മീരക്ക് അത്ഭുതം തോന്നി.
'വലിച്ചു വിട്ടോളുമീര' ആധുനികനെന്ന ഭാവത്തില്‍ നരേന്ദ്രന് പറഞ്ഞു.
അവള് അയാളുടെ കയ്യില്‍ നിന്നും സിഗരറ്റു വാങ്ങി തിരിച്ചും മറിച്ചും നോക്കി.പിന്നീട് ഒന്നു മണ
ത്തു നോക്കിയതിനു ശേഷം തിരിച്ചെറിഞ്ഞു.
'ആദ്യ പുകയെടുപ്പിന് ഒരു നിഗൂഡതയുണ്ട് ആദ്യമായൊരു പെണ്ണിനെ അറിയുന്നതു പോലെ'.
അയാള്‍ അര്‍ഥം വച്ചു ചിരിച്ചു.
അവള് അതു ശ്രദ്ധിക്കതെ പുറത്തേക്കു നോക്കിയിരുന്നു.കാറില്‍ ജഗജിത് സിങ്ങിന്റെ ഗസല്‍ നിറഞ്ഞു.ജീവിതത്തെകുറിച്ചുള്ള അര്‍ഥം നിറഞ്ഞ വരികള്‍,പ്രണയത്തിന്റെയും,വിരഹത്തിന്റെയും,ബാല്യത്തിന്റേയും ഗന്ധം ഒഴുകുന്ന പാട്ടുകള്‍.
നരേന്ദ്രന് ആക്സിലേറ്ററില്‍ കാലമര്‍ത്തി കാറിന്റെ ഗതിയില്‍ മാത്രം ശ്രദ്ധിച്ചു.
നിനക്കിപ്പോള്‍ എത്ര വയസ്സായി?
ഇരുപത്തിയേഴ്.
ഭാര്യയുടെ വയസ്സറിയാത്ത ഭര്‍ത്താവല്ല താനെന്നു വരുത്തും വിധം പാട്ടിലെ ഒരു വരി മൂളി അയാള്‍ മുഖം മിനുക്കി.കല്ലുകളില്‍ തട്ടി കുലുങ്ങിയും ചെമ്മണ്ണിനെ ആകാശത്തേക്ക് പറപ്പിച്ചും കാറ് ഓടിക്കൊണ്ടിരുന്നു.
ഭാഗം 2
നരേന്ദ്രനപ്പോള്‍ ടെലസ്കോപ്പിലൂടെ ആകാശം നോക്കുകയായിരുന്നു.വാല്‍നക്ഷത്രത്തിന്റെ വരവ്,മറ്റുനക്ഷത്രങ്ങളുടെ സഞ്ചാരങ്ങള്‍..
അയാളുടെ കണ്ണുകള്‍ അവളെ മറ്റൊരു നക്ഷത്രമാക്കി.വളവുകള്‍,ഒടിവ്,മിനുസം..
നരേന്ദ്രന് മുരണ്ട് പുകതുപ്പിക്കൊണ്ട് ഗുഡ് സ് ട്രെയിനായി അവളുടെമുകളിലൂടെ കടന്നുപോയി.അവളപ്പോള്‍ ദിശയറിയാത്ത പാളത്തെപ്പോലെ വളവുകളും തിരിവുകളുമില്ലാതെ കിടന്നു..
അവള് അയാളുടെ ഷര്‍ട്ട് കഴുകി ഹാംഗറിലിട്ട് അഴയില്‍ കൊളുത്തി.പിന്നീട് പപ്പടം കനലിലേക്കിട്ട് കരിയെല്ലാം അടുപ്പിന്റെ വക്കില്‍ തല്ലിക്കളഞ്ഞു.രണ്ടു ദിവസത്തിനു മുമ്പ് മൊട്ടിട്ടു കണ്ട ചെമ്പകത്തിനു വെള്ളമൊഴിച്ചു.സുന്ദരി ടി.വിയില്‍ നമസ്കാരം പറഞ്ഞപ്പോള്‍ അവളുടെ ഒരു ദിവസം അവസാനിച്ചിരുന്നു.നീല നിറത്തിലുള്ള കമ്പിളി പുതച്ചവള്‍ ഉറങ്ങാന്‍ കിടന്നു.നരേന്ദ്രനപ്പോള്‍ ടെറസ്സില്‍ വാല് നക്ഷത്രത്തെ നോക്കിയിരിക്കുകയായിരുന്നു.
