പൊന്തിനില്‍ക്കുന്ന പേട്ട നാളികേരങ്ങള്‍ പോലെയാണ്‌.

- പൊറിഞ്ചു.


പൊറിഞ്ചുവും ശ്രീധരച്ചോനും കൂട്ടുകാരായിരുന്നു. വര്‍ഷത്തില്‍ കരകവിഞ്ഞൊഴുകുകയും വേനലില്‍ നേര്‍ രേഖയാകുകയും ചെയ്യുന്ന തോടിന്റെ അപ്പുറവുമിപ്പുറവുമുള്ള വീടുകളില്‍ അവര്‍ താമസിച്ചു.നിരയൊത്ത കൃസ്ത്യാനിവീടുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന കട്ടപ്പല്ലുപോലെയുള്ള ഹിന്ദുവീട്‌,അതായിരുന്നു ശ്രീധരച്ചോന്റേത്‌. മുറ്റത്ത്‌,പൂഴിമണലില്‍ നോക്കികുത്തിയെന്നവണ്ണം നില്‍ക്കുന്ന ഒരു കൊന്നമരമൊഴിച്ചാല്‍ ആ മണ്ണില്‍ ഭേദപ്പെട്ടതൊന്നും വളര്‍ന്നില്ല.ദേവകിച്ചോത്തിയെ കല്ല്യാണം കഴിച്ചുകൊണ്ടുവന്നതിനുശേഷം കൊള്ളിയും,കൂര്‍ക്കയും,പയറുമൊക്കെ കുത്തിക്കിളച്ചു നട്ടുവെങ്കിലും ഈര്‍ക്കിലിപോലത്തെ തണ്ടും,പുഴുക്കുത്തേറ്റ ഇലകളും വെച്ച്‌ നട്ടവരെ പരിഹസിക്കും വിധം അവ വളര്‍ന്ന് അവിടെത്തന്നെ ചത്തൊടുങ്ങി. 'പിശാചു പിടിച്ച്‌ വര്‍ക്കത്തില്ലാണ്ടായ മണ്ണാ ചോനെ ഇത്‌' എന്ന പൊറിഞ്ചുവിന്റെ വാക്കുകള്‍ ദേവകിച്ചോത്തിയും തലയാട്ടി ശരിവെച്ചു.പിന്നീടൊന്നും ആ മണ്ണില്‍ ശ്രീധരച്ചോന്‍ നട്ടു നനച്ചില്ല.


കൈപ്പുണ്യത്താലും, മണ്ണിന്റെ വര്‍ക്കത്താലും പൊറിഞ്ചുവിന്റെ വീടിന്‌ മരങ്ങള്‍ തണലേകി.ലാങ്കിപ്പഴങ്ങള്‍ കൊത്തിത്തിന്നുവാനായി വരുന്ന കുയിലുകളുടെ ശബ്ധം അപരിചിതരെപ്പോലും ഒരു കവിയാക്കി.പൊറിഞ്ചുവിന്റെ വീടിന്റെ കിഴക്കേപ്പുറത്തുക്കൂടെ ഒരു ടാറിട്ട റോഡ്‌ പോകുന്നുണ്ട്‌.റോഡിന്റെ ഒരറ്റം ചെന്നു നില്‍ക്കുന്നത്‌ പള്ളിവക സെമിത്തേരിയിലാണ്‌,പള്ളിയിലേക്കുള്ള വാഹനങ്ങളൊഴിച്ച്‌ വലിയ ശബ്ധമുണ്ടാക്കിക്കൊണ്ട്‌ വരുന്ന വാഹനങ്ങള്‍ വിരളമായെ അതിലേപ്പോകാറുള്ളു. സെമിത്തേരിക്കു മുന്നിലായുള്ള റോഡിന്റെ എതിര്‍വശത്തായി ചെറിയൊരു മതിലുണ്ട്‌ നേരം സന്ധ്യയായാല്‍ ചെറുതായൊന്നു മിനുങ്ങി ചുണ്ടിലൊരു കാജാ ബീഡിയുമായി പൊറിഞ്ചു ആ കൈമതിലിനു മുകളിലിരിക്കും. ദേവകിച്ചോത്തിയുടേയും മറിയത്തിന്റേയും ഭാഷയില്‍ പറഞ്ഞാല്‍ പൊറീഞ്ചുവും ശ്രീധരച്ചോനും പാതിരാത്രിവരെ പരദൂഷണം പറഞ്ഞ്‌ കുറ്റിയടിക്കുന്ന സ്ഥലം ആ കൈമതിലാണ്‌.

മറിയം പൊറിഞ്ചുവിന്റെ ഭാര്യയാണ്‌.പഴയ കൃസ്ത്യാനിപ്പെണ്ണുങ്ങളുടെ കൂട്ട്‌ മറിയം ചട്ടയും മുണ്ടും ധരിച്ചില്ല.ചുളിവുകള്‍ ഇല്ലാത്ത മിനുമിനുത്ത മുഖം,കൊഴിഞ്ഞുപോകാതെ സൂക്ഷിച്ചിരുന്ന തലമുടി,വെള്ളാരം കണ്ണുകള്‍.

'മറിയേടെ തലമൂത്ത അമ്മാമ്മ സായിപ്പുമാരെ വീട്ടില്‍ പൊറുപ്പിച്ചിരുന്നു,അങ്ങിനെ കിട്ടിയതാ അവള്‍ടെ വെള്ളാരം കണ്ണ്‍'

പൊറിഞ്ചു പറയുന്ന വെടക്ക്‌ തമാശകളില്‍ മറിയത്തിന്റെ തലമൂത്ത അമ്മാമ്മേടേ അപഥസഞ്ചാരക്കഥ എപ്പോഴുമുണ്ടാകും. മറിയത്തിന്റെ അമ്മാമ ഒരു ഭൂലോക സുന്ദരിയായിരുന്നു,ആരും കണ്ടാല്‍ കൊതിക്കുന്ന ഒരു ഉരുപ്പെടി. അന്ന് ബ്രട്ടീഷുകാര്‌ ഭരിക്കുന്ന കാലമായിരുന്നു. അമ്മാമ കണ്ണും കയ്യും കാണിച്ച്‌ ചില സായിപ്പുമാരെ വീട്ടില്‍ വിളിച്ചു വരുത്തി.മറിയത്തിന്റെ തലമൂത്ത അപ്പാപ്പന്‍ ഒരു പോങ്ങനായിരുന്നു,ഭാര്യയെ നിലക്കു നിര്‍ത്താനറിയാത്ത ഒരു കോന്തന്‍ കൃസ്ത്യാനി.അങ്ങിനെ ഒരു നാള്‍ മറിയത്തിന്റെ അമ്മാമ ഗര്‍ഭിണിയാകുകയും വെള്ളാരം കണ്ണും,ചെമ്പന്‍ മുടിയുമുള്ള ഒരു ചെക്കന്‍ പിറക്കുകയും ചെയ്തു.ആ കണ്ണ്‍ പാരമ്പര്യമായി പിന്തലമുറകളിലേക്കും പടര്‍ന്നു അങ്ങിനെ കിട്ടിയ കണ്ണാണ്‌ മറിയത്തിന്റെ വെള്ളാരം കണ്ണ്‍.പൊറിഞ്ചു മാസത്തില്‍ ഒരിക്കലെങ്കിലും പറയാറുണ്ടായിരുന്ന ഇക്കഥ മറിയത്തിന്‌ അറിയുമോയെന്നറിയില്ല.ഓരോ പ്രാവശ്യവും ഇതു പറയുമ്പോള്‍ ശ്രീധരച്ചോന്‌ വേണ്ടിയെന്നവണ്ണം ഇക്കിളി വാക്കുകളുടെ ഘടനയില്‍ മാറ്റം വരുത്തുവാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ശ്രീധരച്ചോന്‍ അതുകേട്ട്‌ ചിരിച്ചു പണ്ടാരടങ്ങി വായില്‍ നിന്നും തെറിക്കുന്ന തുപ്പലുകള്‍ മുണ്ടില്‍ വീഴ്ത്തി.


മറിയവും ദേവകിച്ചോത്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മറ്റുള്ളവരെ പറ്റി അല്ലറചില്ലറ ഏഷണികള്‍ പറയുമെന്നല്ലാതെ അയല്‍ വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ തമ്മിലുണ്ടാകുന്ന കുന്നായ്മകള്‍ അവര്‍ തമ്മിലൊരിക്കലുമുണ്ടായിരുന്നില്ല. തോടിനപ്പുറവും ഇപ്പുറവും നിന്ന് വര്‍ഷകാല സന്ധ്യകളില്‍ ഉച്ചത്തിലും വേനല്‍കാല സന്ധ്യകളില്‍ കുശുകുശുത്തും അവര്‍ സംസാരിച്ചു. സ്റ്റീലു പോണിയില്‍ സാമ്പാറോ അവിയലോ ദേവകിച്ചോത്തി മിക്കപ്പോഴും മറിയത്തിനു കൈമാറി. കൂട്ടാനു സ്വാദുകൂട്ടുവാനായി പൊറിഞ്ചുവിന്റെ വീട്ടിലെ കറിവേപ്പിന്‍ ചില്ലകള്‍ മറിയം ശ്രീധരച്ചോന്റെ പറമ്പിലേക്ക്‌ വര്‍ഷത്തിലും വേനലിലുമെറിഞ്ഞു കൊടുത്തു.വര്‍ഷക്കാലത്ത്‌ അതില്‍ പകുതിയും മറിയത്തിന്റെ ഇളം മാംസം തൂങ്ങി നില്‍ക്കുന്ന കൈയ്യിന്റെ ശക്തിയാല്‍ തോട്ടില്‍ തന്നെ വീണു.തോട്‌ അവരുടെ സ്നേഹത്തിന്റെ കറിവേപ്പിലകളെയും വഹിച്ചുകൊണ്ട്‌ പല കൈവഴികളായി കൂലം കുത്തിയൊഴുകി. അന്നേരം പൊറിഞ്ചുവിന്റെ മക്കളായ ബെന്നിയും,സിബിയും,കത്രീനയും ശ്രീധരച്ചോന്റെ മക്കളായ വത്സനും,ദേവനും,ലതികയും,ശിവനും പൊറിഞ്ചുവിന്റെ പറമ്പില്‍ കുഴിക്കല്ലു കളിക്കുകയോ , മൂവാണ്ടന്‍ മാവിന്റെ ചില്ലയില്‍ നിന്ന് പൊലികൂട്ടിയിരിക്കുന്ന മണ്ണിലേക്ക്‌ ചാടുകയോ, സല്‍ഗുഡു കളിക്കുകയോ ചെയ്തു.


വര്‍ഷകാലങ്ങളില്‍ മഴ ഒഴിഞ്ഞു കിട്ടുന്ന സന്ധ്യകളില്‍ പൊറിഞ്ചുവും ശ്രീധരച്ചോനും കൈമതിലിന്റെ പൂപ്പലില്ലാത്ത ഭാഗത്ത്‌ കുറ്റിയടിക്കും. സെമിത്തേരിയിലേക്ക്‌ പോകുന്ന ശവങ്ങളുടെ കണക്ക്‌ വര്‍ഷ ക്കാലത്ത്‌ കൂടുതലായിരിക്കും.രാത്രികാലത്ത്‌ മിന്നാമിനുങ്ങുകള്‍ സെമിത്തേരിയില്‍ കൂട്ടം കൂട്ടമായി പറന്നു നടക്കും.

'ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്തോറ്റങ്ങളുടെ ആത്മാക്കളാ ചോനെ അവറ്റകള്‌'
പൊറിഞ്ചു പറയും.

ശ്രീധരച്ചോന്റെ മനസ്സപ്പോള്‍ പടപടാന്നിടിക്കും. പുറമേ ധൈര്യം ഉണ്ടെങ്കിലും ഉള്ളില്‌ മൂപ്പരൊരു പേടിത്തൊണ്ടനായിരുന്നു.പൊറിഞ്ചുവിനെപ്പോലെ ഏതു പാതിരാത്രിക്കും ആ റോട്ടിലൂടെ എറങ്ങി നടക്കാനുള്ള ധൈര്യം അയാള്‍ക്കില്ല.ഭൂതങ്ങളേയും പിശാചുക്കളേയും പൊറിഞ്ചു സ്നേഹിക്കുന്നതുപോലെ അയാള്‍ സ്നേഹിച്ചില്ല.പൊറിഞ്ചുവിന്റെ ബലത്തില്‍ അവിടെപ്പോയി കുത്തിയിരിക്കുമെന്നല്ലാതെ സന്ധ്യാസമയത്ത്‌ ഒഴിഞ്ഞു കിടക്കുന്ന പള്ളിപ്പറമ്പിലേക്കു നോക്കി പുതിയ കല്ലറകളുടെ കണക്കെടുക്കാനുള്ള ത്രാണി അയാള്‍ക്കില്ല.

മഴക്കാലത്ത്‌ പൊറിഞ്ചുവിനും ശ്രീധരച്ചോനും പണികള്‍ കുറവായിരിക്കും.നിര്‍ത്താതെ പെയ്യുന്ന മഴ കുട്ടികളുടെ ഉടുപ്പുകളെ കരിമ്പനടിപ്പിക്കുകയും,പൊട്ടിയ ഓടിനുള്ളിലൂടെ വെള്ളത്തെ മുറികളില്‍ വീഴ്ത്തി ദേവകിച്ചോത്തിയെ മുഷിപ്പിക്കുകയും ചെയ്യും.അന്നേരമെല്ലാം ശ്രീധരച്ചോന്‍ ഏതെങ്കിലും പഴയമാസികകളിലെ തുടരനില്‍ ആഴ്‌ന്നിരിക്കുകയായിരിക്കും.തണുപ്പും ഈര്‍പ്പവുമുള്ള രാത്രികളില്‍ പൊറിഞ്ചു ഒരു വടിയും,ടോര്‍ച്ചും,തോളത്തൊരു ചാക്കുമായി ശ്രീധരച്ചോന്റെ വാതിലില്‍ മുട്ടും.

'രണ്ടു തവളക്കാലു കഴിക്കാം ചോനെ നമുക്ക്‌'

കുറച്ചകലെ ഒരു പാടമുണ്ട്‌.തവളകളും,നീര്‍ക്കോലികളും സുലഭമായി കിടക്കുന്ന പാടത്തിലേക്ക്‌ പോയി മേക്കാന്‍ തവളകളേയും,കാലില്‍ തടയുന്ന മീനുകളേയും പിടിച്ചു ചാക്കിലാക്കി മറിയത്തിന്റെ ചായിപ്പിലേക്ക്‌ കൊണ്ടുവരുന്നത്‌ പൊറിഞ്ചുവിന്റെ ഹരമായിരുന്നു.

മരത്തടിയില്‍ വെച്ച്‌ തല മുറിക്കുന്ന തവളകളുടെ തലകള്‍ ഒരു ആര്‍ത്തനാദം പുറപ്പെടുവിച്ചുകൊണ്ട്‌ അടുത്ത പറമ്പിലേക്ക്‌ ചാടിച്ചാടിപ്പോകും. അഞ്ചാറ്‌ ഊക്കന്‍ ചാട്ടത്തിനു ശേഷം തളര്‍ന്നു വീഴുന്ന തവളത്തലകള്‍ കണ്ട്‌ മറിയത്തിനു വിറയല്‍ വരും,ടോര്‍ച്ചുമായെത്തിയ ദേവകിച്ചോത്തി അയ്യോ എന്നു നിലവിളിച്ച്‌ പിന്നോട്ട്‌ ചാടും. വെപ്പും കുടിയും കഴിഞ്ഞ്‌ പൊറിഞ്ചു മറിയത്തിന്റെ മടിയിലേക്കു കിടക്കും,ദുര്‍മേദസ്സില്ലാത്ത അവളുടെ ശരീരത്തിന്റെ ഒടിവുകളിലേക്ക്‌ അയാളുടെ കൈ സഞ്ചരിക്കും. ശ്രീധരച്ചോനും ദേവകിയും അതുകണ്ട്‌ പരസ്പരം കണ്ണുടക്കി ചിരിക്കും.

'കെട്ടിക്കൊണ്ടു വരുമ്പോള്‍ ഇവള്‍ എന്തൂട്ട്‌ സാധനായിരുന്നെന്നോ ചോനെ, ലൈബോയ്‌ സോപ്പിന്റെ മണമായിരുന്നു മേത്തൊക്കെ.'

