Sunday, July 29, 2012

മരണം എന്ന മൂന്നക്ഷരം

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ശാന്തമ്മായി ആത്മഹത്യ ചെയ്തത്.ദിവസവും വീട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് ശാന്തമ്മായിയായിരുന്നു.മുറ്റമടിച്ചുകൂട്ടുന്ന കൂനക്കുള്ളിൽ നിന്ന് നിധികളെ പരതിയെടുക്കുക എന്റെ ശീലമായിരുന്നു.ചിലപ്പോൾ ഞാൻ പരതാതെ തന്നെ ഭംഗിയുള്ള വളപ്പൊട്ടുകളും,കോഴിത്തൂവലുകളും,കത്തിപ്പാറകളും അമ്മായി എനിക്കുവേണ്ടി പരതിയെടുത്തുവെക്കും. അന്ന് ഞങ്ങളുടെ ഹിന്ദി പരീക്ഷയായിരുന്നു.രാവിലെ വന്ന് അമ്മായി മുറ്റമടിച്ചു,അമ്മയോട് സംസാരിച്ചു,കിണറ്റിൽനിന്നും ഒരു കുടം വെള്ളം കോരിയെടുത്താണ്‌ വീട്ടിലേക്കു പോയത്.എന്റെ ഹിന്ദി പരീക്ഷകഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോഴേക്കും അമ്മായി മരിച്ചിരുന്നു. കത്തുന്ന ചൂടായിരുന്നു അന്ന്.ചെറ്റപുരയുടെ ഓലകൾ തീപിടിക്കും വിധം ചുട്ടു പൊള്ളിയിരുന്നു.

ഞാൻ,ജിബി,സാബിറ,ഷമീർ. ഞങ്ങൾ നാലുപേർ വലിയൊരു പ്ലാവിൻ ചില്ലയിൽ കയറിയിരുന്നാണ്‌ മരണം കണ്ടത്.

അഴയിൽ വരിയായ് വെയിൽ കാഞ്ഞിരിക്കുന്ന ആനതുമ്പികളും,വാഴയിലയിലിരുന്നു കരയുന്ന ഒറ്റപ്പെട്ടകാക്കയും,മരണ വീട്ടിലേക്ക് ഇഴഞ്ഞു വരുന്ന വാടിയ മുഖമുള്ള മനുഷ്യരും ചേർന്ന വലിയൊരു വല്ലായ്മയായിരുന്നു അന്നത്തെ മരണം. ദിശ തെറ്റി വന്ന കാറ്റുപോലെ ജീവിച്ചിരിക്കുന്ന മനസുകളെ അത് സങ്കടത്താൽ വിറപ്പിച്ചു ആകസ്മികതയാൽ വിഭ്രമിപ്പിച്ചു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നോട്ടു ബുക്കിന്റെ താളിൽ ‘മരണമേ..നീയെന്നുമെൻ ഹൃത്തിൽ നിവസിക്കും’ എന്ന് ചങ്ങമ്പുഴ ശെലിയിൽ കോറിയിട്ടത് ആ മരണത്തെ ഓർത്തിട്ടല്ല.ഞാൻ ജനിച്ചയുടൻ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഞങ്ങളുടെ ഇളയച്ഛൻ വാവു ദിവസങ്ങളിൽ വീട്ടിൽ വന്ന് പാൽ ചായ കുടിക്കുകയും ശർക്കര അധികം ഇട്ട അട കഴിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.ഇളയച്ഛനെ മറവു ചെയ്ത സമയത്ത് കാലിലും നെറുകയിലുമായ് രണ്ടു ചെമ്പരത്തി ചെടികൾ നട്ടിരുന്നു.കടും ചുവപ്പു നിറത്തിൽ കട്ടിയുള്ള ദലങ്ങളായിരുന്നു പൂക്കൾക്ക്.വേനൽ കാലത്ത് അവ നിറയെ പൂക്കും.ആ പൂക്കൾ പറിക്കാൻ ഞങ്ങൾ ആരും ധെര്യപ്പെട്ടിരുന്നില്ല.വലിയൊരു പുളിമരം അവിടെ ചില്ലകൾ താഴ്ത്തി ചാഞ്ഞു നിന്നിരുന്നു. ചെമ്പരത്തികൾക്കു നടുവിൽ പൊഴിഞ്ഞു വീഴുന്ന പഴുത്ത പുളികളെ ഞങ്ങളാരും ഓടിച്ചെന്നെടുത്തിരുന്നില്ല. സമർത്ഥനും ഫുട്ബോളുകളെ സ്നേഹിച്ചിരുന്നവനുമായിരുന്ന ഇളയച്ഛൻ കാറ്റുള്ള ദിവസങ്ങളിൽ ബോളിനെ ആഞ്ഞടിക്കുമെന്നും രാത്രികാലങ്ങളിൽ അച്ഛന്റെ സൈക്കിൽ പെഡൽ തിരിച്ചുകളിക്കുമെന്നുമുള്ള വായ്മൊഴികളെ ഞാൻ തെളിവുകളൊന്നുമില്ലാതെ തന്നെ വിശ്വസിച്ചു. അകാല മരണങ്ങൾ ഊഹിക്കുന്നതിലുമപ്പുറം ഭീകരങ്ങളായിരുന്നു.അതിനെ കുറിച്ചുള്ള ഓർമ്മകളാകട്ടെ ദുരൂഹവും പേടിപ്പെടുത്തുന്നതുമായിരുന്നു.


  നവീന്റെ മരണത്തെ അക്ഷരങ്ങളാൽ എങ്ങിനെയാണ്‌ അടയാളപ്പെടുത്തേണ്ടതെന്നറിയില്ല.അനുസ്മരിച്ചും,എഴുതി മലിനമാക്കിയും മറന്നു കളയാനുള്ള ഉപാധിയല്ല അവനെനിക്ക്. അധികം സുഹൃത്തുക്കളില്ലാത്ത എനിക്ക് എങ്ങിനെയോ കിട്ടിയ ഒരു സുഹൃത്ത്.ചേച്ചീ എന്ന് മധുരമായ് വിളിച്ച് മെയിലുകളയക്കുന്ന,ഇതുവരെ കണ്ടിട്ടില്ലെങ്കിലും വിശ്വാസവും സ്നേഹവും ആർജിച്ചെടുത്ത സൗമ്യമായ യൗവനം. വർഷങ്ങൾക്കു മുമ്പ് ‘പുഴ മാഗസിനിൽ’ നവീൻ ജോർജ് എഴുതിയ കവിത വായിച്ച് അഭിനന്ദന മറിയിച്ചതിലൂടെയായിരുന്നു തുടക്കം. അതിനു മറുപടിയായ് ഒരു ചെറിയ മെയിൽ എനിക്കു വന്നു. സന്തോഷവും,ആത്മവിശ്വാസവും,നന്ദിയും അറിയിക്കുന്ന കുറിപ്പ്. നവീനന്ന് സ്വന്തമായി മെയിൽ ഐ.ഡി ഉണ്ടായിരുന്നില്ല.മറ്റാരുടേയോ ഐ.ഡിയിൽ നിന്നായിരുന്നു മെയിലയച്ചത്.അന്ന് ഞാൻ ബ്ലോഗ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു. എന്റെ ബ്ലോഗിന്റെ ലിങ്കിനൊപ്പം ‘ഇതുപോലൊന്നു തുടങ്ങൂ’ എന്നു പറഞ്ഞ് ഞാൻ പിന്നേയും മെയിൽ അയച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും പഠിച്ചു വരുന്നതേയുള്ളുവെന്നുമായിരുന്നു മറുപടി.പിന്നേയും പുഴയിൽ കവിതകൾ വന്നു ഇടക്ക് കഥകളും.സ്ഥിരമായ് നവീൻ എനിക്ക് ലിങ്ക് അയച്ചു തന്നു.ഞാൻ എല്ലാം വായിച്ച് സ്ഥിരമായ് മറുപടി അയച്ചു.പിന്നീട് കുറെക്കാലം അനക്കമില്ലായിരുന്നു.

അങ്ങിനെയൊരിക്കൽ എന്റെ കഥയുടെ താഴെ ‘ജ്യോനവൻ’ എന്ന പേരിൽ ‘പൊട്ടക്കലം’ എന്ന ബ്ലോഗുടമയുടെ കമന്റു വന്നു.അതിനു പിന്നാലെ വലിയൊരു മെയിലും.ജ്യോനവൻ എന്നത് താനാണെന്നും ബ്ലോഗിങ്ങ് തുടങ്ങിയെന്നും ഇനി കവിതകൾ കൂടുതൽ എഴുതുമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു മെയിൽ.

 ‘നവീൻ എന്ന പേര്‌ വെളിപ്പെടുത്തുന്നില്ല.ചേച്ചി അതാരൊടും പറയരുത്’. നിന്റെ പേര്‌ ഇപ്പോൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഞാനവനെ ഇടക്ക് ഭീഷണിപ്പെടുത്തും.

ഇരുപതുകളിലെത്തിയ ചെറുപ്പക്കാരനാണെന്ന് അവനെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. കൌംആരത്തിലെത്തിയ കുറച്ചൊരു ഉൾവലിഞ്ഞ,കുതൂഹലതയും,പ്രതീക്ഷകളുമുള്ള ഒരു ചെറിയ നക്ഷത്രം.അതുകൊണ്ടു തന്നെ അവന്റെ മെയിലുകളിൽ ആതമനൊമ്പരങ്ങൾ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല വേദനകൾ ഉണ്ടെങ്കിൽ തന്നെ അത് മറ്റുള്ളവരോട് പങ്കുവെച്ച് അവരെ അസ്വസ്ഥരാക്കാൻ അവനിഷ്ടപ്പെട്ടിരുന്നില്ല. പൊട്ടക്കലം കവിതകൾകൊണ്ട് നിറഞ്ഞു.കവിതകളിലെ പക്വത വായക്കാരെ കൊണ്ടു വന്നു. ‘എനിക്ക് നല്ല കവിതകൾ തിരിച്ചറിയാനാവില്ലെന്നും അതുകൊണ്ട് കമന്റുകൾ പ്രതീക്ഷിക്കരുതെന്നും ഞാൻ മുമ്പേ പറഞ്ഞിരുന്നു.

’നിനക്ക് കുറച്ചു കൂടി ലളിതമായ് എഴുതിക്കൂടെ.പൂക്കൾ,മഴ,നൊസ്റ്റാൾജിയ..എന്നെപ്പോലുള്ള വായനക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഭാഷയിൽ‘ അതു ചേച്ചി തന്നെ കുത്തിപ്പിടിച്ചിരുന്നെഴുതിയാൽ മതി’ എന്നായിരുന്നു ഒരുപാട് സ്മെയ്‌ലികൾ ഇട്ട ആ മറുപടി.

‘ഞാൻ നിന്നെ എത്രമാത്രം കളിയാക്കുന്നു. നിനക്ക് പ്രതിരോധിച്ചുകൂടെ ആൺകുട്ടികളായാൽ ഇത്ര പാവങ്ങളാകരുത്’ ഒരിക്കൽ ഞാനെഴുതി.

  ‘ഞാനെന്തെങ്കിലും എഴുതിയാ ചേച്ചിക്ക് വിഷമമായെങ്കിലോ? ചേച്ചിയുടെ സൗഹൃദം എന്നെന്നേക്കുമായ് എനിക്ക് നഷ്ടപ്പെടും എനിക്കത് പേടിയാണ്‌.

ആ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു.കാണാതെയും കേൾക്കാതെയും സ്നേഹത്തെ പ്രസരിപ്പിക്കുന്ന അത്ഭുതമാണ്‌ അക്ഷരങ്ങൾ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.

  ഒരിക്കൽ അവനെഴുതി ’എനിക്കിപ്പോൾ ഓവർ ടൈം പണിയാണു ചേച്ചി.പുരപണി നടക്കുന്നു അതിനു ശേഷം കല്ല്യാണം നടത്തണമെന്ന് വീട്ടുകാർ പറയുന്നു.പൈസക്കും ആവശ്യമുണ്ട്.അതുകൊണ്ട് കൂടുതൽ പണികൾ ചെയ്യുന്നു.

‘കല്ല്യാണമുണ്ടെങ്കിൽ ചേച്ചി വരണം’
  ‘വരാം’
‘ഉറപ്പാണോ’?

‘ഉറപ്പ്.
 എനിക്ക് നിന്നെ കാണണം എന്നുണ്ട്.കല്ല്യാണം വെക്കേഷൻ സമയത്ത് വെക്കണം. ’ശ്രമിക്കാം ചേച്ചി‘ ’എടാ ഒരു കവി പ്രണയിക്കുകയോ -വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ - നിരാശരാകുകയോ ഒക്കെയാണ്‌ പതിവ്. ഞങ്ങൾ വായനക്കാർക്ക് അതൊക്കെ ഒരു മുതല്ക്കൂട്ടാണ്‌. നിനക്കിതെന്തുപറ്റി? വീണ്ടും ചിരിയായിരുന്നു മറുപടി.

  ‘നീയെനിക്ക് ഫോട്ടോ അയച്ചുതരാമെന്നു പറഞ്ഞിട്ട് ഒന്നും കണ്ടില്ലല്ലോ? എനിക്ക് നിന്റെ മുഖമൊന്നു കാണണമെന്നുണ്ട്. പിറ്റേന്നുതന്നെ ഫോട്ടോ വന്നു.

  ’ഇതു നിന്റെ ഫോട്ടോയല്ല.കപ്പടാമീശ നിനക്ക് ഒട്ടും ചേരുന്നില്ല.എന്റെ മനസിൽ നീയൊരു കൊച്ചു പയ്യനാണ്‌.

‘എന്നാൽ അങ്ങിനെ’.

പിന്നെ കുറെക്കാലം അവന്റെ വിശേഷമൊന്നുമുണ്ടായിരുന്നില്ല. പണിത്തിരക്കിലായിരിക്കുമെന്ന് ഞാനൂഹിച്ചു. കുടുംബകാര്യങ്ങളുമായ് ഞാനും തിരക്കിലായിരുന്നു.2009 ലെ ബൂലോക കവിത ഓണപ്പതിപ്പിൽ ‘പ്രണയം എന്ന മൂന്നക്ഷരം’ എന്നപേരിൽ ഞാനൊരു കഥ എഴുതിയിരുന്നു. കഥ പബ്ലീഷായാൽ അഭിപ്രായങ്ങൾ വരുക പതിവാണ്‌.ആദ്യം വന്നത് അവന്റെ മെയിലായിരുന്നു. ‘ചേച്ചീ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.പ്രത്യേകിച്ച് കഥയുടെ പേര്‌. പക്ഷെ ഒരു പാട് അക്ഷരത്തെറ്റുകളുണ്ട് ഞാനതൊക്കെ നോട്ട് ചെയ്ത് തിരുത്തി അയക്കുന്നു.പറ്റുമെങ്കിൽ തിരുത്തൂ’ അടിയിലായി ഇരുപതില്ലധികം അക്ഷരത്തെറ്റുകൾ അവൻ തിരുത്തി അയച്ചിരുന്നു. ഞാൻ വലിയൊരു നന്ദി പറഞ്ഞു. ‘നന്ദിയൊന്നും വേണ്ട ചേച്ചി ഇനിയും എഴുതിയാൽ മതി’. രണ്ടു ദിവസത്തിനു ശേഷം അവിചാരിതമായ് അവനെ ജി ചാറ്റിൽ കണ്ടു.സമയനഷ്ടം പരിഗണിച്ച്‌ ചാറ്റു ചെയ്യാൻ എനിക്ക് മടിയാണ്‌.. നവീനെ കണ്ടപ്പോൾ വിശേഷം തിരക്കണമെന്നുതോന്നി. എന്റെ കയ്യിൽ ആകെ പത്തു മിനുട്ടേ ഉണ്ടായിരുന്നുള്ളു. ഇളയമകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരേണ്ട സമയം അടുത്തുകൊണ്ടേയിരിക്കുന്നു.

 ഞാൻ കല്ല്യാണത്തെപ്പറ്റിയും വീടുപണിയെപ്പറ്റിയും ചോദിച്ചു.അവൻ എന്റെ വീട്ടുവിശേഷങ്ങളും.

‘അപ്പൂനെ സ്കൂളിൽ നിന്നും വിളിച്ചോണ്ടു വരണം എനിക്ക് പോകാൻ സമയമായി’.

‘കുറെ നാളായില്ലേ ചേച്ചിയെ കണ്ടിട്ട്.ഇനിയും വിശേഷങ്ങൾ ചോദിക്കാനുണ്ടായിരുന്നു’.

  ‘ലേറ്റായടാ..ഇനി പറന്നാലെ സ്കൂളിൽ സമയത്തിനെത്തൂ’.

‘ജാഗ്രത ചേച്ചീ’

  ‘ഞാൻ വണ്ടിയിടിച്ചു തട്ടിപോകുമെന്നാണോ’?

  ‘അയ്യോ..അതിനുള്ള സമയമൊന്നും നമുക്കായിട്ടില്ല ചേച്ചീ’

  അതായിരുന്നു അവന്റെ അവസാനത്തെ വരികൾ.പിന്നീട് ഞങ്ങൾ മിണ്ടിയിട്ടില്ല.

  ജ്യോനവന്‌ ആക്സിഡണ്ട് പറ്റിയെന്നും വളരെ സീരിയസാണെന്നും പറഞ്ഞ് നാട്ടിൽ നിന്നും ഒരു സുഹൃത്ത് ഫോൺ ചെയ്യുമ്പോൾ ഞാനൊരു വലിയ തണ്ണിമത്തങ്ങയെ നെടുകെ മുറിക്കുകയായിരുന്നു. പ്രകൃതിയുടെ സുന്ദരമായ സൃഷ്ടിയുടെ സുന്ദമായ മരണം!

‘അത്രക്കും പേടിക്കേണ്ടതുണ്ടോ’? ഞാൻ സുഹൃത്തിനോടു ചോദിച്ചു.

  ‘അറിയില്ല.’
‘അത്രക്കും സീരിയസാണോ’?

  ‘അറിയില്ല’.

  അന്നത്തെ ദിവസം ചൂടും തണുപ്പും അധികമില്ലാതെ കൃത്യമായ അനുപാതത്തിലുള്ളതായിരുന്നു. നല്ല ദിവസത്തെ അഘോഷിക്കാൻ അയൽ വാസികൾ പുറത്ത് വെയിൽ കാൻജ്ഞിരുന്നു് ബിയറുകൾ കുടിച്ചു.ചിലർ പുല്ലുവെട്ടി നിരപ്പാക്കി.മറ്റുചിലർ ചെടിക്ക് തടമെടുത്തു.

പരിഭ്രാന്തിവരുമ്പോൾ എനിക്ക് ഛർദ്ദിക്കാനായ് വരും. കാഴ്ച്ചകൾ മങ്ങും. ഭൂമിപെട്ടന്ന് വിരൂപയായതുപോലെ. പച്ച മഞ്ഞയായതുപോലെ വെളുപ്പ് കറുപ്പായതുപോലെ .മത്തുപിടിച്ചതുപോലെ അന്നു മുഴുവൻ ഞാൻ കിടന്നുറങ്ങി. നവീൻ തിരിച്ചു വരുമെന്ന് എന്റെ മനസ്സ് ഉറപ്പുതന്നു. ചില്ലകളിൽ കവിതകൾ പൂക്കും. കണ്ണുകൾ വീണ്ടും നക്ഷത്രങ്ങളാകും. ഇതൊരു ചെറിയ വരൾച്ച മാത്രമാണ്‌.

 ‘തിരിച്ചൂ വരൂ കുട്ടീ..ചേച്ചിക്കു വല്ലാതെ പേടിയാകുന്നുവെന്നും പറഞ്ഞ് അവന്‌ ഞാനൊരു മെയിലയച്ചു.പ്രിയപ്പെട്ടവരുടെ വാക്കുകൾ,പ്രാർത്ഥനകൾ,അക്ഷരങ്ങൾ ജീവിതകോശങ്ങളെ തിരിച്ചുറപ്പിക്കുമെന്ന എന്റെ അയഞ്ഞ വിശ്വാസം. ’മരിക്കാനുള്ള സമയം നമുക്കായില്ല ചേച്ചീ‘ എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയവൻ സ്വയം മരണത്തിലേക്ക് ആഴ്ന്നുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്‌.

ഒക്ടോബർ 4 -2009 മരണം സ്ഥിതീകരിച്ചു. ഒരു കവിയെ,മകനെ,സുഹൃത്തിനെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് മരണം കൃതാർത്ഥനായി. ശ്വാസത്തിനും മരണത്തിനും ഇടയിൽ കിടന്നു പിടഞ്ഞ് വേദനിക്കാതെ സംഭവിക്കേണ്ടത് സംഭവിച്ചതിൽ ആശ്വാസംകൊണ്ട് മുന്നോട്ടുപോകാനായ് ജീവിതം എന്നോടു പറഞ്ഞു.ആദ്യമായി മരണത്തിനോട് ഞാൻ നന്ദി പറഞ്ഞു. നവീനയച്ച മെയിലുകൾ ഇപ്പോഴും ഞാൻ തുറന്നു നോക്കാറുണ്ട്.ജീവിതാസക്തിയുള്ള അക്ഷരങ്ങൾ.ഇനിയും പൊടിച്ചു തളിർക്കേണ്ടിയിരുന്ന കവിതകൾ. ’ചേച്ചി എന്റെ കല്ല്യാണത്തിനു വരില്ലേ?‘ എന്ന ചോദ്യം നിരാശയുടെ കൊളുത്തിടാനായ് മനസ്സിൽ ഇപ്പോഴും കയറിയിറങ്ങാറുണ്ട്. പരസ്പരം കാണണമെന്നാഗ്രഹിച്ചിരുന്നവർ.പക്ഷേ ഒരിക്കലും കാണാതിരുന്നവർ. ജീവിതമേ നിന്റെ വിചിത്രയിൽ മനുഷ്യരെന്നും അത്ഭുതപ്പെട്ടിട്ടേയുള്ളു.

