Wednesday, May 16, 2007

വിഷാദം പൂക്കുന്ന മരങ്ങള്‍

ഡയറിക്കുറിപ്പുകള്‍ - 4


മടുപ്പിക്കുന്ന മഞ്ഞുകാലം കഴിഞ്ഞ്‌ പുല്‍നാന്‍പുകളും തളിരിലകളും തലപൊക്കാന്‍ തുടങ്ങുന്ന ഏപ്രില്‍ മാസം, അതും കഴിഞ്ഞ്‌ വേനലിനെ എതിരേല്‍ക്കാനായി ശരിയായ രീതിയില്‍ പച്ചപിടിച്ച മെയ്‌ മാസം. മെയ്‌ മാസാരംഭത്തില്‍ കടകളിലെല്ലാം അമ്മമാര്‍ക്കു സമ്മാനിക്കാനുള്ള സ്നേഹ സന്ദേശമടങ്ങിയ കാര്‍ഡുകളും, സമ്മാനപ്പൊതികളും നിരന്നിരിക്കും. അമ്മമാര്‍ക്ക്‌ വേണ്ടിയുള്ള സമ്മാനങ്ങള്‍ ചിക്കിചികഞ്ഞെടുക്കുന്ന മക്കളുടെ കൂട്ടം മെയ്‌ മാസത്തിലെ പ്രധാന കാഴ്ച്ചയാണ്‌.

ഓരോ 'മദേഴ്സ്‌ ഡേ' കടന്നു വരുമ്പോളും ഞാനവരെ ഓര്‍ക്കും, ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ അപ്പാര്‍ട്ടുമെന്റിനു വലതുവശത്തെ അപ്പാര്‍ട്ടുമെന്റിലായി താമസിച്ചിരുന്ന അമ്മൂമയെ..
അവര്‍ക്ക്‌ ഏകദേശം എഴുപതിനും എഴുപത്തിയഞ്ചിനുമിടക്കു പ്രായം വരും. ഒരു പൂച്ചയും അവരും കൂടിയാണ്‌ താമസം. ഒരു ഗ്രാമപ്രദേശത്ത്‌ ജനിച്ചു വളര്‍ന്ന എനിക്ക്‌ ഒരു പ്രായമായ സ്ത്രീ ഒറ്റക്കു താമസിക്കുന്നതില്‍ അനുകമ്പയും ,ഉദ്വേഗവുമുണ്ടാക്കിയിരുന്നു. മാത്രവുമല്ല എന്റെ വിവാഹത്തിന്‌ ഏകദേശം ഒരു വര്‍ഷം മുമ്പ്‌ മരിച്ചുപോയ എന്റെ അച്ഛന്റെ അമ്മയുടെ ഭാവപ്രകടനങ്ങളുമായി ഈ അമ്മൂമക്ക്‌ വളരെ സാമ്യവുമുണ്ട്‌.
മുമ്പത്തെ ഡയറിക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നതുപോലെ എനിക്ക്‌ വേറെ ജോലിയും കൂലിയുമൊന്നുമില്ല.ഭര്‍ത്താവ്‌ ജോലിക്കു പോയിക്കഴിഞ്ഞാല്‍ പ്രകൃതി നിരീക്ഷണവും ഈ വക കണക്കെടുപ്പും തന്നെ പണി.അപ്പോള്‍ സ്വാഭാവികമായും ഈ അമ്മൂമയും എന്റെ വായില്‍ നോട്ടത്തിന്റെ മറ്റൊരു ഇരയാണ്‌.

