Tuesday, November 28, 2006

പ്രകൃതിയുടെ വരദാനങ്ങള്‍


മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണ്‍ തിരിച്ചുതരും എന്നൊരു പഴമൊഴിയുണ്ട്‌.ആധുനികയുഗത്തില്‍ മണ്ണിന്റെ പ്രാധാന്യം കുറഞ്ഞു വരികയാണ്‌ഭൂമിയെന്നതിലുപരികെട്ടിടങ്ങള്‍ പണിയുവാനൊരു സ്ഥലം എന്നതിലേക്ക്‌ മണ്ണ്‍ മാറിക്കൊണ്ടിരിക്കുകയാണ്‌.കുറച്ചു സ്ഥലത്തിനുള്ളില്‍ കൂടുതല്‍ വിളയിക്കുക എന്ന ത്വത്വവുമേന്തിക്കൊണ്ട്‌ രാസവളപ്രയോഗത്തിലൂടെ നമ്മള്‍ നടത്തുന്ന കൃഷി മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങള്‍ നശിപ്പിക്കുന്നവയാണ്‌.
അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍
കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള്‍ പ്രയോഗിച്ചും ,ഹോര്‍മ്മോണുകള്‍ കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള്‍ നടത്തിയും കൃഷിചെയ്യുന്നവയാണ്‌.കുറച്ചു സാധാരണ ആപ്പിള്‍പഴങ്ങളും കുറച്ച്‌ ഓര്‍ഗാനിക്‌ ആപ്പിള്‍ പഴങ്ങളും നിങ്ങള്‍ ഒരു സ്ഥലത്തുവെച്ച്‌ നിരീക്ഷിച്ചു നോക്കുക.സാധാരണ ആപ്പിള്‍ പഴങ്ങള്‍ ഒന്നോരണ്ടോ മാസത്തോളം കേടുകൂടാതെയിരിക്കുകയും ഓഗാനിക്‌ രണ്ടാഴ്ച്ചക്കുള്ളില്‍ ചീഞ്ഞുപോകുന്നതായും കാണാന്‍ കഴിയും,ഈ ഒരു ചെറിയ കണ്ടെത്തലാണ്‌ എന്നെ ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കുവാന്‍ പ്രേരിപ്പിച്ചത്‌.സാധാരണക്കാരായ ഞങ്ങള്‍ക്ക്‌ എപ്പോഴും പ്രകൃതിദത്തവസ്തുക്കള്‍ ഇത്രയും വിലകൊടുത്ത്‌ വാങ്ങുവാന്‍ നിവൃത്തിയില്ല.പകരം സ്വന്തം തോട്ടത്തില്‍ നിന്ന് പറിച്ചെടുത്ത പച്ചക്കറികള്‍ കൊണ്ട്‌ മാനസികാര്യോഗവും ശാരീരികാര്യോഗവും മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു.
വളരെ കുറച്ചു സ്ഥലമേ ചെറിയ അടുക്കളതോട്ടത്തിനാവശ്യമുള്ളു.വള്ളിപയര്‍,പാവല്‍,അമരക്ക എന്നിവ അമേരിക്കയിലും ഇന്ത്യയിലും നന്നായി വളരുന്ന പച്ചക്കറികളാണ്‌.അമേരിക്കയില്‍ ഏറ്റവും സുഗമമായിവളരുന്ന ചെടിയാണ്‌ തക്കാളി.ചീര,വെണ്ട,വഴുതിന,വെള്ളരി,കാപ്സിക്കം,മുളക്‌ എന്നിവയും അങ്ങിനെത്തന്നെ,കുറച്ചുകൂടി സ്ഥലമുള്ളവര്‍ക്ക്‌ മത്ത,കുമ്പളം എന്നിവ വച്ചുപിടിപ്പിക്കാവുന്നതാണ്‌.
ഇപ്രാവശ്യം ഞങ്ങളുടെതോട്ടത്തില്‍ ചുവന്നചീര,പയര്‍,തക്കാളി,വഴുതിന,വെള്ളരി,പാവല്‍,കാപ്സിക്കം,മുളക്‌,അമരക്ക എന്നിവ ധാരാളം വിളവുതന്നു.വേനല്‍ക്കാലമാസങ്ങളില്‍ കുറച്ചു പച്ചക്കറികള്‍ മാത്രമേ കടയില്‍ നിന്നും വാങ്ങിക്കേണ്ടി വരാറുള്ളു.നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും നന്നായിയുള്ള സ്ഥലങ്ങളാകണം ഇതിനുവേണ്ടിതിരഞ്ഞെടുക്കേണ്ടത്‌.ഞങ്ങളെ സംബന്ധിച്ച്‌ സ്ഥലപരിമിതിമൂലം വഴുതിന,കാപ്സിക്കം,മുളക്‌ എന്നിവ ചട്ടിയില്‍ വളര്‍ത്താനേ സാധ്യമാകൂ.എങ്കിലും ചട്ടിയില്‍ നട്ട ഒരു വഴുതിനയില്‍ നിന്നുതന്നെ ഏകദേശം 12 കിലോയോളം കായ്കള്‍ കിട്ടി.അടുക്കളയില്‍ നിന്നും കറിക്കരിഞ്ഞു ബാക്കിവരുന്ന പച്ചക്കറികഷ്ണങ്ങള്‍,ചാണകം,വെയ്ക്കോല്‍,പുല്ലുകഷ്ണങ്ങള്‍ എന്നിവകൊണ്ട്‌ കമ്പോസ്റ്റ്‌ തയ്യാറാറക്കിയാണ്‌ വളപ്രയോഗം നടത്തുന്നത്‌.സോപ്പുലായനിയുപയോഗിച്ച്‌ കീടങ്ങളെതടയുന്നു.രണ്ടുനേരം വെള്ളമൊഴിക്കാന്‍ ശ്രമിക്കാറുണ്ട്‌.ചെടികള്‍ വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാണുന്നതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്‌.ഒഴിവുസമയങ്ങളെ പ്രയോജനപ്പെടുത്തുകയും,കുറച്ചുപണം ലാഭിക്കുകയും ചെയ്യുന്ന ഒരു ഹോബിയായി ആര്‍ക്കും ഒരു ചെറിയ പച്ചക്കറിതോട്ടമുണ്ടാക്കാവുന്നതാണ്‌.ആരോഗ്യമുള്ള ശരീരമുണെങ്കിലേ സമ്പൂര്‍ണ്ണമായ ജീവിതമുണ്ടാവുകയുള്ളുവെന്നോര്‍ക്കുക.പ്രകൃതിയുടെ വരദാനങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക.

