Sunday, January 14, 2007

ഇര

ഇളം നീലയില്‍ വെളുത്ത കുത്തുകളുള്ള ചുരിദാറാണ്‌ പെണ്‍കുട്ടി ധരിച്ചിരുന്നത്‌.തുടുത്ത കവിളുകള്‍,മെലിഞ്ഞ കൈകള്‍,വെളുത്തുനീണ്ട പാദങ്ങള്‍.
ആകാശത്ത്‌ ഉറങ്ങിക്കിടക്കുന്ന മേഘത്തുണ്ടുപോലെ ശാന്തമായ ഉറക്കം.
മരിച്ചവീട്ടില്‍ വരുന്നവരൊക്കെ എന്തൊക്കയോ പിറുപിറുക്കുന്നു.ചിലര്‍ ഏങ്ങിക്കരയുന്നു,നിസ്സംഗരാകുന്നു.
അലി തുടരെതുടരെ കുറേ ഫോട്ടോകളെടുത്തു.
'ഇനി എന്താ ചേച്ചി അടുത്ത പ്ലാന്‍'? ഓഫീസിലേക്ക്‌?
'ഇന്നു ഞാനില്ല,സുഖം തോന്നുന്നില്ല.'
'എന്നാല്‍ ചേച്ചി അടുത്ത വണ്ടിക്ക്‌ വീട്ടിലേക്കുവിട്ടോ..ഓരോന്നുങ്ങള്‍ പിന്നെ ചേച്ചിക്ക്‌ എഴുതാനായിട്ട്‌ കുറെ കഥകളുണ്ടാക്കിത്തരും'.
മരണവീട്ടിലേക്ക്‌ നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു.
അവള്‍ അവനെയൊന്നു തുറിച്ചുനോക്കി.

അകലെനിന്ന് ഒരു ബസ്സ്‌ പാഞ്ഞുവരുന്നു.കണ്ണുകള്‍ മഞ്ഞളിച്ചതായും കാല്‌ തളരുന്നതായും തോന്നിയവള്‍ക്ക്‌.
'എവിടേക്കുള്ള ബസ്സാ അലി അത്‌?'
'പട്ടാമ്പിക്കുതന്നെ'.
അവള്‍ ബസ്സിനു കൈകാണിച്ചു.ബസ്സില്‍ കയറുന്നതിനു മുമ്പ്‌ അലിയോടായിപറഞ്ഞു.
'റാഷിദ കോളേജു വിട്ടു വന്നോന്ന് ഒന്ന് ഫോണ്‍ ചൈയ്തു ചോദിച്ചോളു അലി..കുട്ടികള്‍..'
അലിയുടെ മുഖം വിളറിയതായും പിന്നീട്‌ ആ വിളര്‍ച്ച കണ്ണുകളിലേക്കു പടര്‍ന്നതായും തോന്നി.
ബസ്സില്‍ കയറി സീറ്റിലിരുന്ന ഉടന്‍ അവള്‍ ടവ്വലെടുത്ത്‌ മുഖമാകെ അമര്‍ത്തിത്തുടച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ തനിയേ കണ്ണുകള്‍ അടഞ്ഞുപോയി.
ചുറ്റും നീല നിറം വ്യാപിച്ചു.

വെളുത്ത പെറ്റിക്കോട്ടിട്ട്‌,ചപ്രത്തലമുടിയുമായി അമ്പസ്ഥാനികളിച്ചിരുന്ന എട്ടുവയസ്സുകാരിയെനോക്കി അയാള്‍ ചിരിച്ചു.

'മാമന്‍ മോള്‍ക്ക്‌ ചോന്ന മുട്ടായി വാങ്ങിവെച്ചിട്ടുണ്ട്‌'.

അവള്‍ ഉല്ലാസത്തോടെ ചാടിക്കൊണ്ട്‌ അയാള്‍ക്കു പിറകേപോയി.വാതിലുകള്‍ അടഞ്ഞു.കുറച്ചുകഴിഞ്ഞ്‌ പെറ്റിക്കോട്ടില്‍ കറപ്പാടുകളുമായി അവള്‍ തിരിച്ചു നടന്നു.അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്കിയെടുത്ത്‌ അയാള്‍ വേലിയ്ക്കുമുകളിലൂടെ അടുത്ത പറമ്പിലേക്കെറിഞ്ഞു.പിന്നീട്‌ വെള്ളരി പ്രാവിന്റെ നിറമുള്ള ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേയ്ക്കുനടന്നു. അവള്‍ മൗനിയായി വീടിന്റെ മൂലയില്‍ കുറെനാള്‍ ചടഞ്ഞിരുന്നു.പിന്നീടവള്‍ അമ്പസ്ഥാനികളിക്കുകയോ നൃത്തം ചവിട്ടുകയോ ചെയ്തില്ല...

ആരോ സീറ്റിനടുത്ത്‌ വന്നിരുന്നപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു. പെറ്റിക്കോട്ടിട്ട പെണ്‍കുട്ടി ഉണര്‍ച്ചയിലും അവളെ വിടാതെ പിടികൂടി.

2

വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.
'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?
അവള്‍ ഒന്നു ചിരിക്കുക മാത്രം ചൈയ്തു.
'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?
അവള്‍ ഒന്നും മിണ്ടിയില്ല.
'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക്‌ മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'

അവള്‍ക്ക്‌ വീണ്ടും തലകറങ്ങുന്നതുപോലെതോന്നി.തങ്കമ്മ പറഞ്ഞതൊന്നും പിന്നീടവള്‍ കേട്ടില്ല.കുറച്ചുനേരം മിണ്ടാതെ അവിടെക്കണ്ടചവിട്ടുപടിയില്‍ കുനിഞ്ഞിരുന്നു.വരാന്തയിലൂടെ കടന്നുപോയ ഓരോ രൂപവുമവളെ ഭയപ്പെടുത്തി.
പകലിനിത്ര ഇരുട്ടാണോ?
സമയമറിയാനായി അവള്‍ വാച്ചില്‍ നോക്കി.

സുനി വരൂ..എഡിറ്റര്‍ മുറിയിലേക്കു വിളിച്ചു.
'എഴുതിയതൊക്കെ നന്നായിട്ടുണ്ട്‌'.
ചത്തപെണ്ണിനെ പറ്റി കൂടുതല്‍ വിവരിക്കാമായിരുന്നില്ലേ? സുന്ദരിയായൊരു പെണ്‍കുട്ടിയെന്നുമാത്രമെഴുതാതെ കുറച്ചുകൂടിയെഴുതിചേര്‍ക്കൂ..
അവള്‍ ഒന്നും മിണ്ടിയില്ല.

സുനിയെന്താണൊന്നും മിണ്ടാത്തത്‌?
---
പെണ്ണ്‍ എങ്ങിനെയുണ്ടായിരുന്നു കാണാന്‍?
---
എന്തെഴുതിവച്ചിട്ടാ തൂങ്ങിയത്‌? പ്രെഗ്നന്റായിരുന്നോ?
----
സുനിയെന്താ ഒന്നും മിണ്ടാത്തത്‌?
എഡിറ്ററുടെ മുഖം അക്ഷമയാല്‍ ചുളിഞ്ഞു.കുറച്ചുനേരം അവര്‍ ഒന്നും മിണ്ടിയില്ല. ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ക്ലോക്ക്‌ നാലുമണിയായപ്പോള്‍ മണിയടിച്ച്‌ അവര്‍ക്കിടയിലെ നിശബ്ദതയെ പൂരിപ്പിച്ചു.
സുനിക്കെന്നോടൊന്നും പറയാനില്ലേ? അവര്‍ ദേഷ്യം കൊണ്ട്‌ ചുവന്ന മുഖവുമായി പാഞ്ഞടുത്തു.വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ്‌ അവള്‍ ഉത്തരം പറഞ്ഞുതുടങ്ങി.

'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന്റെ ശ്രുതിക്കുട്ടീടെ അതേ മുഖം, കുറച്ചു നീലച്ചിരുന്നെങ്കിലും അതേ ചുണ്ട്‌,അതേ കണ്ണുകള്‍ അവളിട്ടുവരാറുള്ളപോലത്തെ നീല ചുരിദാര്‍ ചത്തുമലച്ചുകിടക്കുന്നത്‌ മാഡത്തിന്റെ ശ്രുതിക്കുട്ടിയാണെന്നേ തോന്നൂ'..