രണ്ടുവിട്ടതിന്റെ ലഹരിയില്‍ പൊറിഞ്ചു കല്ല്യാണക്കഥകളിലേക്കു കടക്കും.

'ഞങ്ങള്‍ പാരമ്പര്യമായി ലൈബോയ്‌ സോപ്പാ തേക്കാ, ചെറിയ മണേ ഇഷ്ടള്ളു'

മറിയം ദേവകിച്ചോത്തിയോട്‌ പെണ്‍തമാശകള്‍ പറഞ്ഞ്‌ താക്കോല്‍ കൂട്ടം കുലുങ്ങുന്നതുപോലെ ചിരിക്കും.
പിള്ളേരുകള്‍ ഉറക്കം തൂങ്ങിത്തുടങ്ങുമ്പോള്‍ ശ്രീധരച്ചോനും സംഘവും ഒരു ചെറു ജാഥപോലെ ചെറുതായി മിന്നുന്ന ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വീട്ടിലേക്കു നടക്കും.

അത്ര സുന്ദരിയൊന്നുമല്ലെങ്കിലും ദേവകിയെ ശ്രീധരച്ചോന്‍ ഒരുപാട്‌ സ്നേഹിച്ചിരുന്നു.ചായക്ക്‌ ചൂടുകൂടിയെന്നും ,മീങ്കൂട്ടാനില്‍ പുളികൂടിയെന്നും,നേരമിരിട്ടുമ്പോള്‍ കൊതുകിനുവേണ്ടി വാതില്‍ തുറന്നിട്ടുകൊടുക്കുമെന്നുമുള്ള കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താവുന്ന കുറ്റങ്ങള്‍ എന്നുമുണ്ടായിരുന്നുവെങ്കിലും,തുറന്നുകാട്ടാത്ത ഇഷ്ടം എപ്പോഴുമുണ്ടായിരുന്നു.വെറുതെയല്ല അയാളെ ദേവകിച്ചോത്തി 'പിണ്ണാക്കു മനസ്സുള്ളോനെന്ന്' വിളിക്കുന്നത്‌.


തണുത്തും ഉഷ്ണിച്ചും,സെമിത്തേരിയിലെ ശവക്കല്ലറകളുടെ എണ്ണംകൂട്ടിയും വര്‍ഷങ്ങള്‍ കടന്നുപോയി.പിള്ളേരെല്ലാം കല്ല്യാണം കഴിക്കാറായി. ബെന്നിയും ദേവനും സ്നേഹിച്ച പെണ്ണിനെത്തന്നെ കെട്ടുകയും ചെയ്തു.പ്രായമായി എന്നറിയിച്ചിട്ടെന്ന വണ്ണം പൊറിഞ്ചുവിന്‌ വലിവിന്റെ അസുഖം കുറേശ്ശെ വരാന്‍ തുടങ്ങി.


'നമ്മളിനി മന്തും,പുണ്ണും പിടിച്ച മുരിങ്ങമരം പോലെയാണ്‌ ചോനെ, കാറ്റു വരുമ്പോള്‍ പേടിക്കണം.'

പൊറിഞ്ചുവിന്റെ വെടക്കു തമാശകള്‍ കുറഞ്ഞുവന്ന് അയാളൊരു ആത്മീയവാദിയായോന്ന് സംശയമായി ശ്രീധരച്ചോന്‌.ഒരീസം ആങ്ങളയുടെ വീട്ടിലേക്കെന്നും പോയ മറിയത്തിന്റെ ശവമായിരുന്നു വീട്ടിലേക്ക്‌ തിരിച്ചുവന്നത്‌.കാറിടിച്ചു വീണ മറിയം ഓര്‍മ്മയില്ലാതെ വഴിയില്‍ കിടക്കുന്നതുകണ്ടപ്പോള്‍ നാട്ടുകാര്‍ ആസ്പത്രീലെത്തിച്ചുവെങ്കിലും മറിയത്തിന്റെ സമയം അതോടെ വിരാമമിടുകയായിരുന്നു.

മറിയത്തിന്റെ ശവം വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ വല്ലാത്ത മഴയായിരുന്നു.ശവമെത്തുംവരെ എല്ലാവരും പൊറിഞ്ചുവിന്റെ മുഖത്തേക്കുതന്നെയായിരുന്നു നോക്കിയിരുന്നത്‌.പൊറിഞ്ചു അലമുറയിട്ടു കരയുമെന്ന് കുടുംബക്കാര്‍ കരുതി. പക്ഷെ പൊറിഞ്ചു കരഞ്ഞില്ല.കരയുന്നത്‌ പൊറിഞ്ചുവിന്‌ പണ്ടേ ഇഷ്ടമുണ്ടായിരുന്നില്ല.പള്ളിയിലേക്ക്‌ ശവമെടുക്കുംവരെ അയാള്‍ മഴയത്ത്‌ കുതിര്‍ന്നു നിന്ന് വരുന്നവരോടൊക്കെ തലയാട്ടിച്ചിരിച്ചു. അവസാനമായി മറിയത്തിന്റെ നെറ്റിയില്‍ കരയാതെ ചുംബിച്ചു, ലൈബോയ്‌ സോപ്പിന്റെ മണമുള്ള തലമുടി പതുക്കെയൊന്നൊതുക്കിവെച്ചു.

ശവമെടുപ്പ്‌ കഴിഞ്ഞ്‌ പൊറിഞ്ചു കൈമതിലില്‍ കുത്തിയിരുന്നു.ആളുകള്‍ പതുക്കെ ഒഴിഞ്ഞുപോയി അവിടമെല്ലാം മൂകത പരന്നു.ശ്രീധരച്ചോന്‍ പതുക്കെ അയാളുടെ തോളിലൂടെ കയ്യിട്ടു.സന്ധ്യാസമയമായിരുന്നുവത്‌.മഴക്കാലമായിരുന്നതിനാല്‍ വേഗം ഇരുട്ടു പരന്നിരുന്നു.മിന്നാമിനുങ്ങുകള്‍ സെമിത്തേരിക്കുള്ളില്‍ ഒറ്റപ്പെട്ടു നിന്നിരുന്ന മരങ്ങളുടെ ഒരു ചില്ലയില്‍നിന്ന് മറ്റൊന്നിലേക്ക്‌ പറന്നു.

'മറിയത്തിന്റെ ആത്മാവാ ചോനെ അതിലൊന്ന്.' പൊറിഞ്ചുവിന്റെ വാക്കുകള്‍ നനയുകയും കൈ വിറക്കുകയും ചെയ്തു.ചെറുതായി വീശുന്ന തണുത്ത കാറ്റില്‍ ലൈബോയ്‌ സോപ്പിന്റെ മണം പെട്ടന്ന് അവിടമാകെ പരന്നു.


മറിയം മരിച്ചതിനു ശേഷം പൊറിഞ്ചുവിന്റെ കൈമതിലിലേക്കുള്ള വരവു കുറഞ്ഞു.നാള്‍ക്കുനാള്‍ ശരീരം ക്ഷീണിച്ച്‌ മെലിഞ്ഞുണങ്ങിയ മണ്ണിരയെപ്പോലെയായി. നട്ടപ്പാതിരക്ക്‌ സെമിത്തേരിയിലേക്ക്‌ അയാള്‍ ഇറങ്ങി നടന്നു.മക്കള്‍ ഭ്രാന്തു പിടിച്ച അപ്പന്റെ കാല്‍തല്ലിയൊടിച്ച്‌ വീട്ടിലടക്കുമെന്ന് പറഞ്ഞ്‌ തെറിവിളിച്ചു. അവരുടെ ഭാര്യമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലുള്ള മുഖവുമായി അയാളെ വക്കാണം പറഞ്ഞ്‌ വാതിലടച്ചു.ഭാര്യ മരിച്ച വൃദ്ധന്റെ വിരഹവും,ഏകാന്തതയും അയാളുടെ കണ്ണുകളെ നിര്‍ജീവമാക്കി.ശ്രീധരച്ചോനെ കാണുമ്പോഴൊക്കെ അയാള്‍ മന്തും,പുണ്ണും പിടിച്ച്‌ ഒടിഞ്ഞു വീഴാറായ മുരിങ്ങമരം പോലെ ക്ഷീണത്താല്‍ ആടി.
'ഭാര്യ മരിച്ച വൃദ്ധന്മ്മാര്‍ വെള്ളം തേട്ടിനില്‍ക്കുന്ന കുളത്തില്‍ ഒറ്റപ്പെട്ടു പൊന്തിക്കിടക്കുന്ന പേട്ട നാളികേരം പോലെയാണെന്ന് പൊറിഞ്ചു അന്നെപ്പോഴെങ്കിലുമായിരിക്കും പറഞ്ഞത്‌.

അപ്പോഴേക്കും ഭ്രാന്തിന്റേയും നേരിന്റേയും ഇടയില്‍ കിടന്ന് അയാള്‍ രക്തമില്ലാത്തവനെപ്പോലെ വിളറിവെളുത്തിരുന്നു.മഴക്കാരുള്ള ഒരു രാത്രിയില്‍ കാറ്റടിച്ചു വീണ മുരിങ്ങമരം കണക്കേ പൊറിഞ്ചുവും വേരറ്റു നിലം പതിച്ചു.

പൊറിഞ്ചുവിന്റെ മരണം ശ്രീധരച്ചോനില്‍ ഒരു വികാരവും വരുത്തിയില്ല. ശവപ്പെട്ടിയില്‍ മൂക്കില്‍ പഞ്ഞിയും വെച്ചുകിടക്കുന്ന പൊറിഞ്ചു അയാള്‍ക്കുവേണ്ടി കൈമതിലില്‍ കുനിഞ്ഞിരുന്ന് മറിയത്തിന്റെ വീട്ടുകാരെപറ്റി വെടക്ക്‌ തമാശകള്‍ പറഞ്ഞ്‌ കാജാബീഡി പുകകള്‍ മുകളിലേക്ക്‌ ഊതി വിടുന്നവനായിരുന്നില്ല.ഉണങ്ങി വീണ ഒരു മരക്കൊമ്പു മാത്രമായിരുന്നു അയാളാ ശവപ്പെട്ടിയില്‍ കണ്ടത്‌.


പൊറിഞ്ചുവിന്റെ ശവമെടുപ്പ്‌ കഴിഞ്ഞ്‌ അയാള്‍ ആ കൈമതിലില്‍ കയറിയിരുന്നു.ഇഷ്ടികകള്‍ അടര്‍ന്ന്,പായല്‍ പിടിച്ച്‌ മതിലൊരു ദരിദ്രവാസിയായി മാറിയിരുന്നെങ്കിലും അയാളുടെ അരയുറപ്പിക്കാനായി ചെറിയൊരു ഭാഗം ഒഴിഞ്ഞു കിടന്നിരുന്നു.

രാത്രിയായപ്പോഴേക്കും മിന്നാമിനുങ്ങുകള്‍ കൂട്ടം കൂട്ടമായി അവിടെ പറന്നെത്തി.അതിലൊന്ന് മറിയവും,മറ്റൊന്ന് പൊറിഞ്ചുവുമാണെന്ന് അയാളൂഹിച്ചു.അകലെനിന്ന് അയാള്‍ അവരെനോക്കി കൈകളുയര്‍ത്തി.
ചാറിക്കൊണ്ടിരുന്ന മഴയില്‍ പകുതി നനഞ്ഞ്‌ അയാള്‍ വീട്ടിലെത്തി.ദേവകിച്ചോത്തി കരഞ്ഞു കനം വെച്ച മുഖവുമായി അയാള്‍ക്കു ചായകൊണ്ടുവന്നു കൊടുത്തു.അയാള്‍ ചായകുടിച്ച്‌ ദേവകിച്ചോത്തിയെ ഒന്നു നോക്കി.
ക്ഷീണിച്ച കണ്ണുകള്‍,അങ്ങിങ്ങു ചുരുണ്ടുകൂടിയ വെള്ളമുടികള്‍,കോഴിക്കാലുപോലെ എല്ലുന്തിയ കൈകള്‍. അവര്‍ക്ക്‌ ഒരുമാസമായി എന്തു കഴിച്ചാലും വയറു വേദനയാണ്‌.

'വയറുവേദന കുറവുണ്ടോ'? അയാള്‍ ചോദിച്ചു.

'നാളെ ഡോക്ടറെക്കാണണം'. ദേവകിച്ചോത്തി പറഞ്ഞു.


അയാളന്ന് കുറ്റം പറയാതെ ചായ ഗ്ലാസ്സ്‌ അവരുടെ കൈകളിലേക്ക്‌ വെച്ചുകൊടുത്തു. അടച്ചിടാത്ത മുന്‍ വാതിലിലൂടെ കൊതുകുകള്‍ കൂട്ടം കൂട്ടമായി വീട്ടിലേക്ക്‌ മൂളിവന്നു.ഭാര്യ മരിച്ച വൃദ്ധന്മ്മാരുടെ ജാഥ പൊറിഞ്ചുവിന്റെ വീടിനുമുന്നിലുള്ള റോഡിലൂടെ സെമിത്തേരി ലക്ഷ്യമാക്കി കടന്നു പോകുന്നുണ്ടായിരുന്നു. ഏകാന്തത മുറ്റിയ കണ്ണുകളുമായി അയാളും മുറ്റത്തേക്കിറങ്ങി. കാറ്റിലാടുന്ന മുരിങ്ങമരം കണക്കേ അയാള്‍ സെമിത്തേരി ലഷ്യമാക്കി നടന്നു നീങ്ങുന്ന കാഴ്ച്‌ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദേവകിച്ചോത്തി ജനലിലൂടെ നോക്കിനിന്നു.

Saturday, February 17, 2007

സമയയന്ത്രം

ദൈവം അയാളോട്‌ അരുളി ചൈയ്തു. 'മകനേ ഞാനിതാ നിനക്ക്‌ ഈ സമയയന്ത്രം സമ്മാനമായിത്തരുന്നു. ഇത്‌ ഇടത്തോട്ട്‌ തിരിച്ചാല്‍ നിനക്ക്‌ ഭൂതകാലത്തിലേക്ക്‌ പോയ്‌ വരാം, വേണമെങ്കില്‍ നിന്റെ ഭൂതകാലം നിനക്കു തിരുത്താം വലത്തോട്ടാണെങ്കില്‍ ഭാവിയിലേക്കു പോകാം പക്ഷെ അവിടെയാകുമ്പോള്‍ നിനക്ക്‌ ഒന്നും തിരുത്താനാകില്ല എല്ലാം കാണാമെന്നു മാത്രം.ഈ സമയയന്ത്രം തേടി നിന്റെ സ്വപ്നത്തിലൂടെ പലരും കടന്നുവരും.അപേക്ഷകള്‍,ചതിപ്രയോഗങ്ങള്‍,ഭീഷണികള്‍..നിനക്കു വേണമെങ്കില്‍ അവര്‍ക്കിതു സ്വപ്നത്തിലൂടെതന്നെ കൈമാറാം.എല്ലാം നിന്റെ ഇഷ്ടം പോലെ'..

'ദൈവം തന്ന സമ്മാനം'
ആദ്യമത്‌ വിശ്വസിക്കാന്‍ പ്രയാസമായിരുന്നെങ്കിലും അയാളത്‌ തിരിച്ചും മറിച്ചും നോക്കി.അയാളൊരു ഉറച്ച ദൈവ വിശ്വാസിയായിരുന്നില്ല എങ്കിലും നിരീശ്വരവാദിയണെന്നു പറഞ്ഞുകൂടാ. സമൂഹത്തിലെ എഴുപത്തിയഞ്ചു ശതമാനം ആളുകളും പറയുന്നതുപോലെ

'ദൈവം എനിക്ക്‌ പണവും,പഠിപ്പും,വലിയ വീടും, കാറും, സുന്ദരിയായ ഭാര്യയേയും കുട്ടിയേയും നല്‍കി' എന്നു പറയാറുണ്ട്‌,എങ്കിലും തുരുമ്പു പിടിക്കാറായൊരു ടൈം മെഷീന്‍ സമ്മാനമായിത്തരുവാനുള്ള ബന്ധം അയാള്‍ക്കും ദൈവത്തിനുമിടയിലുണ്ടോ?