  നവീന്റെ ജീവിതത്തെപ്പറ്റിയോർക്കുന്നതുപോലെ തന്നെ മരണത്തെപ്പറ്റിയും ഞാനോർക്കാറുണ്ട്.ഞാനന്നു വായിച്ചു തീർത്ത ചേതൻ ഭഗതിന്റെ പുസ്തകം,മകൻ പാടിയ നേഴ്സറിപ്പാട്ട്,സ്റ്റോപ്പ് സിഗനലിൽ നിർത്താതെ കടന്നുപോയ ഹോണ്ട സി.ആർ.വി, മരണത്തിന്റെ നിഴലുള്ള എന്യ യുടെ പാട്ടുൾ,അരിമണിയെ ചുമന്നുകൊണ്ടുള്ള ഉറുമ്പുകളുടെ ഘോഷയാത്ര. ചില ഓർമ്മകളെ ഞാൻ അങ്ങിനെയാണ്‌ സംസ്കരിച്ചുവെക്കുക.ചിലരുടെ മരണത്തെപ്പറ്റിയോർക്കുമ്പോൾ ജീവിതത്തെപ്പറ്റിയോർമ്മവരും,ജീവിതത്തെപ്പറ്റിയോക്കുമ്പോൾ മരണത്തെയും.

Tuesday, June 2, 2009

പക്ഷിയുടെ മരണം.

മരണം ഒരിക്കല്‍ കടന്നുവരും.

എന്നേയും നിന്നേയും-

ഉടലോടെ ദ്രവിപ്പിക്കും.

മണ്ണിനടിയില്‍ കിടന്ന്-

ഞാന്‍ നിന്റെ ഹൃദയം തിരയും.

സ്നേഹത്താല്‍ തുടിച്ച-

സ്വാതന്ത്ര്യ പരാഗങ്ങള്‍ കൊഴിച്ച-

ഹൃദയത്തിനെങ്ങനെ ദ്രവിക്കാനാകുമെന്ന്

വിരലുകളില്‍ ഉമ്മവെച്ച്‌-

നിന്നോടു ഞാന്‍ ചോദിക്കും.

Tuesday, April 28, 2009

പേടി

എന്റെ മകന്‍

എല്ലാ കുട്ടികളുടെ പോലെയും കുസൃതിയുള്ള ഒരു ചെക്കന്‍.

'മുത്തുരാജ' എന്നും 'പച്ചക്കുതിര' എന്നും 'പൊട്ടന്‍' എന്നും ഞാന്‍ അവനെ വിളിച്ചു.

മുത്തുരാജ എന്റെ തറവാട്ടിലെ നായക്കുട്ടിയുടെ പേരായിരുന്നു. മുത്തുരാജ എന്റെ കൂടെ കളിച്ചു,ഉണ്ടു,ഉറങ്ങി എന്റെ കുട്ടിക്കാലത്തിന്റെ ഏറ്റവും തെളിമയാര്‍ന്ന ചിത്രം മുത്തുരാജയുടെ കൂടെയുള്ള കളികളായിരുന്നു. ചില സമയങ്ങളില്‍ കഠിനമായ ഗൃഹാതുരത എന്നില്‍ പടരും ആ സമയത്തൊക്കെ ഞാനെന്റെ മകനെ മുത്തുരാജ എന്നു വിളിക്കും.
'പച്ചക്കുതിര' എന്ന് ഞാനെന്റെ മകനെ എന്തിനു വിളിക്കുന്നു എന്ന് എനിക്കുതന്നെ അറിയില്ല ഒരു പക്ഷെ ഐശ്വര്യം,അഭിവൃദ്ധി എന്നിവ പച്ചക്കുതിരയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന അന്ധവിശ്വാസം പിടിച്ച നാട്ടില്‍ കുറച്ചുനാള്‍ വളര്‍ന്ന പെണ്ണായതുകൊണ്ടായിരുന്നിരിക്കണം ഞാനവനെ പച്ചക്കുതിര എന്നു വിളിച്ചത്‌.

'പൊട്ടന്‍' എന്ന് ഞാനെന്റെ മകനെ വിളിക്കുന്നത്‌ ഏറ്റവും ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളിലാണ്‌. 'അടിച്ചു നിന്റെ കരണക്കുറ്റി തെറിപ്പിക്കും പൊട്ടാ' എന്ന് ഞാനപ്പോള്‍ അലറും. ആ സമയത്ത്‌ മകന്‍ തലകുനിച്ചു നില്‍ക്കും, ചിലപ്പോള്‍ തുടകളില്‍ നഖം കൊണ്ട്‌ മാന്തി മിണ്ടാട്ടം മുട്ടിയതു പോലെ ചാഞ്ഞു നില്‍ക്കും, അന്നേരം അവന്റെ കണ്ണുകള്‍ എന്നോട്‌ യാചിക്കും.

എനിക്കും എന്റെ മകനും ചില പ്രത്യേക നിമിഷങ്ങളുണ്ട്‌. പടിഞ്ഞാപ്പുറത്തെ പുളിമരത്തിന്റെ താഴത്തെ ചില്ലയില്‍ കയറി ഞങ്ങള്‍ കാലാട്ടിയിരിക്കും. ചിലപ്പോള്‍ അവനെന്റെ ചുമലിലേക്കു ചായും. ഞങ്ങള്‍ ആകാശത്തെക്കുറിച്ചു പറയും.

മേഘങ്ങള്‍..കിളികള്‍,പട്ടങ്ങള്‍,വിമാനങ്ങള്‍.....

ഒരിക്കലവന്‍ പറഞ്ഞു - 'അമ്മേ ഞാനൊരിക്കല്‍ ആകാശത്തിലേക്കു പോകും ഒരു വിമാനത്തെ പിടിച്ചുകൊണ്ടു വന്ന് അമ്മയ്ക്കു തരും അല്ലെങ്കില്‍ ഒരു കിളിയായ്‌ മേഘത്തിലേക്ക്‌ പറന്നുപോകും'.

എന്റെ മകന്‍, അവന്‌ എന്റെ ചിന്തകളാണ്‌. കുട്ടിക്കാലത്ത്‌ ഞാനും ഇങ്ങനെയായിരുന്നു. പാടവരമ്പില്‍ മലര്‍ന്നു കിടന്ന് വിമാനങ്ങളുടേയും പക്ഷികളുടേയും എണ്ണമെടുക്കും.ഒരു കിളിയെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച്‌ കടും നീല മേഘത്തിലേക്ക്‌ പറന്നുപോകും. ഒരു കവിയായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം കവിതകളെഴുതിയേനെ..അലങ്കാരങ്ങളും ചിഹ്നങ്ങളും കോറിയിട്ട്‌ ജീവിതത്തെ അളന്നിട്ടേനെ..


എന്റെ മകന്‍ ഒരു പക്ഷേ ഒരു കവിയാകും. വാക്കുകളിലൂടെ അവന്‍ ക്ഷുഭിതനാകും,ഭൂമിയെപ്പറ്റി വാ ങ്മയ ചിത്രങ്ങള്‍ അവന്‍ കോറിയിടും.





ഒരു ശനിയാഴ്ച്ച ഉച്ചനേരത്താണ്‌ എന്റെ മകനെ കാണാതായത്‌. രാവിലെ സ്കൂളില്‍പോയി,ഉച്ചയായപ്പോള്‍ തളര്‍ന്നാണു വന്നത്‌. ഞാനവന്‌ മുട്ടവറുത്ത്‌ ചോറുകൊടുത്തു,പാലില്‍ ഹോര്‍ലിക്സിട്ട്‌ കുടിക്കാന്‍ കൊടുത്തു. പിന്നീടവന്‍ പുറത്തുപോയി സൈക്കിള്‍ ചവിട്ടി.. വാതില്‍ തുറന്ന് അകത്തു കയറുന്ന ശ്ബ്ദം ഞാന്‍ കേട്ടതാണ്‌.ഞാനപ്പോള്‍ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ടി.വി ഓണായിരുന്നു,വാഷിങ്ങ്‌ മെഷീന്‍ തുണികള്‍ നിറഞ്ഞ്‌ കുലുങ്ങിയിരുന്നു. മകന്‍ പുറത്തു കളിക്കുമ്പോഴൊക്കെ ഒരു കണ്ണ്‍ ഞാന്‍ സ്വയം സൂക്ഷിക്കുകയും മറ്റേ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും മകനായ്‌ നീക്കിവെക്കുകയുമാണ്‌ പതിവ്‌. പക്ഷേ അന്ന് എന്താണ്‌ എനിക്ക്‌ സംഭവിച്ചത്‌?


മൂന്നരനേരത്ത്‌ ചായയുണ്ടാക്കി,ബിസ്ക്ക റ്റെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചപ്പോഴാണ്‌ ഞാനെന്റെ നഷ്ടത്തെ തിരിച്ചറിഞ്ഞത്‌.

വീടാകെ ഞാന്‍ അരിച്ചു പെറുക്കി ,അവന്റെ കൂട്ടുകാരുടെ വീട്ടിലേക്കെല്ലാം ഫോണ്‍ ചെയ്തു,റോട്ടിലൂടെ അവന്റെ പേരു ചൊല്ലി വിളിച്ചുകൊണ്ട്‌ അലഞ്ഞു. എന്റെ മകന്‍ എന്നോടു പറയാതെ എങ്ങും പോകാത്തവനാണ്‌. എട്ടു
വയസ്സു കഴിഞ്ഞിട്ടും ഷര്‍ട്ടിന്റെ കുടുക്കിടാന്‍ പോലും അവനു ഞാന്‍ തന്നെ വേണം.ഒരു പഴം തൊലി ഉരിയണമെങ്കില്‍ പോലും അവന്‍ അമ്മേ എന്നു വിളിക്കും.

വാച്ചില്‍ സെക്കന്റുകള്‍ മായുന്നതുപോലും എന്നെ ഭയപ്പെടുത്തി. സൂര്യന്‍ ചാഞ്ഞു തുടങ്ങുകയാണ്‌. ഭര്‍ത്താവിനെ വിളിക്കുവാനായി ഫോണ്‍ കയ്യിലെടുത്തു, എന്റെ അശ്രദ്ധയാണ്‌ അവനെ നഷ്ടപ്പെടുത്തിയത്‌,ഞാന്‍ ഫോണ്‍ താഴെ വെച്ചു.

കുറച്ചുനേരം ആലോചിച്ചു നിന്നതിനുശേഷം മായയെ ഫോണില്‍ വിളിച്ചു.മായ എന്റെ ബാല്യകാല സുഹൃത്താണ്‌ അവള്‍ക്ക്‌ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഒരു ചെറിയ നിര്‍ദ്ദേശം പോലും എന്നെ തൃപ്തിപ്പെടുത്തുന്ന സമയമായിരുന്നുവത്‌.


"അപരിചിതരാരെങ്കിലും കുട്ടിയോടു മിണ്ടുന്നതു നീ ശ്രദ്ധിച്ചിട്ടുണ്ടോ"?

സ്കൂളില്‍ പതിവായി കൊണ്ടുവിടുന്ന ഓട്ടോറിക്ഷാ ഡ്രെവറും ,മീന്‍ വില്‍ക്കാന്‍ വരുന്ന വറീദേട്ടനും,ദിവസവും പത്രം കടം വാങ്ങി വായിക്കാന്‍ വരുന്ന രാവുണ്ണിയും അപരിചിതരല്ല. റോഡു വക്കിലുള്ള വിടായതുകൊണ്ട്‌ എപ്പോഴും അപരിചിതര്‍ വിടിനു മുന്നിലൂടെ കടന്നുപോകും .നഗരം അപരിചിതത്വത്തെ ദിവസം തോറും വര്‍ദ്ധിപ്പിക്കുന്നു.


"ഇല്ല ഞാന്‍ ശ്രദ്ധിച്ചിട്ടില്ല"

" എങ്കില്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കുഞ്ഞുണ്ണിയുടെ ദുര്‍മരണം നീ മറന്നുവോ?"


മായ ഔചിത്യബോധം തൊട്ടു തീണ്ടാത്തവളാണ്‌. മനുഷ്യാവസ്ഥകളൊന്നും അവള്‍ക്കു പ്രശ്നമല്ല. 'കുഞ്ഞുണ്ണിയുടെ ദുര്‍മരണം' അതിന്‌ എന്തു പ്രസക്തിയാണിവിടെ ഉള്ളത്‌. എന്റെ മകനെ കുറച്ചു സമയത്തേക്കു മാത്രം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നേ ഞാനവളോടു പറഞ്ഞുള്ളു.


ഫോണ്‍ താഴെവെച്ചു. റോഡില്‍ ഇറങ്ങിനിന്ന് വീണ്ടും മകനെ നോക്കി. കുറച്ചു ദിവസമായി പകലിനു നീളം കൂടുതലാണ്‌. വഴിയില്‍ കണ്ട കുട്ടികളോടൊക്കെ മകനെ കണ്ടോയെന്ന് വിളിച്ചു ചോദിച്ചു. അപരിചിതരോടുപോലും മകന്റെ രൂപവും പ്രായവും വിവരിച്ചു.

ഗേറ്റിന്റെ കുറ്റിയിടാതെ പിന്തിരിഞ്ഞു നടന്നു. മഞ്ഞ റോസിന്റെ താഴെ മകന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിടക്കുന്നു,മുമ്പെങ്ങുമില്ലാത്ത വാത്സല്യത്തോടെ അതിനെ കയ്യിലെടുത്ത്‌ ഷാളുകൊണ്ട്‌ തുടച്ച്‌ ചുണ്ടിനോടമര്‍ത്തി.

വീടിനു പിന്നില്‍ അടഞ്ഞുകിടന്നിരുന്ന മോട്ടോര്‍ പുരയില്‍ മകനെ ഒന്നുകൂടെ നോക്കി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ നഗരത്തില്‍ പഴയൊരു വിടു കണ്ടുപിടിച്ചത്‌. കിടപ്പുമുറിയുടെ കഴുക്കോലിനുമുകളില്‍ നിന്ന് എപ്പോഴും പല്ലികള്‍ അടര്‍ന്നു വീഴും,എലികള്‍ ഓടി നടക്കും. വെട്ടിയൊതുക്കാത്ത ചെടികള്‍ക്കിടയിലുടെ ഒരു മഞ്ഞ ചേര സ്ഥിരമായി ഇഴയും. എങ്കിലും ആദ്യമായാണ്‌ പഴയ വീട്‌ എന്നെ ഇത്രയും ഭയപ്പെടുത്തിയത്‌.

പുളിമരത്തിനു താഴെയും,കുടുസു മുറികളിലും മകനെ ഒന്നുകൂടി നോക്കി.

മായയുടെ സംസാരം നെഞ്ചിനെയിട്ടു തിളപ്പിക്കുന്നുണ്ട്‌.'കുഞ്ഞുണ്ണിയുടെ മരണം' എന്നും ദുരൂഹമാണ്‌.

നാട്ടുകാര്‍ കുഞ്ഞുണ്ണിയുടെ മരണത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.

'പോലീസ്‌ നായ കടവുവരെ മണപ്പിച്ചുപോയി.കുട്ടി മരിച്ചു പൊന്തിയ പൊട്ടകുളക്കരക്കടവില്‍ നിന്ന് അവന്റെ അഴിച്ചുവെച്ച ട്രൗ സറും അതിന്റെയടുത്ത്‌ പകുതി വലിച്ച്‌ ചവിട്ടി ഞെരിച്ച ബീഡിക്കുറ്റികളും കണ്ടെത്തി. തുടയിലും ലിംഗത്തിനു ചുറ്റും കരിനീല പടര്‍ന്നിരുന്നു. പോലീസും കൈമലര്‍ത്തി'


'കുഞ്ഞുണ്ണിയുടെ മരണം' അതിന്‌ എന്റെ മകന്റെ നഷ്ടവുമായി യാതൊരു ബന്ധവുമില്ല.


കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

മായയാണ്‌.

'നിന്നെ ഞാന്‍ ഭയപ്പെടുത്തിയോ?' മായ ചോദിച്ചു.

ഞാന്‍ ഉണ്ടെന്നും ഇല്ല എന്നും പറഞ്ഞില്ല.


'മനുഷ്യന്‍ മനുഷ്യനെ ചുട്ടു തിന്നുന്ന കാലമാണ്‌ അതുകൊണ്ടു പറഞ്ഞെന്നേയുള്ളു'.

ശരിയാണ്‌.

കുറച്ചു സമയം കൂടി നോക്കിയതിനുശേഷം മകനെ കണ്ടില്ലെങ്കില്‍ പോലീസിനെ അറിയിക്കുവാന്‍ പ്രത്യേകം പറഞ്ഞുകൊണ്ട്‌ മായ ഫോണ്‍ താഴെവെച്ചു.





കുഞ്ഞുണ്ണിയുടെ മരണം നടക്കുന്ന സമയത്ത്‌ ഞാനും മായയും ഊഞ്ഞാലാടുകയായിരുന്നു. കാലിന്റെ തള്ളവിരല്‍ പുഴുക്കുത്തിയ ഒരു ഇലയില്‍ തൊടുന്നത്ര ശക്തിയില്‍ മായ എന്നെ ഉയരത്തിലേക്ക്‌ ഉന്തിവിട്ടു. ഞാനൊരു തൂവല്‍ കണക്കേ വായുവില്‍ അലസമായ്‌ പൊന്തുകയും താഴുകയും ചെയ്തു. നൂറ്‌,തൊണ്ണൂറ്റി ഒമ്പത്‌,തൊണ്ണൂറ്റിയെട്ട്‌ എന്നിങ്ങനെ ഇലയില്‍ എന്റെ കാലുതൊടുന്ന സമയത്തൊക്കെ മായ അവരോഹണക്രമത്തില്‍ എണ്ണമെടുത്തു.


അപ്പോഴാണ്‌ ആളുകള്‍ പരിഭ്രാന്തരായി എന്റെ കാല്‍ചുവട്ടിലൂടെ ഓടുയത്‌,ഞങ്ങള്‍ അത്‌ ശ്രദ്ധിച്ചതേയില്ല. മായക്ക്‌ അവരോഹണക്രമത്തില്‍ ഒന്നുവരെ എണ്ണി ത്തിക്കേണ്ടിയിരുന്നു. എനിക്ക്‌ പുഴുക്കുത്തി ഒരു വശം മാറാലപോലെയായിരിക്കുന്ന ഇലയെ ഒന്നിലെത്തുന്നതിനുമുമ്പ്‌ വിരലുകൊണ്ട്‌ പിടിച്ച്‌ മണ്ണിലേക്ക്‌ കുടഞ്ഞിട്ട്‌ മായയെ തോല്‍പ്പിക്കേണ്ടിയിരുന്നു. നിശ്ചിത ബിന്ദുവെന്ന ലക്ഷ്യത്തിലേക്ക്‌ ഞാനും മായയും നീങ്ങുമ്പോഴായിരിക്കണം കുഞ്ഞുണ്ണി കരയിലേക്ക്‌ ഒരു ആമ്പലിനെപ്പോലെ അടിഞ്ഞത്‌.



കുഞ്ഞുണ്ണിയുടെ ദുര്‍മരണം ആളുകള്‍ക്ക്‌ ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്വത്തെകൂട്ടി. കുട്ടികളോടുള്ള വാത്സല്യത്തില്‍ നിന്ന് ഇടവകയിലെ കുട്ടികളുടെ ഉത്തരവാദിത്വം ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുക്കണമെന്ന് അല്‍ഫോണ്‍സച്ചനും പള്ളിപ്രസംഗത്തില്‍ പറഞ്ഞു.

ചിലര്‍ ഞങ്ങളുടെ തലയില്‍ ഉഴിഞ്ഞുകൊണ്ട്‌ 'സൂക്ഷിക്കണേ മക്കളേ' എന്നു പറഞ്ഞു.


പത്രക്കാര്‍ ഞങ്ങളോട്‌ കുഞ്ഞുണ്ണിയെപ്പറ്റി പലപല ചോദ്യങ്ങള്‍ ചോദിച്ചു .കുഞ്ഞുണ്ണി ഞങ്ങളുടെ അടുത്ത കൂട്ടുകാരനായിരുന്നില്ല.ഞങ്ങള്‍ക്കവരോടു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ 'ഇണപിരിയാത്ത' സുഹൃത്തുക്കളായിരുന്നുവെന്ന് ഒരു പത്രക്കാരന്‍ എഴുതിവെച്ചു അതിനു ശേഷമാണ്‌ 'കോലുണ്ണി' എന്ന് ഞങ്ങള്‍ വിളിച്ചു കളിയാക്കിയിരുന്ന കുഞ്ഞുണ്ണിയുടെ നഷ്ടം ഞങ്ങളുടെ ജിവിതത്തില്‍ വരുത്തിയ മാറ്റത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞത്‌.