പിന്നില്‍ നിന്നും കേള്‍ക്കുന്ന വികൃത ശബ്ദങ്ങളില്‍ പ്രതികരിക്കാതെ ഫയല്‍ കയ്യിലെടുത്ത്‌ വാതില്‍ ചാരി.
പുറത്ത്‌ ഇത്രയും ഇരുട്ടാണോ? മൂന്നാമത്തെ തവണയാണ്‌ സമയമറിയാനായി വാച്ചില്‍ നോക്കുന്നത്‌.ഇരുട്ടിനെ കൂടുതല്‍ കനപ്പിക്കാനായി മഴ ആര്‍ത്തലച്ചു വന്നു.പ്രളയം കാത്തിരുന്ന കന്യകയെപ്പോലെ ഭൂമി അവള്‍ക്കുചുറ്റും വെള്ളത്തിന്റെ ചുഴികള്‍ സൃഷ്ടിച്ചു.തൂണുകളില്‍ നിന്ന് തൂണുകളിലേക്ക്‌ കൈവച്ച്‌ പിന്തിരിഞ്ഞുനോക്കാതെ,ദൂരങ്ങള്‍ താണ്ടി അവള്‍ നടന്നു.പ്രളയ ജലം അവള്‍ക്കായ്‌ വഴിപകുത്ത്‌ ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കി.

55 comments:

Siji vyloppilly said...

'ദൂര'ത്തില്‍ ഗൗരവമുള്ള ഒരു കഥ പോസ്റ്റുചെയ്തിട്ടുണ്ട്‌. തമാശ ഇഷ്ടല്ലാത്തോര്‍ക്കൊക്കെ സമയം കിട്ടുമ്പോള്‍ വന്നു വായിക്കാം.

സുല്‍ |Sul said...

സിജി വളരെ നന്നായിരിക്കുന്നു എഴുത്ത്. കൈവിട്ടുപോകുന്ന വിഷയമാണെങ്കിലും കയ്യടക്കത്തോടെയെഴുതി. അഭിനന്ദനാര്‍ഹം.

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ഇത്തരം ഇരകളാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികള്‍... മനസ്സില്‍ മുറിവേല്‍പ്പിക്കുന്ന ഓര്‍മ്മയായ് ഈ കഥ...

Rasheed Chalil said...

സിജീ ഉള്ളില്‍ ഇത്തിരി നൊമ്പരവും ഒത്തിരി ചോദ്യവും ബാക്കി വെക്കുന്ന കഥ. എന്തിനേയും കച്ചവടക്കണ്ണ് കൊണ്ട് കാണാനുള്ള ഉപഭോഗ സംസ്കാരം അവസാനം സ്വന്തം കഴുത്തില്‍ കത്തിവെക്കുമ്പോഴേ അറിയൂ എന്ന മനോഹരമായ പാഠവും... എന്തിനേയും വാര്‍ത്തയില്‍ മാത്രം തളച്ചിടുന്ന സംസ്കാരം ഞാനടക്കം എല്ലാവരേയും ബാധിച്ചു എന്നത് വിഷമത്തോടെ മനസ്സിലാക്കേണ്ടി വരുന്നു.

സിജീ നല്ല കഥ. നല്ല ശൈലി.

സ്വഗതം കെട്ടോ.

Unknown said...

കഥയിലെ കൈയ്യടക്കം കഥയെ വായിപ്പിക്കുന്നു.

വിഷയം പുതുമയുള്ളതല്ല എന്നു പറഞ്ഞു കൊള്ളട്ടെ. ഇതു തന്നെയൊ അല്ലെങ്കില്‍ ഇതു പോലുള്ളതൊ ഒരു പാട് കഥകള്‍ നമ്മള്‍ വായിക്കുന്നു. ഇതേ ശൈലിയില്‍ തന്നെ നമ്മള്‍ വായിച്ചിരിക്കുന്നു. ചിലകഥകളുടെ ഓര്‍മ്മകള്‍ വരികയും ചെയ്യുന്നു.
കഥയെ വളരെ ലാഘവത്തോടെ സമീപിക്കുന്ന ബുലോകത്തെ ചിലര്‍ക്കെങ്കിലും ഇതു പോലുള്ള കഥ ചില പാഠങ്ങള്‍ നല്‍കുന്നു.

ബൂലോകത്ത് നല്ല കഥയെഴുതുന്നവരുടെ കൂട്ടത്തില്‍ താങ്കളുടെ പേരും ഉണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം. വിശദമായ ആസ്വാദനക്കുറിപ്പെഴുതണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു നല്ല പുനര്‍വായനയ്ക്ക് ശേഷം എഴുതാം.

chithrakaran ചിത്രകാരന്‍ said...

അന്യന്റെ കണ്ണീരിന്റെ വിപണിമൂല്യത്തെക്കുറിച്ചറിയുംബോള്‍തന്നെ കണ്ണീരുമായി രക്തബന്ധം വന്നുപോകുന്ന ധര്‍മസങ്കടം അനുഭവിക്കുന്ന ഒരു മനുഷ്യ ഹൃദയത്തിന്റെ ഭംഗിയായ ചിത്രണം. നന്ദി സിജി !!

സജിത്ത്|Sajith VK said...

ശക്തിയുള്ള എഴുത്ത്....

ശാലിനി said...

ഇങ്ങനെയൊരു മരണം നടന്നാല്‍ പലപ്പോഴും ആള്‍ക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങളാണിവ. മറ്റുള്ളവരുടെ വേദനകളില്‍ നിന്ന് നമുക്ക് സന്തോഷത്തിനുള്ള വക കണ്ടെത്തുക. മരിച്ചത് തന്റെ ആരുമല്ലാത്തിടത്തോളം മരണത്തിന്റെ പിന്നിലെ ഗോസിപ്പ് അറിയാനാണ് ജനത്തിനു താല്പര്യം. ഒരു പീഡനസംഭവത്തിന്റെ കേസ് ഡയറി ഒരു ഇക്കിളിനോവല്‍ പോലെ വായിച്ചുരസിച്ചവരെ എനിക്കറിയാം. ഒരു വക്കീല്‍ കൂട്ടുകാര്‍ക്ക് വായിക്കാന്‍ കൊടുത്തതാണത്രേ, എന്റെ കൂട്ടുകാരിയും ഭര്‍ത്താവും ആസ്വദിച്ച് വായിച്ച്, പിന്നീട് അതിനെകുറിച്ച് കമന്റ് പറയുന്നതു കേട്ടിട്ട് എന്റെ തല കുനിഞ്ഞുപോയി. ഇതാണ് നമ്മുടെ ആള്‍ക്കാര്‍.

ഇതുപോലെയുള്ള സംഭവങ്ങള്‍/കഥകള്‍ ഒക്കെ കഴിവതും വായിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം പിന്നെ ദിവസങ്ങളോളം അതുള്ളില്‍ കിടന്ന് വേവുന്ന വേദനയുണ്ടാക്കും. ആരോടെന്നില്ലാതെ ദേഷ്യവും വേറുപ്പും തോന്നും. പ്രതികരിക്കാന്‍ പറ്റാത്തതിന്റെ വിഷമവും.

ഈ കഥവായിച്ചുകഴിഞ്ഞപ്പോള്‍ ആദ്യം മനസില്‍ വന്നത് എന്റെ മോള്‍ തന്നെയാണ്.

ആ മാഡത്തിനുകോടുത്ത മറുപടി നന്നായി.

Kaithamullu said...

വായനാസമയം നഷ്ടമാക്കുന്ന തരത്തില്‍ അല്‍മക്തൂം റോഡില്‍ ചത്തു കിടന്ന ആളിനേയും ജനലിലൂടെ കടന്നു വന്ന കൊതുകിനേയുമൊക്കെ കഥയാക്കി ബ്ലോഗില്‍ പോസ്റ്റുന്നവരുടെ ഇടയില്‍ ‘സിജി’യെന്ന പേര്‍ ഇനി വലിയൊരാശ്വാസമായിരിക്കും.