അയാളാ സമയയന്ത്രത്തെ ഷോകേയ്സിലെടുത്തുവച്ച്‌ അതിന്റെ ഏന്റിക്ക്‌ ഭംഗി ആസ്വദിച്ചു.

ബോംബയിലെ ഒടുങ്ങാത്ത ട്രാഫിക്ക്ജാമുകള്‍,കത്താത്ത സിഗ്നലുകള്‍,പൊടിപടലങ്ങളില്‍ കുടുങ്ങി ഉഷ്ണിച്ചമര്‍ന്നകാറ്റ്‌,പകലിന്‌ക്ലാവു പിടിച്ച നിറമാണ്‌. വണ്ടി തുടച്ചുതരുവാന്‍ തുണിയുമായി റോട്ടിലെങ്ങുമലഞ്ഞുതിരിയുന്ന ചെറുക്കന്മ്മാര്‍ മൂന്നോ നാലോതവണയായി കാറിന്റെ ഡോറിലടിക്കുന്നു.എന്നത്തേയും പോലെ മൂര്‍ച്ചയുള്ള നോട്ടം പകരം നല്‍കി.
വീട്ടിലെത്തിയതും ഒരു ദിവസത്തെ വിയര്‍പ്പു മണക്കുന്ന ഉടുപ്പുകളുരിയെറിഞ്ഞ്‌ ഭാര്യയുണ്ടാക്കിവെച്ച പഴം പൊരി കഴിക്കാനിരുന്നു.ഒടുക്കത്തെ ട്രാഫിക്ക്‌ ജാമുകളില്ലെങ്കില്‍ ജീവിതം കുറച്ചുകൂടി സുന്ദരമായേനെ.
രാത്രി അയാള്‍ക്കു വേണ്ടി പ്രിയപ്പെട്ട ഭക്ഷണം ഭാര്യ വിളമ്പി,മകന്‍ അച്ഛന്റെ ഉരുളകള്‍ക്കായി വായ്‌ തുറന്നു,ഭാര്യയുടെ പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. രാത്രിയില്‍ മതിയാവോളം അവര്‍ ഇണചേര്‍ന്നു.കിതപ്പോടെപോയി ബീജങ്ങളെ കഴുകിമാറ്റി ഫ്ര്ഡ്ജില്‍ നിന്നും കുറച്ച്‌ ജ്യൂസെടുത്തു കുടിച്ചു. അപ്പോഴേക്കും ഭാര്യ ഉറങ്ങിക്കഴിഞ്ഞിരുന്നു.തളര്‍ന്നുറങ്ങുന്ന ഭാര്യയെനോക്കി അയാളൊന്നു മന്ദഹസിച്ചു,വേഴ്ച്ചകളുടെ അവസാനം തളര്‍ന്നുറങ്ങുന്ന പെണ്ണ്‍ അയാളുടെ മനസ്സിനിഷ്ടപ്പെട്ട കാഴ്ച്ചയാണ്‌.

ഉറക്കത്തിന്റെ ചുഴിയില്‍ വീണപ്പോഴേക്കും സ്വപ്നങ്ങള്‍ കടന്നു വന്നു.സ്വപ്നങ്ങളെ അയാളെന്നും ഇഷ്ടപ്പെട്ടിരുന്നു.
കടപ്പുറത്തെ സായാഹ്നം,പാര്‍ക്കില്‍ കളിക്കുന്ന കുട്ടികള്‍,പൂക്കള്‍ പറിക്കുന്ന ഭാര്യ,സുഹൃത്തുക്കളുമായി മദ്യപിക്കുന്ന അയാള്‍ എന്നിങ്ങനെ എപ്പോഴും സ്വപ്നങ്ങള്‍ക്ക്‌ ഒരേ പാറ്റേണുകളായിരുന്നു.കരിഞ്ഞുണങ്ങിയ വൃക്ഷത്തലപ്പുകളോ പൂക്കളോ,കൊത്താന്‍ വരുന്ന പാമ്പോ,പ്രിയപ്പെട്ടവരുടെ മരണമോ,മരു ഭൂമിയിലൂടെയുള്ള യാത്രയോ ഒന്നും അസ്വസ്ഥമാക്കുവാന്‍ വന്നിരുന്നില്ല.
അവിശുദ്ധമാപ്പെട്ട സ്വപനങ്ങള്‍ അന്നു തൊട്ടാണാരംഭിച്ചത്‌.

അന്ന് സ്വപ്നത്തില്‍ ചൂടേറ്റ്‌,ഉണങ്ങി നടുഭാഗം പിളര്‍ന്നുനില്‍ക്കുന്ന മരങ്ങളെ കടപുഴക്കിവീഴ്ത്തുന്ന കാറ്റ്‌ കൂകിക്കൊണ്ട്‌ നാശം വിതച്ചു.

ഒരു വൃത്തിയില്ലാത്ത പെണ്‍കുട്ടി ആദ്യമായാണ്‌ അയാളുടെ സ്വപ്നത്തില്‍ കടന്നു വരുന്നത്‌.മുടിയിലെങ്ങും പറ്റി നില്‍ക്കുന്ന ചെങ്കല്ലുപൊടി,മെലിഞ്ഞു കറുത്ത കൈകളില്‍ മുഷിഞ്ഞു നില്‍ക്കുന്ന അഞ്ചാറു റബ്ബര്‍ വളകള്‍,പാവാടയില്‍ പറ്റിനില്‍ക്കുന്ന കാലപ്പഴക്കമുള്ള കറകള്‍.

'എന്തുവേണം'? അയാള്‍ ചോദിച്ചു.

'ദയ ചേയസി നാക്കു അദി ഇവണ്ടി'
തെലുങ്ക്‌ അയാള്‍ക്ക്‌ കുറച്ചൊക്കെ അറിയാം എങ്കിലും ശരിക്കുമറിയാത്ത ഭാഷ തന്നോടു സംസാരിക്കുന്നതിലുള്ള ഔചിത്യമില്ലായ്മ അയാളെ ചൊടിപ്പിച്ചു.വഴിവക്കില്‍ നിന്നിരുന്ന ഒരു ഉണങ്ങിയ കാട്ടു ചെടി പറിച്ചെടുത്ത്‌ അയാളവളെ 'പോ,പോ' യെന്നു പറഞ്ഞ്‌ ആട്ടിയോടിപ്പിച്ചു.
പെട്ടന്ന് പെണ്‍കുട്ടി പച്ച മലയാളത്തില്‍ അയാളോട്‌ സംസാരിക്കാനാരംഭിച്ചു.

'ഞങ്ങളുടെ കണ്ടത്തില്‍ കരിമ്പ്‌ നടാനാണ്‌ അബ്ബ ആദ്യം വിചാരിച്ചിരുന്നത്‌.ഇക്കൊല്ലം നെല്ലു വിതക്കുന്നതല്ലേ നല്ലതെന്ന ചന്ദ്രു കാക്കയുടെ ചോദ്യമാണ്‌ എല്ലാം മാറ്റിമറിച്ചത്‌,ഇരുപത്തിയയ്യായിരം പലിശക്കെടുത്തിട്ടാണ്‌ നെല്ലു വിതച്ചത്‌ അതിനിടയിലായി അക്കയുടെ കല്ല്യാണവും വന്നു.തഴച്ചുവന്ന നെല്ലിനു തണ്ടു ചീയല്‍ വന്നത്‌ എല്ലാം തുലച്ചു.കടം തിരിച്ചടക്കാനാകാതെ അബ്ബ വിഷം കഴിച്ചു മരിച്ചു.കരിമ്പിനു പകരം നെല്ലെന്ന ഒരേയൊരു തീരുമാനമാണ്‌ എല്ലാത്തിനും കാരണം.

അവള്‍ കരയാതെ നില്‍ക്കുന്നത്‌ അയാളെ അത്ഭുതപ്പെടുത്തി. സാധാരണയായി ഇത്തരം കഥകള്‍ കണ്ണീരിന്റെ ഉടമ്പടിയില്ലാതെ പറയാനൊക്കുക വിഷമമാണ്‌.

പെണ്‍കുട്ടി ചിന്തിച്ചത്‌ മറ്റൊരു വിധമാണ്‌,അവള്‍ വേണ്ടതിലധികം ചെറുപ്രായത്തിലേ കരഞ്ഞു കഴിഞ്ഞു.കടക്കാരുടെ വാതില്‍ മുട്ടുകള്‍,ഭൂവുടമയുടെ ഭീഷണി ഒക്കെ വേണ്ടതിലധികമുണ്ട്‌.കണ്ണീരുകൊണ്ട്‌ അവളുടെ ഉണങ്ങി വരണ്ട്‌ കഞ്ഞിപ്പാത്രം തിളച്ചു മറിയാന്‍ പോകുന്നില്ല.,കരിഞ്ഞുണങ്ങിയ നെല്ലോലകൊണ്ട്‌ എത്രനാള്‍ വെള്ളം തിളപ്പിച്ചൊരിറക്കു ചായയുണ്ടാക്കും.

അവള്‍ക്കിപ്പോഴാവശ്യം ആ സമയയന്ത്രമാണ്‌.കരിമ്പിനു പകരം നെല്ലെന്ന ഭൂതകാല വ്യഥയാണവളെ ഇവിടെ കൊണ്ടുവന്നെത്തിച്ചത്‌.
അവളുടെ അബ്ബ നല്ലവനായിരുന്നു.ആരേയും ദ്രോഹിച്ചില്ല,വഞ്ചിച്ചില്ല,കളവു പറഞ്ഞില്ല.സമയദോഷം കൊണ്ട്‌ സംഭവിച്ച വിധിയെ അവള്‍ക്കു തിരുത്തണം.

'സാര്‍..ദയ ചേയസി നാക്കു അദി ഇവണ്ടി'.

അയാളുടെ ഹൃദയം ചെറുതായൊന്നലിഞ്ഞു. പെട്ടന്നു തന്നെ തലച്ചോറിന്റെ ജാഗ്രത അയാളുടെ ബുദ്ധിയെ തിരിച്ചു പിടിച്ചു.

'എന്തിന്‌ ഇവള്‍ക്കിതു ഞാന്‍ കൊടുക്കണം,ഇക്കൊല്ലം നെല്ലിനു തണ്ടു ചീയല്‍ വരുവാന്‍ സാദ്ധ്യതയുണ്ടെന്ന് പത്ര വാര്‍ത്തകള്‍ വന്നിരുന്നത്‌ ഇവളുടെ അബ്ബ അറിയാതിരുന്നതെന്ത്‌? കര്‍ഷകര്‍ക്കു വേണ്ടി എത്രയോ പരിപാടികള്‍ റേഡിയോ സം പ്രേക്ഷണം ചെയ്യുന്നു,അതൊക്കെ പിന്നെ ആര്‍ക്കു വേണ്ടിയുള്ളതാണ്‌? ഇത്രയും ദുഖം പേറുന്നവള്‍ കരയാതെ വന്ന് ഇതൊക്കെ അവതരിപ്പിക്കുകയെന്നുള്ളതിലും അസ്വഭാവികതകളുണ്ട്‌.

സാര്‍, ഞാന്‍ ഇവിടെ നിങ്ങളുടെ മറുപടിക്കായ്‌ കാത്തിരിക്കാം. ചുട്ടു പൊള്ളുന്ന ഒരു കൂറ്റന്‍ കരിങ്കല്ലിനു മുകളില്‍ പെണ്‍കുട്ടി കയറിയിരുന്നു.അവളുടെ ബ്ലസും പാവാടയും വിയര്‍പ്പില്‍ നനഞ്ഞ്‌ എല്ലുന്തിയ ശരീരത്തെ കൂടുതല്‍ വിരൂപമാക്കി.കല്ലിന്മ്മേല്‍ ഒരു മെലിഞ്ഞുണങ്ങിയ അരണക്കുട്ടി അള്ളിപ്പിടിച്ചിരിക്കുന്നതുപോലെ അവള്‍ കൈകള്‍ താടിയിലൂന്നി താഴേക്കുനോക്കിയിരുന്നു.അയാളപ്പോഴേക്കും രണ്ടുമൂന്നു ചുവടുകള്‍ മുമ്പിലേക്കെടുത്തിരുന്നു.
മണല്‍ക്കാറ്റേറ്റ്‌ അയാളുടെ ചുണ്ടുകള്‍ വരണ്ടു,ഇനിയും കുറച്ചുകൂടി നടന്നാലേ അരുവിയൊഴുകുന്ന തുരുത്തിലെത്താനാകൂ,റബ്ബര്‍ ചെരുപ്പിന്റെ വള്ളിയാണെങ്കില്‍ ഇപ്പോള്‍ പൊട്ടുമെന്ന മട്ടിലാണ്‌ നില്‍ക്കുന്നത്‌.

'ഒന്നു നില്‍ക്കൂ'

യുവത്വമുള്ളതെങ്കിലും അവശതയാര്‍ന്ന സ്വരം.
'എന്തു വേണം'?

'ഞാനവളെക്കൊന്നു ആ തേവടിശ്ശീടെമോള്‌ ഞാനവിടെ കടന്നു വരുമ്പോള്‍ അവന്റെയൊപ്പം നൂലിഴയില്ലാതെ കിടക്കുകയായിരുന്നു.ഒന്നും നോക്കിയില്ല കണ്ടതെടുത്ത്‌ ഞാനവളെ അടിച്ചു കൊന്നു.വീണ്ടും ദേഷ്യം മാറാതെ അവളുടെ മുഖത്തെ ഞാന്‍ കാലുകൊണ്ട്‌ ചവിട്ടി ചതച്ചു,വൃത്തികെട്ട മുലകളെ അരിഞ്ഞെടുത്തു.ഊരക്കിട്ട്‌ വെട്ടുകയും തുടകളില്‍ കത്തികൊണ്ട്‌ വരയുകയും ചെയ്തു'.

'നിങ്ങള്‍ ചെയ്യേണ്ടതു ചെയ്തു. ഞാന്‍ നിങ്ങളുടെ പക്ഷത്താണ്‌'.

'പ്രശ്നം അതല്ല എനിക്കൊരു മോളുണ്ട്‌.ഞാന്‍ അഴിക്കുള്ളിലായാല്‍ അവളെ ആരു നോക്കും? വിശ്വസിക്കാന്‍ പറ്റുന്ന ബന്ധുക്കള്‍ എനിക്കില്ല.എന്റെ മോളിപ്പോള്‍ എന്നെക്കാണുമ്പോള്‍ ഭയത്തോടെ നോക്കുന്നു.അവളുടെ അമ്മയെ തുണ്ടമാക്കിയത്‌ ഞാനല്ലേ'

അതിനിപ്പോള്‍ ഞാനെന്തുവേണം?

ഞാനൊരു നല്ല ഭര്‍ത്താവായിരുന്നില്ല, എന്റെ കുടുംബത്തിനുവേണ്ടി നീക്കിവെക്കാന്‍ എനിക്കു സമയമുണ്ടായിരുന്നില്ല.ഓരോരോ പുതിയ ബിസിനസ്സുകള്‍ തുടങ്ങി എല്ലാം പൊളിഞ്ഞു.ജോലിക്കായുള്ള അലച്ചിലുകളും,അലോരസപ്പെടുത്തുന്ന കടക്കെണികളും മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളു.കിട്ടുന്ന കാശുകൊണ്ട്‌ തൃപ്തിപ്പെട്ട്‌ ചെറിയൊരു കുടുംബം പോറ്റാമായിരുന്നു.എന്റെ സ്നേഹം മുഴുവനും ഒരു തടാകമായി എന്നില്‍ത്തന്നെ തളംകെട്ടിനിന്നു,അത്‌ ഒരിക്കലും നിറഞ്ഞു കവിഞ്ഞ്‌ ഭാര്യയെ തണുപ്പിച്ചില്ല.കടലുപോലെ വലിയ ഒന്ന് തിരകളായി തീരത്തുവന്നലക്കുമ്പോഴല്ലെ അതിന്റെ ആഴവും സാന്ദ്രതയും വികാരവും അറിയുവാന്‍ കഴിയൂ.എനിക്കിതു തിരുത്തണം മലര്‍ന്നു കിടക്കുന്ന ഈ ജീവിതത്തെ ഒന്നു തിരുത്തണം.