ഒരു ദിവസം ഒരു ഉച്ച സമയത്ത്‌ ആളില്ലാതെയിരുന്നിട്ടും ഞങ്ങളുടെ ഊഞ്ഞാല്‌ ശക്തിയായി ആടി.,മായയുടെ ഏട്ടന്റെ സൈക്കിള്‍ പെഡല്‍ ആരോ രാത്രിയില്‍ ശക്തിയായ്‌ തിരിച്ചു കളിച്ചു.അസമയത്ത്‌ നായ്ക്കള്‍ ഓളിയിട്ടു.


'കുഞ്ഞുണ്ണിയുടെ പ്രേതം' അലയുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും ഇടവകക്കാരൊന്നും പേടിച്ചില്ല ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ മാത്രം കുഞ്ഞുണ്ണി ഒരു കഥയായ്‌ നിറഞ്ഞു. ഇലകള്‍ ആടുന്നതും,ഇളം കരിക്കുകള്‍ കുളത്തിലേക്ക്‌ വെട്ടിയിടുന്നതും,കാറ്റില്‍ വിസിലൂതുന്നതുപോലെയുള്ള ശബ്ദം കേള്‍പ്പിക്കുന്നതും കുഞ്ഞുണ്ണിയാണെന്നു പറഞ്ഞ്‌ ഞങ്ങള്‍ പരസ്പരം ഞെട്ടി.


'നീയല്ലേ അവന്‌ ഊഞ്ഞാലാടാന്‍ കൊടുക്കാഞ്ഞത്‌' ഒരിക്കല്‍ മായ പറഞ്ഞു.

'നീയല്ലേ അവനെ കോലുണ്ണി എന്നു വിളിച്ച്‌ കളിയാക്കി ഓടിച്ചത്‌'

മായ നിശബ്ദത പാലിച്ചു.
പിന്നീട്‌ ഞങ്ങള്‍ ഊഞ്ഞാലാടിയില്ല. ഒളിച്ചുകളിക്കാന്‍ പേടിച്ചു. ഒരു മൂലയില്‍ കുത്തിയിരുന്ന് കഥകള്‍ പറഞ്ഞു അധികവും പ്രേതകഥകള്‍!


അച്ഛന്റെ ജോലി സ്ഥലത്തേക്ക്‌ എന്നെയും കൊണ്ടുപോകുവാന്‍ അമ്മ തീരുമാനിച്ചത്‌ പെട്ടന്നായിരുന്നു. മുങ്ങിക്കുളിക്കാന്‍ കുളവും,വിഷമടിക്കാത്ത പച്ചക്കറികളുമുള്ള ഈ നാടുവിട്ട്‌ ഞാന്‍ എങ്ങൊട്ടും ഇല്ല എന്നായിരുന്നു അമ്മ എപ്പോഴും പറയാറ്‌. അമ്മയുടെ തീരുമാനം എന്നെ സങ്കടപ്പെടുത്തി. മായ എന്നെ തീവണ്ടി കയറ്റാന്‍ സ്റ്റേഷനില്‍ വന്നിരുന്നു. കമ്പികള്‍ക്കിടയില്‍ മുഖമമര്‍ത്തിക്കൊണ്ട്‌

'നഗരം ഗ്രാമത്തെക്കാള്‍ എന്തിലും മെച്ചമാണെന്ന്'അവള്‍ പറഞ്ഞു


നഗരത്തില്‍ അവള്‍ക്കും ഒരച്ഛന്‍ ഉണ്ടെങ്കില്‍ എന്തു രസമായിരുന്നു എന്നാണ്‌ ഞാന്‍ ആലോചിച്ചിരുന്നത്‌ .പച്ചക്കൊടി ഉയര്‍ന്നതും തീവണ്ടി നീങ്ങിയതും ഞാന്‍ അറിഞ്ഞില്ല. മായയെ ഞാന്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും തീവണ്ടി കുറെ ദൂരം മുന്നോട്ടെത്തിയിരുന്നു.



പിന്നീട്‌ കുറെക്കാലം മായ എനിക്ക്‌ പച്ചമഷി പേനകൊണ്ട്‌ കത്തയച്ചു.
കുഞ്ഞുണ്ണിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ പന്തംകൊളുത്തി പ്രകടനവും,മൗന ജാഥയും നയിച്ച്‌ ജനങ്ങള്‍ തോറ്റുവെന്ന് അവളൊരിക്കല്‍ എഴുതി. മതിലുകളില്‍ കരിക്കട്ടകൊണ്ടെഴുതിയ കുഞ്ഞുണ്ണി മരണം മഴയും വെയിലുമേറ്റ്‌ മാഞ്ഞുപോയെന്ന് മറ്റൊരിക്കല്‍ അവളെഴുതി. 'കുഞ്ഞുണ്ണിയുടെ പ്രേതം ' ഇപ്പോഴും ഊഞ്ഞാലാടാറുണ്ടോ എന്നാണ്‌ എനിക്ക്‌ അറിയേണ്ടിയിരുന്നത്‌. അതിനവളുടെ മറുപടി വന്നില്ല. പിന്നീട്‌ ഞങ്ങള്‍ക്കിടയിലെ കത്തുകള്‍ നിലച്ചു. ഞാനവളെ മറന്നു അവള്‍ എന്നേയും.

പിന്നീട്‌ ജോലികിട്ടി അവള്‍ ഈ നഗരത്തിലേക്ക്‌ വരുന്നതുവരെ അവള്‍ എന്നേയും ഞാന്‍ അവളേയും മറന്നുവെച്ചത്‌ ഏതു മൂലയിലായിരുന്നുവെന്ന ചോദ്യം ഞങ്ങള്‍ക്കിടയില്‍ക്കിടന്ന് ഉരുണ്ടു കളിച്ചിരുന്നു ഞാനതു ചോദിച്ചില്ല അവളും അത്‌ ഒഴിവാക്കി.


2



ഫോണിനരുകിലേക്കു നടന്ന് മകന്റെ കൂട്ടുകാരുടെ വീട്ടിലേക്ക്‌ ഒന്നുകൂടി വിളിച്ചു ചോദിച്ചു. ആറുമണിക്കുമുമ്പ്‌ വിട്ടിലെത്തിയില്ലെങ്കില്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുത്‌ എന്നുതന്നെയാണ്‌ അവരും പറഞ്ഞത്‌. ആദ്യം ഭര്‍ത്താവിനെ അറിയിക്കണം.രണ്ടു നമ്പര്‍ ഡയല്‍ ചെയ്തു, വിണ്ടും ഫോണ്‍ തഴെവച്ചു. മകന്‍ വരാതിരിക്കില്ല.


മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത്‌ ഞാനെപ്പൊഴും വിചിത്ര സ്വപനങ്ങള്‍ കണ്ടിരുന്നു. ചിത്രകഥയിലെ കുഞ്ഞിദേവതയായ്‌ ഞാനെപ്പൊഴും പറന്നു നടക്കും. ചെടികളും,മൃഗങ്ങളും ,കിളികളും അപ്പോള്‍ എന്നോട്‌ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ വിക്രമാദിത്യനായി ,വേതാളം എന്റെ ചുമലില്‍ പറ്റിയിരുന്നു.ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.കഥകള്‍ക്ക്‌ വലിവുവരുമ്പോള്‍ വേതാളം കൂര്‍ത്ത കുഞ്ഞു നഖംകൊണ്ട്‌ എന്നെയിട്ടു കുത്തി.ഞാന്‍ കഥകള്‍ പറഞ്ഞ്‌ നേരംവെളുപ്പിച്ചു മകന്‍ വയറ്റില്‍കിടന്ന് വളഞ്ഞുപുളഞ്ഞു.,കാല്‍ കുടഞ്ഞു രസിച്ചു. ഞാന്‍ പറഞ്ഞില്ലേ മകന്‍ കഥകള്‍ കേള്‍ക്കാന്‍ മാത്രമായ്‌ ജനിച്ചവനായിരുന്നു.കഥകളില്‍ രസിക്കുന്നവന്‍.



മകന്റെ ദേഹത്ത്‌ എന്തെങ്കിലും പാടുകളോ മറ്റോ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് മായ ഒരിക്കല്‍ പറഞ്ഞു. ഞാനത്‌ അവഗണിച്ചു. കുളിപ്പിക്കാനായ്‌ ഷര്‍ട്ടിന്റേയും ട്രസറിന്റേയും കുടുക്കഴിക്കുമ്പോഴേക്കും മകന്‍ തണുപ്പുകൊണ്ട്‌ വിറക്കും.കുളിക്കാന്‍ അവന്‌ എന്നും ദേഷ്യമായിരുന്നു. സോപ്പു പതകള്‍ മേഘങ്ങളാണെന്നും വെള്ളം സുനാമിയാണെന്നും അവന്‍ പറയും.

സോപ്പ്‌ ചകിരികൊണ്ട്‌ തേച്ച്‌ കുളിച്ചില്ലെങ്കില്‍ ദേഹത്ത്‌ പുഴുക്കള്‍ നിറയുമെന്ന് ഞാനവനെ ഭയപ്പെടുത്തും. 'ശൂശു' വിനെ നന്നായി കഴുകണമെന്ന് ഞാനവനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. എന്റെ മകന്റെ ലിംഗത്തിന്റെ ചെല്ലപ്പേരായിരുന്നു ശൂശു എന്നത്‌. നാളികേരം വെന്ത വെളിച്ചെണ്ണ ദേഹത്തുപുരട്ടുമ്പോള്‍ 'ശൂശു വലുതാകുന്നു അമ്മേ ' എന്ന് അവന്‍ ഒരിക്കല്‍ പറഞ്ഞു. 'പോടാ നിന്റെയൊരു ശൂശു' എന്നും പറഞ്ഞ്‌ കുറച്ചുകൂടി വെളിച്ചെണ്ണ മകന്റെ ലിംഗത്തില്‍ പുരട്ടി. എന്റെ മകന്‍ എനിക്കെപ്പൊഴും കൊച്ചു കുട്ടിയാണ്‌...ഇന്നലെയാണ്‌ അവനുവേണ്ടി ഞാന്‍ തൊട്ടില്‍ കെട്ടിയത്‌,ഇന്നലെയാണ്‌ ഞാന്‍ മുലയില്‍നിന്ന് അവനെ അടര്‍ത്തിയെടുത്ത്‌ പുതപ്പിച്ചുറക്കിയത്‌.




മകന്റെ ഒരു ഫോട്ടോ എടുത്തുവെയ്ക്കുവാന്‍ പറഞ്ഞുകൊണ്ട്‌ മായയുടെ ഫോണ്‍ വീണ്ടും വന്നു.

മുന്‍ നിരയിലെ പല്ലിനിടയില്‍ കറുത്ത ഒരു പാടുണ്ട്‌ അവന്‌,ചിരിക്കുമ്പോള്‍ അതു തെളിഞ്ഞു കാണും പുഴുപ്പല്ല് എന്ന് കളിയാക്കുമ്പ്പ്‌ എന്നു ഭയന്ന് അവന്‍ ഫോട്ടോയില്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കും. അവന്റെ ചിരി 'നിലാവുദിക്കുന്നതുപോലെയാണെന്ന് ' ഞാനൊരിക്കല്‍ ഒരു പുസ്തകത്തില്‍ കോറിയിട്ടിരുന്നു.

'അമ്മേ അമ്മ ചിരിച്ചാല്‍ ഞാനും ചിരിക്കും,അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറഞ്ഞ്‌ എന്നെ കെട്ടിപ്പിടിക്കും എന്റെ മകന്‍...



എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു. ചുണ്ട്‌ ചുട്ട്‌ പൊള്ളുന്നുണ്ട്‌.മൂന്നോ നാലോ പ്രാവശ്യം കക്കൂസില്‍ പോയി.

റോട്ടിലേക്ക്‌ വീണ്ടും ഓടി കണ്ടവരൊടൊക്കെ മകനെപ്പറ്റി ചോദിച്ചു. അവന്റെ രൂപവും പ്രായവും വീണ്ടും വീണ്ടും വിവരിച്ചു.

വിണ്ടും എന്തോ ഒാര്‍മ്മവന്നതുപോലെ വിട്ടിലേക്കുതന്നെ ഞാന്‍ തിരികെ ഓടി. കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ എടുത്ത്‌ കുടഞ്ഞുനോക്കി മകന്റെ മാറിയിട്ട ഉടുപ്പെടുത്ത്‌ മണപ്പിച്ചു.

അപരിചിതര്‍....അവരെപ്പറ്റി മകന്‍ എന്താണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌? സ്നേഹിക്കുന്നവരെ അവന്‍ എങ്ങിനെയാണ്‌ നിര്‍വ്വചിച്ചിരിക്കുന്നത്‌?


കിടപ്പുമുറിയിലേക്കോടി മകന്റെ സ്കൂള്‍ബാഗ്‌ വലിച്ചു പുറത്തിട്ടു.

ഉറുമ്പുകള്‍ അരിച്ചിറങ്ങുന്നതുപോലെയുള്ള അവന്റെ കയ്യക്ഷരം...
ഓരോ പേജിലും കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍

പട്ടങ്ങള്‍ പറത്തുന്ന കുട്ടികള്‍,അസ്തമിക്കുന്ന ആകാശം, കുന്നുകള്‍,മലകള്‍,പക്ഷികള്‍.....



എവിടെയാണ്‌ അപരിചിതരെ അവന്‍ വരച്ചിട്ടിരിക്കുന്നത്‌? എന്തു മുഖമാണ്‌ അപരിചിതര്‍ക്കായ്‌ അവന്‍ നീക്കിവെച്ചിരിക്കുന്നത്‌?


പേടിക്കുമ്പോഴൊക്കെ ഞാന്‍ പലവട്ടം ഛര്‍ദ്ദിക്കും. അന്നു കഴിച്ച വറ്റുകള്‍ മുഴുവനും അഗാധതയില്‍ നിന്നും പുറത്തുവരും കണ്ണില്‍ ചുവന്നു മെലിഞ്ഞ രേഖകള്‍ പായല്‍ പോലെ പരക്കും.


ഞാന്‍ മതിയാവൊളം ഛര്‍ദ്ദിച്ചു.


ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച്‌ മേശപ്പുറത്തിരിക്കുന്ന മകന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കി. ' അമ്മേ..അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറയാനാകാതെ നിസ്സഹായനായ എന്റെ മകന്‍..

പേടിച്ചാല്‍ അവനൊന്ന് പകയ്ക്കും പിന്നെയൊന്ന് തലകുനിക്കും പിന്നെയിരുന്നു കരയും...


പൊട്ടിക്കരഞ്ഞുകൊണ്ട്‌ മകന്റെ ഫോട്ടോ ഞാന്‍ കയ്യിലെടുത്തു. അവനെ ഞാന്‍ മുത്തുരാജാ എന്നും പച്ചക്കുതിര എന്നും വിളിച്ചു.
മുഖത്തടിച്ചുകൊണ്ട്‌ 'നീയെവിടെയാടാ പൊട്ടാ' എന്ന് അലറി.


എന്റെ മകന്‍ - എല്ലാ കുട്ടികളുടേയും പോലെ,കറകളില്ലാത്ത ചെക്കന്‍.. അശ്രദ്ധകൊണ്ട്‌ അവനെ നഷ്ടപ്പെടുത്തിയവന്‍, പേടിയെ അവഗണിച്ചവന്‍, അപരിചിതരെപ്പറ്റി ഒരിക്കലും രേഖപ്പെടുത്താത്തവന്‍..

Monday, February 23, 2009

ദേഴാ-വൂ

സമയം വൈകീട്ട്‌ 5.30

ന്യൂയോര്‍ക്കിലെ ഗ്രാന്റ്സെന്റ്രല്‍ സ്റ്റേഷനില്‍നിന്നും ട്രെയിന്‍ കയറുന്നവരുടെ ക്യൂവിലായിരുന്നു ഞാന്‍.മുന്നിലെ തടിച്ചിയായ മദാമ്മയുടെ ഭീമമായ ചുമലുകള്‍ക്കുപിന്നില്‍ എന്റെ കാഴ്ച്ച മുഴുവനായും നഷ്ടപ്പെട്ടിരുന്നു.പിന്നിലെ ചൈനക്കാരന്റെ ലാപ്പ്ടോപ്പിന്റെ ഭാരം മുഴുവനും എന്റെ പിന്‍ തുടകളില്‍ അമരുമ്പോള്‍ ഞാന്‍ മദാമ്മയെ പതുക്കെ ഉന്തിനീക്കാന്‍ തുടങ്ങിയിരുന്നു.

ട്രെയിനില്‍നിന്നറങ്ങിവരുന്ന യാത്രക്കാരെല്ലാവരും എന്നെനോക്കിച്ചിരിക്കുകയും കീഴ്ത്താടി താഴേക്കമര്‍ത്തി അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്‌. വെകീട്ട്‌ അഞ്ചരമണിയായിട്ടും അവരുടെയൊന്നും ഉടുപ്പുകള്‍ ചുളിഞ്ഞിട്ടില്ല,മുഖത്ത്‌ മടുപ്പ്‌ നിറഞ്ഞിട്ടില്ല,പെര്‍ഫൂമിന്റെ മണം പോലും ശുദ്ധവും തീഷ്ണവുമാണ്‌. എന്തുകൊണ്ടാണിത്‌?

ജനലിനോടടുത്ത സീറ്റിലാണ്‌ ഞാനിരുന്നത്‌. എന്റെ ഇടതുവശത്തെ സീറ്റ്‌ ഒഴിഞ്ഞുകിടന്നു.ആരും അവിടെ ഇരുന്നില്ല. സീറ്റുകിട്ടാതെ പലരും കമ്പിയില്‍ ചാരിയും തൂങ്ങിയും നില്‍ക്കുന്നുണ്ട്‌ ചിലര്‍ എന്നെ തുറിച്ചുനോക്കുകയും ,ചിലര്‍ എന്നോട്‌ ചിരിക്കുകയും പരിചയം നടിക്കുകയും ചെയ്തു.
സ്ഥിരമായി യാത്രചെയ്യുന്ന ട്രെയിനാണ്‌ .പരിചയക്കാര്‍ ഉണ്ടായിരിക്കും.ഇന്ത്യക്കാര്‍ കുത്തിത്തിരുകി താമസിക്കുന്ന സ്ഥലത്താണ്‌ എന്റേയും വീട്‌.ഒരുപാടുപേര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വഴികളിലൂടെയാണ്‌ നിത്യവുമുള്ള യാത്രകള്‍.അപരിചിതര്‍ എന്ന് എനിക്ക്‌ തോന്നുന്നവര്‍പോലും പരിചയക്കാരായിരിക്കാം.

അപ്പുറത്തെ സീറ്റ്‌ ഒഴിഞ്ഞുതന്നെ കിടന്നു.
പുറത്ത്‌ പതിവു കാഴ്ച്ചകള്‍ തന്നെയാണ്‌. ബാഗിനുള്ളില്‍നിന്നും ഐപ്പോഡ്‌ പുറത്തെടുത്തു, എണ്‍പതുകളിലെ മലയാളഗാനങ്ങള്‍ സ്റ്റോര്‍ചെയ്തുവെച്ചിട്ടു കുറച്ചു നാളുകളായി,സ്വസ്ഥമായിരുന്ന് കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 'To do' ലിസ്റ്റില്‍ ചെയ്തുതീര്‍ക്കാന്‍ ഇനിയും ജോലികള്‍ ബാക്കിയുണ്ട്‌. നാളെ മകന്റെ സോക്കര്‍ മേച്ചാണ്‌ അമ്മ ചെന്നില്ലെങ്കില്‍ 'you don't care for me Amma' എന്നു പറയും.

അഞ്ചരമണിയാകുമ്പോഴേക്കും വല്ലാത്ത തലവേദനയാണ്‌.ഇയര്‍ഫോണ്‍ കാതിലമര്‍ത്തുന്നതിനുമുമ്പ്‌ ഒരു ഏസ്പിരിന്‍ വെള്ളമില്ലാതെ എടുത്തു വിഴുങ്ങി.പാട്ടിന്റെ ശബ്ദം കുറച്ചുകൂടി ഉയര്‍ത്തിവെച്ചു.

'ഇന്നുമെന്റെ കണ്ണുനീരില്‍' കേള്‍ക്കുമ്പോള്‍ വല്ലാതെ ശ്വാസം മുട്ടും. പഴയ കാമുകനെപ്പറ്റി ഓര്‍മ്മവരും മുഖം ഓര്‍മ്മയില്ല എങ്കിലും പ്രണയം മാത്രം മായുന്നില്ല.

പാട്ടുകളില്‍ മുഴുകിയിരിക്കുമ്പോഴാണ്‌ സീറ്റ്‌ ചെറുതായൊന്ന് അനങ്ങിയത്‌.അപ്പുറത്ത്‌ ആള്‍ വന്നിരിക്കുന്നു.

അപ്പുറത്തെ ആള്‍ എന്നെനോക്കി 'ഹായ്‌' പറഞ്ഞു. പെട്ടന്നാണ്‌ മുഖം ശ്രദ്ധിച്ചത്‌.'ജോക്കര്‍'...

'ബാറ്റ്മേനിലെ' ജോക്കറല്ലേ നിങ്ങള്‍?

ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ വിടര്‍ത്തി ചിരിച്ചുകൊണ്ട്‌ ജോക്കര്‍ തലയാട്ടി.

ഞാന്‍ 'The dark knight'മൂന്നുവട്ടം കണ്ടു നിങ്ങളാണ്‌ എന്റെ ഹീറോ..

ജോക്കര്‍ ചിരിച്ചു.

'എനിക്ക്‌ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം' ജോക്കര്‍ പറഞ്ഞു.