Tuesday, November 21, 2006

മഴക്കവിതകള്‍

മഴ രണ്ടുവിധമാണെനിക്ക്‌.
ഒന്ന് ഇന്നലയുടെ മഴ
രണ്ട്‌ ഇന്നിന്റെ മഴ
ചെളിവെള്ളത്തെ തെറിപ്പിച്ചും
ഇടിവെട്ടിക്കാതടപ്പിച്ചും
ചുരിദാറിനെ തുടയിലൊട്ടിച്ചും
ബസ്സ്‌ സ്റ്റോപ്പില്‍ കാത്തുനിന്ന മഴ.
ബസ്സുവരുന്നുണ്ട്‌ കുടചുരുക്കു..
പിന്‍ വിളികളുയര്‍ന്നു.
കുഴികളില്‍ വീണും,കല്ലില്‍ തട്ടിയും
ശീതനടിച്ചും,മുകളിലേക്കുപ്പറക്കുന്ന-
ടര്‍പ്പാളയെ ശപിച്ചുകൊണ്ടൊരുമഴ.
ചേച്ചിയൊന്നുവേഗമിങ്ങിക്കേ..'കിളിപറഞ്ഞു'
നോട്ടം ഒട്ടിയൊലിച്ച ശരീരത്തിലേക്ക്‌.
ദ്ദെവത്തിന്റെനാട്ടില്‍ ഇത്രയും കുഴികളോ?
ബസ്സിറങ്ങിനടക്കേ സുഹൃത്തു പറഞ്ഞു.
'നല്ലതണുപ്പ്‌, മോളു വരു-
അമ്മചായതരാം ,മുളകു ബജിയുമുണ്ട്‌.
അമ്മ ചായക്കു തീകൂട്ടി.
പടിഞ്ഞാപ്പുറത്തെ പഞ്ചാരമാങ്ങപെറുക്കാന്‍-
അച്ഛന്‍ കുടയെടുത്തു യാത്രയായി.
ഹര്‍ഷന്റെ പറമ്പില്‍ ഒരു തെങ്ങു വീണു,
തറവാട്ടിലെ കശുമാവൊടിയാറായി,
നാളികേരം വീണ്‌ രണ്ടോടു പൊട്ടിയിട്ടുണ്ട്‌
അച്ഛന്‍ നനഞ്ഞൊലിച്ചു വന്നു പറഞ്ഞു

