വളരെകാലങ്ങള്‍ക്കു ശേഷം ഒരുദിവസം അച്ഛമ്മയുടെ പ്രേതം എന്നെ കാണുവാനെത്തി.മുന്‍പൊക്കെ എന്നെ വിടാതെ പിന്തുടരാറുള്ള അച്ഛമ്മ നീണ്ടവര്‍ഷങ്ങള്‍ എന്നെ ശല്യപ്പെടുത്താതിരുന്നത് അപ്പോഴാണ് ഞാന്‍ ഓര്‍ത്തെടുത്തത്.പണ്ടെല്ലാം ഹോസ്റ്റലിന്റെ ചുവരുകള്‍ക്കുള്ളില്‍നിന്നെന്നോട് സംസാരിക്കുകയും,എഞ്ചിനീയറിങ്ങ് കോളേജിന്റെ വാകമരത്തണലിലിരുന്ന് പണ്ടത്തെകഥകള്‍ പറഞ്ഞുതരികയും ,ഉറക്കമൊഴിച്ചിരുന്നുപഠിക്കാറുണ്ടായിരുന്ന രാത്രികളില്‍ എനിക്കേറെ ഇഷ്ടമുണ്ടായിരുന്ന കപ്പലണ്ടിമിഠായി കുപ്പിയില്‍ നിന്നെടുത്തു തരികയും ചെയ്തിരുന്ന അച്ഛമ്മയുടെ പ്രേതം..എന്നെ സ്നേഹിച്ച് ബുദ്ധിമുട്ടിപ്പിക്കുകയും,വെറുപ്പുകൊണ്ട് കരയിപ്പിക്കുകയുംചെയ്ത് ഒരുരാത്രിയില്‍ മുറിവിട്ടിറങ്ങിപ്പോയതിനു ശേഷം ഇപ്പോഴാണത് വീണ്ടും അമേരിക്കയിലുള്ള ഞങ്ങളുടെ ഫ്ലാറ്റിലേക്ക് എന്നെത്തേടിവന്നിരിക്കുന്നത്.
'നീ എന്തെടുക്കുകയാണവിടെ? അച്ഛമ്മയുടെ ഉറച്ച സ്വരം സ്വീകരണമുറിയില്‍നിന്നും വന്നു.
ഞാനപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ തൊണ്ടവരണ്ടപ്പോള്‍ കുറച്ച് വെള്ളമെടുത്തുകുടിക്കുകയായിരുന്നു.
'എന്തിനാണ് എന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ്ടും വന്നത്? ഞാന്‍ ചോദിച്ചു.
അച്ഛമ്മയപ്പോള്‍ എന്റെ കല്ല്യാണ ആല്‍ബം അലമാരയില്‍നിന്നെടുത്ത് മറിച്ചുനോക്കുകയായിരുന്നു.
'കല്ല്യാണത്തിനുമുമ്പ് നീയെന്റെ അസ്ഥിത്തറയില്‍ വന്ന് കുറച്ചുനേരം പ്രാര്‍ത്ഥിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടു'. അച്ഛമ്മയുടെ വാക്കുകള്‍ ചിലമ്പിച്ചിരുന്നു.
'പെട്ടന്നായിരുന്നു കല്ല്യാണം'
'എനിക്കറിയാം നിന്റമ്മ പറഞ്ഞിട്ടുണ്ടാകും അതൊന്നും വേണ്ടാന്ന്, ഒരുമ്പെട്ടോള്'...
അപ്പോള്‍ അച്ഛമ്മയും അമ്മയും തമ്മിലുണ്ടായിരുന്ന കുടുംബ യുദ്ധത്തിലെ ഒരു പോരാളിയായി ഞാനും മാറി.
'അമ്മയൊന്നും പറഞ്ഞിരുന്നില്ല'.