എഴുതി തഴക്കം വന്ന കൈകളാണ് സിജിയുടെയെന്നാണ് എന്റെ അനുമാനം.

-അഭിനന്ദനങ്ങള്‍!

തമനു said...

ഓരോ കുട്ടികളുടെയും കഥ കേള്‍ക്കുമ്പോള്‍ ഞാനും വളരെ സങ്കടപ്പെടാറുണ്ട്‌ സിജീ. ഈ കഥയും വായിച്ചപ്പോള്‍ ശാലിനിയെപ്പോലെ ഞാനും എന്റെ മോളെ ഓര്‍ത്തു പോയി.

പേടി തോന്നുന്നു.. ഈ ലോകത്ത്‌ ജീവിക്കാന്‍

അതുല്യ said...

പണ്ട്‌ ഏഷ്യാനെറ്റില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ഒരു പരമ്പരയില്‍ ഇത്‌ പോലെ എന്നും വീട്ടില്‍ വരുന്ന ഒരു അങ്കിള്‍ (അവള്‍ ചിറ്റപ്പന്‍ എന്ന് വിളിച്ചിരുന്നു) ഒരു ചോക്ലേറ്റ്‌ വാങ്ങി കൊടുത്ത്‌, പിന്നെ കണ്ടത്‌ പെറ്റിക്കൊട്ടിട്ട്‌ മലര്‍ന്ന് കിടക്കുന്ന ഒരു കുഞ്ഞിനേയായിരുന്നു.

ചുറ്റുമിരുട്ടാണു സിജി. തപ്പി തടഞ്ഞ്‌ വീഴാതെ, പരുക്കേല്‍ക്കാതെ നമ്മുടേ കുഞ്ഞുങ്ങളും ഞാനുമൊക്കെ ഇരിയ്കാന്‍ ആ മുകളിലെത്തേ ശക്തി തന്നെ വേണം.

(ഇത്‌ കഥയെന്നത്‌ പ്രത്യേകം പറഞ്ഞത്‌ , ആകാശദൂത്‌ എന്ന സിനിമ വിട്ടിറങ്ങി കരഞ്ഞ്‌ വന്ന എന്നേ, കഥയല്ലേ എന്ന് പിന്നെ തോന്നിപ്പച്ചത്‌ പോലെ , വേദനയകറ്റാന്‍ വൃഥാ ഒരു ചിന്ത തരുന്നു.)

വാളൂരാന്‍ said...

sijee,
valare anubhavippikkunna varikal...

കുറുമാന്‍ said...

തമാശ ഇഷ്ടല്ലാത്തോര്‍ക്കൊക്കെ സമയം കിട്ടുമ്പോള്‍ വന്നു വായിക്കാം - സിജീ തമാശ ഇഷ്ടമല്ലാത്തവര്‍ ഉണ്ടോ? വളരെ വിരളമായി കാണുമായിരിക്കാം.

തമാശ ഇഷ്ടമുള്ളവരും, ഇഷ്ടമല്ലാത്തവരൂം എന്നല്ല, എല്ലാവരും ഇത് വായിക്കണം എന്ന് ഞാന്‍ പറയും.

വളര്‍ന്നു വരുന്ന രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാ ഞാനും. ദൈവമേ കാത്തുകൊള്ളണേ

ദേവന്‍ said...

എന്തൊക്കെയോ ഓര്‍ത്തു. ഞാന്‍ പത്തു പതിനാലു വയസ്സായിരുന്നപ്പോള്‍ മുകുന്ദന്റെ ഡെല്‍ഹി 1981 വായിച്ച്‌ നടുങ്ങിയത്‌.

കൊല്ലം ഡോഗ്‌ സ്ക്വാഡിന്റെ ജൂഡി കായലില്‍ നിന്നും അയല്‍ക്കാരന്‍ കൊന്ന് കായലില്‍ താഴ്ത്തിയ രണ്ടൂ വയസ്സുകാരിയുടെ ചെരിപ്പ്‌ മുങ്ങിയെടുത്തു നിവര്‍ന്നപ്പോള്‍ കരയില്‍ ഉയര്‍ന്നു കേട്ട കൂട്ട നിലവിളി.

തുടര്‍ന്നെഴുതാന്‍ വയ്യ. ഒരിക്കല്‍ എന്തൊക്കെയോ എഴുതിയതും വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നി.

ആംഫിതീയറ്ററില്‍ സിംഹത്തിന്റെ വായില്‍ പിടയുന്ന അടിമകളെ കാണാന്‍ തടിച്ചു കൂടിയിരുന്ന ജനങ്ങളില്‍ നിന്നും പുരോഗമിച്ചു നമ്മള്‍. ഇന്ന് അതിലും മികച്ചതൊക്കെ ടി വിയില്‍ എന്നും കാണാം, മൊബൈല്‍ ചിത്രമായി കൂട്ടുകാര്‍ക്ക്‌ അയച്ചുകൊടുക്കാം.

Violence Voyeurism എന്ന മാനസികരോഗം ആര്‌ ആര്‍ക്കു പകര്‍ന്നു? മാദ്ധ്യമങ്ങള്‍ മലയാളിക്കോ അതോ മറിച്ചോ? ഒരു പിടിയുമില്ല.

Physel said...

അതുല്യാ,
ഒരു കഥയെന്നു കരുതി വെറുതെ ആശ്വസിക്കാം.... പക്ഷേ ഇതിനെ വെറും ഒരു കഥയാക്കി മാറ്റിവെയ്ക്കാന്‍ പറ്റുമോ? വളരെനല്ല കയ്യടക്കത്തോടെ സിജി പറഞ്ഞുവെച്ചത് പറഞ്ഞു പഴകിയ ഒരു വിഷയമാണെന്നും ഒരു കമന്റ് കണ്ടു. പഴം കഥയായി, താല്പര്യം നഷ്ടപ്പെടുത്തും വിധം സാ‍ധാരനമായി ഈ വിഷയം എന്നതു തന്നെ ഭീതിയുണര്‍ത്തുന്ന ഒരു സൂചകമല്ലേ......എനിക്കു പെണ്മക്കളില്ല, പിന്നെ ഞാനെന്തിനു ബേജാറാവണം എന്ന് എനിക്കും എന്നെ പോലെ പലര്‍ക്കും നിസ്സംഗരാവാം. പക്ഷേ...

വല്യുപ്പയെ ഉപ്പാ എന്നും വിളിക്കേണ്ടി വന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അല്ലെങ്കില്‍ സ്വന്തം അഛന്റെ ബീജം ഏറ്റുവാങ്ങി അമ്മയാകേണ്ടി വന്ന ഒരു പാവം സ്ത്രീയെ എനിക്കറിയാമായിരുന്നു എന്നും പറയാം. ഒരു തരം ഭ്രാന്തിന്റെ, ഉന്മാദത്തിന്റെ വക്കില്‍ കൂടെ കടന്നു പോവുന്ന അവരേയും, ഈ ലോകം എന്റേതല്ല എന്ന നിസ്സംഗചിന്തയോടെ അലഞ്ഞു നടക്കുന്ന അവനും.... ഇപ്പോഴും അതാലോചിക്കുമ്പോള്‍ തല കുടഞ്ഞുപോകും അറിയാതെ! പിന്നീട് അവന്‍ ജീവിതം പൊരുതി നേടി എന്നത് വേറെ കാര്യം. ഒരു കഥ എഴുതാനുള്ള ദു:സാഹസത്തിന് എന്നെ പ്രേരിപ്പിച്ചിട്ടുണ്ട് ആ സ്ത്രീ.‍

അത്തിക്കുര്‍ശി said...

സിജി,

ഇര നന്നായി.. പക്ഷെ, എന്തൊ എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു! ഞാനും ഒരുച്ഛനാണല്ലൊ? അതു മാത്രവുമല്ല...

എന്റെ ഭയാശങ്കകള്‍ ഞാനിവിടെ കുറിച്ചിട്ടുണ്ട്‌: %u0D05%u0D24%u0D4D%u0D24%u0D3F%u0D15%u0D4D%u0D15%u0D41%u0D30%u0D4D%u200D%u0D36%u0D3F: %u0D0E%u0D28%u0D4D%u0D31%u0D46 %u0D2E%u0D4B%u0D33%u0D4D%u200D

ദേവന്‍ said...
This comment has been removed by a blog administrator.
mumsy-മുംസി said...