ഞാന്‍ രാവിലെ നേരത്തേ എണീക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്‌. പ്രഭാതത്തിലെ കാറ്റിന്‌ പുതുമയുള്ള മണവും,ചെടികള്‍ക്ക്‌ പ്രത്യേക നിറവും,മണ്ണിന്‌ ചെറുതണുപ്പുമുണ്ടാകും.ഞനിതൊക്കെ ആസ്വദിച്ച്‌ അവിടമാകെ ചുറ്റിക്കറങ്ങി നടക്കുമ്പോള്‍ ഈ അമ്മൂമ ഒരു ബാഗു മെടുത്ത്‌ കാറിനരുകിലേക്ക്‌ നടക്കുന്നതുകാണാം.വളരെ ശ്രദ്ധയോടെയാണവര്‍ കാലുകള്‍ വയ്ക്കുക,എന്നെക്കാണുമ്പോള്‍ പതുക്കെയൊന്ന് കൈവീശും.അവരുടെ 'സുന്ദരിക്കോത'യായ പൂച്ച ഇതൊക്കെ ജനലിലൂടെ നിന്നു കാണും, അവരതിനെ ഒരിക്കലും പുറത്തു വിട്ടിരുന്നില്ല.അമ്മൂമ അകലേക്ക്‌ പതുക്കെ നടന്നകലുന്ന കാഴ്ച്ച ഞാന്‍ കുറേ നേരം നോക്കി നില്‍ക്കുക പതിവായിരുന്നു.

അമ്മൂമയുടെ പൂച്ചയെ ഞാന്‍ പുറത്തുനിന്ന് കണ്ണിറുക്കി കാണിക്കുകയും,ഗോഷ്ടികള്‍ കാണിച്ച്‌ ആകര്‍ഷിപ്പിക്കുകയുമൊക്കെ ചെയ്യുക പതിവാണ്‌. അതിനാണെങ്കില്‍ എപ്പോഴുംശരീരം നക്കിത്തോര്‍ത്തി,പല്ലുകള്‍ കൂര്‍പ്പിച്ച്‌ സൗദ്ധര്യ സംരക്ഷണം നടത്തുക എന്നതൊഴികെ അയല്‍പക്കക്കാരെ ഒരു വിലയുമില്ല. അവസാനം ' നീ പുറത്തിറങ്ങുമ്പോള്‍ ഞാന്‍ നിന്നെ പൂച്ച രസായനമുണ്ടാക്കുമെടി' യെന്നും പറഞ്ഞ്‌ ഞാന്‍ പിന്മ്മാറും. ഒരു ദിവസം ഞാനും സുന്ദരിക്കോതയും തമ്മിലുള്ള സംഭാഷണങ്ങള്‍ അരങ്ങേറുമ്പോഴാണ്‌ അമ്മൂമ ചിരിച്ചുകൊണ്ട്‌ അതിലേ കടന്നു വന്നത്‌.അവര്‍ വളരെ സന്തോഷത്തോടെ പൂച്ചയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി .സുന്ദരിക്കോത വളരെ നല്ല പെരുമാറ്റമുള്ള പൂച്ചയാണെന്ന് ഞാനും തട്ടിവിട്ടു.അന്നത്തെ സംസാരത്തില്‍ നിന്ന് അമ്മൂമ അതിരാവിലെ എണീറ്റ്‌ ജോലിക്കായാണ്‌ പോകുന്നതെന്ന് എനിക്കു മനസ്സിലായി. എനിക്കന്ന് വല്ലാത്ത വിഷമം തോന്നി. പ്രായമായ, നടക്കാന്‍ പോലും വിഷമിക്കുന്ന ഒരു വൃദ്ധ രാവിലെ എണീറ്റു ജോലിക്കു പോകുന്ന കാഴ്ച്ച തീര്‍ച്ചയായും സുഖകരമല്ല.

അങ്ങിനെയിരിക്കുമ്പോഴാണ്‌ അമ്മൂമ കാല്‍ തെറ്റി അലക്കു മുറിയില്‍ തെന്നി വീണത്‌.ഒരു കാല്‍ നിലത്ത്‌ മുട്ടിക്കാനാകാതെ ക്രെച്ചസ്സിന്റെ സഹായത്താല്‍ ചാടിച്ചാടിപോകുന്ന അവരെക്കണ്ടതും ഞാന്‍ ഓടിച്ചെന്ന് എന്താണു സംഭവിച്ചതെന്നു ചോദിച്ചു.മൂന്നാഴ്ച്ചയായി അവര്‍ അനങ്ങാതെ കിടപ്പായിരുന്നു,ഇപ്പോഴാണ്‌ എണീറ്റു നടന്നു തുടങ്ങിയത്‌,ഇപ്പോഴും കാലിനു വല്ലാത്ത വേദനയുണ്ട്‌.വയസ്സുകാലമായതിനാല്‍ എല്ലിനേറ്റ ക്ഷതം മാറിപ്പോകുമോയെന്നുതന്നെ സംശയമാണ്‌.