അച്ഛമ്മയും അമ്മയും വീട്ടില്‍ വഴക്കു പതിവായിരുന്നു.എനിക്കു പത്തോപതിനൊന്നോ വയസ്സായപ്പോഴാണ് ഒരുദിവസം അമ്മ വഴക്കുമൂത്ത് കെട്ടിത്തൂങ്ങുവാനായി കയറെടുത്തതും ഞങ്ങള്‍ വാടകവീട്ടിലേക്ക് താമസം മാറ്റിയതും. പിന്നീട് ഹോസ്റ്റലിലേക്കുവരുന്ന ഉണ്ണിയപ്പം,മുറുക്ക്,അച്ചപ്പം എന്നിവയിലൂടെ അച്ഛമ്മയും ഞാനുമായുള്ള സ്നേഹം വളരുകയായിരുന്നു.ഇടക്കെല്ലാം അച്ഛമ്മ എന്നെക്കാണുവാനായി ഹോസ്റ്റലിലേക്ക് വരുമായിരുന്നു.അന്നേദിവസം എന്റെ കൂട്ടുകാരെല്ലാം അച്ഛമ്മയുടെ വരവ് ജനലിലൂടെ നോക്കി ആസ്വദിക്കുമായിരുന്നു.ആരേയും കൂസാതെ ഓട്ടോറിക്ഷയില്‍ നിന്നും ചാടിയിറങ്ങി വേഗത്തില്‍ നടന്നുവരുന്ന അച്ഛമ്മ എന്നെ പരിചയമുള്ളവരുടെ ഓര്‍മ്മകളിലിപ്പോഴുമുണ്ട്.എഞ്ചിനീയറിങ്ങിനു ചേര്‍ന്നകൊല്ലം ഞാന്‍ കോളേജു കാം പസ്സിലുള്ള ആല്‍മരത്തറയിലിരുന്ന് ജിമ്മിതോമസ്സുമായി സംസാരിക്കുകയായിരുന്നു.അപ്പോഴാണ് അച്ഛമ്മയുടെ വരവുണ്ടായത്.എന്നെ കണ്ടതും ഓട്ടോറിക്ഷ അവിടെ നിന്നു.
'നിന്റെ പേരെന്താടാ മോനെ'?
'ജിമ്മി'
'കൃസ്ത്യാനിയാണല്ലേ'?
'അതേ'
'വാടി മോളെ നമുക്ക് ഹോസ്റ്റലിലേക്കു പോകാം'. അച്ഛമ്മ പറഞ്ഞു.
ഞാനപ്പോള്‍ കയ്യുകൊണ്ടാഗ്യത്തില്‍ ജിമ്മിയോട് സ്ഥലം വിട്ടോളാന്‍ പറഞ്ഞു.അവന്റെ മുഖമപ്പോള്‍ ആകെ വിളറി വെളുത്തിരുന്നു.
ഹോസ്റ്റലിലേക്ക് ഞാനും അച്ഛമ്മയും നടന്നു.
'എടീ നിന്റമ്മ ഇതറിഞ്ഞാല്‍ നിന്നെ ചതക്കും'
'ഏതറിഞ്ഞാല്‍ അച്ഛമ്മേ'
'നിന്റെ കൃസ്ത്യാനി ചെക്കനുമായുള്ളകൂട്ടുകെട്ട്'
'അവനെന്റെ കൂട്ടുകാരനാ അച്ഛമ്മേ'
'എടീ ആല്‍മരത്തറയിലിരുന്ന് കാലും ഞാത്തി ആട്ടിക്കൊണ്ട് വര്‍ത്തമാനം പറയുന്ന കൂട്ടുകെട്ട് ഇനി വേണ്ട'.
ഞാനൊന്നു പരുങ്ങിപ്പോയി.സത്യത്തില്‍ എനിക്കു ജിമ്മിയോടും ജിമ്മിക്കെന്നോടും നേരിയ ഒരു പ്രണയമുണ്ടായിരുന്നു.അവന് എന്നോടും ഞാന്‍ അവനോടും അതു തുറന്നു പറഞ്ഞിരുന്നില്ല.
അച്ഛമ്മയുടെ അന്നത്തെ സംസാരത്തോടെ ശൈശവദശ മാത്രം പിന്നിട്ടിരുന്ന എന്റെ മനസ്സിലെ പ്രണയം ചതഞ്ഞുപോയി.പിന്നീട് ഞാന്‍ ജിമ്മിയെ കാണാതിരിക്കാന്‍ വഴിമാറി നടന്നു.
'എടീ കുഞ്ഞുമോളേ, ഇങ്ങോട്ടു വാടീ'.
അച്ഛമ്മ സ്വീകരണമുറിയിലിരുന്ന് എന്നെ വിളിക്കുകയാണ്.