മൂന്നു ഗ്ലാസ്സിലായി പകര്‍ന്നചായയുമായമ്മ-
കടുപ്പമിത്തിരികൂടി,പാല്‍കുറവാണ്‌.
വരാന്തയിലേക്ക്‌ കാലാടുന്ന കസേരകള്‍ വലിച്ചിട്ടു.
അച്ഛന്‍ നാട്ടുകാര്യങ്ങള്‍ തുടങ്ങി വെച്ചു
അമ്മകേട്ടിരുന്ന് കറിക്കരിഞ്ഞു.
പുറത്ത്‌ മരങ്ങളിലാടിക്കളിച്ച്‌ മഴ..
തണുപ്പത്ത്‌,ചൂടുള്ള ഒരുമഴ..
മഴ രണ്ടു വിധമാണെനിക്ക്‌
സായിപ്പിന്റെ നാട്ടില്‍ നൂലുപോലുള്ളമഴ.
മഴപെയ്യാന്‍ സാദ്ധ്യതയുണ്ടെന്നറിയിക്കുന്ന ചാനലുകള്‍
കാര്‍പ്പെറ്റുനനയുന്നതിനാല്‍ വാതില്‍ തുറന്നില്ല
ഇടിയും മിന്നലും കണ്ടിട്ടുകാലം കുറേയായി
കാലാവസ്ഥയറിയാന്‍ കമ്പ്യൂട്ടര്‍ തുറന്നു
പത്തുദിവസം ചെറുതായിമഴപെയ്യും-
വെതര്‍ സെറ്റു പറഞ്ഞു..
പെയ്താലെന്ത്‌,പെയ്തില്ലങ്കിലെന്ത്‌.
കോഫീമേയ്ക്കറില്‍ കുറച്ചുവെള്ളമൊഴിച്ചുവച്ചു
മൂന്നുമിനിറ്റ്ടിനുള്ളില്‍ കാപ്പി റെഡി.
ഫോണെടുത്ത്‌ കൂട്ടുകാരിയെവിളിച്ചു-
'എന്തൊരു നശിച്ച്മഴ'...
മഴയെനിക്കു രണ്ടു വിധമാണ്‌
ഒന്ന് ഇന്നലകളുടെ മഴ.
രണ്ട്‌ ഇന്നിന്റെ മഴ.