'ഇത്രപെട്ടന്നോ"

'എന്റെ എല്ലാകാര്യങ്ങളും പെട്ടന്നാണ്‌'.

പെട്ടന്ന് ട്രെയിന്‍ നിന്നു. ജോക്കര്‍ എഴുന്നേറ്റ്‌ യാത്ര പറഞ്ഞു.

പെട്ടന്നാണ്‌ എനിക്കൊരു കാര്യം ഓര്‍മ്മവന്നത്‌.

'നിങ്ങള്‍ മരിച്ചില്ലേ?'

ജോക്കര്‍ അകലെയെത്തിയിരുന്നു. ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റു നിന്ന് കഴിയാവുന്നത്ര ഉറക്കേ ശബ്ദിച്ചു.

'Didn't you commit suicide?'

'Not really' ജോക്കര്‍ വിളിച്ചു പറഞ്ഞു.


ഓ! ഇല്ലേ എനിക്ക്‌ ഈയിടെയായി ഭയങ്കര ഓര്‍മ്മ പിശകാണ്‌. ജീവിച്ചിരിക്കുന്ന ആളെ മരിച്ചില്ലേയെന്ന് വിളിച്ചു ചോദിക്കുന്നത്‌ അടികിട്ടാത്ത സൂക്കേടാണ്‌.

പെട്ടന്നാണ്‌ അപ്പുറത്തെ പൊതി ശ്രദ്ധിച്ചത്‌. എന്റെ പേരെഴുതി ചതുരാകൃതിയില്‍ ഭംഗിയായി പൊതിഞ്ഞ ഒരു ബോക്സിരിക്കുന്നു!

ജോക്കര്‍ വെച്ചുപോയതായിരിക്കുമോ? എനിക്കായി എന്തു തരാനാണ്‌?


'ദയവായി കുറച്ചു നീങ്ങിയിരിക്കുമോ?'

അപ്പുറത്തുനില്‍ക്കുന്ന മദ്ധ്യവയസ്കന്‍ ഔപചാരികതയോടെ ചോദിച്ചു.

പൊതിയെടുത്ത്‌ മടിയില്‍ വെച്ചുകൊണ്ട്‌ കുറച്ചുകൂടി നീങ്ങിയിരുന്നു.

'എന്താണ്‌ പൊതിയില്‍?' മദ്ധ്യവയസ്കന്‍ കാണാതെ ഓന്നു കുലുക്കിനോക്കി. ചെറുതായി എന്തോ ഒന്ന് കിടുങ്ങുന്നുണ്ട്‌. കുറച്ചു വലിയ സാധനമാണ്‌. കനവുമുണ്ട്‌.

ടിക്കറ്റ്‌ കളക്ടര്‍ വന്ന് ടിക്കറ്റ്‌ പരിശോധിച്ചു.ഒരു പ്രാവശ്യം വന്ന് പരിശോധിച്ചതാണ്‌ വീണ്ടും വന്ന് എന്തിനാണ്‌ എല്ലാവരുടേയും ടിക്കറ്റ്‌ പരിശോധിക്കുന്നത്‌? എല്ലാവരുടേയും മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കുന്നുമുണ്ട്‌.

'ടെററിസ്റ്റ്‌ അലര്‍ട്ടുണ്ട്‌' കമ്പിയില്‍ തൂങ്ങിക്കിടന്നിരുന്ന കോളേജുകുമാരന്‍ അപ്പുറത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോടു പറഞ്ഞു.
പെണ്‍കുട്ടി 'Whatever' എന്നു പ്രതികരിച്ചു.


എന്റെ മടിയിലെ പൊതിയെ ഞാന്‍ കമ്പിളി ഷാള്‍ എടുത്ത്‌ മൂടിവെയ്ക്കാനായ്‌ ശ്രമിച്ചു.പറ്റുന്നില്ല ഷാള്‍ വെറും അലങ്കാരവസ്തു മാത്രമായതിനാല്‍ വളരെ ചെറുതും വീതികുറഞ്ഞതുമാണ്‌.അല്ലെങ്കില്‍ത്തന്നെ ഞാന്‍ ഇതിനെ എന്തിനു മൂടിവെയ്ക്കണം?

എന്റെ പേര്‍ വ്യക്തമായെഴുതിയ സമ്മാനപ്പൊതിയായിട്ടേ മറ്റുള്ളവര്‍ അതിനെ കണക്കാക്കുകയുള്ളു.

എത്ര ശ്രമിച്ചിട്ടും ഹൃദയം ശക്തിയായി മിടിക്കുന്നു. 'പണ്ടാരം' ഇതിനെ എന്തിനാണ്‌ ഞാന്‍ എന്റെ മടിയില്‍ കയറ്റിവെച്ചത്‌? ട്രെയിനില്‍ത്തന്നെ വെച്ചിട്ടുപോകാം, പക്ഷെ എന്റെ അഡ്രസ്സ്‌ വ്യക്തമായി അതിലെഴുതിയിട്ടുണ്ട്‌. അഡ്രസ്സ്‌ കീറിക്കളയാം. പക്ഷെ വിരലടയാളം നന്നായി പതിഞ്ഞിട്ടുണ്ട്‌. സംശയം തോന്നിയാല്‍ FBI വന്ന് DNA ടെസ്റ്റ്‌ വരെയെടുക്കും. എന്താണു ചെയ്യേണ്ടത്‌?

മൊബെല്‍ ശബ്ദിച്ചു. അകാരണമായ്‌ ഒന്നു ഞെട്ടി. മദ്ധ്യവയസ്കന്‍ അതുകണ്ട്‌ ഒന്നു പുഞ്ചിരിച്ചു.

ഭര്‍ത്താവാണ്‌.

'മയൂരയില്‍ കയറിവരുമ്പോള്‍ ഫ്രോസണ്‍ വാഴയില വാങ്ങാന്‍ മറക്കരുത്‌'.

'വേറെയെന്തെങ്കിലും?'

'സദ്യക്കു വേണ്ടതെല്ലാം നീ ലിസ്റ്റിലെഴുതിയിട്ടില്ലേ?'

'ഉണ്ട്‌'.

പെട്ടന്ന് ഓണം ഓര്‍മ്മവന്നു.പൂക്കളം,ഉപ്പേരി,പാല്‍പായസം..

പക്ഷെ ആ വാക്ക്‌ എന്താണ്‌? ഉത്രാടത്തിന്റെ അന്ന് തുമ്പപ്പൂക്കള്‍ക്കു നടുവില്‍ കുത്തി നിര്‍ത്തി അണിയിച്ചൊരുക്കുന്ന സാധനം..

എന്താണ്‌...എന്താണ്‌...

ഇന്നലെയും ഒരു വാക്ക്‌ അന്വേക്ഷിച്ച്‌ കുറെ അലഞ്ഞതാണ്‌. എന്താണ്‌ ആ വാക്ക്‌?

തലവേദന ഒരു ഏസ്പിരിന്‍ കൊണ്ടു നിന്നില്ല.വീണ്ടുമൊന്ന് വിഴുങ്ങി.പൊതി തുടയില്‍ ഇപ്പോഴും അമര്‍ന്നിരിപ്പുണ്ട്‌. അടുത്തത്‌ എന്റെ സ്റ്റോപ്പാണ്‌.


ചാടിയിറങ്ങി. പൊതി എവിടെയെങ്കിലുംകളയണം. പ്ലാറ്റ്ഫോമില്‍ പോലീസുകാര്‍ ചിതറി നില്‍ക്കുന്നുണ്ട്‌.നന്നായി പൊതിഞ്ഞുകെട്ടിയ സാധനം ചവറ്റുകുട്ടയിലിട്ടാല്‍ അവര്‍ക്ക്‌ സംശയം തോന്നില്ലേ? പോലീസ്‌ നായ വന്ന് മണപ്പിച്ചാലോ?

ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ട്‌ പാര്‍ക്കിങ്ങ്‌ ലോട്ടിലെത്തി.

കാറിന്റെ താക്കോല്‍ കാണുന്നില്ല.


ഏസ്പിരിന്‍,സാനിറ്ററി നാപ്കിന്‍,ഹെയര്‍ബാന്റ്‌,ലിപ്പ്ബാം,ഒരുകുപ്പിവെള്ളം.....താക്കോലെവിടെ?

താക്കോലിതാ കയ്യിലുള്ള പൊതിക്കു മുകളിലിരിക്കുന്നു. ഞാന്‍ താക്കോലെടുത്ത്‌ പൊതിയുടെ മുകളില്‍ വെച്ചിരുന്നോ? തലയിലിട്ട്‌ രണ്ട്‌ തട്ട്‌ കൊടുത്തു. തലച്ചോറ്‌ നന്നായൊന്ന് ഇളകട്ടെ.

കാറില്‍ കയറി ഡോര്‍ നന്നായ്‌ ലോക്ക്‌ ചെയ്തുവെന്ന് ഉറപ്പു വരുത്തി.പൊതി തുറക്കണം.ഒന്നുകൂടി കുലുക്കിനോക്കി.ഉള്ളില്‍ എന്തോ ഒന്ന് ഉരുളുന്നുണ്ടോ?

ബോംബായിരിക്കുമോ?? ദൈവമേ...

പൊതിതുറന്നാല്‍ ഞാനും കാറും?

ജോക്കറല്ലെങ്കില്‍ പിന്നെ ആരെയൊക്കെയാണ്‌ സംശയിക്കേണ്ടത്‌?

ആരൊക്കെയാണ്‌ എന്നെ തുറിച്ചു നോക്കിയത്‌? ആരൊക്കെയാണ്‌ പുഞ്ചിരിച്ചത്‌? മുഖം ചില്ലു ഗ്ലാസ്സില്‍ നീരാവി പരന്നതുപോലെ അവ്യക്തമാണ്‌.

കാര്‍ സ്റ്റാര്‍ട്ടു ചെയ്തു.മയൂരയില്‍ കയറി പച്ചക്കറി വാങ്ങണം.അവിടെയെവിടെയെങ്കിലും പൊതി വെച്ചിട്ടുപോരാം.

പൊതിയെടുത്ത്‌ കാര്‍ലോക്ക്‌ ചെയ്ത്‌ പുറത്തിറങ്ങി.

മയൂര ശൂന്യമാണ്‌.സാധാരണ ഈ സമയത്ത്‌ ആളുകള്‍ നിറയുന്നതാണ്‌.ഞാന്‍ മാത്രമേ ഇവിടെ ഇന്ന് ഷോപ്പിങ്ങിനായ്‌ വന്നിട്ടുള്ളു? പച്ചക്കറികളൊക്കെ വാടിയതാണ്‌.

പൊതി ഇവിടെ ഉപേഷിക്കാന്‍ പറ്റില്ല. മയൂരയിലെ കാഷ്യറുടെ കണ്ണുകള്‍ എന്റെ ദേഹത്താണ്‌.

പണ്ടാരം....ഇന്നിവിടെ തിരക്കില്ലാത്തത്‌ എന്തുകൊണ്ടാണ്‌...

പൊതിപിടിച്ചുകൊണ്ട്‌ അപ്പുറത്തെ വാള്‍മാര്‍ട്ടില്‍ കയറി.കുറച്ച്‌ ഇറച്ചിയും കിട്ടിയാല്‍ മീനും വാങ്ങിക്കണം.

ആളുകള്‍ ഇവിടെയും തീരെയില്ല. ആളുകള്‍ക്കിന്ന് വിശപ്പും ദാഹവുമില്ലേ?

നോണ്‍ വെജ്‌ ഇരിക്കുന്ന ഫ്രീസര്‍ തുറന്നു.

അളിഞ്ഞ മണം വരുന്നു.എല്ലാതട്ടുകളും ശൂന്യമാണ്‌.നിലത്ത്‌ ചോര മഞ്ഞുകട്ടയായ്‌ കിടക്കുന്നു. മനുഷ്യന്റേതെന്ന് തോന്നിക്കുന്ന തുറിച്ച നാലു കണ്ണുകള്‍ മഞ്ഞുകട്ടയ്ക്കും,അടിയിലുള്ള വെളുത്ത ട്രേയ്ക്കുമിടയില്‍ ഉറച്ചു കിടക്കുന്നു.

അമ്മേ....

വേഗം വന്ന് കാറില്‍ കയറി.

പൊതിയെടുത്ത്‌ പേടിയോടെ അപ്പുറത്തുവെച്ചു. ഞാനിനി അതിനെ തൊടില്ല.

സ്റ്റിയറിങ്ങില്‍ മുഖമമര്‍ത്തി. മൂക്കില്‍ നിന്നും ചൂടുള്ള വെള്ളം വരാന്‍ തുടങ്ങിയിരുന്നു.
ഞാനൊരു തീവ്രവാദിയല്ല.. Iam not a Terrorist..

തല അറിയാതെ ഹോണില്‍ ചെന്നിടിച്ചു.

ഒരു വൃദ്ധവന്ന് ഡോറില്‍ തട്ടി.

'Are you allright dear?'

വേഗം കണ്ണുകള്‍ തുടച്ചു. ഞാനെന്തിനാണ്‌ കരയുന്നത്‌?

'Yes I'm fine just having a bad day'

വൃദ്ധ ചിരിച്ചുകൊണ്ട്‌ കൈവീശി.

വീട്ടിലേക്ക്‌ വേഗം വണ്ടിയോടിച്ചു.ഭര്‍ത്താവിനോട്‌ കാര്യം പറയണം. അദ്ദേഹത്തിനെ കെട്ടിപ്പിടിച്ചൊന്ന് കരഞ്ഞാല്‍ത്തന്നെ കുറെ ആശ്വാസം കിട്ടും.

കാര്‍ വീട്ടില്‍ നിന്നും കുറെ അകലെ പാര്‍ക്കു ചെയ്യാം. പൊതി വീട്ടിലേക്കെടുക്കരുത്‌. ഇനിയത്‌ തൊട്ടു നോക്കുകപോലുമരുത്‌.

വീടിന്റെ അടുത്തെത്താറായപ്പോഴേക്കും രണ്ട്‌ ഫയര്‍ ട്രക്കുകള്‍ എന്റെ കാറിനെ ഓവര്‍ട്ടേക്ക്‌ ചെയ്ത്‌ കുതിച്ചു പോയി.എവിടെയോ തീപിടിച്ചിട്ടുണ്ട്‌. എല്ലാം എന്റെ പരിചയക്കാരുടെ വീടുകളാണ്‌. പിന്നിലൂടെ ആംബുലന്‍സും പോലീസും വരുന്നു.

കാര്‍ റോഡിന്റെ അരുകിലേക്ക്‌ നീക്കി നിര്‍ത്തി. എന്റെ വീട്ടിലേക്കാണ്‌ അവര്‍ ടേണ്‍ ചെയ്യുന്നത്‌...
അയല്‍പക്കക്കാരുടെ വിരലുകളെല്ലാം ചൂണ്ടി നില്‍ക്കുന്നത്‌ എന്റെ വീട്ടിലേക്കാണ്‌.

കാര്‍ ഓഫ്‌ ചെയ്ത്‌ വീട്ടിലേക്ക്‌ പറ്റാവുന്നതിലുമധികം ശക്തിയെടുത്ത്‌ ഓടി.

'എന്റെ ഭര്‍ത്താവെവിടെ?എന്റെ കുട്ടികളെവിടെ?'

പോലീസ്‌ ഓഫീസറുടെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ച്‌ ഞാനലറി.

'നിങ്ങളുടെ അമ്മയാണ്‌ മരിച്ചത്‌'.

'അതിനെന്റെ അമ്മ നാട്ടിലല്ലെ?'

' അവര്‍ ഇവിടെയായിരുന്നു. ആരോ നിങ്ങളുടെ അമ്മയെ ആക്രമിച്ച്‌ നിങ്ങളുടെ വീട്‌ തീവെച്ചു'.

'എന്തിന്‌ എന്റെ അമ്മയെ ആക്രമിക്കണം? എന്തിന്‌ എന്റെ വിട്‌ തീവെയ്ക്കണം?

'ആരോ ഒരു പൊതിയന്വേക്ഷിച്ചു വന്നുവെന്ന് അമ്മ മരണമൊഴിയില്‍ പറഞ്ഞു'.

'That fucking box was with me not with her'

'ഞാനായിരുന്നു തീവ്രവാദി ഞാനായിരുന്നു മരിക്കേണ്ടിയിരുന്നവള്‍..എന്റെ അമ്മയല്ല'.

ഞാന്‍ എന്റെ കൈകള്‍ രണ്ടും സിമന്റു മുറ്റത്തിട്ട്‌ തല്ലിച്ചതച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവുവന്നു. കൂടെ കുട്ടികളുമുണ്ട്‌. ഭര്‍ത്താവ്‌ എന്നെക്കണ്ടതും പുഞ്ചിരിച്ചു.

'പദപ്രശനത്തിലെ വാക്കു കിട്ടിയോ?'

'ഏതുവാക്ക്‌?'

'ആ വാക്ക്‌ നീ തിരഞ്ഞത്‌'..

'എന്തുവാക്ക്‌..എന്തു തിരഞ്ഞു'..

'ആറുകള്ളികളല്ലേ പൂരിപ്പിക്കണ്ടിയിരുന്നത്‌? തൃക്കാക്കരപ്പന്‍ എന്നാണ്‌'.

'തൃക്കാക്കരപ്പന്‍?'

---?

ആറുകള്ളികളല്ലേ..

Victim എന്നല്ലേ? ഞാന്‍ പറഞ്ഞു..

അല്ല. തൃക്കാക്കരപ്പന്‍ എന്നാണ്‌...

നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?

ഭര്‍ത്താവിന്റെ ചൂണ്ടുവിരല്‍ എന്റെ ഹൃദയത്തിലേക്കു നീണ്ടു.

Victim എന്നല്ലേ?

എങ്കില്‍ Victim എന്നാണ്‌.

ഉറങ്ങിക്കോളൂ..ഭര്‍ത്താവ്‌ എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

ഉറക്കം സുഖകരമാണ്‌..നമ്മള്‍ ഒന്നും അറിയുന്നില്ല.ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും അവിടെയില്ല. ഭര്‍ത്താവിന്റെ കൈക്കുള്ളില്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെയാണ്‌ ഉറങ്ങുന്നത്‌.


പകല്‍
--------

7.45 ന്‌ അലാം അടിച്ചു. വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു. ഇതാരാണ്‌ മുന്നോട്ടു തിരിച്ചുവെച്ചത്‌? ഇന്ന് ട്രെയിന്‍ മിസ്സാകും.

പെട്ടന്നാണ്‌ ഇന്ന് ശനിയാഴ്ച്ചയാണെന്ന് ഓര്‍മ്മ വന്നത്‌. ഭര്‍ത്താവ്‌ തൊട്ടപ്പുറത്ത്‌ വില്ലാകൃതിയില്‍ കിടന്നുറങ്ങുന്നുണ്ട്‌.

ശബ്ദമുണ്ടാക്കാതെ കുട്ടികളുടെ മുറിതുറന്നുനോക്കി. ഇന്ന് മകന്റെ സോക്കര്‍ മേച്ചാണ്‌.ഇന്നലത്തെ കളിയുടെ ക്ഷീണംകൊണ്ട്‌ തളര്‍ന്നുറങ്ങുകയാണ്‌.മകളുടെ കൈകള്‍ പതിവുപോലെ ബാര്‍ബിയുടെ മുകളിലാണ്‌.

ഇഡലിമാവ്‌ പുളിച്ച്‌ പൊന്തിയിട്ടുണ്ടാകും.ഒരു ദിവസമെങ്കിലും തിരക്കുകൂട്ടാതെ ബ്രേയ്ക്ക്ഫാസ്റ്റ്‌ കഴിക്കണം. പതുക്കെ അടുക്കളയിലോട്ടു നടന്നു.

അടുക്കളയിലെ മേശക്കു മുകളില്‍ ചതുരാകൃതിയിലുള്ള ഒരു പൊതിയിരിക്കുന്നു.മുകളില്‍ ചുവന്ന ഹൃദയങ്ങളുടെ സ്റ്റിക്കര്‍ നിറയെ ഒട്ടിച്ചു വെച്ചിട്ടുണ്ട്‌. ഈ പൊതി എവിടെയോ ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ?

എവിടെയാണ്‌?

ഇപ്പോഴായി എനിക്ക്‌ ഭയങ്കര 'Deja Vu' ആണ്‌.

ഭര്‍ത്താവ്‌ പിറകിലൂടെ വന്ന് തോളില്‍ കയ്യമര്‍ത്തി.
മേശപ്പുറത്തെ പായ്ക്കറ്റുകണ്ട്‌ പുരികം മുകളിലേക്കുയര്‍ത്തി..

'ഫെബ്രുവരി മാസമാണ്‌. കുട്ടികള്‍ വെച്ചതായിരിക്കും'.

ഭര്‍ത്താവ്‌ സമ്മാനപ്പൊതിതുറക്കാനായി കത്രിക തിരഞ്ഞു.

'തുറക്കണ്ട ഞാന്‍ വീടിനു പുറത്തുപോയി തുറന്നുനോക്കാം.'

ഭര്‍ത്താവ്‌ എന്നെ അന്തം വിട്ടു നോക്കി.

കുടിച്ചിരുന്ന ചായ പകുതിയില്‍ നിര്‍ത്തി മേശപ്പുറത്തുവെച്ചു,ചെരിപ്പുപോലുമിടാതെ സമ്മാനപ്പൊതിയെടുത്ത്‌ വെപ്രാളത്തോടെ മുറ്റത്തേക്കിറങ്ങി.