'സഹായത്തിനായാരുമില്ലേ?' ഞാന്‍ ചോദിച്ചു.

'മക്കള്‍ ഉണ്ട്‌ ഹോസ്പിറ്റലില്‍ വന്നു കണ്ടിരുന്നു.
ഇന്നു തൊട്ട്‌ വീണും ജോലിക്കു പോയിത്തുടങ്ങുകയാണ്‌.പോകാതിരിക്കാന്‍ പറ്റില്ല, ജീവിക്കേണ്ടെ'.
അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
'എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോടു പറയണം.ഞാന്‍ ഇവിടെ എപ്പോഴു മുണ്ടാകും'. ഞാന്‍ പറഞ്ഞു.
അവര്‍ എന്നോട്‌ നന്ദി പറഞ്ഞു കൊണ്ട്‌ പിരിഞ്ഞു.

പിന്നീടു പല സമയത്തും ഞാനവരെ കണ്ടു മുട്ടി.ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ഒരു അലക്കു മുറിയാണ്‌ ഉണ്ടായിരുന്നത്‌,അവിടെപ്പോയി വേണം തുണിയലക്കാന്‍.അതാണെങ്കില്‍ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കുറച്ചകലെയാണ്‌.അവിടേക്ക്‌ ഒരു പ്ലാസ്റ്റിക്ക്‌ പാത്രത്തില്‍ തുണിയും പിടിച്ച്‌ അവര്‍ ചാടിച്ചാടി എന്റെ മുന്നിലൂടെ കടന്നുപോകും .സഹായത്തിനായി ഞാന്‍ ചെല്ലുമ്പോള്‍ ചിലപ്പോള്‍ സ്വീകരിക്കുകയും ചിലപ്പോള്‍ നിരാകരിക്കുകയും ചെയ്യും. അവരുടെ ചില മക്കള്‍ വല്ലപ്പോഴുമൊരിക്കല്‍ അതിലൂടെ കടന്നു പോകുകയും കുറച്ച്‌ സമയത്തിനു ശേഷം മടങ്ങുകയും ചെയ്യും. മക്കള്‍ വരുമ്പോഴൊക്കെ ഒരു കുല പൂക്കള്‍ അവര്‍ക്കു കൊണ്ടു വന്നു കൊടുക്കുമായിരുന്നു.അവര്‍ പോയിക്കഴിഞ്ഞാല്‍ അവരത്‌ മുന്‍ വശത്തെ പൂന്തോട്ടത്തില്‍ കൊണ്ടുവന്ന് കുത്തി വെച്ച്‌ കുറച്ച്‌ വെള്ളം തെളിക്കും.അവരുടെ പൂന്തോട്ടം കരിഞ്ഞ പൂങ്കുലകളെക്കൊണ്ട്‌ നിറഞ്ഞു നിന്നു. വലിയ കാറ്റുമ്മഴയും വരുമ്പോള്‍ മുറ്റത്തെ പുല്‍ത്തകിടില്‍ കിടന്ന് അവ നൃത്തം വെക്കും,അവസാനം മണ്ണിനുവളമായി ചീഞ്ഞളിയും.