Sunday, November 19, 2006

മുറിവ്‌

മീരക്ക്‌ അത്ഭുതം തോന്നി.
'വലിച്ചു വിട്ടോളുമീര' ആധുനികനെന്ന ഭാവത്തില്‍ നരേന്ദ്രന്‍ പറഞ്ഞു.
അവള്‍ അയാളുടെ കയ്യില്‍ നിന്നും സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി.പിന്നീട്‌ ഒന്നു മണ
ത്തു നോക്കിയതിനു ശേഷം തിരിച്ചെറിഞ്ഞു.
'ആദ്യ പുകയെടുപ്പിന്‌ ഒരു നിഗൂഡതയുണ്ട്‌ ആദ്യമായൊരു പെണ്ണിനെ അറിയുന്നതു പോലെ'.
അയാള്‍ അര്‍ഥം വച്ചു ചിരിച്ചു.
അവള്‍ അതു ശ്രദ്ധിക്കതെ പുറത്തേക്കു നോക്കിയിരുന്നു.കാറില്‍ ജഗജിത്‌ സിങ്ങിന്റെ ഗസല്‍ നിറഞ്ഞു.ജീവിതത്തെകുറിച്ചുള്ള അര്‍ഥം നിറഞ്ഞ വരികള്‍,പ്രണയത്തിന്റെയും,വിരഹത്തിന്റെയും,ബാല്യത്തിന്റേയും ഗന്ധം ഒഴുകുന്ന പാട്ടുകള്‍.
നരേന്ദ്രന്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി കാറിന്റെ ഗതിയില്‍ മാത്രം ശ്രദ്ധിച്ചു.
നിനക്കിപ്പോള്‍ എത്ര വയസ്സായി?
ഇരുപത്തിയേഴ്‌.
ഭാര്യയുടെ വയസ്സറിയാത്ത ഭര്‍ത്താവല്ല താനെന്നു വരുത്തും വിധം പാട്ടിലെ ഒരു വരി മൂളി അയാള്‍ മുഖം മിനുക്കി.കല്ലുകളില്‍ തട്ടി കുലുങ്ങിയും ചെമ്മണ്ണിനെ ആകാശത്തേക്ക്‌ പറപ്പിച്ചും കാറ്‌ ഓടിക്കൊണ്ടിരുന്നു.

ഭാഗം 2

നരേന്ദ്രനപ്പോള്‍ ടെലസ്കോപ്പിലൂടെ ആകാശം നോക്കുകയായിരുന്നു.വാല്‍നക്ഷത്രത്തിന്റെ വരവ്‌,മറ്റുനക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍..
അയാളുടെ കണ്ണുകള്‍ അവളെ മറ്റൊരു നക്ഷത്രമാക്കി.വളവുകള്‍,ഒടിവ്‌,മിനുസം..
നരേന്ദ്രന്‍ മുരണ്ട്‌ പുകതുപ്പിക്കൊണ്ട്‌ ഗുഡ്‌ സ്‌ ട്രെയിനായി അവളുടെമുകളിലൂടെ കടന്നുപോയി.അവളപ്പോള്‍ ദിശയറിയാത്ത പാളത്തെപ്പോലെ വളവുകളും തിരിവുകളുമില്ലാതെ കിടന്നു..
അവള്‍ അയാളുടെ ഷര്‍ട്ട്‌ കഴുകി ഹാംഗറിലിട്ട്‌ അഴയില്‍ കൊളുത്തി.പിന്നീട്‌ പപ്പടം കനലിലേക്കിട്ട്‌ കരിയെല്ലാം അടുപ്പിന്റെ വക്കില്‍ തല്ലിക്കളഞ്ഞു.രണ്ടു ദിവസത്തിനു മുമ്പ്‌ മൊട്ടിട്ടു കണ്ട ചെമ്പകത്തിനു വെള്ളമൊഴിച്ചു.സുന്ദരി ടി.വിയില്‍ നമസ്കാരം പറഞ്ഞപ്പോള്‍ അവളുടെ ഒരു ദിവസം അവസാനിച്ചിരുന്നു.നീല നിറത്തിലുള്ള കമ്പിളി പുതച്ചവള്‍ ഉറങ്ങാന്‍ കിടന്നു.നരേന്ദ്രനപ്പോള്‍ ടെറസ്സില്‍ വാല്‍ നക്ഷത്രത്തെ നോക്കിയിരിക്കുകയായിരുന്നു.

