Monday, May 5, 2008

കൂര്‍ക്ക

കൂര്‍ക്കത്തടത്തിനുതാഴെ മണലില്‍ മയങ്ങിക്കിടക്കുന്ന അണലി പാമ്പുകളെപ്പറ്റി കാര്‍ത്തുവാണ്‌ എന്നോടു പറഞ്ഞത്‌.

പടിഞ്ഞാറോട്ട്‌ ക്രമമായ്‌ ഒഴുകുന്ന തോട്ടുവെള്ളത്തെ മുകളിലോട്ട്‌ തെറിപ്പിച്ച്‌ കുളിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പാമ്പിനെപ്പോലെ നീണ്ടു ചുരുണ്ടുകിടക്കുന്ന പായലുകളേയും,ഒരു ഞെട്ട്‌ മുകളിലേക്കു നിവര്‍ത്തി പത്തി നിവര്‍ത്തി നില്‍ക്കുന്നതു പോലുള്ള വീര്‍പ്പത്തികളേയും കണ്ട്‌ ഞെട്ടലോടെ ഞാന്‍ തോട്ടിന്‍ കരയിലേക്ക്‌ ഓടിക്കയറി.
കാര്‍ത്തുവപ്പോള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുകയും വലിയൊരു തിമിംഗലമാണ്‌ അവളെന്ന ഭാവത്തില്‍ തോട്ടില്‍ മലര്‍ന്നു കിടന്ന് വായില്‍ കുറെ വെള്ളമെടുത്ത്‌ മുകളിലേക്കു തൂറ്റിക്കുകയും ചെയ്തു.
അവളുടെ പരിഹാസ ഭാവത്തേയും,വെള്ളത്തില്‍ അവള്‍ക്കുള്ള ആധിപത്യത്തേയും കണ്ട്‌ സഹിക്ക വയ്യാതെ ഞാന്‍ നനഞ്ഞ മണ്ണ്‌ ഉരുളയാക്കി അവളുടെ മേലേക്ക്‌ എറിഞ്ഞു, അവളുടെ തോര്‍ത്തു മുണ്ടില്‍ തുപ്പിവെച്ചു.

വെള്ളം കണ്ടാല്‍ കാര്‍ത്തു ഒരു മീനാകും കൈകള്‍ പരത്തി വെയ്ക്കുകയും,കാല്‍ അടുപ്പിച്ചു വെയ്ക്കുകയും ചെയ്ത്‌ വളഞ്ഞ്‌ പുളഞ്ഞ്‌ വെള്ളത്തിന്നടിയിലൂടെ ഊളിയിടും. ചിലപ്പോള്‍ മലര്‍ന്നു കിടന്ന് ആകാശത്തെ നോക്കി തോട്ടിലെ ഒഴുക്കിനൊത്ത്‌ അവള്‍ ഒഴുകി നടക്കും. അവളുടെ വെളുത്ത ഷിമ്മീസിനു മുകളില്‍ പായലുകളും,തെങ്ങിന്‍ പൂക്കുലയുടെ ഉണങ്ങിയ കഷ്ണങ്ങളും,മച്ചിങ്ങകളും,കുളവാഴകളും ചേര്‍ന്നടിഞ്ഞു നില്‍ക്കും.
ഒരു കുഞ്ഞില പോലെ അവള്‍ തോട്ടില്‍ ഒഴുകി നടക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്‌. തോട്ടുവക്കത്തെ കാട്ടു ചെടികളുടെ ഇലകളും കായകളും എന്റെ ദേഷ്യത്തിനും നിരാശയ്ക്കും വിധേയരായി തോട്ടിലൂടെ എന്നും ഒഴുകി പോയ്ക്കൊണ്ടിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നുള്ളതുപോലെ മതിലുകളോ എന്തിന്‌ ഒരു വേലിയോ പോലും അയല്‍പക്കത്തെ തമ്മില്‍ വേര്‍തിരിച്ചിരുന്നില്ല.ചിലര്‍ കൈതകള്‍ നിരനിരയായ്‌ വെച്ചു പിടിപ്പിച്ചു മറ്റു ചിലര്‍ ശീമക്കൊന്നകൊണ്ട്‌ ഒരു അതിര്‍ വരമ്പുവരച്ചു. 'റോഡ്‌' എന്നുള്ള സങ്കല്‍പം പോലും അന്ന് ഉണ്ടായിരുന്നില്ല ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും,മരങ്ങളും ചെടികളും ഇല്ലാത്ത മുറ്റങ്ങളും റോഡായ്‌ പരിണമിച്ചു.കക്കൂസുകളോ,കുളിമുറികളോ അന്ന് ആര്‍ക്കും വേണ്ടിയിരുന്നിരുന്നില്ല. കുളങ്ങളും,റോഡുകളും ഇഷ്ടം പോലെ നാലുവശത്തും പരന്നു കിടന്നിരുന്നു. ഒഴിഞ്ഞു കിടന്നിരുന്ന പറമ്പുകളില്‍ തൂറിയിടാനും ഇലകളെടുത്ത്‌ ചന്തി തുടയ്ക്കുവാനും ഞങ്ങളുടെ നശിച്ച നാട്ടുകാര്‍ അമാന്തം കാണിച്ചിരുന്നില്ല.പരിഷ്കൃതരായ ആളുകള്‍ ഇതൊക്കെക്കണ്ട്‌ നെറ്റി ചുളിക്കുകയും,ഛര്‍ദ്ദിച്ചുവെയ്ക്കുകയും ചെയ്യുമെന്ന് അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ തന്നെ 'ഞങ്ങള്‍ക്കതിനെന്തു ചേതം' എന്ന മട്ടില്‍ അവര്‍ മുഖം തിരിക്കും.

എന്റെയും കാര്‍ത്തുവിന്റേയും വീടിനെ വേര്‍തിരിച്ചിരുന്നത്‌ ചെറിയൊരു മുളങ്കാടായിരുന്നു. ആളുകള്‍ ഉടഞ്ഞ കുപ്പികളും,കേടായ വീട്ടു സാമാനങ്ങളും എടുത്തെറിഞ്ഞിരുന്ന ഈ മുളങ്കാട്ടില്‍ കുട്ടികകള്‍ ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു,എങ്കിലും അമൂല്യങ്ങളായ കുപ്പിച്ചില്ലുകളും,വളപ്പൊട്ടുകളും,മറ്റു വല്ല നിധികളും കിട്ടുമെന്നുള്ള ആകര്‍ഷണം ഗ്രാമം മുഴുവന്‍ മയങ്ങിക്കിടക്കുന്ന നട്ടുച്ച സമയങ്ങളില്‍ എന്നേയും കാര്‍ത്തുവിനേയും അവിടേയ്ക്ക്‌ ഒളിച്ചോടിപ്പിച്ചു.

കൂര്‍ക്കയെപ്പറ്റിയെഴുതാതെ ഞങ്ങളുടെയാരുടേയും കഥ പൂര്‍ണ്ണമല്ല. അമ്മിയില്‍ വെച്ച്‌ ചതച്ചെടുത്ത ചെറിയുള്ളി വെളിച്ചെണ്ണയില്‍ക്കിടന്ന് മൊരിയുമ്പോള്‍ അതിലേക്ക്‌ വീഴുന്ന വെന്തകൂര്‍ക്കയുടെ മണം, വറ്റിച്ചെടുത്ത ചെറു നത്തോലിയില്‍ക്കിടന്ന് തിളയ്ക്കുന്ന കൂര്‍ക്കയുടെ അപൂര്‍വ്വമണം എന്നിങ്ങനെ നാക്കിനെ മാത്രം കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെയുള്ള ഒരു യാത്രമാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്‌ കൂര്‍ക്ക.

ഉമ്മറത്ത്‌ കുത്തിയിരുന്ന് നാട്ടുവര്‍ത്തമാനം പറയുകയും,തലയിലെ പേനേയും ഈരിനേയും തള്ള നഖങ്ങള്‍ക്കിടയിവെച്ച്‌ പൊട്ടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ 'അക്കൊല്ലം നട്ട കൂര്‍ക്ക' യുടെ ഗുണവും ദോഷവും വലിയൊരു വിഷയമായ്‌ ഞങ്ങള്‍ക്കിടയിലേക്ക്‌ കടന്നു വരുമായിരുന്നു.
ദൂരദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ കൂര്‍ക്ക വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഉരുണ്ട്‌ മിനുത്ത ഇടത്തരം മണികള്‍ക്ക്‌ ഞങ്ങളുടെ ഗ്രാമത്തിലെ പൂഴിമണ്ണിന്റെ മണവുമായ്‌ ചേര്‍ന്ന് പ്രത്യേകവും,ഭ്രമിപ്പിക്കുന്നതും,കൊതിപ്പിക്കുന്നതുമായൊരു മണം വന്നു ചേര്‍ന്നു

2

കാര്‍ത്തുവിന്റെ പുരയ്ക്ക്‌ രണ്ടേ രണ്ടു വാതിലേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛന്‍ മരിക്കുന്നതിനു മുമ്പ്‌ മുളന്തൂണുകളും,ചിതല്‍തിന്ന കുറച്ചു മരക്കഷ്ണങ്ങളും സങ്കടിപ്പിച്ചു വെച്ചിരുന്നു.അച്ഛന്റെ മരണശേഷം അമ്മ തട്ടിക്കൂട്ടിയ ചെറിയ ഓലപ്പുരയില്‍ വെപ്പിനും കിടപ്പിനുമെല്ലാം കൂടി ഒരേയൊരു മുറിയേ ഉണ്ടായിരുന്നുള്ളു.അതിന്റെ ഒരു വാതില്‍ കിഴക്കേപ്പുറത്തേയ്ക്കും മറ്റൊന്ന് വടക്കേപ്പുറത്തേയ്ക്കും തുറക്കും.
ചുട്ടുപൊള്ളുന്ന വേനലില്‍ ഓലകള്‍ക്കിടയിലൂടെ കുഴല്‍പോലുള്ള പ്രകാശങ്ങളെ കൊണ്ടു വരുന്ന ഓട്ടകളെ ഞങ്ങള്‍ എണ്ണിക്കളിച്ചു,ചെറ്റപിടിച്ചു കുലുക്കി ദ്രവിച്ചു തുടങ്ങിയ ഓലകളെ ചെറുമഴപോലെ നിലത്തേയ്ക്ക്‌ തൂളിച്ചു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും മോശം നിലയിലുള്ള വീടുകളിലൊന്നാണ്‌ കാര്‍ത്തുവിന്റെ വീടെങ്കിലും ആ വീട്ടുമുറ്റത്താണ്‌ ഏറ്റവും മിനുപ്പും,മണവും,രുചിയുമുള്ള കൂര്‍ക്കകള്‍ വിളഞ്ഞിരുന്നത്‌.
വീടിന്റെ തെക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമായ്‌ നിറഞ്ഞു കിടന്നിരുന്ന കൂര്‍ക്കത്തടങ്ങളെ കാര്‍ത്തുവിന്റെ അമ്മ രണ്ടു നേരവും നനയ്ക്കും .ആ സമയത്ത്‌ കൂര്‍ക്കയിലകള്‍ തണുപ്പുള്ള വെള്ളത്തെ ഉള്ളിലേക്കാവാഹിച്ച്‌ ഇളം പച്ച നിറത്തെ കുറേക്കൂടി കോശങ്ങളില്‍ പടര്‍ത്തും
നനഞ്ഞ മണ്ണിന്റെ മണവും,കൂര്‍ക്കയിലയുടെ നേര്‍ത്ത മണവും ചേര്‍ന്ന കാറ്റ്‌ എന്റെ ഗൃഹാതുരതയുടെ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചതും,പൂഴിമണ്ണില്‍ മാറാല ചുറ്റിയതുപോലുള്ള വേരുകള്‍ സ്വപ്നത്തില്‍ കയറിയിറങ്ങിയതും ഒരു പക്ഷേ കാര്‍ത്തുവിന്റെ വിടിന്റെ ചവിട്ടു പടിയില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്നാവണം.

'കൂര്‍ക്കത്തടത്തിനു താഴെ മയങ്ങിക്കിടക്കുന്ന അണലിപാമ്പുകളെപ്പറ്റി' കാര്‍ത്തു പറഞ്ഞ അന്നു മുതലാണ്‌ എന്റെ സ്വപനങ്ങളില്‍ പറിച്ചെടുക്കുന്ന കൂര്‍ക്കയുടെ വേരുകള്‍ക്കുപകരം പാമ്പുകളും വേരിന്റെ ഇടയിലും തുമ്പിലും പറ്റിയിരിക്കുന്ന കൂര്‍ക്കമണികള്‍ക്കു പകരം പാമ്പിന്‍ മുട്ടകളും കടന്നു വരാന്‍ തുടങ്ങിയത്‌. ചില സ്വപ്നങ്ങളില്‍ പാമ്പിന്‍ മുട്ടകള്‍ അസമയത്തു വിരിഞ്ഞ്‌ വലിയ പാമ്പുകളായ്‌ മാറി എന്റെ കണ്ണിലേക്ക്‌ കൊത്താനായുകയും ഞെട്ടലോടെ ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പിച്ചും പേയും പറയുകയും ചെയ്തു.

'നീ കണ്ടിട്ടുണ്ടാ പാമ്പുകളെ'?
തലേന്നത്തെ ദുസ്വപ്നത്തിന്റെ ചടവുമാറാതെ ഞാന്‍ കാര്‍ത്തുവിനോടു ചോദിക്കും.

'ഞാന്‍ കണ്ടിട്ടുണ്ട്‌,എന്റെ അമ്മേം കണ്ടിട്ടുണ്ട്‌,നിനക്കും ഞാന്‍ കാട്ടിത്തരാം.'

കാര്‍ത്തു അവളുടെ ഉരുണ്ട കണ്ണുകള്‍ കുറേക്കൂടി തുറുപ്പിച്ച്‌ എന്നോട്‌ പാമ്പുകളെപ്പറ്റി വ്യക്തമായി വിവരിക്കും.

'മണ്ണിരയെപ്പോലെ ചേര്‍ന്നും,പിരിഞ്ഞും,ഉണ്ടയായും ഒക്കെ കിടക്കാണോ ചെയ്യാ'?

'എങ്ങനെ വേണമെങ്കിലും കിടക്കാം.പതുക്കെപ്പറ അവറ്റകേള്‍ക്കും'.

വ്യവസ്ഥകള്‍ ഇല്ലാത്തതാണ്‌ പാമ്പുകളുടെ ജീവിതം. എങ്ങി നെ വേണമെങ്കിലും കിടക്കാം..മയങ്ങാം,ഉറങ്ങാം. മനുഷ്യന്മ്മാരുടെ കാലടികളെ അവയ്ക്ക്‌ പിന്തുടരാം. 'എന്റമ്മേ'..ഞാന്‍ കാലുകള്‍ മണ്ണില്‍ നിന്ന് പുരയിലേക്ക്‌ ആന്തലോടെ എടുത്തു വെയ്ക്കും.

3

ഒരു വേനലവധിക്കാലത്താണ്‌ കാര്‍ത്തുവുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണമെന്ന് എന്റമ്മ എന്നോട്‌ പറഞ്ഞത്‌.അന്ന് ഞാന്‍ ഞങ്ങളുടെ വീടിന്റെ ഇറയത്തുകിടന്ന് ഉരുണ്ടുകരയുകയും എന്റെ മുടി വലിച്ചു പറിച്ച്‌ കളയാനായ്‌ ശ്രമിക്കുകയും ചെയ്തു.