ബ്ളോഗുകളുടെ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും നല്ല സൃഷ്ടികളിലൊന്ന്.

അതുല്യ said...

ഫെസലിക്കയ്ക്‌, ഇത്‌ കഥയാണെന്ന് മാത്രം ഞാന്‍ തള്ളിക്കളഞ്ഞെന്നും, അല്ലാ, എനിക്കുള്ളത്‌ ഒരു ആണ്‍കുഞ്ഞാണേന്നുമുള്ള അഹങ്കാരമായിട്ട്‌ താങ്കള്‍ക്ക്‌ തോന്നിയോ? തെറ്റാട്ടോ, അത്‌. അതിലും വലിയ ഞെരിപ്പോടിലാണു ഞാന്‍ മകനെ ഇവിടെ വളര്‍ത്തുന്നത്‌.

പണ്ട്‌ അനീറ്റാ, അലീഷാ എന്ന് രണ്ട്‌ പിഞ്ചോമനകള്‍ എന്റെ ഭര്‍ത്താവിന്റെ സുഹൃത്തായിട്ടെനിക്കുണ്ടായിരുന്നും ഇപ്പൊഴും. ആ കുഞ്ഞുങ്ങല്‍ എന്റെ വീട്ടിലെന്നും പറഞ്ഞ്‌ ലിഫിറ്റിലൂടെ കയറ്റി വിട്ടാല്‍ അവര്‍ എന്നെ വിളിച്ച്‌ പറയൂം ലിഫ്‌ പോകുന്നതും വരുന്നതും 4 തവണ കണ്ടീട്ടും എന്റെ ഫ്ലോറില്‍ നില്‍ക്കാത്തോണ്ട്‌, പിന്നെ ഞാന്‍ കുഞ്ഞിനൊട്‌ ചോദിച്ചറിഞ്ഞ വിവരം ഭയാനകമായിരുന്നു, ഒരു അറബി പയ്യന്‍ കാട്ടീത്‌. ഇത്‌ ഇവിടെ ആണ്‍ പെണ്‍ ഭേദമില്ല്യാതെ നടക്കുന്നു ഫൈസലിക്കാ. അത്‌ കൊണ്ട്‌ മകനെ കടയിലു വിട്ടാല്‍ പോലും, ബാല്‍ക്കണിയിലൂടേ ഞാന്‍ ശ്രദ്ധാലുവാകും.

ഇത്‌ അവസാനിയ്കണമെങ്കില്‍ മനുഷ്യന്‍ തന്നെ ഇല്ല്യാണ്ടേ ആവണം എന്നുള്ളതിനു തെളിവാണല്ലോ, ഇപ്പോ നിടാരി (നോയിഡയില്‍) നമ്മളോക്കെ എന്നും റ്റി.വിയിലു കാണുന്ന പിന്നെം പിന്നെം പൊന്തി വരുന്ന 2ഉം 3ഉം വയസ്സ്‌ വരുന്ന കുഞ്ഞുങ്ങളുടേ തലയോടുകള്‍.

ഈ വക ചിന്തകള്‍ തോന്നുമ്പോ അമ്മ, പെങ്ങള്‍, എന്നൊക്കെ വിഭജിയ്കാതെ, സ്ത്രീ എന്ന ചിന്ത മാത്രം കടന്ന് വരുമ്പോഴാണു ഇത്‌ പോലെ സംഭവിയ്കുന്നത്‌. ഇതിനും രണ്ട്‌ പുറമുണ്ട്‌, അന്ന് ഇക്കാസ്‌ എവിടെയോ പറഞ്ഞപ്പോഴുണ്ടായ സംവാദം പോലെ, ഇറങ്ങി പുറപെട്ട്‌ പോയി വലയില്‍ കുരുങ്ങി, പിന്നെ ആ കുരുക്ക്‌ കഴുത്തിലാക്കുന്നവരും, ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളും. വിദ്യഭാസവും, വിവരവും ഒക്കെ മനസ്സിന്റെ താളപ്പിഴയ്ക്‌ ചിലപ്പോ അന്യം നില്‍ക്കുന്നു. ആത്മഹത്യയ്ക്‌ ഒരുങ്ങുന്ന ഒരുവന്‍ ഒരു പക്ഷെ വാതിലില്‍ കേള്‍ക്കുന്ന ഒരു മുട്ടിന്റെ ശബ്ദത്തില്‍ ഇതില്‍ നിന്ന് പിന്വാങ്ങുന്നു. അത്‌ പോലെ ഒരു ശബ്ദം കേള്‍ക്കാന്‍ ഇത്‌ പോലെ ഒരുമ്പിടുന്ന ഒരുവനു കഴിയുമാറാകട്ടേ.

ദാന ധര്‍മ്മാദികള്‍ക്കും, അശുഭ ചിന്തകള്‍ കൈക്കാര്യം ചെയ്യുമ്പോഴുമൊക്കെ രീതികള്‍ രണ്ടാണു. ആദ്യത്തേത്‌, കര്‍ണ്ണന്‍ പറഞ്ഞപോലെ, പിന്നത്തേയ്ക്‌ മാറ്റി വയ്കാതെ, അപ്പ്പോ തന്നെ, ആ നിമിഷം തന്നെ ചെയ്യുക. രണ്ടാമത്‌ പറഞ്ഞത്‌, അടുത്ത ജന്മത്തേയ്ക്‌ മാറ്റി വയ്കുക.

സമയം കിട്ടുമ്പോ ഫൈസലിക്കാ, ഇത്‌ വായിയ്കൂ, ഇതും നടന്നത്‌.
http://www.blogger.com/comment.g?blogID=15888477&postID=113196520511563609

(സിജി പരസ്യത്തിനും, കമന്റിന്റെ നീളത്തിനും മാപ്പ്‌)

Physel said...

അതുല്യേച്ചീ...ക്ഷമിക്കണം. ആ പറഞ്ഞത് ഞാനുദ്ദേശിച്ചതല്ലാട്ടോ....വെറും കഥയെന്നുള്ള ഒരാശ്വാസത്തിനും അപ്പുറത്താണ് കാര്യങ്ങള്‍ എന്നു പറഞ്ഞതായിരുന്നു. ഒരു കഥയെന്നു ഞാനാശ്വസിക്കുന്നു എന്ന് പറഞ്ഞതു കൊണ്ട് അങ്ങിനെ സംബോധന ചെയ്തു എന്ന് മാത്രം.

മേ...പാപീഹും ഭഗവാന്‍ കണ്ടു ((ആ ലിങ്ക് തന്നതിന് നന്ദി)അവിടെ ദേവരാഗം ഇട്ട കമന്റ് അതേപോലെ ഇവിടെയും ഇടുന്നു...ദേവ്ജീ, കോപ്പി റൈറ്റ് കേസ് ദുബായില്‍ ഫയല്‍ ചെയ്താ മതി ട്ടോ, അങ്ങിനെ യു ഏ ഈ ബ്ലോഗേര്‍സിനെയും കാണാലോ

“ഭിക്ഷക്കാരി പോലും കാറോടിക്കുന്ന ഈ നാട്ടിലിരുന്ന് ഇതിന്റെ താഴെ രോഷത്തിന്റെ ഒരധ്യായം കൂട്ടിച്ചേര്‍ത്ത്‌ പീ സീ അണച്ച്‌, പിസയും കഴിച്ച്‌ ഗ്രൂഷോ മാര്‍ക്സിന്റെ സിനിമ കണ്ടുറങ്ങുന്നത്‌ ലചുമിയോടും അവളെ കണ്ടു കരഞ്ഞുപോയ അതുല്യയോടും ചെയ്യുന്ന അപരാധമാണെന്നൊക്കെ തോന്നുന്നതുകൊണ്ട്‌ ഒന്നുമെഴുതിയില്ലാ എന്നൊക്കെ വലിയവാചകം വേണമെങ്കിലെനിക്കു പറയാം.
ആത്മവഞ്ചനയില്ലാതെ ഒരു വരി കുറിക്കുകയാണെങ്കില്‍ അതിങ്ങനെയാവും " എനിക്കിത്തരം അനുഭവകഥകള്‍ പേടിയാണ്‌ .ആയിരം നത്തുമാരുടെ കഴുത്തരിഞ്ഞാല്‍ പോലും തീരാത്ത ഈ പ്രശ്നങ്ങളെക്കുറിച്ചോര്‍ത്താല്‍ നടുങ്ങിപ്പോകും .
. ഞാന്‍ പകരം റ്റീവീയില്‍ കോമഡി കസിന്‍സ്‌ കണ്ടോട്ടെ.."