'ആ തേവടിശ്ശീടെ മോള്‍ക്ക്‌ നിങ്ങള്‍ മാപ്പുകൊടുക്കുന്നുവെന്ന്'
അയാള്‍ ഒന്നും പറഞ്ഞില്ല.ഓരോ മണല്‍ത്തരിയും കത്തുന്ന മണ്ണില്‍ കഴുത്തിലുണ്ടായിരുന്ന തോര്‍ത്ത്‌ വിരിച്ച്‌ 'നിങ്ങള്‍ അതെനിക്കൊന്നു തരൂ,എനിക്കൊന്നു പിന്നോട്ടു പോയേതീരൂ' വെന്നും പറഞ്ഞ്‌ നിലത്തിരുന്നു.മണല്‍ കാറ്റ്‌ ഒന്നിടവിടാതെ ചൂളമടിച്ചു.

പെണ്ണിനെ വെട്ടിക്കൊന്നതും പോര കുമ്പസാരം നടത്താന്‍ വന്നിരിക്കുന്നു. വികാരങ്ങള്‍ അപ്പപ്പോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഗതിയിതാണ്‌.

അയാള്‍ മരുപച്ചയെ ലക്ഷ്യമാക്കിയുള്ള നടത്തത്തിന്റെ വേഗതകൂട്ടി.അകലെ പട്ടകള്‍ പഴുത്തു തുടങ്ങിയ കരിമ്പനക്കുതാഴെ ഭര്‍ത്താവു മരിച്ച രണ്ടു സ്ത്രീകള്‍ അയാളെ കാത്തു നിന്നിരുന്നു.ഒരു സ്ത്രീയുടെ ഒക്കത്ത്‌ പത്തു മാസത്തോളം പ്രായമുള്ള ഒരു കൈകുഞ്ഞിരിക്കുന്നു.
അവരുടെ കണ്ണുകളിലെ ഭാവം ദൈന്യതയാണ്‌. ശരീരം ദാരിദ്ര്യത്തിന്റെ നേര്‍ രേഖകളും.

'അതു ഞങ്ങള്‍ക്കു തരൂ'

അവളിലൊരുവള്‍ സമയയന്ത്രത്തിനായി അയാള്‍ക്കു നേരെ കൈനീട്ടി. തൊലിയടര്‍ന്നതും ചെളിപുരണ്ടതുമായ കൈകളില്‍ ഭാഗ്യരേഖയോ,ആയുസ്സ്‌ രേഖയോ ഒന്നും തെളിഞ്ഞുകാണുന്നില്ല.പൊടിയണഞ്ഞുകിടക്കുന്ന ഒരു ഭൂപടം മാത്രം.
'പടക്ക കമ്പനിയില്‍ ജോലിയായിരുന്നു,എല്ലാം പോയാച്ച്‌..എല്ലാം തീയെടുത്ത്‌'

രണ്ടു സ്ത്രീകളും ഒരുമിച്ച്‌ തേങ്ങിക്കരയുവാന്‍ തുടങ്ങി.അതുകണ്ട്‌ ഒക്കത്തിരുന്ന കുട്ടിയും കരച്ചിലാരംഭിച്ചു.

ഇവര്‍ ഇതെന്തു ഭാവിച്ചാണിങ്ങനെ കരയുന്നതെന്ന് അയാളോര്‍ത്തു.ഭൂമിയിലുള്ള എല്ലാ ദുഖങ്ങളും തീര്‍ത്തുകൊടുക്കാന്‍ താനാര്‌.എങ്കിലും കുട്ടിയുടെ കരച്ചില്‍ അയാള്‍ക്ക്‌ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.പോക്കറ്റില്‍ തപ്പിക്കിട്ടിയ രണ്ടു നൂറുരൂപാ നോട്ടുകള്‍ അയാളതിന്റെ കയ്യില്‍ വെച്ചുകൊടുത്തു.
അപ്പോള്‍ അതിലെ ഒരു സ്ത്രീ ഇങ്ങനെയോര്‍ത്തു-

'എത്രനാളാണ്‌ കല്ലുടച്ചും,റോഡു പണികള്‍ ചൈയ്തും ജീവിതം തള്ളി നീക്കുന്നത്‌.ഒരു വയസ്സ്‌ പ്രായമുള്ള കുട്ടിയെ റോഡിനരുകിലിരുത്തിയാണ്‌പണികളെടുക്കുന്നത്‌.എപ്പോഴാണവന്‍ വണ്ടികള്‍ക്കടിയിലേക്ക്‌ പാഞ്ഞു പോകുകയെന്നറിയില്ല.കണ്ടവന്റെ കാമം തീര്‍ക്കാനായി പലപ്പോഴായി പായയില്‍ കിടന്നു കൊടുക്കുന്നു.ദിവസം ചെല്ലുന്തോറും ഉണങ്ങി വരുന്ന ശരീരം അതിന്റെ സാദ്ധ്യതയേയും കുറക്കുന്നു.സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും വെറുപ്പാണ്‌. ജീവിതം മടുത്തു.

മറ്റൊരുവള്‍ ഇങ്ങനെ ചിന്തിച്ചു - വലിയവര്‍,സമ്പന്നര്‍ അവര്‍ക്കെന്തറിയാം? റോഡരുകില്‍ നിന്നും വരുന്ന സിനിമാപാട്ടിലൂടെയാണ്‌ ജീവിതത്തിന്റെ ഭംഗി കേള്‍ക്കുന്നത്‌,സിനിമാപോസ്റ്ററുകളിലൂടെയാണതുകാണുന്നത്‌.
വിധി വേദനകളുടെ തിരമാലകള്‍ എയ്തൊടുക്കുന്നത്‌ ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണ്‌.വരള്‍ച്ച വിശപ്പിന്റെ തീ വിതക്കുന്നതും വര്‍ഷം കണ്ണീരാല്‍ വിഴുപ്പലക്കുന്നതും ഞങ്ങളുടെ കുടിലുകളില്‍ മാത്രമാണ്‌.ഈ സാറിന്‌ അതു മനസ്സിലാകുമോ?

സ്ത്രീകളൂടെ തേങ്ങല്‍ കുറഞ്ഞു വന്നു.അവളിലൊരുവള്‍ ചൂടേറ്റ്‌ തളര്‍ന്നു വീഴാന്‍ തുടങ്ങിയിരുന്നു.കുഞ്ഞ്‌ മണല്‍ക്കാറ്റേറ്റ്‌ അലറിക്കരയുവാന്‍ തുടങ്ങി.ഇരിക്കാനൊരിടം തേടി അവര്‍ ഇരു പുറവും നോക്കി നിന്നു.

അയാള്‍ക്ക്‌ ആ നശിച്ച അന്തരീക്ഷത്തില്‍ നിന്ന് വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നായി.
ബോംബയിലെ ആറുമണി സമയത്തിന്റെ ക്ലാവുപിടിച്ച നിറം,ട്രാഫിക്ക്‌ ജാമില്‍ പെട്ടുകിടക്കുന്ന വണ്ടികളുടെ ഹോണടികള്‍,ചൂടേറ്റ്‌ വാടിയ സ്ട്രോബറിപ്പഴങ്ങള്‍ വില്‍ക്കാന്‍ വരുന്ന കുട്ടികളുടെ വിഷാദഭാവങ്ങള്‍,ചിരിച്ചുകൊണ്ട്‌ കാറിനു നേരെ കൈനീട്ടുന്ന ഹിജഡകളുടെ മുറുക്കിചുവന്ന പല്ലുകള്‍ എല്ലാമാണ്‌ ഒരു കൊളാഷുപോലെ മനസ്സില്‍ തെളിയുന്നത്‌.

പിന്നില്‍ നിന്നും 'അത്‌ ഞങ്ങള്‍ക്കുതരൂ' 'അതെനിക്കുതരൂ' 'നിങ്ങള്‍ക്കതുകൊണ്ടെന്തുകാര്യം' എന്നുയരുന്ന വിളികളും കാലടി ശബ്ദങ്ങളും.

അയാള്‍ സമയയന്ത്രത്തെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.അതിന്റെ ശരിയായ ഭംഗി അയാളിപ്പോഴാണ്‌ കാണുന്നത്‌.ഇഷ്ടപ്പെട്ട ഒന്നിനെയന്നവണ്ണം അയാളതിനെ പതുക്കെ തലോടി.തിരുത്തപ്പെടേണ്ട ഭൂതവും,ആകാംക്ഷയുള്ള ഭാവിയും അയാള്‍ക്കില്ല.വീടിനെപ്പോലെ,ഭാര്യയെപ്പോലെ,മകനെപ്പോലെ,കാറിനെപ്പോലെ പൊടുന്നനെ അയാളതിനെ അത്രമേല്‍ സ്നേഹിച്ചു.നെഞ്ചോട്‌ ചേര്‍ത്തുവെച്ച്‌,അതിനെ തുടച്ചു മിനുക്കിയെടുക്കുമെന്ന് മനസ്സില്‍ മുദ്രണം ചൈയ്തു.അതിനെ സൂക്ഷിക്കാന്‍ സൂക്ഷ്മതയാല്‍ പണിഞ്ഞെടുത്ത താക്കോലും അടയാത്ത കണ്ണുകളും കാവല്‍ ഭടന്മ്മാരായി.ദൈവം അതുകണ്ട്‌ ഇളകി മറിഞ്ഞു ചിരിച്ചു.

Sunday, February 4, 2007

അമേരിക്കന്‍ ചാന്തുപൊട്ട്‌

ഡയറിക്കുറിപ്പുകള്‍ - 3

ഏഴുവര്‍ഷം മുമ്പാണ്‌ ഈ കഥയുടെ ആദ്യപകുതി തുടങ്ങുന്നത്‌. പഠിപ്പൊക്കെകഴിഞ്ഞ്‌,അമേരിക്കയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനോടൊത്ത്‌ ജീവിക്കാനായി രണ്ടുവലിയ പെട്ടിയും എടുത്താല്‍പൊങ്ങാത്ത കാബിന്‍ലഗേജുമായി യുദ്ധം ജയിച്ചുവരുന്നവളെപ്പോലെ ഞാന്‍ സിന്‍സിനാറ്റി എയര്‍പോര്‍ട്ടിനു പുറത്ത്‌ കാലുകുത്തുന്ന ദിവസം മുതല്‍ അതു തുടങ്ങുന്നു.
കേരളത്തിനേക്കാള്‍ നല്ല ഭൂപ്രകൃതിയുള്ള,പച്ചപ്പുള്ള സ്ഥലം വേറെവിടെയുണ്ടാകാന്‍ എന്നു വിചാരിച്ചു നടന്നിരുന്ന എനിക്ക്‌ അമേരിക്കയിലെ പച്ചപ്പും കാടുകളും ഒരു ഞെട്ടലുണ്ടാക്കി.നിറയെ തണല്‍ വിരിച്ച്‌,നോക്കത്താദൂരം വരെ പച്ചപിടിച്ചും,കിളികള്‍ ചിലച്ചും,ഇളം കാറ്റ്‌ ഒഴുകിവരുന്നതും,മാനും മുയലും ഓടിക്കളിക്കുന്നതുമായ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക്‌ കാലുകുത്തി ഒരാഴ്ച്ചകഴിഞ്ഞതും ഇതാണ്‌ 'ദൈവത്തിന്റെ സ്വന്തം നാട്‌' എന്ന് മനസ്സില്‍ മാറ്റിപറയേണ്ടി വന്നൊരുകാലം.

കുറച്ച്‌ ഇന്ത്യക്കാരും കറുത്തതും വെളുത്തവരുമായ അമേരിക്കക്കാരുമടങ്ങുന്നതുമായൊരു ചെറു സമൂഹമാണ്‌ അയല്‍പക്കത്തുള്ളത്‌. ഞങ്ങളുടെ തൊട്ടുമുകളില്‍ കറുത്തഭാര്യ വെളുത്ത ഭര്‍ത്താ ദമ്പതികള്‍, വലതുവശത്തായി എഴുപതു വയസ്സുപ്രായം തോന്നിക്കുന്ന അമ്മൂമ,ഇടതു വശത്തായി മുപ്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു സായിപ്പ്‌.ഈ സായിപ്പാണ്‌ നമ്മുടെ കഥാനായകന്‍.

എന്റെ ഭര്‍ത്താവ്‌ രാവിലെ ആറുമണിക്ക്‌ ജോലിക്കുപോയി വൈകീട്ട്‌ ആറിന്‌ തിരിച്ചെത്തും. വൈകീട്ട്‌ ആറാകുമ്പോഴേക്കും സുദര്‍ശന ചക്രം പോലെ മൂര്‍ച്ചയുള്ള ചപ്പാത്തിയും, പുളിയൊഴിക്കാതെ എന്തോ മിസ്റ്റേക്കു പറ്റിയ സാമ്പാറും,കുക്കറില്‍ വെയ്റ്റിട്ട്‌ വച്ച്‌ ഉണ്ടാക്കുന്ന കൊഴുക്കട്ടപോലത്തെ ഇഡലിയുമൊക്കെയായി അമേരിക്കയിലെ രുചിയില്ലാത്ത പച്ചക്കറികളെയും,വെള്ളത്തേയും,അടുപ്പിനേയുമൊക്കെ കുറ്റം പറഞ്ഞ്‌ ഞാന്‍ വരവേല്‍ക്കുന്നു. ചുരിക്കിപ്പറഞ്ഞാല്‍ എനിക്കാകാലത്ത്‌ ജോലിയും കൂലിയുമൊന്നുമില്ല. പുതിയ സ്ഥലത്ത്‌ ഉണ്ടും,ഉറങ്ങിയും,പാട്ടുകേട്ടും,വായിച്ചും സമയം തള്ളിനീക്കുന്നു. ഭര്‍ത്താവ്‌ അത്രയധികം സംസാരിക്കാത്ത പ്രകൃതമാണ്‌ ഞാനാണെങ്കില്‍ മറിച്ചും,കത്തിവെക്കാന്‍ വേറെയാളൊന്നുമില്ലാത്തതിനാല്‍ കാലത്തു മുതല്‍ വൈകീട്ടുവരെ ഞാന്‍ കണ്ടകാഴ്ച്ചകള്‍,ആളുകള്‍ ,നടന്ന സംഭവങ്ങള്‍ ഒരക്ഷരം വിടാതെ ഭര്‍ത്താവ്‌ ജോലികഴിഞ്ഞ്‌ വീട്ടില്‍ കാലുകുത്തുമ്പോള്‍ തന്നെ പറഞ്ഞുതുടങ്ങും.
എന്റെ അപ്പുറത്തെ വീട്ടിലെ സായിപ്പും എന്റെ വായില്‍ നോട്ടത്തിന്റെ പ്രധാന ഇരകളിലൊന്നാണ്‌. അയാള്‍ ഒരു വലിയ റെസ്റ്റോറന്റിലെ ഷെഫാണെന്നും സിന്‍സിനാറ്റിയില്‍ ജനിച്ചു വളര്‍ന്നവനാണെന്നും ഞാന്‍ ചോദിച്ചറിഞ്ഞു.അന്ന് എനിക്ക്‌ സായിപ്പിന്റെ 'ഏക്സന്റ്‌' കഷ്ടിയേ മനസ്സിലാവുകയുള്ളു.റേഡിയോ കേട്ടും,ടി.വി കണ്ടും നല്ല ഇംഗ്ലീഷുതന്നെ പഠിച്ചെടുക്കുന്ന കാലം.അതുകൊണ്ടുതന്നെ അമേരിക്കക്കാരുമായി സംസാരിക്കുവാനായി നേരിയ ഭയം ഉണ്ടായിരുന്നു എന്റെ ഭര്‍ത്താവിന്റെകൂടെ ജോലിചെയ്യുന്നവരിലും അടുത്ത സുഹൃത്തുക്കളിലും ഇന്ത്യക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഷനന്നായൊന്നു പഠിച്ചെടുക്കാതെ ഒരു രക്ഷയുമില്ല. അങ്കവും കാണാം താളിയുമൊടിക്കാം എന്ന ഉദ്ദേശത്തോടെ എപ്പോഴും പുറത്തുകാണുന്ന ഈ സായിപ്പിനോട്‌ ഞാന്‍ സൗഹൃദം വളര്‍ത്തിതുടങ്ങി. അയാള്‍ക്ക്‌ ഒരു ഉണ്ടപക്രുവായ പൂച്ചയുണ്ട്‌ പേര്‌ 'റാല്‍ഫ്‌' . ഞാന്‍ ജന്മനാ ഒരു മൃഗസ്നേഹിയാണ്‌ അതുകൊണ്ട്‌ സായിപ്പിന്റെ പൂച്ചയെ ഞാന്‍ കളിപ്പിക്കും,ഇടക്ക്‌ അതിനെ ഞങ്ങളുടെ അപ്പാര്‍ട്ടുമെന്റിലേക്ക്‌ കൂട്ടിക്കൊണ്ടുവരും.പൂച്ച എന്റെ മലയാളം കേട്ട്‌ എന്നെ തുറിച്ചുനോക്കും ഇംഗ്ലീഷു പറഞ്ഞാല്‍ തന്നെ എന്റെ ഏക്സന്റ്‌ കേട്ട്‌ പൂച്ചയാകെ പകക്കും. സായിപ്പു പറയുന്നതുപോലെ 'റാല്‍ഫ്‌ ഹണീ കം ഹിയര്‍..' എന്നു പറഞ്ഞുവേണം അതിനെ വിളിക്കാന്‍ അല്ലാതെ പൂച്ചതലപൊക്കില്ല.