'കണ്ട അലവലാതികള്‍ കയറിയിറങ്ങുന്ന സ്ഥലത്ത്‌ ഇനിപോയ്ക്കളിച്ചാല്‍ നിന്റെ തുടയിലെ തൊലി വലിച്ചൂരുമെന്ന്' കാല്‌ നിലത്തു രണ്ടു പ്രാവശ്യം ചവിട്ടി അമ്മ ഭീഷണി മുഴക്കി.കാര്‍ത്തുവിന്റെ വീട്ടില്‍ കയറിയിറങ്ങുന്ന അലവലാതികള്‍ ആരൊക്കെയാണെന്ന് അവളോട്‌ തന്നെ ചോദിക്കണമെന്ന് ഞാനുറച്ചു. രണ്ടു പ്രാവശ്യം രഹസ്യമായ്‌ ഞാന്‍ കാര്‍ത്തുവിന്റെ വീട്ടിലേക്ക്‌ ഓടിപ്പോയപ്പോഴൊക്കെയും അവള്‍ അവിടെ ഉണ്ടായിരുന്നില്ല. കാര്‍ത്തുവിന്റെ അമ്മ ഏതോവീട്ടിലെ അലക്കുകഴിഞ്ഞു വന്ന് കയ്യില്‍ വെളിച്ചണ്ണ പുരട്ടി തടവുകയായിരുന്നു. ഞാന്‍ ചവിട്ടു പടിയിലിരുന്ന് മുറ്റത്ത്‌ ത്രികോണങ്ങളും വൃത്തങ്ങളും വരച്ച്‌ കാര്‍ത്തുവിന്റെ വരവും കാത്തിരുന്നു.

കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്ക നനയ്ക്കാനായ്‌ രണ്ടുകുടങ്ങള്‍ കയ്യിലെടുത്ത്‌ എന്നെ നോക്കി ചിരിച്ചു. ഗ്രാമത്തിലെ ഏറ്റവും നല്ല കൂര്‍ക്കയുടെ അധിപയുടെ കണ്ണുകള്‍ക്ക്‌ ആ സമയം പ്രകാശം ഏറുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ അവരുടെ പിറകേ അല്‍പം പേടിയോടെ കൂര്‍ക്കത്തടങ്ങളെ ലക്ഷ്യമാക്കി നടന്നു.

'ഈ കൂര്‍ക്കച്ചെടികള്‍ക്കിടയില്‍ നെറയെ പാമ്പുകള്‍ ചുറ്റുപിണഞ്ഞ്‌ കിടക്കുന്നുണ്ടോ?'

'ആരു പറഞ്ഞു'?

'കാര്‍ത്തു'.
പേടിയും അത്ഭുതവും കൊണ്ട്‌ എന്റെ സ്വരം വിറച്ചിരുന്നു.
അവര്‍ ഒന്നു ചിരിച്ചു. കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്കത്തടത്തിലേക്ക്‌ വിരല്‍ ചൂണ്ടി. അതിനിടയിലായ്‌ പതിഞ്ഞു കിടക്കുന്ന ചെരിപ്പടയാളങ്ങളെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌ .

വലുതും ചെറുതുമായ കുറെ മനുഷ്യന്മ്മാര്‍ കൂര്‍ക്കത്തടങ്ങളെ ചവിട്ടിമെതിച്ചു കടന്നുപോയതിന്റെ അടയാളങ്ങള്‍ കൂര്‍ക്കത്തലപ്പുകളെ ഒടിച്ചും ചതച്ചും രേഖപ്പെടുത്തിയിരിക്കുന്നു.

'ജീവിതത്തിനു മേലെ കെട്ടുപിണഞ്ഞ പാമ്പുകള്‍ ചെയ്തുവെച്ച നാശങ്ങാളാണിതൊക്കെ'.

അവര്‍ ചതഞ്ഞൊടിഞ്ഞ കൂര്‍ക്കത്തലപ്പുകള്‍ക്കുമുകളില്‍ കുറച്ചു മണ്ണിട്ടുകൊടുത്ത്‌ നേരെയാക്കി.ചെരുപ്പടയാളങ്ങള്‍ക്കുമുകളില്‍ അവ അപ്രത്യക്ഷമാകുന്നതുവരെ കൈകൊണ്ട്‌ മാന്തി.മുഴുപ്പും,മിനുസവുമുള്ള കൂര്‍ക്കയിലകളെ അവര്‍ കൈപ്പത്തിയില്‍ വെച്ച്‌ തലോടുന്നതും,വേദനിപ്പിക്കാതെ കുടത്തിന്റെ വായ്ക്കുമുകളില്‍ കൈവെച്ച്‌ പടര്‍ത്തിനനയ്ക്കുന്നതും കണ്ട്‌ ഞാന്‍ എന്റെ വീട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.

4
ജീവിതത്തിന്റെ ദിശയെത്തന്നെ മാറ്റുവാന്‍ പോന്ന ആകസ്മികതകളുമായാണ്‌ ഓരോ മരണവും കടന്നു വരുന്നത്‌.
ഒരു പനിയിലൂടെ കാര്‍ത്തു ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷയാകുക എന്നതിലെ അസ്വഭാവികത എന്നെ കടുത്ത വിഷാദ രോഗത്തിലേക്കും കാര്‍ത്തുവിന്റെ അമ്മയെ മുഴു ഭ്രാന്തിലേക്കും തള്ളിയിട്ടു.

തലേ ആഴ്ച്ച തോട്ടിലെ വെള്ളത്തില്‍ പരലിനെപ്പോലെ പിടയുകയും,കാലുകള്‍ അകത്തിവെച്ച്‌ അവള്‍ ഒരു കോട്ടയാനെന്നും ഈ കാണുന്നതൊക്കെയും കോട്ടയിലേക്കു പോകുന്ന ജീവികളാണെന്നും പറഞ്ഞ്‌ കുഞ്ഞിമീനുകളേയും,തവളപ്പൊട്ടുകളേയും കാല്‍ക്കീഴിലൂടെ കടത്തിവിടുകയും ചിരിക്കുകയും ചെയ്ത അവള്‍ പിറ്റേ ആഴ്ച്ച പനിച്ചുകിടക്കുകയും,മേലാകെ ചുട്ടു വിങ്ങുന്നു എന്നുപറഞ്ഞ്‌ കരയുകയും ചെയ്തത്‌ എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌.

'അമ്പിയുടെ മകളുടെ തലച്ചോറിലേക്ക്‌ പനി കയറി' എന്ന വാര്‍ത്ത ഞങ്ങളുടെ ഗ്രാമത്തില്‍ പടരുമ്പോഴേക്കും ചുണ്ടുകള്‍ കരിഞ്ഞ്‌ ,കൈകള്‍ തണുത്ത്‌ ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ ശക്തിയില്ലാതെ കാര്‍ത്തു തളര്‍ന്നു വിണുകഴിഞ്ഞിരുന്നു.

കണ്ണുകള്‍ അടയുന്ന സമയത്ത്‌ ഒരു പരലായിട്ടാണോ,വലിയൊരു തിമിംഗലമായിട്ടാണോ അവള്‍ സ്വയം സങ്കല്‍പ്പിച്ചുകാണുക?
വെള്ളത്തില്‍ ഉതിര്‍ന്നു വീണ കുഞ്ഞിലപോലെ ഒരു തോട്ടില്‍നിന്ന് മറ്റൊന്നിലേക്ക്‌ മരണത്തിലും അവള്‍ തീര്‍ച്ചയായും യാത്ര ചെയ്തിരുന്നിരിക്കണം.

'കുട്ടിയുടെ ശവമല്ലെ..കാത്തു വെയ്ക്കണോ?'

കൂര്‍ക്കത്തടത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌ വര്‍ത്തമാനം പറയുകയും,ബീഡിവലിക്കുകയും,കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന നാട്ടുകാരിലൊരാള്‍ വിളിച്ചു ചോദിച്ചു.

'എവിടെയാണ്‌ കുഴിയെടുക്കേണ്ടത്‌'?

എല്ലാവരും ചുറ്റും ഒന്നു പരതി.ഒടിഞ്ഞും ചതഞ്ഞും കിറ്റന്നിരുന്ന കൂര്‍ക്കത്തലപ്പുകള്‍ക്കുമേലെ എല്ലാ കണ്ണുകളും ചെന്നുനിന്നു. തെക്കേ മുറ്റത്ത്‌ നിരയും വരിയുമൊത്ത്‌ വെച്ചിരുന്ന കൂര്‍ക്കതൈകള്‍ക്കിടയിലേക്ക്‌ കൈക്കോട്ടുമായ്‌ ആളുകള്‍ വന്നു. കിളച്ചുതുടങ്ങിയതും ഉരുണ്ടതും മിനുമിനുത്തതും,മണ്ണിന്റെ മണം ഉറഞ്ഞതുമായ കൂര്‍ക്കമണികള്‍ അടര്‍ന്ന മണ്ണിലൂടെ പുറം ലോകത്തിന്റെ കാഴ്ച്ചകളിലേക്ക്‌ തലനീട്ടി.

'ആര്‍ക്കെങ്കിലും വേണെങ്കില്‍ പൊതിഞ്ഞെടുത്താ'.

നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞു.

ആരും മുന്നോട്ടു വന്നില്ല.ഞങ്ങളുടെ ഗ്രാമത്തിലെ നല്ല ജ നുസ്സില്‍
പ്പെടുന്ന കൂര്‍ക്കമണികളെ സ്വീകരിക്കാനായ്‌ ആരും മുന്നോട്ടു വരാഞ്ഞതിനാല്‍ കുഴിവെട്ടുകാര്‍ അതിനെ തെങ്ങിന്‍ തടത്തിലേക്ക്‌ കുത്തിയെറിഞ്ഞുകളഞ്ഞു.
അപമാനഭാരത്താല്‍ അവ തെങ്ങിന്‍ പൊല്ലയില്‍ തട്ടി ചിന്നിച്ചിതറി.

കാര്‍ത്തുവിന്റെ ചെറിയ ശരീരം കുഴിയില്‍ വെച്ച്‌ അതിനുമേല്‍ മണ്ണിടുമ്പോള്‍ അവള്‍ ശ്വാസം മുട്ടി പിടയുകയില്ലേയെന്നോര്‍ത്ത്‌ ഞാന്‍ അമ്മയെകെട്ടിപ്പിടിച്ചുകരയുകയും കാര്‍ത്തുവിന്റെ അമ്മയെ കുലുക്കിയുണര്‍ത്തുവാന്‍ പുരയിലേക്ക്‌ ഓടുകയും ചെയ്തു.

കാര്‍ത്തുവിനുമുകളില്‍ മണ്ണിട്ട്‌ കുഴിവെട്ടുകാര്‍ മൂന്നുനാലു പച്ചോല ചീന്തുകള്‍ അതിനുമുകളിലേക്കു വലിച്ചിട്ടു.അവിടെയാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികള്‍ക്കു മുകളിലൂടെ മരണത്തെ നേരിട്ടു കാണുവാനെത്തിയവരുടെ കാലുകളമര്‍ന്നു.അവയില്‍ ചിലത്‌ ഞെരിഞ്ഞു ചതഞ്ഞു, ചിലത്‌ മണ്ണിലേക്കു തന്നെ ആഴ്‌ന്നിറങ്ങി.
അമ്മ എന്നെ താങ്ങിയെടുത്ത്‌ വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയിലാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികളെ ഞാന്‍ ഭയത്തോടെ പിന്തിരിഞ്ഞുനോക്കി.

രണ്ടു ദിവസത്തിനു ശേഷം ചെറുമഴ തുള്ളിയിട്ടു.ഉഷ്ണത്തെ കുറക്കാന്‍ തണുത്തകാറ്റ്‌ വരുകയും ചെയ്തു.
കരിഞ്ഞ ഓലചീന്തുകള്‍ക്കിടയില്‍ മൂവിലകള്‍ തളിരിട്ടു.സൂര്യനു നേരെ തണ്ടുകള്‍നീട്ടി ആവേശത്തോടെ അവയുടെ ഇലകള്‍ തമ്മില്‍ ഗുണനം ചെയ്തു.

കാര്‍ത്തുവിന്റെ മരണശേഷം വിഷാദത്തിന്റെ ചുഴിയിലേക്ക്‌ സ്വമേധയാ ഞാന്‍ ചെന്നടിഞ്ഞു.ജടപിടിക്കുകയും,പേന്‍ പെരുകയും ചെയ്ത എന്റെ തലമുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു.ചളി പിടിച്ച്‌ കൂര്‍ത്തു നിന്ന നഖങ്ങളും,പീളയടിഞ്ഞ കണ്ണുകളും 'രാക്ഷസി' എന്ന വിളിപ്പേരിന്‌ എന്നെ അര്‍ഹയാക്കി.കുട്ടികള്‍ എന്നെ മണ്ണു വാരിയെറിയുകയും,ചുള്ളിക്കമ്പുകളെടുത്ത്‌ കുത്തുകയും ചെയ്തു.

തോടുകളും, പാലങ്ങളും, മുളങ്കാടുകളും കാണുമ്പോള്‍ കാര്‍ത്തുവിനെപ്പറ്റി വീണ്ടുംവീണ്ടും ഞാനോര്‍ത്തു.മരണത്തിന്റെ സമവാക്യത്തെ ഏകാന്തത,മൗനം,വിഷാദം എന്നീ വാക്കുകളാല്‍ ഞാന്‍ പൂരിപ്പിച്ചു.

ഒരിക്കല്‍ കാര്‍ത്തുവിന്റെ അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

കുറെക്കാലത്തിനു ശേഷം മുളങ്കാടിനെ മുറിച്ചുകടന്ന് കാര്‍ത്തുവിന്റെ മണ്ണിലേക്ക്‌ ഞാന്‍ പ്രവേശിച്ചു.അവളുടെ കുഴിമാടത്തിനു മുകളില്‍ നനയ്ക്കാതെയും,വളമിടാതെയും തഴച്ചുവളരുന്ന കൂര്‍ക്കത്തലപ്പുകളെ ഒളികണ്ണാല്‍ ഞാന്‍ നോക്കി. കൂര്‍ക്കത്തടത്തിനു താഴെ അണലിപാമ്പുകളാല്‍ ചുറ്റിവരിഞ്ഞ്‌ കിടക്കുന്ന അവളുടെ ശരീരത്തെപ്പറ്റി ആലോചിച്ച്‌ ഞാന്‍ കാര്‍ത്തുവിന്റെ അമ്മയുടെ മടിയില്‍ തളര്‍ന്നിരുന്നു.അവളുടെ അമ്മയുടെ കണ്ണുനീര്‍ ഉറവയായ്‌ എന്നിലേക്ക്‌ ഒഴുകുമ്പോള്‍ കൂര്‍ക്കകളെ ഞാന്‍ അഗാധമായ്‌ വെറുത്തു .ഇനി അവയെ തിന്നില്ലെന്ന് ശപഥംചെയ്തു.
ദേഷ്യത്താലും വേദനയാലും പിന്തിരിഞ്ഞുനോക്കാതെ ഞാന്‍ കാര്‍ത്തുവിന്റെ പുരയില്‍ നിന്ന് ഇറങ്ങിനടന്നു.
പിന്നീട്‌ കൂര്‍ക്കകളെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തുവിനെപ്പറ്റിയോര്‍ക്കും,അവളെ ചുറ്റുപിണഞ്ഞു കിടക്കുന്ന അണലി പാമ്പുകളേയും .അപ്പോള്‍ കൂര്‍ക്കയുടെ മണം ഛര്‍ദ്ദിയായ്‌ എന്നില്‍ നിന്നും പുറത്തേക്കു വരുകയും ഒഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ ഓടുകയും ചെയ്യും.