ഭാഗം 3
വയറിനുള്ളില്‍ വളരുന്ന മുകുളത്തിന്റെ അനക്കം കേട്ട് വലിയൊരു ഞെട്ടലോടെ അന്നുകഴിച്ചിരുന്ന ചോറു മുഴുവന്‍ മണ്ണിലേക്കു ചര്‍ദ്ദിച്ചു.
'നീ ഈ ഭൂമിയിലേക്കുള്ള വഴിയറിയണോ?കാലുകള്‍ തളരും,തൊണ്ടവരളും,കണ്ണുകള്‍ യുദ്ധഭൂമി കണ്ടു നനയും.അവള് ചര്‍ദ്ദിയുടെ ഭൂപടത്തെ നോക്കി ദയനീയതയോടെ പറഞ്ഞു.
വളരെക്കാലമായി അടച്ചു വെച്ചിരുന്ന ഡയറി പൊടിതട്ടിയെടുത്ത് പേജുകള്‍ ഒന്നൊന്നായിമറിച്ചു.
ഒന്നാം പേജില്‍ വസന്തം,രണ്ടാം പേജില്‍ ശിശിരം,മൂന്നാം പേജില്‍ വരള്‍ച്ച.നാലാം പേജില്‍ കാമുകനോടൊപ്പം ഒളിച്ചോടിയ അമ്മയുടെ പകുതി ഭാഗം വെട്ടി മാറ്റിയ ഫോട്ടോ.
പകുതിയില്‍ അവള്ക്കുനല്കിയ സ്നേഹവും മറ്റുപകുതിയില്‍ വേദനയും അപമാനവും.
'കാഴ്ച്ചക്ക് ഇഷ്ടമില്ലാത്തത് വെട്ടിനീക്കണം' അച്ഛന്റെ ക്ഷീണിച്ച സ്വരം.
അതൊന്നും വായിക്കാനോ,കാണാനോ അല്ല ഡയറി തുറന്നത്.
അവള് ഒരു പൂവ് വരക്കാന്‍ തുടങ്ങി.
കാറ്റിനൊത്ത് തലയിളക്കുന്ന ഒരു നാട്ടു പൂവ്.വര്‍ണ്ണങ്ങള്‍ കോരിച്ചൊരിയാന്‍ ചായക്കൂട്ടുകളില്ലായിരുന്നു.
അതിനടിയിലായവള്‍ എഴുത്തുടങ്ങി.
'അമ്മയുടെ മകന് ഒരുദിവസം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരും.ഞാന്‍ നിനക്ക് വസന്തത്തിലെ ഏറ്റവും മണമുള്ള പൂവിന്റെ പേരു നല്‍കും.കാറ്റേറ്റ് നീ തലകുണുക്കുമ്പോള്‍ ആരും പറിച്ചെടുക്കാതിരിക്കാന്‍ സ്നേഹത്തിന്റെ ഇരുമ്പുവേലികെട്ടും'.
അവളുടെ കണ്ണില്‍ നിന്ന് ഒരു കണ്ണുനീര് അടര്‍ന്നു വീണ് അക്ഷരങ്ങളെ നനച്ചു.അവള് ആ പേജിനെ കെട്ടിപ്പിടിച്ചു കിടന്നു.
കോളിങ്ങുബെല്ലിന്റെ തുരുതുരായുള്ള ബെല്ലടികേട്ടാണ് വാതില്‍ തുറന്നത്.