ശനിയാഴ്ച്ചയാണ്‌ -

അധികം തണുപ്പില്ലാത്ത പ്രഭാതത്തിന്റെ ഭംഗി ആസ്വദിക്കാനായി കുറേപ്പേര്‍ ഇന്ന് നടക്കാനിറങ്ങിയിട്ടുണ്ട്‌.

അപ്പുറത്തെ ഒഴിഞ്ഞ പറമ്പില്‍ ബാസ്ക്കറ്റ്ബോള്‍ കളിച്ചു തിമര്‍ക്കുന്ന കുട്ടികള്‍..ഒറ്റപ്പെട്ട്‌ പ്രത്യക്ഷപ്പെടുന്ന കാറുകള്‍...

നിശബ്ദതയുടെ സാധ്യതകള്‍ തേടിക്കൊണ്ട്‌ കണ്ണ്‍ വല്ലാതെ ചിമ്മിക്കൊണ്ടിരുന്നു.

കുട്ടികള്‍,മനുഷ്യര്‍,വീടുകള്‍,കാറുകള്‍...

കാറുകള്‍,വീടുകള്‍,മനുഷ്യര്‍,കുട്ടികള്‍..

ദൈവമേ..വിജനമായ ഒരിടംതേടി എന്റെ കാലുകള്‍ പായുന്നതും,മൂക്കറ്റം വിയര്‍ത്തൊലിക്കുന്നതും എന്തുകൊണ്ടാണ്‌? കൈകള്‍ വിറക്കുന്നതും ഹൃദയം ശക്തിയായി മിടിക്കുന്നതും എന്തുകൊണ്ടാണ്‌?

പറയൂ ദൈവമേ എന്തുകൊണ്ടാണ്‌??

Sunday, January 18, 2009

മാര്‍ത്താണ്ഡവര്‍മ്മ

അവളുടെ അമ്മയാണ്‌ ഉണ്ണിക്കായൊരു കോഴിക്കുഞ്ഞിനെക്കൊടുത്തത്‌.
ഓറഞ്ചു തൂവലും കറുത്ത അംഗവാലും വളര്‍ന്നുവരുന്ന ഒരു സുന്ദരന്‍ കോഴിക്കുഞ്ഞ്‌.

'കുരുപ്പിന്‌ ചള്ളുപ്രായത്തിലേ കുരുത്തംകെട്ട ശീലങ്ങളാ,മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാന്‍ വെച്ചാ'
അമ്മ ഉപദേശിച്ചു.

ഗോകുലം എന്ന അമ്മ വീട്ടില്‍ നിന്ന്‌ അവളുടെ വിട്ടിലേക്കുള്ള ദൂരം ഏകദേശം ഒരു മണിക്കൂര്‍ ബസ്സ്‌ യാത്രയാണ്‌. അതിനുള്ളില്‍ കാര്‍ബോഡുപെട്ടിയില്‍ കഴിയാവുന്നത്ര കാഷ്ഠിച്ചു
വെച്ചിരിക്കുന്ന അസത്തു സാധനത്തിനെ ഒരാന്തലോടെയാണെടുത്തു താഴെവെച്ചത്‌.

ഉണ്ണി 'എന്താ അമ്മേ അമ്മമ്മ കൊണ്ടുവന്നത്‌' എന്നു ചോദിച്ച്‌ അടുത്തു വന്നതും കോഴിക്കുഞ്ഞ്‌ മുമ്പോട്ട്‌ രണ്ടടിവെച്ച്‌ തൂവലുകള്‍ വിടര്‍ത്തി യുദ്ധക്കളത്തിലേക്കോടാന്‍ നില്‍ക്കുന്ന വീരനെപ്പോലെ നിന്ന് 'ഗ്രൂം' എന്ന് കുറുകിയതും ഒപ്പമായിരുന്നു.

ഈ പിശകു സാധനത്തിനെ 'ഗോകുലത്തില്‍' ത്തന്നെ മേഞ്ഞു നടക്കാന്‍ വിടാതെ അമ്മ ഉണ്ണിക്കു സമ്മാനിച്ചതിന്റെ ഔചിത്യം മനസ്സിലായില്ല. ഗോകുലത്തില്‍ പോകുമ്പോഴൊക്കെ കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെ കൗതുകത്തോടെ കളിച്ചു നടക്കുന്ന ഉണ്ണിയെനോക്കി

'പത്തു സെന്റില്‍ വളരുന്ന കുട്ടി ലോകം കണ്ടിട്ടില്ല' എന്ന് അമ്മ അടക്കം പറയാറുണ്ടായിരുന്നത്‌ ഇത്ര മനസ്സില്‍ തട്ടിയായിരുന്നുവോ?

ഭര്‍ത്താവ്‌ ഓഫീസു വിട്ടുവന്നപ്പോള്‍ ചായക്കൊപ്പം ആദ്യം വിളമ്പിയത്‌ കോഴിക്കുട്ടിയുടെ വിശേഷങ്ങളാണ്‌.കൊട്ടക്കടിയില്‍ മൂടിയിട്ടിരിക്കുന്ന വിദ്വാനെ ഒരു വിറയലോടെയാണ്‌ പുറത്തെടുത്തത്‌,എങ്ങാനും ആഞ്ഞു പറന്നുവന്ന് ഭര്‍ത്താവിന്റെ നെഞ്ചത്തേക്കിട്ടൊരു അസ്ത്രം തൊടുത്താലോ?

ഭാര്യവീട്ടുകാര്‍ തന്നെ തട്ടിക്കളയാല്‍ കരുതിക്കൂട്ടി ആളെ വിട്ടിരിക്കുകയാണെന്നും പറഞ്ഞ്‌ മൂപ്പര്‍ മീശപിരിക്കും.

ഒന്നും ഉണ്ടായില്ല.കോഴിക്കുഞ്ഞ്‌ ഭര്‍ത്താവിനെക്കണ്ടതും ഒന്ന് വലം വെച്ച്‌ പതുക്കെ പതുക്കെ തലയുയര്‍ത്തി നടന്നു.പണ്ട്‌ സ്കൂള്‍ നാടകത്തില്‍ മീശയും താടിയും തലയിലൊരു തൂവല്‍തലപ്പാവും വെച്ച്‌ രാജാവായ്‌ വേഷം കെട്ടിനടക്കാന്‍ ശീലിക്കുമ്പോള്‍ അവള്‍ നടന്ന അതേ താളത്തിലുള്ള നടത്തം.എന്തൊരു ഗാംഭീര്യത...


'രാജാവാന്നാ സാധനത്തിന്റെ ഭാവം കോഴിയുടെ യാതൊരു ലക്ഷണവുമില്ല'
അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.


'നല്ല തലയെടുപ്പുള്ള കോഴി,ഇവനെ നമുക്കു 'മാര്‍ത്താണ്ഡവര്‍മ്മ' യെന്നു വിളിക്കാം.
ചരിത്രത്തെ സ്നേഹിക്കുന്ന ഭര്‍ത്താവു പറഞ്ഞു.


എന്തു കുന്തമെങ്കിലും വിളിച്ചോ എന്ന മട്ടില്‍ അവള്‍ തലകുലുക്കി.അവള്‍ക്ക്‌ നായയേയും,പൂച്ചയേയും,പശുക്കുട്ടികളേയുമൊന്നും കൊഞ്ചിച്ചുവളര്‍ത്തുന്ന സ്വഭാവത്തോട്‌ വലിയ താത്പര്യമില്ല.പക്ഷെ ഭര്‍ത്താവും മകനും നേരെ തിരിച്ചാണ്‌.വല്ലാത്ത പ്രകൃതി സ്നേഹികളാണ്‌,എവിടെയെങ്കിലും ഒരു പട്ടിയേയോ പൂച്ചയേയോ കണ്ടാല്‍ മതി ചാടിക്കേറി ഒരു പേരിടും.പിന്നെ തലയിലുഴിഞ്ഞ്‌ കൊഞ്ചിക്കാന്‍ തുടങ്ങും,

ഭര്‍ത്താവ്‌ പതിഞ്ചു വയസ്സുവരെ വളര്‍ന്നത്‌ വടക്കേയിന്ത്യയിലെ ഒരു നഗരത്തിലാണ്‌.ഇടുങ്ങിയ ഫ്ലാറ്റും,ഇടുങ്ങിയ വഴികളും പരിമിതമായ സൗകര്യങ്ങളുമേ ഉണ്ടായിരുന്നുള്ളു.ഫ്ലാറ്റിലൂടെ കാണുന്ന പൊടിയും പുകയും പിടിച്ച്‌ ചാരനിറമായ മരങ്ങളും ,വായ്‌ വട്ടം കുറഞ്ഞ ചട്ടികളില്‍ ഓമനിച്ചു വളര്‍ത്തുന്ന പത്തുമണിപ്പൂക്കളുമല്ലാതെ വേറെയൊന്നും അയാള്‍ കുട്ടിക്കാലത്തു കണ്ടിട്ടില്ല.

പക്ഷെ അവളുടെ സ്ഥിതി മറിച്ചായിരുന്നു.നഗരത്തില്‍നിന്നുമകന്ന ഇടത്തരം ഗ്രാമത്തിലാണ്‌ അവള്‍ ജനിച്ചു വളര്‍ന്നത്‌. ഇഷ്ടം പോലെ സ്ഥലം,പുരയോടടുത്ത്‌ പുഴ,കയറൂരിമേയുന്ന പശുക്കളുടെ പുറത്ത്‌ വെയില്‍ കാഞ്ഞിരിക്കുന്ന ആനത്തുമ്പികളും അടയ്ക്കാരക്കിളികളും.

'നീയൊരു കവിയാകാതിരുന്നത്‌ ചരിത്രത്തിന്റെ ക്രൂരതയാണ്‌.'

വിവാഹപ്പിറ്റേന്ന് തെങ്ങിന്‍ വളപ്പിലൂടെ ചുറ്റി നടക്കുമ്പോള്‍ ഭര്‍ത്താവ്‌ സൂചിപ്പിച്ചു.

മലയാള പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഒരു കവിതാപുസ്തകം പോലും നേരെ ചൊവ്വേ കണ്ടിട്ടില്ല.ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ചില വരികളല്ലാതെ മനസ്സില്‍ ഒരൊറ്റ കവിതാ വരികള്‍പോലും തങ്ങി നിന്നിട്ടില്ല,അതും ഓര്‍ക്കുന്നതു തന്നെ ചില വിഡ്ഢി പെണ്‍കിടാങ്ങളുടെപോലെ കൃഷ്ണനോടുള്ള പ്രേമംകൊണ്ടല്ല. ഭഗവാനായതുകൊണ്ട്‌ അല്ലറ ചില്ലറ പേടിയുണ്ടായിരുന്നു.പിന്നെ മഞ്ചരി വൃത്തത്തിന്റെ ഒരു താളബോധവും.

അങ്ങിനെയുള്ള അവിളെയാണ്‌ ചരിത്രം വഞ്ചിച്ചത്‌!

'കോഴിയെ തൊടരുത്ട്ടോ,അത്‌ ഉണ്ണീടെ കണ്ണു കൊത്തിക്കൊണ്ടോടും..'

അവള്‍ ഉണ്ണിയെ പറഞ്ഞു പേടിപ്പിക്കുമ്പോഴേക്കും ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയുടെ തൂവലില്‍തൊട്ടുനോക്കാനും മാര്‍ത്താണ്ഡവര്‍മ്മ അതിഷ്ടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍ പതുക്കെ തലോടാനും തുടങ്ങി.

അന്നുമുതലാണ്‌ മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടേയും ഉണ്ണി എന്ന കുട്ടിയുടേയും സഞ്ചാരകഥ ആരംഭിക്കുന്നത്‌.

ഭര്‍ത്താവ്‌ ഓഫീസില്‍പ്പോയാല്‍ അവളും,ഉണ്ണിയും,മാര്‍ത്താണ്ഡവര്‍മ്മയും വീട്ടില്‍ തനിച്ചാകും. പതിമൂന്ന് സെന്റ്‌ സ്ഥലം വാങ്ങിയപ്പോള്‍ ബോണസായിക്കിട്ടിയ മല്‍ഗോവമാവിന്റെ പടര്‍ന്നുനില്‍ക്കുന്ന ചില്ലകള്‍ക്കുകീഴില്‍ മാര്‍ത്താണ്ഡവര്‍മ്മയും ഉണ്ണിയും കളിച്ചുകൊണ്ടിരിക്കും.

ഉണ്ണിയുടെ ഊഞ്ഞാലില്‍ മാര്‍ത്താണ്ഡവര്‍മ്മ ചാടിക്കയറും,ഉണ്ണി ഒരു വടിയെടുത്ത്‌ വന്ന് അവനെ നഴ്സറിപ്പാട്ടുകള്‍ പഠിപ്പിക്കാന്‍ കഠിനമായ്‌ പരിശ്രമിക്കും.ചിലപ്പോള്‍ ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയെ കുളിപ്പിക്കും,കൈയ്യില്‍ ചോറുരുളകളുരുട്ടിവെച്ച്‌ തീറ്റിപ്പിക്കും.

ഉണ്ണി - മാര്‍ത്താണ്ഡവര്‍മ്മ - മല്‍ഗോവമാവ്‌ എന്നിവയുടെ ലയനം പകല്‍സമയങ്ങളില്‍ അവളെ കുറച്ചൊന്നുമല്ല സഹായിച്ചത്‌.
കൂട്ടുകാരികള്‍ക്ക്‌ ഫോണ്‍ ചെയ്യുവാനും,ടി.വി പരിപാടികള്‍ ശല്യമില്ലാതെ കാണുവാനും,അടുക്കളപ്പണികള്‍ വേഗം ചെയ്തുതീര്‍ക്കുവാനും അവള്‍ ആ സമയം വിനിയോഗിച്ചു.
ഗോകുലത്തില്‍ നിന്ന് അമ്മയുടെ ഫോണ്‍ ഒന്നിടവിട്ട ദിവസങ്ങളിലിങ്ങോട്ടുവരും.അധികവും ഉപദേശങ്ങളായിരിക്കും.ഉണ്ണിയെ നന്നായി വളര്‍ത്തേണ്ടതുമുതല്‍ പണം കൃത്യമായി സമ്പാദിക്കേണ്ടതുവരെ ആ സദുദ്ദേശ ഫോണില്‍ ഉള്‍പ്പെടും .ഒന്നും പറയാനില്ലെങ്കില്‍ സീരിയലിലെ ഒരു കഥയോ പുതിയതായി ഇറങ്ങിയ സാരി ഡിസൈനെക്കുറിച്ചോ സംസാരിക്കും. മകളെ മാനസികമായി വേദനിപ്പിക്കുന്ന വാര്‍ത്തകളൊന്നും അമ്മ പറയില്ല .അടുത്ത ബന്ധുക്കളുടെ മരണ അറിയിപ്പുപോലും അമ്മ മകളെ വിളിച്ചു പറയാറില്ല. അശുഭ വാര്‍ത്തകലെല്ലാം സെന്‍സര്‍ ചെയ്യപ്പെടും എന്നര്‍ത്ഥം.

ഒരു ദിവസം അവിചാരിതമായി അമ്മ വിട്ടിലേക്കു കയറി വന്നു. അവള്‍ അടുക്കളപ്പണികളുടെ ലഹളയിലായിരുന്നു.ഉണ്ണിയിരുന്ന് ടി.വി കാണുന്നു.മാര്‍ത്താണ്ഡവര്‍മ്മ ഉണ്ണിയുടെ കാല്‍ക്കീഴില്‍ കിടന്നുറങ്ങുന്നു.

'അമ്പലത്തില്‍ കയറിപ്പോകുന്ന വഴി ഒന്നുകേറിപ്പോകാമെന്നു കരുതി'.
അമ്മ പറഞ്ഞു.

അമ്മമ്മ വന്ന സന്തോഷത്തില്‍ ഉണ്ണി ചാടിയെഴുന്നേറ്റു.മാര്‍ത്താണ്ഡവര്‍മ്മ ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ ഒന്നു കുറുകിക്കൊണ്ട്‌ മുന്‍ വാതിലിലൂടെ സ്ഥലം വിട്ടു.
അവള്‍ അമ്മക്കായി നാരങ്ങാവെള്ളവും കുറച്ച്‌ ഉപ്പേരിയും മേശയിലെടുത്തുവെച്ചു.

അമ്മ വടക്കേപ്പുറത്തെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട്‌ അവളുടെ കൊച്ചു പറമ്പ്‌ ഉഴിഞ്ഞുനോക്കി

'കറിവേപ്പിന്‌ മീന്‍ നന്നാക്കിയ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി,സപ്പോട്ടക്ക്‌ കുറച്ച്‌ ആട്ടിന്‍ കാട്ടവും..വാച്ചു പടയ്ക്കും'.
അമ്മ ഓര്‍മ്മിപ്പിച്ചു.

അവള്‍ ഓരോന്നായ്‌ വെച്ചുവരുന്നതേയുള്ളു.ഒറ്റനില ടെറസു വീടാണെങ്കിലും ആവശ്യത്തിലധികം സൗകര്യമുണ്ട്‌.ഫര്‍ണീച്ചറുകളൊക്കെ പതുക്കെ പതുക്കെ വാങ്ങിക്കുന്നതേയുള്ളു. ബാങ്കില്‍ നിന്നും കുറച്ചു തുക ലോണെടുത്തിരുന്നു.പണം തികയാത്തതിനാല്‍ പെയ്ന്റിനുപകരം വെറ്റ്‌ വാഷടിച്ചു,സോഫയ്ക്കുപകരം നാലു ചൂരല്‍ കസേരയും വാങ്ങിയിട്ടു.
അവളുടെ മനസ്സില്‍ ഭാവിയെക്കുറിച്ച്‌ ചില സുന്ദരന്‍ സ്വപ്നങ്ങളൊക്കെയുണ്ട്‌ .മുകളിലേക്ക്‌ ഒരു നില കൂടി ഉയര്‍ത്തിക്കെട്ടിയ വീട്‌,സാരിയുടുത്ത്‌ പുറത്തുപോകുമ്പോള്‍ സാരിയെ പപ്പടം വറുക്കുന്നതുപോലെ വീര്‍പ്പിക്കുന്ന സ്കൂട്ടറിനു പകരം ഒരു കാറ്‌,ഭര്‍ത്താവിന്‌ ഒരു പ്രൊമോഷന്‍.എല്ലാം ഇടത്തരം സ്വപനങ്ങളാണ്‌ അതിനുവേണ്ടി അവള്‍ ഭഗവാന്റെ തൃപ്പാദങ്ങളില്‍ വിനയപുരസ്സരം വിഴുന്നുണ്ട്‌.

'നിന്റെ കോഴി നല്ല ഒത്തവനായല്ലോ മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാന്‍ വെയ്ക്ക്‌ '.

അമ്മയുടെ സ്വരമാണ്‌ സ്വപ്നലോകത്തുനിന്നും മടക്കിവിളിച്ചത്‌.

ശരിയാണ്‌.കുഞ്ഞിച്ചിറകും കുഞ്ഞിക്കാലും വെച്ച്‌ പ്രാഞ്ചി,പ്രാഞ്ചി ഓടിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഒത്തവനായി വളര്‍ന്നിരിക്കുന്നു. ആരും കണ്ടാല്‍കൊതിക്കുന്ന ആകാരഭംഗി.അപ്പുറത്തെ പിടക്കോഴികള്‍ അവനെ സന്ദര്‍ശിക്കാന്‍ ഇങ്ങോട്ടെത്തുമെങ്കിലും അവരെ ഓടിച്ചിട്ട്‌ ഇക്കിളിപ്പെടുത്താനൊന്നും നില്‍ക്കാതെ അവന്‍ തലയുയര്‍ത്തി ചുറ്റും നോക്കി നീട്ടിക്കൂവും.ഉണ്ണി അവന്റെ പ്രിയ സേവകനാണ്‌ വിശക്കുമ്പോള്‍ അരിമണി ,ദാഹിക്കുമ്പോള്‍ വെള്ളം എന്നിവ സമയാസമയം ഉണ്ണി എത്തിച്ചുകൊടുക്കും.
ഞായറാഴ്ച്ച ദിവസങ്ങളില്‍ ഭര്‍ത്താവിന്‌ മല്‍ഗോവമാവിന്റെ ചുവട്ടില്‍ കസേരകൊണ്ടുവന്നിട്ട്‌ ചരിത്ര പുസ്തകവായനയുണ്ട്‌ അന്നേരം ഉണ്ണിയും മാര്‍ത്താണ്ഡവര്‍മ്മയും അവിടെ ഉഗ്രന്‍ കളികളിക്കും.ഇടക്കിടെ മാര്‍ത്താണ്ഡവര്‍മ്മ ഭര്‍ത്താവ്‌ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തില്‍ എത്തിനോക്കിക്കൊണ്ട്‌ തലവെട്ടിക്കും.

'അടിയന്‍ ഗ്രന്ഥപാരായണത്തിലാണ്‌ തിരുമേനിക്ക്‌ എന്താണാവശ്യം'.

ഭര്‍ത്താവ്‌ ചിരിച്ചുകൊണ്ട്‌ ചോദിക്കും.മാര്‍ത്താണ്ഡവര്‍മ്മ പ്രൗഢിയോടെ തല ഒരു വശത്തേക്ക്‌ ചെരിച്ച്‌ മാവിന്‍ ചില്ലയിലേക്ക്‌ പറന്നിരിക്കും.ഉണ്ണി രാജാവിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട്‌ മാവില്‍ വലിഞ്ഞുകേറി ചില്ലയിലിരുന്നാടും.