Sunday, March 23, 2008

ഗംഗയുടെ കുട്ടികള്‍

അന്തകാലത്ത്‌ അങ്ങിനെയായിരുന്നു. ഇന്നുള്ളതുപോലെ കാലിഫോര്‍ണിയ,മെരിഗോള്‍ഡ്‌,ഡാഫഡില്‍സ്‌ എന്നുള്ള പേരുകളൊന്നും ഫ്ലാറ്റുകള്‍ക്കില്ല. കാവേരി,ഗംഗ,ബ്രഹ്മപുത്ര എന്നൊക്കെയാണ്‌ ഫ്ലാറ്റുകള്‍ക്ക്‌ പേരിട്ടിരുന്നത്‌. ഇന്നുള്ളതുപോലെ പേരുകളുടെ ഔചിത്യത്തെക്കുറിച്ച്‌ ആരും വേവലാതിപ്പെട്ടിരുന്നില്ല.അതിനുള്ള സമയവും ആര്‍ക്കും ഉണ്ടായിരുന്നില്ല.കൃസ്ത്യാനികളും,മുസ്ലീങ്ങളും,ഹിന്ദുക്കളും അതില്‍ പാര്‍ക്കുന്നതില്‍ ഒരു വിരോധവും കാണിച്ചിരുന്നില്ല.

ഗംഗയും കവേരിയും അന്തകാലത്താണ്‌ പണിതുയര്‍ന്നത്‌. നല്ല ഉറപ്പുള്ള ഇഷ്ടികകള്‍,അടര്‍ന്നുപോകുകയോ വിള്ളലേല്‍ക്കുകയോ ചെയ്യാത്ത ചുമരുകള്‍ അന്ന് സിമന്റില്‍ ആരും മായം ചേര്‍ത്തിട്ടില്ലായിരുന്നിരിക്കാം,മണല്‍ സൂക്ഷ്മതയോടെ അരിച്ചെടുത്ത്‌ ഭിത്തി തേച്ചെടുക്കുന്നതിലും,കമ്പികള്‍ പിടിപ്പിക്കുന്നതിലും,മരങ്ങള്‍കൂട്ടിയടിക്കുന്നതിലും വാര്‍ക്കപ്പണിക്കാര്‍ കൂടുതല്‍ ശ്രദ്ധകൊടുത്തിരുന്നിരിക്കാം.

രംഗന്‍ വാടിയുടെ സമീപത്തുള്ള അറുപത്തിയഞ്ചു സെന്റ്‌ സ്ഥലത്താണ്‌ ഗംഗ നില്‍ക്കുന്നത്‌ .ഇന്നത്തെക്കാലത്ത്‌ അറുപത്തിയഞ്ചുസെന്റു സ്ഥലത്ത്‌ പന്ത്രണ്ടു കുടുംബങ്ങളടങ്ങുന്ന ഒരു ഫ്ലാറ്റ്‌ നില്‍ക്കുക എന്നത്‌ അസാദ്ധ്യം. പക്ഷെ അക്കാലത്ത്‌ അങ്ങിനെയായിരുന്നു.
വളക്കൂറുള്ള മണ്ണ്‍. വിത്തിട്ടതും മുളച്ചു വന്ന് വാച്ചു പടച്ച മരങ്ങള്‍. ഗുല്‍മോഹര്‍,മാവ്‌,മുരിങ്ങ,ബോറ,ചിക്കു എന്നിങ്ങനെ കിളികളേയും അണ്ണാനേയും,വാവലിനേയും,കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന ഭയങ്കരന്മ്മാരായ മരങ്ങള്‍..ആകാശത്തേക്കുയര്‍ന്ന കൊമ്പുകള്‍. മനുഷ്യരുടെ തിരക്കുകളില്‍നിന്നകന്ന് ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടിയോടുന്ന അണ്ണാന്മ്മാര്‍. മനുഷ്യരെ വെകിളിപിടിപ്പിക്കും വിധം തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും ജീവിക്കുന്ന പക്ഷികള്‍.

ഗംഗയിലേയും കാവേരിയിലേയും കുട്ടികള്‍ - അവരായിരുന്നു ഞെരമ്പുകള്‍ പടം വിരിച്ചതുപോലെ പ്രകൃതിയേയും മനുഷ്യരേയും കൂട്ടിയിണക്കി മനുഷ്യരുടെ സന്തോഷങ്ങളെ ഊര്‍ജിതപ്പെടുത്തിയത്‌.അന്നുകാലത്തെ കുട്ടികള്‍ ഇന്നത്തെ കുട്ടികളെപ്പോലെ മുറിയടച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നില്ല . കേബിളില്ല, മനസ്സില്‍ കൊതിയുണര്‍ത്തുന്ന പരസ്യങ്ങളില്ല . പുറത്ത്‌ വിശാലമായ കളിമുറ്റങ്ങളില്‍ ചിതറിക്കിടക്കുന്ന കൂട്ടുകാരുടെ സംഘം.
മുമ്പു പറഞ്ഞതുപോലെ സമയം പോക്കിനുവേണ്ടി ധാരാളികളായ പക്ഷികളും ,അണ്ണാന്മ്മാരും ഒരു കൊത്തുമതി,ഒരുകടിമതി എന്നു മനസ്സുറച്ച്‌ ചില്ലകളില്‍ നിന്നും നിലത്തേക്കെറിയുന്ന മാങ്ങകളെ ഓടിയെടുക്കുവാനായി അവര്‍ മത്സരിച്ചു.
കളികളുടെ കാര്യത്തില്‍ ഗ്രാമത്തിലെ കുട്ടികള്‍ നഗരത്തിലെ കുട്ടികള്‍ എന്നിങ്ങനെ കുട്ടികള്‍ക്കിടയില്‍ ഒരു തരംതിരിവുവേണോ? മതിലിന്റെ മൂലയില്‍ ചാലെടുത്തു വിശ്രമിച്ചിരുന്ന നായ്ക്കളെ അവര്‍ ഒരുമിച്ചു കല്ലെടുത്തെറിഞ്ഞു,കവണയെടുത്ത്‌ ഉന്നം നോക്കി അഞ്ചാറു ചില്ലുകള്‍ പൊട്ടിച്ചു. ഏപ്രിലിന്റെ ആരംഭത്തില്‍ നോട്ടുകെട്ടുകളെന്നു തോന്നിക്കും വിധം
പൊതികളുണ്ടാക്കി റോട്ടിലിട്ട്‌ പശുക്കളെ മേയ്ക്കുന്ന ഭയ്യമാരേയും,കാല്‍നടക്കാരേയും പറ്റിച്ചു കൂക്കിവിളിച്ചു.
ഇതിനിടയില്‍ അവര്‍ പല നല്ല ചെയ്ത്തുക്കളും ചെയ്തിരുന്നു. ദീപാവലിയടുക്കുമ്പോള്‍ എല്ലാവീടുകളിലേയും ജനലുകളും വാതിലുകളും അവര്‍ കഴുകിവെടുപ്പാക്കിക്കൊടുത്തിരുന്നു,മണ്‍ ചെരാതുകളില്‍ തിരിയിട്ടു വിളക്കു കത്തിച്ചു,എല്ലാവീടുകളിലും മധുര പലഹാരങ്ങള്‍ കൈമാറി ഉത്സവങ്ങളെ ഒന്നുകൂടി ചമയിപ്പിച്ചു. 'ഒരു മാതൃകാ ബാല്യം' അല്ലേ?

ഫ്ലാറ്റുകളിലെ കൗമാരത്തിന്‌ ഒരുപ്രത്യേക മധുരമുണ്ട്‌ .തോരണമിട്ടതുപോലെ സിമന്റു ബെഞ്ചില്‍ കുനിഞ്ഞിരുന്ന് കഥ പറയുന്ന ആണ്‍കുട്ടികള്‍,പൂമ്പാറ്റകളെപ്പോലെ അവര്‍ക്കു ചുറ്റും ഉയര്‍ന്നും താണും ചിരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍. നഗരത്തിലെ മാതാപിതാക്കള്‍ മക്കളുടെ സ്വകാര്യതകളില്‍ അപൂര്‍വ്വമായേ ഉത്കണ്ഠ കാണിച്ചിരുന്നുവെന്നുള്ളത്‌ അവരുടെയിടയിലെ സൗഹൃദങ്ങളുടേയും പ്രണയങ്ങളുടേയും ആഴങ്ങള്‍ കൂട്ടി. അവരില്‍ പലരും പിന്‍ കാലത്തും നല്ല സുഹൃത്തുക്കളായും,നല്ല ദമ്പതികളായും പരിണമിച്ചു.

ഞാനും കിഷോറും 'ഗംഗയിലെ' താമസക്കാരായി അവിടെ എത്തുമ്പോള്‍ ഇതൊന്നു മായിരുന്നില്ല അവിടത്തെ സ്ഥിതി. 'പരംജീത്ത്‌' എന്ന എന്റെ അറുപതു വയസ്സിലധികം പ്രായമുള്ള അയല്‍ വാസിയില്‍ നിന്നാണ്‌ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗംഗയേയും കാവേരിയേയും ഞാന്‍ സങ്കല്‍പ്പിച്ചെടുത്തത്‌.

'ഞങ്ങളോടൊപ്പം ഞങ്ങളുടെ മരങ്ങള്‍ക്കും പ്രായമായി ബേഡാ..നീയതു ശ്രദ്ധിച്ചോ' ?
പരംജീത്തിലെ കവയിത്രി എന്നോടു പറഞ്ഞു.

ഞാനാദ്യമായാന്‌ വൃദ്ധരായ മരങ്ങളെ ശ്രദ്ധിക്കുന്നത്‌. ചില്ലകളില്‍ പടര്‍ന്നിറങ്ങിയ ഇത്തിക്കണ്ണികളും,ശോഷിച്ച ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശവും,അടര്‍ന്നു വീഴുന്ന പൊറ്റകളും.

'അവര്‍ക്കിനിയൊരു തണല്‍മരമാകാനെ പറ്റില്ല.പൂക്കാനോ കായ്ക്കാനോ പറ്റില്ല'.. നിരാശാജനകം അല്ലേ?

'എത്രകാലമായി ഇവര്‍ ഇങ്ങനെയാകാന്‍ തുടങ്ങീട്ട്‌'? ഞാന്‍ ചോദിച്ചു.

'കുട്ടികള്‍'..അവരില്ലെങ്കില്‍ മരങ്ങള്‍ എങ്ങി നെ പൂക്കാനാണ്‌,കിളികള്‍ എങ്ങി നെ പാടാനാണ്‌?

അവര്‍ ഒരു പൂന്തോട്ടത്തെപ്പറ്റിയും അവിടെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെപ്പറ്റിയും,മരങ്ങളില്‍ കുലച്ചു നില്‍ക്കുന്ന കായ്ക്കളെപ്പറ്റിയും അതിനിടയില്‍ കളിച്ചു നില്‍ക്കുന്ന കുട്ടികളെക്കുറിച്ചും പ്രാസത്തില്‍ ഒരു കവിത ചൊല്ലി.

'ഞങ്ങളുടെ കുട്ടികളെല്ലാം ഇവിടെ നിന്നും പോയി,ചിലര്‍ അന്യദേശങ്ങളില്‍,ചിലര്‍ അടുത്തുണ്ടെങ്കിലും വരാതെയായി. വാര്‍ദ്ധക്യത്തിനു മാത്രമേ തിരക്കുകളില്ലാതെയുള്ളു. ലോകം തിരക്കുകളില്‍പ്പെട്ട്‌ ഇളകി മറിയുകയാണ്‌'

ഇനിയും അവര്‍ ഒരു കവിത ചൊല്ലിയേക്കുമോയെന്ന് ഞാന്‍ ഭയന്നു. സാഹിത്യക്ലാസ്സുകളില്‍ കൊട്ടുവായ്‌ ഇട്ടും കണ്ണുകള്‍ അടയാതെ ആഞ്ഞു പിടിച്ചുമാണ്‌ ഇരുന്നിരുന്നത്‌. എന്നിലെ അരസികതയെ വീണ്ടുമുണര്‍ത്താന്‍ ഒരു അയല്‍ വാസിയെക്കൂടി സൃഷ്ടിച്ചിരിക്കുന്നു!

'പരംജീത്ത്‌ എന്ന നമ്മുടെ അയല്‍ വാസിയായ കവയിത്രിയെ സഹിക്കാനേ വയ്യ'
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ കിഷോറിനോടു പറഞ്ഞു.
ഞങ്ങളുടെ ആറു വര്‍ഷത്തെ വിവാഹജീവിതാനുഭവത്തിന്റെ കനത്തില്‍നിന്ന് കിഷോര്‍ പൊട്ടിപൊട്ടിച്ചിരിച്ചു.

'നിന്നെക്കാണുമ്പോള്‍ അവര്‍ കവിതകള്‍ മാത്രമേ ചൊല്ലാറുള്ളൂ? ഒന്നും പറയാറില്ലേ?

മരങ്ങളെപ്പറ്റിയും,കുട്ടികളെപ്പറ്റിയുമൊക്കെ പറയാറുണ്ടെന്ന് അയാളോട്‌ പറയാനാകാതെ ഒന്നു പരുങ്ങി.വേഗം ശുഭരാത്രി പറഞ്ഞ്‌ ലെറ്റണച്ച്‌ പുതപ്പെടുത്ത്‌ തലവഴി മൂടി.

പിറ്റേന്ന് പരംജീത്തെന്ന കവയിത്രിയെ വീണ്ടും കണ്ടു.

'ഇന്ന് ഇവിടെയൊരു മീറ്റിങ്ങുണ്ട്‌'

എന്തിന്‌ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ പുരികമുയര്‍ത്തി.

മടുത്തു ബേഡാ..ഞങ്ങളില്‍ പലര്‍ക്കും മരിക്കാനുള്ള പ്രായമായിട്ടില്ലെങ്കിലും മനസ്സ്‌ മരണമടഞ്ഞു കഴിഞ്ഞു. ശൂന്യതയില്‍ വല്ലാത്ത തളര്‍ച്ച.

അവര്‍ വിണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി,ഞാന്‍ അവരുടേയും കുറച്ചു നേരത്തെ മൗനം പോലും എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

'കുട്ടികള്‍ വരണം..കുട്ടികള്‍ക്കു മാത്രമേ ഈ വരണ്ട ഭൂമിയെ തളിര്‍പ്പിക്കാനാകൂ.ഇവിടത്തെ മരങ്ങളെ പുഷ്പിപ്പിക്കുവാനും,പക്ഷികളെ കൂകിപ്പിക്കാനും, ഞങ്ങളിലെ വിഷാദത്തെ അകറ്റുവാനുമാകൂ..
(വീണ്ടും കവിത ചൊല്ലിയേക്കുമോ ഞാന്‍ ഭയന്നു.ഏയ്‌..അതുണ്ടായില്ല.അവരുടെ കണ്ണുകളില്‍ അന്ന് ഒട്ടും പ്രകാശമുണ്ടായിരുന്നില്ല.)

'അതിനു വേണ്ടി എന്തിനാണു മീറ്റിങ്ങ്‌' ? ഞാന്‍ ചോദിച്ചു.

'അടുത്തുള്ള ബാലവിഹാറിലെ കുട്ടികളെ ഇവിടെ കുറച്ചു നേരം കളിപ്പിക്കാന്‍ വിടണമെന്ന് അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌'.