ഭാഗം 3


വയറിനുള്ളില്‍ വളരുന്ന മുകുളത്തിന്റെ അനക്കം കേട്ട്‌ വലിയൊരു ഞെട്ടലോടെ അന്നുകഴിച്ചിരുന്ന ചോറു മുഴുവന്‍ മണ്ണിലേക്കു ചര്‍ദ്ദിച്ചു.
'നീ ഈ ഭൂമിയിലേക്കുള്ള വഴിയറിയണോ?കാലുകള്‍ തളരും,തൊണ്ടവരളും,കണ്ണുകള്‍ യുദ്ധഭൂമി കണ്ടു നനയും.അവള്‍ ചര്‍ദ്ദിയുടെ ഭൂപടത്തെ നോക്കി ദയനീയതയോടെ പറഞ്ഞു.
വളരെക്കാലമായി അടച്ചു വെച്ചിരുന്ന ഡയറി പൊടിതട്ടിയെടുത്ത്‌ പേജുകള്‍ ഒന്നൊന്നായിമറിച്ചു.
ഒന്നാം പേജില്‍ വസന്തം,രണ്ടാം പേജില്‍ ശിശിരം,മൂന്നാം പേജില്‍ വരള്‍ച്ച.നാലാം പേജില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയുടെ പകുതി ഭാഗം വെട്ടി മാറ്റിയ ഫോട്ടോ.
പകുതിയില്‍ അവള്‍ക്കുനല്‍കിയ സ്നേഹവും മറ്റുപകുതിയില്‍ വേദനയും അപമാനവും.
'കാഴ്ച്ചക്ക്‌ ഇഷ്ടമില്ലാത്തത്‌ വെട്ടിനീക്കണം' അച്ഛന്റെ ക്ഷീണിച്ച സ്വരം.
അതൊന്നും വായിക്കാനോ,കാണാനോ അല്ല ഡയറി തുറന്നത്‌.
അവള്‍ ഒരു പൂവ്‌ വരക്കാന്‍ തുടങ്ങി.

കാറ്റിനൊത്ത്‌ തലയിളക്കുന്ന ഒരു നാട്ടു പൂവ്‌.വര്‍ണ്ണങ്ങള്‍ കോരിച്ചൊരിയാന്‍ ചായക്കൂട്ടുകളില്ലായിരുന്നു.
അതിനടിയിലായവള്‍ എഴുത്തുടങ്ങി.
'അമ്മയുടെ മകന്‍ ഒരുദിവസം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരും.ഞാന്‍ നിനക്ക്‌ വസന്തത്തിലെ ഏറ്റവും മണമുള്ള പൂവിന്റെ പേരു നല്‍കും.കാറ്റേറ്റ്‌ നീ തലകുണുക്കുമ്പോള്‍ ആരും പറിച്ചെടുക്കാതിരിക്കാന്‍ സ്നേഹത്തിന്റെ ഇരുമ്പുവേലികെട്ടും'.
അവളുടെ കണ്ണില്‍ നിന്ന് ഒരു കണ്ണുനീര്‍ അടര്‍ന്നു വീണ്‌ അക്ഷരങ്ങളെ നനച്ചു.അവള്‍ ആ പേജിനെ കെട്ടിപ്പിടിച്ചു കിടന്നു.
കോളിങ്ങുബെല്ലിന്റെ തുരുതുരായുള്ള ബെല്ലടികേട്ടാണ്‌ വാതില്‍ തുറന്നത്‌.
ഒരു ചിരിയോടെ നരേന്ദ്രന്‍.
അയാളുടെ ഷര്‍ട്ടിനു സ്തീകളുടെ പെര്‍ഫ്യൂമിന്റെ മണം.
അവള്‍ പുറം വെളിച്ചത്തിലേക്കുനോക്കാതെ വേഗം വാതിലടച്ചു.
'എന്റെ വയറ്റില്‍ നമ്മുടെ കുഞ്ഞു വളരുന്നു.ചോറുകഴിക്കവേ അവള്‍ അയാളോടു പറഞ്ഞു.അയാള്‍ ചോറുണ്ണല്‍ പകുതിയില്‍ നിര്‍ത്തി അവാര്‍ഡിനുവേണ്ടി പ്രബന്ധമെഴുതാന്‍ കോണിപ്പടികള്‍ കയറി.