എല്ലാ ഞായറാഴ്ച്ചയും ഈ ദൃശ്യത്തിന്‌ പുനരാവിഷ്കാരം സംഭവിക്കും.അവളത്‌ കണ്ട്‌ ഊറിച്ചിരിക്കും.

'നാടന്‍ കോഴിയായതുകൊണ്ട്‌ രുചികൂടും..നല്ല നെയ്യുണ്ടാകും കൂട്ടാന്‌'..
അമ്മയുടെ ശബ്ദം സ്വപ്നകാലത്തുനിന്ന് വര്‍ത്തമാനകാലത്തിലേക്ക്‌ വീണ്ടുമെത്തിച്ചു.

അവള്‍ക്ക്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യത്തില്‍ ഒരുതീരുമാനം വേഗമെടുക്കണം.മൂക്കുന്നതിനുമുമ്പ്‌ പിടിച്ചു കൂട്ടാന്‍ വെച്ചില്ലെങ്കില്‍ ഇറച്ചി മരം പോലെയിരിക്കും.
അമ്മയെയാത്രയാക്കിക്കൊണ്ട്‌ ഇറച്ചിക്കൂട്ടാനുകളെപ്പറ്റി ഒരു അന്വേക്ഷണം നടത്തി. പരിചയക്കാര്‍ ആരും പരീക്ഷിക്കാത്ത അപൂര്‍വ്വപാചകകുറിപ്പ്‌ തപ്പിയെടുക്കണം. ഭര്‍ത്താവ്‌ അവളുടെ പാചക നൈപുണ്യത്തെപ്പറ്റി അഭിമാനം കൊള്ളണം.
ദൈവം അയാള്‍ക്കായ്‌ മാത്രം സമ്മാനിച്ച അമൂല്യ രത്നമാണ്‌ അവളെന്ന്' മനസ്സില്‍ കരുതുകയെങ്കിലും വേണം.
പക്ഷെ ഉണ്ണിയുടെ മനസ്സ്‌ വിഷമിപ്പിച്ചുകൂടാ. കുട്ടികളുടെ മനശാസ്ത്രത്തെക്കുറിച്ച്‌ അവള്‍ക്ക്‌ അത്യാവശ്യം ധാരണയൊക്കെയുണ്ട്‌. ആ നിലയിലൂടെ നീങ്ങണം.


പിറ്റേന്ന് അവള്‍ ഉണ്ണിക്കായി ഒരു കഥ പറയാനിരുന്നു.

'പണ്ടുപണ്ടൊരിടത്ത്‌ ഉണ്ണിയെന്നൊരു കുട്ടിയുണ്ടായിരുന്നു. ഉണ്ണിക്ക്‌ മാര്‍ത്താണ്ഡവര്‍മ്മ എന്നൊരു കോഴിയും.അവള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും ഉണ്ണിയുടേയും കളികള്‍ വിവരിച്ചു.ഉണ്ണിക്ക്‌ രസം പിടിച്ചു.ആ തക്കത്തിന്‌ അവള്‍ രണ്ടു ചോറുരുളകള്‍ ഉണ്ണിയുടെ വായിലേക്ക്‌ തിരുകിവെച്ചു. കഥ കയറ്റയിറക്കങ്ങളിലൂടെ സഞ്ചരിച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അവളുടെ അമ്മ അറുക്കാനായ്‌ കൊണ്ടുപോയ കുഞ്ഞാടിനെക്കുറിച്ചു പറഞ്ഞ അതേ കഥ.ഉണ്ണി അവളും മാര്‍ത്താണ്ഡവര്‍മ്മ കുഞ്ഞാടും എന്ന ഒരേയൊരു വ്യത്യാസം മാത്രം.

'ഒരു ദിവസം മാര്‍ത്താണ്ഡവര്‍മ്മ മല്‍ഗോവമാവിന്റെ മുകളിലെ കൊമ്പില്‍ നിന്ന് ആകാശത്തിലേക്ക്‌ കയറിപ്പോയി ഉണ്ണീ;..

'യ്യോ'. ഉണ്ണി കണ്ണു മിഴിച്ചു.

'വേണ്ട മാര്‍ത്താണ്ഡവര്‍മ്മേ..വേണ്ടയെന്ന് അമ്മ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ കേട്ടില്ല.'

'എന്നിട്ട്‌?'

'ആകാശത്തുനിന്ന് മാര്‍ത്താണ്ഡവര്‍മ്മ നെലത്തോട്ട്‌ പെടേന്നൊരു ചാട്ടം കൊടുത്തു'.

'യ്യോ എന്നിട്ടോ?'

'എന്നിട്ടെന്താ..മാര്‍ത്താണ്ഡവര്‍മ്മ മരിച്ചുപോയി..മരിച്ചാല്‍ ആരും കണ്ണുതുറക്കില്ല പൊന്നുങ്കട്ടേ'..

'അപ്പോ എന്താവും പിന്നെ മാത്താണ്ടവമ്മ?'

'മരിച്ചാല്‍ എന്താചെയ്യ..മാര്‍ത്താണ്ഡവര്‍മ്മയെ കൂട്ടാന്‍ വെക്കേണ്ടതായ്‌ വരും തങ്കക്കട്ട്യേ'..

'മരിച്ചാല്‍ കൂട്ടാന്‍ വെയ്ക്കാ ചെയ്യ്യാ?'

അവള്‍ ദുഖഭാവത്തില്‍ അതേയെന്നു തലയാട്ടി.



കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.അവള്‍ ഉണ്ണിയേയും മാര്‍ത്താണ്ഡവര്‍മ്മയേയും കളിക്കാനനുവദിച്ചുകൊണ്ട്‌ ഫോണിനടുത്തേക്കോടി.

അമ്മയാണ്‌. പലതരം വിശേഷങ്ങള്‍ അമ്മയ്ക്കു പറയാനുണ്ട്‌.

'നിന്റെ കോഴീടെ കാര്യം എന്തായി? നിനക്ക്‌ കോഴീനെക്കൊന്ന് പരിചയമില്ലല്ലോ ഞാന്‍ വരണോ?

'ആലോചിക്കുന്നുണ്ടമ്മേ..സമയമാകുമ്പോള്‍ അമ്മയെ വിളിക്കാം.' അവള്‍ പറഞ്ഞു.

'ഇറച്ചി മൂക്കാന്‍ നിലക്കണ്ടട്ടൊ ..പിന്നെ ഒന്നിനും കൊള്ളില്ല'

അവള്‍ ശരിയമ്മേയെന്നും പറഞ്ഞ്‌ ഫോണ്‍ വെച്ചു.

ഫോണ്‍ താഴെവെച്ച്‌ തിരിഞ്ഞു നോക്കിയത്‌ ഉണ്ണിയുടെ മുഖത്തേക്കാണ്‌.
'
'മാത്താണ്ടവമ്മ മരിച്ചാല്‍ ഉണ്ണീം മരിക്കും..ഉണ്ണിനേം കൂട്ടാന്‍ വെയ്ക്കേണ്ടതായിവരും'. ഉണ്ണി കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു.

'മാത്താണ്ടവമ്മ ആകാശത്തേക്ക്‌ കയറിപ്പോകേം വേണ്ട ചാടി മരിക്കേം വേണ്ട.' ഉണ്ണി കരച്ചിലാരംഭിച്ചു.

ഒരു വിധത്തിലാണ്‌ ഉണ്ണിയെ സമാധാനിപ്പിച്ചത്‌. രാത്രിയായപ്പോള്‍ ഉണ്ണിക്ക്‌ കുറച്ച്‌ പനിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ 'മാത്താണ്ടവമ്മ മരിക്കേണ്ട' എന്നും പറഞ്ഞ്‌ ഉണ്ണി വീണ്ടും കരഞ്ഞു.

കുട്ടിയുടെ മനസ്സ്‌ വിഷമിപ്പിക്കുന്ന കഥ ഇനി മേലാല്‍ പറയരുതെന്ന് ഭര്‍ത്താവ്‌ അവളെ ഉപദേശിച്ചു. ശരിയാണ്‌ ആറ്റുനോറ്റുണ്ടായ കുട്ടിയാണ്‌.

'ആകോഴിയെ കൊല്ലുകയും വേണ്ട കൂട്ടാന്‍ വെയ്ക്കുകയും വേണ്ട.കോഴിയങ്ങ്‌ മൂക്കാവുന്നത്ര മൂത്ത്‌ മനുഷ്യന്മ്മാരെപ്പോലെ മരിച്ചോട്ടെ'

അവള്‍ കടുത്ത തീരുമാനമെടുത്ത്‌ ഉണ്ണിയെ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങി.


ഇവിടെ വെച്ച്‌ മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടെ കഥ ശുഭകരമായി പര്യവസാനിക്കേണ്ടതായിരുന്നു. അപ്പോഴാണ്‌ ഈ കഥയുടെ പ്രധാന ഭാഗത്തേക്ക്‌ ഒരു ദുഷ്ടകഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്‌.
ഗ്രാമത്തില്‍ ജനിച്ച്‌ നഗരത്തില്‍ ജീവിക്കേണ്ടിവന്ന ഒരു കുറുക്കന്‍. കുറുക്കനൊരു നല്ല കഥാകൃത്തും കൂടിയാണ്‌. ധാരാളം വായനക്കാരും ആരാധകരും കുറുക്കനുണ്ട്‌.

അമ്മയും കുട്ടിയും കെട്ടിപ്പിടിച്ചുറങ്ങുന്നു. കട്ടിലിന്റെ ഒരു മൂലയിലായി കോഴികിടന്നുറങ്ങുന്നു.കുറുക്കനത്‌ സഹിച്ചില്ല.

ലോകത്തിലെ ഒരു കോഴിയും രാജാവായി ഇങ്ങനെ രസിച്ചു നടന്നിട്ടില്ല.ഒരു കോഴിക്കും കുറുക്കനെപ്പറ്റിച്ച്‌ അധികകാലം ഉല്ലസിച്ച്‌ നടക്കാന്‍ ചരിത്രം ഇടകൊടുത്തിട്ടില്ല.കുറുക്കന്‌ അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളെത്തന്നെ വേണ്ടത്‌ വേണ്ടതുപോലെ ചെയ്യണം.

പിറ്റേന്ന് കുറുക്കന്‍ മതിലിനടുത്ത്‌ പമ്മി നിന്നുകൊണ്ട്‌ ഭര്‍ത്താവിനെ നിരീക്ഷിച്ചു. ആദ്യം കുടുംബനാഥനെ കയ്യിലെടുക്കണം.

ഒരാഴ്ച്ചക്കുശേഷമാണ്‌ ഭര്‍ത്താവിനെ ഒറ്റയ്ക്കൊന്ന് കിട്ടിയത്‌. കുട്ടിയും,അമ്മയും,കോഴിയും അമ്മ വീട്ടില്‍ പാര്‍ക്കാന്‍ പോയിരിക്കുകയാണ്‌,ഒരാഴ്ച്ച ഭര്‍ത്താവ്‌ തനിച്ചേ വീട്ടിലുള്ളു.

'എനിക്കൊരു കാര്യം പറയാനുണ്ട്‌' കുറുക്കന്‍ പറഞ്ഞു.

'എന്തുകാര്യം' ഭര്‍ത്താവ്‌ വായനയില്‍ നിന്നും തലയുയര്‍ത്തി.

'നിങ്ങളിങ്ങനെ മറ്റൊരു പുരുഷനെ വിട്ടില്‍ കയറ്റി പാര്‍പ്പിക്കുന്നത്‌ ശരിയല്ല'.

'ആരെ'?

'മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയെത്തന്നെയാണ്‌ ഉദ്ദേശിച്ചത്‌. പെണ്ണിന്റെ മനസ്സാണ്‌ വെണ്ണപോലെ ഉരുകും..സൂക്ഷിക്കണം.'

ഭര്‍ത്താവ്‌ ചിരിച്ചു. പിന്നെ കണ്ണട ഒന്നെടുത്ത്‌ മുണ്ടിന്റെ കോന്തല കൊണ്ട്‌ തുടച്ച്‌ വീണ്ടും മൂക്കിനു മുകളിലേക്ക്‌ വച്ചു. അതിനര്‍ത്ഥം കുറുക്കന്‍ പറഞ്ഞത്‌ അയാള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ്‌.

'ഞാന്‍ ആലോചിക്കാം'.


കുറുക്കനു സമാധാനമായി.സൂത്രം ഏറ്റിട്ടുണ്ട്‌. കോഴിയാണെങ്കിലും സ്വന്തം പെണ്ണിനെ മറ്റൊരു പുരുഷന്‍ നോക്കുന്നത്‌ ഒരാണിന്‌ സഹിക്കില്ല. ആണഭിമാനത്തിലിട്ടാണ്‌ താന്‍ കുത്തിയിരിക്കുന്നത്‌. കുറുക്കന്‍ സ്ഥലം വിട്ടു.

ഒരാഴ്ച്ച കുറുക്കന്‍ കാത്തിരുന്നു. ഇനി അമ്മയെ ശരിയാക്കണം. മനുഷ്യക്കുട്ടിയെ ഏറ്റവും അവസാനം പറ്റിക്കാം ..കുട്ടിയല്ലേ നിഷകളങ്കനാണ്‌ വേഗം വീഴും.

കുട്ടിയും അമ്മയും കോഴിയും അമ്മ വീട്ടില്‍ നിന്നും തിരിച്ചു വന്നു.

ഒരു ദിവസം ഉച്ചസമയം.മനുഷ്യക്കുട്ടിയും കോഴിയും കളിക്കുകയാണ്‌, അമ്മയിരുന്ന് പഴയ മാസിക മറിച്ച്‌ നോക്കുന്നു.കുറുക്കന്‍ പതുക്കെ അമ്മയുടെ അടുത്തു ചെന്നു.

'നല്ല ചൂട്‌' കുറുക്കന്‍ പറഞ്ഞു.

ശരിയാണെന്നമട്ടില്‍ അമ്മ തലയാട്ടി.

'ചൂടുകാലത്ത്‌ പകര്‍ച്ചവ്യാധികള്‍ കൂടും'

അമ്മവീണ്ടും തലയാട്ടി.

'ഇപ്പോള്‍ കോഴിപ്പനി നാട്ടിലെങ്ങും പടരുന്നുണ്ട്‌'.

'അയ്യോ' അമ്മയ്ക്ക്‌ ആധിയായി.

'നിങ്ങള്‍ക്കും ഒരു കോഴിയില്ലേ?'

അമ്മ ഉണ്ടെന്ന് തലയാട്ടി.

'കുട്ടിയുടെ കൂടെയല്ലേ എപ്പോഴും അതിന്റെ നടപ്പ്‌'.

അമ്മയ്ക്കത്‌ നിഷേധിക്കാനായില്ല.

'കോഴിയുടെ കൂടെ കുട്ടി കൂടുതല്‍ കളിച്ചാല്‍ കുട്ടിയെ വെള്ളപുതപ്പിച്ച്‌ കിടത്തേണ്ടിവരും'.

അമ്മ കുറുക്കനിട്ടൊരു ചവിട്ടുകൊടുത്തു. കുറുക്കന്‌ സമാധാനമായി. അമ്മ പ്രതികരിച്ചിരിക്കുന്നു.മാതൃത്വത്തിന്റെ ലോലഭാവത്തെയാണ്‌ പ്രകോപിപ്പിച്ചിരിക്കുന്നത്‌.അമ്മ മനസ്സ്‌ വേണ്ടതും വേണ്ടാത്തതുമൊക്കെ ചിന്തിച്ച്‌ കാടും മേടും കയറിയിറങ്ങും. കുറുക്കന്‍ ചിരിച്ചുകൊണ്ട്‌ പടിയിറങ്ങി.പോകുന്നവഴി മനുഷ്യക്കുട്ടിയുടെ അമ്മമ്മയുടെ അടുത്തും ഒന്ന് കയറണം.

പ്രായമായിവരുന്നവരാണ്‌.ജാതി,മതം,വിശ്വാസം എന്നിവയൊക്കെ കത്തിനില്‍ക്കുന്ന കാലമാണ്‌.പണ്ടത്തെ കുടുംബമഹിമയെപ്പറ്റി ഓര്‍ത്ത്‌ എപ്പോഴും നെടുവീര്‍പ്പിടുന്നവരാണ്‌.

'പറമ്പെല്ലാം ചിക്കിചികഞ്ഞ്‌ കണ്ട പുഴുവിനേയും പാറ്റയേയും തിന്നു നടക്കുന്ന അശുദ്ധജീവിയെ വീട്ടില്‍ കയറ്റി താമസിപ്പിക്കുക. വീട്ടിലെ മനുഷ്യക്കുട്ടി അതിനെ എടുത്തുകൊണ്ടു നടക്കുക..ഇതെല്ലാം നിങ്ങളെപ്പോലെയുള്ള നല്ല തറവാട്ടുകാര്‍ക്ക്‌ ചേര്‍ന്ന കാര്യങ്ങളാണോ?'

അമ്മമ്മ ഞെട്ടിത്തരിച്ച്‌ നിന്നു. എവിടെനിന്നോ വന്ന ഒരു കുറുക്കന്‍ തന്റെ കുടുംബമഹിമ തിരിച്ചറിഞ്ഞിരിക്കുന്നു. അത്ഭുതം.

'കുറുക്കാ ഇന്നാ പിടിച്ചോ' എന്നും പറഞ്ഞ്‌ അമ്മമ്മ ഒരു മീന്‍ വറുത്തത്‌ എറിഞ്ഞുകൊടുത്തു.
കുറുക്കന്‍ സന്തോഷത്തോടെ യാത്രയായി.

പിറ്റേദിവസം ഉറങ്ങുന്നതിനുമുമ്പ്‌ അമ്മ കിടക്ക കുടഞ്ഞ്‌ വിരിച്ചു.അച്ഛന്‍ പുസ്തകമടച്ചുവെച്ച്‌ കോട്ടുവായിട്ടു.

'നമ്മുടെ കോഴിയെ ഇങ്ങനെ നിര്‍ത്തിയാല്‍ ശരിയാവില്ല.ഉണ്ണിയുടെ കൂടെയുള്ള അതിന്റെ കളി കുറച്ച്‌ കൂടുന്നുണ്ട്‌.ഇപ്പോള്‍ നാട്ടിലെങ്ങും കോഴിപ്പനിയും പടരുന്നുണ്ട്‌'.

അച്ഛന്‍ തലയിണ ചുമരിനോട്‌ ചേത്തുവെച്ച്‌ കിടക്കയില്‍നിന്നും ചാരിയിരുന്നു.

'ശരിയാണ്‌.കോഴിയുടെ കാര്യത്തില്‍ നമുക്കുടനെ തീരുമാനമെടുക്കണം. പക്ഷെ ഉണ്ണിയെ വേദനിപ്പിക്കരുത്‌'.

ജനലിലൂടെ കുറുക്കന്‍ അച്ഛന്റേയും അമ്മയുടേയും സംസാരം കേള്‍ക്കുന്നുണ്ട്‌. പറഞ്ഞതെല്ലാം ശരിക്കും ഏറ്റിട്ടുണ്ട്‌.ഇനി നാളെ അമ്മമ്മയുടെ ഫോണ്‍ വരുകകൂടിയേ വേണ്ടു. സമാധാനത്തോടെ കുറുക്കന്‍ ദീര്‍ഘനിശ്വാസം വിട്ടു.

പിറ്റേദിവസം കാലത്തുതന്നെ അമ്മമ്മയുടെ ഫോണ്‍ വന്നു.കുറുക്കന്‍ ചുമരിന്റെ അരികുപറ്റി നിന്നു.

'അമ്മയല്ലേ ആ നശിച്ച കോഴിയെ ഉണ്ണിക്ക്‌ കൊടുത്തത്‌'. മനുഷ്യക്കുട്ടിയുടെ അമ്മ പറഞ്ഞു.

'നീയതിനെ തലേലുംതാഴത്തും വെയ്ക്കാണ്ട്‌ നോക്കുമ്ന്ന് ഞാനറിഞ്ഞോ'?

'ഉണ്ണിയാണതിനെ കൊഞ്ചിച്ചത്‌ ഞാനല്ല'

'നീയൊരു പൊട്ടിപ്പെണ്ണായല്ലോ ..വൃത്തികെട്ട ജന്തുക്കളെ മുഴുവന്‍ വീട്ടില്‍ കയറ്റി പാര്‍പ്പിക്കാന്‍'.

'അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ'

മനുഷ്യക്കുട്ടിയുടെ അമ്മ ദേഷ്യത്തില്‍ വലിയ ശബ്ദത്തോടെ ഫോണ്‍ വെച്ചു.

അയ്യോ..ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.കാര്യങ്ങളൊക്കെ പെട്ടന്ന് ശുഭമായി നടന്നു. ഇനി ഈ കഥയുടെ അവസാന ഭാഗമാണ്‌ .കുട്ടിയുമായുള്ള സംഭാഷണത്തോടെ കഥക്ക്‌ തിരശീല വിഴും. കോഴി രണ്ടു ദിവസത്തിനുള്ളില്‍ പ്രഷര്‍കുക്കറില്‍ കിടന്ന് ശീ.. വെയ്ക്കും.ഒരു വലിയ കഷ്ണം തനിക്കും കിട്ടും.

കുറുക്കന്‍ മനുഷ്യക്കുട്ടിയെ ലക്ഷ്യമാക്കി നടന്നു.