'നിന്റെ ഭര്‍ത്താവ് നല്ല ഐശ്വര്യമുള്ളവനാണ്ട്ടാ'..
ഞാന്‍ ചിരിച്ചു.
എന്താ അവന്റെ പേര്?
'നന്ദകുമാര്‍'
അവനെപ്പോ ജോലികഴിഞ്ഞുവീട്ടില്‍ വരും?
'കമ്പനികാര്യത്തിനായി പുറത്തുപോയിരിക്കുകയാണ്.3 ദിവസം കഴിയും'.
അപ്പോ മൂന്നു ദിവസം ഞാനിവിടെ കാണും.
ഞാനപ്പോള്‍ അച്ഛമ്മയുടെ പ്രേതത്തെ എങ്ങിനെയെങ്കിലും പുകച്ച് പുറത്തു ചാടിക്കണമെന്ന ചിന്തയിലായിരുന്നു.നാളെ എന്തെങ്കിലും വഴികണ്ടുപിടിക്കാമെന്നുകരുതി.
അച്ഛമ്മയപ്പോള്‍ ഞങ്ങളുടെ ഫ്ലാറ്റ് നടന്നുകാണുകയായിരുന്നു. വലിയ സ്ക്രീനുള്ള ടി.വി,കം പ്യൂട്ടര്‍,അലമാരപോലുള്ള ഫ്രിഡ്ജ് എന്നുവേണ്ട എല്ലാ സാധനങ്ങളും തൊട്ടു നോക്കി.
'ഇതൊന്നും നമ്മുടെ നാട്ടിലില്ല അല്ലേ കുഞ്ഞുമോളേ?'
ഇപ്പോ എല്ലാം കിട്ടും,നല്ല വിലകൊടുക്കണമെന്നു മാത്രം.
'നിന്റെ വീട് നല്ല ഭംഗിയുണ്ട്,പടങ്ങളില്‍ കാണുന്ന പോലെ'..
ഞാന്‍ ചിരിച്ചു.
അന്നുരാത്രി അച്ഛമ്മയും ഞാനും ഒരുപാട് സംസാരിച്ചു.രണ്ടു വര്‍ഷത്തിനുള്ളില്‍ ഞാന്‍ അന്നാണ് ഇത്രയധികം ഒരാളുമായി മലയാളത്തില്‍ സംസാരിക്കുന്നത്.എന്റെ മുടിയിഴകളില്‍ കൈകടത്തി അച്ഛമ്മ പതുക്കെ മാന്തിത്തന്നു.ഞാനപ്പോള്‍ അച്ഛമ്മയുടെ മടിയില്‍ കിടന്ന് പണ്ടത്തെ കഥകേട്ടു.
അന്നാദ്യമായ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ ചെറുതെങ്കിലും നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശമുണ്ടെന്നു ഞാന്‍ കണ്ടു.മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ അച്ഛമ്മ എന്നെ ചേര്‍ത്തുപിടിച്ച് നെറ്റിയിലൊരു കുഞ്ഞുമ്മ തരികയായിരുന്നു.
പിറ്റേന്ന് ഞങ്ങള്‍ വീട്ടിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങുവാനായി പുറത്തിറങ്ങി.കാറിലിരുന്ന് അച്ഛമ്മ വായ് തോരാതെ സംസാരിച്ചു.കാറില്‍ എപ്പോഴുമുണ്ടാകാറുള്ള കാതടപ്പിക്കുന്ന സംഗീതം അന്നുണ്ടായിരുന്നില്ല.
ആകാശമുട്ടെയുയര്‍ന്ന കെട്ടിടങ്ങള്‍,തീപ്പെട്ടിപ്പെട്ടിപോലെയൊഴുകുന്ന കാറുകള്‍,വേഗതയുടെമാത്രമായലോകം....
'ഇങ്ങനത്തെ വേഷം കെട്ടലു നിനക്കുവേണ്ടട്ട കുഞ്ഞുമോളെ'
മദാമമ്മാരുടെ കുഞ്ഞുടുപ്പുകള്‍ അച്ഛമ്മക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
'മുട്ടറ്റം എറക്കല്ല്യാത്ത ഉടുവടകളിട്ട് നടക്കുന്നു ഓരോ ജന്തുക്കള്‍'..
അച്ഛമ്മ പിന്തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.
ക്ഷമിച്ചു കളയെന്റെ അച്ഛമ്മേ..