അതുല്യ said...

ഫെസലിക്കാ, ഇങ്ങനെ അടിയ്കുള്ള ഒരു സ്കോപ്പ്പ്പ്‌ കളയാമോ നിങ്ങളു. ഇനി കോപ്പി റൈറ്റിന്റെ കാര്യം ..ദേവഗുരുവേ... ഡീല്‍ വിത്ത്‌ ഹിം!! ലിങ്ക്‌ കൊടുക്കാംന്നാ വകുപ്പ്‌.

(ബൂലോഗത്തെ ഒരു ചെറിയ അടീടേ സ്പെസിമെന്‍ കിട്ടീല്ലേ?)

Unknown said...

ശക്തമായ പ്രമേയം ഒതുക്കവും ആര്‍ജ്ജവവും ഉള്ള എഴുത്ത്. എത്ര പഴക്കമുള്ള വിഷയമായാലും സ്വന്തം മക്കളെ കുറിച്ചോര്‍ക്കുമ്പോള്‍ ഈ വിപത്തിനെതിരെ ഒന്നും ചെയ്യാന്‍ ഒരു ലേഖികയായ തനിക്ക് പോലും കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ കഥാപാത്രത്തിനുണ്ടാ‍ാകുന്ന തളര്‍ച്ച ഏതൊരു ശരാശരി മനുഷ്യന്റേയും ആദ്യ അവസ്ഥയാണ്. നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ഇതിനെ കുറിച്ചുള്ള കണ്ടറിവുകളും കേട്ടറിവുകളും എഴുതാനിരുന്നാല്‍ ആ തളര്‍ച്ച എനിലേയ്ക്കും പകരുമെന്നതിനാല്‍ ഞാന്‍ പോയി ടൊം & ജെറി കാണട്ടെ.

ഓഫ്: ആരാധര്‍ക്ക് വേണ്ടി പടം ഒക്കെ ഇട്ടല്ലോ പ്രൊഫൈലില്‍. മറ്റൊരു തേജസ്സ് ത്യാഗി...?

Anonymous said...

കാലികപ്രസക്തമായ നല്ല കഥ സിജി.
നല്ല ശൈലി.

-ആമി.

Unknown said...

സിജിച്ചേച്ചീ,
നല്ല കഥ. ഇരകളേക്കാള്‍ കൂടുതല്‍ വേട്ടക്കാര്‍ എന്നത് പ്രകൃതി നിയമത്തിനെതിരാണ്. നമ്മുടെ സമൂഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിക്കത്തതല്ല. പ്രതിരോധിയ്ക്കാനാവാത്ത ഇരകള്‍...

കണ്ടതും കേട്ടതും അറിയാവുന്നതും എഴുതിയാല്‍ ബ്ലോഗര്‍.കോം ചാവും. ഞാന്‍ ഡാലിച്ചേച്ചിയോടൊപ്പം ടോം&ജെറി കാണാന്‍ പോട്ടെ.

Unknown said...

സിജിച്ചേച്ചീ,

സ്വബോധത്തോടെ ജീവിക്കുന്ന ആരുടേയും ഉറക്കം കെടുത്തുന്ന ചിന്തകള്‍ .

ഞാനും ഇതു പോലൊരു വിഷയം ഒരു കവിതയായി ‘നിങ്ങളുടെ വീതം’ എന്ന പേരില്‍ എന്റെ ഈ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. വായിച്ചഭിപ്രായം പറയുമല്ലോ.

കാഞ്ഞിരോടന്‍ കഥകള്‍.
http://kaanhirodankadhakal.blogspot.com/2006/09/blog-post_18.html

കരീം മാഷ്‌ said...

ദുരന്തങ്ങളെ കച്ചവടമാകുന്ന മാധ്യമങ്ങള്‍
മനസ്സു നോവിക്കുന്നു.

Siji vyloppilly said...
This comment has been removed by the author.
Siji vyloppilly said...

കഥയെ പറ്റി എന്തെങ്കിലും ഓര്‍ത്തെടുക്കാന്‍ എനിക്കിഷ്ടമാണ്‌.
ഞാന്‍ എം.എ യ്ക്കു പഠിക്കുന്ന കാലം.ഹോസ്റ്റലില്‍ ഒരു കുസൃതി കുട്ടിയുണ്ടായിരുന്നു.എപ്പോഴും ഞങ്ങളുടെ ഇടയിലൊക്കെ വന്നിരുന്ന് വിശേഷങ്ങള്‍ പറയും.ഹോസ്റ്റലില്‍ മാത്രമല്ല കോളേജിലും എല്ലാവര്‍ക്കും പ്രിയങ്കരി.
കൃസ്തുമസ്സ്‌ അവധിക്കാലത്ത്‌ ഞങ്ങളോട്‌ റ്റാറ്റ പറഞ്ഞ്‌ പിരിഞ്ഞു പോയി പിന്നെ കേള്‍ക്കുന്നത്‌ അവള്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ചെയ്തുവെന്നുള്ള വാര്‍ത്തയാണ്‌.ഇതിനിടയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവളുടെ ന്യൂ ഇയര്‍ കാര്‍ഡുകളും വന്നിരുന്നു.
അവളുടെ വീട്ടിലേക്ക്‌ ഞങ്ങള്‍ കയറിചെല്ലുന്നത്‌ ഇപ്പോഴും എനിക്ക്‌ ഓര്‍മ്മയുണ്ട്‌.
തൃശൂര്‍ പാലക്കല്‍ എന്ന സ്ഥലമെന്നാണ്‌ എന്റെ ഓര്‍മ്മ. അരുവികളും,കാടും മുറിച്ചുകടന്നിട്ടുവേണം അവിടേക്കെത്താന്‍,ചെറുതായി മഴപെയ്യുന്നുമുണ്ട്‌.ആരും പരസ്പരം ഒന്നും മിണ്ടിയിരുന്നില്ല.
അവസാനം ഓടിട്ട ചെറിയ വീടിനു മുന്നില്‍ ഞങ്ങള്‍ എത്തിചേര്‍ന്നു.മൃതദേഹം അതുവരെയും എത്തിചേര്‍ന്നിരുന്നില്ല. കുറെ ആളുകള്‍ കൂടി നില്‍പ്പുണ്ട്‌.
കാലത്ത്‌ ചങ്ങാടം തുഴഞ്ഞുകളിക്കാന്‍ പോയ അവള്‍ വീട്ടില്‍ വന്ന് ആത്മഹത്യചെയ്തുവെന്നാണ്‌ എല്ലാവരും പറയുന്നത്‌.
അതിനിടയില്‍ ഒരു സ്ത്രീ ഞങ്ങളുടെ അടുത്തുവന്നു.
'അവള്‍ക്ക്‌ കോളേജില്‍ വല്ല പ്രേമവുമുണ്ടോ'?
ഇല്ല യെന്നു ഞങ്ങള്‍ ഉത്തരം പറഞ്ഞു.അതുകേള്‍ക്കേണ്ട്‌ താമസം വേറെ കുറെ പെണ്‍പടകളും അവിടേക്കു വന്നു.
'കെട്ടിയൊരുങ്ങിപ്പോകുന്നതുകാണാം കോളേജിലേക്കാന്ന പറയാറ്‌. വല്ല്യ പഠിപ്പുകാരിയല്ലെ'..
ഒന്നോ രണ്ടോ സ്ത്രീ ജനങ്ങളോഴിച്ച്‌ എല്ലാവര്‍ക്കും അറിയേണ്ടത്‌ അവളുടെ സദാചാരത്തെക്കുറിച്ചായിരുന്നു.അതില്‍ പലരും അവളുടെ കൂട്ടുകാരികളുടെ അമ്മമാരുമായിരുന്നു.ഞങ്ങള്‍ എത്ര പറഞ്ഞിട്ടും അവര്‍ ഒന്നും വിശ്വസിക്കാന്‍ തയ്യാറായില്ല.
ഒരു സ്ത്രീതന്നെയാണോ മറ്റൊരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു?
ഒരു ആത്മഹത്യ സൃഷ്ടിക്കുന്ന ഭീകരതയും,അതിന്റെ പിന്നിലെ കണ്ടെത്തലുകളും ഞങ്ങളെയെല്ലാവരേയും കുറെ നേരം അസ്വസ്ഥരാക്കി.പിന്നീട്‌ തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്കുള്ള ജീവിതം എല്ലാത്തിനേയും മറന്ന് ചിരിക്കുവാനും ശീലിപ്പിച്ചു.
അന്ന് ഞാനെഴുതിയതാണ്‌ ഈ കഥ എന്നെനിക്കു തോന്നുന്നില്ല.എങ്കിലും ആ സംഭവം എപ്പോഴും മനസ്സിലുണ്ടായിരുന്നു.അമേരിക്കയിലേക്ക്‌ ഞാന്‍ വന്നപ്പോള്‍ അച്ചാറുകളുടെ കൂട്ടത്തില്‍ ഈ കഥയുടെ ഒരു പേജുമുണ്ടായിരുന്നു. ബ്ലോഗിംഗ്‌ തുടങ്ങിയതില്‍ പിന്നെ അതെല്ലാം തപ്പിപ്പിടിച്ച്‌ അവസാന ഭാഗം എഴുതിച്ചേര്‍ത്തു.ആവശ്യമില്ലാത്ത വര്‍ണ്ണനകള്‍ മുമ്പെഴുതിയതില്‍നിന്നു വെട്ടിക്കളഞ്ഞു.
പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.വിമര്‍ശനങ്ങള്‍ക്കുമൊരുപോലെ സ്വാഗതം കാരണം ഒരു കഥയും പൂര്‍ണ്ണമായെന്നെനിക്കുതോന്നാറില്ല.
2 കൊല്ലം കഴിഞ്ഞിതു വായിച്ചുനോക്കുമ്പോള്‍ എന്തൊരു പക്വതയില്ലാത്ത എഴുത്ത്‌ എന്ന് എനിക്ക്‌ എപ്പോഴും തോന്നും.അതുകൊണ്ട്‌ എല്ലാതും മാറ്റിയും മറിച്ചുമൊക്കെ എഴുതിനോക്കാറുണ്ട്‌.വിമര്‍ശനങ്ങളെ അതുകൊണ്ട്‌ നല്ലരീതിയിലെടുക്കാറുണ്ട്‌.