ഞാന്‍ ഭര്‍ത്താവിനോട്‌ അമ്മൂമയുടെ ദയനീയ സ്ഥിതിയെ പറ്റി വിവരിച്ചുകൊടുത്തു. കാലൊടിഞ്ഞ അവസ്ഥയിലും അവരെ സംരക്ഷിക്കാത്ത മക്കളെ പറ്റി മതിയാവോളം കുറ്റം പറഞ്ഞു. അമേരിക്കയിലെ അമ്മമാരുടേയും ഇന്ത്യന്‍ അമ്മമാരുടേയും ഒരു ക്രിക്കറ്റു പരമ്പര മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ഇന്ത്യന്‍ അമ്മമാര്‍നേടുന്ന ഉയര്‍ന്ന റണ്‍സുനില യോര്‍ത്ത്‌ അമേരിക്കന്‍ അമ്മമാരോട്‌ സഹതപിച്ചു.ഇതൊന്നും പോരാതെ സാഹിത്യത്തിന്റെ അസുഖമുള്ള ഏതൊരുത്തിയും ചെയ്യുന്നതുപോലെ നല്ലൊരു സാഹിത്യ സൃഷ്ടിയായി അമ്മുമയുടെ കഥയെ വാര്‍ത്തുവെച്ചു.

ഏകാന്തതയുടെ മരുഭൂവുകള്‍ക്കായി ഉഴിഞ്ഞു വെച്ച വാര്‍ദ്ധക്യം.ഊ ണു മേശക്കും ചുറ്റും കാലിയായ കസേരകളെ നോക്കി വിഷാദം കത്തുന്ന കണ്ണുകളുമായിരിക്കുന്ന ഒരമ്മ.അവര്‍ക്കു ചുറ്റും പടര്‍ന്നു പന്തലിച്ച തണല്‍ മരങ്ങളില്‍ നിന്നും പൊഴിയുന്ന നിറം കെട്ട പൂവുകള്‍. എന്റെ കഥയിലെ അമ്മ ശ്യൂനതയുടെ കൊടും മല കയറിയിറങ്ങുകയാണ്‌.

2

ഞാന്‍ ചെറുപ്പകാലം മുഴുവന്‍ കൂട്ടുകുടുംബത്തിലാണ്‌ ചിലവഴിച്ചത്‌. ഞങ്ങള്‍ കുറച്ചുകൂടി വലുതായപ്പോള്‍ അച്ഛന്‍ തറവാടിന്റെ ഒരു മൂലയിലേക്ക്‌ കൂടുമാറ്റം നടത്തിയെങ്കിലും ചുറ്റും പരന്നു കിടക്കുന്ന ബന്ധു നിരകളാല്‍ സമ്പന്നമായ ജീവിതം. കൊണ്ടും കൊടുത്തും ഒരിക്കലും കലഹിക്കാതെയും കുട്ടികള്‍ വളര്‍ന്നു വലുതായി.ഞങ്ങളുടെ ബാല്യവും കൗമാരവും അവിടത്തെ പൂഴി മണലില്‍ പതിഞ്ഞമര്‍ന്നു.
കുറേക്കാലം കഴിഞ്ഞപ്പോള്‍ വിവാഹം,ജോലി എന്നിവ പല വഴിക്കായ്‌ എല്ലാവരേയും തിരിച്ചു വിട്ടു.ഇപ്പോള്‍ എല്ലാ വീടുകളിലും അച്ഛനമ്മമാര്‍ തനിച്ചാണ്‌.കഴിഞ്ഞ മാസം ഞാന്‍ വീടു വൃത്തിയാക്കുമ്പോള്‍ അയല്‍ വാസിയായിരുന്ന അമ്മൂമയെ പറ്റിയെഴുതിയ കുറിപ്പ്‌ കണ്ടുകിട്ടി.ഞാനത്‌ സ്വസ്ഥമായിരുന്നൊന്നു വായിച്ചു നോക്കി.സുക്ഷിച്ചു നോക്കിയപ്പോള്‍ എനിക്ക്‌ വല്ലാത്തൊരു അസ്വസ്ഥത.വേറൊന്നുമല്ല കഥാനായികയായ അമ്മൂമക്ക്‌ എന്റെ അമ്മയുടെ ഭാവഭേദങ്ങള്‍.അമ്മക്കു ചുറ്റും ഞങ്ങള്‍ വരച്ച വിഷാദത്തിന്റെ വൃത്തം...