അച്ഛമ്മയെന്നെയൊരു നോട്ടം നോക്കി.
അന്ന് തിരിച്ചുവരുമ്പോള്‍ ഞാനേറെ സന്തോഷവതിയായിരുന്നു.ഓരോരോ സംഭാഷണങ്ങളിലൂടെ എനിക്കും അച്ഛമ്മക്കും ഇടയിലുണ്ടായിരുന്ന സമാന്തരരേഖകളുടെ അടുപ്പം കൂടിക്കൂടി വന്നു.
'അച്ഛമ്മ എന്തേ ഇത്രേം കാലം എന്നെത്തേടാതിരുന്നത്'?
ഞാന്‍ ചോദിച്ചു.
'നിന്നെ ശല്യാക്കണ്ടാന്ന് കരുതീട്ടുതന്നെ'
'അപ്പോ ഇപ്പോള്‍ വന്നതോ'.
പെട്ടന്ന് അച്ഛമ്മയുടെ മുഖമിരുണ്ടു,മൂക്കിനുമുകളിലും ചെവിയോടുചേര്‍ന്നും ഉണ്ടായിരുന്ന രണ്ടുവലിയ പാലുണ്ണികളില്‍ രക്തചുവ പടര്‍ന്നു.കണ്ണുകള്‍ ഈര്‍പ്പം കൊണ്ടു.
'നിന്റച്ഛന് തറവാടു വില്ക്കാന് പോണ് കുഞ്ഞിമോളേ, അവനിനി അതൊന്നും നോക്കാന്‍ നേരോം കാലോം ഇല്ലാന്ന്'.
അച്ഛമ്മയുടെ കണ്ണുകള്‍ നിറയുന്നത് ജീവിതത്തിലാദ്യമായ് ഞാന്‍ കാണുകയാണ്.
ചെത്തിയും,ചെമ്പകവും,അയിനി മരങ്ങളും നിറഞ്ഞ തറവാട് എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു.
'മോള്‍ക്കങ്ങ് തിരിച്ചു വന്നുകൂടെ'?
അച്ഛമ്മ നിര്‍ത്താതെ കരഞ്ഞു തുടങ്ങി.
യുദ്ധത്തില്‍ രാജ്യവും,സ്വത്തുക്കളും നഷ്ടപ്പെട്ട് പിന്തിരിഞ്ഞോടുന്ന രാജാവിന്റെ ദൈന്യത വാക്കുകളായ് വീണ്ടും ചിതറി വീണു.
അച്ഛമ്മയുടെ കരച്ചിലിലൂര്‍ന്ന തിരമാലകള്‍ എന്റെ കണ്ണിലും വെള്ളത്തുള്ളികളെത്തെറുപ്പിച്ചു.ചുമരുചാരിനിന്ന് ഞാനും കരഞ്ഞുതുടങ്ങി.പിതൃക്കള്‍ എന്റെ തീരുമാനത്തെപ്പറ്റിയറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നു.
ഭാഗം 2
'അനു, ഏയ് അനു'..എന്തിനാ കിടന്നു കരയുന്നത്?ഭര്‍ത്താവ് തട്ടിവിളിച്ചു.
കരച്ചിലിന്റെ ശക്തിയാലെനിക്ക് ശ്വാസം മുട്ടുകയായിരുന്നു.
'രാത്രി ഓരോ സ്വപ്നം കണ്ട് മോങ്ങാനിരിക്കും,നാളെ വെളുപ്പിനെനിക്കെണീക്കണ്ടതാ നിനക്കിവിടെ കിടന്നുറങ്ങിയാല്‍ മതി'.
ഒന്ന് ഞെരങ്ങിക്കൊണ്ട് അദ്ദേഹം പിന്തിരിഞ്ഞു കിടന്നു.
ഭര്‍ത്താവിന്റെ കൂര്‍ക്കം വലിയുയര്‍ന്നപ്പോള്‍ പുതപ്പുമാറ്റി പുറത്തുകടന്നു.
മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു.വീട്ടിലേക്കൊന്ന് ഫോണ്‍ വിളിക്കണമെന്നു തോന്നി.അവിടെ ഇപ്പോള്‍ ഉച്ച സമയമായിരിക്കും.