മനോജ് കുമാർ വട്ടക്കാട്ട് said...

കുറേനാള്‍ മുന്‍പ്‌ 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന കമല്‍ സിനിമ കാണാനിരുന്ന് വല്ലാതെ നെര്‍വസായിപ്പോയത്‌ ഓര്‍ക്കുകയാണ്‌ ഞാന്‍.

മുഴുവന്‍ കാണാതെ ഞാനത്‌ പാതിക്ക്‌ നിര്‍ത്തി.

വല്ലാത്തൊരസ്വസ്ഥതയോടെയാണ്‌ ഇതും വായിച്ചവസാനിപ്പിച്ചത്‌.

ആരോടാണ്‌ പ്രധിഷേധിക്കേണ്ടത്‌..
ആരെയാണ്‌ പഴിക്കേണ്ടത്‌...

msraj said...

ഹായ് സിജി ചേച്ചി..

ഇതാണു കഥ മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പൊള്‍ തോന്നിയത്..

ഭാഗം 1:വാക്കുകള്‍ എല്ലാം മുമ്പില്‍ ദ്രിശ്യങ്ങളായി തെളിഞ്ഞു വന്നു.. കഥപാത്രത്തിന്റെ വികാരമുള്‍ക്കൊണ്ടു കൊണ്ടു വായിക്കാന്‍ പറ്റി.

ഭാഗം 2 : എവിടെയോ എന്തോ പോലെ ..
പക്ഷെ ഒരു സുരേഷ്ഗോപി ചിത്രത്തിലെ ഡയലോഗ് എന്നു പറഞ്ഞാല്‍ വളരെ കൂടിപ്പോകും.. കുറെയധികം കേട്ടവാക്കുകള്‍ പോലെ

-രാ

Siji vyloppilly said...

രാജേഷ്‌,
അഭിപ്രായത്തിനു നന്ദി.കഥ ഇനി എപ്പോഴെങ്കിലും തിരുത്തിയെഴുതുമ്പോള്‍ ഈ അഭിപ്രായം മനസ്സിലുണ്ടാകും. സുരേഷ്‌ ഗോപി ചിത്രത്തിലെ ഡയലോഗ്‌ എന്നത്‌ കേട്ട്‌ കുറെചിരിച്ചു.എന്തായാലും അത്‌ തുറന്ന് എഴുതിയല്ലോ സമ്മതിക്കണം.പിന്നീട്‌ അവിടെപ്പോയിവായിച്ചുനോക്കിയപ്പോള്‍ എനിക്കും ഒരു ലാഞ്ചനതോന്നി.ഞാന്‍ സുരേഷ്ഗോപി ഫാനല്ലകെട്ടോ!!

ബിന്ദു said...

കഥ മാത്രം ആവട്ടെ. എനിക്ക് വിഷമിക്കാന്‍ വയ്യ.:(
ഞാന്‍ ഉഷയായി.:)

അനംഗാരി said...

ഇന്നലെ പൊങ്കല്‍ ആഘോഷത്തിനിടയിലായതിനാല്‍ കാര്യമായി ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല.ഇന്നാണ് സമയം കിട്ടിയത്.
സിജി കഥ വളരെ മനോഹരം.ഇതൊരു പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതല്ല.ഇതിപ്പോഴും, പുതിയ വീഞ്ഞ് തന്നെയാണ്.ഈയടുത്ത് ഒരു സാമൂഹ്യ പ്രവര്‍ത്തകയുമായി സംസാരിക്കാനിടയായി.അവര്‍ പറഞ്ഞതും ഇതു തന്നെയാണ്.ഇതുപോലെ ഒരു പാട് കഥകള്‍.എന്റെ അഭിഭാഷക ജീവിതത്തില്‍ ഇതുപോലെ വേദനിക്കുന്ന ഒരു കഥയുണ്ട്.പന്ത്രണ്ട് വയസ്സ് കാരി എന്നോട് നേരിട്ട് പറഞ്ഞത്.എന്റെ ചോരയോട്ടം ഒരു നിമിഷം നിലപ്പിച്ചുകളഞ്ഞു ആ കുട്ടി.ഞാന്‍ ബ്ലോഗില്‍ എഴുതാം.ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാത്ത കാലമാണിത്.സ്ത്രീകള്‍ എന്തു കൊണ്ട് ഇത്രമാത്രം ഇരകളായി തീരുന്നു എന്ന് നാം ചിന്തിച്ചാല്‍ മാത്രം പോര,പരിഹാരവും കാണാന്‍ കഴിയണം.
നല്ല കഥ.നല്ല ഒതുക്കത്തോട് പറഞ്ഞു.അഭിനന്ദനങ്ങള്‍.

പ്രിയംവദ-priyamvada said...

കഥ ഉണര്‍ത്തിയ ചിന്തകളില്‍ നിന്നു..
ഞാനെന്റെ കുട്ടികളെ മൊബിലിന്റെ കാണചരടില്‍ കെട്ടിയിട്ടാണു എവിടേം അയക്കുക. അല്‍പ്പം വൈകിയാല്‍ വിളിക്കും ..too much control ..അമ്മ paranoiac ആണു ..ഇവിടെ വളരെ സൈഫ്‌ ആണു , എന്നെല്ലാം അവര്‍ പറയും..ഇതു പല തര്‍ക്കങ്ങള്‍ക്കും വഴി തെളിക്കും.അവരെ വിശ്വാസമില്ലേ എന്നാവും ചോദ്യം.