ഒരു ചോക്കളേറ്റ്‌ നീട്ടിക്കാണിച്ചുകൊണ്ട്‌ കുറുക്കന്‍ ഉണ്ണിയെ വിളിച്ചു. ഉണ്ണി ആദ്യം ഒന്ന് മടിച്ചു.പിന്നെ പതുക്കെ നടന്ന് വന്നു.

'കുറുക്കാ..കുറുക്കാ..എന്തുണ്ട്‌ കാര്യം'..

ഉണ്ണി നഴ്സറിപ്പാട്ടിന്റെ ഇണത്തില്‍ ചോദിച്ചു.

മോന്‌ ഞാനൊരു വലിയ സൂത്രം കാണിച്ചുതരട്ടെ?' കുറുക്കന്‍ ചോദിച്ചു.

'എന്ത്‌?'

കുറുക്കന്‌ ചില മാന്ത്രിക വിദ്യകളൊക്കെ അറിയാം.ആദ്യം വായുവില്‍നിന്നും ഒരു ചോക്കളേറ്റുകൂടി ഉണ്ണിക്കെടുത്തുകൊടുത്തു. പിന്നെ മല്‍ഗോവമാവിന്റെ ഒരു വലിയ പഴുത്ത മാങ്ങ.

ഉണ്ണിക്ക്‌ സന്തോഷമായി.

'മോന്റെ കോഴിയില്ലേ അതൊരു ഭൂതമാണ്‌.ഒരീസം ആ കോഴിയങ്ങ്‌ വലുതായിവന്ന് മോന്റെ കണ്ണും,മൂക്കും,നാക്കും കൊത്തിക്കൊണ്ടോടും'.

കുറുക്കന്‍ മനുഷ്യക്കുട്ടിയുടെ മുഖത്തേക്കുനോക്കി.ഒരു ഭാവഭേദവുമില്ല. മലപോലെ ഉറച്ച്‌ നില്‍ക്കുന്നു.

'ഉണ്ണിയുടെ കോഴിക്ക്‌ ഒരീസം ദാ..ഇത്രേം വലിയ പല്ലുമുളക്കും പിന്നെയാകോഴി ഉണ്ണിയെ കറുമുറും തിന്നും'.

'കഥയാണോ?'
ഉണ്ണി കുറുക്കന്റെ പുറത്തൊരു തട്ടുവെച്ചുകൊടുത്തു.

'അല്ലുണ്ണീ..സത്യം'

'മാത്താണ്ടവമ്മ കടിക്കില്ല..മാത്താണ്ടവമ്മ ഭൂതവുമല്ല'.
ഉണ്ണിക്ക്‌ ദേഷ്യം വന്നു.

ഇനിയിപ്പോ എന്തു ചെയ്യും. ഉണ്ണിക്ക്‌ കുറുക്കന്‍ ഒരു കഥ പറഞ്ഞുകൊടുത്തു.

വലിയ പല്ലും,കൂര്‍ത്ത നഖവും കൊണ്ട്‌ ഒരു കുട്ടിയുടെ അമ്മയെ പിടിച്ചു തിന്നുന്ന കോഴിയുടെ കഥ..കുട്ടിപിന്നെ അമ്മയില്ലാണ്ട്‌ അലയും പിന്നെ കരഞ്ഞ്‌ തടാകത്തിനടുത്ത്‌ തളര്‍ന്നിരിക്കും...

ആ കോഴി മാര്‍ത്താണ്ഡവര്‍മ്മയാണ്‌ കുട്ടി ഉണ്ണിയും.

ഉണ്ണിക്ക്‌ കുറുക്കനോട്‌ വീണ്ടും വീണ്ടും ദേഷ്യം വന്നു. ചെരുപ്പൂരി ഒരേറ്‌ വെച്ചുകൊടുത്തു അടുത്ത്‌ വല്ല കരിങ്കല്ലും കിടക്കുന്നുണ്ടോയെന്ന് തിരഞ്ഞു.

'വേറൊരു കഥ പറയട്ടേ?' കുറുക്കന്‍ സൗമ്യഭാവത്തില്‍ ചോദിച്ചു.

'കള്ളക്കുറുക്കന്‍ ഒന്ന് പോണുണ്ടോ?'
ഉണ്ണി ദേഷ്യത്തില്‍ അലറിക്കൊണ്ട്‌ ചോദിച്ചു.

മനുഷ്യക്കുട്ടിയെപ്പിടിച്ചൊരു കടികൊടുക്കുവാന്‍ തോന്നി കുറുക്കന്‌.ദേഷ്യം കൊണ്ട്‌ കുറുക്കന്റെ കണ്ണു ചുവന്നു നാക്ക്‌ പുറത്തേക്ക്‌ ചാടി.

'അമ്മേ ദേ..ഈ കുറുക്കനെന്നെ കടിക്കാന്‍ വരുന്നു'.. ഉണ്ണി അലറിക്കരഞ്ഞു.


'അച്ഛന്റെ മുറിയില്‍ ചുമരിനോട്‌ ചേര്‍ന്ന് പണ്ട്‌ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന തോക്ക്‌ തൂങ്ങിക്കിടക്കുന്നുണ്ട്‌, അച്ഛന്‍ അതെടുത്ത്‌ വന്ന് നിന്നെ ടിഷ്യും വെയ്ക്കും കള്ളക്കുറുക്കാ'..

ഉണ്ണി കരച്ചിലിനിടയില്‍ കൂട്ടി ചേര്‍ത്തു.

ഇനി ഇവിടെ നില്‍ക്കുന്നത്‌ അബദ്ധമാണ്‌.കോഴിയുടെ കഥ ഇവിടെ അവസാനിപ്പിക്കുന്നതാണ്‌ ബുദ്ധി.കുറുക്കന്‍ വാല്‍ ചുരുട്ടിക്കൊണ്ട്‌ മതിലിന്‌ മുകളിലേക്കോടി.

'കോഴിയുടെ കഥയുടെ ക്ലെമാക്സ്‌ ശരിയായില്ല'. ഒരു വായനക്കാരന്‍ കുറുക്കനെഴുതി.

'ഉണ്ണിയെന്ന മനുഷ്യക്കുട്ടി വലുതാകുന്നതുവരെ കാത്തു നില്‍ക്കുകയേ നിവൃത്തിയുള്ളു അതുവരെ കഥ ഇങ്ങനെയിരിക്കട്ടെ. ഉണ്ണി വലുതായാല്‍ ക്ലെമാക്സ്‌ മാറ്റിയെഴുതാം'.

കുറുക്കന്‍ വായനക്കാരന്‌ മറുപടിയെഴുതി കത്ത്‌ രണ്ടായിമടക്കി മേശ്പ്പുറത്ത്‌ വെച്ചു,പിന്നീട്‌ അസ്വസ്ഥതയോടെ ആ കത്തെടുത്ത്‌ ഒന്നുകൂടിവായിച്ച്‌ കീറിക്കളയാനും ദേഷ്യത്തോടെ മുറിയില്‍ കിടന്ന് മുരളാനും, ഓളിയിടാനും തുടങ്ങി.

Tuesday, January 6, 2009

ഒരു പൂവ്‌ വിരിയുമ്പോള്‍

'Words differently arranged have a different meaning,and meanings differently arranged have a different effect'.
-Blaise Pascal.

വാക്കുകളുടേയും ആശയങ്ങളുടേയും കൂട്ടിവെക്കലാണ്‌ കവിത.വാക്കുകളും ചിന്തകളും പ്രത്യേക തരത്തില്‍ കവി അടുക്കിവെയ്ക്കുന്നു, സംതൃപ്തനാകാതെ അടുക്കിവെച്ച വാക്കുകള്‍ തട്ടിവീഴ്ത്തി അയാള്‍ വീണ്ടുമടുക്കുന്നു. മറ്റാരും കാണാത്ത വാക്കുകളേയും ആശയങ്ങളേയും തിരഞ്ഞെടുത്ത്‌ നിരത്തലാണ്‌ സൃഷ്ടിയുടെ വേളയില്‍ ഒരു കവിയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കുന്ന സംഗതി എന്നത്‌ കാവ്യലോകം അംഗീകരിക്കപ്പെട്ടകാര്യമാണ്‌.

ലാപ്പുട എന്നപേരില്‍ മലയാളം ബ്ലോഗില്‍ കവിതകളെഴുതുന്ന വിനോദിന്റെ കവിതകളെ കാണാത്തവരായും,ശ്രദ്ധിക്കപ്പെടാത്തവരായുമുള്ളവര്‍ നമുക്കിടയില്‍ കുറവാണ്‌.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ വിനോദിന്റെ ബ്ലോഗ്‌ ഞാന്‍ ആദ്യമായിക്കണ്ടത്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച ബോറടിയുടെ ദൈവം എന്ന കവിതയാണ്‌ ഞാന്‍ ആദ്യമായി വായിച്ചത്‌. ഇത്രയും നിലവാരമുള്ള കവിതകള്‍ പ്രിന്റഡ്‌ മീഡിയയെ ആശ്രയിക്കാതെ വായിക്കാനുള്ള സൗകര്യം ഞാനാവോളം മുതലെടുത്തു.എന്നെങ്കിലും ഇയാള്‍ കേരളമെങ്ങുമറിയപ്പെടുന്ന ഒരു കവിയായ്ത്തീരും എന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നു.
ലാപ്പുടയുടെ രണ്ട്‌ പ്രത്യേകതകളെയാണ്‌ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്‌.

1. വാക്കുകളെയും ആശയങ്ങളേയും സംസ്കരിച്ചെടുത്ത്‌ അത്‌ കൃത്യമായി ഉപയോഗിക്കാന്‍ ലാപ്പുടക്കുള്ള കഴിവിനെ.
2. കൃത്രിമത്വവും,ദുര്‍ഗ്രഹതയുംകൊണ്ട്‌ കാവ്യഭംഗി നശിപ്പിക്കാതെ വിദഗ്ദമായുള്ള എഴുത്ത്‌.
മനസ്സില്‍ അജീര്‍ണ്ണത്തിന്റെ വിത്തിടാതെ,സുഗമമായ്‌ ആ കവിതകള്‍ മനസ്സില്‍ ഒരിടം നേടി.

ബ്ലോഗിനുള്ളില്‍ മാത്രം വിനോദിന്റെ കവിതകള്‍ ഒതുങ്ങി നില്‍ക്കാതെ പുറം ലോകത്തെ നല്ല വായനക്കാര്‍ക്കുകൂടി വിനോദിന്റെ കവിതകള്‍ ലഭ്യമാകുകയാണ്‌.



ജനുവരി 10 ന്‌ ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച്‌ വിനോദിന്റെ കവിതകള്‍ ആദ്യമായ്‌ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.
ബ്ലോഗിലേയും പുറത്തേയും നല്ല രചനകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായ്‌ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ബുക്ക്‌ റിപ്പബ്ലിക്ക്‌ എന്ന സമാന്തര പ്രസാധന/വിതരണ സംഘമാണ്‌ 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന വിനോദിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്‌.
മലയാളം ബ്ലോഗിന്റെ ആദ്യ ചലച്ചിത്ര സംഭാവനയായ പരോള്‍ എന്ന സിനിമയുടെ പ്രദര്‍ശനവും ,ബ്ലോഗിനകത്തേയും പുറത്തേയും കവികളെ പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന കവിയരങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും.
ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച്‌ ഉച്ചക്ക്‌ 4.30 നടക്കുന്ന ചടങ്ങിലേക്ക്‌ വാക്കുകളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളുമെത്തിച്ചേരണമെന്നും പറ്റാവുന്നത്ര കൂട്ടുകാരെ പങ്കെടിപ്പിക്കണമെന്നും പരിപാടിയെ വിജയമാക്കണമെന്നും സ്നേഹത്തോടെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ.

വിനോദിന്റെ കവിതാ പുസ്തകം വാങ്ങിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ഇവിടെ നിന്നും ലഭ്യമാണ്‌.

Monday, May 5, 2008

കൂര്‍ക്ക

കൂര്‍ക്കത്തടത്തിനുതാഴെ മണലില്‍ മയങ്ങിക്കിടക്കുന്ന അണലി പാമ്പുകളെപ്പറ്റി കാര്‍ത്തുവാണ്‌ എന്നോടു പറഞ്ഞത്‌.

പടിഞ്ഞാറോട്ട്‌ ക്രമമായ്‌ ഒഴുകുന്ന തോട്ടുവെള്ളത്തെ മുകളിലോട്ട്‌ തെറിപ്പിച്ച്‌ കുളിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പാമ്പിനെപ്പോലെ നീണ്ടു ചുരുണ്ടുകിടക്കുന്ന പായലുകളേയും,ഒരു ഞെട്ട്‌ മുകളിലേക്കു നിവര്‍ത്തി പത്തി നിവര്‍ത്തി നില്‍ക്കുന്നതു പോലുള്ള വീര്‍പ്പത്തികളേയും കണ്ട്‌ ഞെട്ടലോടെ ഞാന്‍ തോട്ടിന്‍ കരയിലേക്ക്‌ ഓടിക്കയറി.
കാര്‍ത്തുവപ്പോള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുകയും വലിയൊരു തിമിംഗലമാണ്‌ അവളെന്ന ഭാവത്തില്‍ തോട്ടില്‍ മലര്‍ന്നു കിടന്ന് വായില്‍ കുറെ വെള്ളമെടുത്ത്‌ മുകളിലേക്കു തൂറ്റിക്കുകയും ചെയ്തു.
അവളുടെ പരിഹാസ ഭാവത്തേയും,വെള്ളത്തില്‍ അവള്‍ക്കുള്ള ആധിപത്യത്തേയും കണ്ട്‌ സഹിക്ക വയ്യാതെ ഞാന്‍ നനഞ്ഞ മണ്ണ്‌ ഉരുളയാക്കി അവളുടെ മേലേക്ക്‌ എറിഞ്ഞു, അവളുടെ തോര്‍ത്തു മുണ്ടില്‍ തുപ്പിവെച്ചു.

വെള്ളം കണ്ടാല്‍ കാര്‍ത്തു ഒരു മീനാകും കൈകള്‍ പരത്തി വെയ്ക്കുകയും,കാല്‍ അടുപ്പിച്ചു വെയ്ക്കുകയും ചെയ്ത്‌ വളഞ്ഞ്‌ പുളഞ്ഞ്‌ വെള്ളത്തിന്നടിയിലൂടെ ഊളിയിടും. ചിലപ്പോള്‍ മലര്‍ന്നു കിടന്ന് ആകാശത്തെ നോക്കി തോട്ടിലെ ഒഴുക്കിനൊത്ത്‌ അവള്‍ ഒഴുകി നടക്കും. അവളുടെ വെളുത്ത ഷിമ്മീസിനു മുകളില്‍ പായലുകളും,തെങ്ങിന്‍ പൂക്കുലയുടെ ഉണങ്ങിയ കഷ്ണങ്ങളും,മച്ചിങ്ങകളും,കുളവാഴകളും ചേര്‍ന്നടിഞ്ഞു നില്‍ക്കും.
ഒരു കുഞ്ഞില പോലെ അവള്‍ തോട്ടില്‍ ഒഴുകി നടക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്‌. തോട്ടുവക്കത്തെ കാട്ടു ചെടികളുടെ ഇലകളും കായകളും എന്റെ ദേഷ്യത്തിനും നിരാശയ്ക്കും വിധേയരായി തോട്ടിലൂടെ എന്നും ഒഴുകി പോയ്ക്കൊണ്ടിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നുള്ളതുപോലെ മതിലുകളോ എന്തിന്‌ ഒരു വേലിയോ പോലും അയല്‍പക്കത്തെ തമ്മില്‍ വേര്‍തിരിച്ചിരുന്നില്ല.ചിലര്‍ കൈതകള്‍ നിരനിരയായ്‌ വെച്ചു പിടിപ്പിച്ചു മറ്റു ചിലര്‍ ശീമക്കൊന്നകൊണ്ട്‌ ഒരു അതിര്‍ വരമ്പുവരച്ചു. 'റോഡ്‌' എന്നുള്ള സങ്കല്‍പം പോലും അന്ന് ഉണ്ടായിരുന്നില്ല ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും,മരങ്ങളും ചെടികളും ഇല്ലാത്ത മുറ്റങ്ങളും റോഡായ്‌ പരിണമിച്ചു.കക്കൂസുകളോ,കുളിമുറികളോ അന്ന് ആര്‍ക്കും വേണ്ടിയിരുന്നിരുന്നില്ല. കുളങ്ങളും,റോഡുകളും ഇഷ്ടം പോലെ നാലുവശത്തും പരന്നു കിടന്നിരുന്നു. ഒഴിഞ്ഞു കിടന്നിരുന്ന പറമ്പുകളില്‍ തൂറിയിടാനും ഇലകളെടുത്ത്‌ ചന്തി തുടയ്ക്കുവാനും ഞങ്ങളുടെ നശിച്ച നാട്ടുകാര്‍ അമാന്തം കാണിച്ചിരുന്നില്ല.പരിഷ്കൃതരായ ആളുകള്‍ ഇതൊക്കെക്കണ്ട്‌ നെറ്റി ചുളിക്കുകയും,ഛര്‍ദ്ദിച്ചുവെയ്ക്കുകയും ചെയ്യുമെന്ന് അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ തന്നെ 'ഞങ്ങള്‍ക്കതിനെന്തു ചേതം' എന്ന മട്ടില്‍ അവര്‍ മുഖം തിരിക്കും.

എന്റെയും കാര്‍ത്തുവിന്റേയും വീടിനെ വേര്‍തിരിച്ചിരുന്നത്‌ ചെറിയൊരു മുളങ്കാടായിരുന്നു. ആളുകള്‍ ഉടഞ്ഞ കുപ്പികളും,കേടായ വീട്ടു സാമാനങ്ങളും എടുത്തെറിഞ്ഞിരുന്ന ഈ മുളങ്കാട്ടില്‍ കുട്ടികകള്‍ ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു,എങ്കിലും അമൂല്യങ്ങളായ കുപ്പിച്ചില്ലുകളും,വളപ്പൊട്ടുകളും,മറ്റു വല്ല നിധികളും കിട്ടുമെന്നുള്ള ആകര്‍ഷണം ഗ്രാമം മുഴുവന്‍ മയങ്ങിക്കിടക്കുന്ന നട്ടുച്ച സമയങ്ങളില്‍ എന്നേയും കാര്‍ത്തുവിനേയും അവിടേയ്ക്ക്‌ ഒളിച്ചോടിപ്പിച്ചു.

കൂര്‍ക്കയെപ്പറ്റിയെഴുതാതെ ഞങ്ങളുടെയാരുടേയും കഥ പൂര്‍ണ്ണമല്ല. അമ്മിയില്‍ വെച്ച്‌ ചതച്ചെടുത്ത ചെറിയുള്ളി വെളിച്ചെണ്ണയില്‍ക്കിടന്ന് മൊരിയുമ്പോള്‍ അതിലേക്ക്‌ വീഴുന്ന വെന്തകൂര്‍ക്കയുടെ മണം, വറ്റിച്ചെടുത്ത ചെറു നത്തോലിയില്‍ക്കിടന്ന് തിളയ്ക്കുന്ന കൂര്‍ക്കയുടെ അപൂര്‍വ്വമണം എന്നിങ്ങനെ നാക്കിനെ മാത്രം കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെയുള്ള ഒരു യാത്രമാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്‌ കൂര്‍ക്ക.