എനിക്ക്‌ അപ്പാര്‍ട്ടുമെന്റിനുമുന്നിലായി ചെറിയൊരു പച്ചക്കറിതോട്ടമുണ്ട്‌.അവിടെ നില്‍ക്കുമ്പോള്‍ സായിപ്പിന്റെ വീട്ടില്‍ കയറിയിറങ്ങുന്നവരെയൊക്കെ ശരിക്കും കാണാം. ഒറ്റക്കൊരു സായിപ്പ്‌ ഇവിടെ ജീവിക്കുമ്പോള്‍ സാധാരണയൊരു 'ഗേള്‍ ഫ്രന്റ്‌' കൂടെയുണ്ടാകാറാണ്‌ പതിവ്‌,എന്നാല്‍ ഈ സായിപ്പിന്റെ വീട്ടില്‍ ഒരൊറ്റ പെണ്‍പ്രജകള്‍ കയറിയിറങ്ങുന്നില്ല. എന്നാല്‍ പത്തു നാല്‍പ്പതു വയസ്സു പ്രായംതോന്നിക്കുന്ന മറ്റൊരു സായിപ്പ്‌ കിറുകൃത്യമായി അവിടെ കയറിയിറങ്ങുന്നുണ്ട്‌.ഇടക്കെല്ലാം പാര്‍ട്ടികള്‍ നടക്കുന്നുണ്ട്‌ വരുന്നതെല്ലാം ആണുങ്ങള്‍ .ചിലദിവസങ്ങളില്‍ അകത്തളമെല്ലാം മെഴുകുതിരികത്തിച്ചുവെച്ച്‌ സായിപ്പും കൂട്ടുകാരനും പുറത്തിരുന്ന് ബാര്‍ബിക്യൂചെയ്യും. ഞാനിക്കാര്യം ഭര്‍ത്താവിനോട്‌ കുറെ നാളായി സൂചിപ്പിക്കുന്നു.ഇയാളെന്താ കല്ല്യാണം കഴിക്കാത്തത്‌? മറ്റു കുടുംബാംഗങ്ങളില്ലേ? എന്താ അവിടെ പെണ്ണുങ്ങള്‍ കയറിയിറങ്ങാത്തത്‌? എന്നിങ്ങനെയുള്ള എന്റെ ചോദ്യങ്ങള്‍ കൊണ്ട്‌ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനായി ഒട്ടും ഇഷ്ടപ്പെടാത്ത എന്റെ ഭര്‍ത്താവാകെ പൊറുതിമുട്ടി. അവസാനം ഇങ്ങനെ മൊഴിഞ്ഞു.
'അയാളൊരു 'ഗേ' യായിരിക്കാം'

'അയാളൊരു ഗേ യാണോ' എന്നൊരൊറ്റ ചോദ്യത്തോടെ ഞാനാകെ സതംഭിച്ചു നിന്നു. ആദ്യമായാണ്‌ ഞാനൊരു സ്വവര്‍ഗരതിക്കാരനെ നേരിട്ടു കാണുന്നത്‌. പിന്നീടങ്ങോട്ട്‌ ഈയൊരു കണ്ണുവെച്ചാണ്‌ ഞാന്‍ സായിപ്പിനെ നോക്കുന്നത്‌. അവസാനം ഉത്തരം കിട്ടാതിരുന്ന എന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടി. എന്റെ സംശയങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞു.
ഇടക്കെല്ലാം ഞാനുണ്ടാക്കുന്ന പച്ചക്കറികളും പൂക്കളുമൊക്കെ കാണുവാനായി സായിപ്പുവരും.കുറച്ച്‌ തക്കാളി ഞാനദ്ദേഹത്തിന്‌ സമ്മാനമായിക്കൊടുക്കും,ഉണ്ടപക്രു പൂച്ചയെക്കുറിച്ച്‌ സംസാരിക്കും. മൂപ്പര്‍ക്ക്‌ ഞാനൊരു പേരും വച്ചു 'ഗേ സായിപ്പ്‌' ആളെകാണുമ്പോള്‍ ഞാന്‍ എന്റെയൊരു കൂട്ടുകാരിനടന്നു വരുന്നതുപോലെയാണ്‌ സങ്കല്‍പ്പിച്ചത്‌.അതുകൊണ്ട്‌ വീണ്ടും വീണ്ടും തക്കാളിയും പൂക്കളുമൊക്കെ സമ്മാനിച്ചുകൊണ്ടേയിരുന്നു.ഉണ്ടപക്രു പൂച്ചയെ സ്വീറ്റി,ഹണീയെന്നൊക്കെ വിളിച്ച്‌ കൊഞ്ചിച്ചും കാലമിങ്ങനെ കഴിഞ്ഞു.ഒരു ദിവസം എന്റെ കൂട്ടുകാരി സായിപ്പ്‌ ഞങ്ങളോട്‌ പറഞ്ഞു.

'ഞാനിവിടന്ന് സ്ഥലം മാറിപ്പോവുകയാണ്‌,ഒരു ചെറിയ വീടു വാങ്ങി.'

ഇതിനിടയില്‍ ഞങ്ങളും ഒരു വീടു വാങ്ങിയിരുന്നു. രണ്ടുകൂട്ടരും അങ്ങിനെ വഴിപിരിഞ്ഞു. ഞങ്ങളുടെ മനസ്സില്‍ നിന്ന് സായിപ്പും പൂച്ചയും പോകുവാനായി കുറെ സമയമെടുത്തു.

കഥയുടെ രണ്ടാ ഭാഗമാരംഭിക്കുന്നത്‌ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കൊരു മകന്‍ ജനിക്കുന്നതിലൂടെയാണ്‌. അമേരിക്കയില്‍ വളരുന്ന കുട്ടികളെക്കുറിച്ച്‌ ഭീകരകഥകള്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെയും കേട്ടറിവുകളില്‍ നിന്നും പറയാറുണ്ട്‌. നിഷ്കളങ്കതതീരെയില്ലാതെ വേഗം പക്വതപ്രാപിക്കുന്നു,ആരെയും ബഹുമാനിക്കാത്ത സ്വഭാവം എന്നുതുടങ്ങി എട്ടുവയസ്സുമുതല്‍ ബോയ്ഫ്രന്റും ഗേള്‍ഫ്രന്റുമൊക്കെ വെയ്ക്കും എന്നുതുടങ്ങി നിറം പിടിപ്പിച്ചവയും അല്ലാത്തതുമായ കഥകള്‍.
ഇതിനടുത്താണ്‌ കന്നടക്കാരനായ ഞങ്ങളുടെ ഒരു പരിചയക്കാരന്‍ വീടെല്ലാം വിറ്റുപെറുക്കി നാട്ടിലേക്ക്‌ ടിക്കറ്റ്‌ എടുത്തത്‌. പ്രധാന കാരണങ്ങളിലൊന്ന് അഞ്ചുവയസ്സുകാരിയായ മകള്‍ കൂട്ടുകാരിയോട്‌ ബോയ്‌ ഫ്രന്റിനെകുറിച്ച്‌ സ്വകാര്യമായിപ്പറയുകയാണ്‌ ഇടക്കിടെ 'അച്ഛന്‍ കേള്‍ക്കേണ്ട' അതുകൊണ്ടാണ്‌ പതുക്കെ പറയുന്നതെന്നും പറയുന്നു.പാവം വേഗം തന്നെ ഇന്ത്യയിലേക്ക്‌ പെട്ടി പായ്ക്കുചെയ്തു. ഇതൊക്കെ കേട്ടിട്ട്‌ ഇവിടെ ഇങ്ങനെയാണ്‌ കുട്ടികള്‍ വളരുന്നതെന്ന് കരുതരുത്‌ കെട്ടോ.അതൊക്കെ പിന്നെപറയം.ഇതൊന്നുമല്ല നമ്മുടെ വിഷയം എനിക്കൊരു മകന്‍ പിറന്നുവെന്നു പറഞ്ഞല്ലോ അവനാണ്‌ ഇനി അടുത്ത നായകന്‍.
ജനിച്ച്‌ കുറച്ചു നാളുകള്‍ക്കുശേഷം എന്റെ കൂട്ടുകാരി പറഞ്ഞു.
'സിജി രക്ഷപ്പെട്ടു.ആണ്‍കുട്ടിയല്ലെ ജനിച്ചത്‌ എന്തായാലും ഗര്‍ഭണ്ടാകുമെന്ന് വെച്ച്‌ പേടിക്കണ്ട,അല്ല അമേരിക്കയിലാനല്ലൊ നമ്മുടെ കുട്ടികള്‍ വളരുന്നത്‌'.
അവര്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണുള്ളത്‌ ആ വിഷമവും പേടിയും വാക്കുകളിലുണ്ട്‌.
അങ്ങിനെ കാലം കുറച്ചുകടന്നുപോയി മകനു രണ്ടു വയസ്സു പ്രായം കഴിഞ്ഞു.അതിനിടയില്‍ ഞങ്ങള്‍ക്ക്‌ രണ്ടാമതൊരാണ്‍കുട്ടികൂടി ജനിച്ചു.

എന്റെ മൂത്ത മകന്‍ ഗോവര്‍ദ്ധന്‍ എന്ന ഗോപു, ഗോപു വെന്ന 'തത്ത' ദിവസം തോറും വളരുകയാണ്‌. എന്റെ പിന്നാലെ ഒരു നിഴല്‍ പോലെ അവന്‍ കൂടെയുണ്ടാകും.ഞാന്‍ അടുക്കളയില്‍ കറിക്കരിയുമ്പോള്‍,പാത്രം കഴുകുമ്പോള്‍,തുണിയലക്കുമ്പോള്‍,പാചകം ചെയ്യുമ്പോള്‍,ചപ്പാത്തി പരത്തുമ്പോള്‍ എന്നുവേണ്ട എല്ലാകാര്യത്തിലും അവന്റെ ഇടപെടലുകളുണ്ടാകും. അവന്‌ ഏറ്റവുമിഷ്ടം പാത്രങ്ങളെടുത്ത്‌ കളിക്കാനും അതില്‍ പാചകം ചെയ്യാനുമാണ്‌. കാറും ലോറിയുമൊക്കെ കളിപ്പാട്ടങ്ങളായുണ്ടെങ്കിലും അവന്‌ ഏറ്റവുമിഷ്ടം നായക്കുട്ടി,ആന,പശു തുടങ്ങിയ അവന്റെ സോഫ്റ്റ്‌ ടോയ്സുകളാണ്‌.അവന്റെയീ അടുക്കളകളികളോട്‌ എന്റെ ഭര്‍ത്താവിന്‌ ഒട്ടും യോജിപ്പില്ല,അദ്ദേഹം കുറെ ബ്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്ന് അതുകൊണ്ട്‌ വീടും,കാറുമൊക്കെയുണ്ടാക്കി കളിക്കാന്‍ കാണിച്ചുകൊടുത്തു,ചായപെന്‍സിലുകൊണ്ട്‌ വരപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ കുട്ടിക്ക്‌ ഇതിലൊന്നും ഒട്ടും കമ്പമില്ല എപ്പോഴും അടുക്കളയാണ്‌ ലക്ഷ്യം.
'നീയവനെ പെണ്‍കുട്ടികളെപ്പോലെയാണ്‌ വളര്‍ത്തുന്നതെന്ന്' ഭര്‍ത്താവ്‌ ഇടക്ക്‌ കുറ്റപ്പെടുത്താനും തുടങ്ങി.
അങ്ങിനെയൊരു ദിവസം ഞാന്‍ കറിക്കരിഞ്ഞുകൊണ്ടിരിക്കുകയാണ്‌,വീട്ടിലെ ടി.വി മിക്കവാറും സമയം ഓണാണ്‌ തിരക്കുകള്‍ മൂലം പരിപാടികള്‍ കാണാനായില്ലെങ്കിലും കേള്‍ക്കാറുണ്ട്‌.അപ്പോഴതാ എങ്ങിനെയാണ്‌ 'ഗേ' കള്‍ ചെറുപ്പത്തില്‍ പെരുമാറുകയെന്ന പരിപാടി നടക്കുന്നു ഞാന്‍ ഓടിച്ചെന്നു നോക്കി അന്തം വിട്ടിരുന്നു.

'സ്വവര്‍ഗ്ഗരതിക്കാരാകുന്ന ആണ്‍കുട്ടികള്‍ എപ്പോഴും അടുക്കളയില്‍ കളിക്കാനിഷ്ടപ്പെടുന്നു,അവര്‍ പെണ്‍കുട്ടികളെപ്പോലെ അണിഞ്ഞൊരുങ്ങാനിഷ്ടപ്പെടുന്നവരും പാവക്കുട്ടികളെ സ്നേഹിക്കുന്നവരുമാണ്‌,ചെറുപ്പത്തിലേ തന്നെ നിങ്ങളുടെ കുട്ടികളെ നിരീക്ഷിച്ചാല്‍ അതു നിങ്ങള്‍ക്കു കണ്ടെത്താനാകും.'

ഇങ്ങനെ കണ്ടാല്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന രീതിയിലുള്ളൊരു നീണ്ട പരിപാടി. ഹൊറര്‍ സിനിമകള്‍ അന്തവും കുന്തവുമില്ലാതെ കാണുന്ന എനിക്ക്‌ അതിനേക്കാള്‍ വലിയൊരു ഹൊറര്‍ കണ്ടതുപോലെയായി. ഞാന്‍ എന്റെ മകന്‍ തത്തയെ സി.എസ്‌.ഐ ഓഫീസര്‍ നോക്കുന്നതു പോലെ സൂക്ഷിച്ചു നോക്കി.
'ഇവനാള്‌ മറ്റവനാകാനുള്ള സകല സാദ്ധ്യതയും കാണുന്നുണ്ട്‌.'

ഡ്രസ്സിംഗ്‌ ടേബിളിനു മുകളില്‍ കയറിയിരുന്ന് കീം കീമെന്നും പറഞ്ഞ്‌ ബോഡീലോഷനെടുത്ത്‌ മുഖത്ത്‌ പൊത്തുന്നതും എന്റെ ഹെയര്‍ ബാന്റെടുത്ത്‌ തലയില്‍ വെയ്ക്കുന്നതും, പൊട്ടുകുത്തി നടക്കുന്നതുമൊക്കെ ഞാനിപ്പോഴാണ്‌ ശ്രദ്ധിക്കുന്നത്‌. അതിലുപരി നാടന്‍ പേരുകളെ സ്നേഹിക്കുന്ന എന്റെ ഭര്‍ത്താവ്‌ 'തത്ത' എന്ന ഓമനപ്പേരാണ്‌ അവനെ വിളിക്കുന്നത്‌. അവന്‌ കഴിക്കാനേറ്റം ഇഷ്ടമുള്ളത്‌ പെണ്‍കുട്ടികള്‍ കഴിക്കാനിഷ്ടപ്പെടുന്ന പുളി,അച്ചാറ്‌,നെല്ലിക്ക എന്നീ സാധനങ്ങളൊക്കെയാണ്‌.
ഞാനന്നു രാത്രി ഭര്‍ത്താവിനോട്‌ കാര്യം പറഞ്ഞു.