അമ്മക്കു സഹായത്തിനായിവരുന്ന അമ്മായിയാണ് ഫോണെടുത്തത്
അമ്മയില്ലേ?
'ഇല്ല,മോള്‍ടച്ഛന്റെ വീട് വാങ്ങാനായിട്ട് ആരോവരുന്നുണ്ട്,അവര്‍ പട്ടാമ്പിയിലേക്ക് പോയിരിക്കുകയാണ്.ശരിയായാല്‍ നല്ല കാര്യം.'
അവള്‍ക്കപ്പോള്‍ കൈ കുഴയുന്നതായിത്തോന്നി.
'അവിടെയിപ്പോള്‍ ചൂടോ തണുപ്പോ മോളേ?'
പുറത്ത് കൊഴിയുന്ന മഞ്ഞിനെ നോക്കിയവള്‍ പറഞ്ഞു.
'ചൂട്'.
ഡിസംബര്‍ മാസല്ലേ അവിടെ തണുപ്പല്ലേ?
അമ്മായിക്കപ്പോ എല്ലാമറിയാലോ...പിന്നെയും അവര്‍ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു.
ഫോണ്‍ താഴെവെച്ചുകൊണ്ട് വെള്ളം കുറെയെടുത്തു കുടിച്ചു.
വീണ്ടും കിടപ്പുമുറിയിലെ ജനലിനടുത്തേക്കുനടന്നു.കര്ട്ടന് ഉയര്‍ത്തി പുറത്തേക്കുനോക്കി.കൊഴിയുന്ന മഞ്ഞും,ഉറങ്ങാത്ത നഗരവെളിച്ചവും മാത്രം.മുറ്റത്ത് ആകെയുള്ള കുഞ്ഞുമരത്തെയിളക്കുന്ന കാറ്റ് മഞ്ഞു കഷ്ണങ്ങളെ ജനല്‍ ചില്ലിലേക്കുകൊണ്ടുവന്നു.ആകാശം പഴയതുപോലെ വിളറിവെളുത്ത് ശ്യൂന്യമായിരിക്കുന്നു.
25 comments:
നന്നായിരിക്കുന്നു സിജീ! ആദ്യത്തെ ഭാഗം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
ഞാനൊരു ചരട് ജപിച്ച് തരട്ടെ? ദു:സ്വപ്നങ്ങള്‍ പിന്നെ കാണില്ല.
ഓ:ടോ: നന്നായിട്ടുണ്ട്.
കഥ ഇഷ്ടമായി.
qw_er_ty
സ്നേഹിക്കുന്നവരൊക്കെ സ്വപ്നത്തില്‍ മാത്രം വരുമായിരിക്കും.
കഥ ഇഷ്ടമായി :)
നല്ല കഥ,ഇന്നും എന്തിനെങ്കിലും മനസ്സ് വിഷമിച്ചു കിടന്നാല്‍ ഞനെന്റെ ഉമ്മയെ സ്വപ്നം കാണാറുണ്ട്
ശരിക്കും അസ്സലായിട്ടുണ്ട്. എന്റെ അച്ചമ്മയെ ഓര്‍തു പോയി.
നന്നായിര്‍ക്കുന്നു സിജീ. അച്ഛമ്മയുടെ അമേരിക്കാസന്ദര്ശനം കൂടുതല്‍ ഇഷ്ടം.
ഇഞ്ചി,അനംഗാരി,രേഷ്മ,സു,വല്ല്യമ്മായി,സുജയ,മുല്ല....എല്ലാവര്ക്കും നന്ദി.