'ശരിയാകും അല്ലേ ബേഡാ'

'ഉം..ശരിയാകും'

അടുത്ത മൂന്നു ദിവസങ്ങളില്‍ ഞാന്‍ പരംജീത്തിനെ അവിടെയെങ്ങും കണ്ടില്ല. വല്ല അസുഖവും പിടിച്ചുവോ? ഇടയ്ക്ക്‌ അവരുടെ വാതിലൊന്നു മുട്ടുവാന്‍ തോന്നിയെങ്കിലും എന്തിന്‌ എന്ന ചിന്ത എന്നെ പിന്തിരിപ്പിച്ചു.

'ബേഡാ'..

നാലാം ദിവസം അവരുടെ വിളി എന്റെ പിന്നില്‍ നിന്നുമുയര്‍ന്നു.

'ചര്‍ച്ച അലസിപ്പിരിഞ്ഞു.കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ സമ്മതമല്ല. കുട്ടികള്‍ ബാലവിഹാര്‍ മുറ്റത്തു കളിക്കട്ടെ എന്തിനാണ്‌ അവരെ ബുദ്ധിമുട്ടിക്കുന്നത്‌ എന്നാണ്‌ ചോദിക്കുന്നത്‌. സത്യം തന്നെ.'

ഞാന്‍ എന്തു പറയണം എന്നറിയാതെ ചെരുപ്പ്‌ വെറുതെ നിലത്തുരച്ചു'.

'മണ്ണു കുഴച്ച്‌ കുറച്ച്‌ ഉണ്ണികളെയുണ്ടാക്കിയാലോ'.

പഞ്ചാബില്‍ ഒരു നാടോടിക്കഥയുണ്ട്‌ കുട്ടികളില്ലാത്ത ഒരു ഗ്രാമത്തെ രക്ഷിക്കാനായി ഒരു സന്യാസി കുറച്ച്‌ കളിമണ്ണെടുത്ത്‌ കുഴച്ച്‌ മന്ത്രം ചൊല്ലി ജീവന്‍ വെപ്പിച്ചത്‌. ഗോതമ്പു വിളവെടുക്കാന്‍ കാലത്ത്‌ കടുകിലയില്‍ ഇഞ്ചി ചേര്‍ത്ത്‌ മയത്തില്‍ അരച്ച്‌ 'സര്‍സംക്ക സാഗും' ചോളപ്പൊടി കുഴച്ച്‌ കൈപ്പത്തിയില്‍ അമര്‍ത്തിയെടുത്ത റൊട്ടിയുമുണ്ടാക്കി വയലിലേക്കു നടക്കുമ്പോള്‍ ബഡീദാദി ചൊല്ലിത്തന്നിരുന്ന നാടോടിപ്പാട്ടിലും അതുണ്ടായിരുന്നു.

എനിക്ക്‌ എന്തു പറയണം എന്നുണ്ടായില്ല. മനസ്സിനെ വ്രണപ്പെടുത്തുന്ന വര്‍ത്തമാനങ്ങളില്‍ നിന്ന് സൂത്രശാലിയെപ്പോലെ ഊരിപ്പോരുക എന്നതായിരുന്നു എന്റെ മതം.

'ബേഡാ. ഞാനൊരു കാര്യം ചോദിക്കട്ടെ'?

ഞാന്‍ ചോദിക്കൂ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

'നിനക്ക്‌ ഒരു ഉണ്ണിയെ പ്രസവിച്ചുകൂടെ. ഒന്നെങ്കില്‍ ഒന്ന് അത്‌ ഗംഗയിലെ ദിവസങ്ങളെ തൃപ്തിപ്പെടുത്തട്ടെ'.

'എനിക്ക്‌ കുട്ടികളെ ഇഷ്ടമല്ല'

'നീയെന്താണു പറയുന്നത്‌! നാക്കുവളച്ച്‌ അങ്ങിനെയൊന്നും പറയരുത്‌,ബ്രഹ്മാവു കേട്ടാല്‍ 'തഥാസ്ഥു' വെന്നു പറയും.

'തഥാസ്ഥു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല'.

'ഇന്നത്തെ തലമുറയ്ക്ക്‌ വകതിരിവില്ലെന്നുണ്ടോ?'

അവശ്വസനീയമാം വിധം എന്നെ നോക്കിക്കൊണ്ട്‌ അവര്‍ പിന്തിരിഞ്ഞു നടന്നു.

അടുത്ത കുറച്ചു ദിവസങ്ങളില്‍ വല്ലാത്ത മഴയായിരുന്നു. ഒഴുകിപ്പോകുവാനായി നല്ല രീതിയിലുള്ള ചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലും ,മുറ്റത്തും കെട്ടി നിന്നു.മനുഷ്യരും,മൃഗങ്ങളും ഒന്നിച്ച്‌ അഴുക്കു വെള്ളത്തിലൂടെ നീന്തി.
ഓഫീസിലേക്കും,മെഡിക്കല്‍ ഷോപ്പിലേക്കും,പച്ചക്കറിക്കടയിലേക്കുമൊന്നും പോകാതിരിക്കാന്‍ എനിക്കും സാധ്യമല്ല. വല്ല വിധവും റോഡുമുറിച്ച്‌ മറുവശത്തേക്ക്‌ കടക്കണം എന്ന ചിന്തയുമായി നില്‍ക്കുമ്പോഴാണ്‌ ഒരു കുട്ടി വന്ന് എന്റെ ബാഗില്‍പ്പിടിച്ചു നിന്നത്‌.

'റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഞാനും ഒപ്പം നില്‍ക്കട്ടേ ആന്റീ'

ജാഥപോലെ വരുന്ന വാഹനങ്ങളെ ഒന്നൊന്നായ്‌ കടന്ന് അപ്പുറത്തെത്തിയപ്പോഴേക്കും മുറിക്കിപ്പിടിച്ചിരുന്ന ഞങ്ങളുടെ കൈകള്‍ വിയര്‍ത്തിരുന്നു. ചെളിവെള്ളത്തെ ചാടിക്കടന്ന് ചെന്നെത്തിയത്‌ പരംജീത്തിന്റെ അടുത്തേക്കാണ്‌.

'ഇക്കൊല്ലം വര്‍ഷം തകര്‍ക്കും' .. പരംജീത്ത്‌ പറഞ്ഞു.

ഞാന്‍ എന്റെ ഉടുപ്പിലെ വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ്‌ ഒന്നു കുടഞ്ഞു.

'ഇവിടെ എന്റെ പ്രിയപ്പെട്ട ചായക്കടയുണ്ട്‌. ഏലക്കയും ചുക്കുമിട്ട്‌ തിളപ്പിച്ചെടുക്കുന്ന ഗരം ഗരം ചായ തണുപ്പില്‍ കുടിക്കുവാന്‍ നല്ലതാണ്‌. വരൂ എന്നോടൊപ്പം'..

ഞാന്‍ അനുസരണയോടെ അവരെ പിന്തുടര്‍ന്നു.

രണ്ടു മസാലചായക്ക്‌ ഓര്‍ഡര്‍ കൊടുത്ത്‌ ഞങ്ങള്‍ ഒരു മൂലയിലിരുന്നു.

'ഞങ്ങളുടെ ഗ്രാമത്തെ മുഴുവന്‍ മുക്കിയിട്ട്‌ ഞങ്ങളെ പ്രവാസികളാക്കി എന്നിട്ടും ഒരു മഴയെ വെറുക്കാന്‍ എന്നിലെ കവിക്കാകുന്നില്ല...വിചിത്രം അല്ലേ..'

'പ്രകൃതിയെ വെറുക്കാന്‍ കവിക്കെന്നല്ല ആര്‍ക്കുമാകില്ല'

'നിനക്കാവും'

അവര്‍ എന്നെ നോക്കി ചിരിച്ചു. പാടകെട്ടിത്തുടങ്ങിയ മസാല ചായയെ ഊതിക്കുടിച്ചുകൊണ്ട്‌, ഞാന്‍ ഞെരമ്പുകള്‍ പൊങ്ങിയ അവരുടെ കൈകളെ മൃദുവായിപ്പിടിച്ചു.

കിഷോറില്‍ നിന്ന് തന്ത്രപൂര്‍വ്വം ഏകാന്തതയിലേക്കൊരു പാലം പണിത്‌ ഞാന്‍ രണ്ടു മൂന്നു ദിവസം മൗനിയും ഏകാകിയുമായി ചടഞ്ഞിരുന്നു.

'നിനക്കെന്താണു പറ്റിയത്‌'.

എന്റെ മുടിയിഴകളെ ഒതുക്കിവെച്ചുകൊണ്ട്‌ ഒരു ദിവസം കിഷോര്‍ എന്നോടു ചോദിച്ചു.

'ഫ്ലാറ്റുകള്‍ക്കും, മരങ്ങള്‍ക്കുമൊന്നും വയസ്സാകുന്നത്‌ നമ്മള്‍ അറിയുന്നില്ല'

'പരംജീത്തിന്റെ സഹവാസം നിനക്ക്‌ ഗുണം ചെയ്യുന്നുണ്ട്‌' കിഷോര്‍ പൊട്ടിച്ചിരിച്ചു.

'ഇവിടത്തെ മരങ്ങള്‍ പൂക്കാത്തതും,കിളികള്‍ പാടാത്തതും കുട്ടികള്‍ ഇല്ലാത്തതിനാലാണ്‌'

'പരംജീത്തിന്റെ കവിതയാണോ'?

'ശരിക്കും അതാണ്‌ സത്യം'.

'എന്നോട്‌ ഒരു കുട്ടിയെ പ്രസവിക്കുവാന്‍ പറഞ്ഞു..പരംജീത്ത്‌'


കിഷോര്‍ നിലത്തു കിടന്നിരുന്ന ഒഴിഞ്ഞ സിഗരറ്റുകൂടിനെ തട്ടിത്തെറുപ്പിച്ചു.

'പറഞ്ഞില്ലേ നമുക്കതിനുള്ള സാധ്യതകള്‍ കുറവാണെന്ന്'

'പറഞ്ഞില്ല'.

കണ്ണുകളില്‍ കണ്ണുനീര്‍ പൊടിയുന്നുണ്ടോയെന്ന് ഭയന്ന് ഞാന്‍ പുറത്തേക്കു നടന്നു.കിഷോര്‍ റിമോട്ടെടുത്ത്‌ ടി.വി ഓണ്‍ ചെയ്ത്‌ ഒരു പുസ്തകമെടുത്ത്‌ വെറുതെ നിവര്‍ത്തി.

ഫ്ലാറ്റിനു പിന്‍ വശത്തുള്ള ഒഴിഞ്ഞുകിടക്കുന്ന കളിസ്ഥലത്തെ മാവിനു ചുറ്റും കെട്ടിയിരുന്ന സിമന്റു തറയില്‍ കാലുകള്‍ പിണച്ച്‌ കുറച്ചു സമയം ഇരിക്കുവാന്‍ തോന്നി.
ഈ മാവില്‍ തലയമര്‍ത്തി നിന്നുകൊണ്ടായിരുന്നിരിക്കണം പരംജീത്തിന്റെ കുട്ടികള്‍ ആദ്യമായി അമ്പസ്ഥാനി കളിക്കാന്‍ പഠിച്ചത്‌.
ഒരു മാവിലയെടുത്ത്‌ തുടച്ച്‌ ആകാശത്തിലേക്കു വലിച്ചെറിയുവാനായി സിമന്റു തറയില്‍ ഒരു പക്ഷിക്കാഷ്ഠം പോലുമില്ലായെന്നത്‌ എന്നെ നിരാശപ്പെടുത്തി. മെലിഞ്ഞ പഴുത്തിലകളെ മാത്രം വീഴ്ത്തി നില്‍ക്കുന്ന മാവിന്‌ കാറ്റിന്റെ ഒരിതളിനെപ്പോലും എന്നിലേക്കെത്തിക്കാനായില്ല.

ഫ്ലാറ്റിലേക്ക്‌ തിരിച്ചു വന്ന് തണുത്ത വെള്ളം കോരിയൊഴിച്ച്‌ നന്നായി കുളിച്ചു. മുടികള്‍ നിവര്‍ത്തിയിട്ട്‌ ചെറിയൊരു പൊട്ട്‌ നെറ്റിയിലൊട്ടിച്ചു. ഇഷ്ടപ്പെട്ട ഉടുപ്പെടുത്തിട്ട്‌ കിടക്ക ഒന്നു കൂടി കുടഞ്ഞു വിരിച്ചു.

കിഷോറിനടുത്തേക്ക്‌ ചെന്ന് ഞാന്‍ തന്നെ ടി.വി ഓഫ്‌ ചെയ്തു. വായിക്കാതെ തുറന്നു വെച്ചിരുന്ന പുസ്തകം ഞാന്‍ തന്നെ അടച്ചുവെച്ചു.

ഗംഗയിലെ പൂക്കളെ വിരിയിപ്പിക്കാതിരിക്കാനും,കിളികളെ പാടിപ്പിക്കാതിരിക്കാനും, പരംജീത്തിനെ അകാലവാര്‍ദ്ധക്യത്തിലേക്കിടാനും എനിക്കാകുമായിരുന്നില്ല.
കിഷോറിന്റെ ചുണ്ടുകളില്‍ എന്റെ നനവുള്ള ചുണ്ടുകള്‍ ഞാനമര്‍ത്തി.ഉടുപ്പ്‌ മുറിയുടെ ഒരു മൂലയിലേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട്‌ എന്റെ നഗ്നതയിലേക്ക്‌ കിഷോറിനെ ഞാനെടുത്തെറിഞ്ഞു.

എന്റെ നഗ്നമായ പൊക്കിള്‍ ചുഴി, നിഗൂഢമായ അതിന്റെ ഉള്‍പ്പിരിവുകള്‍ ..അതിനടിയിലായ്‌ ഒരുകായ്‌ വിരിഞ്ഞു..കറുപ്പില്‍ നിന്നും വെളുപ്പിലേക്ക്‌ ഞാനിഴയുമ്പോള്‍ ആ കായ്ക്ക്‌ വലുപ്പം വെച്ചു വരുകയും അത്‌ എന്നെ നോക്കി 'അമ്മേയെന്ന്' വിളിക്കാനും തുടങ്ങി.

പൊറ്റകളടര്‍ന്നുതുടങ്ങിയ ഒരു തടിമരമായ്‌ ഞാനപ്പോഴേക്കും മാറിയിരുന്നു.കൈവിരലുകളുടേയും കാല്‍ വിരലുകളുടേയും സ്ഥാനത്ത്‌ അനേകം തളിരിലകള്‍ പൊട്ടി മുളക്കുവാനും,മുലകളില്‍ പൂക്കള്‍ വിടരുവാനും തുടങ്ങിയിരുന്നു.കാറ്റില്‍ പടര്‍ന്ന പൂക്കളുടെ മണംതേടി അനേകം കുഞ്ഞിക്കിളികള്‍ എന്നിലേക്ക്‌ പറന്നു വരികയും തുടകളില്‍ കൊക്കുരച്ച്‌ യോനീമുഖത്തേക്ക്‌ ചെരിഞ്ഞുനോക്കുവാനും തുടങ്ങി. എനിക്കും മുകളില്‍ പരന്നു കിടന്നിരുന്ന ആകാശത്തിന്റെ തുണ്ടുകള്‍ എന്റെ ഇലകളില്‍തെളിഞ്ഞുകാണുന്നത്‌ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌. ആ ആകാശത്തിലേക്ക്‌ ഒരു ചില്ലയെ പടര്‍ത്താന്‍ ഞാന്‍ എന്റെ കൈകളെ മുകളിലേക്കുയര്‍ത്തി. ശക്തമായ കാറ്റില്‍ ആ ചില്ലകള്‍ ആടുവാനും ,നടുപിളര്‍ന്ന് താഴോട്ട്‌ വീഴുവാനും തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയാല്‍ കരയുവാന്‍ തുടങ്ങി.