'ആപ്പ്‌ ഉ സെ ഏക്‌ 'ചക്കാ'ക്കെ തരഹ്‌ പാല്‍ രഹീഹൊ'
അതൊകൊണ്ടാണ്‌ അവനങ്ങനെയായത്‌.എന്തോ വായിക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി അദ്ദേഹം പ്രതികരിച്ചു. ഹിന്ദിയില്‍ ചക്കയെന്നാല്‍ നമ്മുടെ 'ചാന്തുപൊട്ട്‌' തന്നെ സംഗതി.
'എന്റെ ചെക്കനെ ഞാന്‍ ചക്കയും മാങ്ങയുമൊന്നുമാക്കാന്‍ സമ്മതിക്കില്ല' ഞാന്‍ മനസ്സിലുറച്ചു.

ഇന്നു മുതല്‍ തത്തക്ക്‌ അടുക്കളയില്‍ പ്രവേശനമില്ല.ഞാന്‍ ഏഴുമണിക്കുള്ളില്‍ ചപ്പാത്തിയുണ്ടാക്കലടക്കം എല്ലാ പാചകവും കഴിച്ച്‌ ദിവസം തുടങ്ങി.തത്തക്ക്‌ അതിലൊന്നും ഒരു പ്രശ്നവുമുണ്ടെന്നു തോന്നിയില്ല.അടുക്കളയിലെ സിങ്കില്‍പോയി വെള്ളമെടുത്ത്‌ കളിക്കാനാകാത്തതിന്റെ വിഷമമുണ്ട്‌.
കാര്‍ട്ടൂണ്‍ കാണാനൊന്നുമവന്‌ താത്പര്യമില്ലെങ്കിലും ഞാന്‍ നിര്‍ബന്ധിപ്പിച്ച്‌ അതുകാണാനായിയിരുത്തിതുടങ്ങി. കൊക്കിനു വെച്ചത്‌ ചക്കിനു കൊണ്ടതുപോലെയായില്ലേ അത്‌,ഭീകരമായ ഒരു പ്രശ്നം ഉടലെടുത്തിരിക്കുന്നു.
രാവിലെ രണ്ട്‌ കാര്‍ട്ടൂണുകളാണ്‌ തത്ത കാണുക.
1. ഡിയാഗോ എന്ന ചുണക്കുട്ടന്റെ കഥ.
2. ഡോറയെന്ന ചുണക്കുട്ടിയുടെ കഥ.

ഡിയാഗോ ആണ്‍ കുട്ടികള്‍ക്കായും ഡോറ പെണ്‍കുട്ടികള്‍ക്കുമായാണ്‌ പൊതുവെ ജനം വെച്ചിരിക്കുന്നത്‌.ഡിയാഗോയുടെ ചിത്രങ്ങളുള്ള ബാഗ്‌,കപ്പ്‌,ബെഡ്ഷീറ്റ്‌ തുടങ്ങിയ സകല സാധനങ്ങളും ആണ്‍കുട്ടികള്‍ക്കായും ഡോറയുടെ പടമുള്ളത്‌ പെണ്‍കുട്ടികള്‍ക്കായും കടയിലൊക്കെ വാങ്ങാന്‍ കിട്ടും.ഇവരുതമ്മിലുള്ള ബന്ധം പറഞ്ഞു വന്നാല്‍ ഡോറയുടെ അമ്മായീടെ മകനോ,ഇളയച്ഛന്റെ മകനോ ഒക്കെയായി വരും ഡിയാഗോ(കസിന്‍സ്‌).
തത്ത ഡിയാഗോയുടെ കാര്‍ട്ടൂണുകള്‍ കാണുമെന്നല്ലാതെ ഡിയാഗോയുടെ ആരാധകനൊന്നുമല്ല.ഡോറ വരുമ്പോഴാണ്‌ കയ്യടിയും ബഹളവും.ബാഗു വാങ്ങാനായി കടയില്‍ പോയപ്പോള്‍ തത്തക്കുവേണ്ടത്‌ ഡോറേടെ പടമുള്ള ബാഗാ. ഇതുകണ്ട്‌ എന്റെ നെഞ്ചിടിപ്പുകൂടി.ഭര്‍ത്താവിനോട്‌ ഞാന്‍ വിവരം പറഞ്ഞു 'ഈ ചെക്കന്റെ പോക്കത്ര ശരിയല്ല' അമ്മയുടെ മനസ്സല്ലേ എനിക്ക്‌ ചെറിയ ഭയം വന്നുതുടങ്ങി.ഭര്‍ത്താവു പറഞ്ഞു.

'ഓ എനിക്കു സമാധാനായി അവന്‍ ഡിയാഗോയെയല്ലല്ലോ ഡോറയെയല്ലെ പ്രേമിക്കുന്നത്‌,തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെ കണ്ട്‌ അവന്റെ മനസ്സിളകിയതില്‍ ഞാനവനെ കുറ്റം പറയില്ല.എന്റെ അമ്മയും നിന്നെപ്പോലായിരുന്നു ഞാനൊരു പെണ്‍കുട്ടിയോട്‌ മിണ്ടിയെന്നറിഞ്ഞാല്‍ മതി അന്ന് വാളെടുക്കും'.

ഞാനപ്പോഴാണ്‌ ആ കാര്യം വിശദമായി ഒന്നു ചിന്തിച്ചത്‌. അതു ശരിയാ കാവ്യാ മാധവന്റേയും ഐശ്വര്യാറായുടേയുമൊക്കെ പടങ്ങളല്ലെ ആണ്‍കുട്ടികള്‍ സാധാരണ ചുവരിലൊക്കെ ഒട്ടിച്ചുവെച്ച്‌ പൂജിക്കാറ്‌. അതുപോലെ തത്തക്കിഷ്ടം ഡോറയെ കാണാനാണ്‌. ഞാനൊന്നു പൊട്ടിച്ചിരിച്ചു.അന്നത്തോടെ എന്റെ എല്ലാ അന്വേക്ഷണ പരമ്പരകളുമവസാനിപ്പിച്ച്‌ ഞാന്‍ തത്തയെ അവന്റെ പാട്ടിനു വിട്ടു.അവന്‍ അടുക്കളയിലും മുറ്റത്തുമൊക്കെ ഓടിച്ചാടി നടന്നു കളിച്ചു.ടി.വി യെ വെറുക്കുന്ന അവന്‍ ഡോറയെയെന്നല്ല പിന്നീടൊരു കാര്‍ട്ടൂണും കണ്ടില്ല. മൂന്നു വയസ്സാകാറായതോടെ പോലീസ്‌ കാറും അച്ഛന്റെപോലത്തെ പിക്കപ്പ്‌ ട്രക്കുമൊക്കെ കളിപ്പാട്ടങ്ങളായിവെച്ച്‌ അവന്റെ ആനക്കുട്ടിയേയും ,പശുവിനേയുമൊക്കെ ഉണ്ണിക്കു സമ്മാനിച്ചു.ചെറിയ മകന്‍ വളര്‍ന്നു തുടങ്ങിയതോടെ അടി,ഇടി,കുത്ത്‌,ചവിട്ട്‌ എന്നുവേണ്ട എല്ലാ അയോധനകലകളും അഭ്യസിച്ച്‌ അതില്‍ പരിശീലനം കൊടുത്തും വരുന്നു.
ഇപ്പോഴാണെങ്കില്‍ ഒരു ചെറിയ മെയില്‍ ഷോവനിസ്റ്റ്‌ പിഗ്ഗിനെപ്പോലെ 'അമ്മ ടയ്‌ വിംഗ്‌ പൊട്ട' ഒരു മൂത്ത ഫെമിനിസ്റ്റ്‌ ഇതിനെ വ്യാഖ്യാനിച്ചാല്‍ - അമ്മക്ക്‌ കാറ്‌ ട്രൈവ്‌ ചെയ്യാനറിയില്ല,അച്ഛനാണ്‌ അതിനുത്തമം.ഇത്‌ പെണ്ണുങ്ങള്‍ക്ക്‌ പറ്റിയ പണിയല്ല....
'അമ്മ ഉണ്ണിയെ കുളിപ്പിച്ച്‌ ഉവ്വുവ്വാക്കിപ്പിച്ചു' (ഫെ.വ്യാ) - അമ്മക്ക്‌ ഉണ്ണിയെ കുളിപ്പിക്കാനറിയില്ല.അമ്മ കുളിപ്പിച്ചാല്‍ ഉണ്ണിക്ക്‌ അസുഖം വരും.ഒരു സിം പിള്‍ കാര്യങ്ങള്‍ പോലും പെണ്ണുങ്ങള്‍ക്ക്‌ നേരെ ചൊവ്വെചെയ്യാനറിയില്ല.
'അമ്മ കറി പൊട്ട. അച്ഛ ഗുഡ്‌' (ഫെ.വ്യാ) - അമ്മക്ക്‌ ഒരു കറിവെക്കാന്‍ പോലുമറിയില്ല.അച്ഛന്‌ ഓഫീസു ജോലി മാത്രമല്ല നല്ലൊന്നാന്തരം കറിയും വെക്കാനറിയാം.ആണുങ്ങളാരാ മക്കള്‍..
എന്നൊക്കെപ്പറഞ്ഞു കൊണ്ട്‌ ഇവിടം അടക്കി ഭരിച്ച്‌ വിലസി നടക്കുന്നു,വാലായി ഞങ്ങളുടെ രണ്ടാമത്തെ സന്തതിയായ അപ്പുവെന്ന പീക്കോക്കും കൂടെയുണ്ട്‌.

അടിക്കുറിപ്പ്‌ - കുട്ടികളെ കുട്ടികളാക്കി വളര്‍ത്താനാഗ്രഹിക്കുന്ന അമ്മമാര്‍ ടി.വി വളരെ കുറച്ച്‌ കാണുക.ഇവിടെ 'ഗേ' കള്‍ക്കൊക്കെ നല്ലുഗ്രന്‍ സംഘടനകള്‍ നിലവിലുണ്ട്‌.മലയാളം ഇംഗ്ലീഷാക്കി വായിക്കുന്ന സോഫ്റ്റ്‌ വെയറുകള്‍ സായിപ്പുമാര്‍ കണ്ടു പിടിച്ചിട്ടുണ്ടാണാവോ.
വാല്‍കഷ്ണം - ഇതുവായിച്ച്‌ എന്റെ മകന്‍ തത്ത ഭാവിയില്‍ പെണ്ണന്വേക്ഷിച്ചു നടക്കുമ്പോള്‍ 'സിജി ചേച്ചിയുടെ മകനല്ലേ സൂക്ഷിക്കണം' എന്നു പറഞ്ഞ്‌ ബൂലോഗത്തിലെ കുട്ടികള്‍ കല്ല്യാണം മുടക്കരുത്‌.സിജി ചേച്ചിയെഴുതുന്ന കഥയിലെ ഡയലോഗുകള്‍ക്ക്‌ സുരേഷ്ഗോപി സിനിമയിലെ ഡയലോഗിന്റെ ഛായയാണെന്ന് ബൂലോഗത്തിലെ ഒരു ബാച്ചീസുകുട്ടി പറഞ്ഞതിന്റെ ക്ഷീണം മാറുന്നതേയുള്ളു.

Sunday, January 14, 2007

ഇര

ഇളം നീലയില്‍ വെളുത്ത കുത്തുകളുള്ള ചുരിദാറാണ്‌ പെണ്‍കുട്ടി ധരിച്ചിരുന്നത്‌.തുടുത്ത കവിളുകള്‍,മെലിഞ്ഞ കൈകള്‍,വെളുത്തുനീണ്ട പാദങ്ങള്‍.
ആകാശത്ത്‌ ഉറങ്ങിക്കിടക്കുന്ന മേഘത്തുണ്ടുപോലെ ശാന്തമായ ഉറക്കം.
മരിച്ചവീട്ടില്‍ വരുന്നവരൊക്കെ എന്തൊക്കയോ പിറുപിറുക്കുന്നു.ചിലര്‍ ഏങ്ങിക്കരയുന്നു,നിസ്സംഗരാകുന്നു.
അലി തുടരെതുടരെ കുറേ ഫോട്ടോകളെടുത്തു.
'ഇനി എന്താ ചേച്ചി അടുത്ത പ്ലാന്‍'? ഓഫീസിലേക്ക്‌?
'ഇന്നു ഞാനില്ല,സുഖം തോന്നുന്നില്ല.'
'എന്നാല്‍ ചേച്ചി അടുത്ത വണ്ടിക്ക്‌ വീട്ടിലേക്കുവിട്ടോ..ഓരോന്നുങ്ങള്‍ പിന്നെ ചേച്ചിക്ക്‌ എഴുതാനായിട്ട്‌ കുറെ കഥകളുണ്ടാക്കിത്തരും'.
മരണവീട്ടിലേക്ക്‌ നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു.
അവള്‍ അവനെയൊന്നു തുറിച്ചുനോക്കി.

അകലെനിന്ന് ഒരു ബസ്സ്‌ പാഞ്ഞുവരുന്നു.കണ്ണുകള്‍ മഞ്ഞളിച്ചതായും കാല്‌ തളരുന്നതായും തോന്നിയവള്‍ക്ക്‌.
'എവിടേക്കുള്ള ബസ്സാ അലി അത്‌?'
'പട്ടാമ്പിക്കുതന്നെ'.
അവള്‍ ബസ്സിനു കൈകാണിച്ചു.ബസ്സില്‍ കയറുന്നതിനു മുമ്പ്‌ അലിയോടായിപറഞ്ഞു.
'റാഷിദ കോളേജു വിട്ടു വന്നോന്ന് ഒന്ന് ഫോണ്‍ ചൈയ്തു ചോദിച്ചോളു അലി..കുട്ടികള്‍..'
അലിയുടെ മുഖം വിളറിയതായും പിന്നീട്‌ ആ വിളര്‍ച്ച കണ്ണുകളിലേക്കു പടര്‍ന്നതായും തോന്നി.
ബസ്സില്‍ കയറി സീറ്റിലിരുന്ന ഉടന്‍ അവള്‍ ടവ്വലെടുത്ത്‌ മുഖമാകെ അമര്‍ത്തിത്തുടച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ തനിയേ കണ്ണുകള്‍ അടഞ്ഞുപോയി.
ചുറ്റും നീല നിറം വ്യാപിച്ചു.

വെളുത്ത പെറ്റിക്കോട്ടിട്ട്‌,ചപ്രത്തലമുടിയുമായി അമ്പസ്ഥാനികളിച്ചിരുന്ന എട്ടുവയസ്സുകാരിയെനോക്കി അയാള്‍ ചിരിച്ചു.

'മാമന്‍ മോള്‍ക്ക്‌ ചോന്ന മുട്ടായി വാങ്ങിവെച്ചിട്ടുണ്ട്‌'.

അവള്‍ ഉല്ലാസത്തോടെ ചാടിക്കൊണ്ട്‌ അയാള്‍ക്കു പിറകേപോയി.വാതിലുകള്‍ അടഞ്ഞു.കുറച്ചുകഴിഞ്ഞ്‌ പെറ്റിക്കോട്ടില്‍ കറപ്പാടുകളുമായി അവള്‍ തിരിച്ചു നടന്നു.അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്കിയെടുത്ത്‌ അയാള്‍ വേലിയ്ക്കുമുകളിലൂടെ അടുത്ത പറമ്പിലേക്കെറിഞ്ഞു.പിന്നീട്‌ വെള്ളരി പ്രാവിന്റെ നിറമുള്ള ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേയ്ക്കുനടന്നു. അവള്‍ മൗനിയായി വീടിന്റെ മൂലയില്‍ കുറെനാള്‍ ചടഞ്ഞിരുന്നു.പിന്നീടവള്‍ അമ്പസ്ഥാനികളിക്കുകയോ നൃത്തം ചവിട്ടുകയോ ചെയ്തില്ല...

ആരോ സീറ്റിനടുത്ത്‌ വന്നിരുന്നപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു. പെറ്റിക്കോട്ടിട്ട പെണ്‍കുട്ടി ഉണര്‍ച്ചയിലും അവളെ വിടാതെ പിടികൂടി.