നിങ്ങള്‍ തെറ്റായ സമയത്തു തെറ്റായ സ്ഥലത്തു ആയലോ എന്നു ഞാനും . കേരളത്തില്‍ വളര്‍ന്ന എനിക്കും അവര്‍ക്കും തമ്മില്‍ ഒരുപാടു അഭിപ്രായ/കാഴ്ച്ചപ്പാടു വ്യത്യാസം ഉണ്ടാകുന്നതു സ്വാഭാവികം. ബോധപ്പെടുത്താന്‍ വിഷമം.ഈ ഭീകര കഥകള്‍/സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പിന്നെങ്ങിനെയാ?,ഇവിടേം കേള്‍ക്കാം ഓരോന്നു.
മനുഷരെ പോലെ സ്വഭാവം തിരിച്ചറിയാന്‍ പറ്റാത്ത മറ്റൊരു ജീവി ഇല്ലല്ലൊ ഒന്നു ഉദാഹരണം പറഞ്ഞു കൊടുക്കാന്‍.
അതുല്യ പറഞ്ഞപോലെ ആണ്‍പെണ്‍ വ്യത്യാസവും ഇപ്പോള്‍ ഇല്ല.

സിജി പഴയ കഥകള്‍ ഓരോന്നായി പുറത്തെടുക്കു..ആശംസകള്‍.

റീനി said...

സിജി, വായനക്കാരെ ബോധവാന്മാരാക്കുന്ന ഒരു പോസ്റ്റ്‌.സിജി നന്നായി എഴുതിയിരിക്കുന്നു. ഇതൊരു മാനസിക രോഗമല്ലേ? അങ്കിളല്ലാത്ത അങ്കിളുമാര്‍, ചേട്ടന്‍, അഛന്‍, മുത്തശ്ശന്‍, എന്ന വകഭേതമില്ലാതെ പിടികൂടുന്നൊരു രോഗം. ഇതിനെക്കുറിച്ച്‌ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പറഞ്ഞുമനസിലാക്കി കൊടുത്ത്‌ അവരുടെ ശൈശവത്തെ അകാലത്തില്‍ പറിച്ചു കളയേണ്ടിവരുന്ന ഒരു അവസ്ഥ.

പ്രിയംവദേ, വളരെ ശരിയാണ്‌. എന്നിട്ട്‌ അമ്മയുടെ paranoia ഞങ്ങളിലേക്കും പകരുന്നു എന്ന്‌ പരാതിപ്പെടുന്ന കുട്ടികള്‍.

ലിഡിയ said...

സിജീ, എത്ര കേട്ടതായാലും കേള്‍ക്കുമ്പോഴൊക്കെ കരള് കീറുന്ന കഥ.

ഇന്ന് ഒരു നാടോടി കൂട്ടത്തിന്റെ കയ്യില്‍ ഒരു കുഞ്ഞിനെ കണ്ടു, തുടുത്തിരിക്കുന്ന ഒരു കുഞ്ഞ്,അതിന്റെ തുടുത്ത കവിളുകളും,വെളുത്ത കാല്വണ്ണകളും കൂടെയുള്ള മറ്റ് കുട്ടികള്‍ അതിന്റെ തൊട്ടും തലോടിയും നില്‍ക്കുന്നതും കണ്ടിട്ട് അല്പം സംശയം തോന്നിയിട്ടാണ് ഞാന്‍ സിഗ്നലില്‍ നിന്ന പോലീസുകാരനോട് അത് പറഞ്ഞത്, അയാള്‍ ഒരു ഭ്രാന്തിയേ നോക്കുന്നത് പോലെ എന്നെ നോക്കി, എന്നിട്ട് ഇത് നിങ്ങളുടെ പണിയല്ല പൊയ്ക്കൊള്ളാന്‍ പറഞ്ഞു.

എവിടെയോ സ്വന്തം കുഞ്ഞിനെ കളഞ്ഞുപോയ്യതോര്‍ത്ത് നെഞ്ചു പൊടിയുന്ന ഒരു അമ്മയെ മനസ്സില്‍ കാണാനാവുന്നു.

ഇപ്പോഴേ പ്രാര്‍ത്ഥിച്ചു തുടങ്ങുന്നു, എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമെയെന്ന്.

-പാര്‍വതി.

Siju | സിജു said...

നല്ല കഥ
qw_er_ty

Siji vyloppilly said...

ബിന്ദു- നന്ദി.
അനംഗാരി മാഷ്‌- ബ്ലോഗില്‍ ആ കഥ പോസ്റ്റ്‌ ചെയ്യണം.അഭിഭാഷകനായിരുന്നുവെന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്‌.ഒരു പാട്‌ അനുഭവങ്ങള്‍ അപ്പോള്‍ ഉണ്ടാകുമല്ലൊ.
പ്രിയംവദ(ചേച്ചി), റിനി-

എന്റെ മോന്‍ സ്കൂളില്‍ പോയിത്തുടങ്ങിയിട്ടില്ല.ചെറുപ്പത്തിലേതന്നെ കുട്ടികളെ ഇങ്ങനെ ഒരോന്ന് പറഞ്ഞ്‌ ബോധവാന്മ്മാരാക്കുന്നതിനോട്‌ എനിക്ക്‌ വിയോജിപ്പായിരുന്നു അവരുടെ നിഷ്കളങ്കത പോകില്ലേയെന്ന് ഞാനും ചിന്തിച്ചിരുന്നു,പക്ഷെ ലോകത്ത്‌ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അതെല്ലാതെ വേറെ എന്താണ്‌ വഴി.ഒരമ്മയുടെ ചങ്കിടിപ്പുകള്‍ എനിക്കും മനസ്സിലായിത്തുടങ്ങുന്നു.
പാറു - ശരിയാണ്‌ ലോകത്ത്‌ എന്തെല്ലാം നടക്കുന്നു.പറഞ്ഞാല്‍ അത്‌ വിശ്വസിക്കില്ലല്ലോ.
സിജു - നന്ദി പ്രോത്സാഹനത്തിന്‌.
ഞാന്‍ അപൂര്‍വ്വമായെ ഗൗരവമുള്ള വിഷയങ്ങള്‍ കഥയെഴുതാറുള്ളു. തമാശയെഴുതുമ്പോഴുള്ള ഒഴുക്ക്‌ ഇങ്ങനത്തെ കഥകളെഴുതുമ്പോള്‍ കിട്ടാറില്ല. എങ്കിലും നിങ്ങളെല്ലാവരും അത്‌ സ്വീകരിച്ചതില്‌ നന്ദി.

വിചാരം said...

കഥ നല്ലത് എന്നുപറയാന്‍ ഞാന്‍ ആളല്ല എന്‍റെ വീക്ഷണത്തില്‍ കഥ നല്ലത് എന്നുപറഞ്ഞാല്‍ അതിലെ കാര്യങ്ങള്‍ നല്ലത് എന്നര്‍ത്ഥം വരും പക്ഷെ സിജിയുടെ നിരീക്ഷണം ഒരു കഥയായി ഫലിപ്പിച്ചത് വളരെ നന്നായിരിക്കുന്നു , ഞാനും വ്യാകുലനാണ് എനീകുമൊരു പെണ്‍കുഞ്ഞാണ് .ആറുസഹോദരിമാരുള്ള ഞാന്‍ ഒരു പട്ടിയെ പോലെയായിരുന്നു വീട്ടില്‍ ഒരു ചെറിയ ആളനക്കം ഞാന്‍ ജാഗ്രതയായിരിക്കും മൂത്ത സഹോദരനായതിനാലോ എല്ലാം ശ്രദ്ധിക്കുന്നു എന്ന തോന്നനിലാണോ എന്നെ എന്‍റെ സഹോദരിമാര്‍ക്കും ഭയമായിരിന്നു സ്നേഹം കലര്‍ന്ന ഭയം അതുകൊണ്ടു തന്നെ അഞ്ചു സഹോദരിമാരെ ഒരു ചീത്ത പേരും കേള്‍പ്പിക്കാതെ ഞാന്‍ കെട്ടിച്ചുവിട്ടു .. അറാമത്തെ സഹോദരിയെ ഇടയ്ക്കിടെ വിളിക്കും സ്നേഹത്തോടെ തന്നെ അവളുടെ ആവശ്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ എല്ലാം ചോദിച്ചറിയും ദൂരെയാണെങ്കിലും അവര്‍ക്ക് ഞാന്‍ അരികിലായിരിക്കണം എന്‍റെ പിതാവിനേക്കാളധികം എന്നോട് കാണിക്കുന്ന സ്നേഹവും ഭയവും അവരെ ശ്രദ്ധിക്കുന്നു എന്ന തോന്നലായിരിക്കണം .. സിജി എഴുതുക മനസ്സില്‍ അറിയാതറിയാതെ കോറിയിട്ടവ കഥയായും മറ്റും എഴുതുക .. നന്മ നേരുന്നു

Siji vyloppilly said...