ഒരു ചിരിയോടെ നരേന്ദ്രന്.
അയാളുടെ ഷര്‍ട്ടിനു സ്തീകളുടെ പെര്‍ഫ്യൂമിന്റെ മണം.
അവള് പുറം വെളിച്ചത്തിലേക്കുനോക്കാതെ വേഗം വാതിലടച്ചു.
'എന്റെ വയറ്റില്‍ നമ്മുടെ കുഞ്ഞു വളരുന്നു.ചോറുകഴിക്കവേ അവള് അയാളോടു പറഞ്ഞു.അയാള്‍ ചോറുണ്ണല് പകുതിയില്‍ നിര്‍ത്തി അവാര്‍ഡിനുവേണ്ടി പ്രബന്ധമെഴുതാന്‍ കോണിപ്പടികള്‍ കയറി.
ഭാഗം 4
ആശുപത്രിക്കിടക്കയില്‍ കിടന്ന് അവള് വയര്‍ തലോടി പറഞ്ഞു.
'ഇനി നിനക്ക് പുറത്തേക്കുള്ള വാതില്‍ നോക്കി കഷ്ടപ്പെടേണ്ട.കണ്ണുനീര് ഒരു പെരുമഴയായി.
നേഴ് സ് അവളോടു ചോദിച്ചു."എന്തിനേ ഇതു ചെയ്തത്,ഒരു കുഞ്ഞിനെ കളയാന്‍ ഇത്രയ്ക്കു പ്രാരബ്ദക്കാരിയാണോ'?
അവള് ചിരിച്ചു.
കറുപ്പും വെളുപ്പും നിറമുള്ള ക്യാപ്സൂളുകള് ജീവിതവും മരണവും പോലെ കുപ്പികളിലിരുന്നു പല്ലിളിച്ചു.
'കറുത്ത ക്യാപ്സൂളാണു കഴിക്കേണ്ടത്.വെളുത്തത് ഒരു കാരണവശാലും കഴിച്ചുകൂടാ.ഏഴു ദിവസം കഴിഞ്ഞു മാത്രം കെട്ടോ' നേഴ്സുപറഞ്ഞു.
'അപ്പോള്‍ വെളുപ്പ് നിറം കാണിച്ചു പറ്റിക്കുകയാണല്ലേ? കറുപ്പ് നിറം കാണിച്ച് അത്ഭുതപ്പെടുത്തുകയും..ഇന്ദ്രജാലക്കാരന്'...
നേഴ് സ് രോഗിയുടെ മാനസ്സികനിലയറിഞ്ഞുകൊണ്ട് ദുഖഭാവത്തോടെ ചിരിച്ചു.
ആശുപത്രിയില്‍ വലിയൊരു തുക ബില്ലടച്ചുകൊണ്ട് അവള് പുറത്തേക്കിറങ്ങവേ ലിപ്സ്റ്റിക്കിട്ട സുന്ദരി ഒരു പാക്കറ്റും ഒരു കുല പൂവും സമ്മാനിച്ചു.
'ഇനിയും വരാം' അവള് അതു വാങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു. പെണ്‍കുട്ടി അവള്‍ക്കു ശുഭദിനമാശംസിച്ചു.
പടികളിറങ്ങുമ്പോള്‍ അവള്‍ക്കു ചിരിപൊട്ടി.ആദ്യം കണ്ട ഓട്ടോ റിക്ഷയെ കയ്യുകാണിച്ചു നിര്‍ത്തി പിന്നീട് അയാളോട് പോയ്ക്കോളാന്‍ പറഞ്ഞു.അയാള്‍ അവളെ ക്രൂരമായ് നോക്കി.
അവള് ചിരിച്ചു.