2

വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.
'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?
അവള്‍ ഒന്നു ചിരിക്കുക മാത്രം ചൈയ്തു.
'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?
അവള്‍ ഒന്നും മിണ്ടിയില്ല.
'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക്‌ മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'

അവള്‍ക്ക്‌ വീണ്ടും തലകറങ്ങുന്നതുപോലെതോന്നി.തങ്കമ്മ പറഞ്ഞതൊന്നും പിന്നീടവള്‍ കേട്ടില്ല.കുറച്ചുനേരം മിണ്ടാതെ അവിടെക്കണ്ടചവിട്ടുപടിയില്‍ കുനിഞ്ഞിരുന്നു.വരാന്തയിലൂടെ കടന്നുപോയ ഓരോ രൂപവുമവളെ ഭയപ്പെടുത്തി.
പകലിനിത്ര ഇരുട്ടാണോ?
സമയമറിയാനായി അവള്‍ വാച്ചില്‍ നോക്കി.

സുനി വരൂ..എഡിറ്റര്‍ മുറിയിലേക്കു വിളിച്ചു.
'എഴുതിയതൊക്കെ നന്നായിട്ടുണ്ട്‌'.
ചത്തപെണ്ണിനെ പറ്റി കൂടുതല്‍ വിവരിക്കാമായിരുന്നില്ലേ? സുന്ദരിയായൊരു പെണ്‍കുട്ടിയെന്നുമാത്രമെഴുതാതെ കുറച്ചുകൂടിയെഴുതിചേര്‍ക്കൂ..
അവള്‍ ഒന്നും മിണ്ടിയില്ല.

സുനിയെന്താണൊന്നും മിണ്ടാത്തത്‌?
---
പെണ്ണ്‍ എങ്ങിനെയുണ്ടായിരുന്നു കാണാന്‍?
---
എന്തെഴുതിവച്ചിട്ടാ തൂങ്ങിയത്‌? പ്രെഗ്നന്റായിരുന്നോ?
----
സുനിയെന്താ ഒന്നും മിണ്ടാത്തത്‌?
എഡിറ്ററുടെ മുഖം അക്ഷമയാല്‍ ചുളിഞ്ഞു.കുറച്ചുനേരം അവര്‍ ഒന്നും മിണ്ടിയില്ല. ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ക്ലോക്ക്‌ നാലുമണിയായപ്പോള്‍ മണിയടിച്ച്‌ അവര്‍ക്കിടയിലെ നിശബ്ദതയെ പൂരിപ്പിച്ചു.
സുനിക്കെന്നോടൊന്നും പറയാനില്ലേ? അവര്‍ ദേഷ്യം കൊണ്ട്‌ ചുവന്ന മുഖവുമായി പാഞ്ഞടുത്തു.വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ്‌ അവള്‍ ഉത്തരം പറഞ്ഞുതുടങ്ങി.

'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന്റെ ശ്രുതിക്കുട്ടീടെ അതേ മുഖം, കുറച്ചു നീലച്ചിരുന്നെങ്കിലും അതേ ചുണ്ട്‌,അതേ കണ്ണുകള്‍ അവളിട്ടുവരാറുള്ളപോലത്തെ നീല ചുരിദാര്‍ ചത്തുമലച്ചുകിടക്കുന്നത്‌ മാഡത്തിന്റെ ശ്രുതിക്കുട്ടിയാണെന്നേ തോന്നൂ'..

പിന്നില്‍ നിന്നും കേള്‍ക്കുന്ന വികൃത ശബ്ദങ്ങളില്‍ പ്രതികരിക്കാതെ ഫയല്‍ കയ്യിലെടുത്ത്‌ വാതില്‍ ചാരി.
പുറത്ത്‌ ഇത്രയും ഇരുട്ടാണോ? മൂന്നാമത്തെ തവണയാണ്‌ സമയമറിയാനായി വാച്ചില്‍ നോക്കുന്നത്‌.ഇരുട്ടിനെ കൂടുതല്‍ കനപ്പിക്കാനായി മഴ ആര്‍ത്തലച്ചു വന്നു.പ്രളയം കാത്തിരുന്ന കന്യകയെപ്പോലെ ഭൂമി അവള്‍ക്കുചുറ്റും വെള്ളത്തിന്റെ ചുഴികള്‍ സൃഷ്ടിച്ചു.തൂണുകളില്‍ നിന്ന് തൂണുകളിലേക്ക്‌ കൈവച്ച്‌ പിന്തിരിഞ്ഞുനോക്കാതെ,ദൂരങ്ങള്‍ താണ്ടി അവള്‍ നടന്നു.പ്രളയ ജലം അവള്‍ക്കായ്‌ വഴിപകുത്ത്‌ ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കി.

Thursday, January 4, 2007

തോമസ്സുകുട്ടി വിട്ടോടാ

ഡയറിക്കുറിപ്പുകള്‍-2

കുറച്ചുനാളായി 'ഡയറിക്കുറിപ്പുകളില്‍' എന്തു പോസ്റ്റും എന്നുകരുതിയിരിക്കുന്നു.ഡയറിക്കുറുപ്പുകള്‍ എഴുതിത്തുടങ്ങുമ്പോള്‍ ഒരു പ്രശ്നം എപ്പോഴും വരും ആരെയും വിഷമിപ്പിക്കാതെ ഒന്നും എഴുതാന്‍ പറ്റില്ല അല്ലെങ്കില്‍ അതിനുള്ള ചങ്കൂറ്റം എനിക്കായിട്ടില്ല.അതുകൊണ്ട്‌ തമാശകള്‍ക്കാണിവിടെ മുന്‍ ഗണന കൊടുത്തിരിക്കുന്നത്‌.എഴുതിയത്‌ രണ്ടാമതും മൂന്നാമതുമൊന്നും വായിച്ചുനോക്കി തിരുത്താറുമില്ല. ഇതപ്പടി ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണെന്ന് ആരും വിശ്വസിക്കരുത്‌ മനോധര്‍മ്മത്തിനനുസരിച്ച്‌ കൂട്ടിച്ചേര്‍ക്കുന്ന പലതും ഇതിലുണ്ട്‌.
ബൂലോഗത്തില്‍ ഞാനിട്ട ചില കമന്റുകളില്‍നിന്ന് ഒരു ആരാധകന്‍ വന്നെന്റെ ഓട്ടോഗ്രാഫു ചോദിച്ചു,അപ്പോള്‍ പണ്ട്‌ സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച്‌ നിങ്ങളോട്‌ പങ്കുവെക്കണമെന്നുതോന്നി.
'ആരാധകരെന്നുകേട്ടാല്‍ പേടീ പൂരിതമാകുമെന്നന്തരംഗം' ബൂലോഗത്തില്‍ നിന്നുകിട്ടിയ പുതിയ ചൊല്ലുപോലെ 'ഞാനിവിടില്ല' എന്നു പറയും. ആ കഥ ഇതാ ഇങ്ങനെയാണ്‌.

തൃശൂര്‍ത്തെ പഠിപ്പൊക്കെക്കഴിഞ്ഞ്‌ നാട്ടിക എസ്‌.എന്‍ കോളേജില്‍ മലയാളം ബി.എ ക്കു പഠിക്കുന്ന കാലം.ആരെങ്കിലും ഏതു വിഷയമാണ്‌ പഠിക്കുന്നതെന്നു ചോദിച്ചാല്‍ മലയാളമെന്നു പറയാനൊരു കുറച്ചിലാണ്‌ അതുകൊണ്ട്‌ 'ലിറ്ററേച്ചര്‍' എന്നു പറഞ്ഞ്‌ നാലാളുകൂടുന്നിടത്തുനിന്നൊക്കെ തടിതപ്പും.
കോളേജിലെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സാസ്കാരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവം.ഒരുറുപ്യക്കു വില്‍ക്കുന്ന കയ്യെഴുത്തു മാസികയുടെ സബ്‌ എഡിറ്ററായി കോളേജിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങുന്ന കാലം.
അങ്ങനെയിരിക്കേ കേരളത്തിലെ പ്രമുഖ വനിതാമാസിക നടത്തിയ കഥാമത്സരത്തിലേക്ക്‌ ഞാനെന്റെയൊരു കഥ അയച്ചുകൊടുത്തു.കാര്യം നേടാന്‍ മാത്രം ദൈവത്തെ വിളിക്കാറുള്ള ഞാന്‍ കഥയെഴുതി ഒരു എന്‍ വൊലപ്പിലാക്കി ഒരുദിവസം സ്വാമീ ചിത്രത്തിന്റെ മുമ്പില്‍ പൂജവെച്ചതിനു ശേഷമാണ്‌ അയച്ചു കൊടുത്തത്‌. പ്രശസ്തയാകാന്‍ അതീവ മോഹം..
എന്തായാലും എന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട്‌ കഥയ്ക്ക്‌ സമ്മാനമടിച്ചു.പത്രവാര്‍ത്തയറിഞ്ഞതുമുതല്‍ 'എന്റെ അമ്മായീടെ ചേട്ടന്റെ മകളുടെ മകളാണീകുട്ടി' 'അതുപിന്നെ അവളെന്റെ മോളുടെ അനിയന്റെ അളിയന്റെ മോളല്ലെ' എന്നൊക്കെ എല്ലാവരും ബന്ധം പറഞ്ഞു. എന്തായാലും മകളെ മലയാളം ബി.എ എടുപ്പിച്ചതില്‍ എന്റെ കുടുംബമഭിമാനിച്ചു.ഡോക്ടര്‍മ്മാരെക്കൊണ്ടും എഞ്ചിനീയര്‍മ്മാരെക്കൊണ്ടുമൊക്കെ വഴിതടഞ്ഞു നടന്നിരുന്ന കുടുംബത്തില്‍ ഒരു കഥാകാരി ജനിച്ചു.
സമ്മാനം കിട്ടിയ അന്നു തന്നെ മലയാളത്തിലെ പ്രമുഖപത്രത്തില്‍ പേരും അഡ്രസ്സും അച്ചടിച്ചു വന്നു. അവിടന്നല്ലേ പൂരം തുടങ്ങുന്നത്‌.ലോകര്‍ക്കെല്ലാം ഒരു പെണ്‍കുട്ടീടെ പേരും അഡ്രസ്സും ഫ്രീയായി കിട്ടിയിരിക്കുകയാണ്‌.എന്റെ കഥ ഇതുവരേയും അച്ചടിച്ചു വന്നിട്ടില്ല അതിനു മുമ്പേ തന്നെ പോസ്റ്റുമേന്‍ മണിയടിച്ചുകൊണ്ട്‌ ഒരു ചുമടു കത്തുകളുമായി വീട്ടിലേക്കു വന്നു തുടങ്ങി.ഒക്കെ 'ആരാധകരുടേതാണ്‌'...

'പ്രിയപ്പെട്ട സിജി നിങ്ങളുടെ ആരാധകനാണു ഞാന്‍, സമ്മാനം കിട്ടിയതില്‍ അഭിനന്ദനങ്ങള്‍'..
ഒരൊറ്റ പെണ്ണുങ്ങളുടെ കത്തും അതിലില്ല ഒക്കെ ആരാധകന്മ്മാരുടെ മാത്രം.എനിക്ക്‌ സന്തോഷമായി ഏതോ ഒരോണംകേറാ മൂലയില്‍ കിടന്നിരുന്ന പെണ്ണിന്‌ ലോകം മുഴുവന്‍ ആരാധകരായിയെന്നു പറഞ്ഞാല്‍ ആരാ ഇതിലൊക്കെ സന്തോഷിക്കയ്യ്യാണ്ടിരിക്ക്യാ.
കുറച്ചു ദിവസത്തിനുള്ളില്‍ മാസികയുടെ പത്രാധിപരുടെ കത്തു വന്നു.
'സിജി നിങ്ങളുടെ ഒരു ഫോട്ടോവേണം,കഥയോടൊപ്പം പ്രസിദ്ധീകരിക്കാനാണ്‌.
ഈ കത്ത്‌ ഞാന്‍ മുമ്പേ പ്രതീക്ഷിച്ചതാണ്‌,അതിനു മുമ്പേ തന്നെ ഞാന്‍ പടം പിടിക്കല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.കണ്ടാല്‍ ആരും കുറ്റം പറയാത്ത സൗ ന്ദര്യമേ എനിക്കുള്ളു. അച്ഛന്‍ വകയും അമ്മവകയും ഒരു ഏവറേജ്‌ സൗ ന്ദര്യ ഫാമിലിയില്‍ ജനനം.ഫെയര്‍ ഏന്റ്‌ ലൗവ്‌ ലിയും മഞ്ഞളും സമമായി അരപ്പിച്ചു തേപ്പിച്ച്‌ അമ്മയെന്റെ ഭംഗികൂട്ടിക്കാന്‍ ശ്രമിക്കാറുണ്ട്‌,പക്ഷെ ഒന്നും അങ്ങട്ട്‌ ഫലിക്കുന്നില്ല.എടമുട്ടത്തെ സ്റ്റുഡിയോയില്‍ പോയിയെടുത്ത ഫോട്ടോയൊന്നുമെനിക്ക്‌ പിടിച്ചില്ല അതിനെ ഞാന്‍ ജൂഹി ചൗളയുടെ ഫോട്ടോയോട്‌ താരതമ്യം ചെയ്തു നോക്കി വലിച്ചെറിഞ്ഞു.അവസാനം ഫാമിലി ഫോട്ടോ ആല്‍ബത്തില്‍ നിന്നും വെട്ടിയെടുത്ത സാമാന്യം തരക്കേടില്ലാത്ത,ഭംഗിയുണ്ടെന്നു മറ്റുള്ളവര്‍ക്കുതോന്നിക്കുന്ന ഒരു ഫോട്ടോ വെട്ടിയെടുത്ത്‌ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുത്തു.
കേരളത്തില്‍ ഏറ്റവുമധികം വിറ്റുവരവുള്ള മാസികയാണേ എത്രയാളുകള്‍ കാണുന്നതാ.അതൊക്കെക്കഴിഞ്ഞപ്പോളാണ്‌ മറ്റൊരുകാര്യം ഞാനോര്‍ത്തത്‌. സമ്മാനമടിച്ച കഥ കണ്ടംവെച്ചകോട്ടുപോലെ തട്ടിക്കൂട്ടിയ ഒന്നാണ്‌,ഗുണ നിലവാരം വളരെ കുറവ്‌.അച്ചടി മഷി പുരളുമ്പോള്‍ എല്ലാ ജനങ്ങളുമത്‌ വായിക്കില്ലേ? വിധികര്‍ത്താക്കള്‍ തന്നെ പറയുന്നുണ്ട്‌ 'കാമ്പുള്ള കഥകളൊന്നും മത്സരത്തിനായി വന്നില്ലെന്ന്. എന്തായാലും വരുന്നതുപോലെ വരട്ടെ.അങ്ങിനെ ആദ്യമായി എന്റെയൊരു കഥ അച്ചടി മഷിപുരണ്ടു. കടകളുടെ മുന്നില്‍ കഥയടിച്ചുകിടക്കുന്ന മാസികകള്‍ കാണുമ്പോള്‍ സന്തോഷംകൊണ്ടെന്റെ ഹൃദയം നിറഞ്ഞു. കാണുന്നവരൊക്കെ ഫോട്ടോ കണ്ടുവെന്ന് കുശലം പറഞ്ഞു.