'മരങ്ങള്‍ കരയുമോ'?

സന്തോഷത്താല്‍ ചിരിക്കുവാനും സങ്കടത്താല്‍ കരയുവാനും മരങ്ങള്‍ക്കു കഴിയും എന്ന സത്യത്തെ കിളികളോട്‌ ഉറക്കെ വിളിച്ചു പറയാന്‍ തൊണ്ട നനച്ചപ്പോഴാണ്‌ 'മരങ്ങള്‍ക്ക്‌ മിണ്ടാനേ കഴിയില്ലല്ലോ' എന്ന ചിന്തയാല്‍ ഞാന്‍ എന്നിലെ ഇലകളെ കൊഴിക്കുവാനും തേങ്ങിക്കരയാനും തുടങ്ങിയത്‌.

Tuesday, February 12, 2008

പൂതപ്പാട്ട്‌

നന്ദു ദേഷ്യംകൊണ്ടു നിന്നു തുള്ളുകയാണ്‌. ദേഷ്യം വരുമ്പോള്‍ അവന്റെ മുഖം ചെറുതാകും,കണ്ണുകള്‍ മൂക്കിന്റെ പാലത്തിനോട്‌ ഒട്ടിച്ചുവെച്ചതുപോലെ ഒരു വശത്തേക്ക്‌ ഒതുങ്ങി നില്‍ക്കും.ചെറിയ ശരീരത്തിനുള്ളിലെ വലിയൊരു തലപോലെ തല കുറച്ചുകൂടി വലുതായിത്തോന്നും.

'ഈ ചെക്കന്‍ ഇതൊക്കെ എവിടെ നിന്നാണ്‌ പഠിക്കുന്നത്‌'?

കുറച്ചുനാളായി ഇന്ദുലേഖയുടെ തന്നോടുതന്നെയുള്ള ചോദ്യം ഇതാണ്‌.
ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്‌

കായ്യൂ -ആ തെണ്ടി ചെക്കനാണ്‌ ഇതിനെല്ലാം കാരണം.

കായ്യുവിന്റെ മമ്മി- ആ ഡേഷിന്റെ മോളാണ്‌ സ്ഥിതികൂടുതല്‍ വഷളാക്കുന്നത്‌. അവള്‍ടെ ഒരു നടപ്പും, എടുപ്പും,ഉടുവടേം,അഞ്ചാള്‍ക്ക്‌ ഒപ്പമെടുക്കാവുന്ന പണികള്‍ ഒറ്റയ്ക്കെടുത്തുകൊണ്ട്‌ പറപറന്നുള്ള നടപ്പും, സൂപ്പര്‍ മോഡലിന്റെ പോലുള്ള ബോഡീ ഷെയ്പ്പും. കായൂവിനേക്കാള്‍ അവന്റെ മമ്മിയെയാണ്‌ പേടിക്കേണ്ടത്‌. അവളാണ്‌ എല്ലാത്തിന്റേയും മൂലഹേതു.കയ്യുവിന്റെവീട്ടില്‍ വേറെയും ചില അംഗങ്ങള്‍ ഉണ്ട്‌.

കായ്യൂവിന്റെ ഡാഡി...പാവം മനുഷ്യന്‍.ഭാര്യ കുറച്ചുകൂടി ഉറങ്ങിക്കോട്ടെ എന്നു കരുതി കാലത്തുതന്നെ പിള്ളാരെ എണീപ്പിച്ച്‌ ബ്രേക്ക്ഫസ്റ്റ്‌ കൊടിപ്പിക്കും.ചിലപ്പോള്‍ അങ്ങേര്‌ പാത്രം കഴുകും,തുണി നനയ്ക്കും. ഇവിടെയുള്ള ചില ആള്‍ക്കാര്‌ടെപോലെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കുംവരെ തുപ്പലൊലിപ്പിച്ച്‌ കിടന്നുറങ്ങുകയും രാവിലെ ഓട്സും പാലും കഴിച്ചാല്‍ വയറ്റിലെന്തോ പെരങ്ങും എന്ന് പറയേം അല്ല ചെയ്ക.

പിന്നെയുള്ളത്‌ കായ്യുവിന്റെ അനിയത്തി റോസിയാണ്‌. അത്‌ ഒരു ശുദ്ധപാവം മൂട്‌ വല്ലയിടത്തുമുറച്ചാല്‍ അവിടെ നിന്നുമെനങ്ങാത്ത പാവം കടാവ്‌.

ഇതാണ്‌ കായ്യുവിന്റെ കുടുബം .ഇവരൊക്കെ ചേര്‍ന്ന് രാവിലെ ടി.വിയുടെ ഉള്ളില്‍ കിടന്നു തുള്ളാന്‍ തുടങ്ങിയതോടെയാണ്‌ ഇന്ദുവിന്റെ ജീവിതം ഇത്ര അലങ്കോലമാകാന്‍ തുടങ്ങിയത്‌.

'നിനക്കു വട്ടാണോ ഒരു കാര്‍ട്ടൂണ്‍ ക്യാരക്ടറിനെ നന്ദു അനുകരിക്കുന്നുവെന്നു പറയാന്‍. ഇത്‌ അമേരിക്കയാണ്‌ ഇവിടെ വളരുന്ന കുട്ടികള്‍ ഇങ്ങനെയാകണം അങ്ങിനെയാകണം എന്നു നീ വാശിപിടിക്കരുത്‌'.

വിജയിന്‌ നന്ദുവിന്റെ കാര്യം പറയുമ്പോള്‍ ഇതേയുള്ളു പറയാന്‍.

'ഒരമ്മയ്ക്ക്‌ കുട്ടികളുടെ കാര്യത്തില്‍ കുറച്ച്‌ ഉത്തരവാദിത്വംവേണം, നീയാണ്‌ അവരുടെ റോള്‍ മോഡല്‍ കാരണം നിന്നെയാണ്‌ അവര്‍ ഏറ്റവും അധിക സമയം കാണുന്നത്‌'

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞ്‌ ചുമരിലുണ്ടാക്കുന്ന വലിയ വലിയ അളകള്‍,അപ്പിയിട്ട ഡയപ്പര്‍ ഊരി ചുമരില്‍ത്തേച്ച്‌ എത്ര ഉരച്ചുകഴുകിയാലും പോകാത്ത പാടുകള്‍,ചുക്കിച്ചുളിച്ച്‌ മുറിയുടെ മൂലയ്ക്കല്‍ കുന്നുകൂട്ടിയിടുന്ന ബില്ലുകള്‍ ഒക്കെ കാണുമ്പോള്‍ വിജയ്‌ ഇങ്ങനേയും പ്രതികരിക്കും.

ഇന്ദുവിപ്പോള്‍ ആരോട്‌ എപ്പോള്‍ എന്തുപറയണം എന്ന എറങ്ങേടില്‍പ്പെട്ടുഴലുകയാണ്‌.

വിജയ്‌ പറയുന്നതിലും കാര്യമുണ്ട്‌. കായ്യു അവന്റെ മമ്മി ഇതെല്ലാം ചേര്‍ന്ന കുടുംബം ഒക്കെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്‌.അതില്‍ കാണുന്ന കഥാപാത്രങ്ങളെ കുട്ടി അനുകരിക്കുന്നുവെന്നു പറയുന്നതിലര്‍ത്ഥമില്ല.

നന്ദു സോഫയിലിരുന്ന് ടി.വി കാണുകയാണ്‌.
'ടി.വി ഓഫു ചെയ്തുപോയി കുളിക്കാന്‍ നോക്കാം മോനെ' എന്നു പറഞ്ഞതിനാണ്‌ അവന്‍ കടുവയെപ്പോലെ ചാടാന്‍ വരുന്നത്‌.

'എന്നെ അമ്മ പുറത്തുകൊണ്ടൂവാന്ന് പറഞ്ഞിട്ട്‌ കൊണ്ടോയോ? കായ്യു രാവിലെ മ്യൂസിയം അതുകഴിഞ്ഞ്‌ പാര്‍ക്ക്‌ പിന്നെ സിമ്മിങ്ങു....കായ്യുവിന്റെ മമ്മീനെ നോക്ക്യേ..കായ്യുവിന്റെ മമ്മിയല്ലെ അവനെ എല്ലായിടത്തും കൊണ്ടുപോണത്‌'

മറന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍ നന്ദു വേച്ചു വേച്ച്‌ പറയുകയാണ്‌

വീണ്ടും അവളാണ്‌പ്രശ്നക്കാരി കായ്യുവിന്റെ മമ്മി.അവള്‍ ജോലിക്കു പോകും, പാചകം ചെയ്യും,കുട്ടികളുടെ കൂടെകളിക്കും,അവരെ എപ്പോഴും പുറത്തുകൊണ്ടുപോകും,ക്ഷമയോടെ അവരുപറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവളൊരു പ്രതിഭാസമാണ്‌.

നന്ദുവിന്റെ അമ്മ അതുപോലെയല്ല. മൈക്രോബയോളജിയില്‍ ബിരുദമുണ്ട്‌, ജോലിക്കുപോകാതെ വീട്ടില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറക്കാലമായതിനാല്‍ പഠിച്ചതൊക്കെ മറന്നിരിക്കുന്നു.എപ്പോഴും അടുക്കളപ്പണിയാണ്‌.ലൈബ്രറിയിലേക്കും പാര്‍ക്കിലേക്കും പോയെങ്കിലായി. ചെറിയ കുട്ടികളും അടുക്കളപ്പണിയും ജീവിതം തുലയ്ക്കുന്നുവെന്ന് അച്ഛനോട്‌ എപ്പോഴും പരാതിയും.

'നന്ദു വരൂ, കുളിക്കണ്ടെങ്കില്‍ ചോറുണ്ണാം.മീന്‍ വറുത്തതുണ്ട്‌'

മനസ്സില്‍ പ്രാന്തുവന്നെങ്കിലും
അവള്‍ അവനെ മയത്തില്‍ വിളിക്കാന്‍ തുടങ്ങി.

'എപ്പോഴും ചോറ്‌,ചാമ്പാറ്‌,മീന്‍ വറുത്തത്‌, ചിക്കന്‍ കറി'
കായ്യുവുന്റെ വീട്ടില്‍ നോക്ക്‌ പിസ്സ,ലസാനിയ ,കുക്കീസ്‌. കായ്യുവിന്റെ
മമ്മിയാ എല്ലാം ബേയ്ക്കു ചെയ്യുന്നത്‌.

ഇന്ദുലേഖയ്ക്ക്‌ തലപെരുത്തു വന്നു.കായ്യുവിന്റെ മമ്മി എന്ന നായിന്റെ മോള്‌ ഇവനെ മാരണം ചെയ്തു വച്ചിരിക്കാണോ?

അവള്‍ സോഫയില്‍ ചാരിയിരുന്ന് പൊട്ടേറ്റോ ചിപ്സിന്റെ കൂടു തുറന്നു.അവള്‍ക്ക്‌ ദേഷ്യം വന്നാല്‍ കണ്ടതൊക്കെ വലിച്ചു വാരിതിന്നും. 'രണ്ടു പെറ്റ പെണ്ണിന്‌ ഇത്തിരി തടീം മൊടേം' ഒക്കെ ആകാം എന്ന ലൈനിലുള്ള തീറ്റയാണ്‌. ഡയറ്റി ങ്ങ്‌ എന്ന സാധനത്തെ പുഛമാണ്‌. പക്ഷെ കായ്യുവിന്റെ മമ്മി എന്നൊരുത്തി ഇതിനെല്ലാം പ്രതിബന്ധമായി അവളുടെ ജീവിതത്തില്‍ നില്‍ക്കുകയാണ്‌.അവള്‍ ചിപ്സു തീറ്റ അഞ്ചെണ്ണത്തില്‍ ഒതുക്കി.

'ഈ മദാമ്മമാര്‍ പെറ്റെഴുന്നേറ്റാല്‍ അവരുടെ വയറ്‌ ബലൂണ്‍ പോലെ വന്നു വീര്‍ക്കില്ലേ? മൊലകള്‌ ഇടിഞ്ഞുതൂങ്ങാറില്ലേ?

ഒരു ദിവസം അവള്‍ ഊ ണു കഴിക്കുന്നതിനിടയില്‍ അവള്‍ വിജയിനോടു ചോദിച്ചു.
'അവര്‌ നിന്നെപ്പോലെ ഒരു മുറം ചോറുണ്ണില്ല'.

തിരിച്ചങ്ങോട്ടൊന്നും പറയാതെ പാത്രം കഴുകിയടക്കുമ്പോള്‍ മനസ്സിലൊരു തീരുമാനമെടുത്തു 'ഇനി ഒരു കപ്പു ചോറുമാത്രം വറുത്തതും മധുരവും അത്രയ്ക്കങ്ങു തോന്നിയാല്‍ മാത്രം.'

ആലോചന നിര്‍ത്തി അവള്‍ നന്ദുവിന്‌ കുറച്ച്‌ ചോറും അമ്മുവിന്‌കുറച്ച്‌ കുറുക്കും നിര്‍ബന്ധിച്ച്‌ കൊടുത്ത്‌ ഉറക്കാനായികൊണ്ടുപോയി.
നന്ദുവിന്റെ കണ്ണുകള്‍ വിടര്‍ന്ന താമരയിതളുകള്‍ പോലെയാണ്‌.ഉറങ്ങുമ്പോള്‍ കൂമ്പിയ താമരമൊട്ടുപോലെയും. കൂര്‍ക്കം വലിച്ചുറങ്ങുന്ന അവനെ നോക്കി അവള്‍കുറച്ചുനേരമിരുന്നു.

'ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
ആടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നിങ്കുടമ്പോലെ പൂവന്‍പഴമ്പോലെ
പോന്നുവരുന്നോനെകണ്ടുപൂതം'

എന്നാണ്‌ തറവാട്ടിലെ കുട്ടികള്‍ കിടന്നുറങ്ങാന്‍ നേരം അമ്മൂമ പാടാറുള്ളത്‌.