ഭാഗം 4
ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള്‍ വയര്‍ തലോടി പറഞ്ഞു.
'ഇനി നിനക്ക്‌ പുറത്തേക്കുള്ള വാതില്‍ നോക്കി കഷ്ടപ്പെടേണ്ട.കണ്ണുനീര്‍ ഒരു പെരുമഴയായി.
നേഴ്‌ സ്‌ അവളോടു ചോദിച്ചു."എന്തിനേ ഇതു ചെയ്തത്‌,ഒരു കുഞ്ഞിനെ കളയാന്‍ ഇത്രയ്ക്കു പ്രാരബ്ദക്കാരിയാണോ'?
അവള്‍ ചിരിച്ചു.
കറുപ്പും വെളുപ്പും നിറമുള്ള ക്യാപ്സൂളുകള്‍ ജീവിതവും മരണവും പോലെ കുപ്പികളിലിരുന്നു പല്ലിളിച്ചു.
'കറുത്ത ക്യാപ്സൂളാണു കഴിക്കേണ്ടത്‌.വെളുത്തത്‌ ഒരു കാരണവശാലും കഴിച്ചുകൂടാ.ഏഴു ദിവസം കഴിഞ്ഞു മാത്രം കെട്ടോ' നേഴ്സുപറഞ്ഞു.
'അപ്പോള്‍ വെളുപ്പ്‌ നിറം കാണിച്ചു പറ്റിക്കുകയാണല്ലേ? കറുപ്പ്‌ നിറം കാണിച്ച്‌ അത്ഭുതപ്പെടുത്തുകയും..ഇന്ദ്രജാലക്കാരന്‍'...
നേഴ്‌ സ്‌ രോഗിയുടെ മാനസ്സികനിലയറിഞ്ഞുകൊണ്ട്‌ ദുഖഭാവത്തോടെ ചിരിച്ചു.
ആശുപത്രിയില്‍ വലിയൊരു തുക ബില്ലടച്ചുകൊണ്ട്‌ അവള്‍ പുറത്തേക്കിറങ്ങവേ ലിപ്സ്റ്റിക്കിട്ട സുന്ദരി ഒരു പാക്കറ്റും ഒരു കുല പൂവും സമ്മാനിച്ചു.

'ഇനിയും വരാം' അവള്‍ അതു വാങ്ങി ചിരിച്ചുകൊണ്ട്‌ പറഞ്ഞു. പെണ്‍കുട്ടി അവള്‍ക്കു ശുഭദിനമാശംസിച്ചു.
പടികളിറങ്ങുമ്പോള്‍ അവള്‍ക്കു ചിരിപൊട്ടി.ആദ്യം കണ്ട ഓട്ടോ റിക്ഷയെ കയ്യുകാണിച്ചു നിര്‍ത്തി പിന്നീട്‌ അയാളോട്‌ പോയ്ക്കോളാന്‍ പറഞ്ഞു.അയാള്‍ അവളെ ക്രൂരമായ്‌ നോക്കി.
അവള്‍ ചിരിച്ചു.
പിന്നീടവള്‍ ചിരിച്ചു ചിരിച്ച്‌ റോഡുമുറിച്ചുകടന്ന്,എല്ലാ പരസ്യ ബോര്‍ഡുകളേയും താണ്ടി കടല്‍ പോലെയിരമ്പുന്ന നഗര മദ്ധ്യത്തിലേക്ക്‌ ഒരു മത്സ്യകന്യകയെപ്പോലെയിറങ്ങിപ്പോയി.പിന്നെ അവളെ ആരും കണ്ടിട്ടേയില്ല.

Monday, November 13, 2006

ദൂരത്തെ കുറിച്ച്‌...