കഥ നന്നായിരിക്കുന്നു, സിജീ (അങ്ങനെയൊക്കെ പറയാമോ, എഴുത്തില്‍ ഞാനൊരു ശിശുവാണ്. അതുകൊണ്ട്, ഇങ്ങനെ പറയാം - കഥ ഇഷ്ടപ്പെട്ടിരിക്കുന്നു)
"കല്യാണത്തിനുമുന്പ്, നീയെന്റെ അസ്ഥിത്തറയില്‍ വരുമായിരുന്നുവെന്നു ഞാന്‍ കൊതിച്ചു" എന്നു പറയുന്ന ഭാഗം എനിക്കു ഫീല്‍ ആയി, കേട്ടോ
greetings
ദിവാസ്വപ്നം,
എഴുത്തില്‍ ദിവായൊരു ശിശുവാണെങ്കില്‍ ഞാന്‍ 3 മാസം മാത്രം പ്രായമുള്ളൊരു ഗര്‍ഭസ്ഥശിശുവാണ്.മറ്റുള്ളവരുടെ എഴുത്തുകാണുമ്പോള്‍ എന്റെ കഴിവില്ലായ്മയെ പറ്റി എപ്പോഴും ഓര്‍ക്കാറുണ്ട്.എന്റെ ബ്ലോഗില്‍ വന്ന് എന്തു കമന്റുവേണമെങ്കിലും ഇടാം കെട്ടോ.'എടി സിജി നിന്റെ കഥ കൊള്ളാം' എന്നു പറഞ്ഞാലും 'നിനക്കു വേറെ പണിയില്ലേ ഇതു പോലത്തെ പന്നാസ് സാധനം എഴുതി വക്കാണ്ട്' എന്നു പറഞ്ഞാലും അതായിരിക്കും എനിക്കു കൂടുതല്‍ ആത്മാര്ഥമായിതോന്നുക. അഭിനന്ദനത്തിനു നന്ദി കെട്ടോ.
സിജിയില്‍ കഥ പറച്ചിലിന്റെ അസ്സല് സ്പാര്‍ക്ക് ഒളിഞ്ഞു കിടപ്പുണ്ടു്. കഥ പറയുവാന്‍ തിരഞ്ഞെടുക്കുന്ന വഴികളും രസമുണ്ടു്. നന്നായിരിക്കുന്നു.
നല്ല ശൈലി.സരളം എന്നാല്‍ സുന്ദരം. വായനക്കാരനെ കണ്ണ്പൊത്തി നടത്തി കുഴിയില്‍ ചാടിക്കുന്ന എഴുത്തുകാര്‍ ഇത് വായിക്കണം. പറയാനുള്ള കാര്യം നേരെ ചൊവ്വേ വായനക്കാരന് പിടികിട്ടിയാല്‍ പിന്നെ ഞാനെന്ത് ബുദ്ധിജീവി എന്ന രീതിയില്‍ ചിന്തിക്കുന്നവരേക്കാള്‍ എനിയ്ക്കിഷ്ടം ഇങ്ങനത്തെ എഴുത്താണ്. ആശംസകള്‍! :-)
പെരിങ്ങോടരെ,ദില്‍ബു..
ഈ കഥയെ പറ്റി എനിക്ക് രസകരമായ വേരൊരു കഥയുണ്ട്. കുറച്ച് വര്‍ഷം മുമ്പ് ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ എന്നെ പഠിപ്പിച്ച മാഷ് റിട്ടയറാവുകയാണ്.അപ്പോള്‍ സ്കൂളില്‍ ഒരു മാഗസിന് പ്രകാശനവും യാത്രയയപ്പുമൊക്കെയുണ്ട്.എന്റെ അമ്മ അവിടത്തെ ടീച്ചറുമാണ്.അവര്‍ക്കപ്പോള്‍ എന്റെ ഒരു കഥവേണം ഞാനന്ന് കഥയെഴുത്തൊക്കെ അവസാനിപ്പിച്ച് ഒരു റിട്ടയര്മെന്റെടുത്തിരിക്കുകയാണ്.എന്നാലും ഒരു കഥയെഴുതി അതാണീ കഥ.അങ്ങിനെ കഥ മാഗസിനിലച്ചടിച്ചു വന്നു. കുറച്ചുദിവസം കഴിഞ്ഞ് ഒരു കുട്ടി അമ്മയുടെ അടുത്തു വന്നു ..ടീച്ചറെ..ടീച്ചറെ..ടീച്ചറു ശരിക്കും കെട്ടിത്തൂങ്ങാന്‍ പോയോ? അമ്മയൊന്നു ഞെട്ടി..ടീച്ചറുടെ മോളുടെ കഥ വായിച്ച് എന്റെ അമ്മ ചോദിക്കാന്‍ പറഞ്ഞതാ..