'അമ്മക്ക്യാ ഒാമനത്തിങ്കള്‍ പാടിയാലെന്താ. കുട്ട്യേളെ ഭൂതം പിടിച്ചോണ്ടോണപാട്ടേ ഒറങ്ങാന്‍ നേരം പാടാന്‍ കിട്ടൂ'
അമ്മായി ഇടയ്ക്കിടക്ക്‌ ചോദിക്കും. എന്നാലും അമ്മൂമ നിര്‍ത്തില്ല. ആ പാട്ട്‌ കുടുംബ സ്വത്തുപോലെ അമ്മയ്ക്കുകിട്ടി. ഇപ്പോ അത്‌ അവള്‍ക്കും കിട്ടീട്ടുണ്ട്‌. പക്ഷെ അമേരിക്കയില്‍ വളരണ ചെക്കന്‍ വാട്ടീസ്‌ ആറ്‌,വാട്ടീസ്‌ അമ്പിളിക്കല,വാട്ടീസ്‌ പൊന്നുങ്കുടം എന്നു ചോദിച്ച്‌ നട്ടംതിരിക്ക്ണ്‌ണ്ട്‌.
മോണ്‍സ്റ്ററിന്റെ പാട്ടു പ്ടാതെ എന്തെങ്കിലും സ്റ്റോറി പറഞ്ഞുകൂടെ എന്ന് ഇടയ്ക്ക്‌ അലറും.
ഇതൊക്കെ കായ്യുവിന്റേയും അവന്റെ മമ്മിയുടേയും പണിയാണ്‌.പാരമ്പര്യമഹിമകളെ തച്ചുടക്കാനെറങ്ങിയിരിക്കുകയാണ്‌ കയ്യിലിരുപ്പ്‌ ശരിയല്ലാത്ത സാധനങ്ങള്‌.
അവള്‍ക്കു മുമ്പില്‍ ഇനി രണ്ടുവഴികളേയുള്ളു ഒന്നുകില്‍ കായ്യുവിന്റെ മമ്മിയെപ്പോലെയോ അതിലപ്പുറമോ ഉള്ള ഒരു അമ്മയാകാന്‍ ശ്രമിക്കുക അല്ലെങ്കില്‍ ആ ടി.വിയങ്ങോട്ട്‌ ഓഫ്‌ ചെയ്തു വെച്ച്‌ സ്വസ്ഥമായി നടുനിവര്‍ത്തുക.
രണ്ടാമതു പറഞ്ഞതു പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പാടാണ്‌.ഒരു മാറ്റം ആവശ്യമാണോ?
അവളുടെ മൂക്കറ്റം വിയര്‍ക്കാനും കുഞ്ഞിമീന്‍ ചെതമ്പലുപോലെയുള്ള വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങുകയും ചെയ്തു.
കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം വിയര്‍പ്പ്‌ തുടച്ച്‌ കുളിമുറിയിലേക്കു നടന്നു. കാലിലെ രോമങ്ങള്‍ വാക്സു ചെയ്തു കളഞ്ഞു.വര്‍ഷങ്ങളായി കുളിമെടകെട്ടി സ്പ്രിങ്ങുപോലെ ചുരുണ്ടുപോയ വാല്‍മുടിയെ എന്നന്നേക്കുമായി അവഗണിച്ച്‌ പുതിയൊരു മുടിക്കെട്ടു സ്വീകരിച്ചു.പിസ്സയുണ്ടാക്കാനായി മൈദമാവു ഇടഞ്ഞെടുത്തു.

രാത്രി വീടിനൊരു പ്രത്യേക മണമുണ്ടായിരുന്നു.ബേയ്ക്കു ചെയ്യുന്ന ബ്രഡിന്റേയും തക്കാളിയില്‍ കിടന്ന് വെന്തുമറിയുന്ന ബേയ്സിലിന്റേയും ഒറഗനയുടെ മണവും ഇടകലര്‍ന്നൊരു സുഖകരമായ മണം.

'ഇന്നെന്താ ഇവിടെയൊരു പുതിയ മണം' എന്നും പറഞ്ഞുകൊണ്ടാണ്‌ വിജയ്‌ വീട്ടിലേക്കു കയറി വന്നത്‌.നന്ദുവിന്റെ മുഖം സന്തോഷംകൊണ്ട്‌ മിഴിയാനും അമ്മു കൈകൊട്ടി സന്തോഷം പ്രകടിപ്പിക്കാനും തുടങ്ങി.

'നിനക്ക്‌ ഇതുപോലെ എന്തെങ്കിലും പുത്യേത്‌ ഉണ്ടാക്കിക്കൂടെ ,വെറുതെയല്ല പിള്ളേര്‌ ഈര്‍ക്കിലിപോലെയിരിക്കുന്നത്‌'.

അമേരിക്കയിലെ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ ഗ്യാസുകേറുമെന്നു പറയുന്ന ആളാണ്‌ ഇപ്പോള്‍ അവളുടെ ഭക്ഷണത്തെ കളിയാക്കുന്നത്‌.സന്തോഷംകൊണ്ടല്ലെങ്കിലും അവള്‍ മുഖം കോട്ടി ചിരിച്ചുവെന്നു മാത്രം.

അന്നു രാത്രി കിടക്കുമ്പോള്‍ നന്ദു അവളോടൊരു ചോദ്യം ചോദിച്ചു.


വാട്ടീസ്‌ യുവര്‍ നെയിം അമ്മ?

ഇന്ദുലേഖ.
അവള്‍ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

'എന്തൊരു ലോങ്ങ്‌ നെയിം അമ്മ, എനിക്ക്‌ പ്രൊനൗണ്‍സ്‌ ചെയ്യാനെ പറ്റുന്നില്ല .അമ്മക്ക്‌ പേരു മാറ്റിക്കൂടെ'.

എന്റപ്പനേ..ചെക്കന്‍ അമ്മയുടെ പേരിനെയിട്ടാണു തട്ടുന്നത്‌.

കിഴക്കേ മുറ്റത്ത്‌ നിലം മുട്ടേ ചാഞ്ഞുകിടന്നിരുന്ന ചെത്തിയുടെ അടിയില്‍ ചാരുകസേരയുമിട്ട്‌ കടുകട്ടി പുസ്തകങ്ങള്‍ ചവച്ചരച്ചിരുന്ന വെല്ലിമായയിട്ട പേരാണ്‌ ഇന്ദുലേഖ എന്നത്‌. മലയാള നോവലിലെ തന്നെ ഏറ്റവും മനോഹരമായ പേര്‌. മരുമകള്‍ തന്റേടിയും പാണ്ഡിത്യമുള്ളവളുമായിത്തീരണമെന്നാഗ്രഹിക്കുകയും 'എവിടെപ്പോയാലും സ്വന്തം സംസ്കാരത്തെ മറക്കരുത്‌' എന്ന് കൈവെച്ചനുഗ്രഹിക്കുകയും ചെയ്ത വെല്ലിമാമയുടെ ഉള്‍ക്കാഴ്ച്ചയെയാണ്‌ ചെക്കന്‍ ചോദ്യം ചെയ്തിരിക്കുന്നത്‌. ഇതങ്ങനെ വിട്ടാല്‍ ശരിയാകില്ല. 'കിടന്നുറങ്ങടാ ചെക്കാ" എന്നും പറഞ്ഞു കൊണ്ട്‌ അവള്‍ തിരിഞ്ഞു കിടന്ന് ഉറങ്ങി. കഥയും പാട്ടും ഒന്നും പാടി നേരം മെനക്കെടുത്താന്‍ നിന്നില്ല.

അന്ന് ഉറക്കത്തില്‍ അവള്‍ ഭയങ്കരമായൊരു സ്വപനം കണ്ടു,കായ്യുവും അവന്റെ മമ്മിയും ചേര്‍ന്ന് നന്ദുവിനെയിട്ട്‌ ഓടിക്കുകയാണ്‌.കായ്യുവിന്റെ മമ്മിയുടെ മുഖം വിളറിയതും ,കണ്ണിലെ കൃഷ്ണമണികള്‍ മുകളിലോട്ട്‌ കയറിപ്പോയി ഞെരമ്പുകള്‍ കാണത്തക്ക വിധത്തില്‍ വികൃതവും, തേറ്റമ്പല്ലുകള്‍ വലുതും രക്തമിറ്റു വീഴുന്നവയുമായിരുന്നു.
'അമ്മേ ഡ്രാക്കുള, അമ്മേ ഡ്രാക്കുള' എന്നും പറഞ്ഞുകൊണ്ട്‌ നന്ദു ഒടുകയാണ്‌.അവസാനം അവന്‍ ഒരു കൂര്‍ത്തകല്ലില്‍ കാലിടിച്ച്‌ നിലത്തു വീഴുന്നു.അന്നേരം കായ്യുവിന്റെ മമ്മി അവന്റെ മുഖത്തോട്‌ മുഖമമര്‍ത്തുകയും തേറ്റമ്പല്ലുകള്‍ മുഖത്തോട്‌ ചേര്‍ത്തുവെയ്ക്കാനൊരുങ്ങുകയും ചെയ്യുന്നു.

പെട്ടന്ന് അവിടെ മങ്ങി നിന്നിരുന്ന സൂര്യന്‍ പെട്ടന്ന് ഉദിക്കുകയും സ്ഥലവും കാലവും പിറകോട്ടുപോയി വര്‍ഷാവര്‍ഷം ശാര്‍ദ്ദമൂട്ടു ദിവസത്തില്‍ മാത്രം അവള്‍ ഓര്‍ത്ത്‌ നെടുവീര്‍പ്പിടാറുള്ള അമ്മൂമ ഇതിനിടയിലേക്ക്‌ ഓടി വന്ന് ഒരു തെങ്ങിന്‍ കൊതുമ്പെടുത്ത്‌ വീശിക്കൊണ്ട്‌ 'പോ പൂതമേ,പോ പൂതമേ' എന്നും പറഞ്ഞ്‌ കായ്യു
വിന്റെ മമ്മിയെ ആട്ടിയോടിക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.
ഒരു മരത്തിന്റെ തടിയില്‍ മുഖമമര്‍ത്തിക്കൊണ്ടു നില്‍ക്കുന്ന അവളെ നോക്കി അമ്മൂമ 'ചൂഴ്‌ന്നെടുക്കടി മോളെ നിന്റെ കണ്ണുകള്‍' എന്ന് ആക്രോശിക്കുകയും കുറച്ചു നേരം അവളെ നോക്കി നിന്നു കൊണ്ട്‌ ' ഉണ്ണിയോടൊപ്പം എല്ലാം പോയി' എന്നും പറഞ്ഞു കൊണ്ട്‌ ഏങ്ങിയേങ്ങി കരയാനായ്‌ തുടങ്ങുകയും ചെയ്തു.
ഏറ്റവും ഭീകരമായ ഒരുകാര്യം അവള്‍ ഇതെല്ലാം കണ്ടുകൊണ്ട്‌ ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നുവെന്നുള്ളതാണ്‌. നന്ദുവിന്റെ കഴുത്തില്‍ പല്ലമര്‍ത്തവേ കായ്യുവിന്റെ മമ്മി അവളെയും അമ്മൂമയേയും നോക്കി ക്രൂരമായി ചിരിച്ചു.

അതിയായി മൂത്രമൊഴിക്കാന്‍ മുട്ടിയതുകൊണ്ടാണ്‌ അവള്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റത്‌.സ്വപ്നത്തില്‍ അതിയായിപ്പേടിച്ചാല്‍ മൂത്ര ശങ്ക തോന്നി ചാടിയെഴുന്നേല്‍ക്കുക എന്നത്‌ പണ്ടേയുള്ള ശീലമാണ്‌ അതുകൊണ്ടാണ്‌ ആ ഭീകര സ്വപ്നത്തിന്റെ പിരിമുറുക്കത്തില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ടത്‌.

അന്നു രാത്രി കുറേ സമയം അവള്‍ക്ക്‌ ഉറക്കം വന്നതേയില്ല.

'കല്ല്യാണവും കുടുംബവും ഒരു കുരിശാണ്‌ മനസമാധാനം കെടുത്തും' എന്നു പറഞ്ഞ്‌ ഒന്നരക്കൊല്ലം കല്ല്യാണത്തെ നിഷേധിച്ച ബിന്ദുവേച്ചിയുടെ പ്രവചനം എത്ര സത്യമായിരുന്നു.

'ഉമ്മ കൊടുക്കാനും,കെട്ടിപ്പിടിച്ചുറങ്ങാനും ഒരാള്‍ വേണ്ടടി ' എന്നും പറഞ്ഞാണ്‌ അവള്‍ പ്രതിരോധിച്ചിരുന്നത്‌. അതിനിന്ന് കണക്കിനു കിട്ടുന്നുണ്ട്‌.
കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ ഇരുട്ടു ചുരുണ്ടു കൂടാനും അതിലേക്ക്‌ ഒരു പ്രത്യേക സുഖമുള്ള യാത്രപോലെ അവള്‍ ഊളിയിടുകയും ചെയ്തു.
പിറ്റേന്ന് വളരെ വൈകിയാണ്‌ കണ്ണു തുറന്നത്‌.സാധാരണ അലാമിന്റെ ശബ്ദമോ,കുട്ടികള്‍ ആരുടെയെങ്കിലും കരച്ചിലോ ഒക്കെയാണ്‌ കിടക്കയില്‍ നിന്നും ചാടിയെണീപ്പിക്കാറ്‌.വിജയും കുട്ടികളും നേരത്തേ എണീറ്റിരിക്കുന്നു.ശനിയാഴ്ച്ചയായതിനാല്‍ വിജയിനിന്ന് ഓഫീസില്ല.
കര്‍ട്ടന്‍ നീക്കി കുറച്ചു നേരം മേഘങ്ങള്‍ നിറഞ്ഞ ആകാശത്തേയും നനഞ്ഞ ഇലകളുള്ള മരങ്ങളേയും തൂവല്‍ കുടഞ്ഞേണീറ്റ്‌ വരിവരിയായിപ്പോകുന്ന പക്ഷികളേയും നോക്കി നിന്നു.ഈ കാഴ്ച്ചകളെല്ലാം വല്ലപ്പോഴും മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണ്‌.
കുറച്ചു കഴിഞ്ഞപ്പോള്‍ വിജയ്‌ വന്നു, കയ്യിലെ പാത്രത്തില്‍ പാലും അതില്‍ കുറച്ച്‌ കോണ്‍ഫേക്സും മുറിച്ച പഴകഷ്ണങ്ങളും.
അകത്തുണ്ടായ ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ ചിരിച്ചു.

'ഞങ്ങള്‍ കഴിച്ചു ഇതു നിനക്കാണ്‌.'
വിജയ്‌ പതുക്കെ തോളില്‍ തലോടി.
എന്റപ്പനേ..ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ വീണ്ടും നന്നായ്‌ ചിരിച്ചു.
പാത്രം വാങ്ങിച്ച്‌ സ്വീകരണ മുറിയിലേക്കു നടന്നു.നന്ദുവും
അമ്മുവും ടി.വി കാണുകയാണ്‌. ടി.വി യില്‍ പതിവു പോലെ കായ്യുവിന്റെ ഡിവിഡി യാണു കളിക്കുന്നത്‌.പെട്ടന്ന് വിജയും അവരുടെയിടയിലേക്ക്‌ കടന്നിരുന്നു.സാധാരണ ടി.വി കാണുന്നത്‌ വിജയിന്‌ അത്ര ഇഷ്ടമല്ല, ഇന്നിതെന്തു പറ്റി?

'ഇതു കണ്ടാല്‍ നമ്മളും കായ്യൂന്റെ
ഫാനാകും'
കായ്യുവിന്റെ തമാശകളില്‍ ലയിച്ച്‌ വിജയ്‌ തലചെരിച്ച്‌ അവളെ നോക്കിപ്പറഞ്ഞു. അപ്പോഴാണ്‌ അവളതു കണ്ടത്‌ അയാളുടെ കഴുത്തില്‍ രണ്ടു തേറ്റമ്പല്ലുകളുടെ പാടുകള്‍ .ആഴത്തിലേറ്റ കടിയില്‍ അരികുവശങ്ങളിലായി നീലച്ച ഞെരമ്പുകള്‍...

കണ്ടതു വിശ്വസിക്കാനാകാതെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കാണുന്നതു സത്യമാണ്‌.തലകറങ്ങി വീഴാതിരിക്കാന്‍ ഒന്നുകൂടി ഭൂമിയില്‍ ഉറച്ചു നിന്നു. ബോധം വീണ്ടെടുത്ത്‌ അവള്‍ സ്വന്തം കഴുത്ത്‌ തടവിനോക്കി.
വലിയൊരു അലര്‍ച്ചയോടെ കിടപ്പുറിയുടെ കണ്ണാടിയെ ലക്ഷ്യമാക്കിയോടുന്ന അവളെ പിന്തിരിഞ്ഞു നോക്കി ചിരിച്ചതിനുശേഷം വിജയും കുട്ടികളും കായ്യുവിന്റെ കുസൃതികളില്‍ അമര്‍ന്നിരുന്നു.