ഉമ്മറത്ത്‌ കുത്തിയിരുന്ന് നാട്ടുവര്‍ത്തമാനം പറയുകയും,തലയിലെ പേനേയും ഈരിനേയും തള്ള നഖങ്ങള്‍ക്കിടയിവെച്ച്‌ പൊട്ടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ 'അക്കൊല്ലം നട്ട കൂര്‍ക്ക' യുടെ ഗുണവും ദോഷവും വലിയൊരു വിഷയമായ്‌ ഞങ്ങള്‍ക്കിടയിലേക്ക്‌ കടന്നു വരുമായിരുന്നു.
ദൂരദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ കൂര്‍ക്ക വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഉരുണ്ട്‌ മിനുത്ത ഇടത്തരം മണികള്‍ക്ക്‌ ഞങ്ങളുടെ ഗ്രാമത്തിലെ പൂഴിമണ്ണിന്റെ മണവുമായ്‌ ചേര്‍ന്ന് പ്രത്യേകവും,ഭ്രമിപ്പിക്കുന്നതും,കൊതിപ്പിക്കുന്നതുമായൊരു മണം വന്നു ചേര്‍ന്നു

2

കാര്‍ത്തുവിന്റെ പുരയ്ക്ക്‌ രണ്ടേ രണ്ടു വാതിലേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛന്‍ മരിക്കുന്നതിനു മുമ്പ്‌ മുളന്തൂണുകളും,ചിതല്‍തിന്ന കുറച്ചു മരക്കഷ്ണങ്ങളും സങ്കടിപ്പിച്ചു വെച്ചിരുന്നു.അച്ഛന്റെ മരണശേഷം അമ്മ തട്ടിക്കൂട്ടിയ ചെറിയ ഓലപ്പുരയില്‍ വെപ്പിനും കിടപ്പിനുമെല്ലാം കൂടി ഒരേയൊരു മുറിയേ ഉണ്ടായിരുന്നുള്ളു.അതിന്റെ ഒരു വാതില്‍ കിഴക്കേപ്പുറത്തേയ്ക്കും മറ്റൊന്ന് വടക്കേപ്പുറത്തേയ്ക്കും തുറക്കും.
ചുട്ടുപൊള്ളുന്ന വേനലില്‍ ഓലകള്‍ക്കിടയിലൂടെ കുഴല്‍പോലുള്ള പ്രകാശങ്ങളെ കൊണ്ടു വരുന്ന ഓട്ടകളെ ഞങ്ങള്‍ എണ്ണിക്കളിച്ചു,ചെറ്റപിടിച്ചു കുലുക്കി ദ്രവിച്ചു തുടങ്ങിയ ഓലകളെ ചെറുമഴപോലെ നിലത്തേയ്ക്ക്‌ തൂളിച്ചു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും മോശം നിലയിലുള്ള വീടുകളിലൊന്നാണ്‌ കാര്‍ത്തുവിന്റെ വീടെങ്കിലും ആ വീട്ടുമുറ്റത്താണ്‌ ഏറ്റവും മിനുപ്പും,മണവും,രുചിയുമുള്ള കൂര്‍ക്കകള്‍ വിളഞ്ഞിരുന്നത്‌.
വീടിന്റെ തെക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമായ്‌ നിറഞ്ഞു കിടന്നിരുന്ന കൂര്‍ക്കത്തടങ്ങളെ കാര്‍ത്തുവിന്റെ അമ്മ രണ്ടു നേരവും നനയ്ക്കും .ആ സമയത്ത്‌ കൂര്‍ക്കയിലകള്‍ തണുപ്പുള്ള വെള്ളത്തെ ഉള്ളിലേക്കാവാഹിച്ച്‌ ഇളം പച്ച നിറത്തെ കുറേക്കൂടി കോശങ്ങളില്‍ പടര്‍ത്തും
നനഞ്ഞ മണ്ണിന്റെ മണവും,കൂര്‍ക്കയിലയുടെ നേര്‍ത്ത മണവും ചേര്‍ന്ന കാറ്റ്‌ എന്റെ ഗൃഹാതുരതയുടെ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചതും,പൂഴിമണ്ണില്‍ മാറാല ചുറ്റിയതുപോലുള്ള വേരുകള്‍ സ്വപ്നത്തില്‍ കയറിയിറങ്ങിയതും ഒരു പക്ഷേ കാര്‍ത്തുവിന്റെ വിടിന്റെ ചവിട്ടു പടിയില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്നാവണം.

'കൂര്‍ക്കത്തടത്തിനു താഴെ മയങ്ങിക്കിടക്കുന്ന അണലിപാമ്പുകളെപ്പറ്റി' കാര്‍ത്തു പറഞ്ഞ അന്നു മുതലാണ്‌ എന്റെ സ്വപനങ്ങളില്‍ പറിച്ചെടുക്കുന്ന കൂര്‍ക്കയുടെ വേരുകള്‍ക്കുപകരം പാമ്പുകളും വേരിന്റെ ഇടയിലും തുമ്പിലും പറ്റിയിരിക്കുന്ന കൂര്‍ക്കമണികള്‍ക്കു പകരം പാമ്പിന്‍ മുട്ടകളും കടന്നു വരാന്‍ തുടങ്ങിയത്‌. ചില സ്വപ്നങ്ങളില്‍ പാമ്പിന്‍ മുട്ടകള്‍ അസമയത്തു വിരിഞ്ഞ്‌ വലിയ പാമ്പുകളായ്‌ മാറി എന്റെ കണ്ണിലേക്ക്‌ കൊത്താനായുകയും ഞെട്ടലോടെ ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പിച്ചും പേയും പറയുകയും ചെയ്തു.

'നീ കണ്ടിട്ടുണ്ടാ പാമ്പുകളെ'?
തലേന്നത്തെ ദുസ്വപ്നത്തിന്റെ ചടവുമാറാതെ ഞാന്‍ കാര്‍ത്തുവിനോടു ചോദിക്കും.

'ഞാന്‍ കണ്ടിട്ടുണ്ട്‌,എന്റെ അമ്മേം കണ്ടിട്ടുണ്ട്‌,നിനക്കും ഞാന്‍ കാട്ടിത്തരാം.'

കാര്‍ത്തു അവളുടെ ഉരുണ്ട കണ്ണുകള്‍ കുറേക്കൂടി തുറുപ്പിച്ച്‌ എന്നോട്‌ പാമ്പുകളെപ്പറ്റി വ്യക്തമായി വിവരിക്കും.

'മണ്ണിരയെപ്പോലെ ചേര്‍ന്നും,പിരിഞ്ഞും,ഉണ്ടയായും ഒക്കെ കിടക്കാണോ ചെയ്യാ'?

'എങ്ങനെ വേണമെങ്കിലും കിടക്കാം.പതുക്കെപ്പറ അവറ്റകേള്‍ക്കും'.

വ്യവസ്ഥകള്‍ ഇല്ലാത്തതാണ്‌ പാമ്പുകളുടെ ജീവിതം. എങ്ങി നെ വേണമെങ്കിലും കിടക്കാം..മയങ്ങാം,ഉറങ്ങാം. മനുഷ്യന്മ്മാരുടെ കാലടികളെ അവയ്ക്ക്‌ പിന്തുടരാം. 'എന്റമ്മേ'..ഞാന്‍ കാലുകള്‍ മണ്ണില്‍ നിന്ന് പുരയിലേക്ക്‌ ആന്തലോടെ എടുത്തു വെയ്ക്കും.

3

ഒരു വേനലവധിക്കാലത്താണ്‌ കാര്‍ത്തുവുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണമെന്ന് എന്റമ്മ എന്നോട്‌ പറഞ്ഞത്‌.അന്ന് ഞാന്‍ ഞങ്ങളുടെ വീടിന്റെ ഇറയത്തുകിടന്ന് ഉരുണ്ടുകരയുകയും എന്റെ മുടി വലിച്ചു പറിച്ച്‌ കളയാനായ്‌ ശ്രമിക്കുകയും ചെയ്തു.

'കണ്ട അലവലാതികള്‍ കയറിയിറങ്ങുന്ന സ്ഥലത്ത്‌ ഇനിപോയ്ക്കളിച്ചാല്‍ നിന്റെ തുടയിലെ തൊലി വലിച്ചൂരുമെന്ന്' കാല്‌ നിലത്തു രണ്ടു പ്രാവശ്യം ചവിട്ടി അമ്മ ഭീഷണി മുഴക്കി.കാര്‍ത്തുവിന്റെ വീട്ടില്‍ കയറിയിറങ്ങുന്ന അലവലാതികള്‍ ആരൊക്കെയാണെന്ന് അവളോട്‌ തന്നെ ചോദിക്കണമെന്ന് ഞാനുറച്ചു. രണ്ടു പ്രാവശ്യം രഹസ്യമായ്‌ ഞാന്‍ കാര്‍ത്തുവിന്റെ വീട്ടിലേക്ക്‌ ഓടിപ്പോയപ്പോഴൊക്കെയും അവള്‍ അവിടെ ഉണ്ടായിരുന്നില്ല. കാര്‍ത്തുവിന്റെ അമ്മ ഏതോവീട്ടിലെ അലക്കുകഴിഞ്ഞു വന്ന് കയ്യില്‍ വെളിച്ചണ്ണ പുരട്ടി തടവുകയായിരുന്നു. ഞാന്‍ ചവിട്ടു പടിയിലിരുന്ന് മുറ്റത്ത്‌ ത്രികോണങ്ങളും വൃത്തങ്ങളും വരച്ച്‌ കാര്‍ത്തുവിന്റെ വരവും കാത്തിരുന്നു.

കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്ക നനയ്ക്കാനായ്‌ രണ്ടുകുടങ്ങള്‍ കയ്യിലെടുത്ത്‌ എന്നെ നോക്കി ചിരിച്ചു. ഗ്രാമത്തിലെ ഏറ്റവും നല്ല കൂര്‍ക്കയുടെ അധിപയുടെ കണ്ണുകള്‍ക്ക്‌ ആ സമയം പ്രകാശം ഏറുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ അവരുടെ പിറകേ അല്‍പം പേടിയോടെ കൂര്‍ക്കത്തടങ്ങളെ ലക്ഷ്യമാക്കി നടന്നു.

'ഈ കൂര്‍ക്കച്ചെടികള്‍ക്കിടയില്‍ നെറയെ പാമ്പുകള്‍ ചുറ്റുപിണഞ്ഞ്‌ കിടക്കുന്നുണ്ടോ?'

'ആരു പറഞ്ഞു'?

'കാര്‍ത്തു'.
പേടിയും അത്ഭുതവും കൊണ്ട്‌ എന്റെ സ്വരം വിറച്ചിരുന്നു.
അവര്‍ ഒന്നു ചിരിച്ചു. കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്കത്തടത്തിലേക്ക്‌ വിരല്‍ ചൂണ്ടി. അതിനിടയിലായ്‌ പതിഞ്ഞു കിടക്കുന്ന ചെരിപ്പടയാളങ്ങളെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌ .

വലുതും ചെറുതുമായ കുറെ മനുഷ്യന്മ്മാര്‍ കൂര്‍ക്കത്തടങ്ങളെ ചവിട്ടിമെതിച്ചു കടന്നുപോയതിന്റെ അടയാളങ്ങള്‍ കൂര്‍ക്കത്തലപ്പുകളെ ഒടിച്ചും ചതച്ചും രേഖപ്പെടുത്തിയിരിക്കുന്നു.

'ജീവിതത്തിനു മേലെ കെട്ടുപിണഞ്ഞ പാമ്പുകള്‍ ചെയ്തുവെച്ച നാശങ്ങാളാണിതൊക്കെ'.

അവര്‍ ചതഞ്ഞൊടിഞ്ഞ കൂര്‍ക്കത്തലപ്പുകള്‍ക്കുമുകളില്‍ കുറച്ചു മണ്ണിട്ടുകൊടുത്ത്‌ നേരെയാക്കി.ചെരുപ്പടയാളങ്ങള്‍ക്കുമുകളില്‍ അവ അപ്രത്യക്ഷമാകുന്നതുവരെ കൈകൊണ്ട്‌ മാന്തി.മുഴുപ്പും,മിനുസവുമുള്ള കൂര്‍ക്കയിലകളെ അവര്‍ കൈപ്പത്തിയില്‍ വെച്ച്‌ തലോടുന്നതും,വേദനിപ്പിക്കാതെ കുടത്തിന്റെ വായ്ക്കുമുകളില്‍ കൈവെച്ച്‌ പടര്‍ത്തിനനയ്ക്കുന്നതും കണ്ട്‌ ഞാന്‍ എന്റെ വീട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.

4
ജീവിതത്തിന്റെ ദിശയെത്തന്നെ മാറ്റുവാന്‍ പോന്ന ആകസ്മികതകളുമായാണ്‌ ഓരോ മരണവും കടന്നു വരുന്നത്‌.
ഒരു പനിയിലൂടെ കാര്‍ത്തു ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷയാകുക എന്നതിലെ അസ്വഭാവികത എന്നെ കടുത്ത വിഷാദ രോഗത്തിലേക്കും കാര്‍ത്തുവിന്റെ അമ്മയെ മുഴു ഭ്രാന്തിലേക്കും തള്ളിയിട്ടു.

തലേ ആഴ്ച്ച തോട്ടിലെ വെള്ളത്തില്‍ പരലിനെപ്പോലെ പിടയുകയും,കാലുകള്‍ അകത്തിവെച്ച്‌ അവള്‍ ഒരു കോട്ടയാനെന്നും ഈ കാണുന്നതൊക്കെയും കോട്ടയിലേക്കു പോകുന്ന ജീവികളാണെന്നും പറഞ്ഞ്‌ കുഞ്ഞിമീനുകളേയും,തവളപ്പൊട്ടുകളേയും കാല്‍ക്കീഴിലൂടെ കടത്തിവിടുകയും ചിരിക്കുകയും ചെയ്ത അവള്‍ പിറ്റേ ആഴ്ച്ച പനിച്ചുകിടക്കുകയും,മേലാകെ ചുട്ടു വിങ്ങുന്നു എന്നുപറഞ്ഞ്‌ കരയുകയും ചെയ്തത്‌ എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌.

'അമ്പിയുടെ മകളുടെ തലച്ചോറിലേക്ക്‌ പനി കയറി' എന്ന വാര്‍ത്ത ഞങ്ങളുടെ ഗ്രാമത്തില്‍ പടരുമ്പോഴേക്കും ചുണ്ടുകള്‍ കരിഞ്ഞ്‌ ,കൈകള്‍ തണുത്ത്‌ ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ ശക്തിയില്ലാതെ കാര്‍ത്തു തളര്‍ന്നു വിണുകഴിഞ്ഞിരുന്നു.

കണ്ണുകള്‍ അടയുന്ന സമയത്ത്‌ ഒരു പരലായിട്ടാണോ,വലിയൊരു തിമിംഗലമായിട്ടാണോ അവള്‍ സ്വയം സങ്കല്‍പ്പിച്ചുകാണുക?
വെള്ളത്തില്‍ ഉതിര്‍ന്നു വീണ കുഞ്ഞിലപോലെ ഒരു തോട്ടില്‍നിന്ന് മറ്റൊന്നിലേക്ക്‌ മരണത്തിലും അവള്‍ തീര്‍ച്ചയായും യാത്ര ചെയ്തിരുന്നിരിക്കണം.

'കുട്ടിയുടെ ശവമല്ലെ..കാത്തു വെയ്ക്കണോ?'

കൂര്‍ക്കത്തടത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌ വര്‍ത്തമാനം പറയുകയും,ബീഡിവലിക്കുകയും,കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന നാട്ടുകാരിലൊരാള്‍ വിളിച്ചു ചോദിച്ചു.

'എവിടെയാണ്‌ കുഴിയെടുക്കേണ്ടത്‌'?

എല്ലാവരും ചുറ്റും ഒന്നു പരതി.ഒടിഞ്ഞും ചതഞ്ഞും കിറ്റന്നിരുന്ന കൂര്‍ക്കത്തലപ്പുകള്‍ക്കുമേലെ എല്ലാ കണ്ണുകളും ചെന്നുനിന്നു. തെക്കേ മുറ്റത്ത്‌ നിരയും വരിയുമൊത്ത്‌ വെച്ചിരുന്ന കൂര്‍ക്കതൈകള്‍ക്കിടയിലേക്ക്‌ കൈക്കോട്ടുമായ്‌ ആളുകള്‍ വന്നു. കിളച്ചുതുടങ്ങിയതും ഉരുണ്ടതും മിനുമിനുത്തതും,മണ്ണിന്റെ മണം ഉറഞ്ഞതുമായ കൂര്‍ക്കമണികള്‍ അടര്‍ന്ന മണ്ണിലൂടെ പുറം ലോകത്തിന്റെ കാഴ്ച്ചകളിലേക്ക്‌ തലനീട്ടി.

'ആര്‍ക്കെങ്കിലും വേണെങ്കില്‍ പൊതിഞ്ഞെടുത്താ'.

നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞു.

ആരും മുന്നോട്ടു വന്നില്ല.ഞങ്ങളുടെ ഗ്രാമത്തിലെ നല്ല ജ നുസ്സില്‍
പ്പെടുന്ന കൂര്‍ക്കമണികളെ സ്വീകരിക്കാനായ്‌ ആരും മുന്നോട്ടു വരാഞ്ഞതിനാല്‍ കുഴിവെട്ടുകാര്‍ അതിനെ തെങ്ങിന്‍ തടത്തിലേക്ക്‌ കുത്തിയെറിഞ്ഞുകളഞ്ഞു.
അപമാനഭാരത്താല്‍ അവ തെങ്ങിന്‍ പൊല്ലയില്‍ തട്ടി ചിന്നിച്ചിതറി.

കാര്‍ത്തുവിന്റെ ചെറിയ ശരീരം കുഴിയില്‍ വെച്ച്‌ അതിനുമേല്‍ മണ്ണിടുമ്പോള്‍ അവള്‍ ശ്വാസം മുട്ടി പിടയുകയില്ലേയെന്നോര്‍ത്ത്‌ ഞാന്‍ അമ്മയെകെട്ടിപ്പിടിച്ചുകരയുകയും കാര്‍ത്തുവിന്റെ അമ്മയെ കുലുക്കിയുണര്‍ത്തുവാന്‍ പുരയിലേക്ക്‌ ഓടുകയും ചെയ്തു.

കാര്‍ത്തുവിനുമുകളില്‍ മണ്ണിട്ട്‌ കുഴിവെട്ടുകാര്‍ മൂന്നുനാലു പച്ചോല ചീന്തുകള്‍ അതിനുമുകളിലേക്കു വലിച്ചിട്ടു.അവിടെയാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികള്‍ക്കു മുകളിലൂടെ മരണത്തെ നേരിട്ടു കാണുവാനെത്തിയവരുടെ കാലുകളമര്‍ന്നു.അവയില്‍ ചിലത്‌ ഞെരിഞ്ഞു ചതഞ്ഞു, ചിലത്‌ മണ്ണിലേക്കു തന്നെ ആഴ്‌ന്നിറങ്ങി.
അമ്മ എന്നെ താങ്ങിയെടുത്ത്‌ വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയിലാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികളെ ഞാന്‍ ഭയത്തോടെ പിന്തിരിഞ്ഞുനോക്കി.

രണ്ടു ദിവസത്തിനു ശേഷം ചെറുമഴ തുള്ളിയിട്ടു.ഉഷ്ണത്തെ കുറക്കാന്‍ തണുത്തകാറ്റ്‌ വരുകയും ചെയ്തു.
കരിഞ്ഞ ഓലചീന്തുകള്‍ക്കിടയില്‍ മൂവിലകള്‍ തളിരിട്ടു.സൂര്യനു നേരെ തണ്ടുകള്‍നീട്ടി ആവേശത്തോടെ അവയുടെ ഇലകള്‍ തമ്മില്‍ ഗുണനം ചെയ്തു.

കാര്‍ത്തുവിന്റെ മരണശേഷം വിഷാദത്തിന്റെ ചുഴിയിലേക്ക്‌ സ്വമേധയാ ഞാന്‍ ചെന്നടിഞ്ഞു.ജടപിടിക്കുകയും,പേന്‍ പെരുകയും ചെയ്ത എന്റെ തലമുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു.ചളി പിടിച്ച്‌ കൂര്‍ത്തു നിന്ന നഖങ്ങളും,പീളയടിഞ്ഞ കണ്ണുകളും 'രാക്ഷസി' എന്ന വിളിപ്പേരിന്‌ എന്നെ അര്‍ഹയാക്കി.കുട്ടികള്‍ എന്നെ മണ്ണു വാരിയെറിയുകയും,ചുള്ളിക്കമ്പുകളെടുത്ത്‌ കുത്തുകയും ചെയ്തു.

തോടുകളും, പാലങ്ങളും, മുളങ്കാടുകളും കാണുമ്പോള്‍ കാര്‍ത്തുവിനെപ്പറ്റി വീണ്ടുംവീണ്ടും ഞാനോര്‍ത്തു.മരണത്തിന്റെ സമവാക്യത്തെ ഏകാന്തത,മൗനം,വിഷാദം എന്നീ വാക്കുകളാല്‍ ഞാന്‍ പൂരിപ്പിച്ചു.

ഒരിക്കല്‍ കാര്‍ത്തുവിന്റെ അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

കുറെക്കാലത്തിനു ശേഷം മുളങ്കാടിനെ മുറിച്ചുകടന്ന് കാര്‍ത്തുവിന്റെ മണ്ണിലേക്ക്‌ ഞാന്‍ പ്രവേശിച്ചു.അവളുടെ കുഴിമാടത്തിനു മുകളില്‍ നനയ്ക്കാതെയും,വളമിടാതെയും തഴച്ചുവളരുന്ന കൂര്‍ക്കത്തലപ്പുകളെ ഒളികണ്ണാല്‍ ഞാന്‍ നോക്കി. കൂര്‍ക്കത്തടത്തിനു താഴെ അണലിപാമ്പുകളാല്‍ ചുറ്റിവരിഞ്ഞ്‌ കിടക്കുന്ന അവളുടെ ശരീരത്തെപ്പറ്റി ആലോചിച്ച്‌ ഞാന്‍ കാര്‍ത്തുവിന്റെ അമ്മയുടെ മടിയില്‍ തളര്‍ന്നിരുന്നു.അവളുടെ അമ്മയുടെ കണ്ണുനീര്‍ ഉറവയായ്‌ എന്നിലേക്ക്‌ ഒഴുകുമ്പോള്‍ കൂര്‍ക്കകളെ ഞാന്‍ അഗാധമായ്‌ വെറുത്തു .ഇനി അവയെ തിന്നില്ലെന്ന് ശപഥംചെയ്തു.
ദേഷ്യത്താലും വേദനയാലും പിന്തിരിഞ്ഞുനോക്കാതെ ഞാന്‍ കാര്‍ത്തുവിന്റെ പുരയില്‍ നിന്ന് ഇറങ്ങിനടന്നു.
പിന്നീട്‌ കൂര്‍ക്കകളെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തുവിനെപ്പറ്റിയോര്‍ക്കും,അവളെ ചുറ്റുപിണഞ്ഞു കിടക്കുന്ന അണലി പാമ്പുകളേയും .അപ്പോള്‍ കൂര്‍ക്കയുടെ മണം ഛര്‍ദ്ദിയായ്‌ എന്നില്‍ നിന്നും പുറത്തേക്കു വരുകയും ഒഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ ഓടുകയും ചെയ്യും.