പിന്നീടവള്‍ ചിരിച്ചു ചിരിച്ച് റോഡുമുറിച്ചുകടന്ന്,എല്ലാ പരസ്യ ബോര്‍ഡുകളേയും താണ്ടി കടല്‍ പോലെയിരമ്പുന്ന നഗര മദ്ധ്യത്തിലേക്ക് ഒരു മത്സ്യകന്യകയെപ്പോലെയിറങ്ങിപ്പോയി.പിന്നെ അവളെ ആരും കണ്ടിട്ടേയില്ല.
13 comments:
Siji, could you please mail me at reshma_jannath (at) yahoo.com. it would be easier to help you out with the commeting stuff and all- that is only if it doesn't bother you :)
കടലിലേക്കോ മരുഭൂമിയിലേക്കോ ഇറങ്ങി ഇല്ലാതാകുന്ന നായികമാരോട് അലര്‍ജിയുണ്ടായിട്ടും, ഈ കഥ ഇഷ്ടപെട്ടു. അവസാന വാചകത്തെ അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പായി വായിച്ച് ഞാന്‍ സമാധാനപ്പെട്ടോളാം:D
സിജി 'The Awakening'വായിച്ചുണ്ടോ? അതിലെ നായികയും അവസാനം കടലിന്റെ വശ്യതയിലേക്കിറങ്ങി ചെല്ലുകയായിരുന്നു. അവള് കടല്‍ നീന്തി കടന്ന് അങ്ങ് മെക്സികോയില്‍ പൊങ്ങിയെന്ന് വായിച്ചാ ഞാനന്ന് സമാധാനിച്ചത് ;)
(ഇവിടെ വന്നിരുന്ന് പഴമ്പുരാണം വിളമ്പുന്നതില്‍ മുഷിയില്ലെന്ന് കരുതുന്നു:)
എന്റെ ബ്ലോഗിലെ കമന്റാണ് ഇങ്ങോട്ട് നയിച്ചത്.നിങ്ങളനുഭവിക്കുന്ന ഏകാന്തത ബ്ലോഗിനുമുണ്ടോ...?ചിലതൊക്കെ വായിച്ചപ്പോള്‍ എനിക്കും അങ്ങനെയൊരു മൂഡ്...
(settings.ല്‍ നിന്ന്..comments...ല്‍ പോയി
Comment Notification Address ല്‍
pinmozhikal@gmail.com എന്നുചേര്‍ത്തു നോക്കൂ)
ഹേയ് ഹേയ്, എന്തേ ഇത് ബൂലോകം കാണാത്തത്....
വളരെ മനോഹരമായ കഥ. വരികള്‍ ശരിക്കും മറ്റൊരു ലോകത്തെത്തിക്കുന്നു. എന്റെ പോസ്റ്റില്‍ കമന്റിട്ടതിനു നന്ദി, അതുകൊണ്ടാണ് എനിക്കിവിടെയെത്താന്‍ കഴിഞ്ഞത്. കമന്റുകള്‍ പിന്മൊഴികളിലേക്ക് കൊടുത്തിട്ടില്ലേ, വിഷ്ണുമാഷ് പറഞ്ഞപോലെ ചെയ്യൂ. വളരെ ശ്രദ്ധിക്കപ്പെടേണ്ട കഥയാണിത് പ്രത്യേകിച്ചും അവതരണ ശൈലിയും വാക്കുകളുടെ കയ്യൊതുക്കവും...അഭിനന്ദനങ്ങള്‍.
കൂടുതല്‍ വായിക്കാന്‍ താല്പര്യം തോന്നുന്നു.
ബ്ലോഗിലേക്ക് സ്വാഗതം.
സ്വാഗതം.നല്ല കഥ.