വിചാരം എന്റെ ചേട്ടനും അങ്ങിനെത്തന്നെയായിരുന്നു,പെട്ടന്ന് ആ ഓര്‍മ്മകള്‍ ഒരു നിമിഷം വന്നുമൂടി.
നന്ദി.

ആര്‍ട്ടിസ്റ്റ്‌ said...
This comment has been removed by a blog administrator.
Siji vyloppilly said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...
This comment has been removed by a blog administrator.
ഏറനാടന്‍ said...

നല്ലയെഴുത്തുകാര്‍ പതിയെ പതിയെ ബൂലോഗത്തീന്ന് പോയികൊണ്ടിരിക്കുന്നുവോ? സിജിച്ചേച്ചി അങ്ങിനെയാവില്ലാന്ന് കരുതട്ടേ. പുതിയത്‌ വരട്ടേ ഉടനെ...

G.MANU said...

വൈകിയാണു പോസ്റ്റ്‌ കണ്ടത്‌..ചിതറിക്കിടക്കുന്ന ജീവിതങ്ങല്‍ കണ്ടു.. അഭിനന്ദനങ്ങള്‍

ഗുപ്തന്‍ said...

മുറിവും മഞ്ഞുകാലവും കഴിഞ്ഞ് ഇവിടെയെത്തുമ്പോള്‍: ‘ഗൌരവമുള്ള കഥ’ എന്ന ആമുഖം... ഭയം തോന്നി. വായിക്കാതെ തിരികെപ്പോകാന്‍ തോന്നി. അതായിരുന്നു നല്ലതെന്നു തോന്നുന്നു. ക്ഷമിക്കുക.

യൂണിവേഴ്സിറ്റി നാളുകള്‍ തിടുക്കത്തില്‍ തീര്‍ത്ത് സാമൂഹസേവനത്തിന്റെ പേരില്‍ ഊരുചുറ്റുമ്പോള്‍ ഒരുപാട് ഇരകളെ അടുത്തറിഞ്ഞിട്ടുണ്ട്. ഒരുപാട് ദുര്‍ഭൂതങ്ങളെ മനസ്സില്‍ നിന്നുണര്‍ത്തിവിട്ടു നിങ്ങള്‍.. ഇന്നിനി വായനയില്ല.. പിന്നെ വരാം.

കഥാവശേഷന്‍ എന്ന ചിത്രം കണ്ടിട്ടുണ്ടോ ആവോ? ഞാനും അതു തന്നെയാണ്. നിസ്സഹാ‍യതയുടെ കുരുക്കില്‍ കഴുത്തിട്ട് മരിച്ചവന്‍. അല്ല, അതിനുപോലും ധൈര്യമില്ലാത്തവന്‍.

ഗുപ്തന്‍ said...

കഥയുടെ വഴിയില്‍ നിന്നു തെറ്റിപ്പോയി കമന്റ് എന്നു തോന്നിയതുകൊണ്ട് വീണ്ടും എഴുതുന്നു. ക്ഷമിക്കുക.

ലൈംഗികകുറ്റകൃത്യങ്ങളെക്കാള്‍ അപകടകരമായ സാമൂഹ്യപ്രതിഭാസമായിതീര്‍ന്നിട്ടുണ്ട് അവയെ വിറ്റഴിക്കുവാനും ദൃശ്യഭോഗത്തിന്റെ കഴുകന്‍ കണ്ണുകളിലൂടെ മുറിവേറ്റ ഇരകളെ മരണത്തിനുമപ്പുറം പിഞ്ചെല്ലുവാനും ശ്രമിക്കുന്ന ശവംതീനി മാധ്യമ/അനുവാചക സംസ്കാരം.

ഇവിടെ അഭിപ്രായമിട്ട എല്ലാവരെയും ഈ കഥ നോവിച്ചുവെങ്കില്‍ താങ്കള്‍ക്കഭിമാനിക്കാം

അപ്പു ആദ്യാക്ഷരി said...

"അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്കിയെടുത്ത്‌ അയാള്‍ വേലിയ്ക്കുമുകളിലൂടെ അടുത്ത പറമ്പിലേക്കെറിഞ്ഞു.പിന്നീട്‌ വെള്ളരി പ്രാവിന്റെ നിറമുള്ള ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേയ്ക്കുനടന്നു....."

സിജിച്ചേച്ചി..വായിക്കാന്‍ വളരെ വൈകിപ്പോയി (അന്ന് ഞാന്‍ ബ്ലോഗറല്ലായിരുന്നു). നല്ല കൈയ്യടക്കത്തിലുള്ള ഈ എഴുത്താണ് എനിക്കേറേയിഷ്ടം.

swaram said...

സിജി,
ആദ്യം ഞാന്‍ മനുവിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങാം. മനുവാണ് എന്നെ “ഇര” യുടെ നൊമ്പരത്തിലേയ്ക്കു കൂട്ടി കൊണ്ടു വന്നത്..പറഞ്ഞാശ്വസിപ്പിക്കാന്‍ വാക്കുകളൊ, ഉപേക്ഷിച്ച് പോകാന്‍ ഒരിത്തിരി കണ്ണു നീരോ പോലും കൈമോശം വന്ന സമൂഹത്തെ നമ്മളിനി എന്തു ചെയ്യും.ഈ ബ്ലോഗ് ലോകത്തിലെ പ്രിയപ്പെട്ടവരെങ്കിലും കൈമോശം വന്നു പോയ ആ നല്ല സംസ്കാരത്തെ തിരിച്ചു കൊണ്ടുവരാന്‍ ഒന്നു ശ്രമിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ, വരും തലമുറയെങ്കിലും നമ്മളേ ശപിക്കാതിരുന്നേക്കും...
എഴുത്ത് വളരെ നന്നായിരിക്കുന്നു.
ഏതാണ്ട് ഇതേ സ്വഭാവത്തിലൊരെണ്ണം എന്റെ ബ്ലോഗിലും എഴുതിയിട്ടുണ്ട്. അങ്ങനെയാണ് മനു അവിടെ എത്തിയതെന്നു തോന്നുന്നു.

ബാജി ഓടംവേലി said...

പോസ്റ്റും കമന്റുകളും വായിച്ചു
വനിതാലോകത്തിലെ ലിങ്കിലൂടെയാണ് എത്തിയത്‌. വായിക്കേണ്ടത്‌ *****

Ranjith chemmad / ചെമ്മാടൻ said...

നന്നായിട്ടുണ്ട്‌...........

swaram said...
This comment has been removed by the author.
vijin manjeri said...

ആറ്റി കുറുക്കിയ കഥ , എന്തൊക്കെയോ തോന്നുന്നു ......

uttopian said...

ഗംഭീര കഥ. അഭിനന്ദനങ്ങൾ ‌

കുഞ്ഞുറുമ്പ് said...

'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന്റെ ശ്രുതിക്കുട്ടീടെ അതേ മുഖം, കുറച്ചു നീലച്ചിരുന്നെങ്കിലും അതേ ചുണ്ട്‌,അതേ കണ്ണുകള്‍ അവളിട്ടുവരാറുള്ളപോലത്തെ നീല ചുരിദാര്‍ ചത്തുമലച്ചുകിടക്കുന്നത്‌ മാഡത്തിന്റെ ശ്രുതിക്കുട്ടിയാണെന്നേ തോന്നൂ'..മൂർച്ചയുള്ള എഴുത്ത്.. എത്തിപ്പെടാൻ വൈകി :)