Tuesday, January 29, 2008

ശ്യാമയുടെ ജാലകങ്ങള്‍

ബോംബെ നഗരത്തില്‍ ഒരു കൊലപാതകം നടക്കുക എന്നത്‌ പുത്തിരിയായ കാര്യമല്ല, ശ്യാമ അതിനെതിരെ പ്രതികരിക്കുന്ന രീതിയാണ്‌ രാംദാസിന്‌ ഒട്ടും പിടിക്കാഞ്ഞത്‌. രാവിലെ പേസ്റ്റ്‌ തുറുപ്പിച്ച്‌ ബ്രഷിലേക്കു വെയ്ക്കുമ്പോള്‍ അയാള്‍ മനോഹരന്റെ വാക്കുകളോര്‍ത്തു. പതിനെട്ടു കൊല്ലത്തെ ബോംബെ ജീവിതത്തിനിടയില്‍ വിഷമഘട്ടങ്ങള്‍ വരുമ്പോഴൊക്കെ അയാള്‍ മനോഹരന്‍ ഉറുമ്പുകള്‍ വരിവരിയായ്‌ ഇഴഞ്ഞുപോകുന്നതുപോലെയുള്ള കുഞ്ഞക്ഷരങ്ങളാല്‍ എഴുപത്തിയഞ്ചു പൈസയുടെ ഇല്ലന്റിലെഴുതിയ കത്തിലെ വരികളോര്‍ക്കും.

'നടുറോട്ടിലിട്ട്‌ ഒരുവനെ കുത്തിമലര്‍ത്തുന്നതു കണ്ടാലും, ഗുണ്ടകളെ വിട്ട്‌ സ്വന്തം ഫ്ലാറ്റില്‍ നിന്ന് ഉടമസ്ഥരെ അടിച്ചെറക്കണതു കണ്ടാലും വായടച്ചിരിക്കാന്‍ പഠിക്കണം. നമ്മുടെ നടു ചായ്ക്കാന്‍ അളന്നെടുത്ത മട്ടിലുള്ള ഒരു സ്ഥലത്ത്‌ ഒറങ്ങാനും, ഒരു കട്ടനും പാവിന്റെ കഷ്ണോം കൊണ്ട്‌ വയറു നെറക്കാനും കഴിയണം..ഇതാണെടാ ബോംബെ ജീവിതത്തിന്റെ തത്വശാസ്ത്രം...നിനക്കതു പതിയെ മനസ്സിലാകും.'

മനോഹരന്‍ പറഞ്ഞതപ്പടിയും ശരിയായിരുന്നു.
ചെമ്പൂരിലെ ഒരു പുറം തിരിയാന്‍ പോലും ഇടം കിട്ടാത്ത ഫ്ലാറ്റില്‍ നിലത്ത്‌ പുതപ്പുവിരിച്ച്‌ കൊതുകുകടി കൊണ്ട്‌ കിടക്കുമ്പോഴും മിക്ക ദിവസങ്ങളിലും ലസൂണ്‍ ചട്ണിയും വാട്ടിയ മുളകും തോനെ വച്ച ബട്ടാട്ട വട കഴിച്ച്‌ വയറു നിറക്കുമ്പോഴും ലഖ്നൗവിനെ ഫ്ലാറ്റിലിരുന്ന് മനോഹരന്‍ എഴുതിയതെന്നു കരുതപ്പെടുന്ന ബോംബെ ജീവിതത്തിന്റെ ത്വതശാസ്ത്രമടങ്ങുന്ന എഴുത്തിലെ വരികള്‍ എപ്പോഴുമോര്‍ക്കുമായിരുന്നു.

ശ്യാമയുടെ വിളര്‍ച്ചയും ,ഒന്നും കഴിക്കാതെ മാനത്തേക്കു നോക്കിയുള്ള കുത്തിയിരുപ്പും അയാള്‍ക്ക്‌ അസഹനീയമായി തോന്നി. മനോഹരന്റെ കത്ത്‌ ഇന്ന് കയ്യിലുണ്ടെങ്കില്‍ മോന്തക്കുറ്റിയിലേക്ക്‌ അതൊന്ന് വലിച്ചെറിഞ്ഞ്‌ വാതില്‍ നീട്ടിയടച്ച്‌ പുറത്തേക്ക്‌ പോകാമായിരുന്നു.


'നിങ്ങള്‍ക്കതു പറഞ്ഞാല്‍ മനസ്സിലാകില്ല' ശ്യാമ കരയുന്ന മട്ടില്‍ പറഞ്ഞു തുടങ്ങി.
'ഞാനല്ലേ അതു കണ്ടത്‌ , മനുഷ്യന്റെ ജീവന്‌ ഇത്ര വെലല്യാണ്ടായോ.' .അതും കണ്മുമ്പില്‌ വളര്‍ന്ന കുട്ടീന്റെ...


ശ്യാമ ടൈനിംങ്ങ്‌ ടേബിളിനു മുകളില്‍ തലവെച്ച്‌ കിടക്കുന്നതും കണ്ട്‌ അയാള്‍ പുറത്തേക്കിറങ്ങി.

പുറം ലോകം ചുട്ടു പൊള്ളുകയായിരുന്നു.മാലിയുടെ ശ്രദ്ധയുള്ളതിനാല്‍ ഫ്ലാറ്റിനു മുമ്പിലായി ചതുരക്കളത്തില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള പൂന്തോട്ടത്തിലെ പൂക്കളും മറ്റു ചെടികളും വാടാതെ നില്‍ക്കുന്നുണ്ടെന്നു മാത്രം. എങ്കിലും ഇക്കൊല്ലം മൊസാണ്ടയിലും രാജമല്ലിയിലും പൂക്കള്‍ ഇല്ല എന്നു തന്നെ പറയാം.അതു കൊണ്ട്‌ തേന്‍ കുടിക്കാനായ്‌ വരുന്ന വണ്ടുകളുടേയും ചിത്രശലഭങ്ങളുടേയും വരവ്‌ വളരെ കുറവാണ്‌.

ഫ്ലാറ്റിന്റെ മുന്‍ വശത്തെ ജനലിലൂടെയുള്ള കാഴ്ച്ചയാണീ ചതുരക്കളത്തിലുള്ള പൂന്തോട്ടവും അതിനുള്ളിലായ്‌ കെട്ടിയ ചെറിയൊരു കുളവും അതിനുള്ളിലുള്ള രണ്ടു താറാക്കുട്ടികളും.

അടുക്കളയുടെ ഗ്യാസ്‌ സ്റ്റൗവിനു പിന്നിലായ്‌ വേറെ രണ്ടു ജനല്‍ പാളികളുണ്ട്‌,ശ്യാമയുടെ പകല്‍ ആരംഭിക്കുന്നതും രാത്രി ഒടുങ്ങുന്നതും ഈ ജനല്‍ പാളികളിലൂടെയാണ്‌ . രാവിലെ പാല്‍ക്കാരന്‍ പാല്‍കൊണ്ടുവന്ന് വാതില്‍പ്പടിയില്‍ വെച്ച്‌ ജനലില്‍ രണ്ടു തട്ടുകൊടുത്തിട്ടാണ്‌ പോകുക അതോടെ പ്രഭാതം ആരംഭിക്കുകയായി. വേറെയും പതിനഞ്ചു കുടുംബങ്ങളടങ്ങിയ ഫ്ലാറ്റിന്റെ പ്രധാന ഗേയ്റ്റിലേക്കുള്ള എളുപ്പ വഴി ശ്യാമയുടെ ജനലിനു മുന്നിലൂടെ കടന്നു പോകുന്ന ഒന്നായിരുന്നു.അതുകൊണ്ട്‌ ആരൊക്കെ ജോലിക്കു പോകുന്നു ,ആരുടെ വിട്ടില്‍ ആരൊക്കെ കയറിയിറങ്ങുന്നു എന്ന കണക്ക്‌ ശ്യാമയുടെ കയ്യില്‍ ഭദ്രമായിരുന്നു. ജോലിക്കു പോകാതിരിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ അടുത്ത വീട്ടുകാര്‍ എപ്പോഴും വീടിന്റെ ഒരു ചാവി ശ്യാമയെ ഏല്‍പ്പിക്കുക പതിവായിരുന്നു. അവളുടെ ചിരിക്കുന്ന മുഖം രാവിലെത്തന്നെയുള്ള ഏറ്റവും നല്ല ശകുനമായി മിക്കവരും വാഴ്ത്താറുള്ളതിനാല്‍ 'ചാന്ദ്നി എന്ന പേരാണ്‌ അവള്‍ക്ക്‌ കൂടുതല്‍ ഇണങ്ങുക എന്ന് അപ്പുറത്തെ ഫ്ലാറ്റിലെ ഹേതള്‍ ബേന്‍ എപ്പോഴും പറയുമായിരുന്നു. ഹേതളിന്റെ ഫ്ലാറ്റിന്റെ മുന്‍ വാതിലുകളും,ജനലുകളും ശ്യാമയുടെ അടുക്കളയില്‍ നിന്നും നോക്കിയാല്‍ നന്നായിക്കാണാം. ആ വാതിലുകള്‍ എപ്പോഴും കണ്ടതു കൊണ്ടാണല്ലോ ഇപ്പോള്‍ ഇത്രയും പ്രശ്നങ്ങളുണ്ടായത്‌.


അവള്‍ വാഷ്ബേസിനരുകിലേക്ക്‌ പോയി മുഖം തണുത്ത വെള്ളത്താല്‍ അടിച്ചു കഴുകി തോര്‍ത്തു മുണ്ടെടുത്ത്‌ നന്നായി തുടച്ചു. കൈത്തണ്ടയില്‍ പൊങ്ങി നില്‍ക്കുന്ന മൊരികളില്‍ കുറച്ച്‌ ക്രീമെടുത്ത്‌ തേച്ച്‌ കണ്ണാടിയിലൊന്നു നോക്കി.കണ്‍തടങ്ങള്‍ കറുത്ത്‌ കണ്ണുകള്‍ വാടിയിരിക്കുന്നു. എല്ലാം മറന്ന് പണ്ടത്തെപ്പോലെ എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കണമെന്നുണ്ടായിരുന്നു അവള്‍ക്ക്‌. കുട്ടികളാണെങ്കില്‍
'ആപ്കോ ക്യാ ഹുവാ അമ്മാ' എന്നു ചോദിക്കാനും തുടങ്ങിയിരിക്കുന്നു.


അടുക്കളയിലേക്കു നടന്ന് കുറച്ച്‌ ആട്ടയെടുത്ത്‌ ചപ്പാത്തിക്ക്‌ കുഴക്കാനാരംഭിച്ചു.ചപ്പാത്തിക്കു മാവു കുഴക്കുമ്പോഴാണ്‌ സാധാരണ ഏറ്റവും സുഖകരമായ ഓര്‍മ്മകളില്‍ മുഴുകാറുള്ളത്‌. ഇന്ന് അതുണ്ടായില്ല. ഹേതള്‍ ബേന്റെ അടഞ്ഞ വാതിലിനു മുന്നില്‍ കൊളുത്തിയിട്ടിരിക്കുന്ന ഗണപതിയുടെ രൂപത്തിനു താഴെയുള്ള കിങ്ങിണികള്‍ കാറ്റിനൊത്ത്‌ കിലുങ്ങുന്നതും,അവരുടെ വീടിനരികിനോടു ചേര്‍ന്നു നില്‍ക്കുന്ന മെയ്‌ ഫ്ലവര്‍ ചെടിയുടെ മൂത്ത കൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്‌ ചെയിം ശബ്ദമുണ്ടാക്കി ആടുന്നതും സന്തോഷമല്ല വിഷാദമുള്ള ഒരോര്‍മ്മയാണ്‌ അവളിലുണ്ടാക്കിയത്‌. ഹേതള്‍ബേനിന്റെ അടഞ്ഞുകിടക്കുന്ന വാതിലിനു മുമ്പില്‍ നിന്നു കൊണ്ട്‌ അവരുടെ മകള്‍ കരിഷ്മ പതുക്കെ അവള്‍ക്കു നേരെ കൈ വീശുന്നതു പോലെ തോന്നിയവള്‍ക്ക്‌ .പെട്ടന്ന് ഒരു ഭയപ്പാടോടെ ജനലടച്ച്‌ ഓടിവന്ന് കിടക്കയില്‍ വീണ്‌ കണ്ണുകള്‍ ഇറുകെയടച്ചു.കണ്ണുകള്‍ തുറിച്ച്‌ ,കൈകള്‍ വിറങ്ങലിച്ച കരിഷ്മയുടെ രൂപം ഇരുട്ടിനെ രണ്ടായി പകുത്തുകൊണ്ട്‌ കണ്ണുകളിലേക്ക്‌ വീണ്ടും കുതിച്ചു വന്നു.

'ആപ്കോ തോ സബ്‌ മാലൂം ഹേ, ഫിര്‍ ക്യോ നഹീ ബോല്‍തീ ആന്റീ'..

കരിഷ്മ നുറുങ്ങിയ വാക്കുകളാല്‍ അവള്‍ക്കു ചുറ്റും വലയം വെക്കാന്‍ തുടങ്ങി..

രാംദാസ്‌ വീട്ടില്‍ വന്നു കയറുമ്പോള്‍ ശ്യാമ മച്ചില്‍ നോക്കി കണ്ണും തുറുപ്പിച്ച്‌ കിടക്കുകയായിരുന്നു.

'എനിക്കൊരു ചായ വേണം'.

അയാള്‍ ചായയിടാനായി അടുക്കളയില്‍ കയറിയപ്പോള്‍ ശ്യാമ വേഗം എണീറ്റു ചെന്നു.

തിളച്ചവെള്ളത്തില്‍ ചായപ്പൊടി വീഴുന്നതും അതിന്റെ കറ ഒരു മേഘപടലം പോലെ വെളുത്ത ജലത്തെ മുഴുവന്‍ വിഴുങ്ങുന്നതും നോക്കി അവള്‍ നിന്നു.

'എനിക്കു വയ്യ രാമേട്ട ,കണ്ണടക്കുമ്പോഴൊക്കെ ആ കുട്ടീന്റെ മുഖം എന്നോടു സത്യം പറയാന്‍ പറയുന്നു.'

'നീ ആ പണ്ടാരടങ്ങിയ കാര്യം ഇതു വരേം മറന്നില്ലേ?'

ചായയുമായി അയാള്‍ സോഫയില്‍ അമര്‍ന്നിരുന്നു.
ഹേതള്‍ ബേനിന്റെ മകള്‍ കരിഷ്മയെ കുഞ്ഞിനാളിലേ മുതല്‍ അയാളും കാണുന്നതാണ്‌. ശ്യാമയുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് കരിഷ്മയും ഒരു ചെറുക്കനും തമ്മിലടുപ്പമാണെന്നുമുള്ളതും അറിഞ്ഞിരുന്നു.അതിനെ ചൊല്ലി അവരുടെ വീട്ടില്‍ നടക്കുന്ന വഴക്കുകള്‍ ശ്യാമയുടെ ജനലിലൂടെയുള്ള കാഴ്ച്ചകളില്‍പ്പെട്ടിരുന്നു.
കഴിഞ്ഞാഴ്ച്ച ഒരു സംഘം അക്രമികള്‍ കയറിവന്ന് ആ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു വെന്നാണ്‌ ശ്യാമ പറയുന്നത്‌. ശ്രീരാമ ചന്ദ്ര പട്ടേലും, ഹേതള്‍ ബേനുമടക്കമുള്ളവര്‍ പോലീസിനു മൊഴി കൊടുത്തിരിക്കുന്നത്‌ മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ്‌. പിന്നെ ശ്യാമക്കിതിലെന്തു കാര്യം. അയാള്‍ ചൂടു വകവെയ്ക്കാതെ ചായ വേഗം വേഗം കുടിച്ചിറക്കി.