ഒരു മലയാളം ബ്ലോഗ്‌ തുടങ്ങുക എന്നത്‌ വളരെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ്‌.മലയാളം ബിരുദാനന്തരബിരുദധാരി എന്നൊരു സര്‍ട്ടിഫിക്കറ്റ്‌ ഇപ്പോഴും എന്റെ മേശവലിപ്പില്‍ ഉറങ്ങികിടപ്പുണ്ട്‌.എല്ലാ മറുനാടന്‍ മലയാളികളുടെ പോലെത്തന്നെ എന്റെ ഹൃദയവും ഓമ്മകളും ഒറ്റപ്പെടലും നിറഞ്ഞ വലിയൊരു തടാകമാണ്‌.തിരയനക്കങ്ങള്‍ ഒന്നുംതന്നെയില്ലാത്ത തടാകത്തിന്റെ ഓമ്മക്കുറിപ്പുകളും, വര്‍ഷവും വേനലും മാറി മാറി വന്ന് തന്ന ചൂടും തണുപ്പും അവയില്‍ നിന്ന് പിറന്ന കുറെ കുറിപ്പുകളും....ഗ്രഹാതുരത്വത്തിന്റെ നനവുള്ള എന്റെ ലോകത്തേക്കു സ്വാഗതം.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കടലാസും പേനയുമില്ലാത്ത ഒരെഴുത്തിനെ കുറിച്ച്‌ ഞാന്‍ ഓത്തിട്ടേയില്ലായിരുന്നു.വിവാഹത്തിനു ശേഷമാണ്‌ കം പ്യൂട്ടറിനെ പരിചയപ്പെട്ടത്‌.ചൂടുള്ള ചായക്കുമുമ്പില്‍ ചടഞ്ഞിരുന്നു വായിച്ചിരുന്ന മാത്ര്ഭൂമി പത്രത്തെ എല്ലായിപ്പോഴും 'മിസ്സ്‌' ചെയ്തിരുന്നു.ആവിപറക്കുന്ന ചായയും പുതിയ കടലാസിന്റെ മണവും എന്റെ പ്രിയപ്പെട്ട പ്രഭാത വിഭവമായിരുന്നു.അമേരിക്കയിലെത്തിയ ആദ്യനാളുകളില്‍ ഞാനതോര്‍ത്ത്‌ വിമ്മിഷ്ടപ്പെട്ടിരുന്നു.കം പ്യൂട്ടറും ഞാനും ആദ്യമെല്ലാം വളരെ ശത്രുതയിലായിരുന്നു.അവസാനം കണ്ടെടുത്ത കുറെ മലയാളം പത്രങ്ങളും മാസികകളും എന്നെ ഓണ്‍ലെന്‍ ശത്രുവുമായി അടുപ്പിച്ചു.ഏകാന്തതുയുടെ വര്‍ഷങ്ങളായിരുന്നുവത്‌ എനിക്കാണെങ്കില്‍ അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല.ആങ്ങിനെ ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.ഇപ്പോള്‍ കം പ്യൂട്ടറില്ലാത്ത ഇരുളടഞ്ഞ ഒരു ലോകത്തെ കുറിച്ച്‌ എനിക്ക്‌ ആലോചിക്കാനേ വയ്യ.അങ്ങിനെ ഒരു ദിവസം കുറെ മലയാളം ബ്ലോഗുകള്‍ കാണാനിടയായി.കലാപരമായി കഴിവുളള ഇത്രയധികം ആളുകള്‍ നമുക്കിടയിലുണ്ടെന്ന് കണ്ട്‌ അസൂയകലര്‍ന്ന അത്ഭുതമാണു വന്നത്‌.എല്ലാ ബ്ലോഗുകള്‍ക്കു പിന്നിലും കഴിവുള്ള,അര്‍പ്പണ മനോഭാവമുള്ള ഒരു മനസ്സുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.അങ്ങിനെയാണു ഞാനും ഒരു ബ്ലോഗു തുടങ്ങണമെന്നു വച്ചത്‌.ഇംഗ്ലീഷിനേക്കാള്‍ എനിക്കു സംവദിക്കാന്‍ കഴിവുള്ള ഭാഷ മലയാളം തന്നെയാണ്‌.ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും മലയാളമാണ്‌. അങ്ങിനെയാണു 'ദൂരം' പിറവികൊണ്ടത്‌ ...ഭൂതകാലത്തുനിന്നും വളരെ ദൂരം മുമ്പോട്ടു പോയി ഭാഷയും സംസ്കാരവും വ്യത്യസ്തമായ ഒരു നാട്ടില്‍ ജീവിക്കാനാണു വിധി അനുവദിച്ചത്‌ .ഒരു പക്ഷേ അതു കൊണ്ടുതന്നെയായിരിക്കണം എന്റെ ഓമ്മകളെല്ലാം തന്നെ കെട്ടുപിണഞ്ഞുകിടക്കുന്നത്‌ സന്തോഷവും സമാധാനവും നിറഞ്ഞ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്‌.അവിടന്നങ്ങോട്ടുളള ജീവിതത്തിന്റെ ദൂരമാണ്‌ ഈ ബ്ലോഗ്‌.സത്യത്തില്‍ ഇതൊരു സ്വകാര്യമല്ലാത്ത ഡയറിക്കുറുപ്പുകളാണ്‌.