അപ്പോ വേറെ യും കുട്ടികള്‍ ഓടി വന്നു.'ആ ടീച്ചറെ ടീച്ചറുടെ അമ്മായിയമ്മ ടീച്ചറെ എങ്ങന്യാ ദ്രോഹിച്ചിരുന്നത്? (ടി.വി സീരിയലുകള്‍ മുടങ്ങാതെ കാണുന്ന കുട്ടികളായിരിക്കണം)..എന്തായാലും ഞാനും അമ്മയുമതു പറഞ്ഞ് കുറെ ചിരിച്ചു. ആളുകളെന്തായാലും കഥ മുഴുവനും വായിച്ചിട്ടുണ്ട് എന്നെനിക്കു മനസ്സിലായി (ഞാന്‍ ചില കഥകള്‍ ആദ്യവും അവസാനവും മാത്രമേ വായിക്കാറുള്ളു.വേറൊന്നും കൊണ്ടല്ല എനിക്കു മനസ്സിലാകില്ല,അത്രക്കു വിവരം വെച്ചിട്ടില്ല)
കഥവയിച്ച് അഭിപ്രായം പറഞ്ഞതിനു നന്ദി.പിന്നെ ഇങ്ങനെ പൊക്കി വിടല്ലേ,ഉത്തരത്തില്‍ ചെന്നിടിച്ച് ഞാന്‍ താഴെ വീഴും.എഴുതിത്തെളിയുന്നതേയുള്ളു.ഇനിയും കുറെ ഓണം ഉണ്ണാനുണ്ട്
സിജീ,കഥ ശരിക്കും ആസ്വദിക്കാനായി.നന്ദി. പഴയ കഥകള്‍ പൊടിതട്ടിയെടുത്ത് അവതരിപ്പിച്ചാല്‍ മാത്രം പോരാ.പുതിയ കഥകള്‍ എഴുതൂ.എഴുത്തിന്റെ ഒഴുക്ക് നിലച്ചുകൂടാ.
കഷ്ടം ! ഇനി ഈ ബ്ലോഗിലും പുതിയ പോസ്റ്റ് വരുന്നുണ്ടോ എന്നു നോക്കിയിരിക്കണമല്ലോ..
സിജീ, നന്നായിരിക്കുന്നു എന്ന് സങ്കടത്തോടെ പറയട്ടെ. (ബ്ലോഗുകള്‍ പരതാന്‍ ഈയിടെയായി അധികം സമയം കിട്ടുന്നില്ല. അതിനിടയിലാ ഇതും കൂടെ)
സിജീ ഇതേ പോലെയുള്ള അച്ഛമ്മമാരെ ശരിക്കും ഓര്‍ക്കുന്നു.ചെത്തിയും,ചെമ്പകവും,അയിനി മരങ്ങളും നിറഞ്ഞ തറവാട് വില്ക്കപ്പെടുക എന്ന ദുഃസ്വപ്നം,മറ്റൊരു സ്വപ്നത്തിലൂടെ അറിയുന്ന മാനസ്സികാവസ്ഥ നല്ല രീതിയില്‍ പറഞ്ഞു. സിജീ ആശംസകള്‍.
സിജി നന്നായിരിക്കുന്നു.
-സുല്‍
എല്ലാവര്ക്കും നന്ദി...
ബിരിയാണിക്കുട്ടിയുടെ ശ്രദ്ധക്ക്..
ഞാന്‍ മെയില്‍ അയച്ചു പക്ഷെ ബൗണ്‍സ് ആകുന്നു.ഞാന്‍ ഉദ്ദേശിച്ച ആളുതന്നെയാണ്.
ബി.കു അവരുടെ അനിയന്റെ മകളാണോ? നമ്മുടെ പുരാണത്തിലെ ഒരു ഒരു രാജപുത്രിയുടെ പേരാണോ ബിക്കു വിന്റെ പേര്?
നല്ല കഥ സിജിയേ, തിരിച്ച് പോകനാകില്ലെങ്കിലും, തായ്തടിയില്‍ ഒരു കൂട്ട് വ്യര്‍ത്ഥ സ്വപ്നമെന്നറിയുകിലും, നഷ്ടപ്പെടുന്ന തായ്തടിയുടെ വേദന; അത് നന്നായി പറഞ്ഞിക്കുന്നു
അത്ഭുതം. ഇതു സിജി വളരെ മുന്പെഴുതിയതോ? അമേരിക്കയില്‍ എത്തുന്നതിനും മുന്‍പ്? വളരെ നന്നായിട്ടുണ്ട്.:)
അയ്യോ..അല്ല ബിന്ദു,ഞാനിത് 5 വര്‍ഷം മുമ്പെഴുതിയതാണ്.കേരളത്തിലിരുന്ന് അമേരിക്കയില്‍ നടന്ന കാര്യത്തെകുറിച്ച് കഥയെതേ..അതും ഈ ഞാന്‍!!