ശ്യാമയുടെ പേടിച്ച മുഖം എല്ലാ മനസ്സമാധാനങ്ങളും കെടുത്തുന്നു. ഇത്രയ്ക്കും ഇമോഷണലാവാതെ കുറച്ചു പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ അവളോട്‌ എത്ര പ്രാവശ്യം പറയണം.ശ്യാമ അടുക്കളയിലെ സിങ്ക്‌ ഉരച്ചു കഴുകുകയായിരുന്നു. മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ വീട്ടിലുള്ളതെല്ലാം അവള്‍ ഉരച്ചു വെളുപ്പിക്കും.
രാംദാസിനോട്‌ ഇക്കാര്യത്തെപ്പറ്റിപ്പറയുന്നതിലര്‍ത്ഥമില്ല . കരിഷ്മയുടെ മരണ കാര്യത്തെപ്പറ്റി പറയുമ്പോള്‍ താന്‍ പറയുന്നത്‌ സത്യമല്ലെന്ന് വരുത്തിത്തീര്‍ക്കുന്ന അയാളുടെ നിര്‍വ്വികാരതയെയാണ്‌ അവള്‍ ഏറ്റവുമധികം വെറുക്കുന്നത്‌.
അയാള്‍ മാറിയിരിക്കുന്നു. വള്ളി പൊട്ടിയ രണ്ടു വാര്‍ ചെരുപ്പിനെ തുന്നിക്കെട്ടി,ചെങ്കല്‍ റോഡിലെ ഓറഞ്ചു നിറമുള്ള പൊടിപടലത്തെ വായിലേക്ക്‌ മൊത്തം ആവാഹിച്ച്‌ ചുവന്ന കൊടിയും പിടിച്ച്‌ മുദ്രാവാക്യം വിളിച്ച്‌ നടന്നിരുന്ന രാംദാസല്ല ഇപ്പോഴുള്ളത്‌.
ചുരുട്ടി മടക്കി സിലിണ്ടര്‍ പരുവമാക്കിയ ചെഗുവരയുടെ ജീവചരിത്ര പുസ്തകം കക്ഷത്തില്‍ വെച്ച്‌ കോളേജു വരാന്തയില്‍ തന്നെ കാത്തു നിന്നിരുന്ന രാംദാസിലെ വിപ്ലവം അവരുടെ കല്ല്യാണത്തോടെ അവസാനിച്ചിരുന്നു.
മേല്‍ജാതിയിപ്പെട്ട പെണ്ണിനെ കല്ല്യാണം കഴിച്ചതോടെ ജീര്‍ണ്ണിച്ചു തുടങ്ങിയ അയാളുടെ വിപ്ലവ സമരങ്ങളുടെ കണ്മുമ്പില്‍ കാണാവുന്ന വിജയനാടയായിരുന്നു അവള്‍.

'വീട്ടുകാരേം നാട്ടുകാരേം വെറുപ്പിച്ചിട്ട്‌ എന്തു നേടാനാ,സമാധാനാ വേണ്ടത്‌.വിവാഹ പുതുമ കെട്ടടങ്ങുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു.
തേച്ചു വെടിപ്പാക്കിയ ഡ്രസ്സുകള്‍ ധരിക്കാനും ,കാല്‍ നഖങ്ങളും ചെരിപ്പും ഉരച്ചു വെളുപ്പിക്കാനും അയാള്‍ ശ്രദ്ധിച്ചു.

'നായരച്ചിയെ കെട്ടിയപ്പോഴേക്കും ഇങ്ങോര്‌ നന്നാവാന്‍ തൊടങ്ങ്യോ' എന്ന് പരിചയക്കാര്‍ ചിരിച്ചോണ്ട്‌ ചോദിച്ചു.
പതിവു പോലെ തര്‍ക്കിക്കാതെ അയാള്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.

ജീവിക്കാനുള്ള പണമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ്‌ ബോംബെയിലെത്തിയത്‌.ഇപ്പോള്‍ രാംദാസിന്റെ തരക്കേടില്ലാത്ത ബിസിനസ്സും ,മുറിഞ്ഞ മലയാളം കഷ്ടപ്പെട്ട്‌ പറയുന്ന കുട്ടികളുമായി ജീവിതം ഇവിടെത്തന്നെ വേരാഴ്ത്തിയിരിക്കുന്നു.

'ബോംബേലെ പട്ടിണിയും പരിവട്ടോമടങ്ങിയ പഴയ ജീവിതത്തേല്‍ന്ന് ഈ രണ്ടു മുറി ഫ്ലാറ്റിനെ ഒപ്പിച്ചെടുക്കണെങ്കിലേ വിപ്ലവും തലയിലേറ്റി നടന്നാല്‍ ശരിയാകില്ല'.

മദ്യപാന സഭയിലെ മലയാളി സുഹൃത്തുക്കളോട്‌ വഴുവഴുത്ത ശബ്ദത്തില്‍ പറഞ്ഞ്‌ അയാള്‍ ചിരിക്കുമ്പോള്‍ എടുത്തു വെച്ച മിക്സ്ച്ചറിന്റെ പകുതിഭാഗം ശ്യാമ കുപ്പിയിലേക്കു തന്നെയിടും.

'നിനക്കു പണ്ടത്തെപ്പോലെ കാറ്റിനേം പൂവിനേം പറ്റി കവിതയെഴുതിക്കൂടെ' ഏറെ നേരം നീണ്ടു നിന്ന ലൈംഗികവേഴ്ച്ചയുടെ അവസാനം അവളുടെ വലതു തുടയ്ക്കടിയിലായി കറുത്തു തുടുത്തു നിന്നിരുന്ന അരിമ്പാറയെ വട്ടത്തിലുഴറ്റി ചിരിച്ചുകൊണ്ട്‌ അയാള്‍ ചോദിക്കും .

പൂവിനേം കാറ്റിനേം പറ്റി തരളമായ ഭാഷയിലെഴുതുന്ന ഒരു പെണ്ണിനെ സ്നേഹിച്ച വിപ്ലവകാരിയായ കാമുകനായി ആ നിമിഷങ്ങളില്‍ അയാള്‍ ജ്വലിക്കും.

'നിന്നിലെ വിപ്ലവം ജയിക്കട്ടെ' എന്ന് പാര്‍ട്ടി ഓഫീസിലെ ചന്ദ്രേട്ടന്‍ കൊടുത്തയച്ച കുറിപ്പിലെ ,കീഴ്ജാതിക്കാരനെ കല്ല്യാണം കഴിച്ച്‌ ആരേയും കൂസാതെ വീടു വിട്ടിറങ്ങിപ്പോന്ന വിപ്ലവകാരിയായ ഒരു കാമുകിയായി അവള്‍ ഒരു ദിവസം മാത്രമേ ജീവിച്ചിട്ടുള്ളു രജിസ്ട്രോഫിസില്‍ വെച്ച്‌ രാംദാസിന്റെ ഭാര്യയായിക്കൊള്ളുന്നു എന്ന കടലാസിലൊപ്പുവെച്ച ദിവസം മാത്രം...

അവള്‍ കിടപ്പുമുറിയിലേക്കു നടന്ന് കര്‍ട്ടനുകള്‍ മാറ്റി പുറത്തേക്കു നോക്കി.ഭൂമി കുറച്ചുകൂടി ചുട്ടു പഴുത്തിരിക്കുന്നു. ജ്യൂസും പഴങ്ങളും വില്‍ക്കുന്ന കടകളില്‍ നിലയ്ക്കാത്ത തിരക്ക്‌. റോഡില്‍ ചൂടിനെ വകവെയ്ക്കാതെ നടന്നു പോകുന്ന ജനങ്ങള്‍ . ബോംബെ നഗരം ഒരിക്കലും വിശ്രമിക്കുന്നതേയില്ല.
പിന്തിരിഞ്ഞു വന്ന് അലമാരയുടെ മുകളിലെ തട്ടില്‍ പ്രണയസ്മാരകങ്ങളായ്‌ സൂക്ഷിച്ചിരുന്ന അവളുടെ കുറെ കവിതകളും സിലിണ്ടര്‍ പരുവത്തില്‍ തന്നെയിരിക്കുന്ന ചെഗുവരയുടെ ജീവചരിത്ര പുസ്തകവും വലിച്ചു നിലത്തു വെച്ചു.
ചപലമായ എഴുത്ത്‌ അവള്‍ കവിതകളെ നോക്കിപ്പറഞ്ഞു.
പണ്ട്‌ ലജ്ജയോടെ അയാളുടെ കക്ഷത്തില്‍ നിന്നും വലിച്ചൂരിയെടുത്ത്‌ ,വിയര്‍പ്പാല്‍ ചുളിഞ്ഞൊടിഞ്ഞ ഏടുകളെ നിവര്‍ത്തിവെച്ച്‌ .
'ചെഗുവര ഇതങ്ങാനറിഞ്ഞാല്‍ എണീറ്റുവന്ന് രാമേട്ടനെ തല്ലാനോടിക്കുമെന്നു ' പറഞ്ഞു ചിരിക്കാറുള്ള , പുസ്തകത്തിന്‌ കടുത്ത മാറാലമണം.


2

രാംദാസപ്പോള്‍ 'മനീഷ്‌ നഗറില്‍' കൂട്ടുകാരുമായി എല്ലാ സായാഹ്നത്തിലും ഒത്തു ചേരാറുള്ള പാര്‍ക്കിലെ ബഞ്ചിലിരുന്ന് ജീവിതത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു.

ബോംബെയില്‍ ഫ്ലാറ്റുകളുടെ വില കുത്തനെ ഉയരാന്‍ പോകുകയാണ്‌. ആകാശത്തിലൂടെ വരുമെന്നു പറയുന്ന യാത്രാ സൗകര്യങ്ങളും , ജനപ്പെരുപ്പത്താല്‍ അനുഭവിക്കാന്‍ പോകുന്ന ഫ്ലാറ്റുകളുടെ ദൗര്‍ലഭ്യവും ഇവിടത്തെ റിയലെസ്റ്റേറ്റുകാര്‍ കച്ചവടമാക്കി പൊടിപൊടിക്കും.ലോണെടുത്തിട്ടാണെങ്കിലും ഒരു ഫ്ലാറ്റുകൂടി എവിടെയെങ്കിലും സംഘടിപ്പിക്കണം.
ജീവിതച്ചെലവുകള്‍ ഏറി വരുകയാണ്‌. കുട്ടികളുടെ പഠിപ്പ്‌,അതു കഴിഞ്ഞാല്‍ മകളുടെ കല്ല്യാണം. അന്ധേരിയിലാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പച്ചക്കറികള്‍ക്കൊക്കെ ഒടുക്കത്തെ വിലയാണ്‌.

അയാള്‍ കഴുത്തിനു പിന്നിലായ്‌ ചാലിട്ടൊഴുകുന്ന വിയര്‍പ്പിനെ കര്‍ച്ചീഫെടുത്ത്‌ തുടച്ചു കൊണ്ട്‌ സര്‍ബത്ത്‌ വില്‍ക്കുന്ന മലയാളിയുടെ കടയെ ലക്ഷ്യമാക്കി നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു വന്ന് ബെല്ലടിക്കാന്‍ തുടങ്ങി.

'പാപ്പാ'.. മകന്റെ വെപ്രാളപ്പെട്ട സ്വരം.

'എന്താ' അയാള്‍ ചോദിച്ചു.

'അമ്മ ഇവിടെ എല്ലാ വതിലുകളും ജനലുകളും അടച്ച്‌ കര്‍ട്ടനിട്ട്‌ മൂട്യേര്‍ക്കുന്നു. കിച്ചന്റെ വിന്റോ ഗ്ലാസ്സില്‍ ന്യൂസ്‌ പേപ്പറില്‍ ഗ്ലൂ തേച്ച്‌ മുഴുക്കനോം ഒട്ടിച്ചേര്‍ക്കുന്നു...ഇപ്പോ സോഫേല്‍ കുത്തിരുന്ന് രോരഹീ ഹെ ..വാട്ട്‌ ഹാപ്പന്റ്‌ ടു ഹേര്‍?

മോന്‍ പേടിക്കേണ്ട എന്നും പറഞ്ഞ്‌ അയാള്‍ ഫോണ്‍ ഓഫ്‌ ചെയ്ത്‌ അസ്വസ്ഥതയോടെ വീട്ടിലേക്കു നടന്നു.
3ശ്യാമയ്ക്ക്‌ വല്ലാത്ത ആശ്വാസം തോന്നി.മനസ്സ്‌ ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു. എല്ലായിടവും ഇരുട്ട്‌ മൂടിയിരിക്കുന്നു. പുറത്തെ ഭിക്ഷക്കാരുടെ നേര്‍ത്ത വിളികളും,പൂക്കള്‍ വിക്കാനായി റോഡില്‍ തലങ്ങും നടക്കുന്ന കൊച്ചു കുട്ടികളും അപ്രത്യക്ഷമായിരിക്കുന്നു.
മനസ്സില്‍ വല്ലാത്തൊരു ശാന്തത.. ഉഷ്ണം കൊണ്ട്‌ പൊള്ളിയിരുന്ന ശരീരം പതുക്കെ തണുത്ത്‌ വിയര്‍ത്തൊലിക്കാന്‍ തുടങ്ങി.
പണ്ട്‌ കോളേജു വരാന്തയില്‍ നിന്നുകൊണ്ട്‌ ചെങ്കൊടി ജാഥകള്‍ക്കു നേരെ കൈകള്‍ വീശി,ചുണ്ടനക്കി മുദ്രാവാക്യം വിളിക്കുമ്പോള്‍ രോമാഞ്ചം കൊണ്ട്‌ തിണര്‍ത്തു വരാറുണ്ടായിരുന്ന ചെറിയ കുരുക്കള്‍ അവളുടെ ശരീരത്തില്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരുന്നു.

'നിന്നിലെ വിപ്ലവം മരിക്കാതിരിക്കട്ടെ' എന്നെഴുതിയ ചന്ദ്രേട്ടന്റെ ചെറിയ കുറിപ്പ്‌ കിട്ടിയപ്പോഴുണ്ടായ അതേ ആവേശം മനസ്സിനെ പൊതിഞ്ഞു.


പുറത്തെ വരണ്ട കാഴ്ച്ചകള്‍,മുഷിഞ്ഞ രൂപങ്ങള്‍, വിശന്ന ഞെരക്കങ്ങള്‍..ഒക്കെ അവളുടെ ചിരിയെ കെടുത്താനും കണ്‍തടങ്ങളെ കറുപ്പിക്കാനും ആരോ സൃഷ്ടിച്ചതാണ്‌.

'ഇനി ഈ ജനലുകള്‍ തൊറക്കേ വേണ്ട' ബോധം പോകാത്ത നാക്കുകൊണ്ട്‌ അവള്‍ അടഞ്ഞ ജനലുകളെ നോക്കിപ്പറഞ്ഞു.


മുന്‍ വശത്തെ ചതുരക്കളത്തിലുള്ള തോട്ടവും അതിനുള്ളില്‍ നീന്തുന്ന താറാക്കുട്ടികളും,പിന്‍ വശത്തെ സീതാബേന്റെ വാതിലിനു മുന്നിലെ കിങ്ങിണി തൂങ്ങുന്ന ഗണപതിയേയും,മെയ്‌ ഫ്ലവറിന്റെ മൂത്തകൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്ചെയിമിന്റെ നേര്‍ത്ത ആട്ടത്തേയും മാത്രമല്ല ലോകത്തെ സകല കാഴ്ച്ചകളേയും എന്നന്നേക്കുമായി അടച്ചുവെന്ന ആശ്വാസമായിരുന്നു ശ്യാമയ്ക്കപ്പോള്‍.