ആരാധകരെക്കൊണ്ടൊരു രക്ഷയുമില്ല.സത്യം പറയട്ടെ ഗള്‍ഫില്‍ നിന്ന് അവിവാഹിതരായ ചെറുപ്പക്കാരുടെ അമ്പതുകത്തെങ്കിലും വന്നു.ഇന്ത്യയില്‍ നിന്നും വന്നവയ്ക്ക്‌ കണക്കില്ല.
'സിജി നിങ്ങളുടെ ഒപ്പുവെച്ച ഒരു ഫോട്ടോയെനിക്കയച്ചു തരുമോ'?
'സിജി കഥ പോലെ സുന്ദരിയാണ്‌ നിങ്ങളും'
എന്നുതുടങ്ങുന്ന പല കത്തുകളും അതിലുണ്ടായിരുന്നു.കഥയെ പറ്റിയോ അതിന്റെ ഗുണ നിലവാരത്തെ പറ്റിയോ പരാമര്‍ശിക്കുന്ന ഒരൊറ്റകത്തും അതിലില്ല.എങ്കിലുമെന്ത്‌ ഇതൊക്കെക്കണ്ട്‌ എന്റെ മനം കുളിര്‍ത്തു.
സമ്മാനമായിക്കിട്ടിയ ആയിരത്തിയഞ്ഞൂറുറുപ്യ അപ്പുറത്തെ മാമനും,ഇപ്പുറത്തെ അമ്മായിയും,എന്റെ അമ്മയും കടം വാങ്ങി മുടിച്ചെങ്കിലും ഈ കത്തുവരല്‍ എനിക്കു രോമാഞ്ചം തന്നുകൊണ്ടേയിരുന്നു.
അങ്ങിനെയിരിക്കെ ഒരു കത്തു വന്നു എഴുതിയിരിക്കുന്ന ആള്‍ അല്ലെങ്കില്‍ നമ്മുടെ കഥാനായകന്റെ പേര്‌ 'തേജസ്സ്‌ ത്യാഗി' ആ കത്തില്‍ എന്റെ കണ്ണുടക്കി രണ്ടേ രണ്ടു വരികള്‍ മാത്രം അദ്ദേഹം എഴുതിവിട്ടിരിക്കുന്നു.
'കഥ അത്ര നിലവാരം പുലര്‍ത്തുന്നില്ല എങ്കിലും നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ കുഴപ്പമില്ല.കുറച്ചുകൂടി ഗൗരവമായ വിഷയങ്ങളെ കൈകാര്യം ചെയ്യൂ.അഭിനന്ദനങ്ങള്‍..'
സുഖിപ്പിക്കാതെ,പുകഴ്ത്താതെയെഴുതിയ ഒരാണിനോട്‌ എനിക്ക്‌ നന്ദി പറയണമെന്നു തോന്നി,പിന്നെ അദ്ദേഹത്തിന്റെ പേരില്‍ തന്നെയുണ്ടൊരിത്‌..'തേജസ്സ്‌ ത്യാഗി'
കഥയെപറ്റിയുള്ള അഭിപ്രായമറിയിച്ചതില്‍ നന്ദി പറഞ്ഞ്‌ ഞാന്‍ മറുകുറിയയച്ചു.കിട്ടേണ്ട താമസം കൊല്ലത്തുനിന്ന് മൂപ്പരുടെ മറുപടി വന്നു.
'സിജി മറുപടിക്കു നന്ദി, എന്റെയീ വേദനകളില്‍ നിങ്ങളുടെ കത്തൊരു നനവായി'.

എന്തുവേദന സ്നേഹിതാ, എന്താണു കുഞ്ഞാടെ നിന്നെ ഇത്രയധികം അകറ്റുന്ന വേദനയെന്നുചോദിച്ച്‌ ഞാനങ്ങോട്ടൊരു കത്തു പൂശി.
'കശുവണ്ടിത്തൊഴിലാളിയും കള്ളുകുടിയനുമായ അച്ഛന്‍,പാറ ഉടച്ചും കയര്‍ പിരിച്ചും കുടുംബം പുലര്‍ത്തുന്ന അമ്മ,ഇതിനിടയില്‍ എന്തെങ്കിലും കൂലിവേലകള്‍ ചെയ്ത്‌ ഞാന്‍ എഞ്ചിനീയറിങ്ങു പഠനം നടത്തുന്നു.
അയ്യോ പാവം.എന്തൊക്കെ ജീവിതാനുഭവങ്ങളുള്ള മനുഷ്യനാണിയാള്‍. അയാളുടെ അനുഭവങ്ങളുടെ ചൂടുള്ള വാക്കുകള്‍ എന്റെ ഹൃദയം പൊള്ളിച്ചു.
എനിക്കാണെങ്കില്‍ അങ്ങിനത്തെ തിക്താനുഭവങ്ങള്‍ വളരെ കുറവ്‌.എങ്കിലും പത്താം ക്ലാസ്സില്‍ മാര്‍ക്കുകുറഞ്ഞ്‌ കൈത്തണ്ട പിച്ചിനീലം വെപ്പിച്ച അമ്മയുടെ ക്രൂരതയും,പടിഞ്ഞാറയിലെ ചേട്ടന്‍ ചക്ക വെട്ടാന്‍ മുകളില്‍ കയറിയപ്പോള്‍ വീണ്‌കാലൊടിഞ്ഞ്‌ ആശുപത്രിയിലാക്കിയതും,കഴിമ്പ്രത്ത്‌ ജനങ്ങള്‍ക്കിടയില്‍ നിന്ന് പോകുന്ന സ്നേഹവും,സാഹോദര്യവുമൊക്കെയടങ്ങുന്ന വേദനാക്കുറിപ്പുകള്‍ ഒരു ഗുളിക പരുവത്തില്‍ ഞാനും തയ്യാറാക്കി.ഇതിനടിയില്‍ ഞാന്‍ കയ്യെഴുത്തു മാസികയില്‍ എഴുതുന്ന ചില കവിതകളും അതിലുള്‍പ്പെടുത്തി.അങ്ങിനെയൊരു നാലു കത്ത്‌ ഞാനുമയച്ചു.

'സിജി നിങ്ങളുടെ കത്തുകളില്ലാത്ത ലോകം എത്ര വ്യര്‍ത്ഥമാണ്‌,ഞാന്‍ എന്നും പോസ്റ്റുമേനെ കാത്തിരിക്കും,മഴപെയ്യാന്‍ കാത്തിരിക്കുന്ന വേഴാമ്പലുപോലെയാണപ്പോള്‍ എന്റെ മനസ്സ്‌'.
അയാളുടെ ഇങ്ങനെയെഴുതിയ കത്തുവന്നതും ഈ മാഷുടെ പോക്കത്ര ശരിയല്ലയെന്നെനിക്കുതോന്നി.
കഴിമ്പ്രത്തെ പ്രകൃതി ഭംഗി വര്‍ണ്ണിച്ചെഴുതുന്ന കത്ത്‌ കാത്തിരിക്കുന്ന ഈ വേഴാമ്പലിന്‌ വേറെ പണിയൊന്നുമില്ലേ?ഇയാളെഴുതുന്ന കാര്യങ്ങള്‍ എത്ര ശരിയുണ്ട്‌?
അയാളെന്നെ വിടാന്‍ ഭാവമില്ല.വികാരനിര്‍ഭരമായ കത്തുകള്‍ വീണ്ടും,വീണ്ടും വന്നു.കൊത്താത്ത ഇരയെ കൊത്തിപ്പിച്ചെടുക്കാനുള്ള പല നമ്പറുകളും അതിലുണ്ടായിരുന്നു.
ഇതെങ്ങാന്‍ അച്ഛനുമമ്മയും പൊട്ടിച്ചു വായിച്ചാല്‍ എന്റെ കഥ തീര്‍ന്നതുതന്നെ.വേലീമ്മല്‍ കിടന്ന പാമ്പിനെ തലയിലെടുത്തു വച്ച എന്റെ പൊട്ട സമയത്തെ ഞാന്‍ പഴിച്ചു.പത്തിരുപതു വയസ്സുപ്രായത്തില്‍ ഏതു പെണ്‍കുട്ടിയാ ഈയൊരവസ്ഥ വരുമ്പോള്‍ പേടിക്യാണ്ടിരിക്ക്യാ.

അങ്ങിനെയൊരു ദിവസം ഞാന്‍ എന്റെ പരീക്ഷാഫലമറിഞ്ഞ്‌ കോളേജില്‍ നില്‍ക്കുകയാണ്‌.എന്തോ ചില ഭാഗ്യത്താല്‍ ചില വിഷയങ്ങളിലൊക്കെ നല്ല മാര്‍ക്കുണ്ട്‌.എനിക്കു സന്തോഷം സഹിക്കാന്‍ വയ്യ.
അതിനിടയില്‍ ഒരു കുട്ടി സഖാവെന്നോടു വന്നു പറഞ്ഞു. 'സിജിയെന്തൂട്ടാ ഇവിടെ നില്‍ക്കുന്നത്‌ കൊല്ലത്തു നിന്നൊരാള്‍ കാണാനായി വന്ന് കൊടി മരത്തിനു താഴെ നില്‍ക്കുന്നുണ്ട്‌'.

ആരടാ ഈ കൊല്ലത്തു നിന്നൊരാള്‍? ഞാന്‍ ആകാംക്ഷയോടെ കൊടിമരത്തിനടിയിലേക്കുപോയി.
സാക്ഷാല്‍ തേജസ്സ്‌ ത്യാഗി !
ഇരു നിറത്തില്‍ ആറടിപൊക്കത്തില്‍,വണ്ണം കുറഞ്ഞ്‌ എന്റെ ആരാധകരിലൊരാള്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഞാന്‍ നിന്ന നില്‍പ്പില്‍ തന്നെ ഫ്യൂസായിപ്പോകുമെന്നു തോന്നി.
'ഞാന്‍ കോളേജിലെ ഒരു സമ്മേളനത്തിനായി തൃശൂര്‍ക്ക്‌ വന്നതാ കൂട്ടത്തില്‍ സിജിയെ ഒന്നു കാണാമെന്നു കരുതി'
അതെയോ ഞാന്‍ ചിരിച്ചു.
എന്താ സിജിയുടെ മുഖത്തൊരു വിഷാദം?
ഒന്നുമില്ല .പരീകഷയുടെ റിസള്‍ട്ടു വന്നു മാര്‍ക്കൊക്കെ കുറവ്‌.
'നമുക്ക്‌ നിങ്ങളുടെ കാന്റിനില്‍ പോയിരുന്നു സംസാരിക്കാം,എനിക്ക്‌ സിജിയോട്‌ എന്റെ മനസ്സ്‌ തുറന്നൊന്നു സംസാരിക്കണം.'
സംഗതി പുലിവാലാണെന്നു തോന്നിയ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.
'ഇവിടെ നിന്നു സംസാരിക്കാം ഞാന്‍ കാന്റിനില്‍ പോകാറില്ല' ഞാന്‍ നുണകള്‍ കാച്ചിവിടുകയാണ്‌.
'അതെന്താ കാന്റിനില്‍ പോയാല്‍ നിന്റെ കയ്യിലെ വളയൂരിപ്പോകുമോ? നീയെന്താ എനിക്കു കത്തെഴുതാത്തത്‌?
ആരാധകന്റെ ഭാഷ മാറിൂത്തുടങ്ങുകയാണ്‌.പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട്‌ നടുറോട്ടിലിട്ടു കാമുകിയെ കുത്തി മലര്‍ത്തുന്ന കാമുകന്മ്മാരെപറ്റി ഞാന്‍ വായിച്ചിട്ടുണ്ട്‌.എന്റെ പെരിങ്ങോട്ടുകര ചാത്തന്മ്മാരെ എന്റെ കഥയിന്നു കഴിഞ്ഞതു തന്നെ.തലകറങ്ങി വീഴാതിരിക്കാന്‍ ഞാന്‍ കൊടി മരത്തില്‍ പിടിച്ചു.എന്തോ ഒരു മഹാ ഭാഗ്യത്തിന്‌ എന്റെ കൂട്ടുകാരി ആ വഴിവന്ന് നാലേ അമ്പതിന്‌ കഴിമ്പ്രത്തേക്കുപോകുവാനുള്ള അവസാന ബസ്സ്‌ പോകുമെന്നോര്‍മ്മിപ്പിച്ചു.

'തേജസ്സ്‌,എന്റെ ബസ്സു പോകാറായി ഇവിടെ വന്ന് എന്നെകണ്ടതില്‍ വളരെ സന്തോഷം'
ഞാന്‍ ചിരി വരുത്തിക്കൊണ്ടു പറഞ്ഞു.
'ബസ്സ്‌ സ്റ്റോപ്പ്‌ വരെ ഞാനും വരാം' അയാള്‍ പറഞ്ഞു.

'അയ്യോ വേണ്ട പോകുന്ന വഴിയില്‍ ഞങ്ങള്‍ക്കൊരു പുസ്തകം വാങ്ങാനുണ്ട്‌.ഞങ്ങള്‍പ്പോട്ടെ ഇപ്പോപോയില്ലെങ്കില്‍ കഴിമ്പ്രം വരെ നടക്കണം.'.
'നീയൊന്നു വേഗം വരുന്നുണ്ടോയെന്ന് കൂട്ടുകാരി എന്നെ രക്ഷിക്കാനായൊരു ഡയലോഗുമിട്ടു.
അതുകേള്‍ക്കേണ്ട്‌ താമസം ഗേറ്റിനു പുറത്തു കണ്ട ആദ്യത്തെ ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ തൃപ്രയാര്‍ സെന്ററിലേക്കു വിട്ടു.
ഇയാള്‍ ഇനിയും എന്നെക്കാണാന്‍ കോളേജിലേക്കു വരുമോ?ഞാനയച്ച കത്തുകള്‍കൊണ്ടെന്നെ ഭീഷണിപ്പെടുത്തുമോയെന്നൊക്കെയോര്‍ത്ത്‌ എനിക്കന്നു രാത്രി ഉറക്കമേ വന്നില്ല.ഇതെല്ലാമൊന്നൊഴിഞ്ഞു പോയാല്‍ എന്നെക്കൊണ്ടാകുന്നതുപോലെ ചെയ്യാന്‍ പറ്റുന്നൊരു വഴിപാട്‌ ഞാന്‍ ദൈവത്തിനു നേര്‍ന്നു.

രണ്ട്‌ ദിവസത്തിനു ശേഷം തേജസ്സ്‌ ത്യാഗിയുടെ കത്ത്‌ വീണ്ടും വന്നു.
'എടി ചെറ്റേ,
നീയെന്തു വിചാരിച്ചു എന്നെ പറ്റി.നിന്റെ സൗ ന്ദര്യം കണ്ട്‌ ഞാന്‍ മയങ്ങിയെന്നോ, ഫോട്ടോയില്‍ കാണുന്നതിന്റെ പകുതി ഭംഗി പോലുമില്ലെടിനിനക്ക്‌.നിന്റെ എലിവാലു പോലത്തെ മുടിയും,പാറപ്പുറത്ത്‌ ഒച്ചിരിക്കുന്നതുപോലത്തെ മൂക്കും,തുറിച്ച കണ്ണും കണ്ടെനിക്ക്‌ ശര്‍ദ്ദിക്കാന്‍ വന്നെടി.
'മനുക്കുട്ടന്‍ ദേ അപ്പിയിട്ടു' എന്നുപറഞ്ഞ്‌ ഓടിവന്ന് എന്റെ കുട്ടിയെ പെറ്റുനോക്കി വളര്‍ത്തുന്ന ഒരു ഭാര്യയുണ്ടെടി എനിക്ക്‌ .ബിന്ദു വെന്നാണവളുടെ പേര്‌.

ആ കത്തിലെ ഒരു ഭാഗവും എഡിറ്റു ചെയ്യാതെ യാണ്‌ ഞാന്‍ മുകളിലിട്ടിരിക്കുന്നത്‌.
കൃഷ്ണാ..ഗുരുവായൂരപ്പാ.ഇയാള്‍ക്കൊരു ഭാര്യയുണ്ടെന്നു പറഞ്ഞ്‌ എന്നെ ഒഴിവാക്കി തന്നാല്‍ മതിയായിരുന്നു.
ഞാന്‍ ഉള്ള തടിയും നോക്കി മിണ്ടാതെയിരുന്നു.കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ വീട്ടിലേക്ക്‌ ഒരു വലിയ എന്‍ വൊലപ്പ്‌ എന്നെത്തേടി വന്നു. അതില്‍ ഞാനയച്ച കത്തുകളും' ഇന്നടി പുല്ലേ നിന്റെ കത്തുകള്‍' എന്നൊരു വരിയും.
ഞാനന്ന് എല്ലാ കത്തുകളും ആകാശത്തിലേക്ക്‌ ചീന്തിയെറിഞ്ഞ്‌ സ്വാതന്ത്യം കിട്ടിയ സന്തോഷത്തോടെ അന്നത്തെ ദിവസമാഘോഷിച്ചു.ഇഷ്ടമുള്ള പാട്ടുകേട്ട്‌ സുഖമായുറങ്ങി. പിന്നീട്‌ ആരാധകരെന്ന പേരുകേള്‍ക്കുമ്പോള്‍ ഒരൊറ്റവാചകമേ ഞാന്‍ പറയൂ.
'തോമസ്സുകുട്ടീ..വിട്ടോട..'