പണ്ട് എനിക്ക് ഒരു അബദ്ധം ഉണ്ടായിട്ടുണ്ട്,കോളേജില്‍ പഠിക്കുന്ന കാലം കഥയെഴുത്തൊക്കെയുണ്ട്.ഞാനൊരു കഥയെഴുതി.ഒരു ആണാണ് നായകന് സ്ഥലം കേരളം,മാസം മെയ്..എന്റെ നായകന് കള്ളുകുടിക്കുന്ന രംഗമാണ് എഴുതേണ്ടത്.കള്ളും,ചാരായവും,വിസ്കി,ബ്രാന്റി ഒന്നും കുടിപ്പിച്ചാല്‍ പോര എന്റെ നായകനെയെന്നെനിക്കു തോന്നി,കുറച്ചു വോഡ്കയാകട്ടെ.അന്ന് ലോക സാഹിത്യമൊക്കെ വായിച്ചുതുടങ്ങിയ കാലമാണ്,അതിലെ നായകന് മാരൊക്കെ ഇമ്മാതിരി കൂടിയ സാധനങ്ങളാണ് കുടിക്കുന്നത്.
ഞാനെഴുതി-
മനസ്സ് അസ്വസ്ഥമായപ്പോള്‍ അയാള്‍ കുറച്ച് വോഡ് ക ഗ്ലാസിലേക്കു പകര്‍ന്നു.
കഥയെഴുതിക്കഴിഞ്ഞ് ഞാനിത് എന്റെ ചേട്ടന് വായിക്കാന്‍ കൊടുത്തു.ചേട്ടന് പറഞ്ഞു.
'സിജി കഥ കുഴപ്പമില്ല, പക്ഷെ നിന്റെ നായകന് ആളൊരു വലിയ പുള്ളി തന്നെ.കേരളത്തില്‍ അതും ഈ മെയ് മാസ ചൂടില്‍ തണുപ്പ് രാജ്യത്ത് കുടിക്കുന്ന വോഡ്കയാണല്ലോ കുടിക്കുന്നത്'
അപ്പോഴാണെനിക്ക് മണ്ടത്തരം ബോദ്ധ്യപ്പെട്ടത്.അതില്‍ പിന്നെ അത്രക്കൊന്നും അറിയാത്ത കാര്യങ്ങളെ പറ്റിയെഴുതാറില്ല.എഴുതുന്നെങ്കില്‍ തന്നെ കുറെ ആലോചിക്കും.
ഞാന്‍ ഇവിടെ എത്തിയിട്ട് 7 വര്‍ഷം കഴിഞ്ഞു.കുറെ വര്‍ഷങ്ങള്‍ കുടുംബം,കുട്ടികള്‍ എന്നൊക്കെപ്പറഞ്ഞ് മടിപിടിച്ചിരുന്നു.ഇപ്പോള്‍ രണ്ടാമതും എഴുതി തുടങ്ങുന്നുണ്ട്.പുതിയ കഥകള്‍ ബ്ലോഗില്‍ ഇടണമെന്നുണ്ട്.
വൈകിയാണ് വായിച്ചത്
നന്നായിരിക്കുന്നു
ഓര്‍മ്മകളോളം അനാഥമായ മറ്റൊന്നുമില്ല അല്ലേ.. ഒരു ദുഃസ്വപ്നത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഒടുങ്ങാത്ത തീര്‍ത്ഥയാത്ര. അലച്ചില്‍...
കുടിവയ്ക്കുന്ന കാവുകളും തുളസിത്തറകളും കലശങ്ങളും ഒടുങ്ങിത്തീരുമ്പോള്‍ പിതൃക്കള്‍ക്കും അതേ ഗതി...
ഓര്‍മ്മകളെങ്കിലും ബാക്കിയുള്ള മനസ്സുകളില്‍ സ്വപ്നങ്ങളിലെങ്കിലും അവര്‍ സഞ്ചരിക്കട്ടെ..
സിജീ, കഥ ഇഷ്ടമായി,
പ്രേതവും ആത്മാവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടൊ?
Post a Comment