മുരളിയുടെ കമന്റിന്റെ കൈപിടിച്ച് കണ്ണുമടച്ച് ഇങ്ങോട്ട് വന്നത് നിരാശപെടുത്തിയില്ല, ജീവിതത്തിന്റെ കരിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ കൊഴുപ്പിക്കുന്ന പശ്ചാത്തലം, അവള് രക്ഷപെടട്ടെ, ഇനിയുമൊരു വിഴുപ്പ് ചുമക്കുന്നതില്‍ നിന്നും, കറുത്ത ഗുളികകള്‍ വിഴുങ്ങുന്നതില്‍ നിന്നും, ഒരു പാട് പാഴ്സ്വപ്നങ്ങളില്‍ നിന്നും ജീവിതത്തിന്റെ ഒരു നിമിഷമെങ്കില്‍ അതിലേയ്ക്ക്..
ഇനിയും വരും ഇത് വഴി..പിന്മൊഴിയിലേയ്ക്ക് ചേര്‍ക്കൂ.
-പാര്‍വതി.
ഏല്ലാവര്‍ക്കും നന്ദി.9 കൊല്ലം മുമ്പെഴുതിയ കഥയാണിത്.അന്ന് കോളേജില്‍ പഠിക്കുന്ന കാലമായിരുന്നു.ഇതിനന്നൊരു സമ്മാനവും കിട്ടിയിരുന്നു.കുറച്ചു തിരുത്തോടെ വീണ്ടും എഴുതിയതാണിത്.നിങ്ങളില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ട് ഒരു അടുക്കള കഥാകാരിയായിരുന്ന ഞാന്‍ വീണ്ടും എഴുതിതുടങ്ങട്ടെ.വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും ഒരു പോലെ സ്വാഗതം.
കഥ വളരെ ഇഷ്ടമായി. അവസാനത്തെ വരി ഒഴികെ. ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതിലുമില്ലേ ഒരു സൌന്ദര്യം?
സ്വാഗതം, സിജീ
'മുറിവ്' കഥ നന്നായിട്ടുണ്ട്. ഇനിയുമെഴുതുക
ഫോട്ടോഗ്രാഫിയില്‍ താല്പര്യമുണ്ടല്ലേ... എനിക്കും താല്പര്യമുണ്ട്... മെനക്കെട്ടിരുന്ന് പഠിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട്, ഒരു ക്യാമറ വാങ്ങിവച്ചത് അതേപടി ഇരിപ്പാണ്.
ആശംസകള്‍
എനിക്ക് നൊന്തു...
നല്ല ഒരു വായനാനുഭവം തന്നതിന് നന്ദി.
ഇട്ടിമാളുവിന്റെ ‘ആവശ്യമുണ്ട്’ എന്ന കഥയില്‍ കൂട്ടുകാരനോട് സംവദിക്കാന്‍ പരാജയപ്പെട്ട് മരിക്കുന്ന, ആ ശവശരീരം അവനുപയോഗിക്കാന് വിട്ടുകൊടുക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്: ദയ. ‘ശവശരീരം’ ഭര്ത്താവിനുപയോഗിക്കാന് വിട്ടുകൊടുത്ത് ‘ജീവിക്കുന്ന’ ഒരുപാട് പെണ്‍കുട്ടികള്‍ വേറെയും...
ഇട്ടിമാളുവിന്റെ ദയക്ക് മരണം ഒരുപ്രതിഷേധമാക്കാനെങ്കിലും കഴിഞ്ഞു.. ഇവള്ക്കോ....
ഒരു നീറ്റല്‍ മാത്രം... മുറിവില്ലാത്ത വിങ്ങല്‍. നിഴലറിയും മുന്‍പ് മാംസപിണ്ഡമായൊടുങ്ങിയ ആ കുരുന്നിന്റെ അതേ വിധി.. അനാഥത്വം..
നന്ദി, നോവിച്ചതിന്
മനുവിന്റെ ഒരു കമന്റാണ് ഇവിടെ കൊണ്ടെത്തിച്ചത്. കഥ നന്നായിരിക്കുന്നു. ഇപ്പോള്‍ കമന്റ് ഒക്കെ നോക്കാറുണ്ടോ എന്ന് അറിയില്ല. എങ്കിലും എന്റെ അഭിനന്ദങ്ങള്‍
Post a Comment