അമ്മ ഒരു സ്കൂള്‍ ടീച്ചറായിരുന്നു.ഒരോ ടീച്ചേഴ്സു മീറ്റിങ്ങു കഴിഞ്ഞുവരുമ്പോഴും കിട്ടുന്ന തണുത്ത പരിപ്പുവടകള്‍ ഞങ്ങള്‍ക്കു വേണ്ടി മാത്രം പൊതിഞ്ഞു വെച്ചു വീട്ടില്‍ കൊണ്ടു വന്നു.പ്രിയപ്പെട്ട വിഭവങ്ങള്‍ സ്വയം കഴിക്കാതെ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചു. ഒരമ്മ മക്കള്‍ക്കുവേണ്ടി ചെയ്യുന്നതൊക്കെ സന്തോഷത്തോടെ ചെയ്തു തന്നു.

കഴിഞ്ഞ വിഷുവിന്‌ ഫോണ്‍ എത്ര റിങ്ങു ചെയ്തിട്ടും ആരും എടുക്കുന്നില്ല. അവസാനം ഞാന്‍ ഫോണ്‍ താഴെ വെക്കാനൊരുങ്ങുമ്പോള്‍ അങ്ങേത്തലക്കല്‍ അമ്മയുടെ പതിഞ്ഞ ശബ്ധം.

'അമ്മ എന്തെടുക്കുകയായിരുന്നു അവിടെ?' ഞാന്‍ ചോദിച്ചു.

'ആരുമില്ലല്ലോ ഇവിടെ , ഞാന്‍ വരാന്തയില്‍ കുത്തിയിരുന്ന് പുറത്തുകൂടെ പോകുന്ന ആളുകളെ നോക്കിയിരിക്കുകയായിരുന്നു. വല്ലാത്ത മടുപ്പ്‌'
അമ്മ പറഞ്ഞു.

'ഞാന്‍ ഇവിടം വിട്ട്‌ തിരിച്ചു വരട്ടെ' ഞാന്‍ അമ്മയോട്‌ പറഞ്ഞു.

'വേണ്ട.എവിടെയിരുന്നാലും നിങ്ങള്‍ സുഖമായിരിക്കണം.നിന്റെ കുട്ടികളും വലുതായി വരുന്നു. ഞങ്ങള്‍ ഇനിയെത്രകാലം..അല്ലെങ്കിലും ജീവിതം ഇങ്ങനെയൊക്കെയല്ലേ' (അമ്മ ജീവിതത്തെ പറ്റി നന്നായി പഠിച്ചിരിക്കുന്നു.)
വിഷുവിന്‌ ഒരുക്കങ്ങളൊന്നുമില്ലേ? ഞാന്‍ ചോദിച്ചു.
ഇല്ല. ആരുമില്ലാതെ എന്തു വിഷു..(വല്ലാത്ത നിശബ്ധത..)

പിന്നെ എന്തൊക്കെയുണ്ടവിടെ ?

മുറ്റത്തെ മാവില്‍ നിന്നും മാങ്ങകകള്‍ ചറപറാന്നു വീഴുന്നു, ചാമ്പയിലും പേരയിലുമൊക്കെ നിറയെ കായുണ്ട്‌.നിങ്ങളുണ്ടായിരുന്നപ്പോള്‍....

അമ്മവീണ്ടും ഓര്‍മ്മകളിലേക്ക്‌ മടങ്ങുകയാണ്‌. അമ്മക്ക്‌ പറയാനേറ്റവുമിഷ്ടം ഈ ഓര്‍മ്മകളാണ്‌,ജീവിക്കുന്നതും ജീവിക്കാനിഷ്ടപ്പെടുന്നതും ഈ ഓര്‍മ്മകളിലാണ്‌.ഭൂമിയുടെ ആഴങ്ങളിലേക്ക്‌ വേരിറക്കിയ വിഷാദം പൂക്കുന്ന ഒരു വടവൃക്ഷം ,അത്‌ ജന്മം കൊടുത്ത ചെറു വൃക്ഷമായ ഞാനും പതുക്കെ യാത്ര തുടങ്ങുകയാണ്‌ മറ്റൊരു വട വൃക്ഷമായ്‌ മാറാന്‍ വിഷാദത്തിന്റെ പൂക്കളെ വിരിയിക്കാന്‍...